21ാം നൂറ്റാണ്ടിൻെറ ആദ്യക്വാർട്ടർ അവസാനിക്കുമ്പോൾ ചൈനയെ ബഹുദൂരം പിന്തള്ളി ഇന്ത്യ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2025 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 146.39 കോടി ആയിരിക്കുന്നുവെന്നാണ് United Nations Population Fund (UNFPA) റിപ്പോർട്ട് പറയുന്നത്. 1950 മുതൽ ജനസംഖ്യയുമായി ബന്ധപ്പെട്ട് യുഎൻ കണക്കെടുപ്പ് പുറത്ത് വരുന്നുണ്ട്. 2023-ഓടെയാണ് ചൈനയെയും മറികടന്ന് ഇന്ത്യ ജനസംഖ്യാകണക്കിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ചൈനയിൽ 141.61 കോടിയാണ് ജനസംഖ്യ. ഇതിനേക്കാൾ 5 കോടിയെങ്കിലും കൂടുതൽ പേർ ഇന്ത്യയിലുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കിൽ നിന്ന് വ്യക്തമാവുന്നത്. വരുന്ന 40 വർഷത്തേക്ക് ഇനിയും ജനസംഖ്യ ഉയർന്നു കൊണ്ടേയിരിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. അതായത് 2065 വരെ ഇന്ത്യൻ ജനസംഖ്യ ഉയർന്നുകൊണ്ടേയിരിക്കും. ഏകദേശം 170 കോടിയിൽ ജനസംഖ്യ എത്തിയതിന് ശേഷമായിരിക്കും കുറഞ്ഞ് തുടങ്ങുക. ‘State of The World Populations 2025: The Real Fertility Crisis,’ എന്ന റിപ്പോർട്ടാണ് ലോകജനസംഖ്യയെക്കുറിച്ച് കൗതുകമുണർത്തുന്നതും എന്നാൽ ആശങ്കയ്ക്ക് വകനൽകുന്നതുമായ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയെക്കുറിച്ച്, 2019-ൽ വിദഗ്ദസംഘം ഇന്ത്യയിൽ തന്നെ പഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ടിനോട് സാമ്യമുള്ള കണക്കുകൾ തന്നെയാണ് UNFP റിപ്പോർട്ടിലുമുള്ളത്. 2025 ആവുമ്പോഴേക്കും ഇന്ത്യയിലെ ജനസംഖ്യ 141.10 കോടി ആവുമെന്നായിരുന്നു ആ കണക്ക്. അതിനേക്കാൾ 5 കോടിയോളമാണ് ജനസംഖ്യ വർധിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രത്യുത്പാദന നിരക്ക് അതവാ TFR കുറയുന്നുവെന്ന് റിപ്പോർട്ട് പറയുന്നുണ്ട്. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന റീപ്ലേസ്മെൻറ് ലെവലിനേക്കാൾ താഴെയായി 1.9 ആണ് ഇപ്പോൾ ഇന്ത്യയിലെ നിരക്ക്. 2.0 എന്ന നിലയിൽ നിന്നാണ് ഇന്ത്യയിലെ റീപ്ലേസ്മെൻറ് ലെവൽ 1.9 എന്ന നിലയിലേക്ക് എത്തിയത്. പ്രത്യുത്പാദന നിരക്കിൻെറ കാര്യത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരങ്ങളും നിലനിൽക്കുന്നുണ്ട്. ബീഹാർ, ജാർക്കണ്ഠ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന പ്രത്യുത്പാദനനിരക്കും കേരളം, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കുറഞ്ഞ പ്രത്യുത്പാദനനിരക്കുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മെച്ചപ്പെട്ട വിദ്യാഭ്യാസംവിധാനങ്ങളും മികച്ച ആരോഗ്യ സൌകര്യങ്ങളും കാരണമാണ് ഈ സംസ്ഥാനങ്ങൾക്ക് ജനനനിരക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതെന്ന് റിപ്പോർട്ട് അടിവരയിട്ട് പറയുന്നു.

ഇന്ത്യയിലെ മൂന്നിലൊന്ന് സ്ത്രീകളും (36%) കൃത്യമായ ധാരണയില്ലാതെയാണ് ഗർഭം ധരിക്കുന്നത്. എത്ര കുട്ടികൾ വേണമെന്നോ എപ്പോൾ കുട്ടികൾ വേണമെന്നോ ഒന്നും തീരുമാാനമെടുക്കാൻ ഇന്ത്യയിലെ വലിയൊരു ശതമാനം സ്ത്രീകൾക്കും സാധിക്കുന്നില്ല. ഇത് ഗുരുതരമായ പ്രതിസന്ധിയാണെന്നും ഇവിടെ ഇടപെടൽ ആവശ്യമാണെന്നും യുഎൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ജനസംഖ്യ കുറയുന്നുവെന്നതും കൂടുന്നുവെന്നതും വ്യത്യസ്തമായി സമീപിക്കേണ്ട വിഷയമാണ്. എന്നാൽ ഒരു വ്യക്തിക്ക് ലൈംഗികതയുടെ കാര്യത്തിൽ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കേണ്ടതിൻെറ ആവശ്യകത, ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചുള്ള അറിവ്, കുടുംബത്തിലുള്ള റോൾ എന്നിവയെല്ലാം പരമപ്രധാനമായ കാര്യങ്ങളാണ്.
‘Population Explosion’ vs ‘Population Collapse’ എന്നീ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളെ മുൻനിർത്തി ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളിൽ യുഎൻ ഏജൻസി സർവേ നടത്തിയിരുന്നു. ഇതിൻെറ കൂടി അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട് ഇതിൽ നിന്ന് ലഭിക്കുന്ന പ്രധാനപ്പെട്ട വിശദാംശങ്ങൾ ഇങ്ങനെയാണ്:
കുഞ്ഞ് വേണമോയെന്ന കാര്യത്തിൽ ലോകത്തിലെ ബഹുഭൂരിപക്ഷം പേരെയും സ്വാധീനിക്കുന്നത് തങ്ങളുടെ സാമ്പത്തിക അവസ്ഥയാണ്. സർവേയിൽ പങ്കെടുത്ത 10-ൽ 4 പേരും സാമ്പത്തികമായി സ്ഥിരതയില്ലെങ്കിൽ കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനം ഉള്ളവരാണ്. ജോലി സുരക്ഷിതത്വം (21%), വീടുമായി ബന്ധപ്പെട്ട വിഷയങ്ങൾ (22%), കുട്ടികളെ നോക്കാൻ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റുന്ന ഇടങ്ങളുടെ കുറവ് എന്നിവയെല്ലാം ആളുകളെ കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനത്തിലേക്ക് നയിക്കുന്നുണ്ട്. ശാരീരിക ദുർബലതകൾ (15%), പ്രത്യുത്പാദനശേഷിക്കുറവ് (13%), ഗർഭധാരണകാലത്ത് ആവശ്യമായ സേവനം ലഭിക്കാതിരിക്കൽ (14%) എന്നിവയും ഈ വിഷയം സങ്കീർണമാക്കുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള ആശങ്ക, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ - സാമൂഹ്യ അരക്ഷിതാവസ്ഥ, യുദ്ധം, പകർച്ചവ്യാധികൾ എന്നിവയെല്ലാം കുഞ്ഞ് വേണമോയെന്ന രക്ഷിതാക്കളുടെ തീരുമാനത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. 79 വർഷമെടുത്താണ് ഇന്ത്യയിലെ ജനസംഖ്യ നേരത്തെ ഉള്ളതിൽ നിന്ന് ഇരട്ടിയായത്. ഇന്ത്യൻ ജസംഖ്യയുടെ 26%വും 10-24 പ്രായത്തിനിടയിൽ വരുന്നവരാണ്. 65 വയസ്സിന് മുകളിലുള്ളവർ 7% മാത്രമാണുള്ളത്. ഇന്ത്യയിലെ സ്ത്രീകളുടെ ആയുർദൈർഘ്യം 74 വയസ്സും പുരുഷൻമാരുടേത് 71 വയസ്സുമാണ്.
ഇന്ത്യയിലെ പ്രത്യുത്പാദനനിരക്കിനെക്കുറിച്ചും ജനസംഖ്യയിലെ വർധനവിനെക്കുറിച്ചും UNFPA ഇന്ത്യ പ്രതിനിധി ആൻഡ്രിയ എം വോയ്നർ വിശദീകരിക്കുന്നുണ്ട്:

“ഇന്ത്യയിൽ 1970-കളിൽ ഒരു കുടുംബത്തിൽ 5 കുട്ടികൾ എന്ന നിലയിൽ നിന്ന് ഇപ്പോൾ 2 ആയി കുറഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസവും എല്ലാവർക്കും ലഭിക്കുന്ന ആധുനിക സംവിധാനങ്ങളുള്ള ആരോഗ്യമേഖലയുമാണ് ഈ മാറ്റത്തിൻെറ പ്രധാന കാരണങ്ങൾ. അടിസ്ഥാനസൗകര്യങ്ങൾ വർധിച്ചതോടെ മാതൃമരണനിരക്കും ഗണ്യമായി കുറഞ്ഞു. പണ്ടുള്ളതിനേക്കാൾ 10 ലക്ഷം അമ്മമാരെങ്കിലും ഇന്ന് ഇന്ത്യയിൽ ആരോഗ്യത്തോടെ ജീവിക്കുന്നുണ്ട്. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ, വ്യത്യസ്ത മതജാതികളിൽ, വ്യത്യസ്ത സാമ്പത്തിക തട്ടിലുള്ളവരിൽ ഒക്കെ പ്രത്യുത്പാദന നിരക്കിൽ വലിയ അന്തരം കാണാമെന്ന വ്യത്യസ്തതയുമുണ്ട്, ” അവർ പറഞ്ഞു.
നീളുന്ന സെൻസസ്
ജനസംഖ്യയുമായി ബന്ധപ്പെട്ട് യുഎന്നിൻെറ ഒരു റിപ്പോർട്ട് പുറത്ത് വരുമ്പോൾ ഇന്ത്യയിലെ ജസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട സാഹചര്യം എന്താണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിൽ 10 വർഷം കൂടുമ്പോഴാണ് സെൻസസ് നടക്കാറുള്ളത്. നിലവിൽ സെൻസസ് നടന്നിട്ട് 14 വർഷമായി. അവസാനത്തെ സെൻസസ് നടന്നത് 2011ലാണ്. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് വ്യാപനം രൂക്ഷമായിരുന്നതിനാലാണ് മാറ്റിവെച്ചത്. പിന്നീട് രാജ്യത്തെ സാഹചര്യം മെച്ചപ്പെട്ടിട്ടും സെൻസസ് അനന്തമായി നീളുകയാണ്. നീട്ടിക്കൊണ്ടേയിരിക്കുന്ന സെൻസസ് നരേന്ദ്രമോദിയുടെ സർക്കാർ രാജ്യത്തോട് കാണിക്കുന്ന കടുത്ത അനീതിയാണ്. ഒരു രാജ്യത്തെ ഓരോ വിഭാഗങ്ങൾക്കും എങ്ങനെ വിഭവങ്ങൾ വിതരണം ചെയ്യണമെന്നും, എന്തെല്ലാം അടിസ്ഥാനപരമായ പ്രശ്നങ്ങളിലൂടെയാണ് ജനത കടന്നുപോവുന്നതെന്നും കൃത്യമായി മനസ്സിലാക്കാനുള്ള മാർഗ്ഗം കൂടിയാണ് സെൻസസ്.
2026-ഓടെ ഇന്ത്യയിൽ സെൻസസ് നടപ്പാക്കുമെന്നാണ് കേന്ദ്രസർക്കാർ അവസാനമായി പറഞ്ഞിട്ടുള്ളത്. സമ്പൂർണമായി ഡിജിറ്റലാവുന്ന രാജ്യത്തെ ആദ്യത്തെ ബജറ്റായിരിക്കും ഇത്. അതിനനുസരിച്ചുള്ള വേഗതയുമുണ്ടാവും. നേരത്തെ മൂന്ന് വർഷമൊക്കെ എടുത്താണ് സെൻസസ് പൂർത്തിയാക്കിയിരുന്നത്. ഡിജിറ്റൽ കാലത്ത് ഇനി കണക്കെടുപ്പെല്ലാം വേഗത്തിലാവും. സെൻസസിനൊപ്പം ജാതിസെൻസസും കൂടി നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിൻെറ നിരന്തരമായ ആവശ്യം കൂടിയാണ് ഇതിലൂടെ നടപ്പാക്കപ്പെടാൻ പോവുന്നത്.

1951 മുതൽ രാജ്യത്ത് നടക്കുന്ന സെൻസസിൽ പട്ടികജാതി, പട്ടികവർഗങ്ങളുടേയും വ്യത്യസ്ത മതവിഭാഗങ്ങളുടെയുമൊക്കെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, എസ്.സി, എസ്.ടി വിഭാഗം എന്ന നിലയിൽ അല്ലാതെ ഉപവിഭാഗങ്ങളുമായി ബന്ധപ്പെട്ട കണക്കെടുപ്പൊന്നും നടന്നിട്ടില്ല. 1931-ൽ നടന്നിട്ടുള്ള സെൻസസിലാണ് രാജ്യത്ത് അവസാനമായി ജാതി തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടുള്ളത്. 1941-ൽ ലോകമഹായുദ്ധ കാലത്ത് ജാതി തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാവുന്ന തരത്തിൽ സെൻസസ് നടന്നുവെങ്കിലും ഇതിലെ വിവരങ്ങൾ പുറത്ത് വന്നില്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യസെൻസസ് മുതൽ ജാതി തിരിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടില്ല. ഒബിസി, പിന്നാക്ക വിഭാഗങ്ങളിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയപാർട്ടികൾ പലകാലങ്ങളിലായി രാജ്യത്ത് ജാതിസെൻസസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന ഒരു സർക്കാരും ഇത് നടപ്പാക്കാൻ തയ്യാറായിരുന്നില്ല. 2010-ൽ യുപിഎ സർക്കാർ ഭരിക്കുന്ന കാലത്ത് ജാതി സെൻസസിന് വേണ്ടി ആർ.ജെ.ഡി, എസ്.പി, ജെ.ഡി.യു, ഡി.എം.കെ പാർട്ടികളെല്ലാം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം ഇത് നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പാർലമെൻറിനെ അറിയിച്ചിരുന്നു. ഇന്ത്യയിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള അവസാന സർക്കാരും ജാതി സെൻസസ് നടപ്പാക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞ് നിൽക്കുകയാണ് ചെയ്തത്. എന്നാലിന്ന് പ്രാദേശിക പാർട്ടികൾക്കൊപ്പം ജാതി സെൻസസിന് വേണ്ടി കോൺഗ്രസ് ശക്തമായി വാദിക്കുന്നു. എന്തുകൊണ്ട് ജാതിസെൻസസ് നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പലപ്പോഴായി വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.
ജനസംഖ്യ സംബന്ധിച്ച് താഴേക്കിടയിൽ നിന്നുള്ള ഡാറ്റകൾ കൃത്യമായി ഉണ്ടെങ്കിലേ സർക്കാരിന്റെ ക്ഷേമ പദ്ധതികൾ അർഹതപ്പെട്ടവരിലേക്ക് എത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ. 2011-ലെ കണക്കുകൾക്ക് ഇപ്പോൾ കൃത്യത കുറവാണെന്ന് വിദഗ്ധരെല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നു. എന്നിട്ടും ഈ കണക്കുകൾ ഉപയോഗിച്ചാണ് കേന്ദ്രം പല കാര്യങ്ങളിലും ഇപ്പോഴും തീരുമാനം എടുക്കുന്നത്. കണക്കുകൾ കൃത്യമല്ലാത്തതിനാൽ പല മേഖലകളിലും ആവശ്യമായ സേവനങ്ങൾ ലഭ്യമാകുന്നില്ല എന്നും പരാതിയുണ്ട്. വികസന പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ വിഹിതവും പദ്ധതിപ്രഖ്യാപനവും പഴയ കണക്കുകൾ വെച്ചുതന്നെയാണ് തുടരുന്നത്. ഇതുകാരണം സാമൂഹ്യസുരക്ഷാ പദ്ധതിയിൽ നിന്നുൾപ്പടെ കോടിക്കണക്കിന് പേരാണ് പുറത്തായിരിക്കുന്നത്. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിലും അർഹമായ വർധനയുണ്ടാകില്ലെന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. പുതിയ കണക്കുകൾ തയ്യാറായാൽ പോലും ജനസംഖ്യയനുസരിച്ച് ഫണ്ടുകളും പദ്ധതികളും തീരുമാനിക്കുന്നതിന് രണ്ടുവർഷത്തോളമെങ്കിലും വേണ്ടിവരുമെന്ന യാഥാർത്ഥ്യവുമുണ്ട്.
