വിധേയ ഇന്ത്യയുടെ
വ്യാപാര കരാർ

‘‘യു.എസ് അടിച്ചേൽപ്പിക്കുന്ന വ്യാപാര കരാർ, സഹകരണം എന്ന പേരിൽ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക അധിനിവേശം തന്നെയാണ്. ഇതിന്റെ ഇരകളാകാൻ പോകുന്നത് കോടിക്കണക്കിനു വരുന്ന കർഷകരും, ഇടത്തട്ടുകാരും, പുതിയ സംരംഭങ്ങൾക്കായി സ്വപ്നം കാണുന്നവരുമായിരിക്കും’’- കെ.എം. സീതി എഴുതുന്നു.

റെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യ-അമേരിക്ക വ്യാപാര ഉടമ്പടിയുടെ ചട്ടക്കൂട് ഒരു നയതന്ത്രവിജയമായാണ് ആഘോഷിക്കപ്പെടുന്നത്. അമേരിക്കൻ തീരുവകൾ (ഇറക്കുമതി നികുതി) 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറഞ്ഞതിനെക്കുറിച്ചും പങ്കാളിത്തത്തിന്റെ പുതിയ യുഗത്തെക്കുറിച്ചുമുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്.

എന്നാൽ ഈ ആഘോഷങ്ങൾ യാഥാർത്ഥ്യത്തെ മറച്ചുപിടിക്കുന്നു. ഇന്ത്യയുടെ വ്യാപാരവ്യവസ്ഥയിലും ഊർജ്ജനയത്തിലും സമൂലമാറ്റം വരുത്താൻ അമേരിക്ക വ്യാപാരത്തെ ഒരു സമ്മർദ്ദ ഉപകരണമായി ഉപയോഗിച്ചിരിക്കുകയാണ്. കൂടുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാനും റഷ്യയിൽ നിന്ന് അകലം പാലിക്കാനും ഇന്ത്യ നിർബന്ധിതമാകുന്നു. ഇതൊരു സാധാരണ വ്യാപാര ചർച്ചയല്ല. സഹകരണം എന്ന പേരിൽ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക അധിനിവേശം തന്നെയാണ്. ഇതിന്റെ ഇരകളാകാൻ പോകുന്നത് കോടിക്കണക്കിനു വരുന്ന കർഷകരും, ഇടത്തട്ടുകാരും, പുതിയ സംരംഭങ്ങൾക്കായി സ്വപ്നം കാണുന്നവരുമായിരിക്കും. വരാനിരിക്കുന്ന  ഊർജമേഖലയിലെ പ്രതിസന്ധി സമ്പദ് വ്യവസ്ഥയെ തകിടം മറിക്കും. അതിന്റെ ഭാരവും സാധാരണ ജനങ്ങളുടെ തലയിലായിരിക്കും.  

വാഷിംഗ്ടണിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ റഷ്യൻ എണ്ണയെക്കുറിച്ച് പരാമർശമില്ലെന്ന് ഈ കരാറിനെ അനുകൂലിക്കുന്നവർ പറയുന്നു. ഇന്ത്യയുടെ മേൽ നേരിട്ടുള്ള സമ്മർദ്ദമില്ലെന്നാണ് സർക്കാർ പക്ഷക്കാരുടെ വാദം. എന്നാൽ അതേദിവസം തന്നെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച മറ്റൊരു എക്സിക്യൂട്ടീവ് ഉത്തരവ് ഇവർ മറച്ചുവെയ്ക്കുന്നു. നികുതി ഇളവ് നൽകുന്നത് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നതുമായി നേരിട്ട് ബന്ധപ്പെടുത്തിക്കൊണ്ടാണ് ആ ഉത്തരവ്. അതിൽ ഇങ്ങനെ പറയുന്നു:

"റഷ്യൻ ഫെഡറേഷനിൽ നിന്നുള്ള എണ്ണ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിർത്തുമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്, കൂടാതെ അമേരിക്കയിൽ നിന്ന് ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്."

ഈ വാചകം എല്ലാ അവ്യക്തതകളും നീക്കുന്നു. നികുതി കുറച്ചത് സൗഹൃദപരമായ നടപടിയല്ല, മറിച്ച് അനുസരണയ്ക്കുള്ള പ്രതിഫലമാണ്. അമേരിക്ക ഇന്ത്യയുടെ നടപടികൾ നിരീക്ഷിക്കുമെന്നും ആ ഉത്തരവ് മുന്നറിയിപ്പ് നൽകുന്നു:
"ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി പുനരാരംഭിച്ചതായി വാണിജ്യ സെക്രട്ടറി കണ്ടെത്തിയാൽ... ഞാൻ 25 ശതമാനം അധിക നികുതി പുനഃസ്ഥാപിക്കണോ എന്ന് ഉദ്യോഗസ്ഥർ ശുപാർശ ചെയ്യണം."

