അമൃത കാലത്തെ ആരോഗ്യ നീക്കിയിരിപ്പുകൾ, കേന്ദ്ര ബജറ്റ് വിശകലനം

ആരോഗ്യത്തിന് വകയിരുത്തിയ ആകെ തുകയിൽ 86175 കോടി ആരോഗ്യ വകുപ്പിനും 3200 കോടി മെഡിക്കൽ റിസർച്ചിനുമാണ് (ഐസിഎംആർ). ആരോഗ്യ വകുപ്പിന് ലഭിച്ച തുകയിൽ പകുതിയോളം നാഷനൽ ഹെൽത് മിഷന്റെ വിഹിതമാണ്. എൻ.എച്ച്.എം ന് മുൻ വർഷത്തേക്കാൾ 1.2% വർദ്ധന മാത്രമെ ലഭിച്ചിട്ടുള്ളൂ. മെഡിക്കൽ ഗവേഷണത്തിന് കീഴിൽ സെന്റർ ഫോർ എക്‌സലൻസുകൾ സ്ഥാപിക്കാനും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമാക്കാനും അനുമതി നൽകിയിട്ടുണ്ട്.

കേന്ദ്ര സർക്കാറിന്റെ ആദ്യത്തെ അമൃതവർഷത്തിലെ വാർഷിക ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ ധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ
അവതരിപ്പിച്ചിരിക്കുകയാണ്. യുവാക്കളെ ലക്ഷ്യമാക്കി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും (Capex) തൊഴിലുൽപാദനം ലക്ഷ്യമാക്കി ഇൻഫ്രാ സട്രക്ചർ വികസനവും, ഊന്നിയാണ് ഇത് രൂപപ്പെടുത്തിയതെന്ന് പറയപ്പെടുമ്പോഴും ബി.ജെ.പിയുടെ സാംസ്‌കാരിക അജണ്ടകളായി ധാരാളം ഹിന്ദു, പുരാണ, സംസ്‌കൃത പദങ്ങൾ കൊണ്ട് ബജറ്റ് രേഖ സമ്പന്നമാണ്. സപ്തർഷികളായി മുന്നോട്ട് വെച്ച ഏഴ് മുൻഗണനകളിൽ സബ് കാ സാത് സബ് കാ വികാസ്, ഗ്രീൻ ഗ്രോത്ത്, റീച്ചിങ്ങ് ലാസ്റ്റ് മൈൽ എന്നിങ്ങനെയുള്ള ആ കർഷണ ഹിന്ദി -ആംഗലേയ തലക്കെട്ടുകൾക്ക് താഴെയാണ് പദ്ധതികൾ ചേർത്തിട്ടുള്ളത്.

ഇതിൽ ആരോഗ്യ മേഖലക്ക് 1.98% നീക്കിവെച്ചത് കഴിഞ്ഞ തവണയുള്ളതിനെ അപേക്ഷിച്ച് അൽപ്പം കൂടുതലുണ്ട്. (1.85%). ഇപ്പോൾ ഈ വകയിൽ 89155 കോടി രൂപ നീക്കിവെച്ചത് കഴിഞ്ഞ തവണത്തെ 86200 കോടിയേക്കാൾ 3.43% കൂടുതലാണ്. പക്ഷെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി പണപ്പെരുപ്പം 5.5% ലധികമുള്ളപ്പോൾ ഈ ചെറിയ വർദ്ധനവ് കൊണ്ട് കാര്യമില്ല എന്നാണ് അഭിപ്രായം. ഇതേ അവസരത്തിൽ ആരോഗ്യ മേഖലക്ക് പൊതുമേഖലയിൽ ഇപ്പോഴും ഏറ്റവും കുറവ് മാത്രം ചെലവാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

കേന്ദ്ര ധനവകുപ്പ് മന്ത്രി നിർമല സീതാരാമൻ 2023-24 വർഷത്തെ ബജറ്റുമായി
കേന്ദ്ര ധനവകുപ്പ് മന്ത്രി നിർമല സീതാരാമൻ 2023-24 വർഷത്തെ ബജറ്റുമായി

