നിലവിലുള്ള രാഷ്ട്രീയഘടനയെ, സാമ്പത്തിക ക്രമത്തെ, സാമൂഹ്യനിലകളെ തീർത്തും സ്വാഭാവികവും മാറ്റങ്ങൾക്കോ അട്ടിമറികൾക്കോ സാധ്യതയില്ലാത്തുമായി അവതരിപ്പിക്കുകയെന്നതാണ്, ഇവയെല്ലാം ഉൾപ്പെടുന്ന അധികാരവ്യവസ്ഥ നിരന്തരമായി സ്ഥാപിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യുന്ന ആഖ്യാനം. ഇത്തരത്തിലൊരു ആഖ്യാനത്തെ പൊതുബോധമാക്കി മാറ്റുന്നതിനുവേണ്ടി എല്ലാ തലങ്ങളിലും നിലകളിലുമുള്ള രാഷ്ട്രീയവും, സാമൂഹ്യാധികാരശ്രേണികളിലും ക്രമങ്ങളിലും ഘടനകളിലും നിരന്തരമായ പ്രയോഗങ്ങൾ നടത്തിക്കൊണ്ടിരിക്കും. എല്ലാത്തരം അസംതൃപ്തികളും പ്രതിഷേധങ്ങളും ഈ നിർമ്മിത സ്വാഭാവവികതയെ സ്വീകരിച്ചുകൊണ്ടുള്ളതായിരിക്കും.
ചെറിയ ആനുകൂല്യങ്ങളും സൗജന്യങ്ങളും വലിയ നേട്ടങ്ങളായി കണക്കാക്കുന്ന മട്ടിലേക്ക് വ്യവസ്ഥയുടെ സ്വാഭാവികത ജനത ആന്തരികവത്ക്കരിക്കും. വ്യവസ്ഥയുടെ അസ്തിത്വയുക്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ക്രമേണ ഓർമ്മകളിൽ നിന്നുപോലും അപ്രത്യക്ഷമാകും. ഫാഷിസ്റ്റുകൾ ചരിത്രത്തിലുടനീളം തങ്ങളുടെ അധികാരകാലത്ത് പ്രയോഗിച്ചെടുത്തത് ഈ രീതി തന്നെയാണ്.
ഇത് ഫാഷിസ്റ്റുകൾക്ക് മാത്രം പ്രാപ്യമായ രീതിയൊന്നുമല്ല, എല്ലാ വിധത്തിലുമുള്ള സമഗ്രാധിപത്യ ഭരണകൂടങ്ങളും മുതലാളിത്ത സാമ്പത്തികക്രമവുമെല്ലാം വ്യവസ്ഥിതിയുടെ സ്വാഭാവികതയെക്കുറിച്ചുള്ള പൊതുബോധനിർമ്മിതി നിരന്തരം നടത്തിക്കൊണ്ടിരിക്കും. ഫാഷിസ്റ്റ് ഭരണകൂടത്തിനാകട്ടെ ഈ ആഖ്യാനം അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതി കൂടിയാണ്.
ജനാധിപത്യക്രമത്തിന്റെ ദുർബ്ബലമായ പുറംചട്ട പോലും ഇല്ലാതാക്കുകയെന്നത് ഫാഷിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടിയാണ്.
ഇത്തരത്തിൽ ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹ്യ ശരീരത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയാകാനുള്ള സൂക്ഷ്മമമായ പ്രയോഗപദ്ധതികളാണ് സംഘപരിവാർ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ ഇങ്ങനെ പാകപ്പെടുത്തിയെടുക്കുന്ന പരിപാടി സർക്കാരുണ്ടാകുമ്പോൾ മാത്രമല്ല നടക്കുന്നത്. ഹിന്ദുത്വ പ്രത്യശാസ്ത്രത്തെയും അതിന്റെ രാഷ്ട്രീയബോധത്തെയും ഒരു സാമൂഹ്യക്രമത്തിനുള്ളിലേക്ക് സ്വാഭാവികമായ മട്ടിൽ നിലനിൽക്കാനാകുന്ന ജൈവരൂപമായി സന്നിവേശിപ്പിക്കുകയെന്ന പദ്ധതി തെരഞ്ഞെടുപ്പുകൾക്കപ്പുറത്തേക്ക് നീളുന്ന ഒന്നാണ്. മുസ്ലീങ്ങളുടെ അപരവത്ക്കരണവും ഹിന്ദുവിന്റെ അഭിമാനവും വേദകാലമഹിമയും ആർഷഭാരതത്തിന്റെ സംസ്‌കാരഗരിമയും രാമജന്മഭൂമിയിലെ ക്ഷേത്രനിർമ്മാണവുമൊക്കെ ഭരണാധികാരത്തിന്റെ രാഷ്ട്രീയരൂപങ്ങൾക്കപ്പുറത്ത് ഇന്ത്യൻ സമൂഹത്തിനെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രമുണ്ടാക്കിയ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് ചുരുക്കുകയായിരുന്നു.
രാഷ്ട്രീയാധികാരം ലഭിക്കുന്നതോടെ ഈ സാമൂഹ്യാധികാരത്തെ മറ്റൊരു തരത്തിൽക്കൂടി ഉറപ്പിക്കാൻ ഹിന്ദുത്വ ഫാഷിസ്റ്റുകൾ ശ്രമിക്കും. അത് ഭരണകൂട ഭീകരതയുടെ പ്രയോഗത്തിലൂടെയും ജനാധിപത്യ ഭരണഘടനാസമ്പ്രദായത്തെ തകർക്കുന്നതിലൂടെയുമാണ്. ജനാധിപത്യക്രമത്തിന്റെ ദുർബ്ബലമായ പുറംചട്ട പോലും ഇല്ലാതാക്കുകയെന്നത് ഫാഷിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടിയാണ്. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റുകൾ മോദി സർക്കാരിന്റെ നേതൃത്വത്തിൽ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.

ഇന്ത്യയിൽ മോദി സർക്കാർ ഭരണഘടനയും പാർലമെന്റും തെരഞ്ഞെടുപ്പും പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ടല്ല ജനാധിപത്യക്രമത്തെ തകർക്കുന്നത്. അത്തരം ജനാധിപത്യക്രമങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ളിൽനിന്നും അതിന്റെ അന്തഃസത്തയെ ചോർത്തിക്കളഞ്ഞുമാണ്. നിരോധനത്തെക്കാളും ഇല്ലാതാക്കലിനുമുപരിയായി രാഷ്ട്രീയാധിനിവേശം നടത്തിക്കൊണ്ടാണ് ഹിന്ദുത്വ ഫാഷിസ്റ്റുകൾ ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനാ സംവിധാനത്തെ തകർക്കുന്നത്.
