ബി.ജെ.പി വിരുദ്ധ പ്രതിപക്ഷത്തിന്റെ ഭാവി, സി.പി.എം പഠിക്കാത്ത പാഠങ്ങൾ

ബി ജെ പിക്കെതിരായ രാഷ്ട്രീയ ബദൽ അതിന്റെ സമഗ്രാർത്ഥത്തിൽ ദുർബലമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ പരമാവധി ബി ജെ പി വിരുദ്ധ, മതേതര ധാരയെ എങ്ങനെ ഒന്നിച്ചുനിര്ത്താം എന്നതിൽ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ കാണിക്കേണ്ട ചരിത്രപരമായ ചുമതലനിർവ്വഹണത്തിന്റെ ഭാവി ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെക്കൂടി അടയാളപ്പെടുത്തും.

മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ- ത്രിപുര, നാഗാലാൻഡ്, മേഘാലയ- നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒറ്റനോട്ടത്തിൽ ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും തിരിച്ചടിയുണ്ടാക്കുന്നതല്ലെങ്കിലും 2024-ലെ ദേശീയ പൊതു തെരഞ്ഞെടുപ്പ് ഏകപക്ഷീയമായ ബി.ജെ.പി വിജയത്തിന്റെ സാങ്കേതികപ്രക്രിയ മാത്രമായി മാറാതിരിക്കാനുള്ള സൂചനകളും സാധ്യതകളും അത് നൽകുന്നുണ്ട്. ഈ മൂന്നു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അതിന്റെ വിജയയാത്രയുടെ പ്രതീതി നിലനിർത്താൻ സഹായിക്കും എന്നതൊരു വസ്തുതയാണ്. രാജ്യത്ത് നിലവിൽ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും മറ്റു കക്ഷികളിലെ സാമാജികരെ കൂറുമാറ്റിയും കുതിരക്കച്ചവടം നടത്തിയുമാണ്​ ഭരണം പിടിച്ചെടുത്തത്. വടക്കു- കിഴക്കൻ സംസ്ഥാനങ്ങൾ ബി.ജെ.പിയുടെ ഈ പണം കൊടുത്ത് ഭരണം വാങ്ങുന്ന തന്ത്രത്തിന്റെ ആദ്യ പരീക്ഷണശാലകളിലൊന്നായിരുന്നു. അത്തരത്തിൽ സഖ്യകക്ഷികളടക്കമുള്ള തെരഞ്ഞെടുപ്പ് സമവാക്യങ്ങളുണ്ടാക്കിയ ബി.ജെ.പിക്ക് അവ നിലനിർത്താൻ കഴിയുന്നു എന്നുകൂടി കാണേണ്ടതുണ്ട്.

അതായത്, ഏതുതരത്തിലായാലും ഒരു സാമാന്യമായ അടിത്തറ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞാൽ സംഘപരിവാറും അതിന്റെ പ്രത്യയശാസ്ത്രപദ്ധതിയും നീണ്ട കാലത്തേക്ക് പല രൂപത്തിൽ അവിടെയുണ്ടാകും എന്ന ചരിത്രപാഠം ആവർത്തിക്കുകയാണ്. ഇത് തിരിച്ചറിയാൻ മതേതര പ്രതിപക്ഷത്തിന് കഴിയുന്നില്ല എന്ന വലിയ ചരിത്രപാഠം കൂടി ആവർത്തിക്കുകയാണ് എന്നും കൂട്ടിവായിക്കണം.

