വെങ്കിടേഷ് രാമകൃഷ്ണൻ / Photo : The Eidem

ദീർഘകാല പദ്ധതികൾ നടപ്പാക്കാനുള്ള
​ബി.ജെ.പി.യുടെ കഴിവ് വലുതാണ്

ബി.ജെ.പി.യെ സംബന്ധിച്ച്, അവർ ഒരു കാര്യം തീരുമാനിച്ചാൽ എത്രകാലത്തേക്കും പ്രവർത്തിക്കാൻ തയ്യാറാണ്. പ്രതിപക്ഷത്തുള്ളപ്പോൾ തന്നെ ദീർഘകാലം അങ്ങനെ പ്രവർത്തിച്ചവരാണ്. ലോകത്ത്​ ഏറ്റവും പണമുള്ള പാർട്ടിയാണ്. അതുകൊണ്ട് ദീർഘകാല പദ്ധതികൾ നടത്താൻ പറ്റും.

മനില സി. മോഹൻ: ഹൈദരാബാദിൽ സമാപിച്ച ബി.ജെ.പി ദേശീയ നിർവാഹക സമിതിയോഗം ചില അജണ്ടകൾ മുന്നോട്ടുവച്ചിട്ടുണ്ട്​. ‘ഹിന്ദുക്കളുടെ പാർട്ടി’ എന്ന നിലയിൽനിന്ന്​ മറ്റു വിഭാഗങ്ങളിലെ പിന്നാക്കക്കാരിലേക്കും ന്യൂനപക്ഷങ്ങളിലേക്കും കടന്നുകയറുക എന്ന ഒരു ദീർഘകാല പ്ലാനാണ്​ പാർട്ടി ആവിഷ്​കരിച്ചിരിക്കുന്നത്​. അത് എത്രത്തോളം ഇഫക്റ്റീവാണ്. ആ ഒരു പ്ലാൻ അനുസരിച്ച് അടിത്തട്ടിൽ വർക്ക് ചെയ്യുകയാണെങ്കിൽ അതിനുള്ള സാധ്യത എത്രത്തോളമുണ്ട്? മറ്റു മതങ്ങളിലെ താഴെത്തട്ടിൽ നിൽക്കുന്ന ആളുകളെ കൈയിലെടുക്കാനുള്ള പരിപാടിയൊക്കെ ആർ.എസ്.എസിന്റെ മൊത്തം പ്രോഗ്രാമിനകത്ത്, അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെങ്കിൽ പോലും അതിനെ ഒരു സ്ട്രാറ്റജി മാറ്റമായി കാണാൻ പറ്റുമോ?

വെങ്കിടേഷ് രാമകൃഷ്ണൻ: 2014 മുതലുള്ള ചരിത്രം പരിശോധിച്ചാൽ, ബി.ജെ.പി. ആദ്യം പറഞ്ഞ മുദ്രാവാക്യം കോൺഗ്രസ് മുക്ത ഭാരതം എന്നായിരുന്നു. പക്ഷെ ആ മുദ്രാവാക്യത്തിന്റെ യഥാർഥ എക്​സ്​റ്റൻഷൻ പ്രതിപക്ഷമുക്ത ഭാരതം എന്നതായിരുന്നു. ആ മുദ്രാവാക്യം അവർ ചെറുതായിട്ടൊന്ന് ഫൈൻ ട്യൂൺ ചെയ്തിട്ടുണ്ട് ഇപ്പോൾ. ഡൈനാസ്റ്റി (കുടുംബവാഴ്ച) മുക്ത ഭാരതം എന്നാക്കിയിട്ടുണ്ട്. ബി.ജെ.പി.യുടെ അകത്തുതന്നെയുള്ള കുടുംബവാഴ്ചയെ മറച്ചുവെച്ചാണ് അവർ ഈ മുദ്രാവാക്യം വെച്ച് മുന്നോട്ടുപോകുന്നത്. (ബി.ജെ.പി അവസാനമായി കൂടെകൂട്ടിയിരിക്കുന്ന ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത്​ ഷിൻഡേ ലോക്‌സഭാംഗമാണ്.) ഇത് തെലങ്കാനയിൽ കുറച്ച് വർക്ക് ചെയ്യുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ ഒരുപാട് കാലമായി ഹിന്ദുത്വയ്ക്ക് ഒരു ‘ഡ്രോയിങ് റൂം ആക്‌സപ്റ്റൻസ്’ ഉണ്ടല്ലോ. കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും എടുക്കുന്ന മുദ്രാവാക്യങ്ങളും തന്ത്രങ്ങളും പ്രവർത്തനങ്ങളുമൊക്കെ ഈ ലാർജർ ഐഡിയോളജിയെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് കാണപ്പെടുന്നത്.

