മനഃപൂർവം മറന്നുകളയപ്പെട്ട ഉമർ ഖാലിദ്

2020 സപ്തംബർ മുതൽ തീഹാർ ജയിലിലാണ് ഉമർ ഖാലിദ്. ഉമർ ഖാലിദ് എന്ന വിദ്യാർഥി നേതാവിനെ മോദി ഭരണകൂടം എന്തുകൊണ്ടാണ് ഭയക്കുന്നത്? എന്തിനാണ് അയാൾക്കുമേൽ പാക്കിസ്ഥാനിയെന്നും ജയ്ഷ് ഇ മുഹമ്മദ് അനുഭാവിയെന്നും ചാപ്പ കുത്തുന്നത്?

'ഒരിക്കലെങ്കിലും തിഹാർ ജയിലിൽ വന്നിട്ടുള്ള ആരും ആ ഭയപ്പെടുത്തുന്ന നിശ്ശബ്ദതയെ കുറിച്ച് പറയും. മാനം മുട്ടുന്ന മതിലുകളാൽ ചുറ്റപ്പെട്ട ഒരു പ്രേതനഗരത്തിലെത്തിപ്പെട്ടതുപോലെ തോന്നും നിങ്ങൾക്ക്. പൊലീസ് സ്റ്റേഷനിൽ നിന്ന് എന്നെ ജയിലിലേക്ക് കൊണ്ടുവന്ന പൊലീസ് വണ്ടി അകത്തേക്ക് കടക്കുമ്പോൾ തന്നെ പുറംലോകത്തു നിന്നുള്ള ശബ്ദം പിൻവാങ്ങി തുടങ്ങിയിരുന്നു. നിശ്ശബ്ദത പതിയെ അതിനെ വിഴുങ്ങി തുടങ്ങിയിരുന്നു. ഒരു ജാലകത്തിനുമുന്നിലെ വഴിയിൽ അതേദിവസം ജയിലിലേക്കെത്തുന്ന മറ്റുചിലരുടെ പിന്നിൽ ഞാനും നിന്നു. ആ ജാലകത്തിനപ്പുറത്ത് ഒരു ക്ലർക്കിരുന്ന് വിവരങ്ങൾ എഴുതിയെടുക്കുന്നുണ്ടായിരുന്നു. പേര് പിതാവിന്റെ പേര് എന്താണ് കേസ് ഇതൊക്കെയാണ് അവിടെ പറയേണ്ടിയിരുന്നത്. എന്റെയും പിതാവിന്റെയും പേര് പറഞ്ഞതിനുശേഷം അയാളുടെ അവസാന ചോദ്യത്തിന് യു എ പി എ എന്നായിരുന്നു ഞാൻ നൽകിയ മറുപടി’’, ഉമർ ഖാലിദ്.

ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾക്കും അവർ നയിക്കുന്ന ഭരണകൂടത്തിനുമെതിരെ അതിശക്തമായ എതിർ ശബ്ദമുയർത്തിയ വിദ്യാർഥി സമൂഹമായിരുന്നു ജെ.എൻ.യുവിലേത്. അത് പിന്നീട് ഡൽഹിയുടെ തെരുവിലേക്കും പടർന്ന് ഭരണകൂടത്തെ വീർപ്പുമുട്ടിച്ചു. അങ്ങനെ
മോദിവിരുദ്ധചേരിയിലെ മുന്നണിപോരാളികളിലൊരാളായി മാറിയ വിദ്യാർഥി നേതാവാണ് ഉമർ ഖാലിദ്. നജീബിന്റെ തിരോധാനം, രോഹിത് വെമുലയുടെ ഇൻസ്റ്റിറ്റ്യൂഷനൽ മർഡർ, ഭീമ കൊറേഗാവ് പ്രതിഷേധങ്ങൾ തുടങ്ങിയ പോരാട്ടവഴികളിൽ സ്ഥിരസാന്നിധ്യമായി ഉമർ ഖാലിദ് മനുഷ്യ പക്ഷത്തുനിന്ന് നീതിക്കുവേണ്ടി പോരാടി. മൂന്നര വർഷങ്ങളായി അദ്ദേഹം തീഹാർ ജയിലിലാണ്.
ഉമർ ഖാലിദ് എന്ന വിദ്യാർഥി നേതാവിനെ മോദി ഭരണകൂടം എന്തുകൊണ്ടാണ് ഭയക്കുന്നത്? എന്തിനാണ് അയാൾക്കുമേൽ പാക്കിസ്ഥാനിയെന്നും ജയ്ഷ് ഇ മുഹമ്മദ് അനുഭാവിയെന്നും ചാപ്പ കുത്തുന്നത്.
ഉത്തരം ഒന്നേയുള്ളൂ, ഭയം. ചോദ്യം ചോദിക്കുന്നവരോടുള്ള ഭയം, വിരൽചൂണ്ടുന്നവരോടുള്ള ഭയം.

