ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലുള്ള ഷാഹി ജുമാ മസ്ജിദിൽ ജില്ലാ കോടതിയുടെ ഉത്തരവനുസരിച്ച് നടത്തിയ അഭിഭാഷക സർവേയുടെ വിവരങ്ങൾ പുറത്തുവിടരുത് എന്ന സുപ്രീംകോടതി നിർദേശം, വർഗീയ സംഘർഷം ഒഴിവാക്കുന്നതിന് സഹായകമായ നീക്കമാണെന്നു മാത്രമല്ല, സമാനമായ കേസുകളുടെ ഭാവിയെ കൂടി നിർണയിക്കുന്ന ഇടപെടലാണ്. ഇത്തരം വിഷയങ്ങളിൽ പ്രാദേശിക കോടതികൾ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടുകളുടെ അപകടത്തെക്കുറിച്ച് സുപ്രീംകോടതി ഉത്തരവ് സൂചന നൽകുന്നു.
കഴിഞ്ഞ ഞായറാഴ്ച അഞ്ച് മുസ്‍ലിം യുവാക്കളുടെ മരണത്തിനിടയാക്കിയ സംഘർഷം വൈകാരികമായ വിശ്വാസപ്രശ്‌നമായും സംഘ്പരിവാറിന്റെ മുതലെടുപ്പിൽ വർഗീയ സംഘർഷമായും വ്യാപിക്കുന്നത് മുൻകൂട്ടി മനസ്സിലാക്കിയാണ് സുപ്രീംകോടതി ഇടപെടൽ. സമാധാനവും സഹവർത്തിത്വവും നിലനിൽക്കണം എന്ന് അർഥശങ്കക്കിടയില്ലാത്തവിധം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കുന്നു. പുരാവസ്തു സർവേ തടഞ്ഞ സുപ്രീംകോടതി മസ്ജിദ് കമ്മിറ്റിയോട് മൂന്നു ദിവസത്തിനകം അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു.
ജില്ലാ കോടതി ഉത്തരവിനെതുടർന്ന് നടന്ന സർവേക്കുശേഷം സംഭലിലെ ഷാഹി മസ്ജിദ് സ്ഥിതിചെയ്യുന്ന പ്രദേശം സംഘർഷത്തിലാണ്. യു.പി നിയസമഭാ പ്രതിപക്ഷ നേതാവ് മാതാപ്രസാദ് പാണ്‌ഡേയുടെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി എം.എൽ.എമാരടങ്ങുന്ന 15 അംഗ സംഘത്തിന് സംഘർഷമേഖല സന്ദർശിക്കാൻ ഇന്ന് പൊലീസ് അനുമതി നിഷേധിച്ചു. ഇന്നുവരെ പ്രദേശത്ത് നിരോധനാജ്ഞയാണ്.
പൊലീസും ഭരണകൂടവും
ആളിക്കത്തിച്ച സംഘർഷം
പ്രത്യക്ഷത്തിൽ, വർഗീയ ചേരിതിരിവിനിടയാക്കുന്ന നടപടിക്കാണ് ജില്ലാ കോടതി ഉത്തരവ് ഇടയാക്കിയത് എന്ന് സുപ്രീംകോടതി പരാമർശത്തിൽനിന്ന് വായിച്ചെടുക്കാം. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നടപടികൾ സംഘർഷം ഒഴിവാക്കുന്നതിനല്ല, രൂക്ഷമാക്കുന്നതിലേക്കാണ് നയിച്ചത്.
സംഘർഷത്തിൽ അഞ്ച് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടത്, അവർക്കിടയിൽനിന്നുതന്നെയുണ്ടായ വെടിവെപ്പിലാണെന്ന കഥയാണ് പൊലീസ് കെട്ടിച്ചമച്ചിരിക്കുന്നത്. എന്നാൽ, പൊലീസ് ഒരു നിയന്ത്രണവുമില്ലാതെ യുവാക്കൾക്കുനേരെ നിറയൊഴിച്ചതിന് തെളിവുണ്ടെന്ന് സംഭൽ ഉൾപ്പെടുന്ന സഹറാൻപുരിൽനിന്നുള്ള കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് എം.പി പറയുന്നു.