ഇത് ഫാഷിസം അതിന്റെ 21-ാം നൂറ്റാണ്ടിലെ തീവ്രവലതുപക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യ ജീവിതത്തിൽ ലോകത്തെല്ലായിടത്തും ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്. ഫാഷിസത്തിന്റെ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ രാഷ്ട്രീയാധികാരകാലത്തുനിന്നും ഉദാര ജനാധിപത്യവും ജനാധിപത്യസ്ഥാപനങ്ങളുടെ ആഗോള വ്യവസ്ഥയും കൂടുതൽ വേരുപിടിച്ചതുകൊണ്ടുകൂടിയാണത്.
ഉദാര ജനാധിപത്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക ക്രമത്തിന്റെ ചൂഷണസ്വഭാവത്തിലെ അസംതൃപ്തിയുണ്ടാക്കുന്ന പ്രക്ഷുബ്ധമായ കാലാവസ്ഥയിലൂടെ കടന്നുവരുന്ന ചരിത്രരീതി തെറ്റിക്കുന്നില്ലെങ്കിലും അതിന്റെ രൂപഭാവങ്ങളിൽ തന്ത്രപരമായ മാറ്റം വരുത്താൻ ഫാഷിസ്റ്റുകൾ നിർബന്ധിതരാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ കക്ഷികളെ ഒറ്റയടിക്ക് നിരോധിക്കുകയോ തെരഞ്ഞെടുപ്പുകൾ അവസാനിപ്പിക്കുകയോ അവർ ചെയ്യില്ല. മറിച്ച് പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം ഏതാണ്ട് അസാധ്യമോ ഗുണഫലങ്ങളില്ലാത്തതോ ആകും. പൗരസമൂഹത്തിന്റെ ജനാധിപത്യ സംവാദഭൂമികയെ ഇല്ലാതാക്കും. മാധ്യമങ്ങളെ ഫാഷിസ്റ്റ്- കോർപ്പറേറ്റ് കൂട്ടുകെട്ട് വിഴുങ്ങുകയോ ഭരണകൂടാധികാരം ഉപയോഗിച്ച് നിശ്ശബ്ദരാക്കുകയോ ചെയ്യും. കോടതികളിൽ ഫാഷിസ്റ്റ് രാഷ്ട്രീയാധികാരത്തിന്റെ പ്രതിധ്വനികൾ വിധിപ്പകർപ്പുകളായി മാറും. ഭയം ദേശീയമൃഗമാകും. വിധേയത്വം അച്ചടക്കമാകും. രാഷ്ട്രം പൗരരിൽ നിന്നു വേർപെട്ട അധികാരരൂപമായി മാറും.
ഇന്ത്യയിൽ ഈ ഫാഷിസ്റ്റ് പ്രയോഗം യാതൊരു മറയുമില്ലാതെ പ്രയോഗിക്കപ്പെടുകയാണ്. അതൊരു സ്വാഭാവികതയായി അതിവേഗം സ്വീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. പ്രതിഷേധമെന്നത് പരാജയപ്പെടാൻ മാത്രം വിധിക്കപ്പെട്ട ദുർബ്ബലമായ നിലവിളികളായി. ഈയൊരു അടിച്ചേൽക്കപ്പിക്കപ്പെട്ട സ്വാഭാവികതയെ അസാധാരണമായ രാഷ്ട്രീയോർജ്ജത്തോടെ തകർത്തു എന്നതാണ് കോക്റോച്ച് ജനതാ പാർട്ടിയുടെ (CJP) വരവോടെ നടന്നത്.
സി.ജെ.പിയുടെ സമരത്തിനെത്തുന്ന ഓരോ വിദ്യാർത്ഥിയുടെയും ചെറുപ്പക്കാരന്റെയും വീടുകൾ ഉത്തർ പ്രദേശിലും ഹരിയാനയിലും ഉത്തരാഖണ്ഡിലുമുണ്ടെന്നത് ബി ജെ പിയെ വിറപ്പിക്കാൻ പോന്ന തിരിച്ചറിവായിരുന്നു.
അത് പക്ഷെ സി ജെ പിയും പാറ്റകളും മാത്രമായി കൊണ്ടുവന്നതാണ്. ഇന്ത്യയിലെ പൗരസമൂഹവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്തുള്ള ജനകീയ മുന്നേറ്റങ്ങളും പൗരാവകാശപ്രവർത്തകരുമൊക്കെ ഫാഷിസ്റ്റ് ഭരണകൂടാത്തതിനെതിരായ സമരം പല രീതിയിൽ നടത്തിയിരുന്നു. നിരവധി മനുഷ്യാവകാശ പ്രവർത്തകരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു പുറത്ത് ആദിവാസികളുടെയും പാർശ്വവത്കൃത മനുഷ്യരുടേയും രാഷ്ട്രീയ- സാമൂഹ്യ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരും സ്വതന്ത്ര മാധ്യമ പ്രവർത്തകരുമൊക്കെയാണ് ഇക്കാലയളവിൽ ഭരണകൂടത്തിന്റെ നിരന്തര വേട്ടക്കിരകളായതും തടവിലടക്കപ്പെട്ടതുമൊക്കെ. ഭീമ- കൊറേഗാവ് കേസുകളിലേതുപോലെ അടിമുതൽ മുടിവരെ കള്ളങ്ങൾ കൊണ്ട് കെട്ടിയുണ്ടാക്കിയ കേസുകളിൽ വർഷങ്ങളോളം തടവിലിടാക്കപ്പെട്ട നിരവധി പേർ. സുരേന്ദ്ര ഗാഡ്‌ലിംഗ് മുതൽ ഉമർ ഖാലിദ് വരെ ഇപ്പോഴും വിചാരണ പോലും നടത്താതെ ജാമ്യം നിഷേധിച്ചു തടവിലിടപ്പെട്ടവർ. രാജ്യത്തെങ്ങും ഭൂസമരങ്ങളിലും ആദിവാസികളുടക്കമുള്ളവരുടേയും മുഖ്യധാരാ മാധ്യമങ്ങളിലെന്നും കാണുകപോലും ചെയ്യാത്ത സമരമുഖങ്ങളിൽ നടന്നും വീണും പോയവർ, വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവർ, 2026 ഏപ്രിലിൽ ഉത്തർപ്രദേശിലെ നോയ്ഡയിലടക്കം രാജ്യത്ത് പലയിടത്തും പൊട്ടിപ്പുറപ്പെട്ട തൊഴിലാളികളുടെ സംഘടിതവും അല്ലാത്തതുമായ പ്രക്ഷോഭങ്ങൾ, ഇവയെല്ലാം രൂപപ്പെടുത്തിയ കാലാവസ്ഥയിലാണ് ജെൻ-സി പ്രക്ഷോഭമെന്ന CJP പ്രതിഷേധങ്ങളുണ്ടാകുന്നത്.

