പി.എൻ. ഗോപീകൃഷ്​ണൻ

ഹിന്ദുത്വക്കെതിരായ
​ജനാധിപത്യ സമരങ്ങളുടെ ഭാവി

ഹിന്ദുത്വ ഒരു വലിയ പ്രത്യയശാസ്ത്രമായതു കൊണ്ടും എണ്ണക്കണക്കനുസരിച്ച് ഇന്ത്യ​ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായതുകൊണ്ടും ഇവർക്ക് മുന്നോട്ടുപോകാനുള്ള സാധ്യത ഏറെയാണ്. ഒരർഥത്തിൽ നോക്കുകയാണെങ്കിൽ, ഫാഷിസം ജനാധിപത്യത്തിനുമുന്നിൽ തോറ്റ ചരിത്രം കാണാനുമാകില്ല. ആ അർഥത്തിൽ വളരെ സങ്കീർണമാണ് ഇന്ത്യൻ അവസ്ഥ എന്നു പറയാം.

കെ. കണ്ണൻ: അടിയന്തരാവസ്​ഥയിൽ ഭരണഘടന സസ്​പെൻറ് ചെയ്തുകൊണ്ടാണ് ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യം നടപ്പാക്കിയത്. അത് വിസിബിളായ ഒരു നടപടി കൂടിയായിരുന്നു. അതുകൊണ്ടുതന്നെ, അതിനെതിരെ പല തലങ്ങളിൽനിന്ന്​ രാഷ്ട്രീയ മുന്നേറ്റം സാധ്യമായി. എന്നാൽ, ഭരണഘടന നിലനിൽക്കുമ്പോൾ തന്നെ, മോദി ഭരണത്തിനുകീഴിൽ ഭരണഘടനയുടെ അന്തഃസ്സത്തക്കു വിരുദ്ധമായ നടപടികൾ, പാർലമെൻറ്, കോടതികൾ തുടങ്ങിയ ഭരണഘടനാ സ്​ഥാപനങ്ങളിലൂടെ നടത്താനാകുന്നു. രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെയും പാർലമെൻറിലുണ്ടായ വിലക്കും സൂറത്ത് കോടതി നടപടിയും ഇത്തരമൊരാശങ്ക ശരിവക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന്, ‘നിയമവിധേയ’മെന്ന തോന്നലുണ്ടാക്കി, സ്വേച്​ഛാധിപത്യം പ്രയോഗത്തിൽ വരുത്താനാകുന്നത് എങ്ങനെയാണ്?

പി.എൻ. ഗോപീകൃഷ്​ണൻ: സ്വേച്​ഛാധിപത്യ പ്രയോഗത്തിൽ ഇന്ദിരാഗാന്ധിക്ക് പ്രത്യയശാസ്ത്ര പിൻബലമുണ്ടായിരുന്നില്ല, അവർ ഒരു വ്യക്തിയുടെ ഡെസ്‌പോട്ടിസമാണ്​ പ്രാവർത്തികമാക്കിയത്. ഒരു പ്രത്യയശാസ്ത്രമുണ്ടെങ്കിലേ ഭരണഘടനയെ ഓവർടെയ്ക്ക് ചെയ്യാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ തങ്ങളുടേതായ ഒരു സിസ്റ്റം വരണമെന്ന് ആഗ്രഹമുള്ളവരാണ് ഒരു സിസ്റ്റം മറിച്ചിട്ട് മറ്റൊരു സിസ്റ്റം കൊണ്ടുവരാൻ ശ്രമിക്കുക. ഇന്ദിരാഗാന്ധിക്ക് അത്തരത്തിൽ ഒരു സിസ്റ്റം ഉണ്ടായിരുന്നില്ല. ഇപ്പോൾ അങ്ങനെയല്ല. നൂറുവർഷമായി നിയതരൂപമാർജിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ പിൻബലം ഈ ഫാഷിസ്റ്റ് ഭരണകൂടത്തിനുണ്ട്.