ഈ തെരഞ്ഞെടുപ്പുകൾ ദേശീയതലത്തിൽ വലിയ സ്വാധീനമുണ്ടാക്കാൻ പോകുന്ന ഭൂപ്രദേശങ്ങളിലല്ല നടന്നത് എന്നതൊരു വസ്തുതയാണ്. ബി.ജെ.പിയുടെ കേന്ദ്രഭരണത്തെ നിലനിർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നത് ഹിന്ദി- പശു പ്രദേശങ്ങളാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ദൽഹി, ബിഹാർ എന്നീ സംസ്ഥാനങ്ങളെയാണ് ബി.ജെ.പി തങ്ങളുടെ കേന്ദ്ര ഭരണത്തിന് നിർണായക പിന്തുണ നൽകുന്ന പ്രദേശങ്ങളാണ് കണക്കാക്കുന്നത്. ഇവിടെ സംഭവിക്കുന്ന വീഴ്ചകളെ നികത്തുന്നതിനായാണ് മറ്റു സംസ്ഥാനങ്ങളിൽ എന്ത് വിലകൊടുത്തും കുറച്ചെങ്കിലും സീറ്റുകൾ ബി.ജെ.പി നേടിയെടുക്കാൻ ശ്രമിക്കുന്നത്. ഒപ്പം, പശ്ചിമ ബംഗാൾ പോലൊരു സംസ്ഥാനത്ത് കടന്നുകയറുക എന്നത് ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ഉപദേശീയതകളെ കീഴ്പ്പെടുത്തുന്നതിനുള്ള ദീർഘകാല പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമം കൂടിയാണ്. അത് ചെറിയതോതിലെങ്കിലും അവിടെ വേരുപിടിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ലോക്​സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അതിന്റെ ഗുണഫലം ബി.ജെ.പി നേടുകയും ചെയ്തു. അതാവർത്തിക്കാൻ അവർക്ക് കഴിയാത്ത ഒരു രാഷ്ട്രീയസാഹചര്യത്തെ ബംഗാളിൽ ഉരുത്തിരിയുന്നതിനുള്ള സാധ്യതകൾ സാവധാനത്തിൽ ഉണ്ടാകുന്നുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി പറയാവുന്ന ഘട്ടമായിട്ടില്ല. മാർച്ച്​ 2-നു ഫലം വന്ന ബംഗാളിലെ സാഗർദിഖി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന സീറ്റ് കോൺഗ്രസ്- ഇടതു സഖ്യത്തിന്റെ കോൺഗ്രസ് സ്ഥാനാർഥി ബൈറോൺ ബിശ്വ 22986 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പിടിച്ചെടുത്തു. കഴിഞ്ഞ മൂന്നു തവണയായി തൃണമൂൽ ജയിച്ചു കൊണ്ടിരുന്ന മണ്ഡലം എന്നതുമാത്രമല്ല, ബി.ജെ.പി ഇവിടെ മൂന്നാം സ്ഥാനത്തേക്കുപോയി എന്നതും ശ്രദ്ധേയമാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പിക്ക് നിലവിലെ നേട്ടം നിലനിർത്താനാകില്ല എന്നതിന്റെ ചെറിയ സൂചനയായി ഇതിനെ കണക്കാക്കാം.

മഹാരാഷ്ട്രയിൽ നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഒന്നിൽ ബി.ജെ.പി മണ്ഡലം നിലനിർത്തിയപ്പോൾ മറ്റൊന്നിൽ നിലവിൽ കയ്യിലുണ്ടായിരുന്ന മണ്ഡലത്തിൽ തോറ്റുപോയി. കഴിഞ്ഞ 28 വർഷമായി ബി.ജെ.പി നിലനിർത്തിയിരുന്ന കസ്ബ പേത് മണ്ഡലത്തിൽ ബി.ജെ.പി എം എൽ എയുടെ മരണത്തിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രവീന്ദ്ര ധംഗേക്കർ വിജയിച്ചു. കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻ.സി.പി കക്ഷികളുടെ മഹാ വികാസ് അഗാഡി മുന്നണിയുടെ സ്ഥാനാർത്ഥിയായിരുന്നു ധംഗേക്കാർ. ശിവസേനയിൽ പിളർപ്പുണ്ടാക്കി മഹാരാഷ്ട്ര ഭരണം കുതിരക്കച്ചവടത്തിലൂടെ പിടിച്ചെടുത്ത ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് ഈ തോൽവി എന്നതിൽ സംശയമില്ല. സംയുക്ത പ്രതിപക്ഷ എതിർപ്പിനെ നേരിടുന്നിടത്തെല്ലാം ബി.ജെ.പിക്ക് തങ്ങളുടെ വൻവിജയം ആവർത്തിക്കാൻ കഴിയുന്നില്ല എന്നുതന്നെയാണ് ഇത് കാണിക്കുന്നത്.

കർണാടകമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ പ്രത്യേക നേട്ടമൊന്നുമുണ്ടാക്കാൻ കഴിയാത്ത ബി.ജെ.പിയെ സംബന്ധിച്ച ബംഗാൾ, മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നേരിടേണ്ടി വരുന്ന പ്രതിപക്ഷ വെല്ലുവിളി ഒട്ടും സുഖകരമായ അവസ്ഥയല്ല ഉണ്ടാക്കുക. അതുകൊണ്ടുതന്നെ തൃപുരയിൽ മുന്നണിയുണ്ടെങ്കിലും തനിച്ച്​ കേവലഭൂരിപക്ഷവും നാഗാലാൻഡിൽ മുന്നണിയിലെ രണ്ടാം കക്ഷിയായും നേടിയ വിജയത്തോടോപ്പം, ബി.ജെ.പിക്ക് വിശാല ഇന്ത്യയിലെ തങ്ങളുടെ ശക്തിയിൽ നിലവിലെ അവസ്ഥയിൽ കൂടുതൽ വെല്ലുവിളികൾ ഉയരുന്നു എന്നുതന്നെയാണ് വസ്തുത.

