‘ഇന്ത്യ’ (INDIA) സഖ്യം ഇപ്പോൾ നിർണായക ഘട്ടത്തിലാണ്. ബി.ജെ.പി.യുടെ രാഷ്ട്രീയമേധാവിത്വത്തെ വെല്ലുവിളിക്കാനുള്ള വിപുലമായ കൂട്ടായ്മയായി രൂപംകൊണ്ട ഈ സഖ്യം, 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വൻ ഭൂരിപക്ഷം ലഭിക്കുന്നത് തടയുന്നതിൽ വിജയിച്ചുവെന്നത് വലിയൊരു ആശ്വാസമായാണ് ജനാധിപത്യ വിശ്വാസികൾക്ക് അനുഭവപ്പെട്ടത്. എന്നാൽ, അതിനുശേഷമുള്ള കാലയളവ് സഖ്യത്തിലെ വലിയ വൈരുദ്ധ്യങ്ങളെയാണ് പുറത്തുകൊണ്ടുവന്നത്.
പല സംസ്ഥാനങ്ങളിലുണ്ടായ തെരഞ്ഞെടുപ്പ് തിരിച്ചടികൾ, പ്രാദേശിക കക്ഷികളുടെ മത്സരബുദ്ധിയോടെയുള്ള അഭിലാഷങ്ങളും കോണ്ഗ്രസ്സിന്റെ താൽപ്പര്യങ്ങളും തമ്മിലുണ്ടായ വൈരുദ്ധ്യങ്ങൾ, നേതൃത്വത്തെക്കുറിച്ചുള്ള സംശയങ്ങൾ, കൃത്യമായ ഒരു ദീർഘകാല രാഷ്ട്രീയ പരിപാടിയുടെ അഭാവം എന്നിവയെല്ലാം സഖ്യത്തിൽ അനിശ്ചിതത്വവും ദിശാബോധമില്ലായ്മയും പ്രകടമാക്കാൻ കാരണമായി. പക്ഷെ ഈ മുന്നണിയിലാണ്, അതിന്റെ നേതൃത്വശക്തിയിലും വളർച്ചയിലും വിജയത്തിലുമാണ് ഭാവിഇന്ത്യയെ തിരിച്ചുപിടിക്കാമെന്ന നമ്മുടെ എല്ലാം പ്രതീക്ഷകളും പ്രത്യാശകളും ഇപ്പോഴും നാം സൂക്ഷിക്കുന്നത്. അടുത്ത മൂന്നു വർഷങ്ങൾ എത്ര നിർണ്ണായകമാണ് എന്നത് ഈ ആലോചനയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ബി.ജെ.പി വിരുദ്ധ സഖ്യത്തിന് കോൺഗ്രസ് അനിവാര്യമാണെങ്കിലും, പ്രാദേശിക സഖ്യകക്ഷികളെ കരുത്തോടെ നയിക്കാനാവശ്യമായ സംഘടനാശക്തി ഇന്ന് കോൺഗ്രസിനില്ല.
ഇപ്പോഴും ഒരു വലിയ പരിധിവരെ, പ്രതിപക്ഷരാഷ്ട്രീയത്തിന് ഒരു പൊതുചട്ടക്കൂട് നൽകാൻ ശേഷിയുള്ള, രാജ്യവ്യാപകമായി സംഘടനാ സംവിധാനമുള്ള കക്ഷിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ.എൻ.സി). ഇത് സഖ്യകക്ഷികൾ പൊതുവേ അംഗീകരിക്കുന്ന കാര്യമാണ്. എങ്കിലും, കോൺഗ്രസ് ഇപ്പോൾ ഒരു വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യവ്യാപകമായി ഒരു ബി.ജെ.പി വിരുദ്ധ സഖ്യത്തിന് കോൺഗ്രസ് അനിവാര്യമാണെങ്കിലും, പ്രാദേശിക സഖ്യകക്ഷികളെ കരുത്തോടെ നയിക്കാൻ ആവശ്യമായ സംഘടനാശക്തിയോ തെരഞ്ഞെടുപ്പ് മേധാവിത്വമോ ഇന്ന് കോൺഗ്രസിനില്ല. അതിനാൽ, ഈ സഖ്യത്തിന്റെ ഭാവി കോൺഗ്രസിന്റെ തിരിച്ചുവരവിനെ മാത്രമല്ല, ശക്തരായ പ്രാദേശിക ശക്തികളെ ഉൾക്കൊള്ളാനും അവരുമായി സഹകരിക്കാനുമുള്ള കോൺഗ്രസിന്റെ കഴിവിനെയും ആശ്രയിച്ചിരിക്കുന്നു.
