സന്തോഷകരമായ ജീവിതം എന്നത് മനുഷ്യജീവിതത്തിന്റെ മുഖ്യ ലക്ഷ്യവും ആഗ്രഹവുമാണ്. എന്നാൽ അതിനെ അളക്കുകയും രാജ്യങ്ങൾ തമ്മിൽ താരതമ്യം ചെയ്യുകയും ചെയ്യുന്നത് അൽപം സങ്കീർണമാണ്. 2025-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് (WHR), ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വെൽബീയിംഗ് റിസർച്ച് സെന്റർ, ഗാലപ്പ്, യു.എൻ. സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക്, WHR എഡിറ്റോറിയൽ ബോർഡ് എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തിയ പഠനം ആഗോള സന്തോഷത്തിന്റെ ഒരു സമഗ്രചിത്രം വരച്ചുകാട്ടുന്നു. 147 രാജ്യങ്ങളെ ഉൾക്കൊള്ളുന്ന ഈ റിപ്പോർട്ട്, 2022–2024 കാലയളവിലെ ശരാശരി ജീവിത മൂല്യനിർണയ (CantrilLadder) സ്കോർ അനുസരിച്ച് ഇന്ത്യയെ 118-ാം സ്ഥാനത്ത് നിർത്തുന്നു. ഇന്ത്യയുടെ കാന്ററിൽ ലഡ്ഡർ സ്കോർ 10-ൽ 4.383 ആണ്.
സാമൂഹിക ബന്ധങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിനും സന്തോഷത്തിനും സമൃദ്ധിക്കും വളരെ പ്രധാനമാണ്. കൂടുതൽ സാമൂഹികമായി ബന്ധപ്പെട്ടിരിക്കുന്നവർ സന്തോഷമുള്ളവരും സമ്മർദ്ദം കുറഞ്ഞവരും ജീവിതത്തിൽ കൂടുതൽ തൃപ്തരും വിഷാദത്തിന് സാധ്യത കുറവുള്ളവരും സമൂഹത്തിൽ കൂടുതൽ ഇടപഴകുന്നവരും രോഗങ്ങളോ വൈകല്യങ്ങളോ അനുഭവിക്കാൻ സാധ്യത കുറവുള്ളവരുമാണ്. തൊഴിൽ ജീവിതത്തിൽ കൂടുതൽ സാമൂഹിക ബന്ധങ്ങളുള്ളവർ കൂടുതൽ സർഗ്ഗാത്മകവും സഹകരണ മനോഭാവമുള്ളവരും വിശ്വസനീയരും ഉയർന്ന പദവികളിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളവരുമാണ്. അവർ കുറ്റകൃത്യങ്ങൾ ചെയ്യുവാൻ സാധ്യത കുറവാണ്. അതുപോലെതന്നെ അവർക്ക് ഉയർന്ന വരുമാനം നേടുവാനും ദീർഘായുസ്സോടേ ജിവിക്കുവാനും സാധിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

അതേസമയം, സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ജീവിതത്തിലെ സന്തോഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സന്തോഷ സൂചകം വ്യക്തമാക്കുന്നു. സാമൂഹിക ബന്ധങ്ങളുടെ അഭാവം, ഉയർന്ന രോഗനിരക്കുകൾ, കുറഞ്ഞ ആയുസ്സ്, കുറഞ്ഞ വ്യക്തിഗതക്ഷേമം, ഉയർന്ന കുറ്റകൃത്യനിരക്കുകൾ, എന്നിവയൊക്കെ സന്തോഷസൂചകത്തെ പിന്നോട്ടടിക്കുന്നു. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ആരോഗ്യപ്രത്യാഘാതങ്ങൾ വിരൽ ചൂണ്ടുന്നത് ഒരു വ്യക്തി ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ്.