മറ്റു മൂന്ന് സംസ്ഥാനങ്ങളിൽ- കേരളം, തമിഴ്‌നാട്, കർണാടക- ഇത് ഇഫക്റ്റീവാകാനുള്ള സാധ്യത കുറവാണ്. കർണാടകയിൽ ബി.ജെ.പി ഭരണത്തിലാണെങ്കിലും അവിടെ ഭരണത്തിനെതിരെ വിമർശനം കൂടുതലാണ്. അവിടെ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് തോന്നുന്നത്. ബി.ജെ.പി.യെ സംബന്ധിച്ച്, അവർ ഒരു കാര്യം തീരുമാനിച്ചാൽ എത്രകാലത്തേക്കും പ്രവർത്തിക്കാൻ തയ്യാറാണ്. പ്രതിപക്ഷത്തുള്ളപ്പോൾ തന്നെ ദീർഘകാലം അങ്ങനെ പ്രവർത്തിച്ചവരാണ്. ലോകത്ത്​ ഏറ്റവും പണമുള്ള പാർട്ടിയാണ്. അതുകൊണ്ട് ദീർഘകാല പദ്ധതികൾ നടത്താൻ പറ്റും. മഹാരാഷ്ട്രയിൽ ഇപ്പോൾ ചെയ്തതുപോലെ ആളുകളെ കൊണ്ടുവരാൻ പറ്റും. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയുടെ ഒരു വിഭാഗത്തെ ബി.ജെ.പി.യിൽ ലയിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. അതിനുള്ള സ്‌ക്രിപ്റ്റ് അവർ തയ്യാറാക്കിയതാണ്. ഇ.പി.എസും പനീർസെൽവവുമായിട്ടുള്ള പ്രശ്‌നം അവർ ഉണ്ടാക്കിയതാണ്. അതിൽ ഒരു ഗ്രൂപ്പ് ബി.ജെ.പി.യിൽ ലയിക്കാനാണ് സാധ്യത. അങ്ങനെയുള്ള ഒരു സ്ട്രാറ്റജിക് പ്ലാൻ വെച്ചിട്ടാണ് മുന്നോട്ടുപോകുന്നത്.

ഹിന്ദു അസ്സേർഷനാണ് ആർ.എസ്.എസിന്റെ കോർ ഐഡിയോളജി. ഈ പറഞ്ഞ കൾച്ചറൽ, സോഷ്യൽ ഹെജിമണിക്ക് കീഴിൽ കൊണ്ടുവരിക എന്നതുതന്നെയായിരുന്നു ലക്ഷ്യം. / Photo: Wikimedia Commons

അടിസ്ഥാനപരമായ കാര്യം എന്താണെന്നുവെച്ചാൽ, സംഘപരിവാർ എല്ലാ സമയത്തും വളരെ കൃത്യമായി, ടൈംബൗണ്ടായി, പരിപാടികൾ കൊണ്ടുപോയിട്ടുള്ള പാർട്ടിയാണ്. 1999-ൽ ‘മിഷൻ 2020’ എന്ന പദ്ധതിയുണ്ടാക്കി. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, എങ്ങനെ നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക്​ ഉപയോഗിക്കാം എന്നതാണ്​. അത് വളരെ ഫലപ്രദമായി അണ്ണാ ഹസാരെയുടെ സമരത്തിൽ കണ്ടതാണ്.

ഹിന്ദു അസ്സേർഷനാണ് ആർ.എസ്.എസിന്റെ കോർ ഐഡിയോളജി. ഈ പറഞ്ഞ കൾച്ചറൽ, സോഷ്യൽ ഹെജിമണിക്ക് കീഴിൽ കൊണ്ടുവരിക എന്നതുതന്നെയായിരുന്നു ലക്ഷ്യം. സാവർക്കർ പോലും വിശ്വാസിയായിരുന്നില്ല. പൊളിറ്റിക്കൽ ഹിന്ദു ആധിപത്യത്തിലായിരുന്നു അദ്ദേഹത്തിന് വിശ്വാസം. മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും കൂടെക്കൂട്ടുക എന്നൊക്കെ പറയുന്നത് പൊളിറ്റിക്കൽ ഹെജിമണിയുടെ അജണ്ടയുടെ ഭാഗം തന്നെയാണ്. ഇതിൽ ഏറ്റവും ഇഫക്റ്റീവായ കാര്യം, ആധിപത്യമില്ലാത്ത പിന്നാക്ക ജാതിഹിന്ദുക്കളെയും ദലിത് വിഭാഗങ്ങളെയുമൊക്കെ കൂടെക്കൂട്ടാൻ വേണ്ടിയുള്ളതാണ്. പ്രത്യേകിച്ച് യു.പി.യിൽ വലിയ വിജയം നേടാൻ ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഏറിയും കുറഞ്ഞുമുള്ള വിജയം ബിഹാറിലുമുണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ അനുഭവത്തിലാണ് അവർ ഈ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇത്രയും ദൂരവ്യാപക പ്ലാനുള്ള മറ്റു രാഷ്ട്രീയപാർട്ടികൾ നമുക്കില്ല എന്നതും ഒരു ഘടകമാണ്.

ബ്രാഹ്‌മിൻ കമ്യൂണിറ്റിയുമായി ബന്ധപ്പെട്ടുനിൽക്കുന്ന മിഡിൽ ക്ലാസ് കമ്യൂണിറ്റിയുണ്ട് തമിഴ്‌നാട്ടിൽ. അതിലേക്ക് സ്വാധീനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

പിന്നെ, അതിഭയങ്കരമായ റിസോഴ്‌സുകളാണ് ഇപ്പോൾ പാർട്ടിയുടെ കൈയിലുള്ളത്. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ റിസോഴ്‌സുകൾ. നാഷണൽ ഡോമിനൻസിനുള്ള പ്ലാനുണ്ടാക്കാൻ അവരെ സഹായിക്കുന്നത് ഇതാണ്. നോർത്ത് ഈസ്റ്റിൽ ഇത്രയും വലിയ സ്വാധീനം ബി.ജെ.പി.യ്ക്ക് ഉണ്ടാക്കാൻ പറ്റുമെന്ന് ആരും വിചാരിച്ചിരുന്നില്ല. അവിടെ കൂടുതൽ സംസ്ഥാനങ്ങളിലും ബീഫ് കഴിക്കുന്ന ആളുകളൊക്കെയുള്ള സാഹചര്യത്തിൽ അതുണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. പക്ഷെ അവർ അത് സാധിച്ചു. അതുകൊണ്ട് അത് തള്ളിക്കളയാനാകില്ല. അതിനുള്ള കൃത്യമായ ഒരു സാഹചര്യം ഇപ്പോഴുണ്ടായിട്ടില്ലെങ്കിലും.