സാമൂഹികമോ രാഷ്ട്രീയമോ ആയ വ്യവസ്ഥാക്രമങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്ന ശക്തികൾ, അതിനെ ഭിന്നിപ്പിക്കുന്ന ശക്തികളേക്കാൾ ദുർബലമാകുമ്പോൾ ശൈഥില്യത്തിന്റെ ഒരു യുക്തി- logic of disintegration- ഉടലെടുക്കുന്നു. സംയോജനത്തിന്റെ യുക്തിയുമായാണ് (logic of integration) വിപരീതദിശയിൽ താരതമ്യം ചെയ്യപ്പെടാറുള്ളത്; അവിടെ സ്ഥാപനങ്ങൾ, ആശയങ്ങൾ, സ്വത്വങ്ങൾ, പങ്കുവെക്കപ്പെടുന്ന താല്പര്യങ്ങൾ എന്നിവ ഐക്യവും കൂട്ടായ ലക്ഷ്യബോധവും സൃഷ്ടിക്കുന്നു. ഇതിലേത് സ്വീകരിക്കും എന്നുള്ളതാണ് ഇന്ത്യാ മുന്നണിയുടെ അടിസ്ഥാനപരമായ വെല്ലുവിളി.

എന്താണിതിനുള്ള പ്രാധാന്യം?
സഖ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ പ്രാദേശിക പാർട്ടികൾ നിർണ്ണായക പങ്കുവഹിക്കും എന്നത് നിസ്സംശമായ കാര്യമാണ്. ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദിപാർട്ടി, ആർ.ജെ.ഡി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എൻ.സി.പി (ശരദ് പവാർ വിഭാഗം) തുടങ്ങിയ പാർട്ടികൾക്ക് ശക്തമായ സാമൂഹിക അടിത്തറയും പ്രാദേശികമായ സ്വാധീനവുമുണ്ട്. തമിഴ് നാട്ടിൽ ടി.വി.കെ വിജയിച്ചപ്പോൾ കോണ്ഗ്രസ് വളരെ പെട്ടെന്ന് അവരുമായി സഖ്യത്തിലായത് പൊതുവിൽ ഞെട്ടലുണ്ടാക്കിയ സംഭവമാണ്- അതിന്റെ അടിസ്ഥാനകാരണങ്ങൾ ശരിയായിരിന്നുവെങ്കിലും. എന്നാൽ ടി.വി.കെ ഇതുവരെ ഇന്ത്യാ സംഖ്യത്തിന്റെ ഭാഗമായതായി അറിയില്ല.
ഇത്തരം പാർട്ടികളെ ദുർബലപ്പെടുത്തുകയോ, കൂടെക്കൂട്ടുകയോ, അല്ലെങ്കിൽ ഭിന്നിപ്പിക്കുകയോ ചെയ്തുകൊണ്ടാണ് പലപ്പോഴും ബി.ജെ.പി തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, പ്രാദേശിക രാഷ്ട്രീയ സ്വയംഭരണവും ഫെഡറലിസവും സംരക്ഷിക്കുക എന്നത് പ്രതിപക്ഷം നേരിടുന്ന പ്രധാന രാഷ്ട്രീയ ചോദ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഒരു വിജയകരമായ സഖ്യത്തിന്, കോൺഗ്രസ് ഒരു ആധിപത്യകേന്ദ്രമായി മാറാതെ, വ്യത്യസ്ത പ്രാദേശിക സാഹചര്യങ്ങളിൽ പൊതുവിഷയങ്ങളിൽ സമവായം രൂപീകരിക്കാൻ കഴിയുന്ന ഏകോപന ശക്തിയായി പ്രവർത്തിക്കേണ്ടതുണ്ട്.