ബി ജെ പി വിജയിച്ചെങ്കിലും ത്രിപുരയിൽ അവരുടെ വോട്ടു ശതമാനം 4.26% കണ്ട് കുറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് മത്സരിക്കുകയും ഗോത്രമേഖലകളിലെ നിയമസഭാ മണ്ഡലങ്ങളിൽ വലിയ ശക്തിയാവുകയും ചെയ്ത തിപ്ര മോത്തയുടെ സാന്നിധ്യം (TIPRA - Tipraha Indigenous Progressive Regional Alliance) ബി.ജെ.പിയുടെ വോട്ടു ശതമാനം കുറയാൻ ഇടയാക്കിയിട്ടുണ്ട്. അത് കണക്കിലെടുക്കുമ്പോൾത്തന്നെ പ്രതിപക്ഷ കക്ഷികളുടെ ഭിന്നിപ്പാണ് ബി.ജെ.പിയുടെ വിജയത്തെ സഹായിച്ചതെന്ന വസ്തുത നിലനിൽക്കുന്നു. അത്തരത്തിലുള്ള വലിയ ഭിന്നിപ്പുകളില്ലാത്ത പ്രതിപക്ഷവെല്ലുവിളികളുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് കാര്യങ്ങളത്ര എളുപ്പമാകണമെന്നില്ല.

എന്നാൽ ഹിന്ദി-പശു പ്രദേശത്തെ ബി.ജെ.പി ആധിപത്യത്തെ നിർണായകമായി വെല്ലുവിളിക്കാൻ കഴിയുന്ന തരത്തിലേക്ക് ​പ്രതിപക്ഷ കക്ഷികൾ തന്ത്രങ്ങളുണ്ടാക്കിയില്ലെങ്കിൽ മറ്റിടങ്ങളിലെ പ്രതിരോധം എത്രതന്നെ ഫലപ്രദമായാലും മൂന്നാം തവണയും ബി.ജെ.പി കേന്ദ്ര ഭരണത്തിലെത്തുന്നതിനെ തടയുക ദുഷ്കരമായിരിക്കും. ഇതാകട്ടെ മറ്റൊരു വലിയ വെല്ലുവിളിയെക്കൂടിയാണ് രൂക്ഷമാക്കുന്നത്. തെക്കേ ഇന്ത്യയടക്കം ഇന്ത്യയുടെ സാംസ്കാരിക-സാമൂഹ്യ വൈജാത്യങ്ങളിലെ വലിയ പങ്കുള്ള ഭൂഭാഗങ്ങളെയും ജനതകളെയും പ്രതിനിധാനം ചെയ്യാത്തൊരു ഹിന്ദുത്വ-ഹിന്ദി-പശു പ്രദേശ കക്ഷി, ഇന്ത്യയെ തങ്ങളുടെ സമഗ്രാധിപത്യ ഭരണത്തിന് കീഴിലാക്കുന്നതിന്റെ തുടർച്ചയാകുമത്. എത്രകാലം ഇത്തരത്തിൽ ഉത്തർപ്രദേശിലും മധ്യപ്രദേശിലും നിന്നൊക്കെയുള്ള കുറെ എം പിമാരുടെ സഹായത്തോടെ തെക്കേ ഇന്ത്യ ഭരിക്കാൻ ബി.ജെ.പിക്ക് കഴിയുന്നു എന്നത്, അല്ലെങ്കിൽ ബി.ജെ.പിയെയും സംഘ്പരിവാറിനെയും അതിനനനുവദിക്കാൻ സാധിക്കുമെന്നത്, വലിയ സന്ദേഹങ്ങളുണ്ടാക്കുന്ന സംഗതിയാണ്. ഇന്ത്യ എന്ന ആശയം ഒരു ദേശ-രാഷ്ട്രമായി എങ്ങനെയാണോ രൂപപ്പെട്ടത് അതിന്റെ അടിസ്ഥാനശിലകളാണ് ഈയൊരവസ്ഥയിൽ ഇളകിവീഴുന്നത്. തെക്കേ ഇന്ത്യയുടെ സജീവ രാഷ്ട്രീയപ്രാതിനിധ്യമില്ലാത്ത ഒരു കേന്ദ്രഭരണം ഹിന്ദി-പശുപ്രദേശത്തിന്റെ രാഷ്ട്രീയബലത്തിൽ തുർച്ചയായി വരുന്നത് കേവലം തെരഞ്ഞെടുപ്പുകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നമല്ല. അത് ഏതൊക്കെ രീതിയിൽ ചോദ്യം ചെയ്യപ്പെടണം എന്നതിന്റെ സങ്കീർണ്ണവും ദുഷ്കരമെങ്കിലും അനിവാര്യവുമായ രാഷ്ട്രീയപ്രശ്നങ്ങൾ ഉയർന്നുവരിക തന്നെ ചെയ്യും.

