Photo: Wikimedia Commons

കേന്ദ്രനയങ്ങൾക്കെതിരെ വീണ്ടും സമരം; 12 ആവശ്യങ്ങളുമായി കർഷക തൊഴിലാളി സംഘടനകൾ

നരേന്ദ്ര മോദി സർക്കാരിൻെറ നേതൃത്വത്തിൽ രാജ്യത്ത് നടപ്പിലാക്കുന്ന കർഷക - തൊഴിലാളി വിരുദ്ധ സമരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സംയുക്ത സമരസമിതി. 2020-ൽ രാജ്യം കണ്ട ഐതിഹാസിക കർഷക-തൊഴിലാളി സമരത്തിൻെറ ഓർമ പുതുക്കി കൊണ്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

News Desk

കേന്ദ്ര സർക്കാരിൻെറ കാർഷിക, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വീണ്ടും പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന കർഷക സംഘടനകളും തൊഴിലാളി സംഘടനകളും. ഇതിൻെറ ഭാഗമായി ഇന്ന് (നവംബർ 26) രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ് സംയുക്ത കിസാൻ മോർച്ച (എസ്കെഎം), കേന്ദ്ര ട്രേഡ് യൂണിയനുകൾ (സിടിയു), സ്വതന്ത്ര സെക്ടറൽ ഫെഡറേഷനുകൾ എന്നിവയുടെ സംയുക്ത വേദി. 2020-ൽ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കാനായി ലക്ഷ്യമിട്ടിരുന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയും തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെയും പാർലമെൻറിലേക്ക് മാർച്ച് നടത്തിക്കൊണ്ട് കർഷകരും തൊഴിലാളികളും ഐതിഹാസിക സമരം തുടങ്ങിയ അതേ ദിവസമാണ് ഇപ്പോഴത്തെ പ്രതിഷേധമെന്ന പ്രത്യേകത കൂടിയുണ്ട്. കോർപ്പറേറ്റുകളെ വഴിവിട്ട് സഹായിച്ചുകൊണ്ട് അടിസ്ഥാന ജനവിഭാഗത്തെ പ്രതിസന്ധിയിലാക്കുന്ന മൂന്നാം മോദി സർക്കാരിൻെറ നയങ്ങളോടുള്ള പ്രതിഷേധത്തിൻെറ ഭാഗമാണ് തങ്ങളുടെ സമരമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയ കത്തിൽ സംഘടനകൾ വ്യക്തമാക്കുന്നു.

വിലക്കയറ്റം രൂക്ഷമായതിനൊപ്പം കർഷകരുടെ ഉൽപ്പാദനച്ചെലവും വർധിച്ചിരിക്കുകയാണ്. ഓരോ വർഷവും 12 മുതൽ 15 ശതമാനം വരെയാണ് വിലക്കയറ്റം ഉണ്ടാവുന്നത്. ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ പദ്ധതിയിലൂടെ കൃഷി സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി കോർപ്പറേറ്റുകളെ കൂട്ടുപിടിക്കുന്നു. കരാർ കൃഷിക്കും മറ്റുമുള്ള ശ്രമങ്ങൾ ഇപ്പോഴേ ആരംഭിച്ചിട്ടുണ്ട്. കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടലുകളൊന്നും ഉണ്ടാവുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം കർഷകർ കടക്കെണിയിലാണ്. വിളകൾക്ക് കൃത്യമായി സംഭരണവില ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യവൽക്കരിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കർഷകർക്കും തൊഴിലാളിക സംഘടനകൾക്കും നേരത്തെ നൽകിയ ഉറപ്പുകളെല്ലാം പാലിക്കപ്പെടാതെ പോവുകയാണ്. ഈ അനീതികൾക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് സംഘടനകൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പ്രധാനമായും 12 ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സംഘടനകൾ സമരം നടത്തുന്നത്:

  1. MSP@C2+50% എന്ന നിലയിൽ എല്ലാ വിളകൾക്കും നിയമപരമായി സംഭരണവില ഉറപ്പാക്കുക.

  2. നാല് ലേബർ കോഡുകൾ റദ്ദാക്കുക; തൊഴിൽ കരാറോ ഔട്ട്സോഴ്സിംഗോ പാടില്ല.

  3. ദേശീയ മിനിമം വേതനമെന്നത് 26000 രൂപയായി (മാസത്തിൽ) പ്രഖ്യാപിക്കുക. പ്രതിമാസം 10000 രൂപ പെൻഷൻ നൽകുക. ഇത് കൂടാതെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ഉറപ്പാക്കുക. സംഘടിത, അസംഘടിത, സ്കീം തൊഴിലാളികൾ, കരാർ തൊഴിലാളികൾ, കാർഷിക മേഖല എന്നിവയുൾപ്പെടെ എല്ലാ തൊഴിലാളികൾക്കും മേൽപറഞ്ഞ ആനുകൂല്യങ്ങൾ ലഭ്യമാക്കണം.

  4. കർഷകർക്കും തൊഴിലാളികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പാ സൗകര്യം ഉറപ്പാക്കുക. കർ‍ഷകരുടെയും തൊഴിലാളികളുടെയും വൻതോതിലുള്ള കടബാധ്യതകൾ ഇല്ലാതാക്കാൻ വായ്പ എഴുതിത്തള്ളൽ പ്രോത്സാഹിപ്പിക്കുക.

  5. പ്രതിരോധം, റെയിൽവേ, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി മേഖല എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പൊതു സേവനങ്ങളുടെയും സ്വകാര്യവൽക്കരണം പാടില്ല. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ (NMP) ഒഴിവാക്കുക. ഗാർഹിക ഉപയോക്താക്കൾക്കും കടകൾക്കും 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും കാർഷിക പമ്പുകൾക്ക് സൗജന്യ വൈദ്യുതിയും ഉറപ്പ് നൽകുക.

  6. കാർഷിക മേഖലയെ സ്വകാര്യവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ ബഹുരാഷ്ട്ര കമ്പനികളുടെ സഹായത്തോടെ നടപ്പാക്കാൻ പോവുന്ന ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ (DAM) പൂർണമായും ഉപേക്ഷിക്കുക. സംസ്ഥാന സർക്കാരുടെ അവകാശങ്ങളിൽ കടന്നുകയറാതിരിക്കുക.

  7. അനിയന്ത്രിതമായി ഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക. LARR നിയമം 2013, FRA എന്നിവ നടപ്പിലാക്കുക.

  8. എല്ലാവർക്കും തൊഴിലും തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കുക. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 200 ദിവസം തൊഴിലും 600 രൂപ വേതനവും നൽകുക. മുടങ്ങിക്കിടക്കുന്ന വേതനം നൽകുക. പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കുക. മുടങ്ങിയ വേതനം ഉടൻ നൽകുക.

  9. വിളകൾക്കും കന്നുകാലികൾക്കുമുള്ള സമഗ്ര പൊതുമേഖലാ ഇൻഷുറൻസ് പദ്ധതിയും വിള ഇൻഷുറൻസുമടക്കമുള്ള എല്ലാ പദ്ധതികളും പാട്ട കർഷകർക്കും ഉറപ്പ് വരുത്തുക.

  10. വിലക്കയറ്റം തടയുക. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക. പൊതു ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും എല്ലാവർക്കും ഉറപ്പാക്കുക. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ ഉറപ്പാക്കുക. അതിസമ്പന്നർക്ക് വിഭവങ്ങൾക്ക് നികുതി ചുമത്തുക.

  11. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് കൊണ്ട് സമൂഹത്തിലെ സാമുദായിക വിഭജനം തടയാൻ കർശന നിയമങ്ങൾ നടപ്പിലാക്കുക.

  12. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ശക്തമായ നടപടികളെടുക്കുക. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉൾപ്പെടെ എല്ലാ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും നേരെയുള്ള അക്രമവും സാമൂഹിക അടിച്ചമർത്തലും ജാതി-വർഗീയ വിവേചനവും ഇല്ലാതാക്കുക.

Comments