ബജറ്റിൽ ഏറ്റവും ഊന്നൽ നൽകിയ ഇൻഫ്രാ സ്ട്രക്ചറിന് 33% വും പ്രതിരോധത്തിന് 13% വും ആണ് വകയിരുത്തിയിട്ടുള്ളത്. ആരോഗ്യത്തിന് വകയിരുത്തിയ ആകെ തുകയിൽ 86175 കോടി ആരോഗ്യ വകുപ്പിനും 3200 കോടി മെഡിക്കൽ റിസർച്ചിനുമാണ് (ഐ.സി.എം.ആർ). ആരോഗ്യ വകുപ്പിന് ലഭിച്ച തുകയിൽ പകുതിയോളം നാഷണൽ ഹെൽത് മിഷന്റെ വിഹിതമാണ്. എൻ.എച്ച്.എമ്മിന് മുൻ വർഷത്തേക്കാൾ 1.2% വർദ്ധന മാത്രമെ ലഭിച്ചിട്ടുള്ളൂ. മെഡിക്കൽ ഗവേഷണത്തിന് കീഴിൽ സെന്റർ ഫോർ എക്‌സലൻസുകൾ സ്ഥാപിക്കാനും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമാക്കാനും അനുമതി നൽകിയിട്ടുണ്ട്. ആയുർവേദം - ഹോമിയോ - യുനാനി മേഖല അടങ്ങിയ ആയുഷ് വിഭാഗത്തിൽ 19.6% ത്തിന്റെ വർദ്ധനവുണ്ട്. ഈ വിഷയങ്ങളിൽ അന്താരാഷ്ട്ര വികസന പ്രവർത്തനങ്ങൾ നടത്താനും, ശാസ്ത്രീയ തെളിവുകൾ വികസിപ്പിക്കാനുമായി ഊന്നൽ നൽകിയിട്ടുമുണ്ട്. ഈ ചികിത്സാശാഖകൾ ആധുനിക ശാസ്ത്രവുമായി തീരെ ചേർന്ന് പോകാത്തതാണ്. ഗ്രാമീണ മേഖലയിൽ സാമ്പത്തിക സഹായം കുറച്ചിട്ടുള്ള ബജറ്റിൽ ഏറ്റവും കൂടുതൽ സാധരണക്കാർ പൊതുവെ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യ മേഖലയെക്കുറിച്ച് പരാമർശമേ ഇല്ല എന്നതും പ്രത്യേകതയാണ്. ആരോഗ്യ രംഗത്ത് വികസനത്തിനായി പ്രധാനമായും ഇതിൽ നാല് പദ്ധതികളാണ് ഹൈലൈറ്റ് ചെയ്തിട്ടുള്ളത്.

1. സിക്കിൾ സെൽ അനീമിയ രോഗം 2047 ഓടെ നിർമ്മാർജനം ചെയ്യുക

പൊതുവേ ആദിവാസികളുടെ ഇടയിൽ കണ്ടു വരുന്ന ഒരു ജനിതക രോഗമാണ് സിക്കിൾ സെൽ രോഗം. ആദിവാസികളിൽ ഏകദേശം 86 കുട്ടികൾ ജനിക്കുമ്പോൾ ഒരു കുട്ടിക്ക് ഈ രോഗമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഇതിനായി വരും വർഷങ്ങളിൽ നാൽപ്പത് വയസ്സിന് താഴെയുള്ള ഏഴു കോടി ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കും. വിശദാംശങ്ങൾ നൽകാത്ത ഈ പദ്ധതിയുടെ 60% കേന്ദ്രം നൽകി ബാക്കി തുക സംസ്ഥാനങ്ങൾ തന്നെ ആരോഗ്യ ഫണ്ടിൽ നിന്ന് കണ്ടെത്തേണ്ടിവരും എന്നാണ് ലഭ്യമായ വിവരം. ആവശ്യത്തിനു വേണ്ട കൗൺസലിംഗുകളും സ്വകാര്യതയും തുടർ ചികിത്സയും നൽകാതെയുള്ള സ്‌ക്രീനിങ്ങ് ഇവർക്കിടയിൽ സ്ടിഗ്മ-അവഗണനയും ഒറ്റപ്പെടുത്തലും ഉണ്ടാക്കാമെന്നും പരമ്പരാഗതമായ ജനിതക രോഗങ്ങളുടെ നിർമ്മാർജനം ഒരിക്കലും സാധ്യമല്ലെന്നും വിദഗ്ധർ ചൂണ്ടി കാണിക്കുന്നുണ്ട്.

പൊതുവേ ആദിവാസികളുടെ ഇടയിൽ കണ്ടു വരുന്ന ഒരു ജനിതക രോഗമാണ് സിക്കിൾ സെൽ രോഗം. ആദിവാസികളിൽ ഏകദേശം 86 കുട്ടികൾ ജനിക്കുമ്പോൾ ഒരു കുട്ടിക്ക് ഈ രോഗമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു / Photo: news-medical.net
പൊതുവേ ആദിവാസികളുടെ ഇടയിൽ കണ്ടു വരുന്ന ഒരു ജനിതക രോഗമാണ് സിക്കിൾ സെൽ രോഗം. ആദിവാസികളിൽ ഏകദേശം 86 കുട്ടികൾ ജനിക്കുമ്പോൾ ഒരു കുട്ടിക്ക് ഈ രോഗമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു / Photo: news-medical.net

ജനിതകമല്ലാത്ത പകർച്ച വ്യാധികളായിട്ടും രാജ്യത്ത് നിർമ്മാർജ്ജനം ചെയ്യണമെന്ന് 2017 ൽ ലക്ഷ്യം പ്രഖ്യാപിച്ച മന്ത് രോഗം 2020 ൽ ലക്ഷ്യം പ്രഖ്യാപിച്ച കാലാ അസാറും ഇപ്പോഴും പൊതുജനാരോഗ്യ പ്രശ്‌നമായി നിലനിൽക്കുന്നതും ഉദാഹരണമാണ്. ഇവയുടെ നിർമ്മാർജന ലക്ഷ്യ കാലാവധി നീട്ടി വെച്ചതും ഇവിടെയും പാഠമാകേണ്ടതുണ്ട് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

2. ഫാർമസ്യൂട്ടിക്കൽസ് മേഖലയിലെ ഗവേക്ഷണം

ഇതിനായി ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനുള്ള തുക 100 കോടിയിൽ നിന്ന് 1250 കോടിയായി ഉയർത്തിയിട്ടുണ്ട്. പുതിയ ഔഷധങ്ങളുടെ കണ്ടുപിടുത്തങ്ങൾ അധികവും പാശ്ചാത്യ രാജ്യങ്ങളിലാണ് നടക്കുന്നത്. പേറ്റന്റ് നിലവിൽ ഉള്ളതിനാൽ ഇവിടെ ലഭിക്കാൻ കാലതാമസമുണ്ട്. നിലവിൽ ഇന്ത്യയിൽ ഔഷധ നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ Active pharmaceutical ingredients API മിക്കതും പുറം രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നതും ആഭ്യന്തരവിപണിയിൽ വിലനിയന്ത്രണമില്ലാത്തതുമാണ്. കഴിഞ്ഞ വർഷത്തെ കണക്ക് നോക്കിയാൽ ഈ മേഖലയിൽ 35000 കോടിക്ക് ഇറക്കുമതി ചെയ്തപ്പോൾ 33000 കോടിക്ക് മാത്രമേ കയറ്റുമതി വ്യാപാരം നടന്നിട്ടുള്ളു. ആത്മ നിർഭർ ഭാരതം പ്രവർത്തനം തുടങ്ങിയിട്ടു വർഷങ്ങൾ ആയിട്ടും 2022 ൽ മെഡിക്കൽ ഉപകരണങ്ങളിൽ 41% ഇറക്കുമതി ചെയ്യപ്പെടുകയാണ് ഉണ്ടായത്. ഇവയിൽ പകുതിയും ഇപ്പോൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുകയാണ്. മെഡിക്കൽ അനുബന്ധ ഉപകരണങ്ങൾ medical devices കണ്ടു പിടിച്ച് നിർമ്മിക്കാനായി പുതിയ മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ രാജ്യത്ത് ആരംഭിക്കാൻ ആലോചിച്ചത് നല്ല കാര്യം തന്നെയാണ്.

3. നഴ്സിംഗ് സ്കൂളുകൾ

ഇന്ത്യയിൽ 2014 ന് ശേഷം സ്ഥാപിക്കപ്പെട്ട 157 മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നഴ്‌സിംഗ് കോളേജുകൾ തുടങ്ങും. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആയിരം പേർക്ക് മൂന്ന് നഴ്‌സുമാർ വേണ്ട ഇന്ത്യയിൽ ശരാശരി ആയിരം പേർക്ക് 1.7 നഴ്‌സുമാർ മാത്രമേ ലഭ്യമായിട്ടുള്ളൂ. പക്ഷേ നഴ്‌സിംഗ് സീറ്റുകൾ കൂടിയാലും പുറത്തിറങ്ങുന്നവർ രാജ്യം വിട്ട് പോകാതെ ഇവിടെ തന്നെ സേവനം തുടരാൻ പദ്ധതികൾ വേണ്ടതുണ്ട്. ഇതേ തിയറി പ്രകാരം കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ മെഡിക്കൽ കോളേജുകൾ തുടങ്ങിയിട്ടും,സീറ്റുകൾ വർധിപ്പിച്ചിട്ടും രാജ്യത്തെ കമ്യൂണിറ്റി ഹെൽത് സെന്ററുകളിൽ 70 % സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ വേക്കൻസികൾ ഒഴിഞ്ഞ് കിടപ്പുണ്ടെന്നാണ് 2022 ലെ കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടുകൾ കാണിക്കുന്നത്. (Rural Health statistics GOI 2022)

Photo: st-thomasnursingcollege.com
Photo: st-thomasnursingcollege.com

4. മെഡിക്കൽ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക

സ്വകാര്യ- സർക്കാർ (Public Private Participation) സഹകരണത്തോടെയുള്ള മെഡിക്കൽ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കൽ. ഇതിനായി ഐ.സി.എം.ആർ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കും. ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിൻ ഈ രൂപത്തിൽ വികസിപ്പിച്ചെടുത്തതാണ്.

മറ്റ് ആരോഗ്യ പദ്ധതികൾ : ഈ ബജറ്റിൽ പകർച്ചേതര വ്യാധി നിയന്ത്രണ പരിപാടികളുടെ തുക കഴിഞ്ഞ വർഷത്തെ 500 കോടിയിൽ നിന്ന് 289 കോടിയായി ചുരുക്കിയിട്ടുണ്ട്. രാജ്യത്ത് പകർച്ചേതര വ്യാധികൾ കൂടിവരികയാണ്. പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങളൊക്കെ പകർച്ചേതര വ്യാധികളാണ്.

പുകയില നിയന്ത്രണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തിവരുന്നത്. അതേ സമയത്തു നാഷനൽ കലാമിറ്റി ഡ്യൂട്ടിയായി (Calamity duty) സിഗരറ്റിന്റെ നികുതി 16% കൂടിയിട്ടുമുണ്ട്.

ആഷ് മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയുടെ തുക 6412 കോടിയിൽ നിന്ന് 7200 കോടിയായി ഉയർത്തിയതു തീരേ തികയില്ല. ജനുവരി നാല് വരെ ഈ പദ്ധതിക്ക് കീഴിൽ 4.3 കോടി പേർ ആശുപത്രി ചികിത്സക്ക് വിധേയമായിട്ടുണ്ട്. ചികിത്സാ ചെലവായി പരമാവധി 5 ലക്ഷം വരെ കിട്ടുന്ന ഈ പദ്ധതിയിൽ രാജ്യത്താകെ 40 കോടിയിൽ പരം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഇതിന്റെ സാമ്പത്തിക പ്രതിസന്ധി ഉണ്ട്.

രണ്ട് വർഷം മുമ്പ് കോവിഡ് വാക്‌സിനേഷനായി 35000 കോടി തുക പ്രഖ്യാപിച്ച ധനമന്ത്രി രാജ്യത്തെ 102 കോടി ജനങ്ങൾക്ക് 220 കോടി ഡോസ് കോവിഡ് വാക്‌സിനുകൾ സൗജന്യമായി നൽകിയത് രേഖയിൽ സൂചിപ്പിച്ചുവെങ്കിലും ഇത്തവണ കോവിഡാനന്തര ചികിത്സകൾക്ക് ആയി ഒന്നും മിണ്ടി കാണുന്നില്ല. ഡിജിറ്റൽ കാലത്ത് ആരോഗ്യ രംഗത്തും ഡിജിറ്റൽ ആകാൻ ഡിജിറ്റൽ ഹെൽത്ത് മിഷന് വേണ്ടി 133 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ആരോഗ്യ അനുബന്ധ - സാമൂഹ്യ നിർണ്ണയ മേഖലകൾ

രാജ്യത്തെ ഏറ്റവും വലിയ ദരിദ്ര ലഘുവത്കരണ പദ്ധതിയായ ഗ്രാമീണ തൊഴിൽ ദാന പദ്ധതിയുടെ തുക 33% കുറച്ചിട്ടുണ്ട്. ഇത് 89400 കോടിയിൽ നിന്ന് 60000 കോടിയായി കുറഞ്ഞു. ഇതിനെ പറ്റി ജനങ്ങൾക്ക് മറ്റു മേഖലകളിൽ തൊഴിൽ ലഭിക്കുന്ന പകരം സാഹചര്യങ്ങൾ ലഭ്യമാകുന്നതിനാലാണ് ഇതെന്ന് സാമ്പത്തിക കാര്യ സെക്രട്ടറിയുടെ ടി.വി. സോമനാഥിന്റെ വിശദീകരണവുമുണ്ടായിട്ടുണ്ട്. ഗ്രാമങ്ങളിൽ സാമ്പത്തിക പുരോഗതി ഉണ്ടായിട്ടുള്ളതിനാൽ ഇതിന്റെ ഡിമാന്റും കുറഞ്ഞതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

വയോജനങ്ങൾക്കും വിധവകൾക്കുമുള്ള പെൻഷൻ തുക കൂട്ടിയിട്ടില്ല.
ഭക്ഷ്യ സബ്സിഡിയുടെ തുകയിൽ 3% ത്തോളം കുറവുണ്ട്. (28000 ൽ നിന്ന് 197300 ആയി കുറഞ്ഞു.) ഡാറ്റാ ക്ലിയറിങ്ങ് നടത്തിയപ്പോൾ സബ്‌സിഡിക്ക് അർഹതപ്പെട്ട ദരിദ്രരുടെ എണ്ണം വളരെ കുറഞ്ഞതിനാലാണ് ഇതെന്ന് അടുത്ത ദിവസം വിശദീകരണവുമുണ്ടായിരുന്നു. ഇത് പ്രകാരം ആവശ്യക്കാരുടെ എണ്ണത്തിൽ പത്തുശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്രത്തിലെ വിശദീകരണം. വളം സബ്‌സിഡിയും 1.5 % കുറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പോഷൺ അഭിയാൻ എന്ന് നാമകരണം ചെയ്ത സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിക്കുള്ള തുക 12800 കോടിയിൽ നിന്ന് 11, 600 ആയി കുറഞ്ഞിട്ടുണ്ട്. കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്കുള്ള പോഷൺ അഭിയാൻ തുക അതേ പോലെ നിലനിർത്തിയിട്ടുണ്ട് (20000 കോടി). അംഗനവാടികളുടെ ഫണ്ടും കുറച്ചിട്ടുണ്ട്. സ്‌കൂൾ ഉച്ചഭക്ഷണത്തിനും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമ പദ്ധതികളായ ഐ.സി.ഡി.എസ്സിനും അനുവദിക്കപ്പെട്ടതുകയിൽ 2014 വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 40% ത്തോളം കുറവുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവ് കൂടി വരുന്നതായി സർക്കാർ റിപ്പോർട്ടുകളുമുണ്ട്.
സീ വേജ് നേരിട്ട് കൈകാര്യം ചെയ്യുന്നതിൽ നിന്നും മനുഷ്യരെ മാറ്റി നിർത്താൻ സഹായിക്കുന്ന നമസ്‌തേ (National Action plan for Mechanical Sanitation EcoSystem) പൂർണ്ണമായും യന്ത്രവത്കരിക്കപ്പെട്ട ഡീസ്ലഡ്ജിങ്ങ് നടപ്പിലാക്കാൻ 100 കോടിക്കടുത്ത് അനുവദിച്ചത് നല്ല കാര്യമാണ്. രാജ്യത്ത് വർഷം തോറും നൂറിലധികം പേർ മാൻഹോളിലിറങ്ങി മരണപ്പെടാറുണ്ട്.

Photo: Photo: cjp.org
Photo: Photo: cjp.org

ജല ജീവൻ മിഷന്റെ കീഴിൽ വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന ഒരാൾക്ക് പ്രതിദിനം മിനിമം 55 ലിറ്റർകുടിവെള്ളം എത്തിക്കുന്ന ജലജീവൻ പദ്ധതിക്ക് 27% വർദ്ധനവ് നൽകിയിട്ടുണ്ട്. ഇപ്രകാരം 9 കോടിയിലധികം ഗ്രാമീണ വീടുകളിൽ കുടിവെള്ളം ടാപ്പുകളിൽ എത്തിക്കും.

ഓപ്പൺ ഡിഫിക്കേഷൻ ഫ്രീ പദ്ധതി - വെളിയിട വിസർജ്ജന നിർമ്മാർജന പരിപാടിക്കായിട്ടുള്ള സ്വച്ച ഭാരത് പദ്ധതിയുടെ തുക 66000 കോടിയിൽ നിന്ന് 77000 കോടിയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം 12 കോടിയോളം പാവപ്പെട്ടവരുടെ വീടുകളിൽ ശൗചാലയങ്ങൾ നിർമ്മിക്കപെടും.
ദോഷവശങ്ങളും ഗുണവശങ്ങളും സമ്മിശ്രമായിട്ടുള്ള ആരോഗ്യ ബജറ്റ് ദാരിദ്ര ക്ഷേമത്തിനുപരി മധ്യവർഗ്ഗത്തിന്റെ ക്ഷേമത്തിനാണ് ഊന്നൽ നൽകിയിട്ടുള്ളത്. ഇത് കേന്ദ്ര സർക്കാറിന്റെ നവലിബറൽ നയത്തിന് ചേർന്ന് നിൽക്കുന്ന സാമ്പത്തിക വികാസം ആരോഗ്യ മടക്കമുള്ള സാമൂഹിക വികാസം കൊണ്ടുവരുമെന്ന തത്വത്തിനെ ഉറപ്പിക്കുന്ന വിധത്തിലുമാണ്. ഇതിനെ തുടർന്ന് അടുത്ത ദിവസം കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ട ഇടതു സർക്കാരിന്റെ ബജറ്റ് പ്രകാരം കേരളത്തിൽ ആരോഗ്യ മേഖലയിൽ ""ഹെൽത്ത് ടൂറിസം'' വിദേശികൾക്കായി വാതിൽ തുറക്കുന്നതും നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയല്ല എന്നും തുടർന്നു ചേർത്ത് വായിക്കേണ്ടി വരും.


Summary: ആരോഗ്യത്തിന് വകയിരുത്തിയ ആകെ തുകയിൽ 86175 കോടി ആരോഗ്യ വകുപ്പിനും 3200 കോടി മെഡിക്കൽ റിസർച്ചിനുമാണ് (ഐസിഎംആർ). ആരോഗ്യ വകുപ്പിന് ലഭിച്ച തുകയിൽ പകുതിയോളം നാഷനൽ ഹെൽത് മിഷന്റെ വിഹിതമാണ്. എൻ.എച്ച്.എം ന് മുൻ വർഷത്തേക്കാൾ 1.2% വർദ്ധന മാത്രമെ ലഭിച്ചിട്ടുള്ളൂ. മെഡിക്കൽ ഗവേഷണത്തിന് കീഴിൽ സെന്റർ ഫോർ എക്‌സലൻസുകൾ സ്ഥാപിക്കാനും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമാക്കാനും അനുമതി നൽകിയിട്ടുണ്ട്.


Comments