ഇന്ത്യയുടെ ഹാപ്പിനസ് റാങ്ക് പിന്നിലായതിന് പല കാരണങ്ങളുമുണ്ട്. താഴ്ന്ന പ്രതിശീർഷ വരുമാനം സാമ്പത്തിക പരിമിതികൾ സൃഷ്ടിക്കുകയും ഹാപ്പിനസ് റാങ്കിങ്ങിനെ ബാധിക്കുകയും ചെയ്യുന്നു.
സാമൂഹിക ബന്ധങ്ങൾ വ്യക്തിഗത ആരോഗ്യത്തിനും സന്തോഷത്തിനും മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യത്തിനും സന്തോഷത്തിനും അത്യാവശ്യമാണ്. പരസ്പരം കൂടുതൽ ബന്ധപ്പെടുന്നവർ മറ്റുള്ളവരിൽ കൂടുതൽ വിശ്വാസമുള്ളവരും സ്ഥാപനങ്ങളിൽ കൂടുതൽ വിശ്വാസമുള്ളവരുമാണ്. അവർ ദാനധർമ്മങ്ങൾ ചെയ്യുന്നവരും രാഷ്ട്രീയമായി കൂടുതൽ ഇടപഴകാനും തങ്ങളുടെ സമൂഹങ്ങളിൽ ഉയർന്ന അഭിമാനബോധം പ്രകടിപ്പിക്കുവാനും സാധ്യതയുള്ളവരാണ്. മാത്രമല്ല അവർ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അപരിചിതരോടും കൂടുതൽ പരിഗണനയും കരുണയും ഉള്ളവരുമാണ്. ആവശ്യക്കാർക്ക് സമയബന്ധിതമായി സഹായങ്ങൾ ചെയ്യുവാനും മറ്റുള്ളവരുമായി വിഭവങ്ങൾ പങ്കിടാനും അവർ ശ്രമിക്കുന്നു.

2025-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം ഓരോ രാജ്യത്തെയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ 0 (ഏറ്റവും മോശം) മുതൽ 10 (ഏറ്റവും മികച്ചത്) വരെയുള്ള സ്കെയിലിൽ (കാന്റ്രിൽ സെൽഫ്-ആങ്കറിംഗ് സ്ട്രൈവിംഗ് സ്കെയിൽ എന്നും കാന്റ്രിൽ ലാഡർ എന്നുംഅറിയപ്പെടുന്ന ഈ സ്കെയിൽ ഒരു വ്യക്തിയുടെ ആത്മനിഷ്ഠമായ ക്ഷേമവും ജീവിത തൃപ്തിയും വിലയിരുത്താൻ ഉപയോഗിക്കുന്ന ഒരു വിഷ്വൽ സ്കെയിലാണ്) വിലയിരുത്തുന്നു. മൂന്നു വർഷത്തെ ശരാശരി വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോർ അനുസരിച്ച് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നു. 147 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ റിപ്പോർട്ട്, 2022–2024 കാലയളവിലെ ശരാശരി ജീവിത മൂല്യനിർണയ സ്കോർ അനുസരിച്ച് ഇന്ത്യയെ 118-ാം സ്ഥാനത്ത് നിർത്തുന്നു. ഇത് ആഗോള ഹാപ്പിനസ് റാങ്കിംഗിന്റെ താഴ്ന്ന മൂന്നിൽ രണ്ടാം ഭാഗത്തിൽ സ്ഥാനം പിടിക്കുന്നു. ഫിൻലാൻഡ് (റാങ്ക് 1, സ്കോർ 