കെ. കണ്ണൻ: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2023-24 ലേക്കുള്ള കേന്ദ്ര ബജറ്റ് മധ്യവർഗങ്ങൾക്കും കുത്തക മൂലധനശക്തികൾക്കും ഉത്തേജനം നൽകുന്ന പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. മറുവശത്ത്, തൊഴിലുറപ്പ് പദ്ധതി ഗണ്യമായി വെട്ടിക്കുറച്ചും കാർഷിക ഉപകരണങ്ങളുടെ സബ്‌സിഡി കുറച്ചും അടിസ്ഥാന വിഭാഗങ്ങളെ കൂടുതൽ ദുർബലമാക്കുന്ന സമീപനവും സ്വീകരിക്കുന്നുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിനുമുമ്പുള്ള ബജറ്റ് എന്ന നിലയ്ക്കുള്ള ഒരു ‘തന്ത്ര'മായി ബജറ്റിലെ പ്രീണനങ്ങളെ കാണാം എന്നു തോന്നുന്നു. ബജറ്റിനെപ്പോലൊരു നയരേഖ ഒരു തെരഞ്ഞെടുപ്പുതന്ത്രമാകുന്നതിലെ അപകടം എന്തൊക്കെയാണ്?
എം. കുഞ്ഞാമൻ: ‘ഗ്രോത്ത്, ഗ്രോത്ത്, ഗ്രോത്ത്' എന്ന മട്ടിലുള്ള സാമ്പത്തിക വളർച്ചയാണ് ഈ ബജറ്റിന്റെ ഫിലോസഫി. പ്രധാനമന്ത്രി പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഇന്ത്യയെ അഞ്ച് ട്രില്യൻ ഡോളർ ഇക്കോണമിയായി മാറ്റുകയാണ് ലക്ഷ്യം എന്ന്. ഇത്തരത്തിലുള്ള വമ്പിച്ച സാമ്പത്തിക വളർച്ചയുടെ നേട്ടം ആരാണ് കൊണ്ടുപോകുന്നത്? ബജറ്റ് ഇത് വ്യക്തമാക്കുന്നില്ല. സമ്പത്തിന്റെ പുനർവിതരണം നടക്കുമോ എന്ന പ്രധാന പ്രശ്‌നത്തെക്കുറിച്ചും ബജറ്റ് പറയുന്നില്ല. മാത്രമല്ല, സാമ്പത്തിക അസമത്വം വർധിപ്പിക്കുന്ന നിരവധി നടപടികളും ബജറ്റിലുണ്ട്. തൊഴിലുറപ്പു പദ്ധതിക്കുള്ള പണം ഗണ്യമായി വെട്ടിക്കുറച്ചത് ഒരു ഉദാഹരണം മാത്രം. താഴ്ന്ന തലങ്ങളിലുള്ളവരുടെ ആവശ്യങ്ങളിൽ ഊന്നിക്കൊണ്ടുള്ളതല്ല ബജറ്റ്. സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും പരിപ്രേക്ഷ്യമില്ലാതെയാണ് ഈ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ബജറ്റിന്റെ പാശ്ചാത്തലം അടുത്ത തെരഞ്ഞെടുപ്പുതന്നെയാണ്. അതുകൊണ്ടുതന്നെ ബജറ്റിനെ ഒരു ഇലക്ഷൻ തന്ത്രമായി ചുരുക്കുന്നതിനെ തുറന്നുകാട്ടേണ്ടതുണ്ട്.
ഒരു ‘ഹാർഡ് ബജറ്റ്' സാഹചര്യം ചൂണ്ടിക്കാട്ടിയാണ്, സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. കേന്ദ്രം കടമെടുപ്പ് കുറച്ചതും ജി.എസ്.ടി വരുമാനം നിലച്ചതുമെല്ലാം ചൂണ്ടിക്കാട്ടി, ഒരു ഫെഡറൽ യൂണിറ്റ് എന്ന നിലയ്ക്ക് സംസ്ഥാനത്തെ കേന്ദ്രം വരിഞ്ഞുമുറുക്കുന്നു എന്നത്, സാമ്പത്തികാസൂത്രണത്തിന്മേലുള്ള വലിയ സമ്മർദമായി കേരളം എടുത്തുപറയുന്നുണ്ട്. അതേസമയം, വരുമാനം കൂട്ടാൻ പുതിയ വിഭവ സമാഹരണ മാർഗങ്ങൾ തേടാതെ, സാധാരണ ജനവിഭാഗങ്ങളെ നേരിട്ട് ബാധിക്കുന്ന ഇന്ധന നികുതി വർധന പോലുള്ള വഴികളാണ് തേടിയിരിക്കുന്നത്. സാമൂഹിക ക്ഷേമ പെൻഷനുവേണ്ടിയാണ് ഇന്ധന നികുതി വർധന എന്ന, സാമ്പത്തികശാസ്ത്രപരമായി നിലനിൽക്കാത്ത വാദങ്ങളുമുയർത്തുന്നുണ്ട്. ഇക്കാര്യങ്ങളുടെ വസ്തുനിഷ്ഠ യാഥാർഥ്യമെന്താണ്?
കേന്ദ്രം കേരളത്തെ വരിഞ്ഞുമുറുക്കുന്നു എന്നത് ബജറ്റിന്റെ സമയത്തുമാത്രമല്ല, നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാദമാണ്. അതിൽനിന്നുതന്നെ അത്തരം പ്രസ്താവനകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇനി, കേന്ദ്രം അങ്ങനെയൊരു വിവേചനം കാണിക്കുന്നുണ്ട് എങ്കിൽ തന്നെ, കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ, കേരളവും മറ്റ് സംസ്ഥാനങ്ങളും ഒന്നിച്ചുചേർന്ന്, വ്യത്യസ്തമായ ചർച്ച ചെയ്യേണ്ട ഒരു കാര്യമാണ്.
കേരളത്തിന്റെ വരുമാനം കൂടി എന്നും സാമ്പത്തിക മാനേജുമെൻറ് മെച്ചപ്പെട്ടു എന്നും ധനമന്ത്രി പറയുന്നുണ്ട്. എന്നിട്ടും നികുതി കൂട്ടേണ്ടിവരുന്നു എന്നു പറഞ്ഞാൽ എന്താണർഥം. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
പ്രധാന കാര്യം, ചെലവ് നിയന്ത്രിക്കാൻ യാതൊരു നടപടിയുമില്ല എന്നതാണ്. ലളിതമായി ജീവിക്കാൻ ആളുകളോട് പറയുന്ന ഭരണാധികാരികൾ ആഡംബര ജീവിതമാണ് നയിക്കുന്നത്. എത്ര വരുമാനമുണ്ടായാലും ചെലവ് പിടിച്ചുനിർത്താൻ കഴിയില്ല. സംസ്ഥാന ബജറ്റിലും വരുമാനത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിൽ അസമത്വം കുറക്കാൻ നടപടികളില്ലെന്നുമാത്രമല്ല, കേന്ദ്ര ബജറ്റിലേതുപോലെ, സംസ്ഥാന ബജറ്റും ദരിദ്രർക്ക് ദോഷകരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. വിവിധ തരം നികുതികൾ വർധിപ്പിച്ച് കേന്ദ്രത്തിന്റെ പാതയിലാണ് കേരളവും സഞ്ചരിക്കുന്നത്.
പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താൻ ശ്രമിക്കുകയാണ് അടിയന്തരമായി വേണ്ടത്. സർക്കാർ ചെലവും വരവും ശാസ്ത്രീയമായി പഠിക്കാൻ കമ്മിറ്റിയെ ഉണ്ടാക്കണം, ഏജൻസിയെ ഏൽപ്പിക്കരുത്. ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലുമൊക്കെയുള്ള സാമ്പത്തിക വിദഗ്ധരെ കൊണ്ടുവന്ന് പഠിക്കാൻ സംവിധാനമുണ്ടാക്കണം. എവിടെയാണ് ചെലവ് ചുരുക്കാനാകുക, പുതിയ ധനാഗമമാർഗങ്ങൾ എന്താണ് തുടങ്ങിയ കാര്യങ്ങൾ പഠിക്കണം. ▮