അതായത് ചരിത്രനിരപേക്ഷമായ ഒരു അതുഭുത പ്രതിഭാസമായല്ല CJP പ്രക്ഷോഭം ഉണ്ടാകുന്നത്. ഇന്ത്യയിലെ തീവ്ര വലതുപക്ഷ- ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയ കാലാവസ്ഥ, ഫാഷിസ്റ്റുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്വാഭാവികതയെയും ജൈവരൂപങ്ങളുടെ വളർച്ചയേയും ചോദ്യം ചെയ്യാനും എതിർക്കാനുമുള്ള മറ്റൊരു ജൈവരാഷ്ട്രീയ ആവാസവ്യവസ്ഥയെ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. അതിലിപ്പോൾ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ശ്വാസമെടുക്കാനാകുന്നുണ്ട്.
NEET-UG പരീക്ഷകളിലേതടക്കം, കേന്ദ്ര ഏജൻസി നടത്തുന്ന പരീക്ഷകളിൽ വലിയ തട്ടിപ്പുകൾക്കെതിരെ CJP നടത്തിയ സമരം അഭൂതപൂർവ്വമായ പ്രതികരണമാണ് രാജ്യത്തുടനീളം ഉണ്ടാക്കിയത്. തങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു വിഷയമായി ജനം അതിനെ ഏറ്റെടുക്കുകയായിരുന്നു. പ്രത്യേകിച്ച് ഇന്ത്യയിലെ മധ്യവർഗം. ഉദാരീകരണ, ആഗോളീകരണ കാലത്തിനൊപ്പം വികസിച്ചുവന്ന ഇന്ത്യയിലെ മധ്യവർഗവും അത്തരം കുടുംബങ്ങളിൽ നിന്നും വന്ന Gen -Z യും ആ സമരത്തിലെ മുൻനിര പടയാളികളും ഇന്ധനവുമായി മാറി.
ഇതേ മധ്യവർഗമാണ് മോദി ഭരണകാലത്തിന്റെ ഉറച്ച പിൻബലമായി നിന്നിരുന്നതെന്നത് ഓർക്കണം. അതുകൊണ്ടാണ് മറ്റ് സമരങ്ങൾക്കില്ലാത്തവിധം സർക്കാരിനെ പ്രതിരോധത്തിലാക്കാനും പ്രധാനമന്ത്രിയെ പാതിരാത്രിയിൽ കോമാളിയെപ്പോലെ ജെൻ സി കളിക്കാനും നിർബന്ധിതമാകും വിധത്തിലും ഒടുവിൽ വിദ്യാഭ്യാസ മന്ത്രി ധമ്മേന്ദ്ര പ്രധാന രാജിവെപ്പിക്കാനും കഴിയും വിധത്തിലും ആ സമരം വികസിച്ചതും വിജയിച്ചതും. സമരത്തിനെത്തുന്ന ഓരോ വിദ്യാർത്ഥിയുടെയും ചെറുപ്പക്കാരന്റെയും വീടുകൾ ഉത്തർ പ്രദേശിലും ഹരിയാനയിലും ഉത്തരാഖണ്ഡിലുമുണ്ടെന്നത് ബി ജെ പിയെ വിറപ്പിക്കാൻ പോന്ന തിരിച്ചറിവായിരുന്നു.
ഭരണകൂടത്തിന്റെ സകല മർദ്ദക സംവിധാനങ്ങളും ദൽഹി മുഴുവൻ അർദ്ധ സൈനിക വിഭാഗങ്ങളെയും പൊലീസിനെയും ഉപയോഗിച്ച് അടച്ചുകെട്ടുക എന്നല്ലാതെ പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടാനുള്ള ശേഷി സംഘപരിവാറും ബി ജെ പിയും കാണിക്കുന്നില്ല എന്നത് ചെറിയ കാര്യമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി സർക്കാരും വളരെ സൂക്ഷ്മമായി വളർത്തിയെടുത്ത സർവ്വശക്തരും അജാതശത്രുക്കളുമെന്ന പ്രതിച്ഛായയെ പാറ്റകൾ സർഗ്ഗാത്മകമായ അധിക്ഷേപങ്ങളടക്കമുള്ള ആക്രമണത്തിലൂടെ പൊളിച്ചിട്ടു. അതിൽനിന്ന് കരകയറുക ഇനി മോദിക്കും ബി ജെ പിക്കും എളുപ്പമല്ല. മോദി സർക്കാരിന്റെയും മോദിയുടെയും കോട്ടകളിൽവീണ ആ വിള്ളലുകളിലൂടെയും പഴുതുകളിലൂടെയുമാണ് ഇപ്പോൾ Special Intensive Revision (SIR)-നും മോദി സർക്കാരിന്റെയും സംഘ്പരിവാറിന്റെയും രാഷ്ട്രീയപരിപാടിയുടെ നടത്തിപ്പുകാരനായി മാറിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും എതിരായ പൊതു പ്രക്ഷോഭം കടന്നുകയറുന്നത്.
ഭരണകൂടത്തിന്റെ സകല മർദ്ദക സംവിധാനങ്ങളും ദൽഹി മുഴുവൻ അർദ്ധ സൈനിക വിഭാഗങ്ങളെയും പൊലീസിനെയും ഉപയോഗിച്ച് അടച്ചുകെട്ടുക എന്നല്ലാതെ പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടാനുള്ള ശേഷി സംഘപരിവാറും ബി ജെ പിയും കാണിക്കുന്നില്ല എന്നത് ചെറിയ കാര്യമല്ല.
തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സംവിധാനത്തെ തങ്ങൾക്കുവേണ്ടി അട്ടിമറിക്കുക എന്നത് ബി ജെ പിയുടെ പുതിയ പരിപാടിയല്ല. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ നാൾമുതൽ അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതാകട്ടെ കേവലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തിൽ മാത്രമവുമല്ല. സുപ്രീം കോടതിയടക്കം എല്ലാ തലങ്ങളിലും തരത്തിലുമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യശാസ്ത്രത്തിനും കേന്ദ്ര സർക്കാരിന്റെ ഭരണകൂട താത്പര്യങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങളാക്കി മാറ്റാനുള്ള പരിപാടി സംഘപരിവാറിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയ, ഭരണകൂട അജണ്ടയാണ്. SIR -ലൂടെ നടപ്പാക്കുന്നത് കേവലം വോട്ടർപട്ടിക “ശുദ്ധീകരണം” മാത്രമല്ലാതാകുന്നത് അതുകൊണ്ടാണ്. അത് പൗരത്വത്തെ നേരിട്ട് പ്രശ്നവത്കരിക്കുകയും വോട്ടർപട്ടിക പരിഷ്‌ക്കരണം മറുപുറത്ത് പൗരത്വപരിശോധനയും വോട്ടർപട്ടിക ഒരർത്ഥത്തിൽ പൗരത്വപ്പട്ടികയുമായി മാറുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിക്ക് പുറത്തുള്ള വിഷയങ്ങളാണ്.