7.736), ഡെന്മാർക്ക് (റാങ്ക് 2, സ്കോർ 7.521), ഐസ്‌ലാൻഡ് (റാങ്ക് 3, സ്കോർ 7.515 ) തുടങ്ങിയ നോർഡിക് രാജ്യങ്ങൾ മുൻനിരയിൽ നിൽക്കുമ്പോൾ, ലെബനൻ (റാങ്ക് 145, സ്കോർ 3.188 ), സിയറ ലിയോൺ( റാങ്ക് 146, സ്കോർ 2.998 ) അഫ്ഗാനിസ്ഥാൻ (റാങ്ക് 147, സ്കോർ 1.36) എന്നീ രാജ്യങ്ങൾ പട്ടികയിൽ അവസാന സ്ഥാനം പിടിക്കുന്നു. ഇന്ത്യയുടെ 118-ാം റാങ്ക് പ്രതിഫലിപ്പിക്കുന്നത് സാമ്പത്തിക വളർച്ച, സാമൂഹിക ബന്ധങ്ങൾ, സ്ഥാപനപരമായ വിശ്വാസം, ആരോഗ്യം, വ്യക്തിഗത സ്വാതന്ത്ര്യം എന്നിവയുടെ സംയോജനത്തെയാണ്. 2025-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്, ജീവിത നിലവാരത്തെ വിശദീകരിക്കുന്ന ആറ് പ്രധാന ഘടകങ്ങൾ പട്ടികപ്പെടുത്തുന്നു:
ലോഗ് ജിഡിപി പെർ ക്യാപിറ്റ: ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുന്നുണ്ടെങ്കിലും, പ്രതിശീർഷ വരുമാനം പാശ്ചാത്യ വ്യവസായ രാജ്യങ്ങളെ അപേക്ഷിച്ച് താഴ്ന്നതാണ്.
സോഷ്യൽ സപ്പോർട്ട്: കുടുംബ-സമുദായ ബന്ധങ്ങൾ ശക്തമാണെങ്കിലും, വിശാലമായ സാമൂഹിക ശൃംഖലകൾ പരിമിതമാണ്, ഇത് മിതമായ സോഷ്യൽ സപ്പോർട്ട് സ്കോർ നൽകുന്നു.
ആരോഗ്യകരമായ ആയുർദൈർഘ്യം: ഇന്ത്യയുടെ ആരോഗ്യകരമായ ആയുർദൈർഘ്യം മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും, മുൻനിര രാജ്യങ്ങളെ അപേക്ഷിച്ച് താഴ്ന്നതാണ്.
ജീവിത തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം: വ്യക്തിഗത സ്വയംഭരണത്തിൽ ചില പരിമിതികൾ ഇന്ത്യയെ മിതമായ സ്കോറിലേക്ക് നയിക്കുന്നു.
സഹായമനസ്കത (Generosity): സഹായം ചെയ്യുന്നതിൽ ഇന്ത്യ 57-ാം റാങ്കിലാണ്. പക്ഷേ ഇത് വരുമാന നിലവാരത്തിനനുസരിച്ച് മിതമായ പ്രകടനമാണ്.
അഴിമതിയെക്കുറിച്ചുള്ള ധാരണ: സർക്കാർ സ്ഥാപനങ്ങളിലും വൻകിട കോപ്പറേറ്റീവ് സ്ഥാപനങ്ങളിലും വർദ്ധിച്ചുവരുന്ന അഴിമതികൾ ജീവിത മൂല്യനിർണയത്തെ പ്രതികൂലമായി ബാധിക്കുന്നു ( 93-ാം റാങ്ക്).
ലാറ്റിനമേരിക്കയിലും കരീബിയനിലും ആളുകൾ ആഴ്ചയിൽ ശരാശരി 9 ഭക്ഷണം പങ്കിടുമ്പോൾ, ദക്ഷിണേഷ്യയിൽ ഇത് 4-ന് താഴെയാണ്.
