ഒറ്റ വെടിക്ക് ഇസ്ലാമിനെയും കമ്യൂണിസത്തെയും ഉന്നം വെക്കുന്ന വമ്പൻ ചതിക്കുഴിയാണിത്- എം.ടി. അൻസാരി

ഇപ്പോഴും അവശേഷിക്കുന്ന ചോദ്യമിതാണ്: ഈ ഒരു സവിശേഷ സാഹചര്യത്തെ ‘നമ്മൾ' എങ്ങനെ കൈകാര്യം ചെയ്യണം? ഒരു അസ്വസ്ഥമായ രാഷ്ട്രത്തെ താങ്ങാനും കരകേറ്റാനുമുള്ള ഭാരം കൂടി പേറുന്ന ഭ്രമാത്മക ഭൂതമായി ഇനിയും ഇന്ത്യൻ മുസ്​ലിം തുടരണമോ?

Truecopy Webzine

ലബാർ കലാപത്തിലെ രക്തസാക്ഷികളെ പുറംതള്ളുന്നത്, കേരളത്തിലെ ദ്വിവിജയികളായ സി.പി.എം. ഗവണ്മെന്റിനെ ഒന്നുകിൽ നിസ്സംഗത അഭിനയിക്കുക, അല്ലെങ്കിൽ ഹിന്ദുത്വ നയങ്ങൾക്കെതിരായി മതേതര വാദങ്ങൾ പൊക്കി പിടിക്കുക എന്ന ഇരട്ടക്കെണിയിൽ വീഴിക്കുന്ന കൗടില്യതന്ത്രമാണെന്ന് എഴുത്തുകാരനും ഗവേഷകനുമായ എം.ടി. അൻസാരി. ഒറ്റ വെടിക്ക് ഇസ്ലാമിനെയും കമ്യൂണിസത്തെയും ഉന്നം വെക്കുന്ന വമ്പൻ ചതിക്കുഴിയാണ് ഒരുക്കിയിരിക്കുന്നതെന്ന് നാം കാണാതെ പോകരുത്; ബോണസ് എന്ന പോലെ ചില ക്രൈസ്തവവിഭാഗങ്ങളെയെങ്കിലും ഇളക്കാനും ഇക്കിളിപ്പെടുത്താനും പറ്റുകയും ചെയ്തു. ഇത്തരുണത്തിൽ, ശബരിമല കോലാഹലത്തിന്റെ അലയൊലികൾ സംസ്ഥാനത്ത് ഇനിയും കെട്ടടങ്ങിയിട്ടില്ല എന്ന് ഓർമ്മിക്കുന്നതും നന്നായിരിക്കും- ട്രൂ കോപ്പി വെബ്സീനിൽ അദ്ദേഹം എഴുതുന്നു.

‘താലിബാൻ മനോഭാവത്തിന്റെ ആദ്യ രൂപം' എന്ന് നേരത്തെ ബി.ജെ.പി. നേതാവ് രാം മാധവ് മലബാർ കലാപത്തെ മുദ്ര കുത്തിയിരുന്നു. ഹിന്ദുക്കളുടെ കൂട്ടക്കൊല എന്നാണ് ലഹളയെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിശേഷിപ്പിച്ചത്. കേരള ഗവൺമെന്റ് ആദ്യം (1971-ൽ) അവരെ രക്തസാക്ഷികളായി അംഗീകരിച്ചിരുന്നു, പിന്നീട് 1975-ൽ പിൻവലിച്ചു എന്നും മുരളീധരൻ പറഞ്ഞു: ‘‘സംസ്ഥാന ഗവണ്മെൻറ്​ അംഗീകരിക്കാത്തവരെ ഐ.സി.എച്ച്.ആർ. എന്തിന് അംഗീകരിക്കണം? 1975-ൽ കേരള സംസ്ഥാന ഗവണ്മെൻറ്​ പുറത്തിറക്കിയ Who is Who of Freedom Fighters in Kerala എന്ന പുസ്തകത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനിയായി ഉൾപ്പെടുത്തിയിട്ടില്ല. അന്നത്തെ മുഖ്യമന്ത്രി സി. അച്യുത മേനോൻ ആണ് പുസ്തകത്തിന്റെ ആമുഖം എഴുതിയത്’’ എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

മലബാർ കലാപത്തിലെ 387 രക്തസാക്ഷികൾ അകത്തോ പുറത്തോ എന്ന പുകമറയ്ക്കുള്ളിൽ ശക്തമായ അണിയറനീക്കങ്ങൾ നടക്കുന്നുണ്ട് എന്ന് വ്യക്തമാണ്. പക്ഷെ, മറ നീക്കി പുറത്തു വരുന്ന നീക്കങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും ഇന്നും അതിശയിക്കുന്നതാണ് അതിലേറെ അതിശയം. വീണ്ടും ജനിച്ച ഗവൺമെന്റിനാൽ നിയമിക്കപ്പെട്ട ഐ.സി.എച്ച്.ആർ. സമിതി അവർ വരച്ച വരയിലൂടെ നടക്കുന്നത് മനസിലാക്കാവുന്നതല്ലേയുള്ളൂ. എന്നുമാത്രമല്ല, ബി.ജെ.പി. തങ്ങളുടെ വലയും കൊയ്ത്തും പെരുകിക്കാനായി കലക്ക വെള്ളത്തിൽ മീൻ പിടിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. എന്നാൽ, ഇതിലെ വൈപരീത്യം ഇനിയും മറച്ചു പിടിക്കാനാവില്ല: ബീഫ് കയ്യിൽ വെച്ചു എന്ന ആരോപണത്തിന്റെ മാത്രം പേരിൽ ഒരു മുസ്‌ലിമിനെ, നേതാക്കളുടെ മൗനസമ്മതത്തോടെ, പലപ്പോഴും ഒത്താശയോടെ തന്നെ, അവരുടെ പാർട്ടിക്കാരിൽ ഒരാൾ തല്ലിക്കൊല്ലുമ്പോൾ, അത് ഒറ്റപ്പെട്ട സംഭവമെന്ന പേരിൽ പാർട്ടിയെ ബാധിക്കുന്നില്ല, ദേശീയ നേതാക്കൾ പോലും അപലപിക്കുന്നില്ല. എന്നാൽ ഒരു സാധാരണ മുസ്‌ലിം, ഒറ്റക്കോ കൂട്ടം ചേർന്നോ, പ്രാദേശിക- ദേശീയ- അന്തർദേശീയ തലങ്ങളിൽ, ചെയ്തതോ ചെയ്യുന്നതോ, രാഷ്ട്രത്തെ പിളർത്തുന്ന പാപമായി മൊത്തം സമുദായത്തിന്റെ തലയിൽ കെട്ടിവെയ്ക്കുന്നു, ദയനീയമായ അടിയറവ് ആവശ്യപ്പെടുന്നു. കാരണം, ചരിത്രപരമായ മറവിരോഗവും രാഷ്ട്രീയ താല്പര്യങ്ങളും ചേർന്ന്, മറാത്താ ഭരണപ്രവിശ്യയുടെ വികാസത്തിന് ശിവാജി ചെയ്തതെല്ലാം സാധുവും, മുഗൾ ഭരണപ്രവിശ്യയുടെ വികസനത്തിന് ഔറംഗസേബ് ചെയ്തതെല്ലാം അസാധുവും ആക്കി മാറ്റുന്ന വിരോധാഭാസം തന്നെയാണ് ഇതിനും പിന്നിലുള്ളത്.

1920 വരെ വ്യത്യസ്ത സമുദായങ്ങൾ തമ്മിൽ നിലനിന്നിരുന്ന സാമൂഹികവും സാംസ്‌കാരികവും, മതപരവുമായ കൊടുക്കൽവാങ്ങലുകളുടെ കടയ്ക്കൽ കത്തി വെച്ചു എന്നതാണ് കോൺഗ്രസിന്റെ ഖിലാഫത് തന്ത്രത്തിന്റെ യഥാർത്ഥ പരിണിതഫലം. ഇത്തരം തന്ത്രങ്ങളുടെ തുടർച്ചയെന്നോണം, 1990 ആഗസ്റ്റ് 7-ന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള നീക്കമാണ് മന്ദിർ കോലാഹലം ആളിക്കത്തിച്ചതിന്റെ ഒരു നിർണായക കാരണമെന്ന് ഇതിനകം നിരവധി പേർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ ധ്രുവീകരണത്തിന്റെ വിതയും കൊയ്ത്തും ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, അതിലേറെ പേടിപ്പെടുത്തുന്നത് ചരിത്രപരമായ തെളിവുകളുടെ കരുതിക്കൂട്ടിയുള്ള സ്ഥാനഭ്രംശനവും ചില രാഷ്ട്രീയ വിശ്വാസങ്ങളുടെ കരുതിക്കൂട്ടിയുള്ള സ്ഥാനപ്പെടുത്തലും ആണ്.

ഏതു കഥയ്ക്കും പല വശങ്ങളുണ്ടെന്നും, ഓരോ കഥയ്ക്കും പല കഥകളുണ്ടെന്നും, അതുകൊണ്ടുതന്നെ ഒരു കഥയ്ക്കു മാത്രമായി ഇനി നിലനില്പില്ലെന്നും, അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന കഥയിലെ കഥയില്ലായ്മയും - അത് ദേശസ്നേഹത്തെ ചൊല്ലിയായാൽ പോലും - നാം എന്ന ജനതയ്ക്കറിയുന്നതാണ്. സവർക്കറുടെ തന്നെ രചനകൾ ഇതിന്റെ തെളിവാണ്. ആരാണ് മാപ്പ് പറഞ്ഞതെന്നും, അതുതന്നെ ഒരു തന്ത്രമായിരുന്നോ എന്നും മറ്റും തർക്കിക്കുന്നത് വെറും പാഴ് വേലയായിരിക്കും. സവർക്കർ തന്റെ കല്പിത പ്രതിയോഗികളോട്, മുസ്‌ലിംകളും ബ്രിട്ടീഷുകാരും ഉൾപ്പടെ, അടഞ്ഞ മനഃസ്ഥിതിയല്ല വെച്ച് പുലർത്തിയിരുന്നത്, മറിച്ച് അവരിൽ നിന്ന് പഠിക്കാൻ തയ്യാറായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. പരക്കെ അറിയുന്നതുപോലെ, ഹിന്ദുത്വക്ക് വേണ്ടി സവർക്കർ ഹൈന്ദവതയെയും ശാശ്വതമായ ഭാരതീയ നാഗരികതയെയും തള്ളിപ്പറയുക വരെ ചെയ്തിരുന്നു. തീർച്ചയായും, നാഗരികത്വം, നിർവചന പ്രകാരം, അനേകം സംസ്‌കാരങ്ങളെ ഉൾക്കൊള്ളുന്നതാണ്; മാപ്പിളമാർ ഏറിയകൂറും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ദേശവാസികളായ കീഴാളവർഗ്ഗത്തിൽ നിന്ന് മതം മാറിയവരുടെ വംശജരാണെന്നു മുമ്പേ തന്നെ സവർക്കർ ചൂണ്ടിക്കാണിച്ചതും ഇതുകൊണ്ടാവാം. അന്ന് ലഭ്യമായിരുന്ന ബൗദ്ധികവും സാമൂഹിക-സാംസ്‌കാരികവുമായ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്, സവർക്കർ, എല്ലാ മനുഷ്യസഹജമായ അഭിവാഞ്ഛകളുടെയും അന്തിമരൂപം രാഷ്ട്രമാണ് എന്ന തീർപ്പിലെത്തിയതെന്ന് ഒരാൾക്ക് വാദിക്കാൻ കഴിഞ്ഞേക്കും. ഒരു സാർവത്രിക ഹിന്ദു ഇന്ത്യൻ വിഷയിയെ നിർമിച്ചെടുക്കാനുള്ള ഈ പ്രക്രിയയിൽ ഇന്ത്യൻ മുസ്‌ലിംകളെ പോലും അനുകരിക്കേണ്ടതിന്റെ രാഷ്ട്രീയ ആവശ്യകത തിരിച്ചറിയാൻ തക്ക രാഷ്ട്രീയ വിവേകം സവർക്കറിനുണ്ടായിരുന്നു എന്ന് കാണാതെ പോകരുത്.

CAA, NRC, NPR തുടങ്ങി എന്തൊക്കെ കൊണ്ടുവന്നാലും, ഭരണസൗകര്യത്തിന്റെ പേരിൽ, ദേശീയവും അന്തർദേശീയവുമായ സമ്മർദ്ദങ്ങൾ കാരണം, ഗ്രാമങ്ങളുടെയും സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും വരെ അതിരുകൾ മാറ്റിവരയ്ക്കാമെങ്കിൽ, അതിഗംഭീരമായ ദേശീയ ആഖ്യാനങ്ങളുടെ വിമർശനം ആന്തരികമായി ഉയർത്തികൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ജനനം ഇന്ത്യക്ക് വെളിയിലാണെങ്കിലും, ഒരു വിനോദസഞ്ചാരിയായി പോലും ഇന്ത്യയിൽ വന്നിട്ടില്ലെങ്കിലും, ഒരു ഹിന്ദു എപ്പോഴും ഇന്ത്യൻ ആവുകയും, ജന്മാന്തരങ്ങളായി ഇവിടെയുള്ള ഹൈന്ദവ സമുദായങ്ങൾ വിദേശികളാവുകയും ചെയ്യുന്ന വൈപരീത്യമുണ്ട്. സവർക്കറിന്റെ അടിസ്ഥാന പ്രമാണങ്ങൾക്കെതിരല്ലേ ഈ പരികല്പന എന്ന് നമ്മൾ ചിന്തിച്ചുപോകും. എന്തെന്നാൽ, സവർക്കർ, ഭഗത് സിങ്ങിന് വിപരീതമായ, വ്യത്യസ്ത ധാരയിലുള്ള, എന്തിന്, ഇന്ന് കൊണ്ടാടുന്ന താലിബാൻ മനോഭാവം എന്നുപോലും മുദ്ര കുത്തപ്പെടാവുന്ന തരത്തിലുള്ള ഒരു തീവ്രദേശീയവാദി കൂടിയായിരുന്നു!

നിലനിൽക്കുന്ന ജാതിവാഴ്ചയുടെ അശുദ്ധി മൂടിവെച്ചുകൊണ്ട് ഐക്യ ഇന്ത്യ കെട്ടിപ്പെടുക്കാൻ പൈശാചികവത്കരണത്തിലൂടെ മുസ്‌ലിംകളെ തീറ്റയാക്കിയത് സവർക്കറിന്റെ ധർമചിന്തയുടെ ദാരുണവശമാണ്. ഇത്തരത്തിൽ, സവർക്കർ തുറന്നുകാണിക്കുകയും അംബേദ്കർ സൈദ്ധാന്തികവത്കരിക്കുകയും ചെയ്ത ഹൈന്ദവതയുടെ ദുർഗതികൾ, ഇന്ത്യൻ രാഷ്ട്രത്തെ വളഞ്ഞിട്ടാക്രമിക്കുന്നത് തുടരുകയാണെങ്കിൽ, ഇന്ത്യൻ മുസ്‌ലിംകൾ, വൈമനസ്യത്തോടെയെങ്കിലും, പക്വതയെത്താൻ കാത്തിരിക്കുന്ന രാഷ്ട്രത്തിനു വേണ്ടി ബലിയാടാവാൻ, അല്ലെങ്കിൽ ഒഴിയാബാധയാകാൻ, ഇനിയും തയ്യാറാണ്. സകല കക്ഷികളും സമ്മതിച്ചു തരുന്ന ഒരു കാര്യമെങ്കിലുമുണ്ട്: ഉൾച്ചേർന്ന വൈവിധ്യങ്ങളോട് കൂടിത്തന്നെ മുസ്‌ലിംകൾ ജനസംഖ്യാനുസരണം സമകാലീന ഇന്ത്യയുടെ ഭൂരിപക്ഷ ന്യൂനപക്ഷമായി ഇന്ന് നിലകൊള്ളുന്നു. ഇപ്പോഴും അവശേഷിക്കുന്ന ചോദ്യമിതാണ്: ഈ ഒരു സവിശേഷ സാഹചര്യത്തെ ‘നമ്മൾ' എങ്ങനെ കൈകാര്യം ചെയ്യണം? ഒരു അസ്വസ്ഥമായ രാഷ്ട്രത്തെ താങ്ങാനും കരകേറ്റാനുമുള്ള ഭാരം കൂടി പേറുന്ന ഭ്രമാത്മക ഭൂതമായി ഇനിയും ഇന്ത്യൻ മുസ്‌ലിം തുടരണമോ? ആ തുടർച്ച ഭൂരിപക്ഷത്തിനും ഭൂരിഭാഗ ന്യൂനപക്ഷത്തിനും അന്യൂനവും ബഹുമുഖവുമായ ചെറിയ ന്യൂനപക്ഷങ്ങൾക്കും എങ്ങനെ അനിവാര്യമാണെന്ന കാര്യത്തിലെങ്കിലും നമുക്കെല്ലാവർക്കും ഒന്ന് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ- അൻസാരി എഴുതുന്നു.

2021-ൽ 1921
എം.ടി. അൻസാരി എഴുതിയ ലേഖനം സൗജന്യമായി വായിക്കാം, കേൾക്കാം;
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 43

Comments