ലാൽ ബാബു ഹുസ്സൈൻ കേസിൽ (Lal Babu Hussein And Others v. Electoral Registration Officer And Others -1995) സുപ്രീം കോടതി വോട്ടർ പട്ടികയും പൗരത്വവും തമ്മിൽ ബന്ധപ്പെടുത്തുമ്പോൾ പട്ടികയിലുള്ള ഒരാളെ പൗരത്വരാഹിത്യത്തിന്റെ പേരിൽ ഒഴിവാക്കുന്നത് അതിസൂക്ഷ്മമായ നിയമാനുസൃത പ്രക്രിയകളും സാമാന്യ നീതിയും പാലിച്ചുകൊണ്ടായിരിക്കണമെന്നും നിലവിൽ പട്ടികയിലുള്ള ഒരാളെ പുറത്താക്കുമ്പോൾ അയാൾ പൗരനല്ല എന്നാണ് കാരണമെങ്കിൽ അത് തെളിയിക്കാനുള്ള ഭാരം തത്വത്തിൽ ഭരണകൂടത്തിന്റേതാണെന്നും പറയുന്നുണ്ട്. എന്നാൽ ഈ തത്വത്തെ നേരെ തിരിച്ചിടുകയും പൗരത്വം തെളിയിക്കാനുള്ള ബാധ്യത കോടിക്കണക്കിനു മനുഷ്യർക്കുമുന്നിലേക്ക് ഒരു സുപ്രഭാതത്തിൽ ഇട്ടുകൊടുക്കുകയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനും മോദി സർക്കാരും ചെയ്യുന്നത്. വാസ്തവത്തിലിത് സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജണ്ട കൂടിയാണ്.
ഒരു ആധുനിക ജനാധിപത്യരാഷ്ട്രം ഉണ്ടാകുന്നതും ആ രാഷ്ട്രത്തിലെ പൗരർ ഉണ്ടാകുന്നതും ഒരുമിച്ചാണ്. അതൊരു രാഷ്ട്രീയപ്രക്രിയയാണ്. ഇന്ത്യയെന്ന രാഷ്ട്രമുണ്ടാകുമ്പോൾ അതെങ്ങനെയാകണമെന്നത്, അതിലെ പൗരർ ആരാകണമെന്ന തീരുമാനങ്ങൾക്കൊപ്പമാണ്. അത് ഇന്ത്യയെ സൃഷ്ടിച്ചെടുത്ത ജനാധിപത്യ, മതേതര ദേശീയ വിമോചനസമരത്തിന്റെ വിവിധ ധാരകളുടെ രാഷ്ട്രീയമാണ്.
വോട്ടർപട്ടികയിൽനിന്ന് ജനങ്ങളെ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്നതുകൊണ്ടാണ് ഒരു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ആർട്ടിക്കിൾ 324 അനുസരിച്ചുള്ള വലിയ അധികാരങ്ങളോടെ ഭരണഘടനപ്രകാരം സാധ്യമാക്കിയത്.
സംഘപരിവാറും ഹിന്ദുത്വ രാഷ്ട്രീയവും ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ രാഷ്ട്രീയ നിർമ്മാണ പ്രക്രിയയയുടെ അടിസ്ഥാന മൂല്യങ്ങൾക്കും ധാരണകൾക്കും പുറത്താണ്. അതുകൊണ്ടുകൂടിയാണ് അവർ പൗരത്വത്തിന് മുകളിൽ പുതിയ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതിലൂടെ ഇന്ത്യയെന്ന രാഷ്ട്രത്തിനെ സാധ്യമാക്കിയ ജനാധിപത്യ, മതേതര രാഷ്ട്രീയത്തെയും അതുണ്ടാക്കിയ ഇന്ത്യയെയും അവസാനിപ്പിക്കണമെന്നും ഹിന്ദുത്വ ഇന്ത്യയെന്ന പുതിയ രാഷ്ട്രമുണ്ടാക്കാമെന്നുമുള്ള രാഷ്ട്രീയ പദ്ധതിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യൻ പൗരരാകണമെങ്കിൽ ഇന്ത്യ പിതൃഭൂമി മാത്രമല്ല പുണ്യഭൂമി കൂടിയാകണമെന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മാനദണ്ഡങ്ങളിലേക്കാണ് ഈ പൗരത്വപരിശോധന സാവകാശം ചെന്നെത്തുന്നത്. പൗരത്വം മതാടിസ്ഥാനത്തിൽ നൽകാവുന്നതാണ് എന്ന് 2019-ലെ പൗരത്വ നിയമഭേദഗതിയോടെ നിയമമാക്കപ്പെട്ടു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതര പൗരത്വസങ്കല്പനത്തെ സംഘപരിവാറിന്റെ മതാധിഷ്ഠിത രാഷ്ട്ര സങ്കൽപ്പനത്തിലേക്ക് ചുരുക്കുന്ന രാഷ്ട്രീയനീക്കമായിരുന്നു അത്. പൗരത്വം ഒരു മതേതര രാഷ്ട്രീയ നിർണ്ണയത്തിൽനിന്ന് മതമാനദണ്ഡങ്ങളോടുകൂടിയ പ്രത്യയശാസ്ത്രപദ്ധതിയുടെ ഭാഗമായി മാറി. വോട്ടർ പട്ടികയിലെ പൗരത്വ നിർണ്ണയം അതിനു പിന്നാലെ വരുമ്പോൾ, ഹിന്ദുത്വ ഫാഷിസത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയുടെ അടുത്ത ഘട്ടമായിട്ടുവേണം അതിനെ കാണാൻ.

തെരഞ്ഞെടുപ്പ് കമ്മീഷനെ തങ്ങളുടെ സേവകരാക്കി മാറ്റാൻ നിലവിലെ സംവിധാനത്തെത്തന്നെയാണ് ബി ജെ പി ഉപയോഗിച്ചത്. 2017-ൽ എ.കെ. ജോതിയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാക്കി നിയമിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അയാളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ജോതി. മോദി ഭരണകാലത്തുടനീളം കേന്ദ്ര സർക്കാരിനും ബി ജെ പിക്കും വേണ്ടി സമയവും സൗകര്യവും ഒരുക്കി തെരഞ്ഞെടുപ്പുകളിൽ ചട്ടങ്ങളും നിയമങ്ങളും മാതൃകാപെരുമാറ്റച്ചട്ടവും വളച്ചുകൊടുക്കുന്ന പരിപാടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തുകൊണ്ടിരുന്നത്. ഗ്യാനേഷ് കുമാറിലേക്കെത്തുമ്പോൾ അത് ഇത്ര പ്രകടമായ പ്രശ്നമായി മാറിയത്, പൗരത്വമെന്ന ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്ര അജണ്ടയുടെ നേരിട്ടുള്ള നടപ്പാക്കലിനായി SIR -മായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറങ്ങിയതുകൊണ്ടാണ്.