ഇന്ത്യയിലെ പരോപകാര പ്രവർത്തനങ്ങൾ
2025-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച് പരോപകാര പ്രവർത്തനങ്ങൾ (ദാനം, സന്നദ്ധസേവനം, അപരിചിതരെ സഹായിക്കൽ) രാജ്യങ്ങളുടെ സന്തോഷ സൂചികയുടെ പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ പ്രകടനം ഈ മേഖലകളിൽ വ്യത്യസ്തമാണ്. ദാനധർമ്മത്തിൽ ഇന്ത്യ 57-ാം സ്ഥാനത്താണ്. ദാനധർമ്മം എന്നാൽ മറ്റൊരാൾക്ക് സഹായം ചെയ്യുക, പ്രത്യേകിച്ചും പണമോ വസ്തുക്കളോ ആവശ്യമുള്ളവർക്ക് നൽകുക എന്നതാണ്. ഇത് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമാണ്. ഇന്തോനേഷ്യ (റാങ്ക് 1), മ്യാൻമർ (റാങ്ക് 2) എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. അതായത്, ആ രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് മിതമായ നിരക്കിൽ ദാനധർമ്മം ചെയ്യുന്നു. സന്നദ്ധസേവനത്തിൽ ഇന്ത്യ 10-ാം സ്ഥാനത്താണുള്ളത്. മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ മുന്നിലാണ് എന്നതാണ് ഇതിൻെറ അടിസ്ഥാനം. എന്നാൽ അപരിചിതരെ സഹായിക്കുന്നതിൽ ഇന്ത്യയ്ക്ക് 74-ാം സ്ഥാനമാണുള്ളത്. ജമൈക്ക (റാങ്ക് 1), ലൈബീരിയ (റാങ്ക് 2) എന്നീ രാജ്യങ്ങളാണ് സന്നദ്ധസേവനത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. വിശ്വാസത്തിന്റെ കാര്യത്തിൽ ഇന്ത്യക്ക്, അയൽക്കാരനോട് 115-ാം സ്ഥാനവും, അപരിചിതനോട് 86-ാം സ്ഥാനവും, പോലീസിനോട് 93-ാം സ്ഥാനവുമാണുള്ളത്. ഈ കുറഞ്ഞ വിശ്വാസം രാജ്യത്തെ ജനങ്ങുളുടെ സന്തോഷ സൂചിക താഴ്ന്നു നിൽക്കുന്നതിനു കാരണമാകുന്നു. അതുപോലെ ദാനത്തിലും അപരിചിതരെ സഹായിക്കലിലും താഴ്ന്ന റാങ്കുകൾ സന്തോഷത്തിന്റെ കാര്യത്തിൽ മോശം പ്രകടനസാധ്യതകളെ സൂചിപ്പിക്കുന്നു.
വാലറ്റ് തിരിച്ചുവരവിനെക്കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ച് (വാലറ്റ് റിട്ടേൺ അഥവാ വാലറ്റ് തിരിച്ചുവരവ് എന്നത് നഷ്ടപ്പെട്ട വാലറ്റ് അതിന്റെ ഉടമയ്‌ക്കോ പോലീസ് പോലുള്ള ഒരു നിയുക്ത അധികാരിക്കോ തിരികെ നൽകുന്ന പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും സത്യസന്ധമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു) രാജ്യത്തെ ജനങ്ങളുടെ സത്യസന്ധതയില്ലായ്മ സന്തോഷ സൂചിക കുറയുന്നതിന് കാരണമാകുന്നു.
സാമൂഹികബന്ധങ്ങൾ
Copain (ഫ്രഞ്ച്), Compagno (ഇറ്റാലിയൻ) എന്നീ വാക്കുകൾ ലാറ്റിൻ Cum+Pañis (ഒരുമിച്ച് റൊട്ടി) എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഈ ഭാഷാപരമായ ആമുഖം, ഭക്ഷണം പങ്കിടൽ എന്നത് ഒരു സാർവ്വത്രിക സാമൂഹിക ആചാരമാണെന്നും ഇത് മനുഷ്യ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും ക്ഷേമം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുവെന്നും വ്യക്തമാക്കുന്നു. 2022-2023-ൽ 142 രാജ്യങ്ങളിൽ നിന്ന് ഗാലപ്പ് ശേഖരിച്ച ഡാറ്റ വെളിപ്പെടുത്തുന്നത് ഭക്ഷണം പങ്കിടലിന്റെ ആവൃത്തിയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെന്നാണ്. ഉദാഹരണത്തിന്, ലാറ്റിനമേരിക്കയിലും കരീബിയനിലും ആളുകൾ ആഴ്ചയിൽ ശരാശരി 9 ഭക്ഷണം പങ്കിടുമ്പോൾ, ദക്ഷിണേഷ്യയിൽ ഇത് 4-ന് താഴെയാണ്.