ദേശീയതലത്തിൽ ഒരു പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തുന്നതിന് രാഷ്ട്രീയമായ സക്രിയനേതൃത്വം നൽകാനുള്ള ശേഷിയുള്ള കക്ഷികൾ പ്രതിപക്ഷത്തില്ല എന്നതാണ് നിരാശാജനകമായ സംഗതി. ഇടതുപക്ഷ കക്ഷികൾ തങ്ങളുടെ രാഷ്ട്രീയസാന്നിധ്യത്തിന്റെ ചരിത്രപരമായ ഏറ്റവും ദുർബ്ബലാവസ്ഥയിലാണ് ഇപ്പോൾ. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളിൽ പലതും അയഥാർത്ഥമായ തെരഞ്ഞെടുപ്പ് വ്യാമോഹങ്ങളിൽ അഭിരമിക്കുകയോ അല്ലെങ്കിൽ സംസ്ഥാനങ്ങളിലെ തങ്ങളുടെ തട്ടകം സുരക്ഷിതമാക്കാനുള്ള വ്യഗ്രതയിൽ ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കുന്നതിന്റെ രാഷ്ട്രീയാപായം ഒഴിവാക്കുകയോ ചെയ്യുന്നവയാണ്. ബംഗാളിലെ തൃണമൂൽ കോൺഗ്രസ്, തെലങ്കാനയിലെ ബി ആർ എസ്, ഒഡിഷയിലെ ബിജു ജനതാദൾ, ആന്ധ്ര പ്രദേശിലെ വൈ എസ് ആർ കോൺഗ്രസ് എന്നിവയെല്ലാം ഇത്തരം സമീപനം സ്വീകരിക്കുന്നവരാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസാകട്ടെ ഇപ്പോഴും തങ്ങൾക്കില്ലെങ്കിൽ മറ്റാർക്കും വേണ്ടെന്ന സമീപനമാണ് എടുക്കുന്നത്. തിരിച്ചുവരാൻ കഴിയാത്തവിധത്തിൽ ഇന്ത്യയിലെ പല വലിയ സംസ്ഥാനങ്ങളിലും തകർന്നുപോയ കോൺഗ്രസ് അതിന്റെ നേതൃത്വ വിലപേശലിൽ പക്ഷെ, ഇന്ത്യയുടേയോ സ്വന്തം കക്ഷിയുടേയോ അവസ്ഥ തിരിച്ചറിഞ്ഞുകൊണ്ടുള്ള യാഥാർത്ഥ്യബോധമല്ല പ്രകടിപ്പിക്കുന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ലാലു പ്രസാദ് യാദവിന്റെ ആർ ജെ ഡിയും അഖിലേഷ് യാദവിന്റെ സമാജ്‌വാദി കക്ഷിയും മുന്നോട്ടുവെക്കുന്ന ഹിന്ദി പശുപ്രദേശത്തെ ബി.ജെ.പി വിരുദ്ധ തെരഞ്ഞെടുപ്പു വെല്ലുവിളിയെ എങ്ങനെയാണ് അംഗീകരിക്കുക എന്നതിൽ കോൺഗ്രസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. നിതീഷ് കുമാറിനെ അതിന്റെ നേതാവായി ഉയർത്തിക്കാട്ടുന്നത് തങ്ങളുടെ ഭാവിസാധ്യതകളെ തകിടംമറിക്കുമോ എന്ന ആശങ്കയാണ് കോൺഗ്രസിനുള്ളത്. രാഷ്ട്രീയമായി ഏതാണ്ട് അപ്രസക്തമായിപ്പോകാനുള്ള ചരിത്രഘട്ടത്തിലേക്ക് ഏതാനും വർഷങ്ങൾക്കൂടി മാത്രമേ തങ്ങൾക്കു മുന്നിലുള്ളൂ എന്ന തിരിച്ചറിവില്ലാത്തതുകൊണ്ടാണ് രക്ഷപ്പെടാനുള്ള അവസാനസാധ്യതകൾക്ക് മുന്നിൽ കോൺഗ്രസ് ആനപ്പുറത്തു കയറിയ പിതാമാഹന്മാരുടെ തഴമ്പുകൾ ഇപ്പോഴുണ്ടോയെന്ന് തപ്പിനോക്കുന്നത്.

സി.പി.എം: പ്രതീക്ഷക്ക്​ വകയുണ്ടോ?