ജില്ലാ കോടതിയുടെ സർവേ ഉത്തരവു മുതൽ പൊലീസ് വെടിവെപ്പ് വരെയുള്ള നടപടികളാണ് സംഭലിനെ സംഘർഷഭൂമിയാക്കിയത് എന്നതിന് വ്യക്തമായ സൂചനകളുണ്ട്.
നവംബർ 19-ന് രാവിലെയാണ് ജില്ലാ കോടതിയിൽ ഹർജി എത്തുന്നത്. ഹർജി കിട്ടിയ ഉടൻ പള്ളിക്കമ്മിറ്റിക്ക് നോട്ടീസ് പോലും അയക്കാതെ സർവേക്ക് ഉത്തരവിടുക മാത്രമല്ല, അതിന് അഭിഭാഷകനെ നിയോഗിക്കുകയും ചെയ്തു. അന്നുതന്നെ വൈകീട്ട്, പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അകമ്പടിയോടെ സംഘം പള്ളിയിലെത്തി. വിശ്വാസികൾ പ്രതിഷേധിച്ചെങ്കിലും എം.പി ഇമ്രാൻ മസൂദ് അവരെ ശാന്തരാക്കുകയും സർവേ നടക്കുകയും ചെയ്തു. എന്നാൽ, രണ്ടു ദിവസത്തിനുശേഷം, ഒരു മുന്നറിയിപ്പുമില്ലാതെ സർവേ സംഘം വീണ്ടും പള്ളിയിലെത്തി. ഇത്തവണ ഇവർക്കൊപ്പം 'ജയ് ശ്രീരാം' പോലുള്ള പ്രകോപന മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടവും അകമ്പടിയായെത്തിയിരുന്നു. ഇവർ പള്ളിക്കരികിൽനിന്ന് അത്യന്തം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇതിനെതിരെ പൊലീസ് ചെറുവിരലനക്കിയില്ല. സ്വഭാവികമായും അത് മുസ്‍ലിംകൾക്കിടയിൽ ഭീതിയുണ്ടാക്കുകയും കല്ലേറുണ്ടാകുകയും സംഘർഷമായി മാറുകയുമായിരുന്നു. സ്ഥിതിഗതി ശാന്തമാക്കാൻ ശ്രമിച്ച ഇമ്രാൻ മസൂദിനും എം.പിക്കും എം.എൽ.എയുടെ മകനുമെതിരെയും കേസെടുത്തിട്ടുണ്ട്.
ഒരു മുന്നറിയിപ്പുമില്ലാതെ സർവേ സംഘം വീണ്ടും പള്ളിയിലെത്തി. ഇത്തവണ ഇവർക്കൊപ്പം 'ജയ് ശ്രീരാം' പോലുള്ള പ്രകോപന മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടവും അകമ്പടിയായെത്തിയിരുന്നു. ഇവർ പള്ളിക്കരികിൽനിന്ന് അത്യന്തം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇതിനെതിരെ പൊലീസ് ചെറുവിരലനക്കിയില്ല.
നവംബർ 19-ന് ശാന്തമായി സർവേ നടത്താനായ സ്ഥലത്ത്, 24ന് മുന്നറിയിപ്പില്ലാതെ എത്തിയ സർവേ സംഘത്തിനൊപ്പം വന്ന സംഘ്പരിവാർ ജനക്കൂട്ടമാണ് അക്രമം അഴിച്ചുവിട്ടത് എന്നാണ് ഇമ്രാൻ മസൂദ് പറയുന്നത്: ‘‘ആരെങ്കിലും കല്ലെറിഞ്ഞിട്ടുണ്ടെങ്കിൽ അവരെ അറസ്റ്റു ചെയ്യാം. എന്നാൽ, പൊലീസ് അവർക്കുനേരെ വെടിവെക്കുകയാണ് ചെയ്തത്, അതും കാലിനുനേരെയല്ല, ശരീരത്തിലേക്കുതന്നെ. ഇപ്പോൾ മുസ്‌ലിംകളെ പൊലീസ് ടാർഗറ്റ് ചെയ്യുകയാണ്. അവർ വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുമെന്ന സ്ഥിതിയാണ്, വീടിനകത്തിരുന്നാൽ അവരെ വലിച്ചുപുറത്തിട്ട് കൊല്ലും''.
