ഏകദേശം ഒന്നര പതിറ്റാണ്ടിനിപ്പുറം രാജ്യത്ത് പുതിയൊരു സെൻസസ് നടക്കാൻ പോവുന്നതിൻെറ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. 2021-ൽ നടക്കേണ്ട സെൻസസാണ് 2027-ൽ നടക്കാൻ പോവുന്നത്. രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ സെൻസസ് നടക്കുക. ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ, ഉത്തരാഖണ്ഡ് തുടങ്ങിയ മഞ്ഞുമേഖലകളിൽ 2026 ഒക്ടോബർ 1-നും രാജ്യത്തെ മറ്റിടങ്ങളിൽ 2027 മാർച്ച് 1-നുമായിരിക്കും സെൻസസ് നടപടികൾ ആരംഭിക്കുക. സമ്പൂർണമായി ഡിജിറ്റലാവുന്ന രാജ്യത്തെ ആദ്യത്തെ സെൻസസാവും ഇത്. മൊബൈൽ ആപ്പ് ഉപയോഗിച്ച് ഡിജിറ്റലായിട്ടായിരിക്കും 2027-ലെ സെൻസസ് വിവരശേഖരണം. പുതിയ സെൻസസ് വിജ്ഞാപനം വരുമ്പോൾ ഇന്ത്യയിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട് യുഎൻ ഈയടുത്ത് പുറത്ത് വിട്ട ചില കണക്കുകൾ പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.
