‘‘സർക്കാർ യഥാർത്ഥത്തിൽ ഒരു ‘പാർട്ടി’ തന്നെയായി പ്രവർത്തിച്ചു. അത് പാർട്ടികൾക്കതീതമായി സ്വയം പ്രതിഷ്ഠിച്ചു. ദേശത്തിന്റെ താൽപര്യങ്ങളുടെയും ജീവിതത്തിന്റെ സുസ്ഥിരമായ ചട്ടക്കൂടിന്റെയും അകത്തുള്ള താൽപര്യങ്ങളെയും പ്രവർത്തികളെയും സമവായപ്പെടുത്തുവാനല്ല അതു ശ്രമിച്ചത്. മറിച്ച്, അവയെ ചിന്നഭിന്നമാക്കുകയാണു ചെയ്തത്. വിശാലമായ ജനതതിയിൽ നിന്ന് (പാർട്ടിയെ) അകറ്റി നിർത്താനാണതു വഴിവെച്ചത്. അതുവഴി പാർട്ടിയേതരമായ ഒരു ശക്തിയെ അതുമായി ബന്ധിപ്പിച്ചു നിർത്താനാണു ശ്രമിച്ചത്. ‘ബോണപ്പാർട്ടിസ്റ്റ്- സീസറിസ്റ്റ്’ ഇനത്തിലുള്ള രക്ഷാകർതൃഭാവത്തിലാണ് ഇതു നടപ്പിലാക്കിയത്. ഡെപ്രെറ്റിസ്, ക്രിസ്പി, ജിയോലിത്തി സർവാധിപത്യങ്ങളെയും, ‘ട്രാൻസ്ഫോർമിസ’ത്തിന്റെ പാർലമെന്ററി പ്രതിഭാസങ്ങളെയും ഇപ്രകാരമാണു വിശകലനം ചെയ്യേണ്ടത്. വർഗ്ഗങ്ങൾ പാർട്ടികളെ ഉണ്ടാക്കുന്നു. ഈ പാർട്ടികൾ ഭരണകൂടത്തിന്റെയും ഗവർമെന്റിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിനു രൂപം കൊടുക്കുന്നു. പൗരസമൂഹത്തിന്റെയും രാഷ്ട്രീയ സമൂഹത്തിന്റെയും നേതാക്കളെയും ഇപ്രകാരം നിർമ്മിക്കുന്നു. ഇത്തരം കർമ്മങ്ങൾക്കും പ്രകടനങ്ങൾക്കും ഇടയിൽ ഉപകാരപ്രദവും ഫലപ്രദവുമായ ബന്ധങ്ങൾ ഉണ്ടാകുകയാണ് യഥാർത്ഥത്തിൽ വേണ്ടത്.
പാർട്ടികളുടെ സൈദ്ധാന്തികവും താത്വികവുമായ പ്രവർത്തികളിലൂടെയല്ലാതെ ഇത്തരം നേതാക്കളെ സൃഷ്ടിക്കാൻ യഥാർത്ഥത്തിൽ പാടില്ലാത്തതാണ്. പാർട്ടികൾ പ്രതിനിധീകരിക്കുന്ന വർഗ്ഗത്തിന്റെ സ്വഭാവത്തെയും അതു വികസിച്ചുവന്ന രീതിയെയും നിയന്ത്രിക്കുന്ന കാരണങ്ങൾ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന വ്യവസ്ഥാപൂർണ്ണമായ ശ്രമങ്ങളില്ലാതെ ഇത്തരം നേതാക്കളെയും ഗവൺമെന്റ്- ഉദ്യോഗസ്ഥ വൃന്ദത്തെയുമുണ്ടാക്കരുത്. അങ്ങനെ ചെയ്യുമ്പോഴാകട്ടെ, (ശരിയായുള്ള) ഭരണകൂട-ഗവൺമെന്റ് ഉദ്യോഗസ്ഥവൃന്ദത്തിന്റെ ലഭ്യത തന്നെ ഇല്ലാതായിത്തീരുന്നു. ഇതിലൂടെ പാർലമെന്റ് ജീവിതം വൃത്തിഹീനമായിത്തീരുന്നു. അനായാസം പാർട്ടികൾ ശിഥിലമായിത്തീരുന്നു. ഒഴിച്ചുനിർത്താനാവാത്ത നിലയുള്ള ഏതാനും വ്യക്തികളുടെ അഴിമതിയും ആഗിരണവും വഴിയാണ് ഇതു സംഭവിക്കുന്നത്. ഇതിലൂടെ സാംസ്കാരികമായ വൃത്തിഹീനത വന്നു ഭവിക്കുന്നു. ഉന്നത സംസ്കാരത്തിന്റെ നികൃഷ്ടമായ തോതിലുള്ള അഭാവം വരുന്നു. രാഷ്ട്രീയ ചരിത്രത്തിനു പകരം നിശ്ചേഷ്ടമായ പാണ്ഡിത്യം നിലവിൽ വരുന്നു. മതത്തിന്റെ (യഥാർത്ഥ ധർമ്മചിന്തയ്ക്ക്) പകരം അന്ധവിശ്വാസങ്ങൾ പ്രചാരത്തിലാകുന്നു. ഗ്രന്ഥങ്ങൾക്കും മഹത്തായ നിരൂപണങ്ങൾക്കും പകരം ദൈനംദിന പത്രങ്ങളും വിലകുറഞ്ഞ പ്രസിദ്ധീകരണങ്ങളും രംഗം കൈയാളുന്നു. ഗൗരവമായ രാഷ്ട്രീയത്തിനു പകരം ക്ഷണികവും വിലകെട്ടതുമായ ശണ്ഠകളും വ്യക്തിവിദ്വേഷങ്ങളും നിറയുന്നു. ധൈഷണികതയും സാങ്കേതിക ജ്ഞാനവും വികസിപ്പിക്കുന്ന സ്ഥാപനങ്ങളായിരുന്ന സർവ്വകലാശാലകൾ, പാർട്ടികളുടെ ജീവിതം കടന്നെത്താതുകൊണ്ടും, ദേശീയ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെടാത്തതുകൊണ്ടും, അരാഷ്ട്രീയമായ ഒരു ദേശീയ നേതൃവൃന്ദത്തെ നിർമ്മിക്കുന്നു. തികഞ്ഞ വാചോടാപത്തിന്റെയും (rhetoric) ദേശേതരമായ മാനസികാവസ്ഥയുടെയും രൂപീകരണം മാത്രമാണവയ്ക്കുള്ളത് എന്നു വരുന്നു.
അങ്ങനെ ബ്യൂറോക്രസി ജനങ്ങളിൽ നിന്ന് വെട്ടിമാറ്റിയ നിലയിലാകുന്നു. അതിന്റെ ഭരണപരമായ (കുൽസിത) പദ്ധതിയിൽ, ഒരു യഥാർത്ഥ രാഷ്ട്രീയപാർട്ടിയായി തന്നെ അതു പരിണമിക്കുന്നു. അതാണ് അതിന്റെ ഏറ്റവും വലിയ ദുരന്തമായിത്തീരുന്നത്. ഇതിലൂടെ ധൈഷണികവും രാഷ്ട്രീയവുമായ ശ്രേണിയെ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഒരു ശ്രേണി പകരം വെയ്ക്കുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ ഭരണകൂട / ബോണപ്പാർട്ടിസ്റ്റ് പാർട്ടിയായി അത് കൃത്യമായും വ്യക്തമായും പരിണമിക്കുന്നു’’.
(അന്റോണിയോ ഗ്രാംഷി, ഭരണകൂടവും സിവിൽ സമൂഹവും, ജയിൽക്കുറിപ്പുകൾ).

അന്റോണിയോ ഗ്രാംഷി കേരളത്തിലെ പിണറായി സർക്കാരിനെയും അത് കയ്യടക്കിവെച്ചിരിക്കുന്ന പാർട്ടിയെയും കുറിച്ചാണോ ഇക്കാര്യങ്ങൾ പറഞ്ഞത് എന്നൊരു ഉപഹാസത്തിന് ഇവിടെ വകയുണ്ട്. ‘അടിയന്തരാവസ്ഥക്കാലം’ അനുസ്മരിക്കുമ്പോൾ, ഒരു ‘ഇടതുപക്ഷ തോതിലുള്ള അടിയന്തരാവസ്ഥയ്ക്ക്’ നാം കേരളീയരും, ദേശീയ പ്രസ്ഥാനകാലം മുതലുള്ള ഇവിടത്തെ പാർട്ടികളും സ്വയം തലവച്ചുകൊടുത്തിരിക്കുകയാണ് എന്ന തോന്നലിൽ നാം വശം കെടുന്നു.