ജനങ്ങളെ താഴെത്തട്ടിൽ അണിനിരത്താനും നയങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുമുള്ള ശേഷി ഏതു പാർട്ടിക്കാണെങ്കിലും വളരെ പ്രധാനമാണ്. ഇടതുപക്ഷത്തിന്റെ പ്രസക്തിയും അതാണ്.
അതുപോലെ, ഇടതുപക്ഷ പാർട്ടികൾക്ക് ദേശീയതലത്തിൽ പാർലമെന്ററി പ്രാതിനിധ്യം കുറവാണെങ്കിലും, അവരുടെ പ്രസക്തി സീറ്റുകളുടെ എണ്ണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. അവർക്ക് ശക്തമായ സംഘടനാശൃംഖലകളും ട്രേഡ് യൂണിയൻ സാന്നിധ്യവും സാമൂഹിക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിലുള്ള പരിചയവുമുണ്ട്. മാധ്യമ വിനോദങ്ങൾക്കും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തിനും പ്രാധാന്യമുള്ള ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ, ജനങ്ങളെ താഴെത്തട്ടിൽ അണിനിരത്താനും നയങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുമുള്ള ശേഷി ഏതു പാർട്ടിക്കാണെങ്കിലും വളരെ പ്രധാനമാണ്. മഹാരാഷ്ട്രയിലെ കർഷക സമരങ്ങൾ ഉദാഹരണമാണ്. എ.എ.പി, ഡി.എം.കെ തുടങ്ങിയ കക്ഷികൾ ഇന്ത്യാ സഖ്യത്തിൽ ഇപ്പോൾ ഇല്ലെങ്കിലും അവരെ ഒപ്പം നിർത്തുക എന്നതും പ്രധാനമാണ്.
എന്നാൽ ഇന്ത്യ സഖ്യം നേരിടുന്ന ഏറ്റവും വലിയ മറ്റൊരു വെല്ലുവിളികൂടി നോക്കേണ്ടതുണ്ട്. വിശ്വസനീയമായ ഒരു സാമ്പത്തിക ബദൽ മുന്നോട്ടുവെക്കുക എന്നതാണത്. ബിജെപി കേവലമായ ഹിന്ദുത്വ ജൽപ്പനങ്ങളെ മാത്രമല്ലല്ലോ ആശ്രയിച്ചുപോന്നിട്ടുള്ളത്. പെട്രോൾ വില വർദ്ധന മുതൽ രൂപയുടെ മൂല്യം ഇടിയുന്നതുവരെയുള്ള കാര്യങ്ങൾ ഇതിനൊപ്പം അവർ ചർച്ചയാക്കിയിരുന്നു. അധികാരത്തിൽ എത്തിയപ്പോൾ നവലിബറൽ പരിഷ്കാരങ്ങലുടെ അപ്പോസ്തലന്മാരായി പെട്ടെന്നുതന്നെ മാറുകയും ചെയ്തു. ഇപ്പോഴാകട്ടെ, പോപ്പുലിസ്റ്റ് ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം, അടിസ്ഥാന സൗകര്യവികസനത്തിലെ ഉപരിപ്ലവ ഇടപെടലുകൾ, സാംസ്കാരിക ദേശീയത എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ശക്തമായ ഒരു രാഷ്ട്രീയ നരേറ്റീവ് സൃഷ്ടിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. സ്ഥാപനങ്ങൾ, ടെക്സ്റ്റ് ബുക്കുകൾ, ഓഫീസുകളിലെ ദൈനംദിനപ്രവർത്തങ്ങൾ, സർവകലാശാല ഭരണം തുടങ്ങി സമസ്ത മേഖലകളിലും അതിവേഗം നോർമലൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ആഖ്യാനമാണ് മതഭൂരിപക്ഷ രാഷ്ട്രീയത്തിൻറേത്. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി, അസമത്വം എന്നിവയെ വെറും വിമർശനംകൊണ്ട് മാത്രം നേരിടുന്നത് ഇനി മതിയാകില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പൊതുസേവനങ്ങൾ, സാമൂഹികസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, പ്രാദേശിക അസമത്വങ്ങൾ പരിഹരിക്കൽ എന്നിവയ്ക്ക് മുൻഗണന നൽകുന്നതോടൊപ്പം വളർന്നുവരുന്ന മധ്യവർഗത്തിന്റെയും യുവവോട്ടർമാരുടെയും പ്രതീക്ഷകളെക്കൂടി ഉൾക്കൊള്ളുന്ന ഒരു നല്ല സാമ്പത്തിക കാഴ്ചപ്പാട് പ്രതിപക്ഷം വ്യക്തമാക്കേണ്ടതുണ്ട്. ബി.ജെ.പി.യുടെ നയങ്ങളെ എതിർക്കുക മാത്രമല്ല, പൊതുജനങ്ങൾക്ക് വിശ്വാസം പകരുന്ന വിശ്വസനീയമായ വികസന ചട്ടക്കൂട് അവതരിപ്പിക്കുക കൂടിയാണ് ഇവിടുത്തെ വെല്ലുവിളി.

സാമൂഹികമായ വെല്ലുവിളിയും അതുപോലെതന്നെ കഠിനമാണ്. ബി.ജെ.പിയുടെ വിജയം സാമ്പത്തിക നേട്ടങ്ങളിൽ മാത്രമല്ല, ദേശീയത, മതം, വ്യക്തിത്വം, പൗരത്വം എന്നിവയെച്ചൊല്ലിയുള്ള ന്യൂനപക്ഷ വിരുദ്ധമായ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ ആഖ്യാനങ്ങൾ രൂപപ്പെടുത്താനുള്ള അവരുടെ കഴിവിൽ കൂടിയാണ് അധിഷ്ഠിതമായിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ വെറും മതേതരത്വത്തിലേക്കോ ഭരണഘടനാമൂല്യങ്ങളിലേക്കോ മാത്രമുള്ള ആഹ്വാനങ്ങൾ പോരാതെ വരുന്നു. ഭരണഘടനാപരമായ അവകാശങ്ങളും, സാമൂഹികനീതിയും, ബഹുസ്വരതയും എങ്ങനെയാണ് ജനങ്ങളുടെ ഭൗതികമായ നന്മയ്ക്കും സാമൂഹിക ഐക്യത്തിനും കാരണമാകുന്നതെന്ന് പറഞ്ഞുറപ്പിക്കുന്ന, ജനാധിപത്യ മൂല്യങ്ങളെ പൗരരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്ന, ഒരു പ്രതിപക്ഷ രാഷ്ട്രീയമാണ് ഉരുത്തിരിഞ്ഞു വരേണ്ടത്. അതിനാൽ, ഈ പോരാട്ടം വെറുമൊരു തെരഞ്ഞെടുപ്പ് മത്സരം മാത്രമല്ല, പ്രത്യയശാസ്ത്രപരവും സാംസ്കാരികവുമായ ഒരു പോരാട്ടം കൂടിയാണ്.
