2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ (National Education Policy- 2020) ത്രിഭാഷാ പദ്ധതിക്കെതിരെ തമിഴ്‌നാട് ഉയർത്തുന്ന പ്രതിഷേധം, ദേശീയതലത്തിൽ സംഘർഷഭരിതമായ ഭാഷാ ചർച്ചയിലേക്ക് വഴിതുറന്നിരിക്കുകയാണ്. വേണ്ടിവന്നാൽ, മറ്റൊരു ‘ഭാഷാ യുദ്ധ’ത്തിന് തയ്യാറാണ് എന്ന്, തമിഴ്നാടിന്റെ ചരിത്രത്തിലെ രക്തം പുരണ്ട ഭാഷാപ്രക്ഷോഭങ്ങൾ ഓർമിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യൂണിയൻ സർക്കാറിന് മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
തമിഴ്‌നാടിനുപുറമേ തെലങ്കാനയും പഞ്ചാബും ത്രിഭാഷാ പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സ്‌കൂളുകളിൽ പഞ്ചാബി ഭാഷാ പഠനം സംസ്ഥാന സർക്കാർ നിർബന്ധമാക്കി. പഞ്ചാബി ഭാഷ പ്രധാന വിഷയമായി പഠിച്ചാൽ മാത്രമേ പത്താം ക്ലാസ് പാസായതായി കണക്കാക്കൂ എന്നും ഉത്തരവിൽ പറയുന്നു.
ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ തെലുഗു നിർബന്ധമായും പഠിച്ചിരിക്കണമെന്ന് തെലങ്കാന സർക്കാർ ഉത്തരവിറക്കി. സ്‌റ്റേറ്റ് സിലബസിനുപുറമേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയ്ക്കും നിയമം ബാധകമാണ്.
ദേശീയതയെ ആധിപത്യസ്വഭാവത്തിൽ നിർവചിക്കാൻ ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന സമീപനത്തിലേക്കുപോലും ഭാഷാ ബഹുസ്വരതയെ പരിമിതപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നിരിക്കേ, തമിഴ്നാട് നയിക്കുന്ന ഭാഷാ സമരത്തിന് രാഷ്ട്രീയ പ്രസക്തിയേറെയാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിനോട് തത്വത്തിലുള്ള എതിർപ്പാണ് ത്രിഭാഷാ പദ്ധതിക്കെതിരായ പ്രതിഷേധത്തിലൂടെ തമിഴ്നാട് ഉന്നയിക്കുന്നത്. ‘നീറ്റി’നോടുള്ള എതിർപ്പ് ഇതിന്റെ ഭാഗമാണ്. നാലു വർഷ ബിരുദമാണ് മറ്റൊന്ന്. നാലു വർഷ ബിരുദത്തിലെ എക്‌സിറ്റ് ഓപ്ഷൻ, വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കൂട്ടുമെന്നാണ് സംസ്ഥാനത്തിന്റെ വാദം. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ അതിവൈകാരികത നിറഞ്ഞ ചരിത്രം, ഇപ്പോൾ ത്രിഭാഷാ പദ്ധതിക്കെതിരായ പ്രതിഷേധത്തിന് ഇന്ധനമാകുകയാണ്. 'വിനാശകരമായ നാഗ്പുർ പ്ലാൻ' എന്നാണ് സ്റ്റാലിൻ ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിക്കുന്നത്. അമ്പതുകളിലും അറുപതുകളിലും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഡി.എം.കെയെ സംബന്ധിച്ച് സമരത്തുടർച്ചയെന്ന നിലയ്ക്കാണ്, പുതിയ സാഹചര്യത്തെ കാണുന്നത്.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കിൽ, സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരമുള്ള 2,185 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നൽകില്ല എന്ന യൂണിയൻ സർക്കാറിന്റെ ഭീഷണിയാണ് എം.കെ. സ്റ്റാലിനെ പ്രകോപിപ്പിച്ചത്. ‘തമിഴ്‌നാട്ടിൽനിന്ന് പിരിക്കുന്ന നികുതി അടയ്ക്കാൻ ഞങ്ങൾ വിസമ്മതിച്ചാൽ കേന്ദ്രം എന്തുചെയ്യും’ എന്നാണ് സ്റ്റാലിൻ തിരിച്ചുചോദിച്ചത്. ബിഹാറും യു.പിയും തമിഴ്‌നാടിനെ അപേക്ഷിച്ച് കുറഞ്ഞ നികുതി കേന്ദ്രത്തിന് നൽകുന്ന സംസ്ഥാനങ്ങളാണെങ്കിലും തമിഴ്‌നാടിനുള്ളതിനേക്കാൾ സാമ്പത്തിക വിഹിതമാണ് ഈ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് എന്ന വസ്തുതയും തമിഴ്നാട് ഉയർത്തുന്നുണ്ട്.
വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലെ വിഷയമായതിനാൽ, കേന്ദ്രത്തിനു മാത്രമായി തീരുമാനമെടുക്കാനാകില്ല എന്ന വാദവും തമിഴ്നാട് ഉയർത്തുന്നുണ്ട്. അതായത്, വൈകാരികമെന്ന നിലയ്ക്കല്ല, ഫെഡറലിസവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റത്തിനെതിരായ മൂവ്മെന്റ് കൂടിയായി ഈ ഭാഷാസമരം മാറുകയാണ്.

‘‘ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പല വിഭാഗങ്ങൾ സംസാരിച്ചിരുന്ന മാതൃഭാഷകൾ നശിച്ചുപോയത് ഹിന്ദിയുടെ അധിനിവേശം മൂലമാണ്. ഭോജ്പുരി, മൈഥിലി, അവധി, ബ്രജ്, ഗഢ്വാളി, കുമയോണി, മാർവാഡി, ഛത്തീസ്ഗഢി, സന്താളി, കുർമാലി തുടങ്ങി 25 ഭാഷകളാണ് ഹിന്ദിയുടെ അധിനിവേശത്തോടെ നാമാവശേഷമായത്’’- തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
ത്രിഭാഷാ ഫോർമുല
1964-66 കാലത്ത് നിയോഗിക്കപ്പെട്ട കോത്താരി കമീഷനാണ് (Kothari Commission) ത്രിഭാഷാ ഫോർമുല മുന്നോട്ടുവച്ചത്. ഇത്, 1968-ൽ നിലവിൽവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി. മാതൃഭാഷ അല്ലെങ്കിൽ പ്രാദേശിക ഭാഷ, ഔദ്യോഗിക ഭാഷ, ഒരു ആധുനിക ഇന്ത്യൻ ഭാഷയോ യൂറോപ്യൻ ഭാഷയോ- എന്നിവ ഉൾപ്പെട്ടതായിരുന്നു പദ്ധതി.
ഹിന്ദി, ഇംഗ്ലീഷ്, ഒരു ആധുനിക ഇന്ത്യൻ ഭാഷ (ദക്ഷിണേന്ത്യൻ ഭാഷ അഭികാമ്യം) എന്ന പദ്ധതി ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾക്കായും ഹിന്ദി, ഇംഗ്ലീഷ്, ഒരു പ്രാദേശിക ഭാഷ എന്നിവ ഹിന്ദി ഇതര സംസ്ഥാനങ്ങൾക്കുമായി മുന്നോട്ടുവെക്കപ്പെട്ടു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്ന നയമാണിതെന്നാരോപിച്ച് തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന് തുടക്കമിട്ടു.