ഇത്തരത്തിൽ വോട്ടർപട്ടികയിൽനിന്ന് ജനങ്ങളെ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്നതുകൊണ്ടാണ് ഒരു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ആർട്ടിക്കിൾ 324 അനുസരിച്ചുള്ള വലിയ അധികാരങ്ങളോടെ ഭരണഘടനപ്രകാരം സാധ്യമാക്കിയത്. കമ്മീഷന്റെ അധികാരങ്ങളെ വികേന്ദ്രീകരിച്ചു നൽകിയാൽ സർക്കാരുകൾ മറ്റൊരു തരത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചേക്കും എന്നായിരുന്നു ഡോ. ബി.ആർ. അംബേദ്കർ ആശങ്ക പ്രകടിപ്പിച്ചത്. അത്തരത്തിലുള്ള അധികാരമുപയോഗിച്ച് വംശീയമായും സാംസ്‌കാരികമായും ഭാഷാപരമായും തങ്ങളിൽപ്പെടാത്തവരെന്ന് കരുതുന്നവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന് അംബേദ്ക്കർ കരുതി. എന്നാൽ അതൊഴിവാക്കാനായി ഉണ്ടാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കൃത്യമായും അതുതന്നെ ചെയ്യുന്നതിലേക്ക് എത്തിയതാണ് നമ്മളിപ്പോൾ കാണുന്നത്.
നിയമനിർമ്മാണസഭ ഉണ്ടാക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിൽ പൗരർക്ക് ലഭ്യമാകുന്ന നിയമപരമായ അവകാശമാണ് വോട്ടു ചെയ്യാനുള്ള അവകാശം. ഇതൊരു statutory right ആണ്. ഈ വ്യാഖ്യാനമാണ് ഭൂരിഭാഗം വിധിന്യായങ്ങളിലും സുപ്രീംകോടതി സ്വീകരിച്ചത്.
SIR എന്നത് പൗരത്വത്തെ ഹിന്ദുത്വ രാഷ്ട്രീയവത്ക്കരിക്കുന്ന ഭരണഘടനാവിരുദ്ധമായ പ്രക്രിയയാണ് എന്നത് പിറകോട്ടു പോകാനാകാത്ത പോരാട്ടത്തിലേക്കാണ് രാജ്യത്തെ മതേതര, ജനാധിപത്യ സമൂഹത്തെ എത്തിച്ചിരിക്കുന്നത്. ഈ പ്രക്രിയയുടെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടേണ്ട സുപ്രീംകോടതി SIR പ്രക്രിയയെ സംബന്ധിച്ച തർക്കങ്ങളിലെല്ലാം ഭരണകൂടത്തെ സഹായിക്കുന്ന തരത്തിൽ, സാങ്കേതികമായി തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർപട്ടിക പുതുക്കാനും തിരുത്താനും അധികാരമുണ്ടെന്ന ലളിതയുക്തിയിൽ ഒളിച്ചോടുകയായിരുന്നു.
എന്നാൽ കോടിക്കണക്കിനാളുകളെ അവരുടെ ജനാധിപത്യാവകാശത്തിൽനിന്ന് പുറന്തള്ളുന്ന ഈ പ്രക്രിയയയിലെ ജനാധിപത്യവിരുദ്ധത അന്തിമമായി ഭരണഘടനയുടെ അടിസ്ഥാനഘടനയെത്തന്നെ അട്ടിമറിക്കുന്ന ഒന്നാണെന്ന് പറയാൻ സുപ്രീംകോടതിക്ക് കഴിയാതെ പോയത്, എങ്ങനെയാണോ തെരഞ്ഞെടുപ്പ് കമ്മീഷനെ മോദി സർക്കാരും സംഘപരിവാറും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാക്കിയത് അതേ മാതൃകയിൽ അതിവേഗം ഭരണകൂടരാഷ്ട്രീയത്തിന്റെ വിധേയദാസ്യത്തിലേക്കാണ് സുപ്രീംകോടതി നേരത്തെത്തന്നെ പോയിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ്.
പൗരത്വവും SIR -ഉം തമ്മിലുള്ള ഈ കൂട്ടിക്കെട്ടൽ എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുന്നത് എന്ന തിരിച്ചറിവിലാണ് നിലവിൽ സുപ്രീംകോടതി ന്യായാധിപനായ ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ, രാജ്യത്ത് രണ്ടുതരം പൗരരെ ഭരണഘടന വിഭാവനം ചെയ്യുന്നില്ലെന്ന് കോടതിക്കുപുറത്ത് പരസ്യമായി പറഞ്ഞത്. വോട്ടർ പട്ടികയിലുള്ളവരും ഇല്ലാത്തവരുമെന്ന തരത്തിൽ എങ്ങനെയാണ് പ്രായപൂർത്തിവോട്ടവകാശമുള്ള ഒരു രാജ്യത്ത് രണ്ടുതരം പൗരരെ വേർതിരിച്ചു കാണാനാവുക?

വോട്ടവകാശം ഭരണഘടനാപരമായി മൗലികാവകാശമല്ല എന്നതാണ് നിലനിൽക്കുന്ന വ്യാഖ്യാനം. ഇത് നിയമവ്യാഖ്യാനത്തിൽ ശരിയാണ്. നിയമനിർമ്മാണസഭ ഉണ്ടാക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിൽ പൗരർക്ക് ലഭ്യമാകുന്ന നിയമപരമായ അവകാശമാണ് വോട്ടു ചെയ്യാനുള്ള അവകാശം. ഇതൊരു statutory right ആണ്. ഈ വ്യാഖ്യാനമാണ് ഭൂരിഭാഗം വിധിന്യായങ്ങളിലും സുപ്രീംകോടതി സ്വീകരിച്ചത്.
N.P. Ponnuswami v. Returning Officer (1952) , Jagan Nath v. Jaswant Singh (1954) കേസുകളിൽ ഈ നിലപാട് കോടതി ഉറപ്പിച്ചുറഞ്ഞിട്ടുണ്ട്. Kuldip Nayar v. Union of India (2006), People’s Union for Civil Liberties (PUCL) v. Union of India (2003) വിധികളിലും വോട്ടവകാശം fundamental right ആക്കാൻ സുപ്രീം കോടതി തയ്യാറായില്ല. അനൂപ് ബാരൻവാൾ കേസിൽ (Anoop Baranwal v. Union of India- 2023) ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ ന്യൂനപക്ഷവിധിയിൽ വോട്ടവകാശം Article 19(1)(a) അനുസരിച്ചുള്ളതും Article 21- ന്റെ സത്തയിലുള്ളതുമാണെന്ന് പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷവിധിയനുസരിച്ച് ഇപ്പോഴും statutory right ആണെന്ന വ്യാഖ്യാനം നിലനിൽക്കുന്നു.
ഇത് വാസ്തവത്തിൽ മൗലികമായ വൈരുധ്യത്തെയാണ് സൃഷ്ടിക്കുന്നത്. നിയമപരമായി നോക്കിയാൽ ഈ വ്യാഖ്യാനം ശരിയാണെങ്കിലും ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാനുള്ള ആയുധമായി ഇത് മാറി എന്നുണ്ട്. എങ്ങനെയാണ് ഫാഷിസ്റ്റുകൾ ജനാധിപത്യപ്രക്രിയയെ അതിന്റെതന്നെ ഉള്ളിൽനിന്നുകൊണ്ട് തകർക്കുന്നത് എന്നതിന്റെ തെളിവുകളാണിതൊക്കെ.
ഇന്ത്യയിൽ സ്വതന്ത്രവും നീതിപൂർവ്വവുമായ പൊതുതെരഞ്ഞെടുപ്പ് എന്നത് അപ്രത്യക്ഷമാവുകയാണ് എന്നത് നിയമപരമായി ഉറപ്പാക്കുകയാണ് മോദി സർക്കാർ ചെയ്തത്.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാനുള്ള നിയമം ആർട്ടിക്കിൾ 324(2) അനുസരിച്ച് കൊണ്ടുവരാൻ അനൂപ് ബാരൻവാൾ വിധിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അതുവരെ അത്തരം നിയമനങ്ങൾക്കായി പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുണ്ടാക്കി. എന്നാൽ Chief Election Commissioner and other Election Commissioners (Appointment, Conditions of Service and Term of Office) Act, 2023 പ്രകാരം ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന മറ്റൊരു കേന്ദ്രമന്ത്രിയെ മൂന്നാം അംഗമാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ചുള്ളതാകുമെന്ന് മോദി സർക്കാർ ഉറപ്പാക്കി. ഇന്ത്യയിൽ സ്വതന്ത്രവും നീതിപൂർവ്വവുമായ പൊതുതെരഞ്ഞെടുപ്പ് എന്നത് അപ്രത്യക്ഷമാവുകയാണ് എന്നത് നിയമപരമായി ഉറപ്പാക്കുകയാണ് മോദി സർക്കാർ ചെയ്തത്.
ഭരണഘടനയെ ഉപയോഗിച്ച് നാസികൾ ജർമനിയെ അതിവേഗം ഒരു ഫാഷിസ്റ്റ് രാഷ്ട്രമാക്കി മാറ്റിയതിന്റെ രീതിശാസ്ത്രം ചരിത്രത്തിലുണ്ട്. ജർമൻ പാർലമെന്റിൽ ന്യൂനപക്ഷമായിത്തുടങ്ങിയ നാസികൾ ഹിറ്റ്ലറുടെ നേതൃത്വത്തിൽ അതേ നിയമനിർമാണസഭയെയും തെരഞ്ഞെടുപ്പുകളെയും അപ്രസക്തമാക്കി. ‘‘ജനാധിപത്യത്തിന്റെ ഏറ്റവും വലിയ തമാശയെന്തെന്നാൽ, സ്വന്തം നാശത്തിനുവേണ്ട ഉപകരണങ്ങൾ അതിന്റെ ആജന്മശത്രുക്കൾക്ക് അതുതന്നെ നൽകുന്നു’’ എന്നാണ് നാസി നേതാവായ ഗീബൽസ് പരിഹാസത്തോടെ പറഞ്ഞത്. തെരഞ്ഞെടുപ്പിൽ വേണ്ടത്ര ഭൂരിപക്ഷം കിട്ടാതിരുന്നിട്ടും ഭരണഘടനാപരമായ നിയമനിർമാണപ്രതിസന്ധി രൂക്ഷമാവുകയും ജർമ്മൻ പ്രസിഡണ്ട് പോൾ വോൻ ഹിൻഡൻബെർഗ് ഹിറ്റ്‌ലറെ ചാൻസലറായി (1933 ജനുവരി 30) നിയമിക്കുകയുമായിരുന്നു. ഭരണഘടനാനുസൃതമായാണ് ഹിറ്റ്‌ലർ അധികാരത്തിലെത്തിയത്.

1933 ഫെബ്രുവരി 27-ന് ജർമ്മൻ പാർലമെന്റ് മന്ദിരമായ Reichstag തീപിടിത്തത്തിൽ കമ്മ്യൂണിസ്റ്റുകാരെയും രാഷ്ട്രീയ എതിരാളികളെയും പ്രതിസ്ഥാനത്താക്കിയ ഹിറ്റ്‌ലർ പിന്നീടങ്ങോട്ട് എല്ലാവിധത്തിലും ഒരു സമഗ്രാധിപത്യ ഭരണകൂടത്തിലേക്കും അവിടെനിന്ന് ഫാഷിസ്റ്റ് ഭരണത്തിലേക്കും അതിവേഗം നീങ്ങി. ഭരണഘടന നൽകിയ അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചാണ് Reichstag Fire Decree ഫെബ്രുവരി 28 -ന് നാസികൾ പുറപ്പെടുവിച്ചത്. എല്ലാവിധ പൗരാവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും അതുമൂലം നിരോധിക്കപ്പെട്ടു. 1933 മാർച്ച് അഞ്ചിന് ഹിറ്റ്‌ലർ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി. പ്രതിപക്ഷം തടവറകളിലും ജനങ്ങൾ ഭയത്തിന്റെ തടവറയിലുമായൊരു അന്തരീക്ഷത്തിൽ ഹിറ്റ്ലർക്കും നാസികൾക്കും എതിരാളികൾ ഇല്ലായിരുന്നു. നാസികൾ 43.9% വോട്ടു നേടി. പകുതിയിലേറെ ജനങ്ങളുടെ അംഗീകാരം അപ്പോഴും നാസികൾക്ക് കിട്ടിയില്ല.
പാർലമെന്റിന്റെ അവശേഷിക്കുന്ന അധികാരങ്ങൾ നാസികൾക്ക് ഭാരമായി. 1933 മാർച്ച് 23-ന് ജർമ്മൻ പാർലമെന്റ് Enabling Act അംഗീകരിച്ചു. പാർലമെന്റിന്റെ പങ്കാളിത്തമില്ലാതെത്തന്നെ നിയമങ്ങളുണ്ടാക്കാനും ഭരണഘടനയെ മറികടക്കുന്ന നിയമങ്ങൾ പോലും നടപ്പാക്കാനും അതിലൂടെ പാർലമെന്റ് അംഗീകാരം നൽകി. പാർലമെന്റ് തന്നെ പാർലമെന്റിന്റെ വധശിക്ഷയിൽ ഒപ്പുവെക്കുന്നത്ര സൂക്ഷ്മമായിരുന്നു നാസികളുടെ ഭരണഘടനാബദ്ധത. ഈ നിയമനിർമ്മാണത്തിന്റെ വോട്ടെടുപ്പ് നടക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാരായ അംഗങ്ങളെ തടവിലാക്കി. പാർലമെന്റ് മന്ദിരം മുഴുവൻ നാസികളുടെ സായുധസംഘം വളഞ്ഞു. പാർലമെന്റിൽ ഭരണഘടനയനുസരിച്ചുള്ള വോട്ടെടുപ്പും നടന്നു.
