കരൂരിൽ അപക്വ രാഷ്ട്രീയത്തിന്റെ ദുരന്തമോ? ഒളിച്ചോടിയ വിജയ‍്‍ക്കെതിരെ ജനരോഷം

കരൂരിലെ ദുരന്തത്തിന് ശേഷം വിജയ്ക്കെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത്. സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം ഉയരുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിജയ് മാധ്യമപ്രവർത്തകരോട് സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാം റദ്ദാക്കി എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങുകയാണ് അദ്ദേഹം ചെയ്തത്.

News Desk

മിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയപ്രവർത്തകനുമായ വിജയുടെ തമിഴക വെട്രി കഴകത്തിൻെറ പ്രചാരണപരിപാടിയുടെ ഭാഗമായി നടത്തിയ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 39 പേർ. ശനിയാഴ്ച വൈകീട്ടുണ്ടായ ദുരന്തത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. റാലി സംഘാടനത്തിലുണ്ടായ വലിയ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 10000 പേർക്ക് അനുമതിയുണ്ടായിരുന്നിടത്ത് ഏകദേശം 27000 പേരാണ് എത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് 500-ഓളം ടി.വി.കെ പ്രവർത്തകർക്ക് ചുമതലയുണ്ടായിരുന്നു. കൂടാതെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി വിജയ് എത്താൻ വൈകിയതാണ് മറ്റൊരു വീഴ്ചയായി പോലീസ് വിലയിരുത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വിജയ് എത്തുമെന്നായിരുന്നു പാർട്ടി എക്സ് ഹാൻറിലിൽ പോസ്റ്റ് ചെയ്തിരുന്നത്. വൈകീട്ട് മൂന്ന് മുതൽ രാത്രി 10 വരെയാണ് റാലിയ്ക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ രാവിലെ 11 മുതൽ ആളുകൾ എത്തി തുടങ്ങിയിരുന്നു. വിജയ് എത്തിയതാവട്ടെ രാത്രി 7.40നാണ്. കടുത്ത ചൂട് സഹിച്ച് ആളുകൾ ഏറെനേരം കാത്തിരിക്കേണ്ടി വന്നു. അവർക്ക് ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഒന്നും ലഭിച്ചതുമില്ല. ദുരന്തത്തിൻെറ പ്രാഥമിക കാരണമായി വിലയിരുത്തപ്പെടുന്നത് ഈ വിഷയങ്ങളാണ്.

റാലി കെവിട്ട് പോയതിന് പിന്നാലെ തന്നെ വിജയ് കരൂരിൽ നിന്ന് ചെന്നൈയിലെ വീട്ടിലേക്ക് തിരിച്ചു. കരൂരിൽ ഉണ്ടായ സംഭവങ്ങളിൽ താൻ അതീവ ദുഖിതനാണെന്നും തൻെറ ഹൃദയം നുറുങ്ങുന്നുവെന്നും വിജയ് എക്സിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മറ്റ് രാഷ്ട്രീയ പ്രവർത്തകർ എന്നിവരെല്ലാം ദുരന്തം നടന്ന പ്രദേശത്തും പരിക്കേറ്റവരുള്ള ആശുപത്രികളിലും സന്ദർശനം നടത്തി. മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശൻെറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. നിലവിൽ രാഷ്ട്രീയ പ്രതികരണത്തിനൊന്നും താനില്ലെന്നും അന്വേഷണ കമ്മീഷൻെറ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാവുമെന്നും എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. “രാഷ്ട്രീയ പ്രവർത്തകർ ജനങ്ങളെ കാണുന്നതും അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഒരു പൊതുപരിപാടി സംഘടിപ്പിക്കുമ്പോൾ അത് ഉത്തരവാദിത്വത്തോടെ നടപ്പാക്കാനുള്ള ചുമതലയും അവർക്കുണ്ട്,” ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

 ശനിയാഴ്ച വൈകീട്ടുണ്ടായ ദുരന്തത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. റാലി സംഘാടനത്തിലുണ്ടായ വലിയ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ശനിയാഴ്ച വൈകീട്ടുണ്ടായ ദുരന്തത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. റാലി സംഘാടനത്തിലുണ്ടായ വലിയ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

വിജയ്ക്കെതിരെ വിമർശനം, കേസിന് സാധ്യത

കരൂരിലെ ദുരന്തത്തിന് ശേഷം വിജയ്ക്കെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത്. സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം ഉയരുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിജയ് മാധ്യമപ്രവർത്തകരോട് സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാം റദ്ദാക്കി എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങുകയാണ് അദ്ദേഹം ചെയ്തത്. ജനരോഷം കാരണം അദ്ദേഹത്തിൻെറ ചെന്നൈയിലെ വീടിന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ടി.വി.കെ നേതാക്കൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. വിജയ്ക്കെതിരെയും കേസ് എടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 30 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി താൻ വലിയ ആരാധകവൃന്ദമുള്ള ഒരു നടനാണെന്ന് വിജയ് മറന്നുപോവരുതായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. സാധാരണ രാഷ്ട്രീയറാലികളിൽ ഉള്ളതിനേക്കാൾ ആളുകൾ, തൻെറ പരിപാടികളിൽ എത്തിച്ചേരുമെന്ന് അദ്ദേഹം ഓർക്കണമായിരുന്നു. ടി.വി.കെയുടെ പ്രവർത്തകരും അതിനനുസരിച്ച് സംഘടനാപരമായി ഉണർന്ന് പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു. എന്നാൽ, അത്തരത്തിലൊരു മുൻകരുതലും എടുക്കാൻ വിജയ്ക്കോ അദ്ദേഹത്തിൻെറ പാർട്ടിക്കോ സാധിച്ചില്ല എന്ന നിലയിലാണ് വിമർശനങ്ങൾ. ആൾക്കൂട്ടം നിയന്ത്രണാതീതമാണെന്ന് മനസ്സിലാക്കി ഇടപെടുന്നതിനുള്ള രാഷ്ട്രീയ പക്വത ടി.വി.കെയ്ക്ക് ഉണ്ടായില്ല.

രാഷ്ട്രീയമായ തിരിച്ചടി

തൻെറ ചലച്ചിത്ര കരിയർ പോലും പാതിവഴിയിൽ ഉപേക്ഷിച്ചാണ് വിജയ് പൂർണമായും രാഷ്ട്രീയ പ്രവർത്തനവുമായി രംഗത്തിറങ്ങിയത്. തമിഴ്നാട് രാഷ്ട്രീയത്തിലേക്കുള്ള വിജയുടെ എൻട്രി മറ്റ് രാഷ്ട്രീയ പ്രവർത്തകരെ ഞെട്ടിച്ചിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായകശക്തിയാവുമെന്ന വിലയിരുത്തലിലാണ് വിജയ് പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തി കൊണ്ടിരുന്നത്. തുടക്കം മുതൽ തന്നെ അദ്ദേഹത്തിൻെറ പ്രചാരണപരിപാടികളിൽ വൻതോതിലുള്ള ആൾക്കൂട്ടം ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരൻ എന്നതിലുപരി നടനെന്ന നിലയിൽ അദ്ദേഹത്തോടുള്ള ആരാധന കാരണവും ധാരാളം പേർ എത്തിയിരുന്നു. തമിഴ് ജനതയിൽ വേരൂന്നിയിട്ടുള്ള ദ്രാവിഡ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് വിജയും ടി.വി.കെയും ഇടപെട്ടത്. ബി.ജെ.പിയടക്കമുള്ള വലതുപക്ഷ - വർഗീയ രാഷ്ട്രീയത്തോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ച വിജയ് സംസ്ഥാന രാഷ്ട്രീയത്തിൽ തൻെറ രാഷ്ട്രീയ എതിരാളിയായി കണക്കാക്കിയത് ഡി.എം.കെയാണ്. ജയലളിതയുടെ മരണത്തിന് ശേഷം എ.ഐ.ഡി.എം.കെ ശിഥിലമായതോടെ യഥാർത്ഥ പ്രതിപക്ഷമായി പ്രവർത്തിക്കുകയായിരുന്നു ടി.വി.കെയുടെ ലക്ഷ്യം.

ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി താൻ വലിയ ആരാധകവൃന്ദമുള്ള ഒരു നടനാണെന്ന് വിജയ് മറന്നുപോവരുതായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.
ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി താൻ വലിയ ആരാധകവൃന്ദമുള്ള ഒരു നടനാണെന്ന് വിജയ് മറന്നുപോവരുതായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.

വിജയുടെ റാലിയിൽ എത്തുന്ന ആളുകൾ താരാരാധന കൊണ്ട് മാത്രം എത്തുന്നതാണെന്നും തമിഴ്നാട് മുഴുവൻ സംഘടനയെ ചലിപ്പിക്കാൻ ടി.വി.കെയ്ക്ക് സാധിക്കില്ലെന്നും എതിർ രാഷ്ട്രീയക്കാർ നേരത്തെ മുതലേ വിമർശനം ഉന്നയിച്ച് തുടങ്ങിയിരുന്നു. പാർട്ടിയുടെ സംഘടനാപരമായ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്ന വിലയിലുത്തലും ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ഇത് രാഷ്ട്രീയമായി എതിർപാർട്ടികൾ ഉപയോഗിക്കുമെന്ന് ഉറപ്പാണ്. 2024-ലാണ് വിജയ് ടി.വി.കെ പ്രഖ്യാപിക്കുന്നത്. കൃത്യമായ കണക്കുക്കൂട്ടലോടെയാണ് സിനിമാഭിനയം തൽക്കാലം നിർത്തി അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കരൂരിലുണ്ടായ ദുരന്തം വ്യക്തിപരമായും രാഷ്ട്രീയമായും വിജയ്ക്കും ടി.വി.കെയ്ക്കും വലിയ തിരിച്ചടിയാണ്. ഒപ്പം രാഷ്ട്രീയ പാർട്ടികൾക്ക് ഇത് വലിയ പാഠം കൂടിയാണ്. പൊതുപരിപാടികളിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വലിയ മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു. നിരപരാധികളായ മനുഷ്യരുടെ ജീവനാണ് പൊലിഞ്ഞുപോവുന്നത്. സഹായധനമോ ആശ്വാസവാക്കുകളോ ഒന്നും അതിന് പകരം വെക്കാനാവില്ല…

Comments