ഇന്ത്യയിൽ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ അവസാന ശക്തികേന്ദ്രമായ കേരളത്തിൽ ത്രിപുരയിലെ സി.പി.എം തോൽവി തീർച്ചയായും ചർച്ച ചെയ്യപ്പെടണം. സി.പി.എം ദേശീയ നേതൃത്വം തുടർച്ചയായി പരാജയങ്ങളിലേക്ക് കൂപ്പുകുത്തുമ്പോഴും എന്തെങ്കിലും പ്രതീക്ഷ നൽകുന്ന സ്വയംവിമർശനമോ സാധ്യതകളോ ഉണ്ടാകാനുള്ള ആന്തരികശേഷി ബാക്കിയുള്ളതായി ആ സംഘടന പൊതുസമൂഹത്തെ തോന്നിപ്പിക്കുന്നില്ല എന്നതാണ് സങ്കടകരമായ യാഥാർത്ഥ്യം. വലിയ തെരഞ്ഞെടുപ്പ് തോൽവികൾക്കും സംഘടനാ തിരിച്ചടികൾക്കും ശേഷമുള്ള മടങ്ങിവരവ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കക്ഷികൾക്ക് അന്യമാണെന്നാണ്​ ചരിത്രം കാണിക്കുന്നത്. അതിനെ മറികടക്കാനുള്ള യാതൊരു രാഷ്ട്രീയോർജ്ജവും പുതുചിന്തയും കമ്മ്യൂണിസ്റ്റ് കക്ഷികൾ കാണിക്കുന്നുമില്ല.

ത്രിപുരയിൽ 2018-ൽ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം നഷ്ടമായപ്പോൾ സി പി എമ്മിന് 42% വോട്ടുണ്ടായിരുന്നു. സീറ്റുകൾ 16. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ (2023) അത് 24.6%-മായി കുത്തനെ കുറഞ്ഞു. സീറ്റുകൾ 11. സഖ്യകക്ഷിയായ കോൺഗ്രസ് 6.7% വോട്ടു നേടി. 2018-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേവലം 1.8% വോട്ടാണുണ്ടായിരുന്നത്. ഇപ്പോൾ കൂടുതലായി കിട്ടിയ വോട്ടിന്റെ വലിയ പങ്കും സി.പി.എമ്മിന്റേതാണെന്ന് സമ്മതിച്ചാലും പരമാവധി 29%-മാണ് സി.പി.എമ്മിന്റെ വോട്ട്. അപ്പോഴും 13%-ത്തോളം വോട്ട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേതിനേക്കാൾ കുറയുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിൽ 13 സീറ്റ് നേടിയ പുത്തൻ കക്ഷിയായ തിപ്ര മോത്ത കുറച്ച്​ ഇടതുവോട്ടുകളിൽ കുറവുവരുത്തിയെന്നാണെങ്കിൽ സമാനമായ ആഘാതം അത് ബി ജെ പി വോട്ടുകൾക്കുമുണ്ടാക്കിയിട്ടുണ്ട്. ബി ജെ പിക്ക് 4.2% വോട്ട് കുറഞ്ഞു. ജനം ബി ജെ പിക്കെതിരെ വോട്ടുചെയ്യാൻ തയ്യാറാകുന്ന അവസ്ഥയിലും അവർ സി പി എമ്മിന് വോട്ടു ചെയ്യാൻ സന്നദ്ധരല്ല എന്നാണവസ്ഥ. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്നതിനോട് ജനാധിപത്യപരമായ യാതൊരുവിധ സംവാദത്തിനും തയ്യാറാകുന്നില്ല എന്നുമാത്രമല്ല അതിനുള്ള ശേഷിയും സി പി എം കാണിക്കുന്നില്ല എന്നതാണ് പ്രശ്നം.