‘മുണ്ടുടുത്ത മോദി’ എന്ന് ആരോ ട്രോൾ ചെയ്ത വാസ്തവം, നമുക്കും തീർപ്പുകൽപ്പിക്കേണ്ടിവരുമോ എന്ന ആശങ്ക. ഇരകൾ ഒരു ‘കാഫ്‌ക്ക മെറ്റമോർഫോസിസിനു’ വിധേയമായി, വേട്ടക്കാരായിത്തീരുന്ന ഈ വൈപരീത്യമാണ്, ഇന്ന് സഖാവ് പിണറായിയും, അദ്ദേഹത്തിന്റെ ‘അരാഷ്ട്രീയ സിൽബന്ധി സമൂഹവും’ കാണിക്കുന്നത്. ഈ ‘ബോണപ്പാർടിസ്റ്റ് രാഷ്ട്രീയത്തെ’ കേരളീയർ വരുന്ന തെരഞ്ഞെടുപ്പിൽ തന്നെയെങ്കിലും കുടിയൊഴിപ്പിച്ചില്ലെങ്കിൽ, ‘അപകൃഷ്ടരായ’ ഈ ഭൂതപ്രേതാദികൾ, നാം ചോരയും നീരും ചെലവഴിച്ചുണ്ടാക്കിയ പ്രസ്ഥാനങ്ങളെയും, അത് തീർത്ത കേരളീയ നവോത്ഥാന നാടകശാലയെയും അസ്തപ്രജ്ഞമാക്കും എന്ന ആശങ്കയുടെ അപകട സൈറൺ മുഴക്കാൻ, ‘രാജാവ് നഗ്നനാണ്’ എന്നു പറയുന്ന ‘ഇഖ്ലാസ്’ (നിഷ്കളങ്കത അഥവാ പൊട്ടത്തരം) നമുക്കുണ്ടായേ തീരൂ.
ഇന്ത്യൻ അടിയന്തരാവസ്ഥയുടെ എഴുപതുകളിൽ പിറന്ന ലേഖകന്റെ തലമുറ, യൗവ്വനത്തിൽ കാലൂന്നിയപ്പോഴേക്കും, ദേശ- രാഷ്ട്രങ്ങളുടെ (nation- state) ബൂർഷ്വായുഗത്തിന്റെ നല്ല കാലങ്ങൾക്ക് തിരശ്ശീല വീണിരുന്നു.
നിയോലിബറലിസത്തിനും നവഹിന്ദുത്വ ആശയ പരിസരത്തിനും അടിയറവ് പറഞ്ഞുകൊണ്ട്, ഭരണം നിലനിർത്തുക എന്ന ‘സ്വരാജിയൻ’ (parochial) അവസരവാദങ്ങളുടെ സമകാലത്തിൽ, ഇത്തരമൊരു സൈറൺ മുഴക്കുമ്പോൾ, മണിയടിച്ച കപ്യാരെ തൂക്കുകയറിൽ കയറ്റി അഭിനവ കയ്യൂർ തീർക്കാൻ, ഈ ‘കണ്ണൂക്കാരൻ തറവാട്ടു കാരണവന്മാർ’ ശ്രമിക്കുമോ എന്ന ഭീതിയിലാണ് ഞങ്ങൾ മലപ്പുറംകാർ. ഒരു ഭീതിയെ ഭീതിയായി അവതരിപ്പിക്കാൻ ഞങ്ങളെ അനുവദിക്കണം എന്നു മാത്രം അവസാനത്തെ അപേക്ഷ.
ധൈഷണികതയെ ഗുണ്ടായിസത്തിനും ‘ജാതിക്കണ്ണിനും’ അടിയറ വെച്ച കമ്യൂണിസത്തിന്റെ ഈ കണ്ടാലറിയാകാലത്ത്, അതിന്റെ പാരമ്പര്യഭൂതങ്ങൾ ഞങ്ങൾക്കു കൂടി അവകാശപ്പെടുന്നതാണ് എന്ന ആത്മവിശ്വാസവും, ജീവിതം മറന്നുപോകുന്ന ‘അഹങ്കാരവുമാണ്’ ഈ കുറിപ്പിന്റെ പ്രേരണാശക്തി. (കരുണാകരന്റെയും സഹദേവന്റേയും അനുഭവങ്ങളും ലക്ഷങ്ങൾ മാസപ്പടി പറ്റുന്ന കൊച്ചിയിലെ സഹശയന മാധ്യ മപ്രവർത്തകരെയും - embedded journalists- ഓർത്തുകൊണ്ടാണിത് പറയുന്നത്.) ഏതായാലും "തലപോകുമെങ്കിൽ പോകട്ടെ" എന്ന ചങ്കൂറ്റം ഇനിയും നമുക്ക് ബാക്കിയുണ്ട് എന്ന് ഹൃദയഭൂമിക മന്ത്രിക്കുന്നു. ജയിലിൽ പോയാൽ സർക്കാർ വക രണ്ടു നേരം ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്ന പ്രതീക്ഷയും.