കോക്രോച്ച്‍ ജനതാപാർട്ടി (CJP) എന്ന ആശയത്തിന് സ്വീകാര്യത കിട്ടുന്നത് പരമ്പരാഗത പാർട്ടിസംവിധാനങ്ങൾക്ക് ക്ഷതം പറ്റുമ്പോൾ അവയ്ക്കുപുറത്ത് ബദലുകൾക്കായുള്ള സമൂഹത്തിന്റെ ആഗ്രഹത്തെ ഇത്തരം കൂട്ടായ്മകൾ പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ്. ഇത്തരം പ്രസ്ഥാനങ്ങൾ യഥാർത്ഥ ജനാധിപത്യ ഊർജ്ജത്തെയും നിലവിലുള്ള രാഷ്ട്രീയ സ്ഥാപനങ്ങളോടുള്ള നിരാശയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. എങ്കിലും, അവ പലപ്പോഴും താൽക്കാലികവും വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾ നിറഞ്ഞതുമാണ്. പ്രത്യയശാസ്ത്രം കുത്തിനിറക്കാവുന്ന ചാക്കുകൾപോലെ അയഞ്ഞ സ്വഭാവമാണ് അവയ്ക്കുള്ളത്. ഒന്നര ദശാബ്ദം മുൻപ് ശക്തമായി അലയടിച്ച ‘ഒക്കുപ്പൈ’ സമരങ്ങൾക്ക് ഈ സ്വഭാവമാണുണ്ടായിരുന്നത്. ഒരു സുസ്ഥിരമായ ജനാധിപത്യ പ്രസ്ഥാനത്തിന് സംഭാവന നൽകാനുള്ള അവയുടെ ശേഷി, അവയ്ക്ക് സംഘടനാപരമായ തുടർച്ചയും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും വിപുലമായ സാമൂഹിക- രാഷ്ട്രീയ ശക്തികളുമായി സുസ്ഥിരമായ സഖ്യങ്ങളും വികസിപ്പിച്ചെടുക്കാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അത് പലപ്പോഴും ഉണ്ടാകാറില്ല.
ഇന്ത്യ സഖ്യത്തിന്റെ ഭാവി, അതിനെ വെറുമൊരു തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിൽനിന്ന് ഒരു വലിയ 'രാഷ്ട്രീയ പദ്ധതി'യായി മാറ്റാനുള്ള അതിന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.
അതുകൊണ്ട്, ഇത്തരം പ്രസ്ഥാനങ്ങളെ തള്ളിക്കളയാൻ കഴിയില്ലെങ്കിലും, സംഘടിതമായ രാഷ്ട്രീയ പ്രവർത്തനത്തിന് പകരമായി അവയെ ഒരിക്കലും കാണാൻ സാധിക്കില്ല. സ്വമേധയാ ഉണ്ടാകുന്ന ജനമുന്നേറ്റങ്ങൾക്ക് പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഉയർത്താനും പൊതുചർച്ചകളെ മാറ്റിമറിക്കാനും കഴിയുമെന്ന് ചരിത്രം ആവർത്തിച്ച് തെളിയിക്കുന്നുണ്ടെങ്കിലും, ശാശ്വതമായ രാഷ്ട്രീയമാറ്റത്തിന് വ്യക്തമായ സ്ഥാപനങ്ങളും സംഘടനാ സംവിധാനങ്ങളും സുസ്ഥിരമായ കൂട്ടായ പ്രവർത്തനവും ആവശ്യമാണ്. അതിനാൽ, പുതിയ ജനാധിപത്യ ഊർജ്ജങ്ങളുമായി സക്രിയമായി ഇടപഴകുക എന്നതുതന്നെയാണ് ഇന്ത്യ സഖ്യത്തിന്റെ വെല്ലുവിളി. അതേസമയം, വെറുമൊരു ജനമുന്നേറ്റത്തിന് മാത്രം ഒരു രാഷ്ട്രീയ സംഘടനയ്ക്ക് പകരമാകാൻ കഴിയുമെന്ന മിഥ്യാധാരണ അവർ ഒഴിവാക്കുകയും വേണം.