നീണ്ടകാലം ഭരണത്തിലിരുന്ന ബംഗാളും ത്രിപുരയും പോലുള്ള സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെട്ടുകഴിഞ്ഞാൽ രാഷ്ട്രീയാക്രമണങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിനുപോലും ശക്തിയില്ലാതെ പാർട്ടിസംഘടന പോലും അതിവേഗം ശുഷ്കമായിപ്പോകുന്നത് അവശേഷിക്കുന്ന സി പി എം നേതൃത്വത്തിന് പരിഹരിക്കാനാകാത്ത കുഴപ്പമാണെന്നത് വ്യക്തമാണ്. ബംഗാളിലെ തോൽവിയുടെ കണക്കുകൾ അതാണ് കാണിക്കുന്നത്. നന്ദിഗ്രാം-സിംഗൂർ സമരങ്ങൾക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് 2011-ൽ 34 കൊല്ലക്കാലത്തെ നീണ്ട അധികാരകാലത്തിനു ശേഷം സി പി എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ബംഗാളിൽ വലിയ തെരഞ്ഞെടുപ്പ പരാജയം നേരിടുന്നത്. ആ തെരഞ്ഞെടുപ്പിൽ (2011) സി.പി.എമ്മിനു കിട്ടിയത് 30.08 % വോട്ടാണ്. സഖ്യകക്ഷികൾക്കെല്ലാം കൂടി ഇടതുമുന്നണി ഏതാണ്ട് 40% വോട്ട് നേടിയിരുന്നു. എന്നാൽ 2016 -ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കെത്തിയപ്പോഴേക്കും സി.പി.എം വോട്ടുവിഹിതം 19.75%-മായി കുറയുകയാണുണ്ടായത്. പാർട്ടിസംഘടനയാകട്ടെ അതിവേഗം ദുർബ്ബലമായിക്കൊണ്ടിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായി കരുതിയിരുന്ന ഗ്രാമീണ ബംഗാളിൽ സി പി എം ജനശത്രുക്കളായി കണക്കാക്കപ്പെടുന്ന അവസ്ഥയാണുണ്ടായത്. അത്തവണ (2016)-ൽ ബി ജെ പി 10.16% വോട്ട് നേടി. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് രണ്ടുതവണ അധികാരത്തിലിരിക്കുകയും സാമാന്യം മോശമായ രീതിയിൽ ഭരിക്കുകയും ചെയ്തിട്ടും ജനങ്ങൾ സി പി എമ്മിനെ ഒരുതരത്തിലും തിരിച്ചുവരാൻ അനുവദിച്ചില്ല. 2021-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എം വോട്ടുവിഹിതം 4.71%-മായി. ബി ജെ പി വോട്ടുവിഹിതമാകട്ടെ 37.97%-മായി ഉയർന്നു. ബംഗാൾ നിയമസഭയിലെ 294 അംഗങ്ങളിൽ ഒരൊറ്റ ഇടതുമുന്നണി സാമാജികർ പോലും ഇപ്പോഴില്ല. ഈ ദുരന്തത്തെ കേവലമായ ഉൾപ്പാർട്ടി കിഞ്ചനവർത്തമാനങ്ങളും വെല്ലുവിളികളും കൊണ്ട് മറികടക്കാമെന്ന, അവരവർക്കുപോലും ബോധ്യമില്ലാത്തൊരു ജഡാവസ്ഥയിലാണ് സി പി എം എന്നതാണ് വസ്തുത. ഇത്ര ഭീകരമായൊരു ദുരന്തത്തിലേക്ക് പാർട്ടി സംഘടനയെ കൊണ്ടുചെന്നെത്തിച്ച നേതൃത്വം ഇപ്പോഴും ലെനിനിസ്റ്റ് സംഘടനാ ആചാരങ്ങളുടെ പേരിൽ റെഡ് വളണ്ടിയർമാരുടെ പരേഡിൽ അഭിവാദ്യം സ്വീകരിക്കാൻ തുറന്ന വാഹനത്തിലെത്തുന്നു എന്നതാണ് പ്രഹസനം.

ഇതിനിടയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബംഗാളിൽ സി പി എം വാശിയോടെ തകരുകയായിരുന്നു. 2014-ൽ 29.71%-മാൻ സി പി എം വോട്ടുവിഹിതം. 2019-ലേക്കെത്തിയപ്പോൾ അത് 6.34%-മായി. ഏതാണ്ട് ഒന്നരപ്പതിറ്റാണ്ടോളമായി എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിനെ തകർച്ചയിൽ നിന്നും തർച്ചയിലേക്ക് നയിക്കുന്ന നേതൃത്വത്തിനോ അതിന്റെ സംഘടനാ രൂപത്തിനോ യാതൊരുവിധ ചോദ്യംചെയ്യലുകളും നേരിടേണ്ടാത്തവിധത്തിൽ ഭദ്രമാണ് അതിന്റെ ആത്മഹത്യാപരമായ ആന്തരികസ്വരൂപം എന്നതാണ് പ്രശ്നം.

ഇന്ത്യയിലെ ദേശീയ പൊതുതെരഞ്ഞെടുപ്പുകളിൽ മക്കയോണിസ്റ്റ് കക്ഷികളുടെ പ്രകടനം നോക്കിയാലും ഈ മുരടിപ്പിൽ നിന്നും പുറത്തുകടക്കാനുള്ള ശേഷി അവർ ഒരുകാലത്തും പ്രകടമാക്കിയിട്ടില്ല എന്ന കാണാം. 1967-ലെ പൊതുതെരഞ്ഞെടുപ്പിൽ സി പി എമ്മിന് ലഭിച്ചത് 4.28% വോട്ടാണ്. ഏറ്റവും കൂടുതൽ വോട്ടുവിഹിതം കിട്ടിയ 1989-ൽ അത് 6.55 %-മാണ്. 2019-ലേക്കെത്തി ഇപ്പോഴത് 1.75%-മാണ്. എന്തുതരത്തിലാണ് ഈ കക്ഷിയുടെ നേതൃത്വം ഇനിയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി തങ്ങൾത്തന്നെ നോക്കിക്കൊള്ളാം മറ്റാരും അതിൽ അഭിപ്രായം പോലും പറയേണ്ട എന്ന നിലപാടെടുക്കുന്നത്. എന്തുതരം കമ്മ്യൂണിസ്റ്റ് സംഘടന ന്യായത്തിന്റെ പുറത്താണ് ഇത്രയും കഴിവുകെട്ടൊരു നേതൃത്വം അടിമുടി അഴിച്ചുപണിയാൻ വിധേയമാക്കാതെ ഈ സംഘടനയുടെ തലപ്പത്തിരിക്കുന്നത്. ഏതുതരത്തിലുള്ള രാഷ്ട്രീയ യുക്തിയാണിത്!