‘എഴുത്തോ നിന്റെ കഴുത്തോ?’ എന്ന എം. ഗോവിന്ദൻ എഴുതിയ അടിയന്തരാവസ്ഥാ കാലത്തെ കവിത, അഭിനവ ഗോവിന്ദന്മാർക്ക് ഓർത്തെടുക്കാനാവാതെ, ആയുർവേദ ചികിത്സയിൽ അൽഷിമേഴ്സ് ബാധിച്ചിരിക്കുന്നു നമ്മുടെ പാർട്ടി നേതൃത്വത്തിന്. അടിയന്തരാവസ്ഥാകാലത്തിന്റെ തെറ്റും ശരിയും പറയാനാവാതെ ഉരുണ്ടുകളിച്ച ഇ എം എസിന്റെ നമ്പൂതിരി ഫലിതം കൈമുതലാക്കിയ നമ്മുടെ പാർട്ടിക്ക്, ഇവിടെ ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ വെന്നിക്കൊടി പാറിച്ചാലെന്ത്? കേരളത്തിന്റെ ഭരണസാരഥ്യത്തിലെ രാജകീയ ഭോഗങ്ങളിലെ വിസ്കി നുണഞ്ഞു കഴിഞ്ഞാൽ മതിയല്ലോ.

ഇന്ത്യൻ അടിയന്തരാവസ്ഥയുടെ എഴുപതുകളിൽ പിറന്ന ലേഖകന്റെ തലമുറ, യൗവ്വനത്തിൽ കാലൂന്നിയപ്പോഴേക്കും, ദേശ- രാഷ്ട്രങ്ങളുടെ (nation- state) ബൂർഷ്വായുഗത്തിന്റെ നല്ല കാലങ്ങൾക്ക് തിരശ്ശീല വീണിരുന്നു. ദേശ- രാഷ്ട്രം എന്ന രഥത്തിന്മേൽ യൂറോപ്യൻ മുതലാളിത്തം കൊണ്ടാടിയ ദേശീയ ഭരണകൂടങ്ങൾ കൊളോണിയലിസമായി വികസിച്ച് സാമ്രാജ്യങ്ങൾ വികസ്വരമാക്കുകയും, അതിനോട് പ്രതികരിച്ചു കൊണ്ട് മൂന്നാം ലോക രാജ്യങ്ങളിൽ ദേശീയ ജാഗരണ പ്രസ്ഥാനങ്ങൾ ഉയർന്നുവരികയും, അവയുടെ വിജയങ്ങൾ യൂറോപ്യൻ മോഡലിലുള്ള ദേശരാഷ്ട്രങ്ങൾ പണിത്, അവിടെ തദ്ദേശീയ സായിപ്പന്മാർ വാഴ്ചയാരംഭിക്കുകയും ചെയ്ത കാലശേഷം, എഴുപതുകളോടെ ആ കാലത്തിന്റെ രഥവേഗം, ആഗോള സാമ്പത്തികമായ മാന്ദ്യം പ്രതിസന്ധിയിൽ മുക്കിയ ഒരു കാലഘട്ടത്തിനെ മറികടക്കാൻ, ഇന്ദിരയുടെ തലയിൽ ഉദിച്ച ഫാന്റസികളിൽ ഒന്നായിരുന്നു അടിയന്തരാവസ്ഥ എന്ന് ഇന്നു നമുക്കറിയാം.
ഞങ്ങളുടെ പിതാമഹന്മാർ, കൽക്കത്ത തിസീസിന്റെ കാലത്ത് ഇന്ത്യൻ സോഷ്യലിസത്തെ സ്വപ്നം കണ്ട "മണ്ടശിരോമണികളായിരുന്നു".
