രാഹുൽ ഗാന്ധി: കള്ളമല്ലാത്ത വാക്കിനുമുന്നിൽ വിറയ്ക്കുന്ന ഭരണകൂടം

രാഹുലിന്റെ വിമർശനത്തിലെ ‘മോദി' എന്നത് ഒരു സമുദായമായി മാറുന്നത്, ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ചുള്ള ഭയാനകമായ ഒരു സൂചന കൂടിയാണ്. ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യം മാത്രമല്ല ഇവിടെ റദ്ദാക്കപ്പെടുന്നത്. ഭരണകൂടത്തെ വിമർശിക്കുന്നത് അപകടകരമാണ് എന്ന മുന്നറിയിപ്പാണ് പൗരർക്ക് ഇതിലൂടെ നൽകുന്നത്.

രാജ്യത്തെ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ അറിയപ്പെടുന്ന രണ്ട് മോദിമാരുടെ പേരെടുത്തുപറഞ്ഞ് രാഹുൽ ഗാന്ധി ഇലക്ഷൻ കാമ്പയിനിടെ നടത്തിയ പ്രസംഗം, അദ്ദേഹത്തിന്റെ പാർലമെൻറ്​ അംഗത്വം വരെ റദ്ദാകുന്നതിനിടയാക്കുന്ന ശിക്ഷയിലെത്തിരിച്ചിരിക്കുകയാണ്. രാഹുലിന്റെ പരാമർശം മോദി സമുദായത്തെ അവഹേളിച്ചു എന്ന, ഗുജറാത്തിലെ ഒരു മുൻമന്ത്രിയുടെ പരാതിയിൽ രാഹുലിന് രണ്ടു വർഷം തടവുശിക്ഷയാണ് ഗുജറാത്തിലെ സൂറത്ത് കോടതി വിധിച്ചിരിക്കുന്നത്.

സാമ്പത്തിക കുറ്റകൃത്യങ്ങളെയും അവയിലെ പ്രതികളെയും സംരക്ഷിക്കുന്ന ഭരണകൂടത്തെയാണ് രാഹുൽ വിമർശിച്ചത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഭരണപരമായ ഒത്താശ നൽകുന്ന ക്രോണി കാപ്പിറ്റലിസത്തിന്റെ ഏറ്റവും വലിയ പ്രയോക്താവ് എന്ന നിലയിലാണ് പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ പേര് രാഹുലിന്റെ പരാമർശത്തിൽ കടന്നുവരുന്നത്. അതുകൊണ്ട്, രാഹുലിന്റെ വിമർശനം, ഭരണകൂടനയത്തിനെതിരായ ഒരു പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ വിമർശനം മാത്രമാണ് എന്ന് വ്യക്തമാണ്. ഒരു ഇലക്ഷൻ കാമ്പയിൻ തന്നെയാണ് ഇത്തരം വിമർശനം ഉന്നയിക്കാനുള്ള ഏറ്റവും ഉചിതമായ വേദി. അത് രാഹുൽ ശക്തമായി പറഞ്ഞു.

രാഹുലിന്റെ വിമർശനത്തിലെ ‘മോദി' എന്നത് ഒരു സമുദായമായി മാറുന്നത്, ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ചുള്ള ഭയാനകമായ ഒരു സൂചന കൂടിയാണ്. ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യം മാത്രമല്ല ഇവിടെ റദ്ദാക്കപ്പെടുന്നത്. ഭരണകൂടത്തെ വിമർശിക്കുന്നത് അപകടകരമാണ് എന്ന മുന്നറിയിപ്പാണ് പൗരർക്ക് ഇതിലൂടെ നൽകുന്നത്.