തൊഴിലാളി സംഘടനകൾ ആക്രമിക്കപ്പെട്ടു, കമ്മ്യൂണിസ്റ്റുകാരെ ശാരീരികമായിത്തന്നെ ഇല്ലാതാക്കിത്തുടങ്ങി, സോഷ്യൽ ഡമോക്രാറ്റുകൾ അടക്കമുള്ള രാഷ്ട്രീയ പ്രതിപക്ഷം മുഴുവൻ പ്രായോഗികമായി നിഷ്ക്രിയരാക്കപ്പെട്ടു. 1933 ജൂലായ് ആകുമ്പോഴേക്കും ഫലത്തിൽ ജർമ്മനി ഒരു ഏകകക്ഷി ഭരണരാഷ്ട്രമായി മാറിയിരുന്നു. ചരിത്രഗതിയുടെ കാവ്യാത്മകമായ പൂർത്തീകരണത്തിന് നാസികൾ ഒരു നിയമം കൂടി ഉണ്ടാക്കി; Law Against the Formation of New Parties.
ഇന്ത്യയിലെ തെരഞ്ഞടുപ്പുകളിൽ ചരിത്രപരമായി പ്രകടമാകുന്ന ഭരണവിരുദ്ധവികാരത്തിനുള്ള കാലയളവിലേക്ക് തങ്ങൾ നടന്നെത്തുന്നു എന്ന തിരിച്ചറിവ് ഇപ്പോൾ ബി ജെ പിക്കുണ്ട്.
തെരഞ്ഞെടുപ്പുകൾ നാസികൾ ഉപേക്ഷിച്ചില്ല. തെരഞ്ഞെടുപ്പുകൾ സാങ്കേതിക ചട്ടക്കൂട് നിലനിർത്തുകയും അവയുടെ ജനാധിപത്യ ഉള്ളടക്കം ഇല്ലാതാക്കുകയുമാണ് നാസികൾ ജർമ്മനിയിൽ ചെയ്തത്. നീതിന്യായ സംവിധാനങ്ങളടക്കമുള്ളവയിലെ അവശേഷിക്കുന്ന വിമതശബ്ദങ്ങളെ ഒഴിവാക്കാനും നാസികൾ നിയമം കൊണ്ടുവന്നു: law for the Restoration of the Professional Services (ഏപ്രിൽ 1933).
ജൂതന്മാരെയും രാഷ്ട്രീയ എതിരാളികളെയുമൊക്കെ കോടതികളടക്കമുള്ള ഭരണസംവിധാനങ്ങളിൽ നിന്ന് ഒഴിവാക്കി. ജസ്റ്റിസ് അകിൽ ഖുറേഷിയും ജസ്റ്റിസ് മുരളീധരനുമൊക്കെ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും എങ്ങനെയാണ് സംഘപരിവാർ സഹയാത്രികർ സുപ്രീം കോടതിയിലടക്കം വരുന്നതെന്നുമുള്ള ഇന്ത്യൻ അനുഭവത്തിന്റെ ചരിത്രപാഠമാണിത്. ഭരണഘടനയെയും തെരഞ്ഞെടുപ്പ് സംവിധാനത്തെയും നിരോധിക്കാതെത്തന്നെ നിലവിലെ സംവിധാനത്തെ തങ്ങളുടെ ഫാഷിസ്റ്റ് ഭരണകൂടത്തിലേക്കുള്ള വഴിയായി ഉപയോഗിക്കാൻ തീവ്ര വലതുപക്ഷത്തിനും ഫാഷിസ്റ്റുകൾക്കും ശേഷിയുണ്ട്.
ഇന്ത്യയിലെ തെരഞ്ഞടുപ്പുകളിൽ ചരിത്രപരമായി പ്രകടമാകുന്ന ഭരണവിരുദ്ധവികാരത്തിനുള്ള കാലയളവിലേക്ക് തങ്ങൾ നടന്നെത്തുന്നു എന്ന തിരിച്ചറിവ് ഇപ്പോൾ ബി ജെ പിക്കുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിശക്തമായി തെരഞ്ഞെടുപ്പ് വിജയങ്ങൾ നേടിക്കൊണ്ടിരുന്ന സ്വതന്ത്ര ഇന്ത്യ ആദ്യ ദശകങ്ങളിലും അതിനെതിരായ പ്രതിപക്ഷശബ്ദം ഉയർന്നുവെങ്കിലും അവ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് വർഷങ്ങൾക്കുശേഷമാണ്.

1950-കളിൽത്തന്നെ കോൺഗ്രസിനകത്തുനിന്ന് പുറത്തേക്കുപോന്ന വലിയ വിമതശബ്ദങ്ങളുണ്ടായി. 1950-ൽ അന്നത്തെ ഹിന്ദു മഹാസഭയുടെ ഭാഗമായിരുന്ന ശ്യാമപ്രസാദ് മുഖർജി രാജിവെക്കുകയും ഭാരതീയ ജനസംഘ് ഉണ്ടാക്കുകയും ചെയ്തു. 1951-ൽ മന്ത്രിസഭയിൽ നിന്ന് രാജിവെച്ച സി. രാജഗോപാലാചാരി സ്വതന്ത്ര കക്ഷിയുണ്ടാക്കി. ബി.ആർ. അംബേദ്ക്കറും അക്കാലത്തുതന്നെ കോൺഗ്രസുമായി വേർപിരിഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ കൂടിയായിരുന്ന (1947) ആചാര്യ കൃപലാനി കോൺഗ്രസ് വിട്ട് കിസാൻ മസ്ദൂർ പാർട്ടിയുണ്ടാക്കി. 1950-കളുടെ ഒടുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും 1960-കളിൽ ദ്രാവിഡകക്ഷികളും അകാലികളും അടക്കമുള്ള ഉപദേശീയതകളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളും ശക്തിയായി രംഗത്തുവന്നു.