ദേശ- രാഷ്ട്രം ഒരു പ്രതിസന്ധി നേരിടുമ്പോൾ, അതിനെ പ്രതിരോധിക്കാൻ ഇത്തരം ‘പ്രതിരോധങ്ങൾ’ ആവശ്യമാണെന്ന ന്യായം, അബു എബ്രഹാം പോലുള്ള ഇന്ദിരാഭക്തരായിരുന്ന മാനവികതാവാദികളായ ബുദ്ധിജീവികൾ വരെ ന്യായം പറഞ്ഞ, ഇന്ത്യൻ ജീവിതത്തിന്റെ അഭിശപ്ത നിമിഷങ്ങളായിരുന്നു അത്. ഇന്ത്യൻ ഫാഷിസത്തിന് "ഇന്ദിരാ കോൺഗ്രസ്" നൽകിയ ഈ സംഭാവന, ഇന്ത്യയിൽ ഒരു നവ നാസി സംഘടനയുടെ സംസ്ഥാപനത്തിന് വഴിമരുന്നിട്ടു എന്നു പിൽക്കാല ചരിത്രം അടിവരയിട്ടു. അടിയന്തരാവസ്ഥാ പ്രതിരോധത്തിന്റെ പേരിലാണല്ലോ, ഗാന്ധി വധത്തെത്തുടർന്ന് തല താഴ്ത്തി നടന്നുപോന്ന ആർ എസ് എസ് എന്ന കൊളോണിയൽ സൃഷ്ടിയ്ക്ക് തലയുയർത്തിപ്പിടിക്കാനായത്. സംഘപരിവാരത്തിനും അതിന്റെ തലച്ചോറായ ആർ എസ് എസിനും പ്രവർത്തനോർജ്ജം നൽകിയ അടിയന്തരാവസ്ഥയുടെ സന്താനം തന്നെയാണ്, രണ്ടര പതിറ്റാണ്ടിലേക്ക് കടക്കുന്ന സംഘപരിവാർ ഭരണമെന്നും നമുക്കറിയാം.

ഏകാധിപതികളും ഛത്രാധിപതികളും വീരപുരുഷന്മാരും ഭരിച്ച മധ്യകാലത്തെ ഓർമിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ ഈ "ബോണപ്പാർട്ടിസത്തിന്റെ" ഇരകളും മാപ്പുസാക്ഷികളും പങ്കുപറ്റുകാരുമായി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളും അതിന്റെ ‘ത്രികാല’മാടിയകാലം. (അപ്പോഴേക്കും ഇന്ത്യൻ കമ്യൂണിസം അതിന്റെ ഏകത്വം പിരിഞ്ഞു ‘ത്രിപുടി’കളായി വേർപിരിഞ്ഞിരുന്നു.) വലതു കമ്യൂണിസം എന്ന വിളിപ്പേര് ലഭിച്ച തന്തപ്പാർട്ടി സിപിഐ, ഫലത്തിൽ അടിയന്തരാവസ്ഥയെ ന്യായീകരിക്കുകയും, കോൺഗ്രസുമായി കേരളത്തിൽ ഭരണം പങ്കിടുകയും ചെയ്തു. അതിന്റെ വലത്തെ അറ്റമായ എംഎൽ പാർട്ടികൾ, നക്സൽബാരി താഴ് വരകളിൽ മുഴങ്ങിയ ‘വസന്തത്തിന്റെ ഇടമുഴക്കങ്ങളുടെ’ ഊർജ്ജം കെട്ട്, രാജനും അബ്രഹാം ബെൻഹറും അടങ്ങുന്ന നിരപരാധികളുടെ ജീവന്റെയും ജീവിതത്തിന്റെയും ബലത്തിൽ ഒരു കാല്പനിക നാടകമായി അവശേഷിച്ചു. തുലാമാസത്തെ ഇടിമുഴക്കത്തിൽ വിടർന്ന കൂണുകളായി ഉയർന്നുവന്ന രാഷ്ട്രീയ നേതാക്കളായി രംഗത്തെത്തിയ ‘വേണുമാർ’ പിൽക്കാലത്ത് ‘ജനാധിപത്യവാദികളും’ സ്വന്തം പാർട്ടികൾ പിരിച്ചുവിട്ട് അനുയായികളെ വഴിയാധാരമാക്കിയ ‘ഗോർബച്ചോവു’കളുമായി മാറിയ കഥയും നമുക്കറിയാം.