ഇന്ത്യയുടെ ഊർജ്ജമേഖലയിലെ വ്യാപാരബന്ധങ്ങൾ ഇപ്പോൾ അമേരിക്കൻ നിരീക്ഷണത്തിലാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണി ലഭിക്കുന്നത് വിദേശനയത്തിലെ അനുസരണത്തെ ആശ്രയിച്ചായിരിക്കുന്നു. ഇത് അപകടകരമായ ഒരു കീഴ് വഴക്കമാണ്.

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി  നരേന്ദ്രമോദിയും. ഇന്ത്യ- അമേരിക്ക വ്യാപാര ഉടമ്പടിയുടെ ചട്ടക്കൂട് നയതന്ത്രവിജയമായാണ് ഇരു രാജ്യങ്ങളുടെയും ഭരണകൂടങ്ങൾ ആഘോഷിക്കുന്നത്.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഇന്ത്യ- അമേരിക്ക വ്യാപാര ഉടമ്പടിയുടെ ചട്ടക്കൂട് നയതന്ത്രവിജയമായാണ് ഇരു രാജ്യങ്ങളുടെയും ഭരണകൂടങ്ങൾ ആഘോഷിക്കുന്നത്.

വൻ നികുതി ഇളവ് എന്ന മിഥ്യ

അമേരിക്കൻ നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയുമെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ ആഘോഷിക്കുന്നു. എന്നാൽ ഈ താരതമ്യം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2025-ൽ വ്യാപാരയുദ്ധം തുടങ്ങുന്നതിനുമുമ്പ്, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന സാധാരണ നികുതി (MFN tariff) വെറും 3.3 ശതമാനമായിരുന്നു. അതിനാൽ 18 ശതമാനത്തിലേക്കുള്ള ‘കുറവ്’ ഒരു നേട്ടമല്ല. ഇത് ഇന്ത്യൻ കയറ്റുമതിക്കാർ നേരത്തെ നേരിട്ടിരുന്നതിനേക്കാൾ ആറിരട്ടി കൂടുതലാണ്. വർദ്ധിപ്പിച്ച ഒരു നിരക്ക് ഇളവായി കാണാനാണ് ഇന്ത്യയോട് ആവശ്യപ്പെടുന്നത്. അതേസമയം, ഒട്ടനവധി അമേരിക്കൻ ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കാനോ വെട്ടിക്കുറയ്ക്കാനോ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ കരാർ അക്ഷരാർത്ഥത്തിൽ കീഴടങ്ങലാണ്, അധിനിവേശത്തിന്റെ ദൃഷ്ടാന്തം.

500 ബില്യൺ ഡോളറിന്റെ വാങ്ങൽക്കെണി

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ്ജം, വിമാനം, സാങ്കേതികവിദ്യ എന്നിവയ്ക്കായി ഇന്ത്യ 500 ബില്യൺ ഡോളർ അമേരിക്കയ്ക്ക് നൽകുമെന്ന് സംയുക്ത പ്രസ്താവന അറിയിക്കുന്നു. ഇതൊരു സാധാരണ വ്യാപാര ഉടമ്പടിയല്ല. മറിച്ച് രാഷ്ട്രീയമായി ആവിഷ്കരിച്ച ഒരു തന്ത്രമാണ്. വർഷം തോറും ഏകദേശം 100 ബില്യൺ ഡോളറിന്റെ ഇറക്കുമതി അമേരിക്കയിൽ നിന്ന് നടത്തുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി ഇരട്ടിയാക്കാൻ ഇടയാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാഷിംഗ്ടൺ കേവലം ഉൽപ്പന്നങ്ങൾ വിൽക്കുകയല്ല. ഇന്ത്യയുടെ ആശ്രിതത്വമാണ് ഉറപ്പാക്കുന്നത്.

റഷ്യൻ എണ്ണയ്ക്ക് പകരം അമേരിക്കൻ അല്ലെങ്കിൽ വെനിസ്വേലൻ എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ ഇറക്കുമതി ബില്ലിൽ വർഷം തോറും 9 മുതൽ 11 ബില്യൺ ഡോളർ വരെ അധിക ബാധ്യത വരുത്തും.

റഷ്യൻ എണ്ണ എന്ന ചോദ്യം

ഏറ്റവും വലിയ സമ്മർദ്ദം റഷ്യൻ എണ്ണയുടെ കാര്യത്തിലാണ്. യുക്രെയ്ൻ യുദ്ധശേഷം, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഇന്ത്യ വിലക്കിഴിവിൽ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങിയിരുന്നു. ഇത് ഇന്ധനവില സ്ഥിരമായി നിർത്താൻ സഹായിച്ചു. ഇപ്പോൾ ആ സഹായം നിർത്തലാക്കാനാണ് വാഷിംഗ്ടൺ ആഗ്രഹിക്കുന്നത്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, റിലയൻസ് തുടങ്ങിയ കമ്പനികൾ റഷ്യയിൽ നിന്നുള്ള പുതിയ ഓർഡറുകളിൽ നിന്ന് പിന്മാറി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറയുന്നത് 140 കോടി ഇന്ത്യക്കാരുടെ ഊർജ്ജ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഉറവിടങ്ങൾ മാറ്റുമെന്നുമാണ്. എന്നാൽ വാഷിംഗ്ടൺ അവകാശപ്പെടുന്നത് ഇന്ത്യ ഉറപ്പ് നൽകിയെന്നാണ്. ഈ വൈരുദ്ധ്യം വരാനിരിക്കുന്ന സങ്കീർണതകളെ സൂചിപ്പിക്കുന്നു.