കേരളത്തിലെ കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം, ബി.ജെ.പി വിരുദ്ധ രാഷ്ട്രീയചേരിക്കുള്ളിലെ പ്രധാന വൈരുദ്ധ്യങ്ങളിൽ ഒന്നായി നിലകൊള്ളുന്നു. ഇരുപാർട്ടികളും സംസ്ഥാനതലത്തിൽ നേരിട്ട് മത്സരിക്കുന്ന രാഷ്ട്രീയ എതിരാളികളാണെങ്കിലും, ദേശീയതലത്തിൽ ഫെഡറലിസം, ഭരണഘടനാമൂല്യങ്ങൾ, ജനാധിപത്യ സ്ഥാപനങ്ങൾ, സാമൂഹികക്ഷേമം എന്നിവയോടുള്ള സമീപനത്തിൽ അവർ ഒരേ സഖ്യത്തിൽ തുടരുന്നു. സംസ്ഥാനതലത്തിലുള്ള തെരഞ്ഞെടുപ്പ് മത്സരവും ദേശീയതലത്തിലുള്ള രാഷ്ട്രീയസഹകരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക എന്നതാണ് ഇതിനൊരു പ്രായോഗിക വഴി. ഇത്തരമൊരു ധാരണ രൂപപ്പെടുന്നതുവഴി പാർലമെന്റിലും ജനകീയ പ്രസ്ഥാനങ്ങളിലും വിശാലമായ മറ്റ് ജനാധിപത്യവേദികളിലും പൊതുവായ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾതന്നെ, കേരളത്തിൽ പരസ്പരം മത്സരിക്കുന്നത് തുടരാൻ ഇരുവിഭാഗത്തിനും സാധിക്കും. കേരളത്തിൽ “കെട്ടിപ്പിടുത്തം” ഇല്ലെങ്കിലും, പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ടല്ലാതെ പ്രതിപക്ഷ പാർട്ടികൾക്ക് ബി.ജെ.പി എന്ന കൂറ്റൻ തിന്മായന്ത്രത്തെ നേരിടാൻ കഴിയില്ല. വലിയ വ്യവസ്ഥാപിത വെല്ലുവിളികളെ നേരിടുമ്പോൾ രാഷ്ട്രീയ എതിരാളികൾക്ക് ഒരേസമയം തന്ത്രപരമായ സഖ്യകക്ഷികളാകാൻ കഴിയുമെന്ന് പല ജനാധിപത്യ രാജ്യങ്ങളിലെയും സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്.

ഇന്ത്യ സഖ്യത്തിന്റെ ഭാവി, അതിനെ വെറുമൊരു തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിൽനിന്ന് ഒരു വലിയ 'രാഷ്ട്രീയ പദ്ധതി'യായി മാറ്റാനുള്ള അതിന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. അങ്ങനെയൊരു പദ്ധതിക്ക് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ശക്തമായ ഏകോപനവും, വ്യക്തമായ സാമൂഹിക- സാമ്പത്തിക പരിപാടിയും, പ്രാദേശിക സ്വയംഭരണത്തോടുള്ള സമീപനത്തിൽ പുതിയ ദിശാബോധവും, സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളുമായുള്ള ഇടപെടലുകളിൽ സുതാര്യതയും ആവശ്യമാണ്. സഖ്യത്തിന് ഈ മാറ്റം കൈവരിക്കാൻ കഴിയുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. എങ്കിലും ഒരു കാര്യം വ്യക്തമാണ്, ബി.ജെ.പി മേധാവിത്വത്തിനെതിരായ പോരാട്ടം ഇനി വെറും തെരഞ്ഞെടുപ്പ് കണക്കുകളിലൂടെ മാത്രം നടത്താനാകില്ല. അത് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആഴത്തിലുള്ള സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, പ്രത്യയശാസ്ത്രപരമായ അടിത്തറകളെക്കൂടി അഭിസംബോധന ചെയ്യുന്നതായിരിക്കണം. ഇന്ത്യാ സഖ്യം അതിന്റെ അടിസ്ഥാന പ്രതിരോധധാരയെ ശക്തമാക്കുക എന്നത് ഈ ഘട്ടത്തിൽ ഏറ്റവും അനിവാര്യമായ രാഷ്ട്രീയ യുക്തിയാണ്.