വയലുകളിൽ നിന്ന് സഹോദരന്മാരുടെ രക്തം നിലവിളിക്കുമ്പോൾ, ജൂദാസിന്റെ വെള്ളിക്കാശുമായി, മാധ്യമങ്ങളിൽ തുടുത്ത, ചോരക്കവികളും സാഹിത്യകാരന്മാരും ആത്മീയവാദികളും പ്രൊഫസർമാരും വ്യവസായികളും പിറന്ന എഴുപതുകളുടെ സാഹിത്യ ചരിത്രവും നമുക്കോർമ്മയുണ്ട്. രണ്ടറ്റത്തിനും മധ്യത്തിലാകട്ടെ, ഒ എൻ വിയുടെ ‘ഇന്റർനാഷണൽ വിവർത്തനത്തിന്റെ’ സാംസ്കാരിക സവർണ്ണതയുടെ ബലത്തിൽ, തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ പേരിൽ, മധ്യവർത്തി രാഷ്ട്രീയ പെൻഡുലമാടിയ സി പി ഐ- എം ആകട്ടെ, ഫലപ്രദമായി ഒന്നും ചെയ്യാനില്ലാതെ, തങ്ങളുടെ നിസംഗ നിലപാടുകൊണ്ട് ഫലത്തിൽ അടിയന്തരാവസ്ഥയെ ന്യായീകരിക്കുകയായിരുന്നു എന്നും നമുക്ക് ഇന്നു വകതിരിവുണ്ട്. വർഗീസിനൊപ്പം പോയ വിജയൻ സഖാവ്, എ കെ ജിയുടെയും ഇ എം എസിന്റെയും ഉപദേശമഴയിൽ കൂറുമാറി കൂടൊഴിയുകയും ചെയ്തു. അന്നത്തെ ഇര ഇന്നത്തെ വേട്ടക്കാരനായി. സ്വന്തം കുടുംബത്തിലെ സഖാക്കളെ തലയ്ക്കു പിന്നിൽ നിറയൊഴിച്ചു കൊല്ലുന്ന ക്രൂരനായകന്മാരായിത്തീർന്നു. പാർട്ടി സംസ്കാര സങ്കര സന്താനങ്ങളെ ചെറുപ്പത്തിലേ പിടികൂടി നിർദ്ദാക്ഷിണ്യമായ നിലയിൽ ജീവിതം തുലച്ചു. ചുണ്ടിൽ നിന്ന് ചോരയിറ്റുന്ന തെയ്യക്കോലങ്ങളായി മാറിയ കമ്യൂണിസം കേരളീയ ജീവിതത്തെ പല്ലിളിച്ചു കാണിക്കുന്നു.
വർഗീസിനൊപ്പം പോയ വിജയൻ സഖാവ്, എ കെ ജിയുടെയും ഇ എം എസിന്റെയും ഉപദേശമഴയിൽ കൂറുമാറി കൂടൊഴിയുകയും ചെയ്തു. അന്നത്തെ ഇര ഇന്നത്തെ വേട്ടക്കാരനായി.
ദേശീയ പ്രസ്ഥാന കാലം മുതൽ പ്രവർത്തന പരിചയമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ വിലയേറിയ നിലപാടുകളെ ധിക്കരിച്ചുകൊണ്ട്, യെച്ചൂരി- കാരാട്ട് ദ്വന്ദം തങ്ങളുടെ ടെക്സ്റ്റ് ബുക്ക് കമ്യൂണിസത്തിന്റെ ആന്ധ്യത്തിൽ, സംഘപരിവാറിന് ചുവന്ന പരവതാനി വിരിച്ചുകൊടുത്ത അപഹാസ്യ ചരിത്രത്തിനും നാം സാക്ഷിയായി. പറ്റിപ്പോയ തെറ്റോർത്ത് അവർ മൗനത്തിലും മരണത്തിലും അമർന്നു. തന്റെ അധികാരക്കൊതിയെ പഴിച്ചവരോട്, ഇന്ത്യൻ കമ്യൂണിസത്തിനു പറ്റിയ "ചരിത്രപരമായ വിഡ്ഢിത്തമാണ്" മൂന്നാം മുന്നണി നേതാക്കളുടെ പ്രധാനമന്ത്രിപദവാഗ്ദാനം