ചരിത്രം നോക്കിയാൽ ഇത്​ വ്യക്തമാകും. ഉദാഹരണത്തിന്​, പൗരത്വ നിയമം വരുന്ന വഴി നോക്കു. അത് ഭരണഘടനാ ഭേദഗതിയല്ല. മറിച്ച്, സവർക്കറുടെ Essentials of Hindutva-യിൽ പറഞ്ഞിട്ടുള്ള പൗരത്വ നിയമം പ്രയോഗിക്കുകയാണ് ചെയ്തത്​. പൗരത്വവുമായി ബന്ധപ്പെട്ട്​ സവർക്കർ പ്രധാനമായും രണ്ട് പോയന്റാണ്​ മുന്നോട്ടുവച്ചത്​. ഒന്ന്, ഇന്ത്യ പിതൃഭൂമിയായിരിക്കണം, രണ്ട്, പുണ്യഭൂമിയും ആയിരിക്കണം. അങ്ങനെയുള്ളവർക്കേ ഇന്ത്യയിൽ പൗരത്വം ആവശ്യമുള്ളൂ. അതുവഴി ഒരു മുസ്‌ലിമിനോ മറ്റേതെങ്കിലും ന്യൂനപക്ഷത്തിനോ ഇവിടെ പൗരത്വം അസാധ്യമായി വരും. തലമുറകളായി ഇവിടെ താമസിക്കുന്നവരെന്ന നിലയിൽ പിതൃഭൂമിയാകണം എന്ന വ്യവസ്ഥ ചിലപ്പോൾ ന്യൂനപക്ഷങ്ങൾക്ക്​ പാലിക്കാനായേക്കും. എന്നാൽ, പുണ്യഭൂമി മെക്കയാണ്, ജറുസലേം ആണ് എന്നു പറഞ്ഞാൽ പൗരത്വം ഇല്ല. ഇതാണ് അവർ കൊണ്ടുവരാൻ ശ്രമിക്കുന്നത്. അല്ലാതെ, ഭരണഘടനയുലൂടെയല്ല ഇതെല്ലാം കൊണ്ടുവരുന്നത്​. മറ്റൊരു പ്രത്യയശാസ്ത്രം ഭരണഘടനക്കുമേൽ കൊണ്ടുവരികയാണ്. പൗരത്വ ഭേദഗതി നിയമം നോക്കുക. പാക്കിസ്ഥാനിൽനിന്നോ ബംഗ്ലാദേശിൽനിന്നോ വരുന്ന മുസ്‌ലിംകൾക്ക് പൗരത്വമില്ല.

എല്ലാ രാഷ്ട്രീയത്തെയും ഹൈന്ദവവൽക്കരിക്കുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്, ഒരർഥത്തിൽ. നമ്മുടെ എല്ലാ അജണ്ടയും അവരാണ് സെറ്റ് ചെയ്യുന്നത്. എല്ലാ രാഷ്ട്രീയ പ്രശ്‌നവും ഹൈന്ദവതയുമായി ബന്ധപ്പെട്ട ഒന്നാക്കിയെടുക്കുന്നതിൽ അവർ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.

എന്നാൽ, ബുദ്ധമതക്കാർക്കും സിഖുകാർക്കും പൗരത്വം കൊടുക്കും. 1948 ജനുവരി 18ന്​ ഗാന്ധി തന്റെ ഒടുവിലത്തെ സത്യഗ്രഹം അവസാനിപ്പിക്കുന്നത്, നാല്​ വ്യവസ്​ഥകളിന്മേലാണ്​. അന്ന് ഡൽഹിയിൽ പ്രബലരായ കോൺഗ്രസും ഹിന്ദു മഹാസഭയും ഉൾപ്പെടെയുള്ള എല്ലാ കക്ഷികളുടെയും ഒപ്പും ഇതിനായി അദ്ദേഹം വാങ്ങിയിരുന്നു. അതിൽ നാലാമത്തെ വ്യവസ്ഥ പ്രധാനമാണ്​: പാക്കിസ്ഥാനിൽനിന്ന് ആരൊക്കെ മടങ്ങിവരുന്നു, അവർക്കെല്ലാം പൗരത്വം നൽകണം. അതായത്​, ഇവിടെനിന്ന് പാക്കിസ്ഥാനിലേക്ക് പോയി പാക്കിസ്ഥാൻ പൗരത്വം നേടിക്കഴിഞ്ഞ് ഇന്ത്യയിലേക്കുതന്നെ തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ പൗരത്വം കൊടുക്കണം എന്നായിരുന്നു ആ വ്യവസ്ഥ. അതിനെയാണ്, പൗരത്വ ഭേദഗതി നിയമത്തിലൂടെ അട്ടിമറിച്ചത്​. ഇന്ത്യയുടെ ഒരു നൈതിക ചരിത്രത്തെ മാത്രമല്ല, ഭരണഘടനയിൽ എത്തിച്ചേർന്ന ഒരു വ്യവസ്ഥാപിത ചരിത്രത്തെയുമാണ്​ ഇതുവഴി അട്ടിമറിച്ചത്​. ഒരു പ്രത്യയശാസ്ത്രപിൻബലത്തിലാണ് ഇവരിത് നടപ്പാക്കുന്നത്.