ഉമർ ഖാലിദ്

2020 ഫെബ്രുവരി 17. മഹാരാഷ്ട്രയിലെ അമരാവതിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടപ്പിച്ച പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് ഉമർ ഖാലിദ് ഒരു പ്രഭാഷണം നടത്തി. അതിനുപിന്നാലെ അദ്ദേഹത്തിനെതിരെ മാധ്യമ ഒത്താശയോടെ ഭരണകൂട ഗൂഢാലോചന നടന്നു. ആ നീക്കത്തിനുപിന്നിൽ ചില കാരണങ്ങളുണ്ടായിരുന്നു. 2019-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി നഗരത്തിൽ അലയടിച്ച പ്രതിഷേധക്കടലിൽ ഉമർ ഖാലിദും പങ്കാളിയായിരുന്നു. ഡൽഹി തെരുവുകളിൽ മാത്രമായിരുന്നില്ല, രാജ്യവ്യാപകമായി കാമ്പസുകൾ തോറും തെരുവുകൾ തോറും ആ സമരാഗ്നി പടർന്നുപിടിച്ചു. അതിന്റെ തുടർച്ചയായിരുന്നു അമരാവതിയിലെ പ്രഭാഷണം. 17 മിനിട്ട് നീണ്ട പ്രഭാഷണത്തെ കേവലം 40 സെക്കന്റായി വെട്ടിച്ചുരുക്കി, സംഘ്പരിവാർ അനുകൂലികളും വലതുപക്ഷ മാധ്യമങ്ങളും പ്രചരിപ്പിച്ചു. ഉമർ കലാപാഹ്വാനം നടത്തിയെന്നായിരുന്നു, തീവ്ര ഹിന്ദുത്വവാദികൾ നുണപ്രചാരണം നടത്തിയത്. അവിടംകൊണ്ടെന്നും ഹിന്ദുത്വവാദികൾ അടങ്ങിയില്ല. നിരവധി ചാപ്പകളുമായി ഉമറിനെ ദേശദ്രോഹിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ നുണഫാക്ടറികൾ മെനഞ്ഞുകൊണ്ടേയിരുന്നു.

2020-ൽ ഡൽഹിയിൽ അരങ്ങേറിയ കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച്, 2020 ഏപ്രിൽ 22ന് അദ്ദേഹത്തിനെതിരെ യു എ പി എ ചുമത്തി കേസെടുത്തു. തുടർന്ന് നിരവധി ചോദ്യം ചെയ്യലുകൾക്കൊടുവിൽ 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിന്റെ അറസ്റ്റ് ഡൽഹി പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. റിപ്പബ്ലിക് ടി.വിയടക്കമുള്ള വലതുപക്ഷ മാധ്യമങ്ങൾ ഉമറിനെതിരെ നിരന്തരം പണിയെടുത്തു. കലാപ ഗൂഢാലോചനാ കേസിൽ ഡൽഹി സ്‌പെഷ്യൽ പൊലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഉമറിനെതിരെ രാജ്യദ്രോഹം, കൊലപാതകമടക്കം 18 വകുപ്പുകളാണ് ചുമത്തിയത്. പാൻ ഇസ്‍ലാമിസ്റ്റുകളെയും ഇടത് അരാചകവാദികളെയും കൂട്ടുപിടിച്ച് കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് ഉന്നയിച്ച വാദം. തടവിലകപ്പെട്ട് നാലു വർഷത്തോളമായി തീഹാർ ജയിലിന്റെ ഇരുണ്ട മുറിക്കുള്ളിൽ പൗരസ്വാതന്ത്ര്യം ലംഘിക്കപ്പെട്ട് നിരവധി രാഷ്ട്രീയ തടവുകാരിൽ ഒരാളായി ഉമർ ഇന്നും കിടക്കുകയാണ്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ, മനുഷ്യവകാശ പ്രവർത്തകരോ, എന്തിന് മാധ്യമങ്ങൾ പോലുമോ ഇന്നയാളെ ഓർക്കുന്നില്ല. അല്ലെങ്കിൽ മനഃപൂർവം മറന്നുകളഞ്ഞിരിക്കുന്നു.