തമിഴ്‌നാട്ടിൽ സ്വാതന്ത്ര്യത്തിനുമുമ്പേ തുടങ്ങിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് കൂടുതൽ മൂർച്ച പകരുന്നതായി ത്രിഭാഷാ പദ്ധതി. 1937-ൽ മദ്രാസ് പ്രസിഡൻസി മുഖ്യമന്ത്രിയായിരുന്ന സി. രാജഗോപാലാചാരിയാണ് സെക്കൻഡറി സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്ന നയം പ്രഖ്യാപിച്ചത്. 1938 ഏപ്രിലിൽ, 125 സ്‌കൂളുകളിൽ ഹിന്ദി നിർബന്ധിത വിഷയമാക്കി അദ്ദേഹം ഉത്തരവിട്ടു. (അന്ന് തമിഴ്‌നാടിനുപുറമേ, ആന്ധ്രപ്രദേശ്, കർണാടകത്തിന്റെയും കേരളത്തിന്റെയും ചില പ്രദേശങ്ങൾ എന്നിവ ഉൾപ്പെട്ടതായിരുന്നു മദ്രാസ് പ്രസിഡൻസി).
ഇതോടെ പെരിയാർ ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തിൽ ജസ്റ്റിസ് പാർട്ടി ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് തിരികൊളുത്തി. ഇതേതുടർന്ന് 1940-ൽ ഈ നിയമം പിൻവലിക്കേണ്ടിവന്നു. ഇതേ രാജാജി പിന്നീട് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ രംഗത്തുവന്നുവെന്നത് ചരിത്രത്തിലെ കൗതുകമാണ്.
1940- കളുടെ അവസാനം, സ്വാതന്ത്ര്യസമ്പാദനത്തിനുശേഷം നിലവിൽവന്ന കോൺഗ്രസ് സർക്കാർ ഹിന്ദി നിർബന്ധിത പഠനവിഷയമാക്കാൻ തീരുമാനിച്ചപ്പോഴും പെരിയാറും അണ്ണാദുരൈയും രംഗത്തുവന്നു. 1949-ൽ ഡി.എം.കെ രൂപീകരിക്കപ്പെട്ടപ്പോൾ, പാർട്ടിയുടെ പ്രധാന അജണ്ട ഹിന്ദി വിരുദ്ധ പ്രക്ഷോഭമായിരുന്നു.

ഔദ്യോഗിക ഭാഷാ നിയമപ്രകാരം ഹിന്ദിയെ ഏക ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കമായിരുന്നു 1965-ലെ ഭാഷാ പ്രക്ഷോഭത്തിനിടയാക്കിയത്. ഇത് കലാപമായി മാറി. രണ്ട് പൊലീസുകാരുൾപ്പെടൈ 70 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കില്ല എന്ന പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ഉറപ്പിലാണ് സമരം ശമിച്ചത്. 1968-ൽ ത്രിഭാഷാ പദ്ധതി തള്ളിക്കളഞ്ഞ്, ഇംഗ്ലീഷും തമിഴും മാത്രമുള്ള ദ്വിഭാഷാ പദ്ധതി സംസ്ഥാനം അംഗീകരിക്കുകയും ചെയ്തു.
തൊണ്ണൂറുകളിൽ കേന്ദ്ര സർക്കാർ പരീക്ഷകളും നിയമനങ്ങളും ഹിന്ദി സംസാരിക്കുന്ന മേഖലകളിലുള്ളവർക്ക് അനുകൂലമാകുന്നു എന്നു പറഞ്ഞ് പ്രക്ഷോഭങ്ങളുണ്ടായി. 2014-ൽ നരേന്ദ്രമോദി സർക്കാർ ഔദ്യോഗിക കത്തിടപാടുകൾക്ക് ഹിന്ദി നിർബന്ധമാക്കിയപ്പോഴും തമിഴ്‌നാട് ചെറുത്തുനിന്നു.
ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ല എന്ന് NEP-2020 തത്വത്തിൽ പറയുന്നുണ്ടെങ്കിലും ഹിന്ദിയും സംസ്‌കൃതവും ‘സ്വാഭാവിക നിർബന്ധ’ ഭാഷയാകുന്ന സാഹചര്യം പുതിയ നയത്തിലൂടെ രൂപപ്പെട്ടുവരാം.