ഇതൊക്കെയായിട്ടും കോൺഗ്രസിന്റെ അധികാരക്കുത്തക തകരുന്നത് 1970-കളുടെ അവസാനത്തിലാണ്. 1980-കളുടെ പകുതി മുതൽ ബഹുകക്ഷി സ്വാധീനമുള്ള ഇന്ത്യൻ രാഷ്ട്രീയം ശക്തിയായി നിലനിൽക്കുകയും ചെയ്തു. 2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതോടെ ഈ ഘട്ടം അവസാനിക്കുകയും കോൺഗ്രസിന്റെ അധികാരക്കുത്തകയെ ഓർമ്മിപ്പിക്കും വിധത്തിലുള്ള ഏകകക്ഷി ആധിപത്യത്തിന്റെ ഛായ തെരഞ്ഞെടുപ്പുകളിൽ പ്രകടമാവുകയും ചെയ്തു. എന്നാൽ 2024-ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും ബി ജെ പിക്ക് ഈ മുന്നേറ്റം നഷ്ടമായി. ഇതവർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യ സംവിധാനത്തെ തിരിച്ചുപിടിക്കാനാകാത്തവിധം തകർക്കുകയെന്ന പദ്ധതി അതിവേഗം പൂർത്തിയാക്കാനുള്ള ഓട്ടത്തിലാണവർ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ഫാഷിസ്റ്റ് പരിപാടിയിലേക്കുള്ള ഓട്ടം കൂടിയാണത്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകങ്ങളിൽ സംഭവിച്ചപോലെ പ്രതിപക്ഷം ആദ്യ ഘട്ടങ്ങളിൽ ദുർബ്ബലമായ തെരഞ്ഞെടുപ്പ് സ്വാധീനമാണ് ഉണ്ടാക്കുന്നതെങ്കിൽപ്പോലും ഒരു വിമതശബ്ദമായി രൂപപ്പെടുന്നുണ്ട്, മോദിയുടെ ഇന്ത്യയിൽ.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകങ്ങളിൽ സംഭവിച്ചപോലെ പ്രതിപക്ഷം ആദ്യ ഘട്ടങ്ങളിൽ ദുർബ്ബലമായ തെരഞ്ഞെടുപ്പ് സ്വാധീനമാണ് ഉണ്ടാക്കുന്നതെങ്കിൽപ്പോലും ഒരു വിമതശബ്ദമായി രൂപപ്പെടുന്നുണ്ട്, മോദിയുടെ ഇന്ത്യയിൽ. അതിനാകട്ടെ ഇന്ത്യയെ സാധ്യമാക്കിയ ചരിത്രത്തിന്റെ ബലവുമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്നുപോലും അപ്രസക്തരാക്കപ്പെടുമെന്ന തിരിച്ചറിവുകൂടിയാണ് ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളെ ഈ ജീവന്മരണ പോരാട്ടത്തിലേക്ക് എത്തിക്കുന്നത്. അതിനൊപ്പം മറ്റൊരു രാഷ്ട്രീയ മാറ്റം കൂടി ഇന്ത്യയിൽ സംഭവിച്ചു. അത് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ പിൻപറ്റാത്ത വലിയൊരു വിഭാഗം യുവതലമുറയാണ്. അത് വിവരവിനിമയത്തിലും ഇന്റർനെറ്റ് അടക്കമുപയോഗിച്ചുള്ള ആഗോള ജീവിതത്തിന്റെ സ്വാധീനത്തിലും കൂടിയാണ് രൂപപ്പെട്ടത്. വിധേയത്വവും അച്ചടക്കവും ആവശ്യപ്പെടുന്ന, വെറുപ്പും ഹിംസയും ജീവിതചര്യയാക്കിയ ഒരു രാഷ്ട്രീയക്രമത്തിന്റെ സാധുത ഈ തലമുറ ചോദ്യം ചെയ്യുന്നുണ്ട്. വടക്കേ ഇന്ത്യയിൽ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ജനസംഖ്യയിലെ യുവാക്കളുടെ അനുപാതം ഇതിനെ ബി ജെ പിക്കെതിരെയുള്ള രാഷ്ട്രീയശബ്ദമായി മാറ്റാൻ ശേഷിയുള്ളതുമാണ്. ഈ രാഷ്ട്രീയ, സാമൂഹ്യ വിമതത്വത്തെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും തെരഞ്ഞെടുപ്പുകളിൽ ബി ജെ പിയെ തോൽപ്പിക്കാൻ ശേഷിയുള്ള സംഘടിത ഐക്യമുന്നണിയുമാക്കി മാറ്റാനാകുമോ എന്ന വെല്ലുവിളിയാണ് ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് മുന്നിലുള്ളത്.
നിലവിൽ ഒരു രാഷ്ട്രീയമുന്നണിയുടെ രൂപത്തിലല്ലെങ്കിലും ബി ജെ പിക്കും നരേന്ദ്ര മോദി സർക്കാരിനുമെതിരായ അസംതൃപ്തി രാഷ്ട്രീയമായ വ്യവഹാരരൂപങ്ങളും സംവാദസ്വഭാവവും കൈവരിച്ചുകഴിഞ്ഞു. അതിനൊരു ജൈവരൂപമുണ്ടായിക്കഴിഞ്ഞു. ദേശദ്രോഹികളും ചാരന്മാരുമെന്ന പാതി അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും കീഴടങ്ങാത്ത വിധം, ആ രാഷ്ട്രീയപ്രതിഷേധം തെരുവുകളിലെത്തി തുടങ്ങി.

ഈ പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഏറ്റവും നിർണ്ണായകവും സുപ്രധാനവുമായ ഘടകമെന്നത്, അതിൽ പങ്കെടുക്കുന്ന മഹാഭൂരിഭാഗം മനുഷ്യരും ഇന്നലെവരെ ഏതൊരു ആൾക്കൂട്ടത്തിലും അലിഞ്ഞുപോയിരുന്ന മനുഷ്യരാണ് എന്നതാണ്. നാളെയും അവർ അങ്ങനെത്തന്നെയാകും. പക്ഷെ ഇന്ന്, ഇന്ത്യൻ റിപ്പബ്ലിക്ക് അതിന്റെ ഏറ്റവും മൂർത്തമായ അസ്തിത്വ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ, പൗരാവകാശങ്ങൾ അതിന്റെ അവസാനവട്ടം കൈ നീട്ടി നോക്കുമ്പോൾ, ആൾക്കൂട്ടങ്ങളിലെ ഓരോ മനുഷ്യനും അവരുടെ ശബ്ദവും മുഖവും വീണ്ടെടുക്കുന്നു. അതിന്റെ മുന്നണിയിലേക്ക് ഒരുപക്ഷെ 1960-കളിലെയും 70-ളിലേയും വ്യത്യസ്ത ചരിത്രസന്ദർഭങ്ങളിലെ വിദ്യാർത്ഥിമുന്നേറ്റങ്ങൾക്കുശേഷം ഇതാദ്യമായി, ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി യുവാക്കൾ ഒരു വിഭാഗമെന്ന നിലയിൽ തെരുവുകളിൽ നിറയാനുള്ള സന്നദ്ധ പ്രകടിപ്പിക്കുന്നു.
രാമജന്മഭൂമി രഥയാത്രകളും വർഗീയ കലാപങ്ങളും നിറഞ്ഞിരുന്ന വടക്കേ ഇന്ത്യയിലെ തെരുവുകളിലും നഗരഗ്രാമങ്ങളിലും സാവകാശം ജനാധിപത്യവും വോട്ടവകാശവും പൗരാവകാശങ്ങളും ചർച്ചയാകുന്നു. ഇന്ത്യൻ ഫാഷിസ്റ്റുകൾക്ക് പുറത്തേക്കുള്ള വഴി ഒരു ജനതയെന്ന നിലയിൽ നാം വെട്ടിത്തുടങ്ങിയെന്ന തോന്നൽ പോലും ഹിന്ദുത്വ ഫാഷിസ്റ്റുകളെ ചകിതരാക്കിത്തുടങ്ങിയിരിക്കുന്നു. യുദ്ധം അവസാനിച്ചിട്ടില്ല എന്നതുതന്നെ ഈ യുദ്ധത്തിൽ വലിയ നേട്ടമാണ്.