രാഹുൽഗാന്ധിക്കെതിരായ നടപടികളെ, ജനാധിപത്യത്തിന്റെ അന്തഃസത്തക്കെതിരായ ആക്രമണമായി കണ്ട് പ്രതിരോധിക്കുന്നതിൽ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് എത്രത്തോളം മുന്നോട്ടുപോകാനാകുമെന്നാണ്​പ്രതീക്ഷിക്കുന്നത്?. അൽപം, വിശാലാർഥത്തിൽ വിലയിരുത്തിയാൽ, ഇന്ത്യൻ ജനാധിപത്യത്തിന് ഈയൊരവസ്​ഥയെ എങ്ങനെയാണ് അതിജീവിക്കാനാകുക?

ഇത് ഒരു വലിയ പ്രത്യയശാസ്ത്രമായതുകൊണ്ടും എണ്ണക്കണക്കനുസരിച്ച്​ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായതുകൊണ്ടും, ഇവർക്ക് മുന്നോട്ടുപോകാനുള്ള സാധ്യത ഏറെയാണ്. ഒരർഥത്തിൽ നോക്കുകയാണെങ്കിൽ, ഫാഷിസം ജനാധിപത്യത്തിനുമുന്നിൽ തോറ്റ ചരിത്രം കാണാനാകില്ല. ഹിറ്റ്‌ലറും മുസ്സോളിനിയും വന്നത് ജനാധിപത്യത്തിലൂടെയാണെങ്കിലും പോയത് യുദ്ധത്തിലൂടെയാണ്.

ഇവിടെ, ഹിന്ദു എന്നു പറയുന്നത് മതം എന്നു വിളിക്കാൻ പറ്റാത്ത സംഗതിയാണ്. അതായത്, 500 കിലോമീറ്ററിനപ്പുറത്തെ ഒരു ഹിന്ദുവിനെ യോജിപ്പിക്കുന്ന ഘടകങ്ങളൊന്നും ഉണ്ടാകില്ല- ഭാഷയും ഭക്ഷണവും അടക്കമുള്ള കാര്യങ്ങളൊക്കെ ഭിന്നമായിരിക്കും. അയൽക്കാരെ പോലും യോജിപ്പിക്കുന്ന ഘടകങ്ങളുണ്ടാ യിരിക്കുകയില്ല. കാരണം, ജാതി വേറെയായിരിക്കും. പക്ഷെ, ഹിന്ദുവിനെ വംശീയവൽക്കരിക്കുക എന്ന പണിയിൽ ഹിന്ദുത്വ വിജയിച്ചിട്ടുണ്ട്. മുപ്പതുകളിലും നാൽപ്പതുകളിലും ഹിന്ദുത്വ രാഷ്ട്രീയം ഇതാണ്​ ചെയ്​തത്​. 1941- ലെ സെൻസസിൽ ആദിവാസി വിഭാഗങ്ങളായ ഗില്ലുകളെയും ഗോണ്ടുകളെയും ഹിന്ദു എന്ന സംവർഗത്തിലേക്ക് എഴുതിച്ചേർക്കുന്ന ഒരു പൊളിറ്റിക്കൽ വർക്ക് അവർ നടത്തി. മുമ്പത്തെ സെൻസസിൽ അവർ ആദിവാസികളായിരുന്നു. അങ്ങനെ പുറത്തുനിന്നിരുന്നവരെയെല്ലാം ഹിന്ദു എന്ന സംജ്ഞയിലേക്ക് കൂട്ടിച്ചേർക്കുന്ന ഒരു വംശീയവൽക്കരണം നടപ്പാക്കാൻ അവർക്ക്​ കഴിഞ്ഞിട്ടുണ്ട്​. ബ്രാഹ്മിൻ പൊളിറ്റിക്‌സ് എന്നത് ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ചിലർ കൊണ്ടുനടന്നിരുന്ന സംഗതിയാണ്. അതുവച്ചിട്ട് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയെപ്പോയെലാരു രാജ്യത്ത് ഒന്നും ചെയ്യാനാകില്ലെന്ന് അവർക്കറിയാം. അതുകൊണ്ട്, ആർ.എസ്.എസ് ചെയ്ത പ്രധാനപ്പെട്ട ഒരു കാര്യം, വംശീയവൽക്കരണ ശ്രമങ്ങളാണ്.