2023 ജനുവരിയില്‍ സഹോദരിയുടെ വിവാഹത്തിന് ഏഴു ദിവസത്തെ പരോള്‍ കഴിഞ്ഞ് പോകുന്ന ഉമര്‍ ഖിലിദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അദ്ദേഹത്തിന്റെ പങ്കാളി ബനൊജ്യോത്സ്ന കുറിച്ചു: 'ഒരാഴ്ച എന്നത് നിങ്ങള്‍ക്ക് എത്ര ദിവസമാണ്? ഞങ്ങള്‍ക്ക് അതൊരു ജീവിതകാലം തന്നെയായിരുന്നു.'

2020-ൽ ഡൽഹിയിൽ അരങ്ങേറിയ കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച്, 2020 ഏപ്രിൽ 22ന് അദ്ദേഹത്തിനെതിരെ യു എ പി എ ചുമത്തി കേസെടുത്തു. തുടർന്ന് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിന്റെ അറസ്റ്റ് ഡൽഹി പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി.

ഉന്നത സർവകലാശാലാ സംവിധാനം ദലിതർക്കും ന്യുപക്ഷങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നതിനെ കുറിച്ചും മുസ്‍ലിം എന്ന തന്റെ സ്വത്വം സംഘപരിവാറിന് വേട്ടയാടാനുള്ള ഉപാധിയാകുന്നതിനെ കുറിച്ചും കിട്ടിയ വേദികളിലൊക്കെ ഉമർ പ്രസംഗിച്ചു. ഒരു ശരാശരി വിദ്യാർഥി എന്ന നിലയിൽ സ്വയം മനസിലാക്കുന്നതിനപ്പുറം ഒരു മുസ്‍ലിം വിദ്യാർഥിയാണെന്ന് തന്നെ നിരന്തം ഓർമപ്പെടുത്തുന്ന സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും തടവിലാകുന്നതിനുമുമ്പേ ഉമർ ഖാലിദ് ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോദി സർക്കാരിന്റെ കർഷക-വിദ്യാർഥി വിരുദ്ധ, കോർപറേറ്റ് പ്രീണന നയങ്ങളെ തുറന്നെതിർത്ത ഉമർ പ്രതിരോധത്തിന്റെ മറ്റൊരു പേരു കൂടിയാകുന്നു. മുസ്‍ലിം ഐഡന്റിറ്റി ഉപേക്ഷിച്ച് സ്വയം കമ്യൂണിസ്റ്റ് എന്ന് അടയാളപ്പെടുത്തുന്ന ഉമര്‍ ഖാലിദ് ജാർഖണ്ഡിലെ ആദിവാസികൾക്കെതിരായി നടപ്പിലാക്കുന്ന നിയമങ്ങളെ കുറിച്ചാണ് പി.എച്ച്.ഡി ചെയ്തത്. തീസിസ് കാലയളവ് പൂർത്തിയാക്കിയതിനുശേഷവും അദ്ദേഹം ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചു.

സംഘ്പരിവാർ ഉമറിനെ ഭയന്നു തുടങ്ങുന്നത് 2016 മുതലാണ്. 2016 ഫെബ്രുവരി 9ന് അഫ്‌സൽ ഗുരുവിനെയും മക്ബൂൽ ഭട്ടിനെയും തൂക്കിലേറ്റിയ ദിവസം ജെ എൻയു കാമ്പസിൽ മൈക്കുമായി ഉമർ വധശിക്ഷയുടെ ധാർമികതയെ കുറിച്ചും ജുഡീഷ്യൽ കൊലപാതകങ്ങളെ കുറിച്ചും പ്രസംഗിച്ചു. ഹിന്ദുത്വ വിദ്യാർഥി സംഘടനകൾ പരസ്യമായി ഖാലിദിനെതിരെ രംഗത്തുവരുകയും രാജ്യത്തെ ചില വലതുപക്ഷമാധ്യമങ്ങൾ ആ പ്രതിഷേധങ്ങളെ രാജ്യദ്രോഹ കുറ്റമായി വ്യഖ്യാനിക്കുകയും ചെയ്തു. പരിപാടി കഴിഞ്ഞ് കൃത്യം നാല് ദിവസങ്ങൾക്കപ്പുറം സംഘാടകർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. തുടർന്ന് ജെ എൻ യു വിദ്യാർഥി യൂണിയൻ നേതാവായ കനയ്യ കുമാറിന് പിന്നാലെ ഉമർ ഖാലിദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വിദ്യാർഥികൾക്കെതിരെ നുണക്കഥകൾ മെനഞ്ഞ മാധ്യമങ്ങളെയടക്കം വിമർശിച്ച് കോടതി ഉമറിന് ഇടക്കാല ജാമ്യം നൽകി.

എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ജെ എന്‍ യുവില്‍ നടന്ന നിരാഹര സമരത്തില്‍ ഉമര്‍ ഖാലിദ്, കനയ്യ കുമാര്‍ തുടങ്ങിയവര്‍

ചോദ്യങ്ങൾ ചോദിക്കുന്നവരെ, വസ്തുതകൾ നിരത്തി സംഘ്പരിവാർ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നവരെ അഴിയിലാക്കുക അല്ലെങ്കിൽ കൊന്നുകളയുക എന്ന ഫാഷിസ്റ്റ് നയം ഉമർ ഖാലിദിനെതിരെയും പ്രയോഗിച്ചു. 2018 ഓഗസ്റ്റിൽ ‘യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റ്’ എന്ന സംഘടന ‘ഫ്രീഡം വിത്തൗട്ട് ഫിയർ’ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയിൽ പ്രസംഗിക്കാനെത്തിയ ഉമർ ഖാലിദിനുനേരെ ഒരാൾ തോക്കുചൂണ്ടി രണ്ട് തവണ കാഞ്ചിവലിച്ചു. അക്രമി ആരാണെന്നോ എന്തിനാണ് തോക്കുചൂണ്ടിയതെന്നോ അന്വേഷിക്കാൻ കൂട്ടാത്ത ഭരണകൂടം ഉമറിനെ മണിക്കൂറുകളോളം മൊഴിയെടുക്കൽ എന്ന പേരിൽ ചോദ്യം ചെയ്തു. അയാൾ തനിക്കുനേരെ തോക്ക് ചൂണ്ടിയപ്പോൾ ഗൗരി ലങ്കേഷിനെയാണ് ഓർമ വന്നതെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഉമർ പിന്നീട് പറഞ്ഞു.

2018 ജനുവരിയിൽ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന എൽഗാർ പരിഷത് റാലിയിൽ പങ്കെടുത്ത് ദലിത് ന്യുനപക്ഷ ഐക്യത്തിനായി ആഹ്വാനം നടത്തുകയും ഹിന്ദുത്വ അക്രമം തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ പ്രസംഗത്തിനുശേഷവും ഉമറിനെതിരെ പൊലീസ് കേസെടുത്തു.

ഉമർ ഖാലിദിനെതിരെ പാക്കിസ്ഥാൻ ബന്ധം ആരോപിക്കാൻ പോലും സംഘ്പരിവാർ പ്രൊഫൈലുകൾ മടിച്ചില്ല. മോദി ഭരണകൂടമോ വലുതപക്ഷ മാധ്യമങ്ങളോ മാത്രമായിരുന്നില്ല, സർവകലാശരൊ ഭരണസമിതിപോലും ഉമർ ഖാലിദിന്റെ എതിർപക്ഷത്ത് അണിനിരന്നു. കാമ്പസിൽ തുടരാനും തന്റെ പി.എച്ച്.ഡി തിസീസ് സമർപ്പിക്കാനും ഉമറിന് നിയമപോരാട്ടം നടത്തേണ്ടി വന്നു. തനിക്കൊപ്പമുണ്ടായിരുന്ന കനയ്യ കുമാർ, അനിർഭൻ ഭട്ടാചാര്യ അടക്കമുള്ളവർ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായപ്പോഴും ഉമർ അഴിക്കുള്ളിൽ ഒറ്റയാൾ പോരാട്ടം നയിച്ചു. നിരന്തര ഭരണകൂടവേട്ടയിൽ തളർന്ന് പിന്നോട്ട് പോകാൻ തയാറല്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹം സന്ധിയില്ലാതെ ശബ്ദമുയർത്തി. അഴിക്കുള്ളിൽ കിടക്കുന്ന ഉമർ ഖാലിദ് ഈ രാജ്യത്തോടും ഇവിടുത്തെ ജനാധിപത്യ സംവിധാനത്തോടും ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിന് ഉത്തരം നൽകേണ്ട ബാധ്യത, ഇവിടുത്തെ പ്രതിപക്ഷത്തിനും ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്.

തനിക്കൊപ്പമുണ്ടായിരുന്ന കനയ്യ കുമാർ, അനിർഭൻ ഭട്ടാചാര്യ അടക്കമുള്ളവർ മുഖ്യാധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായപ്പോഴും ഉമർ അഴിക്കുള്ളിൽ ഒറ്റയാൾ പോരാട്ടം നയിച്ചു.

2016-ൽ ആദ്യ യു എ പി എ കുറ്റത്തിന് ജയിൽ മോചിതനായ ഉമർ ഇന്ത്യയിലെ ജനങ്ങളോട് ഇപ്രകാരം പറയുന്നുണ്ട്: ‘‘അമരാവതിയിലെ പ്രസംഗത്തിൽ കലാപത്തെ കുറിച്ചല്ല, സത്യാഗ്രഹവും അഹിംസയുമടക്കം ഗാന്ധിയുടെ സന്ദേശങ്ങളാണ് ഞാൻ ഉടനീളം പറഞ്ഞുവെച്ചത്. എന്നെ അക്രമത്തിന് പ്രേരിപ്പിക്കുന്ന നീചനായി മുദ്രകുത്താൻ അവർ ഇപ്പോഴും പുതിയ വഴികൾ കണ്ടെത്തുകയാണ്. എനിക്കെതിരെ തെറ്റായ പ്രസ്താവനകൾ ഇറക്കാൻ അവർ മറ്റുള്ളവരെ നിർബന്ധിക്കുകയാണ്. ഭരണകൂടത്തെ വിമർശിക്കുന്ന ആരെയും ജയിലിലടക്കുകയാണ്. അവർ ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഒപ്പം നിങ്ങളെയും. ഞങ്ങളെ തുറങ്കിലടച്ച ശേഷം അവർ നിങ്ങളെ ജയിലിനുപുറത്ത് നിശബ്ദരാക്കി നിർത്തും. എനിക്ക് നിങ്ങളോട് ഒന്നേപറയാനുള്ളു, ഒരിക്കലും ഭയത്തിന് പിടികൊടുക്കരുത്. അനീതികൾക്കെതിരെ ശബ്ദിച്ചുകൊണ്ടേയിരിക്കുക. കള്ളക്കേസിൽ കുരുക്കി തുറങ്കിലടച്ചവർക്കുവേണ്ടി നിങ്ങളുടെ ശബ്ദം ഉയർന്നുകേൾക്കട്ടെ’’.

Comments