മോദി ഭരണകൂടത്തെ തുറന്നുകാട്ടി സമീപകാലത്ത് രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങൾ പാർലമെന്റിനെതിരായ ബലപ്രയോഗത്തിലേക്കുവരെ ഭരണകക്ഷിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ‘കശ്മീരിൽ സ്ത്രീകൾ ഇപ്പോഴും ലൈംഗികാക്രമണത്തിനിരയാകുന്നു' എന്ന് ഭാരത്​ ജോഡോ യാത്രയുടെ സമാപനവേളയിൽ ശ്രീനഗറിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ മൊഴിയെടുക്കാനെന്ന വ്യാജേന കഴിഞ്ഞദിവസം രാഹുലിന്റെ വീട്ടിൽ പൊലീസ് എത്തി. ഇരകളെ കണ്ടെത്തി നീതി നടപ്പാക്കാനാണ് എന്നായിരുന്നു പൊലീസ് ഭാഷ്യം. കശ്മീരുമായി ബന്ധപ്പെട്ട ഭരണകൂട- പൊലീസ് നീതിയെക്കുറിച്ചുള്ള വിമർശനത്തോടുള്ള പ്രകോപനമായിരുന്നു ഈ നടപടി.

ഈയിടെ ലണ്ടൻ സന്ദർശനത്തിനിടെ രാഹുൽ നടത്തിയ പരാമർശങ്ങൾ, ഒരു ഗ്ലോബൽ ലീഡർഷിപ്പിലേക്കുള്ള മോദിയുടെ പ്രയാണത്തിന് എന്തുമാത്രം വിഘാതം സൃഷ്ടിക്കുമെന്നത്, പാർലമെന്റിനെ ബന്ദിയാക്കിയുള്ള ബി.ജെ.പി പ്രകടനം തെളിയിച്ചു. ഇന്ത്യ നിശ്ശബ്ദമായിരിക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത് എന്നാണ് ലണ്ടനിലെ ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷനുമായി സംസാരിക്കവേ രാഹുൽ പറഞ്ഞത്. ‘ഇന്ത്യയിൽ പാർലമെന്റും മാധ്യമസ്വാതന്ത്ര്യവും ജുഡീഷ്യറിയുമെല്ലാം സമ്മർദത്തിലാണ്. മോദി ഭരണകൂടത്തിനുകീഴിൽ ജനാധിപത്യ സംവിധാനങ്ങൾ തകരുന്നത് ഒരു ആഭ്യന്തര പ്രശ്‌നമാണ്. അതിന് അകത്തുനിന്നുതന്നെ പരിഹാരം കാണണം. ഇന്ത്യൻ ജനാധിപത്യം തകർന്നാൽ അത് ഈ ഭൂമിയിലെ തന്നെ ജനാധിപത്യത്തെ അതീവ ഗുരുതരമായി ബാധിക്കും. അതുകൊണ്ട് ഇന്ത്യൻ ജനാധിപത്യം എന്നത് ഞങ്ങളെ സംബന്ധിച്ചും നിങ്ങളെ സംബന്ധിച്ചും പ്രധാനമാണ്’- രാഹുലിന്റെ ഈ പരാമർശത്തെ ചൂണ്ടിയാണ്, ‘ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ രാഹുൽ വിദേശ ഇടപെടലിന് ആഹ്വാനം ചെയ്തു' എന്ന് ബി.ജെ.പി ആരോപിക്കുന്നത്.

രാഹുലിന്റെ വിമർശനം അക്ഷരാർഥത്തിൽ സത്യമാണ്.

‘ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളുടെ മേലാണ്' എന്ന് ട്വീറ്റ് ചെയ്തതിന് നടനും ആക്റ്റിവിസ്റ്റുമായ ചേതൻ കുമാറിനെ ബംഗളൂരു പൊലീസ് അറസ്റ്റു ചെയ്തത്, രാഹുൽ ചൂണ്ടിക്കാട്ടിയ ഭരണകൂട അസഹിഷ്ണുതയുടെ മറ്റൊരു ഉദാഹരണമാണ്. ‘ഹിന്ദുത്വയെ തോൽപ്പിക്കാൻ സത്യം കൊണ്ടേ കഴിയൂ, സത്യം എന്നത് സമത്വം ആണ്' എന്ന അദ്ദേഹത്തിന്റെ ട്വീറ്റ് വലിയൊരു രാഷ്ട്രീയവസ്തുത കൂടിയാണ്. ചേതൻ കുമാർ ചൂണ്ടിക്കാട്ടിയ ‘ഹിന്ദുത്വ നുണകൾ' ചരിത്രവസ്തുതകൾ മുൻനിർത്തി മുമ്പേ പൊളിച്ചുകാട്ടിയിട്ടുണ്ട്. എന്നാൽ, അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബി.ജെ.പിക്ക് ഹിന്ദുത്വക്ക് എരിവു പകരേണ്ടതുണ്ട്. ചേതൻകുമാറിനോടുള്ള പ്രതികരണം അതുകൊണ്ടുതന്നെ ഒറ്റപ്പെട്ടതല്ല. കാരണം, ചേതൻ കുമാറും സംസാരിച്ചുകൊണ്ടിരിക്കുന്നത് കർഷകരുടെയും ആദിവാസികളുടെയും തൊഴിലാളികളുടെയൂം ദലിതുകളുടെയുമെല്ലാം അവകാശങ്ങൾക്കുവേണ്ടിയാണ്, ബി.ആർ. അംബേദ്കറുടെ ആശയങ്ങളാണ്.

കർണാടക ഒരു സർവൈലൻസ് സ്‌റ്റേറ്റായി മാറിക്കഴിഞ്ഞു. കഴിഞ്ഞദിവസം മാണ്ഡ്യയിൽ പ്രധാനമന്ത്രിയുടെ റാലിയിൽ അമ്മക്കൊപ്പം പങ്കെടുക്കാനെത്തിയ ആൺകുട്ടിയുടെ കറുത്ത ടീ ഷർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ അഴിപ്പിച്ചു. മെറ്റൽ ഡിറ്റക്ടർ പരിശോധന കഴിഞ്ഞ് അമ്മ മകനെ വീണ്ടും ടീ ഷർട്ട് ധരിപ്പിച്ചപ്പോൾ വീണ്ടും അത് ഊരിമാറ്റി. ഷർട്ടിടാതെയാണ് കുട്ടി പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ ആഗസ്റ്റിൽ കോൺഗ്രസ് നേതാക്കൾ കറുത്ത വസ്ത്രം ധരിച്ച് പാർലമെന്റിൽ പ്രതിഷേധിച്ചപ്പോൾ ദുർമന്ത്രവാദത്തോടാണ് മോദി അതിനെ ഉപമിച്ചത് എന്നും ഓർക്കുക.

പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്റ്റർ പതിച്ചതിന് ഡൽഹിയിൽ നൂറിലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോസ്റ്റർ പ്രിൻറ്​ ചെയ്ത പ്രസിന്റെ പേരില്ലാത്തതാണ് അറസ്റ്റിന് കാരണമായി പൊലീസ് പറയുന്നത്. ഊരും പേരുമുള്ള ഹിംസാത്മകമായ എത്രയോ വിദ്വേഷ പ്രസ്താവനകൾ കേൾവിയിൽ മറച്ചുപിടിച്ചിരിക്കുന്ന അതേ പൊലീസ് തന്നെയാണിതും.

ഇന്ത്യയെ നിശ്ശബ്ദമാക്കാൻ ഭരണകൂടം വലിയൊരു ഗൂഢാലോചന നടത്തുകയാണ്. ഭരണഘടനയെ തന്നെ സസ്‌പെന്റ് ചെയ്ത് ഇന്ദിരാഗാന്ധി നടത്തിയ ഭരണത്തിനെതിരെ അന്ന് ഉയർന്നുവന്ന ബഹുജനപ്രക്ഷോഭത്തേക്കാൾ വിപുലമായ ഒരു രാഷ്ട്രീയ പ്രതിരോധത്തിന് രാജ്യം സജ്ജമാകേണ്ട സമയമായെന്ന ഓർമപ്പെടുത്തൽ കൂടിയാണിത്.


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments