കേരളത്തിലെ പ്രഖ്യാപിത മതേതര പാർട്ടികളിലും അണികളിലുമടക്കം ഖണ്ഡശ: എന്നോണം ഇസ്ലാമോഫോബിയ പരത്താൻ സംഘപരിവാറിന് കഴിഞ്ഞപ്പോഴും തമിഴ്നാട്ടിൽ നാളിതുവരെ അതിൽ വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. തെക്കൻ തമിഴ്നാട്ടിൽ കേരളത്തോട് ചേർന്നു കിടക്കുന്ന കന്യാകുമാരിയിൽ മാത്രമാണ് ഹിന്ദുത്വവാദികൾക്ക് നാമമാത്രമെങ്കിലും വേരോട്ടമുള്ളത്. പതിറ്റാണ്ടുകൾക്കുമുമ്പ് കന്യാകുമാരിയിൽ കുരിശിൻ്റെ പേരിൽ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അന്ന് ആ സമരത്തിൽ പങ്കെടുത്തവരിൽ നല്ലൊരു പങ്കും തിരുവനന്തപുരത്തുകാരാണ്. പക്ഷെ വിഭജന രാഷ്ട്രീയത്തിൻ്റെ ആ ശ്രമം എങ്ങുമെത്തിയില്ല.
മനുഷ്യരെ തമ്മിൽ വെറുപ്പിക്കുക, അകറ്റുക എന്ന രാഷ്ട്രീയ തന്ത്രം തന്നെയാണ് ലോകത്തെല്ലായിടത്തും എന്നുള്ളതുപോലെ ഫാഷിസ്റ്റുകൾ ഇന്ത്യയിലും, ഇക്കാലത്തും നടത്തിക്കൊണ്ടേയിരിക്കുന്നത്. തമിഴ് നാട്ടിൽ ആ ശ്രമത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് തിരുപ്പുറംകുൺറം. പക്ഷെയത് വിജയിക്കാതിരിക്കുന്നത് മതേതര ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ആശ്വാസകരമാണ്.
തിരുപ്പറങ്കുൻറം മലയുടെ അടിവാരത്ത് സുബ്രഹ്മണ്യസ്വാമി കോവിലാണ്. അതിന് കുറച്ചുമുകളിലായി ഉച്ചിപ്പിള്ളയാർ കോവിൽ. മലയുടെ ഏറ്റവും മുകളിലായി സിക്കന്തർ ബാദുഷ ദർഗ സ്ഥിതി ചെയ്യുന്നു. 1931-ലെ ബ്രിട്ടീഷ് സർക്കാരിലെ പ്രിവി കൗൺസിൽ, ദർഗയും അതിൻ്റെ പ്രിമൈസസ് പ്രദേശവും ദർഗ കമ്മിറ്റിക്കും മലയുടെ ബാക്കിഭാഗം കോവിൽ കമ്മിറ്റികൾക്കുമായി പങ്കിട്ടുനൽകി. പ്രിവി കൗൺസിലിൻ്റെ തീരുമാനത്തിനുമുമ്പും പിമ്പും, ഒരു നൂറ്റാണ്ട് കാലത്തിലധികമായി ഉച്ചിപ്പിള്ളൈയാർ കോവിലിലെ ദീപത്തൂണിൽ, തമിഴ് ദേശീയ കലണ്ടറിലെ കാർത്തിക മാസത്തിലെ പൗർണമിനാളിൽ ദീപം തെളിയിക്കാറുണ്ട്. 1994-ൽ സിക്കന്തർ ദർഗയോട് ചേർന്ന് നിൽക്കുന്ന സർവേക്കല്ലിൽ ദീപം തെളിയിക്കണമെന്ന പുതിയ ആവശ്യവുമായി ഹിന്ദുത്വശക്തികൾ രംഗത്ത് വരുന്നു. ഒരു യുക്തിയുമില്ലാതെ, ബ്രിട്ടീഷുകാർ സ്ഥാപിച്ച സർവേക്കല്ല് ദീപത്തൂണാണെന്ന് സംഘപരിവാർ പ്രഖ്യാപിക്കുന്നു. ധാരാളം മുസ്ലിങ്ങളും ഹിന്ദുക്കളും നൂറ്റാണ്ടുകളായി ഐക്യത്തോടെയും സാഹോദര്യ ബോധത്തോടെയും കഴിയുന്ന ഇടത്തിൽ ഭിന്നിപ്പും വെറുപ്പും ഉണ്ടാക്കലാണ് ലക്ഷ്യമെന്ന് മനസിലാക്കാൻ സംഘപരിവാറിനെ അറിയുന്നവർക്ക് രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ട കാര്യമില്ല. ഈ വിഷയം 1996-ൽ മദ്രാസ് ഹൈക്കോടതിയുടെ മുന്നിൽ വന്നു. നിലവിൽ ദീപം തെളിക്കുന്ന ഉച്ചിപ്പിള്ളൈയാർ കോവിലിൽ തന്നെ തുടർന്നും കത്തിച്ചാൽ മതിയെന്ന് കോടതി തീർത്തുപറഞ്ഞു. അവിടം കൊണ്ടത് തീരേണ്ടതായിരുന്നു. പക്ഷെ ഹിന്ദുത്വവാദികൾ കേന്ദ്രത്തിൽ അധികാരം നേടിയ ശേഷം കാര്യങ്ങൾ മാറിമറിയുന്നു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം ഇന്ത്യൻ ജുഡീഷ്യറിയ്ക്കുണ്ടായ മാറ്റം ഇപ്പോൾ വിമർശപരവും വിവാദപരവുമാണല്ലോ. പ്രത്യക്ഷമായും പരോക്ഷമായും സംഘപരിവാറിൻ്റെ രാഷ്ട്രീയത്തെ സാധൂകരിക്കുന്ന പല വിധികളും പല കോടതികളിൽ നിന്നും പലപ്പോഴായി ഉണ്ടാകുന്നു. എ.ബി.വി.പി, ആർ.എസ്.എസ് പശ്ചാത്തലമുള്ള പല ബ്രാഹ്മണ ജഡ്ജിമാരേയും, തിരഞ്ഞുപിടിച്ച് മദ്രാസ് ഹൈക്കോടതിയിലേക്ക് നിയോഗിച്ചതിൽ, അന്ന് ആ കോടതിയിലെ അഭിഭാഷകർ തന്നെ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഭരണഘടനാവിരുദ്ധമായ പല പരാമർശങ്ങളും വിധികളും മദ്രാസ് ഹൈക്കോടതി തുടരെതുടരെ പ്രഖ്യാപിക്കുന്നത് രാജ്യം കണ്ടു. അതിലൊന്നാണ് 2025 ഡിസംബറിൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തിരുപ്പറങ്കുൻറം വിഷയത്തിൽ ദർഗ പരിസരത്തെ സർവേക്കല്ല് ദീപതൂണാണെന്ന് പറഞ്ഞ്, വിളക്ക് തെളിക്കാൻ ഹിന്ദുത്വവാദികൾക്ക് അനുവാദം നൽകിയ വിധി.

പിന്നീട് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അത് ശരിവെച്ചുകൊടുത്തു. അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ കോടതിയിൽ പറഞ്ഞത്, അത് ദീപത്തൂണല്ല ബ്രിട്ടീഷ് സർക്കാരിൻ്റെ കാലത്തെ സർവേക്കല്ലാണെന്നാണ്. പക്ഷെ, സർക്കാർ വാദത്തിൻ്റെ യുക്തിയേയും തള്ളിയാണ് ഹിന്ദുത്വ രാഷ്ട്രീയ പ്രീണന വിധിയുണ്ടായത്. ക്രമസമാധാന പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന സർക്കാർ കോടതിവിധി നടപ്പാക്കിയില്ല. ഈ വർഷവും കഴിഞ്ഞ വർഷത്തെപ്പോലെ ഹിന്ദുത്വവാദികൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കോടതി കണ്ണുംപൂട്ടി അംഗീകരിച്ചും നൽകി. യാതൊരുവിധത്തിലുള്ള യുക്തിഭദ്രമായ വാദങ്ങളും ഇല്ലാതിരുന്നിട്ടും സുപ്രീം കോടതിയിലെ രണ്ടംഗ ഡിവിഷൻ ബെഞ്ചും മദ്രാസ് ഹൈക്കോടതിയുടെ വിധിയെ പിന്തുണച്ച് ദീപം തെളിയിക്കാൻ ഉത്തരവിട്ടു.
കോടതികൾക്ക് നീതിപീഠങ്ങൾ എന്നൊരു മറുവാക്കുണ്ട്. അതിനെ നിരത്ഥകമാക്കുന്നതാണ് സമീപകാലത്തെ ഇന്ത്യൻ കോടതികളിലെ പല വിധികളും. എന്തായാലും ദക്ഷിണേന്ത്യയിലും മറ്റൊരു അയോധ്യ ആരംഭിക്കാനുള്ള ശ്രമത്തെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി വിജയും എം.കെ. സ്റ്റാലിനെ പോലെ അഭിനന്ദനം അർഹിക്കുന്നു.