ദേശീയ വിദ്യാഭ്യാസ നയത്തിനോട് തത്വത്തിലുള്ള എതിർപ്പാണ് ത്രിഭാഷാ പദ്ധതിക്കെതിരായ പ്രതിഷേധത്തിലൂടെ തമിഴ്നാട് ഉന്നയിക്കുന്നത്. ‘നീറ്റി’നോടുള്ള എതിർപ്പ് ഇതിന്റെ ഭാഗമാണ്. നാലു വർഷ ബിരുദമാണ് മറ്റൊന്ന്.
ഹിന്ദി അടിച്ചേൽപ്പിക്കുന്നില്ല, ഒളിച്ചുകടത്തുന്നു…
2020-ലെ വിദ്യാഭ്യാസ നയം ത്രിഭാഷാ പദ്ധതി, അയവുള്ള രീതിയിൽ, കാതലായ മാറ്റത്തോടെയാണ് അവതരിപ്പിച്ചത്. ഒരു ഭാഷയും ഒരു സംസ്ഥാനത്തിനുമേലും അടിച്ചേൽപ്പിക്കുന്നില്ല എന്ന് നയം വ്യക്തമാക്കുന്നുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ:
- സാധ്യമാകുന്നിടത്തെല്ലാം, സർക്കാർ- സ്വകാര്യ സ്‌കൂളുകളിൽ എട്ടാം ക്ലാസു വരെ, കുറഞ്ഞത് അഞ്ചാം ക്ലാസ് വരെയെങ്കിലും, ബോധന മാധ്യമം മാതൃഭാഷയോ പ്രാദേശിക ഭാഷയോ തദ്ദേശീയ ഭാഷയോ ആയിരിക്കണം.
- ത്രിഭാഷാ പദ്ധതിയിലെ മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം.
- ഭാഷകൾ തീരുമാനിക്കുന്നത് സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും കുട്ടികളുടെയും അഭിപ്രായത്തിനനുസരിച്ചായിരിക്കും.
- സയൻസ് അടക്കമുള്ള വിഷയങ്ങളിൽ പാഠപുസ്തകങ്ങൾ മാതൃഭാഷയിൽ ലഭ്യമാക്കും.
- ഇംഗ്ലീഷ് കൂടാതെ കൊറിയൻ, ജപ്പാനീസ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ് തുടങ്ങിയ വിദേശ ഭാഷകളും ഹയർസെക്കൻഡറിയിൽ പഠിപ്പിക്കും.
- ഭാഷാ ബഹുസ്വരതയും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് ഭരണഘടനാ ചട്ടങ്ങളും പ്രാദേശിക ഘടകങ്ങളും പരിഗണിച്ച്, ത്രിഭാഷാ പദ്ധതി നടപ്പാക്കും.
- സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉന്നത വിദ്യാഭ്യാസ ഘട്ടത്തിലും പ്രധാനപ്പെട്ട സമ്പന്നഭാഷ എന്ന നിലയ്ക്ക് സംസ്‌കൃതം ഐച്ഛിക വിഷയമായി ഉൾപ്പെടുത്തും.
രണ്ട് വയസ്സിനും എട്ടു വയസ്സിനുമിടയിലാണ് കുട്ടികൾക്ക് ഭാഷ നന്നായി പഠിക്കാനുള്ള ശേഷിയുണ്ടാകുകയെന്ന് ഗവേഷണങ്ങളെ ഉദ്ധരിച്ച് ദേശീയ വിദ്യാഭ്യാസ നയം പറയുന്നു. അതുകൊണ്ട്, വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘട്ടം മുതൽ മാതൃഭാഷയ്ക്ക് ഊന്നൽ നൽകുന്ന ബഹുഭാഷാ പദ്ധതിയാണ് അഭികാമ്യം.
NCERT നടത്തിയ എട്ടാമത് അഖിലേന്ത്യ സ്‌കൂൾ വിദ്യാഭ്യാസ സർവേയിൽ (AISES) അധ്യയന മാധ്യമത്തെക്കുറിച്ച് കൗതുകകരമായ കണ്ടെത്തലുകളുണ്ട്. ഭൂരിപക്ഷം സ്‌കൂളുകളിലും മാതൃഭാഷ തന്നെ അധ്യയനമാധ്യമമായി തുടരുന്നുവെങ്കിലും 2002- 2009 കാലത്ത് ഈ സ്‌കൂളുകളുടെ എണ്ണം കുറഞ്ഞു. പ്രൈമറി തലത്തിൽ മാതൃഭാഷയിൽ അധ്യയനം നടത്തുന്ന സ്‌കൂളുകൾ 86.62 ശതമാനമായിരുന്നു. മുൻ സർവേയിൽ ഇത് 92.07 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിൽ 87.56 ശതമാനവും നഗരമേഖലയിൽ 80.99 ശതമാനവും സ്‌കൂളുകളിലാണ് മാതൃഭാഷയിൽ അധ്യയനം നടത്തുന്നത്.

ഹിന്ദിയും സംസ്കൃതവും
ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ല എന്ന് NEP-2020 തത്വത്തിൽ പറയുന്നുണ്ടെങ്കിലും ഹിന്ദിയും സംസ്‌കൃതവും ‘സ്വാഭാവിക നിർബന്ധ’ ഭാഷയാകുന്ന സാഹചര്യം പുതിയ നയത്തിലൂടെ രൂപപ്പെട്ടുവരാം. ഹിന്ദിയുടെ മറവിൽ സംസ്‌കൃതത്തെ ‘അനിവാര്യ’ ഭാഷയായി സ്വീകരിക്കേണ്ടിവരും. അതായത്, ഏതെങ്കിലും രണ്ട് ഇന്ത്യൻ ഭാഷകൾ എന്ന വ്യവസ്ഥയിൽ സ്വാഭാവികമായും സംസ്ഥാന ഭാഷയ്ക്കുപുറമേ അഹിന്ദി സംസ്ഥാനങ്ങളിൽ ഹിന്ദിക്കൊപ്പം സംസ്‌കൃതമായിരിക്കും ‘സ്വാഭാവിക’ ചോയ്സ്. ‘രണ്ട് ഇന്ത്യൻ ഭാഷകൾ’ എന്ന വ്യവസ്ഥ സ്വീകരിക്കേണ്ടിവരുമ്പോൾ, അഹിന്ദി സംസ്ഥാനങ്ങളിലും ഒരു ഇന്ത്യൻ ഭാഷ ഹിന്ദിയോ സംസ്കൃതമോ ആയി മാറും.
ത്രിഭാഷാ പദ്ധതിയിൽ ഇതുവരെ ഹിന്ദി സംസ്ഥാനങ്ങളിൽ നടന്നതും ഇതുതന്നെയാണ്. അവർ, മൂന്നാം ഭാഷയായി സംസ്‌കൃതത്തെ ഉൾപ്പെടുത്തി. സംസ്‌കൃതമെടുത്താൽ വാരിക്കോരി മാർക്ക് കിട്ടുമെന്ന ധാരണ സൃഷ്ടിച്ച് അതിലേക്ക് വിദ്യാർത്ഥികളെ ആകർഷിച്ചു. സംസ്‌കൃതത്തിൽ ആവശ്യത്തിന് ജ്ഞാനമില്ലാത്ത തലമുറകൾ, ധാരാളം മാർക്കുമായി പുറത്തിറങ്ങി. അവർക്ക് മറ്റൊരു ഇന്ത്യൻ (ദക്ഷിണേന്ത്യൻ) ഭാഷയും പഠിക്കേണ്ടിവന്നില്ല. അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി നിർബന്ധിത ഭാഷയാകുകയും ചെയ്തു.
മിക്ക സംസ്ഥാനങ്ങളിലും ത്രിഭാഷാ പദ്ധതിയ്ക്കുകീഴിൽ സംസ്‌കൃതത്തിനാണ് മുൻഗണന. ദക്ഷിണേന്ത്യൻ ഭാഷകൾ കടുത്ത അവഗണനയാണ് സർക്കാർ തലത്തതിൽ തന്നെ നേരിടുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളിൽ തമിഴ് ഭാഷാ അധ്യാപകരില്ലെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവന ഇതിനോട് ചേർത്തു കാണണം.
യു.പിയിലെ പ്രധാന ഭാഷയായ ഉറുദുവിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് വിഷം വമിപ്പിക്കുന്നത്.
2011-ലെ സെൻസസ് അനുസരിച്ച് 121 കോടി ജനങ്ങളിൽ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം 43.63 ശതമാനമാണ്. ബീഹാർ, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, യു.പി എന്നിവിടങ്ങളിലാണ് ഹിന്ദി സംസാരിക്കുന്നവർ കൂടുതലുള്ളത്. സംസ്‌കൃതം സംസാരിക്കുന്നവരുടെ എണ്ണം 24,821 ആണ്. ഇത്രയും പേർ മാത്രം സംസാരിക്കുന്ന ഒരു ഭാഷയെയാണ്, സ്കൂളുകളിലെ പ്രധാന ബോധനഭാഷകളിൽ ഒന്നായി ആനയിക്കുന്നത്.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളും ഇതര സംസ്ഥാനങ്ങളും തമ്മിൽ ഭാഷയിൽ നടക്കേണ്ട ആരോഗ്യകരമായ വിനിമയം കൂടി ലക്ഷ്യം വെക്കുന്ന ത്രിഭാഷാ പദ്ധതി, ആ ലക്ഷ്യത്തിലെത്തിയിട്ടില്ല എന്ന് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾ തന്നെ തെളിയിക്കുന്നു. ഈ സംസ്ഥാനങ്ങളിൽ തമിഴ്, തെലുങ്ക്, കർണാടക, മലയാളം തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളൊന്നും അവരുടെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം, ഹിന്ദി ഉൾപ്പെടുത്താൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നിർബന്ധിക്കപ്പെടുകയും ചെയ്യുന്നു.
മുമ്പത്തെ നയങ്ങളിൽ ദക്ഷിണേന്ത്യൻ ഭാഷകൾക്കുണ്ടായിരുന്ന പ്രാധാന്യം പുതിയ നയത്തിൽ നഷ്ടമായി. മാത്രമല്ല, ഹിന്ദിയ്ക്ക് എല്ലാ സംസ്ഥാനങ്ങളിലും മേൽക്കൈയുണ്ടാകുമ്പോൾ അതിന്റെ ഫലം കൊയ്യുക ഹിന്ദി മേഖലയിലെ വിദ്യാർത്ഥികളായിരിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള മത്സരപരീക്ഷകളും പ്രവേശനപരീക്ഷകളുമെല്ലാം ദേശീയതലത്തിൽ ഏകോപിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ പുറന്തള്ളപ്പെടാനും പുതിയ നയം കാരണമാകമെന്ന ആശങ്കയുമുണ്ട്.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ തമിഴ്, തെലുങ്ക്, കർണാടക, മലയാളം തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളൊന്നും അവരുടെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം, ഹിന്ദി ഉൾപ്പെടുത്താൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നിർബന്ധിക്കപ്പെടുകയും ചെയ്യുന്നു.
‘ഹിന്ദി കൊളോണിയലിസം’
ബ്രിട്ടീഷ് കൊളോണിയലിസത്തിനു പകരം ‘ഹിന്ദി കൊളോണിയലിസം’ സമ്മതിക്കില്ലെന്നാണ് എം.കെ. സ്റ്റാലിൻ പറയുന്നത്: ‘‘ചരിത്രം കൃത്യമായി പറയുന്നുണ്ട്, ഇവ രണ്ടും തമിഴ്‌നാടിനുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ശ്രമിച്ചത്''.
