എൻ.കെ. പ്രേമചന്ദ്രൻ

ഹിന്ദി മാത്രം മതി എന്നത്​
ബി.ജെ.പിയുടെ രാഷ്​ട്രീയ അജണ്ട

​ ഭൂരിപക്ഷം ജനം സംസാരിക്കുന്ന ഭാഷയെ ഔദ്യോഗിക ഭാഷയാക്കുകയാണ് ചെയ്തത്. ഇംഗ്ലീഷും ഔദ്യോഗിക ഭാഷയാണ്. അതിനപ്പുറത്തേക്ക് ഭാഷ അടിച്ചേൽപ്പിക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയാണ്.

മനില സി. മോഹൻ: വിദ്യാഭ്യാസത്തിലും തൊഴിലിലും സർക്കാർ സ്ഥാപനങ്ങളിലും കേന്ദ്ര സർവകലാശാലകളിലുമെല്ലാം ഹിന്ദി അടിച്ചേൽപ്പിക്കുന്ന നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഭാഷാ പാർലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ചിരിക്കുകയാണല്ലോ. ഓഫീസുകളിലെ കമ്പ്യൂട്ടറുകൾ പോലും ഹിന്ദിയിലേക്കുമാറ്റാൻ നിർദേശമുണ്ട്. മാത്രമല്ല, വിദേശത്തെ ഇന്ത്യൻ എംബസികളിൽ പോലും നടപടിക്രമം ഹിന്ദിയിലായിരിക്കണം എന്നും നിർദേശിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഇംഗ്ലീഷിനുപകരം ഹിന്ദിയിൽ സംസാരിക്കണം എന്ന അമിത്ഷായുടെ നേരത്തെയുള്ള നിർദേശത്തിനെതിരെ വൻ പ്രതിഷേധമാണുണ്ടായത്. പുതിയ നിർദേശങ്ങൾ, എന്ത് പ്രത്യാഘാതമാണുണ്ടാക്കുക?

എൻ.കെ. പ്രേമചന്ദ്രൻ: ഭാഷ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഹിന്ദി ഒരു ഔദ്യോഗിക ഭാഷ മാത്രമാണ്. അതുപോലെ, ഔദ്യോഗിക ഭാഷകളെല്ലാം ദേശത്തിന്റെ ഭാഷകൾ തന്നെയാണ്, അവയെല്ലാം രാഷ്ട്രഭാഷകളാണ്. ബി.ജെ.പി കുറെ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ‘ഒരു രാഷ്ട്രം, ഒരു മതം, ഒരു വിശ്വാസം, ഒരു നികുതി, ഒരു ഭാഷ' എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. വൈവിധ്യം എന്ന സംസ്‌കാരത്തെ ഉൾക്കൊള്ളാൻ അവർക്ക് കഴിവില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവുകൂടിയാണിത്. ഹിന്ദി അടിച്ചേൽപ്പിക്കുക എന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗം തന്നെയാണിത്. അതായത്, സങ്കുചിതമായ ദേശീയതയും സംസ്‌കാരവുമാണ് അവർ പ്രതിനിധാനം ചെയ്യുന്നത്. വിശാലമായ ഒരു ദേശീയത അവരുടെ അജണ്ടയിലില്ല. ഇതെല്ലാം സങ്കുചിതമായ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ ചെയ്യുന്നതാണ് എന്ന് വ്യക്തമാണ്.

ഹിന്ദി ദിനാചരണത്തിനെതിരെ കന്നഡ സംഘടനകളുടെ പ്രതിഷേധം./ photo:dailythanthi.com

ഫെഡറലിസം ശക്തിപ്പെടുത്തുന്നതിന് വിവിധ തലങ്ങളിൽ നീക്കം നടക്കുന്ന സമയം കൂടിയാണല്ലോ ഇത്. കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ഇതിനായി ശബ്ദവുമുയർത്തുന്നുണ്ട്. ഫെഡറലിസത്തെ തകർക്കുന്ന നിർദേശങ്ങളെന്ന നിലയ്ക്ക്, ഈ വിഷയത്തെ എങ്ങനെയാണ് പ്രതിപക്ഷം നേരിടാൻ പോകുന്നത്?

ഉത്തരേന്ത്യൻ രാഷ്ട്രീയം പൂർണമായി ഹിന്ദിവൽക്കരിച്ചുകൊണ്ടുള്ള ഒരു അജണ്ടയുടെ ഭാഗമായാണ്, ഭാഷയെ മുൻനിർത്തിയുള്ള ഈ നീക്കം. ഒരു ഭാഷ മതി, മറ്റൊരു ഭാഷയും ആവശ്യമില്ല എന്നാണ് പറയുന്നത്. എല്ലാ ഭാഷക്കും ഒരേ പ്രാധാന്യമാണുള്ളത്. ഭൂരിപക്ഷം ജനം സംസാരിക്കുന്ന ഭാഷയെ ഔദ്യോഗിക ഭാഷയാക്കുകയാണ് ചെയ്തത്. ഇംഗ്ലീഷും ഔദ്യോഗിക ഭാഷയാണ്. അതിനപ്പുറത്തേക്ക് ഭാഷ അടിച്ചേൽപ്പിക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ ഐക്യമാണ് ഇതിലൂടെ ദുർബലമാകാൻ പോകുന്നത്. ദേശീയതലത്തിലുള്ള അഖണ്ഡത ദുർബലപ്പെടുത്താനേ ഇതുപകരിക്കൂ എന്നാണ് എന്റെ അഭിപ്രായം. ഇതിനെതിരെ അതിശക്തമായ എതിർപ്പ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും. ആ എതിർപ്പിനൊപ്പം പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെന്ന നിലയിൽ ഞങ്ങളെല്ലാമുണ്ടാകും. ▮

Comments