എവിടെ ആരാധനാലയ നിയമം?
1526-ൽ മുഗൾ ചക്രവർത്തി ബാബറിന്റെ കാലത്ത് ഹരിഹർ ക്ഷേത്രം തകർത്ത് നിർമിച്ചതാണ് ഷാഹി ജുമാ മസ്ജിദ് എന്ന് അവകാശപ്പെട്ടാണ് സംഭാലിലെ കെയ്‌ല ദേവി ക്ഷേത്രക്കമ്മിറ്റിയിലെ മഹന്ത് ഋഷിരാജ് ഗിരിയും അഡ്വ. ഹരിശങ്കർ ജെയിനും സംഭൽ ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയിലാണ്, പള്ളിയിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടത്. പുരാവസ്തുക്കളുമായി ബന്ധപ്പെട്ട നിയമവും- Ancient Monuments and Archaeological Sites and Remains Act 1958- ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഏത് സംരക്ഷിത സ്മാരകത്തിലേക്കും പൊതുജനങ്ങൾക്ക് പ്രവേശിക്കാം എന്ന നിയമത്തിലെ വ്യവസ്ഥയാണ് ഹർജിക്കാർ ഉന്നയിച്ചത്. 1920-ലാണ് ഷാഹി ജുമാ മസ്ജിദിനെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിത സ്മാരകമാക്കിത്.
എന്നാൽ, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം തർക്കങ്ങളുണ്ടാകുമ്പോൾ, പരമാവധി സമചിത്തതയോടെ വിഷയം കൈകാര്യം ചെയ്യണമെന്ന സാമാന്യനീതി, ഷാഹി ജുമാ മസ്ജിദിന്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടു. കോടതികൾക്ക് ഇക്കാര്യത്തിൽ മാർഗദർശകമായി സ്വീകരിക്കാവുന്ന ഒന്നാണ്, ബാബരി മസ്ജിദ് തർക്കവിഷയമായി മാറിയ 1991-ൽ പി.വി. നരസിംഹറാവു സർക്കാർ കൊണ്ടുവന്ന, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമം- Places of Worship Act. ഇന്ത്യയിലെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം 1947 ആഗസ്റ്റ് 15ന് നിലനിന്നിരുന്ന അവസ്ഥയിൽ തന്നെ നിലനിർത്തണം എന്നാണ് ഈ നിയമം പറയുന്നത്. അതായത്, ഒരു ആരാധനാലയങ്ങളുടെ കാര്യത്തിലും, ബാബരി മസ്ജിദിനുനേരെ ഉയർന്നതുപോലുള്ള അവകാശവാദവുമായി ആർക്കും കോടതിയിൽ പോകാനാകില്ല എന്ന് ഈ നിയമം പറയുന്നു. (അയോധ്യ കേസ് നടക്കുന്നതിനാൽ ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിയെ ഈ നിയമത്തിൽനിന്ന് ഒഴിവാക്കിയിരുന്നു). ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയത്തെ പൂർണമായോ ഭാഗികമായോ മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയമാക്കി മാറ്റുന്നത് ഈ നിയമം തടയുന്നു.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ, പരമാവധി സമചിത്തതയോടെ വിഷയം കൈകാര്യം ചെയ്യണമെന്ന സാമാന്യനീതി, ഷാഹി ജുമാ മസ്ജിദിന്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടു.
