രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ യാതൊരു കുറവുമുണ്ടായിട്ടില്ലെന്ന് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) സർവേ റിപ്പോർട്ട്. 2023 ജൂലൈക്കും 2024 ജൂണിനുമിടയിൽ തൊഴിലില്ലായ്മാ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. ഈ കാലയളവിൽ 15 വയസിന് മുകളിലുള്ള പുരുഷൻമാരുടെയും സ്ത്രീകളുടെയും തൊഴിലില്ലായ്മാ നിരക്ക് 3.2 ശതമാനമാണ്. 2022 - 23 കാലയളവിൽ 3.3 ശതമാനമായിരുന്ന പുരുഷൻമാരുടെ തൊഴിലില്ലായ്മാ നിരക്കിൽ നേരിയ കുറവാണുണ്ടായത്. അതേസമയം 2.9 ശതമാനമാനമായിരുന്ന സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 3.2-ശതമാനമായി കൂടി.
2017-ൽ സർവേ ആരംഭിച്ചശേഷം ഇതാദ്യമായാണ് തൊഴിലില്ലായ്മാ നിരക്ക് മാറ്റമില്ലാതെ തുടരുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 2017-18 വർഷത്തിൽ 6.1 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. ഇത് 2022-23ൽ 4.1 ശതമാനമായി. കഴിഞ്ഞ രണ്ട് വർഷമായി തൊഴിലില്ലായ്മയിൽ കുറവുണ്ടായിട്ടില്ല.
സർവേ മാനദണ്ഡം പ്രകാരം ആഴ്ചയിൽ എല്ലാ ദിവസവും ഒരു മണിക്കൂർ പോലും തൊഴിൽ ലഭിക്കാതിരിക്കുകയും തൊഴിൽ അന്വേഷിക്കുകയും ചെയ്യുന്നവരെയാണ് തൊഴിലില്ലാത്തവരായി കണക്കാക്കുന്നത്. 2018 - 19 ൽ 5.8 ശതമാനം, 2019 - 20 ൽ 4.8 ശതമാനം, 2020 - 21 ൽ 4.2 ശതമാനം, എന്നിങ്ങനെയായിരുന്നു തൊഴിലില്ലായ്മാ നിരക്ക്.
ഗ്രാമപ്രദേശങ്ങളിൽ തൊഴിലില്ലായ്മ വർധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം 2.4 ശതമാനമായിരുന്നത് ഇപ്പോൾ 2.5 ശതമാനമായി. 2017 മുതൽ എല്ലാ വർഷവും ഗ്രാമീണ മേഖലകളിലെ തൊഴിലില്ലായ്മാ നിരക്ക് കുറയുകയാണ് ചെയ്തിരുന്നത്. സർവേ തുടങ്ങി, ഇതാദ്യമായാണ് ഇത് വർധിക്കുന്നത്. നഗര പ്രദേശങ്ങളിലെ തൊഴിലില്ലായ്മയിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 5.4 ശതമാനം ആയിരുന്നത് 5.1 ശതമാനമായി കുറഞ്ഞു.
നഗരത്തിലെയും ഗ്രാമത്തിലെയും സ്ത്രീകൾക്കിടിയിലെ തൊഴിലില്ലായ്മാനിരക്കിൽ വലിയ അന്തരമാണുള്ളത്. 2017 - 18 കാലത്ത് നഗരപ്രദേശങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 10.8 ശതമാനമായിരുന്നപ്പോൾ ഗ്രാമങ്ങളിലിത് 3.8 ശതമാനം മാത്രമായിരുന്നു. 2023 - 24 സർവേകാലത്ത് നഗരത്തിൽ 7.1 ശതമാനമാണ് സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക്. ഗ്രമാങ്ങളിലിത് 2.1 ശതമാനം മാത്രമാണ്. സർവേ നടത്തിയ ആറ് വർഷവും നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്കിൽ ഈ വ്യത്യാസം കാണാം.
പുരുഷൻമാരിലെ തൊഴിലില്ലായ്മ നിരക്ക് 2023 - 24 കാലയളവിൽ 4.4 ശതമാനവും ഗ്രാമങ്ങളിൽ 2.7 ശതമാനവുമാണ്. ഗ്രാമപ്രദേശങ്ങളിലുള്ളതിനേക്കാൾ തൊഴിലില്ലായ്മ നഗരപ്രദേശങ്ങളിലാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ 2022-23-ലെ 57.9 ശതമാനത്തിൽ നിന്ന് 2023-24 ൽ 60.1 ശതമാനമായി വർധിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഇതേ കാലയളവിൽ 60.8 ശതമാനമായിരുന്നത് 63.7 ശതമാനമായി വർധിച്ചു. നഗരപ്രദേശങ്ങളിൽ 50.4 ശതമാനമായിരുന്ന ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ 52 ശതമാനമായി ഉയർന്നു.
തെഴിലില്ലായ്മാ നിരക്കിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്ന കേന്ദ്ര സർക്കാർ വാദം കൂടിയാണ് റിപ്പോർട്ട് പുറത്ത് വന്നതോടെ പൊളിയുന്നത്. കോവിഡാനന്തരം തൊഴിൽമേഖല വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. അതിൻെറ തുടർച്ച തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട കാലത്ത് ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 4.2 ശതമാനമായിരുന്നു. പിറ്റേവർഷം നിരക്കിൽ വെറും ഒരു ശതമാനം കുറവാണുണ്ടായത്. തൊട്ടടുത്ത വർഷം 3.2 ശതമാനത്തിലേക്ക് വന്നുവെങ്കിലും അത് തന്നെ ഇപ്പോഴും തുടരുകയാണ്.
മൊത്തത്തിലുള്ള തൊഴിലില്ലായ്മയിലോ യുവാക്കളുടെ തൊഴിലില്ലായ്മയിലോ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. തൊഴിൽ ജനസംഖ്യാനിരക്ക് വർധിച്ചിട്ടുണ്ടെന്നും തൊഴിൽ മേഖലയിൽ ഇടപെടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വാദിക്കുന്നുണ്ട്. എന്നാൽ, വേതനമില്ലാതെ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിലാണ് വർധന. കൃഷിയിൽ തൊഴിലാളികളുടെ ഇടപെടൽ ഗണ്യമായി വർധിച്ചിട്ടുണ്ട്. അതേസമയം നിർമാണ മേഖലയിൽ വലിയ വർധനവുണ്ടായിട്ടില്ല.