തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്
ജനങ്ങളുടെ പ്രധാന പ്രശ്നങ്ങൾ

'മോദി കീ ഗ്യാരണ്ടി' എന്ന പേരിലുള്ള ബി.ജെ.പി പ്രകടനപത്രികയിൽ നിരവധി ഉറപ്പുകൾനൽകുന്നുണ്ട്. എന്നാൽ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് മിണ്ടുന്നുമില്ല. കഴിഞ്ഞ പത്തു വർഷത്തെ ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളുടെ നിശ്ശബ്ദമായ ഓർമക്കുറിപ്പുകൂടിയാണ്, പ്രധാന വിഷയങ്ങളെല്ലാം മറച്ചുപിടിക്കുന്ന ബി.ജെ.പി പ്രകടനപത്രിക.

Election Desk

2024-ലെ ​പൊതുതെരഞ്ഞെടുപ്പിൽ, ജനങ്ങൾക്കുമുന്നിലുള്ള പ്രധാന വിഷയങ്ങൾ എന്താണ്? രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികകളിൽ അവ എത്രമാത്രം പ്രാധാന്യത്തോടെ പ്രതിഫലിക്കുന്നുണ്ട്? കാമ്പയിനിൽ ഇത്തരം വിഷയങ്ങൾ ചർച്ചകളാകുന്നുണ്ടോ?

തൊഴിലില്ലായ്മയും വിലവർധനവുമാണ് 18-ാം ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നാണ് ദ ഹിന്ദുവിന്റെ പ്രീ പോൾ സർവേ പറയുന്നത്. ഭരണകക്ഷിയായ ബി ജെ പി നേരിടാൻ പോകുന്ന പ്രധാന പ്രതിസന്ധിയും ഇതുതന്നെയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനം തൊഴിലില്ലായ്മ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് ദ ഹിന്ദുവിന്റെ സർവേ കണക്കുകൾ പറയുന്നത്.

സർവേയിൽ പങ്കെടുത്ത ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ളവരിൽ 62 ശതമാനവും, തൊഴിൽ നേടിയെടുക്കുക എന്നത് അതീവ വെല്ലുവിളി നിറഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നതായി പറയുന്നു. 67 ശതമാനം മുസ്‌ലിംകളും 63 ശതമാനം ഹിന്ദു ഒ.ബി.സികളും 59 ശതമാനം പട്ടികജാതിക്കാരും ഇതേ അഭിപ്രായമുള്ളവരാണ്.

തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ, ജനങ്ങളുടെ സാമൂഹ്യ- സാമ്പത്തിക സാഹചര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരിൽ 76 ശതമാനവും വിലക്കയറ്റം അഭിമുഖീകരിക്കുന്നുണ്ട്.

തൊഴിലില്ലായ്മയും വിലവർധനവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നാണ് ദ ഹിന്ദുവിന്റെ പ്രീ പോൾ സർവേ പറയുന്നത്.

മധ്യവർഗ കുടുംബങ്ങളിൽ, 66 ശതമാനത്തെയും വിലക്കയറ്റം ബാധിക്കുമ്പോൾ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരുടെ കാര്യത്തിലും ഇചേ പ്രതിസന്ധികൾ തുടരുന്നുണ്ട്. അവരിൽ 68 ശതമാനത്തെയും വിലക്കയറ്റം ബാധിക്കുന്നുണ്ട്. ഈ വ്യത്യാസങ്ങൾ ഗ്രാമ-നഗര മേഖലകളിലും കാണാം.

ഗ്രാമപ്രദേശങ്ങളിൽ 72 ശതമാനം ആളുകളാണ് വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്നതെങ്കിൽ ചെറിയ പട്ടണങ്ങളിൽ 69 ശതമാനമായി കുറയുന്നുണ്ട്. നഗര പ്രദേശങ്ങളിലേക്ക് വരുമ്പോൾ 66 ശതമാനം ആവുകയും ചെയ്യുന്നു.
മുസ്‌ലിംകളിൽ 76 ശതമാനത്തിനെയും പട്ടികജാതിക്കാരിൽ 75 ശതമാനത്തിനെയും വിലക്കയറ്റം രൂക്ഷമായി ബാധിക്കുന്നു. അതായത്, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വലിയൊരു ശതമാനത്തിന്റെയും പ്രധാന പ്രശ്‌നം വിലക്കയറ്റമാണ്.

വിലക്കയറ്റത്തിന് പ്രധാന ഉത്തരവാദികളായി 26 ശതമാനവും കേന്ദ്ര സർക്കാറിനെയാണ് കാണുന്നത്. 12 ശതമാനമാണ് സംസ്ഥാന സർക്കാറുകളെ കുറ്റപ്പെടുത്തുന്നത്. 56 ശതമാനം ഇരു കൂട്ടരെയും കാരണക്കാരായി കാണുന്നു.

തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടാതെ അഴിമതി, വികസനം എന്നീ വിഷയങ്ങളും സർവേയിൽ പ​ങ്കെടുത്തവർ ഉന്നയിച്ചു. 2019-ൽ നടത്തിയ സർവേയിൽ 40 ശതമാനമാണ് അഴിമതി നിലനിൽക്കുന്നു എന്ന് പറഞ്ഞത്. 2024-ൽ ഇവരുടെ എണ്ണം 55 ശതമാനമായി ഉയർന്നു. 2024-ൽ 19% പേർ അഴിമതി കൂടിയതായി പറയുന്നു, 2019-ൽ അത് 14% ആയിരുന്നു.

കെടുകാര്യസ്ഥതയും അഴിമതിയും അതേപടി തുടരുന്നു എന്നാണ് 19% പറയുന്നത്. അഴിമതി നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നാണ് 25% ആളുകളുടെയും അഭിപ്രായം 16% ന്റെ അഭിപ്രായത്തിൽ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണ്. 56% ആളുകളും അഴിമതിയുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാനങ്ങൾക്കും തുല്യ ഉത്തരവാദിത്തമാണെന്നാണ് അഭിപ്രായപ്പെടുന്നത്.

അയോധ്യയിലെ രാമക്ഷേത്രം തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തികാട്ടുന്ന 8% ആളുകളാണുള്ളത്.

എന്നാൽ, ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയവും അയോധ്യയിലെ രാ​മക്ഷേത്രവും പോലുള്ള വർഗീയ വിഭജന അജണ്ടകളെ വോട്ടർമാർ അവഗണിക്കുകയാണ്.
സർവേയിൽ പ​ങ്കെടുത്തവരിൽ എട്ടു ശതമാനം പേർ അഴിമതി ഒരു പ്രധാനപ്രശ്‌നമായി ഉയർത്തി കാട്ടുന്നുണ്ട്.

അയോധ്യയിലെ രാമക്ഷേത്രം തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തികാട്ടുന്ന 8% ആളുകളാണുള്ളത്. 2% വോട്ടർമാർ ബി ജെ പി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കരുതുന്നു. തെരഞ്ഞെടുപ്പിനെ കുറിച്ച് യാതൊരു അഭിപ്രായവുമില്ലാത്ത ആറു ശതമാനം പേരും സർവേയിലുണ്ട്.

ജീവിതനിലവാരം മെച്ചപ്പെട്ടതായി 48 ശതമാനം പേരും പറയുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ജീവിതനിലവാരത്തിൽ ശോഷണമുണ്ടായതായി 35 ശതമാനം പറയുന്നു. 2019- ൽ നടത്തിയ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ, 22 ശതമാനം പേർ തങ്ങൾക്ക് ഉയർന്ന ശതമാനം ലഭ്യമാകുന്നുണ്ടെന്ന് പറയുന്നു.

36 ശതമാനം പറയുന്നത് എല്ലാതരം ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കുന്നുണ്ടെങ്കിലും ഭാവിയിലേക്ക് ഒന്നും സമ്പാദിക്കാൻ കഴിയുന്നില്ല എന്നാണ്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുമ്പോഴഉം നിരവധി സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടി വരുന്ന 23 ശതമാനം വോട്ടർമാരുമുണ്ട്.

കോൺഗ്രസിന്റെ പ്രകടനപത്രികയിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്.

19 സംസ്ഥാനങ്ങളിൽനിന്നുള്ള 10,019 പേരാണ് ലോക്‌നീതി- സി.എസ്.ഡി.എസ് പ്രീ പോൾ സർവേയിലുണ്ടായിരുന്നത്. 100 പാർലമെന്റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡ്‌ലങ്ങളിലുള്ള 400 പോളിങ് സ്‌റ്റേഷനുകളിലായിരുന്നു സർവേ.

വ്യാജമായ ചില സാമ്പത്തിക സൂചകങ്ങൾ ഉയർത്തിക്കാട്ടി തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ മറച്ചുപിടിക്കാനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാണെന്നുമുള്ള ധാരണ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് വോട്ടർമാർക്ക് ബോധ്യമുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഈ വിഷയം തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചയാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ എത്രമാത്രം വിജയിച്ചിട്ടുണ്ട്?

കോൺഗ്രസിന്റെ പ്രകടനപത്രികയിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്. ദാരിദ്ര്യവൽക്കരണത്തിന് പരിഹാരമായി ചില ഉറപ്പുകളും കോൺഗ്രസ് നൽകുന്നുണ്ട്. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകും എന്നതാണ് അതിലൊന്ന്.

'മോദി കീ ഗ്യാരണ്ടി' എന്ന പേരിലുള്ള ബി.ജെ.പി പ്രകടനപത്രികയിലും നിരവധി ഉറപ്പുകൾ നൽകുന്നുണ്ട്. എന്നാൽ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് മിണ്ടുന്നുമില്ല. കഴിഞ്ഞ പത്തു വർഷത്തെ ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളുടെ നിശ്ശബ്ദമായ ഓർമക്കുറിപ്പുകൂടിയാണ്, പ്രധാന വിഷയങ്ങളെല്ലാം മറച്ചുപിടിക്കുന്ന ബി.ജെ.പി പ്രകടനപത്രിക.

Comments