ചരിത്രം കാണിക്കുന്നത് വലിയതോതിൽ പരാജയപ്പെട്ടുപോയ ഒരിടത്തും തിരിച്ചുവരാൻ കഴിയാതെ അപ്രസക്തമാവുകയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കക്ഷികൾ എന്നാണ്. ഇത് നമുക്ക് മുന്നിലുള്ള വസ്തുതയാണ്. അത് മനസിലാക്കുകയും അതിനെ മറികടക്കാൻ ഇതുവരെ നടത്തിപ്പോരുന്ന തരത്തിലുള്ള സങ്കുചിതവും ശുഷ്ക്കവുമായ വാചാടോപംകൊണ്ട കഴിയില്ല എന്ന തിരിച്ചറിയുകയും ചെയ്യണം. കമ്മ്യൂണിസ്റ്റ് കക്ഷികൾക്ക് വലിയ സാനിധ്യവും സംഘടനാ ശേഷിയുമുണ്ടായിരുന്ന ആന്ധ്രയിലും പഞ്ചാബിലുമൊക്കെ ചെറിയ മട്ടിൽ നിലനിന്നുപോരുകയല്ലാതെ ശക്തമായ രാഷ്ട്രീയത്തുടർച്ചയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനു ചരിത്രപരമായ പല കാരണങ്ങളുമുണ്ട്. ചരിത്രപരമായ കാരണങ്ങൾ കണ്ടെത്തി അവ ഒന്നും രണ്ടുമെന്നെണ്ണി പ്രബന്ധം രചിച്ച് ശേഷം സന്ധ്യാവന്ദനവും വിപ്ലവഗുണകോഷ്ഠവും ചൊല്ലി കാലം കഴിക്കുന്നത് സർവ്വകലാശാലാ അധ്യാപകരുടെ സാംസ്കാരിക സമ്മേളനങ്ങളിലേക്കുള്ള അജണ്ടയാകാം. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവിടെ നിർത്താനാകില്ല. അത് ജൈവമായ രാഷ്ട്രീയ സമരസാധ്യതകൾ കണ്ടെത്തണം. അതിൽ അങ്ങേയറ്റം പരാജയപ്പെട്ടുപോയി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്നതാണ് യാഥാർത്ഥ്യം.

സോവിയറ്റ് യൂണിയനിലെ ഏഴു പതിറ്റാണ്ടുകൾ നീണ്ട സോഷ്യലിസ്റ്റ് ഭരണകൂടം ഒരു വെടി പോലും പൊട്ടിക്കാതെ, ഒരുവിധത്തിലുള്ള ജനകീയ പ്രതിരോധവുമില്ലാതെ തകർന്നുവീണതിന്റെ ചരിത്രപാഠം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മുന്നിലുണ്ട്. ജനങ്ങൾക്ക് അനുസരിക്കുക എന്നതല്ലാതെ മറ്റൊരു പങ്കാളിത്തവുമില്ലാത്ത തീർത്തും ജനാധിപത്യവിരുദ്ധമായൊരു രീതിയിലേക്ക് രൂപം മാറിയ സംഘടനാസംവിധാനത്തിന്റെ തകർച്ച കൂടിയായിരുന്നു സോവിയറ്റ് യൂണിയനിലടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളും അവയുടെ ഭരണകൂടങ്ങളും തകർന്നതിന്റെ ഒരു പ്രധാന കാരണം. സോഷ്യലിസ്റ്റ് ഭരണകൂട തകർച്ചയുടെ തൊട്ടുപിന്നാലെ മുതലാളിത്ത ലോകത്തിലേക്ക് മുതലാളിമാരായി വേഷം മാറിയ സോവിയറ്റ് പാർട്ടി നേതാക്കൾ എന്തായിരുന്നു പാർട്ടി എന്നതിന്റെ കൂടി സാക്ഷ്യമാണ്. തൊഴിലാളിവർഗ രാഷ്ട്രീയത്തോടും ജനാധിപത്യത്തോടുമുള്ള പ്രതിബദ്ധതയും അതിന്റെ ജൈവബോധവും കേവലം പൊള്ളയായ വാചകമടികളിൽ മാത്രമായി നിലനിർത്തുന്ന ഒന്നാന്തരം ഇരട്ടത്താപ്പുകാരാണ് നമ്മുടെ നാട്ടിലെയും ഇടതുപക്ഷ നേതൃത്വത്തിലുള്ളതെന്നത് അനുദിനം തെളിയുകയാണ്. ഒരു ജനാധിപത്യ പൗരസമൂഹത്തെ യാതൊരുവിധത്തിലും ഉൾക്കൊള്ളാനാകാത്ത സമഗ്രാധിപത്യ പ്രവണതകളെ നിശ്ചയദാർഢ്യമായി ഉയർത്തിക്കാണിക്കുന്ന ദുരധികാരത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമായി കണക്കാക്കാനാകില്ല. എന്നാൽ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാനോ ചർച്ച ചെയ്യാനോ കഴിയാത്തവിധത്തിൽ ഒന്നുകിൽ നിർജ്ജീവമാക്കിയ അല്ലെങ്കിൽ ഈ ജീർണ്ണരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാക്കിയ രണ്ടുകൂട്ടരാണ് പാർട്ടി സംഘടനയ്ക്കുള്ളിൽ എന്നതാണ് വലിയ അപകടം. ഇതിനെ മറികടക്കുക എന്ന ദുഷ്‌കരമായ ചരിത്രദൗത്യത്തിന് ഇടതുപക്ഷ സംഘടനകൾക്കുള്ളിൽ മാത്രമല്ല ഒരു വിശാല ജനാധിപത്യ ഇടതുപക്ഷ സമൂഹത്തിനുള്ളിൽ നിന്നും ദയാരഹിതമായ സ്വയംവിമർശനവും ചരിത്രത്തിന്റെ വിഴുപ്പുഭാണ്ഡങ്ങൾ പേറാത്ത പുതുക്കലുകളും ഉണ്ടാകണം.

ഇന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണി തെരഞ്ഞെടുപ്പുകൾക്കപ്പുറത്തുള്ള അതിന്റെ രാഷ്ട്രീയസമരം ഒരിക്കലും നടത്തിയിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയകക്ഷികൾക്ക് പുറത്തുള്ള വിശാല ജനാധിപത്യ പൗരസമൂഹമാണ് ആ സമരം മുന്നോട്ടുകൊണ്ടുപോയത്. സാമ്പത്തിക നയങ്ങളിലാകട്ടെ കോർപ്പറേറ്റ് കൊള്ളക്കെതിരെ പ്രബന്ധമെഴുതുന്ന ഇടതുപക്ഷകക്ഷികൾ അവരുടെ സർക്കാറുള്ള കേരളത്തിൽ അദാനിയുടെ കൊള്ളയ്ക്ക് എങ്ങനെയാണ് കൂട്ടുനിൽക്കുന്നതെന്ന് നാം കാണുന്നുണ്ട്. വികസനത്തെക്കുറിച്ചുള്ള എല്ലാ അജണ്ടകളും മുതലാളിത്ത വികസന മാതൃകയുടെ അനിവാര്യത ഘോഷിക്കുന്ന തട്ടിപ്പുകളും ആകുന്നുണ്ട്. അതുകൊണ്ടുതന്നെ ബി ജെ പിക്കെതിരായ രാഷ്ട്രീയ ബദൽ അതിന്റെ സമഗ്രാർത്ഥത്തിൽ ദുർബലമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ പരമാവധി ബി ജെ പി വിരുദ്ധ, മതേതര ധാരയെ എങ്ങനെ ഒന്നിച്ചുനിര്ത്താം എന്നതിൽ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ കാണിക്കേണ്ട ചരിത്രപരമായ ചുമതലനിർവ്വഹണത്തിന്റെ ഭാവി ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെക്കൂടി അടയാളപ്പെടുത്തും.


Summary: ബി ജെ പിക്കെതിരായ രാഷ്ട്രീയ ബദൽ അതിന്റെ സമഗ്രാർത്ഥത്തിൽ ദുർബലമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ പരമാവധി ബി ജെ പി വിരുദ്ധ, മതേതര ധാരയെ എങ്ങനെ ഒന്നിച്ചുനിര്ത്താം എന്നതിൽ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ കാണിക്കേണ്ട ചരിത്രപരമായ ചുമതലനിർവ്വഹണത്തിന്റെ ഭാവി ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെക്കൂടി അടയാളപ്പെടുത്തും.


പ്രമോദ്​ പുഴങ്കര

അഭിഭാഷകൻ, എഴുത്തുകാരൻ.

Comments