ഫാഷിസത്തിനെതിരെ ഒരു ഐക്യമുന്നണി എന്ന വലിയ സാധ്യത ഇന്ത്യയിലുണ്ട്​- രാഷ്ട്രീയമായി വിശകലനം ചെയ്താലും കണക്കുവച്ച് പരിശോധിച്ചാലും അതേ. ഏറ്റവും വലിയ വിജയത്തിൽ പോലും ബി.ജെ.പിക്ക്​ 40 ശതമാനത്തിൽ കുറവ് വോട്ടാണ് ലഭിച്ചിട്ടുള്ളത്. അതിനുപുറത്ത് 60 ശതമാനമുണ്ട് എന്നാണ്​ അതിനർഥം.

രണ്ടാമത്, സൈനികവൽക്കരണമാണ്​. ഹിന്ദുത്വക്കുശേഷം സവർക്കർ മുന്നോട്ടുവച്ച പ്രധാന മുദ്രാവാക്യം, എല്ലാ രാഷ്ട്രീയത്തെയും ഹൈന്ദവവൽക്കരിക്കുക, ഒപ്പം, ഹൈന്ദവ മണ്ഡലത്തെ സൈനികവൽക്കരിക്കുക എന്നതാണ്​. ഇത് രണ്ടുമാണ് സവർക്കാർ ഫാഷിസത്തിന്റെ അടിസ്ഥാന ഘടകം. എല്ലാ രാഷ്ട്രീയത്തെയും ഹൈന്ദവവൽക്കരിക്കുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്, ഒരർഥത്തിൽ. നമ്മുടെ എല്ലാ അജണ്ടയും അവരാണ് സെറ്റ് ചെയ്യുന്നത്. എല്ലാ രാഷ്ട്രീയ പ്രശ്‌നവും ഹൈന്ദവതയുമായി ബന്ധപ്പെട്ട ഒന്നാക്കിയെടുക്കുന്നതിൽ അവർ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. സൈനികവൽക്കരണത്തിലും ചില മുന്നേറ്റങ്ങൾ അവർക്ക് നടത്താൻ കഴിയുന്നു. ആൾക്കൂട്ടങ്ങളെ ഉപയോഗിച്ച് കൊലപാതകങ്ങൾ നടത്തുക. ഭരണകൂടങ്ങൾ നേരിട്ട് ഇടപെടാതെ തന്നെ അവരുടെ ശത്രുക്കളെ ഇല്ലാതാക്കാൻ കഴിയുന്നു. ഗൗരി ലങ്കേഷിനെ പ്പോലുള്ളവരുടെ കൊലപാതകങ്ങൾ ഇതിനുദാഹരണമാണ്​. ഈ രണ്ടു പ്രക്രിയകളും ഏറെ മുന്നോട്ടുപോയിട്ടുണ്ട്​.

ഗൗരി ലങ്കേഷ്

ആ അർഥത്തിൽ വളരെ സങ്കീർണമാണ് ഇന്ത്യൻ അവസ്ഥ എന്നു പറയാം, അതായത്, ജനാധിപത്യപരമായ വഴികളിലൂടെ ഇവരെ എങ്ങനെ മാറ്റാം എന്ന ചോദ്യം വളരെ കൃത്യവുമാണ്. നമ്മളെ സംബന്ധിച്ച് ഇതൊരു പരീക്ഷണശാല കൂടിയാണ്. കാരണം, ചരിത്രത്തിൽ ഇത്തരം ചെറുത്തുനിൽപ്പുകൾക്ക് വലിയ ഉദാഹരണങ്ങളില്ല, ലാറ്റിനമേരിക്കയിൽ ചെറിയ രാജ്യങ്ങളിൽ നടന്നതൊഴികെ.

എന്നാൽ, നമ്മുടെ മുന്നിൽ സാധ്യതകളുണ്ട്; ഫാഷിസത്തിനെതിരെ ഒരു ഐക്യമുന്നണി എന്ന വലിയ സാധ്യത ഇന്ത്യയിലുണ്ട്​- രാഷ്ട്രീയമായി വിശകലനം ചെയ്താലും കണക്കുവച്ച് പരിശോധിച്ചാലും അതേ. ഏറ്റവും വലിയ വിജയത്തിൽ പോലും ബി.ജെ.പിക്ക്​ 40 ശതമാനത്തിൽ കുറവ് വോട്ടാണ് ലഭിച്ചിട്ടുള്ളത്. അതിനുപുറത്ത് 60 ശതമാനമുണ്ട് എന്നാണ്​ അതിനർഥം. ജനാധിപത്യത്തിൽ കണക്ക് പ്രധാനമാണല്ലോ. ജർമനിയുടെയോ ഇറ്റലിയുടെയോ ചരിത്രം എടുക്കുകയാണെങ്കിൽ, അവയെല്ലാം ഏകശിലാത്മക രാഷ്ട്രങ്ങളാണ്​. ഫാഷിസത്തെ ബലപ്പെടുത്തുന്ന ദേശരാഷ്ട്ര സങ്കൽപം തന്നെയുണ്ട് അവിടങ്ങളിൽ. എന്നാൽ, ഇന്ത്യ ബഹുസ്വര രാഷ്ട്രമായതുകൊണ്ട് ഫാഷിസത്തിന് അവരുടെ ‘സോ കോൾഡ് പാറ്റേൺ' അനുസരിച്ച് മുന്നോട്ടുപോകാൻ പറ്റില്ല. ഉദാഹരണത്തിന്, തെരഞ്ഞെടുപ്പു വിജയം നേടാൻ കഴിഞ്ഞാലും ദക്ഷിണേന്ത്യയിൽ അവർക്ക് എന്തുചെയ്യാനാകും എന്ന ചോദ്യമുണ്ട്. ഹിന്ദു രാഷ്ട്രം എന്ന ഒരു സംഗതിയോട് ദക്ഷിണേന്ത്യയും നോർത്ത് ഈസ്​റ്റും എങ്ങനെയായിരിക്കും പ്രതികരിക്കുക?.

