ദീപ്ഷിത, കല്യാൺ ബാനർജീ

സെറാംപുർ നാലാം തവണയും തൃണമൂലിന്, ദീപ്ഷിത പൊരുതിത്തോറ്റു

സെറാംപുരിൽ ബി ജെ പിയുടെ കബീർശങ്കർ ബോസിനെയും ‘ഇന്ത്യ’ സഖ്യ സ്ഥാനാർത്ഥി ദീപ്ഷിത ധറിനെയും തോൽപ്പിച്ച് തൃണമൂൽ കോൺഗ്രസിന്റെ കല്യാൺ ബാനർജി നാലാം വട്ടവും പാർലമന്റിലേക്ക്.

Election Desk

ബംഗാളിലെ സെറാംപുരിൽ ബി ജെ പിയുടെ കബീർശങ്കർ ബോസിനെയും ‘ഇന്ത്യ’ സഖ്യ സ്ഥാനാർത്ഥി ദീപ്ഷിത ധറിനെയും തോൽപ്പിച്ച് തൃണമൂൽ കോൺഗ്രസിന്റെ കല്യാൺ ബാനർജി പാർലമെന്റിലേക്ക്. തൃണമൂലിന്റെ മുതിർന്ന നേതാവും മമതാ ബാനർജിയുടെ വിശ്വസ്തനുമായ കല്യാണിന്റെ മകളുടെ മുൻ ഭർത്താവാണ് ബി ജെ പി സ്ഥാനാർത്ഥി കബീർ ശങ്കർ ബോസ്.

2009 മുതൽ കല്യാണാണ് ഇവിടെനിന്ന് തുടർച്ചയായി ജയിക്കുന്നത്.

2019- ൽ 6,37,707 വോട്ടും 45 ശതമാനം വോട്ടുവിഹിതവും നേടിയാണ് കല്യാൺ ബാനർജി ബി ജെ പിയുടെ ദെബ്ജിത് സർക്കാറിനെ തോൽപ്പിച്ചത്. 2014- ലും 2019- ലും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സി പി എം 2019- ൽ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ സി പി എം 1,52,281 വോട്ട് നേടി പത്ത് ശതമാനം വോട്ടു ഷെയറിലേക്ക് കൂപ്പുകുത്തിയിരുന്നു.

ദീപ്ഷിത പ്രചാരണത്തിൽ
ദീപ്ഷിത പ്രചാരണത്തിൽ

ഇത്തവണ ‘ഇന്ത്യ’ സഖ്യ സ്ഥാനാർത്ഥിയായിരുന്ന സി പി എം യുവ നേതാവ് 30 കാരിയായ ദീപ്ഷിത ധറിന്റെ പ്രചാരണം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ദീപ്ഷിത എസ്എഫ്‌ഐ ദേശീയ ജോയിന്റ് സെക്രട്ടറിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിലടക്കം ഇടതുപക്ഷത്തിന്റെ മുഖമായിരുന്നു. പഴയ സഖാക്കളെ ഒഴിവാക്കി യുവതലമുറയിലെ സമരനായകരെ സ്ഥാനാർഥികളാക്കുക വഴി ബംഗാളിൽ ചില മണ്ഡലങ്ങളിലെങ്കിലും സി.പി.എം ത്രികോണ മത്സരത്തിനു കളമൊരുക്കിയിരുന്നു. എന്നാൽ തൃണമൂലും ബി ജെ പിയും തമ്മിലെ ശക്തമായ മത്സരത്തിൽ ഇത്തവണയും സി പി എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഹൗറ- ഹൂഗ്ലി വ്യവസായ മേഖലയിലെ സെറാംപുരിൽവോട്ടർമാരുടെ നാലിലൊന്ന് രാജസ്ഥാൻ, ബിഹാർ, യു.പി എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയവരാണ്.

Comments