അനുസരണയുടെ വില

റഷ്യൻ എണ്ണ നിർത്തലാക്കുന്നത് ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. റഷ്യൻ എണ്ണയ്ക്ക് പകരം അമേരിക്കൻ അല്ലെങ്കിൽ വെനിസ്വേലൻ എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ ഇറക്കുമതി ബില്ലിൽ വർഷം തോറും 9 മുതൽ 11 ബില്യൺ ഡോളർ വരെ അധിക ബാധ്യത വരുത്തും. റഷ്യൻ എണ്ണ ആഗോള വിപണിയേക്കാൾ ബാരലിന് 10-20 ഡോളർ കുറഞ്ഞ നിരക്കിലാണ് ലഭിച്ചിരുന്നത്. കൂടാതെ, ഇന്ത്യൻ ശുദ്ധീകരണശാലകൾ റഷ്യൻ എണ്ണയ്ക്ക് അനുയോജ്യമായ രീതിയിലുള്ളതാണ്. പെട്ടെന്നുള്ള മാറ്റം ഇന്ധനവില വർദ്ധനവിനും ആഭ്യന്തര വിപണിയിലെ പ്രതിസന്ധിക്കും കാരണമാകും.

വിദേശകാര്യ മന്ത്രി  സുബ്രഹ്മണ്യം ജയശങ്കർ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറയുന്നത് 140 കോടി ഇന്ത്യക്കാരുടെ ഊർജ്ജ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഉറവിടങ്ങൾ മാറ്റുമെന്നുമാണ്.
വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറയുന്നത് 140 കോടി ഇന്ത്യക്കാരുടെ ഊർജ്ജ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഉറവിടങ്ങൾ മാറ്റുമെന്നുമാണ്.

പരമാധികാരത്തിനു മേലുള്ള നിരീക്ഷണം

ഏറ്റവും ആശങ്കാജനകമായ കാര്യം അമേരിക്കയുടെ നിരീക്ഷണ സംവിധാനങ്ങളാണ്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി നിരീക്ഷിക്കാൻ അമേരിക്കൻ വാണിജ്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയെ ഒരു തുല്യ പങ്കാളിയായല്ല അമേരിക്ക കാണുന്നത്. നിരീക്ഷണത്തിലുള്ള ഒരു രാജ്യമായാണ് അമേരിക്ക ഇന്ത്യയെ പരിഗണിക്കുന്നത്. ചുരുക്കത്തിൽ മൂന്നാമതൊരു രാജ്യവുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യ ശിക്ഷിക്കപ്പെടുകയാണ്.

പൂർണ്ണരൂപത്തിലുള്ള വ്യാപാര കരാർ വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ അതിന്റെ രൂപവും ഭാവവും ഇപ്പോൾ വ്യക്തമാണ്. അമേരിക്ക തീരുവകളെ ഒരു നയതന്ത്ര ചാട്ടവാറായി മാറ്റിയിരിക്കുന്നു. ഊർജ്ജനയം ഒരു വിലപേശൽ ഉപകരണമായി മാറി. 140 കോടി ജനങ്ങളുള്ള ഒരു രാജ്യം അമേരിക്കയുടെ മുൻഗണനകൾക്കനുസരിച്ച് അതിന്റെ സമ്പദ് വ്യവസ്ഥയെ മാറ്റാൻ ആവശ്യപ്പെടുകയാണ്.

സാമ്രാജ്യത്വ രാജ്യങ്ങൾ ഇന്ത്യയുടെ സ്വയംഭരണാധികാരത്തെയും പരമാധികാരത്തെയും ബഹുമാനിക്കണമെന്നെല്ലാം പറയാമെന്നല്ലാതെ, കാര്യത്തിലേക്കു കടക്കുമ്പോൾ ഒരു പുതിയ നയതന്ത്ര പോർമുഖമെങ്കിലും തുറക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ? സൗഹൃദത്തിന്റെ ഭാഷയിൽ മറച്ചുവെച്ച അധിനിവേശത്തെ ചെറുക്കാനുള്ള ഇച്ഛാശക്തി ഇന്ത്യക്കുണ്ടോ? 

(Early version in Policy Circle)


Summary: The U.S.-imposed trade deal is economic colonization disguised as cooperation. Its victims will be millions of farmers, middle-class people, and aspiring entrepreneurs. K. M. Seethi. Writes.


കെ.എം. സീതി

രാജ്യാന്തര പഠന വിദഗ്ധൻ, എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ.

Comments