ഭക്ഷണം പങ്കിടുന്നവർക്ക് ഉയർന്ന ജീവിത സംതൃപ്തിയുണ്ടാവുന്നുണ്ടെന്നും മോശം വൈകാരിക അവസ്ഥയിലൂടെ അധികം കടന്നുപോവേണ്ടി വരുന്നില്ലെന്നും പഠനം പറയുന്നു. വരുമാനം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി ഇത് മുന്നോട്ട് പോവുന്നു. അമേരിക്കയിൽ, ATUS ഡാറ്റ പ്രകാരം 2003 മുതൽ 2023 വരെ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ 53% വർദ്ധനവുണ്ടായി, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. ഭക്ഷണം പങ്കിടൽ, സാമൂഹിക പിന്തുണ, ശരിയായ ഇടപെടലുകൾ, കുറഞ്ഞ ഏകാന്തത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവകാശപ്പെടുന്നു. എന്നിരുന്നാലും, ഭക്ഷണം പങ്കിടലും ക്ഷേമവും തമ്മിലുള്ള കാരണ-ഫല ബന്ധം (causality) വ്യക്തമല്ലെന്ന് സമ്മതിക്കുന്നു. ഭക്ഷണം പങ്കിടൽ സന്തോഷം വർദ്ധിപ്പിക്കുന്നുണ്ടോ, അതോ സന്തോഷമുള്ളവർ കൂടുതൽ ഭക്ഷണം പങ്കിടുന്നുണ്ടോ എന്ന ചോദ്യം ഭാവി ഗവേഷണത്തിനായി തുറന്നിട്ടിരിക്കുന്നു.
അമേരിക്കയിൽ, ATUS ഡാറ്റ പ്രകാരം 2003 മുതൽ 2023 വരെ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ 53% വർദ്ധനവുണ്ടായി, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ.
ലോകത്തിലെ മിക്ക ആളുകൾക്കും കുടുംബ ബന്ധങ്ങൾ സന്തോഷത്തിന്റെ പ്രധാന ഉറവിടമാണ്. നല്ല ഇടപെടലുകൾ നടക്കുന്ന കുടുംബങ്ങളിൽ അത് ആളുകളുടെ സന്തോഷവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈ പഠനം പരിശോധിക്കുന്നു. റിപ്പോർട്ട് പ്രകാരം, ഏകദേശം നാല് അംഗങ്ങളുള്ള കുടുംബങ്ങളിൽ ഉയർന്ന സന്തോഷമാണുള്ളത്. ഇത്തരം കുടുംബങ്ങളിലെ ആളുകൾ സമൃദ്ധവും അത്യന്തം തൃപ്തികരവുമായ പരസ്പര ബന്ധങ്ങൾ ആസ്വദിക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾ പലപ്പോഴും പരിമിതമായ സന്തോഷമാണ് അനുഭവിക്കുന്നത്. കുടുംബാംഗങ്ങളുടെ എണ്ണം അമിതമായി വർദ്ധിക്കുന്തോറും ആളുകളുടെ സന്തോഷം കുറയാം, ഒരുപക്ഷേ സാമ്പത്തിക തൃപ്തി കുറയുന്നതുമായി ബന്ധപ്പെട്ടാണത്. സാമ്പത്തിക നയങ്ങൾ ബന്ധങ്ങളിൽ ദ്വിതീയ ഫലങ്ങൾ ഉണ്ടാക്കിയേക്കാമെന്നും, അതുവഴി കുടുംബങ്ങളിലെ ക്ഷേമത്തെ അത് ബാധിച്ചേക്കാമെന്നും പഠനം വെളിപ്പെടുത്തുന്നു.
ഹാപ്പിനസ് അസമത്വവും സാമൂഹിക പശ്ചാത്തലവും
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ മിക്ക രാജ്യങ്ങളിലും സന്തോഷകരമായ ജീവിതത്തിൽ ഉള്ള അസമത്വം വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ, സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങൾ, നഗര-ഗ്രാമ വിഭജനം, വിഭവങ്ങളുടെ അസമമായ വിതരണം എന്നിവ ഈ അസമത്വത്തിന് കാരണമാകുന്നു. എന്നാൽ, ഉയർന്ന സന്നദ്ധസേവന നിരക്ക്, സന്തോഷ അസമത്വം കുറയ്ക്കുന്നതിൽ പങ്കുവഹിക്കുന്നു.

നോർഡിക് രാജ്യങ്ങളായ ഫിൻലാൻഡ്, ഡെന്മാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ ഉയർന്ന ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, കുറഞ്ഞ അഴിമതി, ഉയർന്ന വാലറ്റ് തിരിച്ചുവരവ് എന്നിവയിൽ മുന്നിൽ നിൽക്കുന്നു. ഈ രാജ്യങ്ങളിൽ ശക്തമായ സാമൂഹിക ബന്ധങ്ങളും പരസ്പര വിശ്വാസവും കാരണം സന്തോഷ അസമത്വം കുറവാണ്.
ലാറ്റിനമേരിക്ക: കോസ്റ്റാറിക്ക (റാങ്ക് 6), മെക്സിക്കോ (റാങ്ക് 10) എന്നീ രാജ്യങ്ങളിൽ ശക്തമായ കുടുംബ ബന്ധങ്ങൾ നിലനിർത്തുന്നു. പോസിറ്റീവ് ചിന്താഗതിയും മികച്ച സാമൂഹിക ബന്ധങ്ങളും ഇവിടങ്ങളെ സന്തോഷ സൂചകത്തിൽ മുന്നിലെത്തിക്കുന്നു.
തെക്കുകിഴക്കൻ ഏഷ്യ: തായ്ലാൻഡ് (റാങ്ക് 49), ഫിലിപ്പീൻസ് (റാങ്ക് 57) എന്നീ രാജ്യങ്ങൾ മുന്നിലാണ്. സാമൂഹിക ബന്ധങ്ങളും ദൈനംദിന പോസിറ്റീവ് അനുഭവങ്ങളുമാണ് ഇവരെ മുന്നിൽ നിർത്തുന്നത്. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളായ , ടോഗോ (റാങ്ക് 127), മലാവി (റാങ്ക് 144) എന്നിവ ഇന്ത്യക്ക് പുറകിലാണ്. സന്തോഷ സൂചികയിൽ നൈജീരിയുടെ റാങ്ക് 105 ആണെങ്കിലും, അപരിചിതരെ സഹായിക്കുന്നതിൽ 7-)o റാങ്കാണുള്ളത്. സമാനമായി കെനിയ സന്തോഷസൂചികയിൽ 115ാം സ്ഥാനത്താണെങ്കിലും അപരിചിതരെ സഹായിക്കലിൽ നാലാമതാണ്. ഈ രാജ്യങ്ങൾ പരസ്പര സഹകരണത്തിൽ വലിയ മാതൃക കാണിക്കുന്നു. ഏഷ്യൻ രാജ്യങ്ങളായ ലെബനൻ (റാങ്ക് 145), അഫ്ഗാനിസ്ഥാൻ (റാങ്ക് 147) എന്നിവയാണ് സന്തോഷ സൂചികയുടെ റാങ്കിങ്ങിൽ ഏറ്റവും പുറകിലുള്ളത്.
പരസ്പര സഹകരണം
കോവിഡ് കാലത്ത് പരസ്പര സഹകരണത്തിൻെറ ഭാഗമായുള്ള സന്നദ്ധസേവനം, അപരിചിതരെ സഹായിക്കൽ എന്നിവ ഉയർന്നിരുന്നു. 2017–2019-നെ അപേക്ഷിച്ച് 2024-ൽ ഇത് 10% ഉയർന്നതായി റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ 10-ാം റാങ്ക് (സന്നദ്ധസേവനം) ഈ ട്രെൻഡിനെ പ്രതിഫലിപ്പിക്കുന്നു, എന്നാൽ സാമ്പത്തികസഹായം നൽകുന്നതിലും അപരിചിതരെ സഹായിക്കലിലും രാജ്യത്ത് വളർച്ച അത്യന്താപേക്ഷിതമാണ്.
റിപ്പോർട്ട് പ്രകാരം, ഏകദേശം നാല് അംഗങ്ങളുള്ള കുടുംബങ്ങളിൽ ഉയർന്ന സന്തോഷമാണുള്ളത്. ഇത്തരം കുടുംബങ്ങളിലെ ആളുകൾ സമൃദ്ധവും അത്യന്തം തൃപ്തികരവുമായ പരസ്പര ബന്ധങ്ങൾ ആസ്വദിക്കുന്നു.
സാമൂഹിക ബന്ധവും ഏകാന്തതയും
2023-ലെ സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ 19-% യുവാക്കൾക്ക് സാമൂഹിക പിന്തുണ ലഭിക്കുന്നില്ല. ഇതിൽ 2006-നെ അപേക്ഷിച്ച് 39% വർധനവാണുണ്ടായിട്ടുള്ളത്. ഇന്ത്യയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കൽ പോലുള്ള പരമ്പരാഗത സാമൂഹിക ബന്ധങ്ങൾ കുറയുന്നു. എന്നാൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ശക്തമായ കുടുംബ ബന്ധങ്ങളും സാംസ്കാരിക ശീലങ്ങളും മൂലം സാമൂഹിക പിന്തുണ ഉയർന്ന തലത്തിലാണുള്ളത്.
നിരാശ കാരണമുള്ള മരണങ്ങൾ
റിപ്പോർട്ട് പ്രകാരം പുരുഷന്മാരിൽ നിരാശ കാരണമുള്ള മരണങ്ങൾ സ്ത്രീകളെ അപേക്ഷിച്ച് ഏകദേശം നാലിരട്ടി ഉയർന്നിട്ടുണ്ട്. ഈ മരണങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ആത്മഹത്യയാണ്. മദ്യപാനവും മയക്കുമരുന്ന് ദുരുപയോഗവും വൻതോതിൽ തന്നെയുണ്ട്. ആളുകൾ പരസ്പരം പിന്തുണയ്ക്കുകയും സഹകരിക്കുകയും പരസ്പരം വിശ്വാസം വളർത്തുകയും ചെയ്യുന്ന സമൂഹത്തിൽ ഈ പ്രവണതയ്ക്ക് കുറവുണ്ടാവും. അവിടെ നിരാശ കാരണമുള്ള മരണങ്ങൾ കുറവായിരിക്കും. ഇത്തരം മരണങ്ങൾ ഇന്ത്യയുടെ റിപ്പോർട്ടിൽ വിശദമായി പരാമർശിക്കപ്പെട്ടിട്ടില്ല. പരസ്പര സഹായം കൂടുതലുള്ള രാജ്യങ്ങളിൽ ഇവ കുറവാണെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലെ ശക്തമായ സന്നദ്ധസേവനം യു.എസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇത്തരം മരണങ്ങൾ കുറയ്ക്കുന്നതിൽ സഹായിച്ചിട്ടുണ്ട്.

ഇന്ത്യ, പ്രധാന നിരീക്ഷണങ്ങൾ
ശക്തമായ സാമൂഹികബന്ധങ്ങളും കുടുംബബന്ധങ്ങളും ഇന്ത്യയിൽ ഉണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സന്നദ്ധസേവനത്തിൽ ഇന്ത്യ 10-ാം സ്ഥാനത്താണ്. സാമൂഹിക-മതപരമായ മൂല്യങ്ങളാൽ നയിക്കപ്പെടുന്ന കൂട്ടായ്മകളാണ് ഇതിന് ഗുണകരമായി വർത്തിക്കുന്നത്. നാല് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള കുടുംബങ്ങളാണ് കൂടുതൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത്. കൂടാതെ, ഉയർന്ന സന്നദ്ധസേവന നിരക്ക് സന്തോഷ അസമത്വം കുറയ്ക്കാൻ സഹായിക്കുന്നു.
വെല്ലുവിളികൾ
ഇന്ത്യയുടെ ഹാപ്പിനസ് റാങ്ക് പിന്നിലായതിന് പല കാരണങ്ങളുമുണ്ട്. വാലറ്റ് തിരിച്ചുവരവിലുള്ള പ്രതീക്ഷക്കുറവ് (അയൽക്കാരൻ: റാങ്ക് 115, അപരിചിതൻ: റാങ്ക് 86, പോലീസ്: റാങ്ക് 93) വ്യക്തികളിലും സ്ഥാപനങ്ങളിലുമുള്ള വിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നു. താഴ്ന്ന പ്രതിശീർഷ വരുമാനം സാമ്പത്തിക പരിമിതികൾ സൃഷ്ടിക്കുകയും ഹാപ്പിനസ് റാങ്കിങ്ങിനെ ബാധിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ആയുർദൈർഘ്യത്തിലും ഇന്ത്യ പിന്നിലാണ്. ഇത് മൊത്തത്തിലുള്ള ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, ഉയർന്ന അഴിമതി സ്ഥാപനങ്ങളിലുള്ള വിശ്വാസം കുറയ്ക്കുകയും സന്തോഷ സൂചികയെ പിന്നോട്ടടിക്കുകയും ചെയ്യുന്നു.
അവസരങ്ങൾ
ഉത്സവങ്ങൾ, ആഘോഷങ്ങൾ, കുടുംബ കൂട്ടായ്മകൾ എന്നിങ്ങനെ വരുമ്പോൾ ഇന്ത്യയിൽ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം നന്നായി നടക്കാറുണ്ട്. ഇത് പരസ്പര ബന്ധം ശക്തമാക്കുന്നതിന് സഹായകമാകുന്നു. യഥാർത്ഥ ദയയും (നന്മ ചെയ്യൽ) പ്രതീക്ഷിക്കുന്ന ദയയും (നന്മ തിരികെ കിട്ടുമെന്ന വിശ്വാസം) തമ്മിലുള്ള അന്തരം കുറയുന്നത് വിശ്വാസവും സന്തോഷവും വർധിപ്പിക്കുന്നതിന് കാരണമാകും. അഴിമതി കുറയ്ക്കാൻ നടപടികൾ എടുക്കുന്നത് സർക്കാർ സ്ഥാപനങ്ങളിൽ വിശ്വാസം വർധിപ്പിക്കും.
ഇന്ത്യയുടെ ഹാപ്പിനസ് ഇൻഡക്സ്, സാമ്പത്തിക, സാമൂഹിക, സ്ഥാപന ഘടകങ്ങളെ പ്രതിഫലിപ്പിക്കുന്നു. നോർഡിക് രാജ്യങ്ങൾ മുന്നിലെത്തുന്നതിന് പ്രധാന കാരണം ഉയർന്ന ജിഡിപിയും ശക്തമായ സാമൂഹ്യപിന്തുണയും, കുറഞ്ഞ അഴിമതിയുമാണ്. ലാറ്റിനമേരിക്കയിലെ കുടുംബ ബന്ധങ്ങളും തെക്കുകിഴക്കൻ ഏഷ്യയിലെ പോസിറ്റീവ് വികാരങ്ങളും നൽകുന്ന പാഠങ്ങൾ വലുതാണ്. മനുഷ്യർക്കുള്ള പരസ്പര വിശ്വാസവും സാമൂഹിക ബന്ധവും വർധിപ്പിച്ചാൽ ഇന്ത്യയുടെ ഹാപ്പിനസ് റാങ്കിങ് മെച്ചപ്പെടുത്താൻ സഹായിക്കും.