ഇവർ ലക്ഷ്യം വെക്കുന്ന മധ്യവർഗത്തിൽ തന്നെ ഈ ഹിന്ദു മണ്ഡലത്തിന് പുറത്തുള്ള നിരവധി പേരുണ്ട്​. അതായത്​, വിശ്വാസികൾ എന്നു വിളിക്കാവുന്ന വിഭാഗത്തിലെ പലരും ഒരു സൈനിക ഹിന്ദുവാകാൻ ആഗ്രഹിക്കുന്നില്ല.

മറ്റൊന്ന്​, സജീവമായ ന്യൂനപക്ഷം എന്നത് ഇന്ത്യയിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കീഴാള മുന്നേറ്റം പലതരം ലെവലുകളിൽ വർക്ക് ചെയ്യുന്നുണ്ട്. തമിഴ്‌നാട് പോലൊരു സംസ്ഥാനത്ത് കീഴാളരുണ്ടാക്കിയ രാഷ്ട്രീയമാണുള്ളത്, ആര്യ വിരുദ്ധ രാഷ്ട്രീയം. ഇന്ത്യയിലെമ്പാടും ഈ അർഥത്തിൽ കീഴാള ജനത അവരുടെ ശക്തി കണ്ടെടുക്കാൻ ശ്രമം നടത്തുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തിനു പുറത്തായിരുന്ന ഇവർ അതിനുള്ളിലേക്ക് വരുന്നുണ്ട്. ഇവർ ലക്ഷ്യം വെക്കുന്ന മധ്യവർഗത്തിൽ തന്നെ ഈ ഹിന്ദു മണ്ഡലത്തിന് പുറത്തുള്ള നിരവധി പേരുണ്ട്​. അതായത്​, വിശ്വാസികൾ എന്നു വിളിക്കാവുന്ന വിഭാഗത്തിലെ പലരും ഒരു സൈനിക ഹിന്ദുവാകാൻ ആഗ്രഹിക്കുന്നില്ല. ആ അർഥത്തിൽ സജീവമായ ധാരയുണ്ട്. ഇതാണ് അവരെ തോൽപ്പിക്കാൻ പോകുന്നത്. അതിന്​ മീഡിയ വിസിബിലിറ്റി ഉണ്ടാകണമെന്നില്ല. പക്ഷെ, അത്​ ഇന്ത്യയിൽ സജീവമായിട്ടുണ്ട്, ഗ്രൗണ്ട് ലെവിൽ അത് വർക്ക് ചെയ്യുന്നുണ്ട് എന്നത്​ പ്രധാനപ്പെട്ട ഒരു കാര്യമായി ഞാൻ വിചാരിക്കുന്നു.

ബഹുസ്വരതയുടെ ഈയൊരു സാധ്യത ഉപയോഗിക്കുക എന്നതാണ് പ്രധാനം. സ്വാതന്ത്ര്യ സമരകാലത്ത്, ആ രീതിയിലുള്ള സമരരീതി ലോകത്ത് എവിടെയും ഉണ്ടായിരുന്നില്ല, നമ്മൾ അത് പ്രയോഗിച്ച് വിജയിച്ചു. നിസ്സഹകരണ പ്രസ്ഥാനം പോലെയും അഹിംസയിലൂന്നിയുള്ളതുമായ സമരങ്ങൾ. ഇന്ത്യയിൽ ഫാഷിസത്തിനെതിരെ വേണ്ടത് അത്തരം സമരങ്ങളാണ്. ▮


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments