തിരുപ്പതിയിലെ ലഡുവും നായിഡുവിന്റെ മനസ്സിലെ രാഷ്ട്രീയ ലഡുവും

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിനെ മുൻനിർത്തി ആന്ധ്ര​പ്രദേശിൽ നടക്കുന്ന വിവാദത്തിൽ വസ്തുതകളോ രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പാണോ കൂടുതൽ? പലരുടെയും മനസ്സിൽ പൊട്ടാൻ കാത്തിരിക്കുന്ന ആ യഥാർഥ ലഡുവിനുപുറകിൽ എന്താണ്?

News Desk

തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തിൽ കേന്ദ്ര സർക്കാർ കൂടി കക്ഷിയായതോടെ, വിഷയം ആന്ധ്രപ്രദേശിന്റെ പരിധിയും വിട്ടു. കേന്ദ്ര സർക്കാറും തിരുമല തിരുപ്പതി ദേവസ്ഥാനവും (Tirumala Tirupati Devasthanams- TTD) ആരോപണമുന്നയിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പിന്നിൽ അണിനിരക്കുകയും രാഹുൽഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രശ്നത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതോടെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ഒറ്റപ്പെട്ടിരിക്കുകയാണ്. തന്റെ മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന രാഷ്ട്രീയ ലഡു പൊട്ടുന്നതും കാത്തിരിക്കുകയാണ് ചന്ദ്രബാബു നായിഡു എന്നും പറയാം.

‘ഹിന്ദുത്വ ലഡു’വും
റിപ്പോർട്ടിലെ സംശയങ്ങളും

ഗുജറാത്തിലെ ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിനെക്കുറിച്ച് ജഗൻ മോഹൻ സംശയമുന്നയിക്കുന്നുണ്ടെങ്കിലും അവയെ തള്ളിക്കളയാൻ പാകത്തിലുള്ള തെളിവുകൾ ഇപ്പോൾ ജഗന്റെ കൈവശമില്ല. അതേസമയം, ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നത് തമിഴ്നാട്ടിലെ പ്രശസ്തമായ ഡയറിയാണ് എന്നതും ക്ഷേത്രത്തി​ലേക്ക് നൽകുന്ന നെയ്യിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) സർട്ടിഫിക്കേഷൻ ഉണ്ട് എന്നതും ആരോപണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാക്കുന്നുണ്ട്.

ചന്ദ്രബാബു നായിഡു
ചന്ദ്രബാബു നായിഡു

തിരുപ്പതിയിലെ ലഡു ഉണ്ടാക്കാനുപയോഗിച്ച നെയ്യ് പരിശോധിച്ച ഗുജറാത്തി​ലെ ആനന്ദിലുള്ള National Dairy Development Board- ന്റെ (NDDB CALF) ലാബിൽനിന്നുള്ള റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ തെലുങ്കുദേശം പാർട്ടി പുറത്തുവിട്ടത്, ഹിന്ദുത്വ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് റിപ്പോർട്ടിന്റെ വിശ്വാസ്യതയിൽ സംശയമുന്നയിക്കപ്പെട്ടത്.

റിപ്പോർട്ട് അപൂർണമാണെന്നും നെയ്യിൽ മറ്റു വസ്തുക്കൾ കലരാനുള്ള സാധ്യതകളെക്കുറിച്ചുമാത്രമാണ് അതിൽ പറയുന്നത് എന്നും ആരോപണം ശാസ്ത്രീയമായും കൃത്യമായും സ്ഥിരീകരിക്കുന്ന കണ്ടെത്തലുകളില്ലെന്നും പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ കാലത്ത് മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചുവെന്ന ചന്ദ്രബാബു നായിഡു ആരോപണത്തിന് തെളിവെന്ന നിലയ്ക്കാണ് NDDB CALF ലിമിറ്റഡ് ലബോറട്ടറിയുടെ റിപ്പോർട്ട് ടി.ഡി.പി വക്താവ് അന്നം വെങ്കട്ടരമണ റെഡ്ഢി പുറത്തുവിട്ടത്.

തിരുപ്പതി ക്ഷേത്രത്തിൽ ലഡു ഉണ്ടാക്കാനുപയോഗിച്ച നെയ്യ് പരിശോധിച്ച ഗുജറാത്തി​ലെ ആനന്ദിലുള്ള National Dairy Development Board- ന്റെ ലാബിൽനിന്നുള്ള റിപ്പോർട്ടിന്റെ പേജ്, തെലുങ്കുദേശം പാർട്ടി പുറത്തുവിട്ടത്.
തിരുപ്പതി ക്ഷേത്രത്തിൽ ലഡു ഉണ്ടാക്കാനുപയോഗിച്ച നെയ്യ് പരിശോധിച്ച ഗുജറാത്തി​ലെ ആനന്ദിലുള്ള National Dairy Development Board- ന്റെ ലാബിൽനിന്നുള്ള റിപ്പോർട്ടിന്റെ പേജ്, തെലുങ്കുദേശം പാർട്ടി പുറത്തുവിട്ടത്.

ലഡു ഉണ്ടാക്കാനുപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചുവെന്നായിരുന്നു റെഡ്ഢിയുടെ അവകാശവാദം. പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും നെയ്യിൽ കണ്ടെത്തിയെന്നും റെഡ്ഢി പറഞ്ഞു.
എ.ആർ ഡയറിയിൽനിന്നുള്ള പത്ത് ടാങ്കറുകളിൽ നാലെണ്ണമാണ് പരിശോധനക്കയച്ചത്. ഇവയിലാണ് ബീഫ് ടാലോ, മൃഗക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുടെ അംശം കണ്ടെത്തിയതത്രേ. ശുദ്ധമായ പാലിന്റെ എസ് വാല്യു റേഞ്ച് 98.05- 104.32 ആണ് (S-value- പാൽ കൊഴുപ്പിന്റെ ശുദ്ധി അളക്കുന്നതിനുള്ള ഏകകം). എന്നാൽ, പരിശോധിച്ച സാമ്പിളിന്റേത് 19.7 മാത്രമാണെന്നും, എസ്- വാല്യുവിലുള്ള വ്യതിയാനം, ബീഫ് ടാലോ, മത്സ്യ എണ്ണ പോലുള്ള മറ്റുതരത്തിലുള്ള കൊഴുപ്പുകളുടെ സാന്നിധ്യത്തിനുള്ള തെളിവാണെന്നുമായിരുന്നു റെഡ്ഢി പറഞ്ഞത്.

എന്നാൽ, പാൽ ​ശേഖരിക്കുന്ന പശുക്കളുടെ ഇനവും ഓരോ ഇനങ്ങളുടെയും പാലിലുള്ള ഘടകങ്ങളുടെ വ്യതിയാനവും സംസ്കരണത്തെതുടർന്ന് പാലിനുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം തെറ്റായ പൊസിറ്റീവ് റിസൽട്ട് ഉണ്ടാക്കാമെന്നാണ് ചില വിദഗ്ധർ പറയുന്നത്. എസ്. വാല്യുവിലുള്ള വ്യതിയാനവും ഇത്തരം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. റിപ്പോർട്ടിലെ ചില റിസൽട്ടുകൾ, പശുക്കൾക്ക് വേണ്ടത്ര ഭക്ഷണം കിട്ടിയിരുന്നില്ല എന്നതിന്റെ സൂചനയായി എടുക്കാവുന്നതുപോലുമാണെന്ന് ചില വിദഗ്ധർ പറയുന്നു.

നായിഡുവിന്റെ
വർഗീയ ലഡു

ഗുജറാത്തിലെ ലാബിൽ നടന്ന പരിശോധനകൾക്ക് ഇനിയും ശാസ്ത്രീയ സ്ഥിരീകരണം ആവശ്യമാണ്. എന്നാൽ, ജഗൻ മോഹനെ മുൻനിർത്തിയുള്ള നായിഡുവിന്റെ പ്രതികാര- വർഗീയ രാഷ്ട്രീയത്തിന് ഇഷ്ടംപോലെ തെളിവുകൾ ആന്ധ്ര രാഷ്ട്രീയത്തിലുണ്ട്.

സംസ്ഥാനഭരണം തിരിച്ചുപിടിച്ചതുമുതൽ ചന്ദ്രബാബു നായിഡു മുൻ മുഖ്യമന്ത്രി ജഗൻമോഹൻറെഡ്ഢിയെ വെട്ടിലാക്കാനുള്ള വഴികളെക്കുറിച്ച് 'ഗവേഷണം' നടത്തുകയാണെന്ന് പറയാം. ഇതിൽ അവസാനത്തേതാണ് തിരുപ്പതി ലഡു. ജഗനെതിരെ നായിഡുവിന് പ്രയോഗിക്കാനാകുന്ന ഏറ്റവും സ്ഫോടനാത്മകമായ ആയുധം കൂടിയാണ് തിരുപ്പതിയിലെ ലഡു. കാരണം, തിരുപ്പതിയിലെ ലഡുവിൽ കോടിക്കണക്കിന് വിശ്വാസികളുടെ വികാരമധുരം കൂടി അലിഞ്ഞുചേർന്നിട്ടുണ്ട്.

ജഗൻ മോഹൻ റെഡ്ഢി
ജഗൻ മോഹൻ റെഡ്ഢി

ജഗൻ മോഹൻ പിന്തുടരുന്ന ക്രൈസ്തവ വിശ്വാസത്തെ മു​ൻനിർത്തി സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിന് കാലാകാലങ്ങളിൽ ച​ന്ദ്രബാബു നായിഡുവും സഖ്യകക്ഷിയായ ബി.ജെ.പിയും സംഘ്പരിവാറും നീക്കം നടത്തിയിട്ടുണ്ട്. ക്രിസ്തുമത വിശ്വാസത്തെ മുൻനിർത്തി മുമ്പും ജഗൻ മോഹൻ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഢിയെ 'നിങ്ങളുടെ കൈയിൽ ബൈബിളുണ്ട്, നിങ്ങൾ ക്രിസ്ത്യൻ മുഖ്യമന്ത്രിയാണ്' എന്ന് ചന്ദ്രബാബു നായിഡു വർഗീയമായി പരിഹസിച്ചിരുന്നു: ‘‘എന്റെ ഇഷ്ട ദൈവം ലോഡ് വെങ്കടേശ്വരനാണ്. നിങ്ങളുടെ ദൈവം ജീസസ് ക്രൈസ്റ്റും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഡി.ജി.പിയുമെല്ലാം ക്രിസ്ത്യാനികളാണ്’’ എന്നായിരുന്നു നായിഡുവിന്റെ പ്രസ്താവന.
ജഗൻ മോഹന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹത്തിന്റെ അമ്മ വിജയമ്മ ബൈബിൾ കൈവശം വച്ചതിനെയാണ് നായിഡു പരിഹസിച്ചത്. വൈ.എസ്.ആർ കോൺഗ്രസിന്റെ ഭരണത്തിൽ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നും മതംമാറ്റം വ്യാപകമാണെന്നുമൊക്കെ പ്രതിപക്ഷത്തായിരുന്ന നായിഡു സ്ഥിരമായി ആരോപിച്ചിരുന്നു. തന്റെ ചെലവിൽ സംസ്ഥാനത്ത് സ്വാധീനമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളെ പ്രതിരോധിക്കാൻ കൂടിയാണ് നായിഡു വർഗീയക്കാർഡ് എടുത്തത്. മാത്രമല്ല, ടി.ഡി.പി സർക്കാറിന്റെ 100ാം ദിനവുമായി ബന്ധപ്പെട്ട എൻ.ഡി.എ യോഗത്തിലായിരുന്നു നായിഡു ആദ്യമായി ഈ ആരോപണമുന്നയിച്ചത്. ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് കൈവശമുണ്ടായിരിക്കേ, ഒരു രാഷ്ട്രീയവേദിയിലാണ് ആരോപണം നടത്തിയത് എന്നത് ശ്ര​ദ്ധേയമാണ്. നിയമപരമായ നടപടികളേക്കാൾ രാഷ്ട്രീയവിഷയമാക്കി മാറ്റുകയായിരുന്നു നായിഡുവിന്റെ ലക്ഷ്യമെന്ന് വ്യക്തം.

ഇപ്പോഴത്തെ ലഡു വിവാദത്തിലുള്ള സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും അത്യധികമായ ഇടപെടലുകൾ, വിഷയത്തിലുള്ള വർഗീയമായ സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ് എന്ന് വ്യക്തം.

അന്നം വെങ്കട്ടരമണ റെഡ്ഢി
അന്നം വെങ്കട്ടരമണ റെഡ്ഢി

ആരോപണം വിദ്വേഷകരമാണെന്ന് ചൂണ്ടിക്കാട്ടി വൈഎസ്ആർ കോൺഗ്രസ്, ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചു. പരാതി പൊതുതാൽപര്യ ഹർജിയായി നൽകാൻ കോടതി നിർദേശിച്ചിരിക്കുകയാണ്.

100 ദിവസം പിന്നിട്ട ചന്ദ്രബാബു നായിഡുവിന്റെ ഭരണകൂടത്തിന്, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സംഭവിച്ച പരാജയം മറച്ചുവക്കാനാണ് ആരോപണമുന്നയിക്കുന്നതെന്നാണ് ജഗൻ മോഹൻ റെഡ്ഢി പറയുന്നത്. സാമ്പിൾ പരിശോധനയും ഫലവും തെളിവുകളുമെല്ലാം എൻ.ഡി.എ സർക്കാർ സംഘടിപ്പിച്ചതാണെന്ന ആരോപണവും ജഗൻ ഉന്നയിക്കുന്നു.

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിന്റെ പേരിൽ 'നിന്ദ്യമായ രാഷ്ട്രീയ'മാണ് ടി.ഡി.പിയും പ്രതിപക്ഷമായ വൈ.എസ്.ആർ. കോൺഗ്രസും കളിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമിള കുറ്റപ്പെടുത്തി. ലഡുവിൽ മൃഗക്കൊഴുപ്പുണ്ടായിരുന്നുവോ എന്ന് കണ്ടെത്താൻ സി.ബി.ഐ അന്വേഷണവും അവർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയും ആരോപണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രം
ഇടപെടുന്നു

മുമ്പും 'തിരുപ്പതി ബാലാജി'യെ മുൻനിർത്തി വിവാദങ്ങളുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ രണ്ട് പ്രമുഖ നേതാക്കൾ പരസ്പരം ഏറ്റുമുട്ടുന്നത് ഇതാദ്യമായാണ്.
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ കാലത്ത് മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചുവെന്നും എന്നാൽ ഇപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തിൽ അണുവിമുക്ത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എൻ.ഡി.എ നിയമസഭാകക്ഷിയോഗത്തിലാണ് നായിഡു വെളിപ്പെടുത്തിയത്. ഇത് മറ്റു മന്ത്രിമാരും ഏറ്റുപിടിച്ചു. വൈ.എസ്.ആർ. കോൺഗ്രസ് സർക്കാറിന് വിശ്വാസികളുടെ മതവികാരം മാനിക്കാൻ കഴിഞ്ഞില്ലെന്ന് ഐ.ടി മന്ത്രി നാരാ ലോകേഷ് എക്‌സിൽ കുറിച്ചതോടെ വിഷയം വർഗീയമായ തലത്തിലേക്ക് മാറി.

ആറു മാസം കൂടുമ്പോൾ ടെണ്ടർ ക്ഷണിച്ചാണ് തിരുമല തിരുപ്പതി ദേവസ്വം നെയ്യ് വാങ്ങുന്നത്. തമിഴ്നാട്ടിലുള്ള AR Dairy Food Private Limited എന്ന കമ്പനിയാണ് കഴിഞ്ഞ മെയ് മുതൽ ക്ഷേത്രത്തിലേക്ക് നെയ്യ് നൽകുന്നത്. ലഡു ഉണ്ടാക്കാനുള്ള നെയ്യിന്റെ ഗുണനിലവാരത്തിൽ സംശയം തോന്നിയതിനെതുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ഗുജറാത്തിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചതെന്ന് തിരുമല തിരുപ്പതി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ജെ. സത്യമാല റാവു പറയുന്നു. വളരെ കുറഞ്ഞ വിലയ്ക്കാണ് തമിഴ്‌നാട്ടിലെ എ.ആർ ഡയറിയിൽനിന്ന് നെയ്യ് വിതരണം ചെയ്തിരുന്നത്. ഇതും സംശയത്തിനിടയാക്കിയത്രേ.

തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിരുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷന്‍ ആണ്. ഇവര്‍ നന്ദിനി നെയ്യിന്റെ വില ഉയര്‍ത്തിയതിനെതുടര്‍ന്നാണ് തമിഴ്‌നാട്ടിലെ എ.ആര്‍ ഡയറിക്ക് കുറഞ്ഞ വിലയ്ക്ക് ടെന്‍ഡര്‍ ലഭിച്ചത്. കിലോയ്ക്ക് 320 രൂപക്കാണ് എ.ആര്‍ ഡയറി നെയ്യ് നല്‍കിയിരുന്നത്. നന്ദനി നെയ്യിന്റെ വില 470 രൂപയായിരുന്നു.

ലാബ് റിപ്പോർട്ടിനെതുടർന്ന് എ.ആർ ഡയറിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തതായും സത്യമാല റാവു അറിയിച്ചു. ഇത്തരം പരിശോധനക്കാവശ്യമായ ലാബ് തിരുപ്പതി ക്ഷേത്രത്തിൽ ഇല്ലാത്തതാണ് വിതരണക്കാർ മുതലെടുത്തതതെന്ന് സത്യമാല റാവു ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ലാബ് 75 ലക്ഷം രൂപ വില വരുന്ന നെയ്യ് പരിശോധനാ ഉപകരണം ക്ഷേത്രത്തിന് സംഭാവന ചെയ്യാൻ തയാറായിട്ടുണ്ടെന്നും ഇതോടെ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നെയ്യ് വിതരണത്തിനുള്ള ടെണ്ടറിലെ വ്യവസ്ഥ പാലിച്ചില്ലെന്ന സംശയവും ഇതിനിടെ ഉയർന്നിട്ടുണ്ട്. ടെന്‍ഡര്‍ രേഖകളിലെ 80-ാം ക്ലോസിലുള്ളത്, ഓരോ തവണ നെയ്യ് നല്‍കുമ്പോഴും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ളതും എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ളതുമായ ലാബിന്റെ സര്‍ട്ടിഫിക്കറ്റ് കമ്പനി ക്ഷേത്രത്തിന് നൽകണം. ക്ലോസ് 81 പറയുന്നത്, തിരുമല തിരുപ്പതി ദേവസ്ഥാനം ഓരോ തവണയും സാമ്പിളുകള്‍ കൃത്യമായി ലാബ് ടെസ്റ്റിന് അയക്കണമെന്നാണ്. ഈ വ്യവസ്ഥ പാലിക്കപ്പെട്ടിരുന്നുവെങ്കിൽ, 2023 ആഗസ്റ്റിനും 2024 ജൂലൈക്കുമിടയിൽ വിതരണം ചെയ്ത നെയ്യിലുണ്ടായിരുന്നതായി പറയുന്ന മൃഗക്കൊഴുപ്പ് കണ്ടെത്താനാകുമായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.

വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ വ്യക്തമാക്കി. സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും നദ്ദ പറഞ്ഞു.

അതിനിടെ, ക്ഷേത്രത്തിന് നൽകിയ നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെറ്റാണെന്നും സർക്കാർഅംഗീകൃത ലാബുകളിലെ പരിശോധനയ്ക്ക് ശേഷമാണു നെയ്യ് കൈമാറിയതെന്നും ഏതന്വേഷണം നേരിടാനും തയാറെന്നും AR Dairy Food Private Limited വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യുന്ന നെയ്യിന് എഫ്.എസ്.എസ്.എ.ഐയുടെ സർട്ടിഫിക്കറ്റുണ്ടെന്ന് എ.ആർ. ഡയറിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം വ്യക്തമാക്കി. നിശ്ചിത ഇടവേളകളിൽ നെയ്യിന്റെ സാമ്പിൾ എഫ്.എസ്.എസ്.എ.ഐ അധികൃതർ പരിശോധിക്കാറുണ്ട്.

ആരോപണത്തിൽ വിശദീകരണവുമായി പാൽ ഉൽപാദക കമ്പനിയായ അമുലും രംഗത്തെത്തി: ‘‘തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്ക് നെയ് വിതരണം ചെയ്യുന്നത് അമുൽ ആണെന്ന് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടു. ഞങ്ങൾ ഇതുവരെ ക്ഷേത്രത്തിലേക്ക് നെയ് വിതരണം ചെയ്തിട്ടില്ല’’, അമുൽ പ്രസ്താവനയിൽ പറയുന്നു.

പാൽ ​ശേഖരിക്കുന്ന പശുക്കളുടെ ഇനവും ഓരോ ഇനങ്ങളുടെയും പാലിലുള്ള ഘടകങ്ങളുടെ വ്യതിയാനവും സംസ്കരണത്തെതുടർന്ന് പാലിനുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം നെയ്യിന്റെ ഗുണനിലവാരത്തെ സ്വാധീനിച്ചേക്കാം എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടിലെ ഭാഗം.
പാൽ ​ശേഖരിക്കുന്ന പശുക്കളുടെ ഇനവും ഓരോ ഇനങ്ങളുടെയും പാലിലുള്ള ഘടകങ്ങളുടെ വ്യതിയാനവും സംസ്കരണത്തെതുടർന്ന് പാലിനുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം നെയ്യിന്റെ ഗുണനിലവാരത്തെ സ്വാധീനിച്ചേക്കാം എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടിലെ ഭാഗം.

വർഷം 500 കോടിയുടെ ലഡു

1715-ലാണ് ലഡു തിരുപ്പതിയിൽ പ്രസാദമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു പ്രത്യേക വിഭാഗക്കാരാണ് ലഡു ഉണ്ടാക്കുന്നത്. ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഒരു ലഡു സൗജന്യമായി ലഭിക്കും. 175 ഗ്രാം തൂക്കമുള്ള ഒരു ലഡുവിന് 50 രൂപ നിരക്കിൽ കൂടുതൽ വാങ്ങുകയുമാകാം. ഒരു ദിവസം മൂന്നു ലക്ഷം ലഡുവാണ് തയാറാക്കുനത്. വർഷം ലഡു വിൽപ്പനയിൽനിന്ന് 500 കോടി രൂപയാണ് ലഭിക്കുന്നത്. 2014-ൽ തിരുപ്പതി ലഡുവിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

ഒരു വർഷം അഞ്ചു ലക്ഷം കിലോ നെയ്യാണ് ഉപയോഗിക്കുന്നത്, മാസം 42,000 കിലോഗ്രാം. പയർ, കശുവണ്ടി, ഏലം, നെയ്യ്, പഞ്ചസാര, പഞ്ചസാര മിഠായി, ഉണക്കമുന്തിരി എന്നിവയാണ് ലഡുവിന്റെ കൂട്ട്.

Comments