‘‘ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പല വിഭാഗങ്ങൾ സംസാരിച്ചിരുന്ന മാതൃഭാഷകൾ നശിച്ചുപോയത് ഹിന്ദിയുടെ അധിനിവേശം മൂലമാണ്. ഭോജ്പുരി, മൈഥിലി, അവധി, ബ്രജ്, ഗഢ്വാളി, കുമയോണി, മാർവാഡി, ഛത്തീസ്ഗഢി, സന്താളി, കുർമാലി തുടങ്ങി 25 ഭാഷകളാണ് ഹിന്ദിയുടെ അധിനിവേശത്തോടെ നാമാവശേഷമായത്. യു.പിയെയും ബീഹാറിനെയും ഹിന്ദി അടിച്ചേൽപ്പിച്ച്, ഹിന്ദി ഹൃദയഭൂമികളാക്കി മാറ്റുകയായിരുന്നു. ഇവിടെയെല്ലാം യഥാർഥ മാതൃഭാഷ മറ്റൊന്നായിരുന്നു’’- സ്റ്റാലിൻ പറയുന്നു.
ദ്വിഭാഷാ നയം കൊണ്ട്
നേട്ടമെന്ന് തമിഴ്നാട്
തമിഴ്‌നാട് 1967 മുതൽ തമിഴ്- ഇംഗ്ലീഷ് ഭാഷകളുള്ള ദ്വിഭാഷാ നയമാണ് പിന്തുടരുന്നത്. ദ്വിഭാഷാ നയത്തെച്ചൊല്ലി ചില അവകാശവാദങ്ങളും സംസ്ഥാനം മുന്നോട്ടുവക്കുന്നുണ്ട്. ഉയർന്ന സാക്ഷരതാ നിരക്കാണ് അതിലൊന്ന്. കൂടാതെ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ എന്റോൾമെന്റ് നിരക്ക് സംസ്ഥാനത്ത് 47 ശതമാനമാണ് (ദേശീയ തലത്തിൽ 28.4 ശതമാനം). മാത്രമല്ല, ദ്വിഭാഷാ പദ്ധതി സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്റെ കരിക്കുലത്തിലും സംസ്ഥാന സർക്കാർ സ്‌കൂളുകളിലും മാത്രമാണ് നിർബന്ധമാക്കിയിരിക്കുന്നതെന്നും തമിഴ്‌നാട് പറയുന്നു.
എന്നാൽ ത്രിഭാഷാ പദ്ധതി നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയോ?.
ബിഹാർ സാക്ഷരത മുതൽ പ്രതിശീർഷ വരുമാനം വരെയുള്ള കാര്യങ്ങളിൽ പുറകിലാണ്. ഗുജറാത്താകട്ടെ, വിദ്യാഭ്യാസത്തിന്റെയും സാമൂഹിക വികാസത്തിന്റെയും കാര്യത്തിൽ, തമിഴ്‌നാടുമായി താരതമ്യപ്പെടുത്തിയാൽ പുറകിലാണ്.
തമിഴ്‌നാട് ഒരു ഭാഷയ്ക്കും എതിരല്ലെന്നും എന്നാൽ ത്രിഭാഷാ പദ്ധതി അടിച്ചേൽപ്പിക്കുന്നതിനെയാണ് എതിർക്കുന്നത് എന്നുമാണ് ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി പറയുന്നത്: ‘‘മറ്റൊരു ഭാഷ പഠിക്കുക എന്നത് വിദ്യാർത്ഥിയുടെ തെരഞ്ഞെടുപ്പാണ്. കുട്ടികൾ മൂന്നോ നാലോ ഭാഷ പഠിക്കണം എന്ന് എന്തിനാണ് നിർബന്ധിക്കുന്നത്? ഫിൻലാന്റിനെപ്പോലെ, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മുന്നിലുള്ള രാജ്യത്തുപോലും രണ്ടിൽ കൂടുതൽ ഭാഷ പഠിക്കാൻ കുട്ടികളെ നിർബന്ധിക്കുന്നില്ല''.
പരാജയപ്പെട്ട ത്രിഭാഷാ പദ്ധതി, വിജയിച്ച ദ്വിഭാഷാ പദ്ധതിയ്ക്കുമേൽ എന്തിന് കെട്ടിയേൽപ്പിക്കുന്നു എന്നാണ് തമിഴ്‌നാട് ഐ.ടി വകുപ്പുമന്ത്രി പളനിവേൽ തൈഗരാജന്റെ ചോദ്യം. യു.പിയും ബിഹാറും പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടാം ഭാഷയായ ഇംഗ്ലീഷ് ശരിയായി പഠിപ്പിച്ചിരുന്നുവെങ്കിൽ ത്രിഭാഷാ പദ്ധതി തന്നെ ആവശ്യമായി വരുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ ത്രിഭാഷാ പദ്ധതിയിൽ ഹിന്ദി ഒരു ഭാഷയായത്, രാജ്യത്തെ മറ്റു ജനങ്ങളുമായുള്ള വിനിമയം സാധ്യമാക്കാനാണ് എന്നായിരുന്നു വിശദീകരണം. അതായത്, ഒരു സമ്പർക്ക ഭാഷയെന്ന നിലയിൽ ഹിന്ദിയെ സ്വീകരിക്കുക. എന്നാൽ, ഇതിനെ തമിഴ്‌നാട് എതിർക്കുന്നു. കാരണം, ഇന്ത്യയിൽ ഹിന്ദിയേക്കാൾ ഇംഗ്ലീഷാണ് സമ്പർക്ക ഭാഷ എന്നാണ് അവരുടെ വാദം. മാത്രമല്ല, സംസ്ഥാനത്ത് ഹിന്ദി പഠിക്കാൻ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയെപ്പോലുള്ള നിരവധി സംവിധാനങ്ങളുണ്ട്, അതിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഹിന്ദി പഠിക്കുന്നുണ്ട്.
ഒരു ജനതയുടെയും അവരുടെ സമൂഹത്തിന്റെയും ഐഡന്റിറ്റിയും സാമൂഹിക പങ്കാളിത്തവുമായി ബന്ധപ്പെട്ടതാണ് ഭാഷാ പ്രശ്‌നം. അതുകൊണ്ട്, ഈ വിഷയത്തെ മുൻനിർത്തിയുള്ള അധികാര ബലപ്രയോഗങ്ങൾ വിനാശകരമായ ഫലങ്ങളാണുണ്ടാക്കുക. ദേശീയ വിദ്യാഭ്യാസ നയങ്ങൾ മുന്നോട്ടുവച്ച ബഹുഭാഷാ സമീപനം, പ്രായോഗികതലത്തിൽ ഭാഷകളുടെ ജനാധിപത്യപരമായ വികാസമോ ബഹുസ്വര ഭാഷാവിനിമയങ്ങളോ സാധ്യമാക്കിയിട്ടില്ല. പകരം, തീവ്ര സാംസ്കാരിക ദേശീയതയുടെ ടൂൾ എന്ന നിലയിൽ ചില ഭാഷകളിൽ ഊന്നുകയാണ് അത് ചെയ്തത്. അതും, പ്രാദേശിക ഭാഷകളെ ഇല്ലാതാക്കിക്കൊണ്ട്. ദേശീയതയെ ആധിപത്യസ്വഭാവത്തിൽ നിർവചിക്കാൻ ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന സമീപനത്തിലേക്കുപോലും ഭാഷാ ബഹുസ്വരതയെ പരിമിതപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നിരിക്കേ, തമിഴ്നാട് നയിക്കുന്ന ഭാഷാ സമരത്തിന് രാഷ്ട്രീയ പ്രസക്തിയേറെയാണ്.