തമിഴ്‌നാട്ടിലെ ഒരു കൾച്ചറൽ സ്‌പേസിനകത്ത് ഇവർ പറയുന്ന വർഗീയതക്ക്​വേരുപിടിക്കാൻ പറ്റുമോ? അവരുടെ, ലക്ഷ്യത്തിൽ കേരളവും ഉണ്ടല്ലോ. മഹാരാഷ്ട്രയിലൊക്കെ എടുത്ത തന്ത്രമുണ്ടല്ലോ, മറ്റു പാർട്ടികളെ പിളർത്തി അതിലെ ആളുകളെ വിലയ്‌ക്കെടുക്കുക എന്നത്. കേരളത്തിൽ അങ്ങനെയൊരു സാധ്യത നിനിൽക്കുന്നുണ്ടോ? ഇതിന്റെ ഒരു പ്രതിരോധം എന്ന നിലയിൽ കോൺഗ്രസിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ഒട്ടും പ്രതീക്ഷയില്ലാത്തതുപോലെ, തകർന്നുപോയ ഒരു പാർട്ടിയെന്നൊക്കെയാണല്ലോ എപ്പോഴും പറയുന്നത്. അപ്പോൾ കൃത്യമായ പ്ലാൻ വെച്ചിട്ടുള്ള പോക്കും പ്രതിപക്ഷം എന്നുപറയുന്ന ഒരു സംഗതിയേ ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ എന്തായിരിക്കും അടുത്ത ടേം? അമിത് ഷാ തന്നെ പറഞ്ഞതുപോലെ അടുത്ത 30-40 വർഷത്തേക്ക് ഇനി ബി.ജെ.പി.യാണ് ഭരിക്കാൻ പോകുന്നത് എന്നുപറയുമ്പോൾ അങ്ങനെ തന്നെയായിരിക്കുമോ സംഭവിക്കുക? അല്ലെങ്കിൽ ഏതെങ്കിലുമൊരു വിമതശബ്ദമോ പ്രതിരോധമോ ഒക്കെ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?

തമിഴ്‌നാട്ടിലെ ബ്രാഹ്‌മണ സമുദായങ്ങൾക്കിടയിലാണ് ഇപ്പോൾ ബി.ജെ.പി.ക്ക് വേരോട്ടമുള്ളത്. അവിടെ ബ്രാഹ്‌മണ കമ്യൂണിറ്റിക്ക് വലിയ സ്വാധീനമുണ്ട്. ചെന്നൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. ഒരു സീറ്റ് ജയിച്ചല്ലോ. പക്ഷെ മറ്റു കമ്യൂണിറ്റികൾക്കിടയിൽ ബി.ജെ.പി.ക്ക് സ്വാധീനമില്ല. ബ്രാഹ്‌മിൻ കമ്യൂണിറ്റിയുമായി ബന്ധപ്പെട്ടുനിൽക്കുന്ന മിഡിൽ ക്ലാസ് കമ്യൂണിറ്റിയുണ്ട് തമിഴ്‌നാട്ടിൽ. അതിലേക്ക് സ്വാധീനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി., പ്രത്യേകിച്ച് നായ്ക്കർ പോലെയുള്ള കമ്യൂണിറ്റികൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ പറ്റുമെന്നാണ് കണക്കുകൂട്ടുന്നത്. ദീർഘകാലത്തേക്കുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ബി.ജെ.പി.യുടെ കഴിവ് വലുതാണ്.

ഡി.എം.കെ.യും ദലിത് പാർട്ടികളും മുസ്ലിംലീഗും വളരെ സ്ഥിരതയുള്ള ആന്റി ഹിന്ദുത്വ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. ഒരുപക്ഷെ കൃത്യമായ ഒരു ബദൽ സെക്യുലർ മോഡലിന്റെ സാധ്യത കൂടിയാണ് തമിഴ്നാട്ടിലേത്.