നിരസിച്ച സ്വന്തം പാർട്ടി നിലപാട് എന്ന് ജ്യോതിബസു തുറന്നടിക്കുകയും ചെയ്തു. യൂണിയൻ ജാക്ക് താഴെയിറക്കി ഇന്ത്യൻ ദേശീയപതാക ഉയർത്തിയ ഹർകിഷൻ സിംഗ് സുർജിത്തിന്റെ കൗമാരക്കാലം തൊട്ടുള്ള കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനാനുഭവങ്ങളിൽ നിന്നുള്ള നിലപാടുകൾ, പുതിയ കമ്യൂണിസത്തിന്റെ ബ്രാഹ്മണവൽകൃത യുക്തിക്ക് മനസ്സിലാക്കാനാവാതെ പോയി. കമ്യൂണിസ്റ്റ് പാർട്ടികളുടെ ‘ചരിത്രപരമായ ഈ തുടർ മണ്ടത്തരങ്ങൾ’ ഏറ്റുപറഞ്ഞ് തന്റെ ദേശാഭിമാനി കോളത്തിലും ചിന്ത ചോദ്യോത്തരങ്ങളിലും ഇ എം എസിന് ഒതുങ്ങിക്കൂടേണ്ടി വന്നു. ‘സഖാക്കളേ ഈ തെറ്റുകളെ പുനഃപരിശോധിക്കൂ. ലജ്ജയും ഒരു സമരായുധമാണ്, അത് ആത്മവിമർശനത്തിന് അവസരമൊരുക്കുമെങ്കിൽ’ എന്ന ‘മാർക്സ് കവിത’ പാടൂ.

ഞങ്ങളുടെ പിതാമഹന്മാർ, കൽക്കത്ത തിസീസിന്റെ കാലത്ത് ഇന്ത്യൻ സോഷ്യലിസത്തെ സ്വപ്നം കണ്ട "മണ്ടശിരോമണികളായിരുന്നു". ജീവിതം നശിപ്പിച്ച് അവർ നുണഞ്ഞ ഈ ഫാന്റസികളാണ് ഞങ്ങളുടെ ഊർജ്ജദായിനി. ഒരു കാൽ ജീവിതത്തിലും മറ്റേ കാൽ ശവപ്പറമ്പിലും വെച്ചുകഴിയുന്ന അഘോരികളുടെ പാരമ്പര്യമാണ് ഞങ്ങൾക്കുള്ളത്. മരണത്തിന്റെ ഉപാസകരായതിനാൽ, ജീവിതത്തിന്റെ സുഖശീതളിമകൾ സ്വപ്നം കണ്ടുനടക്കാൻ ഞങ്ങൾ അത്രമാത്രം ആത്മാവിൽ ദരിദ്രരുമല്ല. "ഇരുണ്ടകാലത്ത് ഇരുണ്ട കാലത്തിന്റെ പാട്ടുണ്ടാക്കുന്ന" പണിയറിയാം. മാർക്സിനെ നിങ്ങൾ പരാജയപ്പെടുത്തുമ്പോൾ, ബക്കുനിന്റെ അരാജകവാദത്തിലൂടെ, നീത്ചേയുടെ തത്വചിന്തയെ വായിച്ചു മനസ്സിലാക്കാനുള്ള കാവ്യസംസ്കൃതിയും ഉള്ളിലുണ്ട്. "യൂറോപ്പിതര ബുദ്ധിജീവികൾ" എന്തുപറഞ്ഞാലും, അതിനപ്പുറം അമേരിക്കൻ ജീവിതത്തിന്റെ കാവ്യം ചോർന്ന സാങ്കേതികവിദ്യാസംസ്കാരത്തെ പ്രതിരോധിക്കാനും ജീവിതരസം ബാക്കിയുണ്ട്. "വിജയികളുടെ അട്ടഹാസം മാത്രമല്ല, പരാജിതരുടെ നിലവിളിയും ചരിത്രത്തിന്റെ ഹൃദയത്തെ കൊളുത്തിവലിച്ചിട്ടുണ്ട്" എന്നറിയുന്ന ചരിത്രബോധമുണ്ട്.
സഖാവേ, കവിത ചോർന്നുപോകാതെ കാലത്തെ സൂക്ഷിക്കാൻ നമുക്ക് കൈകോർക്കാം. ബുദ്ധിയെ അഹംബോധവും അധികാരക്കൊതിയും കൊണ്ടു പോകാതെ സ്വന്തത്തെ സൂക്ഷിക്കാൻ നമുക്കാവട്ടെ.