പാർലമെന്റ് പാസാക്കിയ ഈ നിയമം കോടതികൾ തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. ഗ്യാൻവ്യാപി മസ്ജിസ് കേസിൽ ഈ നിയമം ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ, ഈ നിയമം കേസിൽ ബാധകമല്ല എന്നായിരുന്നു കോടതി പറഞ്ഞത്.
ആരാധനാലയ നിയമം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിൻകുമാർ ഉപാധ്യായ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് 2021 മാർച്ചിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല.
ഇപ്പോൾ, സംഘ്പരിവാർ സൃഷ്ടിച്ചെടുക്കുന്ന അവകാശത്തർക്കങ്ങളിൽ
ആരാധനാലയ നിയമം ധൈര്യപൂർവം പ്രയോഗിക്കാൻ നീതിന്യായസംവിധാനങ്ങൾ തയാറാകുമോ എന്നതാണ് വലിയ ചോദ്യം. ഈയൊരു ആശയക്കുഴപ്പം മൂലമാണ്, നിയമം നിലവിലുള്ളപ്പോഴും ഗ്യാൻവ്യാപി മസ്ജിദിനും ഏറ്റവും ഒടുവിൽ അജ്മീർ ദർഗക്കും എതിരായ നീക്കങ്ങളുണ്ടായത്.
‘നിരുപദ്രവികളല്ല’
ആ ഹർജിക്കാർ
സംഭൽ ജില്ലാ കോടതിയിൽ ഹർജി നൽകിയ ഹരിശങ്കർ ജെയിനും മകനും സുപ്രീംകോടതി അഭിഭാഷകനുമായ വിഷ്ണു ശങ്കർ ജെയിനും ‘നിരുപദ്രവകാരികളായ’ ഹർജിക്കാരല്ല. രാജ്യത്തെ മുസ്‍ലിം ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ച് ഇവർ നൽകിയ 110 ഹർജികൾ വിവിധ കോടതികളിലുണ്ട്. അതിൽ കൃഷ്ണജന്മഭൂമി, ഗ്യാൻവ്യാപി മസ്ജിദ് എന്നീ ആരാധനാലയങ്ങളുമായും താജ്മഹൽ മുതൽ കുത്തബ് മീനാർ വരെയുള്ള ദേശീയ സ്മാരകങ്ങളുമായും ബന്ധപ്പെട്ട്, മതപരമായ അവകാശവാദങ്ങളുന്നയിക്കുന്ന ഹർജികളുണ്ട്. ഇവിടങ്ങളിലെല്ലാം സർവേ നടത്തി, സംഘ്പരിവാറിന്റെ അവകാശവാദത്തിന് ‘തെളിവു’ണ്ടാക്കുകയാണ് ഹരിശങ്കർ ജെയിന്റെ ലക്ഷ്യം.
അതായത്, രാജ്യത്തെ മുസ്‍ലിം ആരാധനാലയങ്ങൾക്കുനേരെയും ദേശീയ സ്മാരകങ്ങൾക്കുനേരെയും സംഘ്പരിവാർ ആസൂത്രണം ചെയ്യുന്ന അവകാശത്തർക്കത്തിന്റെ പ്രബല കണ്ണികളാണ് ജെയിൻ സംഘം. അതുകൊണ്ടുതന്നെ, ഒറ്റപ്പെട്ട നീക്കമായി സംഭൽ മസ്ജിദുമായി ബന്ധപ്പെട്ട നിയമനടപടികളെ കാണാനാകില്ല. ആ നിലയ്ക്ക് സുപ്രീംകോടതി ഇടപെടൽ, ഭാവിയിൽ ഈ കേസ് ഏതു ദിശയിലേക്കാണ് വ്യാപിക്കുക എന്നതിനെ സംബന്ധിച്ച് നിർണായകമാകുന്നു.