കേരളത്തിൽ ഒരുപാട് കാലമായി ഹിന്ദുത്വയ്ക്ക് ഒരു ‘ഡ്രോയിങ് റൂം ആക്‌സപ്റ്റൻസ്’ ഉണ്ടല്ലോ. സ്വീകരണമുറി ചർച്ചകളിൽ പ്രത്യേകിച്ചും മധ്യവർഗത്തിനിടയിൽ സ്വീകാര്യതയുണ്ടല്ലോ. പക്ഷെ പാർലമെന്ററി പൊളിറ്റിക്‌സിലേക്ക് അത് വന്നിട്ടില്ല. അതിന്റെ പല കാരണങ്ങളിലൊന്ന് ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വത്തിന്റെ കഴിവില്ലായ്മയും അതിനകത്തെ അഴിമതിയുമൊക്കെയാണ്. അതൊന്നും പെട്ടെന്ന് മാറുന്ന ലക്ഷണം കാണുന്നില്ല. കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും എടുക്കുന്ന മുദ്രാവാക്യങ്ങളും തന്ത്രങ്ങളും പ്രവർത്തനങ്ങളുമൊക്കെ ഈ ലാർജർ ഐഡിയോളജിയെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് കാണപ്പെടുന്നത്.
മഹാരാഷ്ട്രയിലൊക്കെ എടുത്തതുപോലെയുള്ള തന്ത്രം നടപ്പാക്കാനുള്ള സാധ്യത കേരളത്തിൽ ഇല്ല എന്നു പറയാൻ പറ്റില്ല. ഐഡിയോളജിക്കൽ ഓറിയന്റേഷൻ കുറഞ്ഞുകുറഞ്ഞു വരുന്ന പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്. കെ. സുധാകരനൊക്കെ അതിന്റെ വലിയ ഉദാഹരണമല്ലേ.

കൃത്യമായ ഒരു ബദൽ സെക്യുലർ മോഡലിന്റെ സാധ്യത കൂടിയാണ് തമിഴ്‌നാട്ടിലേത്. പക്ഷെ മറ്റു രാഷ്​ട്രീയപാർട്ടികൾ ഇത് എത്രമാത്രം ഉൾക്കൊള്ളും, ഈ സെക്യുലർ മോഡലിനെ സ്വാംശീകരിക്കും എന്നത് അറിയില്ല.

പ്രതിരോധത്തിന്റെ മാതൃക നമ്മുടെ മുന്നിലുണ്ട്. എനിക്ക് തോന്നുന്നത്, പ്രതിരോധത്തിന്റെ നല്ലൊരു മാതൃക തമിഴ്‌നാട്ടിലുണ്ട്. വിട്ടുവീഴ്ചയില്ലാത്ത ഒരു ആന്റി ഹിന്ദുത്വ നിലപാട്, അത് തുടർച്ചയായുള്ള ജനകീയ സമരങ്ങളിലൂടെയും ജനകീയ, സാമൂഹ്യ പ്രസ്ഥാനങ്ങളിലൂടെയും വളർത്തിക്കൊണ്ടുവരിക. അതിൽ ദലിതരുണ്ടാവുക, മുസ്‌ലിംകളുണ്ടാവുക, ഇടതുപക്ഷമുണ്ടാവുക, സെക്യുലറായ കോൺഗ്രസുകരാണ്ടാവുക, കൃത്യമായ ഇഗാലിറ്റാറിയൻ സാമ്പത്തിക പോളിസികൊണ്ട് അതിനെ പിന്തുണയ്ക്കുക. അതിനാവശ്യമായ രീതിയിൽ വളരെ ക്രിയേറ്റീവായ ഗവേണൻസ് സിസ്റ്റംസ് ഉണ്ടാക്കുക, രഘുറാം രാജനെപ്പോലെയുള്ള ലോകപ്രശസ്ത അക്കാദമിക്കുകളടങ്ങുന്ന അഡ്വൈസറി കമ്മിറ്റികളുണ്ടാക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്ന കൃത്യമായ ഒരു മോഡൽ തമിഴ്‌നാട്ടിൽ രൂപപ്പെട്ടുവരുന്നുണ്ട്, പ്രത്യേകിച്ച് സ്ഥിരതയുള്ള ഐക്യപോരാട്ടങ്ങളിലൂടെ.

ജയലളിത ഭരിക്കുമ്പോൾ തന്നെ ഉണ്ടായ ഒരു കൂട്ടായ്​മയുണ്ട്​. ഇടതുപക്ഷവും ഡി.എം.കെ.യും ദലിത് പാർട്ടികളും മുസ്‌ലിംലീഗുമൊക്കെയായിട്ടുള്ള വലിയൊരു കൂട്ടായ്മ സ്ഥിരതയുള്ള ഒരു ആൻറി ഹിന്ദുത്വ സമരം നടത്തുന്നുണ്ട്. കോൺഗ്രസ് അതിന്റെ ഭാഗമായിരുന്നില്ല. പക്ഷെ തെരഞ്ഞെടുപ്പിന്റെ സമയത്ത് കോൺഗ്രസ് അവർക്കൊപ്പം നിന്നു. പക്ഷെ, ഡി.എം.കെ.യും ദലിത് പാർട്ടിയും മുസ്‌ലിംലീഗും വളരെ സ്ഥിരതയുള്ള ആൻറി ഹിന്ദുത്വ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. അതുകഴിഞ്ഞ് ഭരണത്തിലേക്ക് വരുമ്പോൾ, കൃത്യമായി ഒരു സാമ്പത്തികനയവുമായി വന്നു. അതിന്റെ കൃത്യമായ പാരമീറ്റേഴ്‌സുണ്ട്. ഒരുപക്ഷെ കൃത്യമായ ഒരു ബദൽ സെക്യുലർ മോഡലിന്റെ സാധ്യത കൂടിയാണ് തമിഴ്‌നാട്ടിലേത്. പക്ഷെ മറ്റു രാഷ്​ട്രീയപാർട്ടികൾ ഇത് എത്രമാത്രം ഉൾക്കൊള്ളും, ഈ സെക്യുലർ മോഡലിനെ സ്വാംശീകരിക്കും എന്നത് അറിയില്ല. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം ഇത് ഒരു പ്രധാനപ്പെട്ട സംഭവമായി കണ്ടിട്ടുണ്ട് എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്.

കഴിഞ്ഞതിന്റെ മുമ്പത്തെ തെരഞ്ഞെടുപ്പിൽ പോലും ഒരു മൂന്നാം മുന്നണിയുടെ സാധ്യത അല്ലെങ്കിൽ പ്രാദേശിക പാർട്ടികളുടെയെല്ലാം നേതൃത്വത്തിലേക്ക് ഇടതുപക്ഷം വരുമെന്നാണല്ലോ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ യഥാർഥത്തിൽ അത് സംഭവിച്ചില്ലല്ലോ. ഇടതുപക്ഷത്തിനകത്ത് തന്നെയുള്ള ഒരുപാട് പ്രശ്‌നങ്ങൾ കാരണമാണ് അത് സംഭവിക്കാതിരുന്നത്. ആ പ്രശ്‌നങ്ങളൊന്നും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും കോൺഗ്രസാണ് ഏറ്റവും വലിയ ശത്രു എന്നാണ് വിചാരിക്കുന്നത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

വെങ്കിടേഷ്​ രാമകൃഷ്​ണൻ

മാനേജിംഗ്​ എഡിറ്റർ, ദി ഐഡം. ഫ്രൻറ്​ലൈനിൽ ചീഫ്​ ഓഫ്​ ബ്യൂറോയും സീനിയർ അസോസിയേറ്റ്​ എഡിറ്ററുമായിരുന്നു. ദീർഘകാലം ഉത്തരേന്ത്യയിൽ മാധ്യമപ്രവർത്തകനായിരുന്നു.

Comments