ഗ്യാൻവ്യാപി മസ്ജിദിന്റെ പുറം ഭിത്തിയിൽ ഹിന്ദുക്കളുടെ മതപരമായ കൊത്തുപണികളുണ്ട് എന്നു കാണിച്ച് വാരണാസി സിവിൽ കോടതിൽ കേസ് കൊടുക്കവർക്കുവേണ്ടി ഹാജരാകുന്നത് ഹരിശങ്കർ ജെയിനാണ്. ഈ ഹർജിയിലാണ് പള്ളി പരിസരത്ത് സർവേ നടത്താൻ കോടതി ഉത്തരവിട്ടത്. ഇതേ തന്ത്രമാണ് ഷാഹി പള്ളിയുടെ കാര്യത്തിലും ജെയിൻ പ്രയോഗിച്ചത്. ഭഗവാൻ കൽക്കി അവതരിക്കാനിരിക്കുന്ന ക്ഷേത്രമാണ് സംഭലിലുള്ളത് എന്നാണ് ജെയിൻ സംഘം പറയുന്നത്.
ജില്ലാ കോടതിയുടെ സർവേ ഉത്തരവു മുതൽ പൊലീസ് വെടിവെപ്പ് വരെയുള്ള നടപടികളാണ് സംഭലിനെ സംഘർഷഭൂമിയാക്കിയത് എന്നതിന് വ്യക്തമായ സൂചനകളുണ്ട്.
ബാബരി മസ്ജിദ് തർക്കത്തിൽ ഹിന്ദു മഹാസഭക്കുവേണ്ടി ഹാജരായത് ഹരിശങ്കർ ജെയിനാണ്. 'സഹിഷ്ണുത ശാപവും മതവിരുദ്ധവുമാണ്' എന്ന ജെയിന്റെ ഒരു പഴയ ട്വീറ്റ് ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
1976-ൽ ലക്‌നോയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ ഹരിശങ്കർ ജെയിൻ, ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് 1993-ലുണ്ടായ അലഹബാദ് ഹൈക്കോടതി ഉത്തരവോടെയാണ് ദേശീയ ശ്രദ്ധയിലെത്തിയത്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടശേഷം 'രാം ലല്ല' ദർശനം അനുവദിച്ചിരുന്നില്ല. ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിശങ്കർ ജെയിനാണ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയതും 1993-ൽ അനുകൂല ഉത്തരവ് നേടിയതും. ഈ സമയത്ത് മകൻ വിഷ്ണുശങ്കർ ജെയിൻ അദ്ദേഹത്തിന്റെ സഹായിയായിരുന്നു. 2019-ൽ സുപ്രീംകോടതി വിധി പറയുന്നതുവരെ ബാബരി കേസിൽ സംഘ്പരിവാർ പക്ഷത്തിനുവേണ്ടി ഇരുവരും സജീവമായിരുന്നു.
2001-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിക്കെതിരെ അമേഥിയിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു ഹരിശങ്കർ ജെയിൻ. സോണിയ ഇന്ത്യൻ പൗരയല്ല എന്ന ഹർജി നൽകിയതും ഹരിശങ്കർ ജെയിനാണ്.
സംഭൽ പള്ളിയുമായി ബന്ധപ്പെട്ട കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. സംഭലിലെ പള്ളിക്കെട്ടിടം നിരവധി നവീകരണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് പറയുന്നുണ്ട്. മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി കാലാകാലങ്ങളിൽ കെട്ടിടത്തോട് നിരവധി കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. നവീകരണപ്രവർത്തനം നിയമവിരുദ്ധമാണെന്ന പരാതിയെതുടർന്ന് 1998-ലും കഴിഞ്ഞ ജൂൺ 25നും ആർക്കിയോളജിക്കൽ സർവേ അധികൃതർ സ്ഥലം പരിശോധിച്ചിരുന്നു. അനധികൃത നിർമാണം ശ്രദ്ധയിൽ പെട്ടപ്പോഴെല്ലാം ലോക്കൽ പൊലീസിൽ പരാതി നൽകുകയൂം ഷോക്കോസ് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.