രാജ്യത്തെ ലോക്സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചുള്ള മണ്ഡല പുനർനിർണയത്തിനുള്ള ബില്ലിന് അംഗീകാരം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നീക്കം നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും ചില സംസ്ഥാനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എതിർപ്പിനെ തുടർന്നാണ് ബില്ലിൽ വീണ്ടും മാറ്റങ്ങൾ വരുത്തിയത്. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തോട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യാവർധനവ് കുറവാണെന്ന് കരുതി പ്രാതിനിധ്യം കുറയുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നായിരുന്നു നിലപാട്. ഇത് പരിഗണിച്ചാണ് പുതിയ ബിൽ തയ്യാറാക്കിയിരിക്കുന്നത്.
പുതിയ ബിൽ പ്രകാരം നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിൽ ലോക്സഭയിലും സംസ്ഥാനങ്ങളിലും 50 ശതമാനം വർധനവാണ് ലക്ഷ്യമിടുന്നത്. അതായത് ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ നിന്ന് പരമാവധി 816 സീറ്റ് വരെയായി ഉയരും. ഓരോ സംസ്ഥാനങ്ങളിലെയും സീറ്റ് 50 ശതമാനം വർധിപ്പിക്കും. ഉദാഹരണത്തിന് കേരളത്തിൽ നിലവിലുള്ളത് 20 ലോക്സഭാ സീറ്റുകളാണ്. അത് 10 സീറ്റുകൾ വർധിപ്പിച്ച് 30-ലെത്തും. നിയമസഭാ സീറ്റുകൾ നിലവിലുള്ള 140-ൽ നിന്ന് 70 സീറ്റുകൾ വർധിപ്പിച്ച് 210-ലെത്തും. ഇത് കൂടാതെ 33 ശതമാനം വനിതാ സംവരണവും ഉറപ്പാക്കും. അതായത് കേരളത്തിലെ സാഹചര്യം മാത്രമെടുത്താൽ ലോക്സഭയിൽ 10-ഉും നിയമസഭയിൽ 70-ഉും സീറ്റുകൾ വനിതാസംവരണമായിരിക്കും. ബിൽ നിർദ്ദേശങ്ങൾ നടപ്പിലായാൽ നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള യു.പിയിലെ സീറ്റുകളുടെ എണ്ണം 80-ൽ നിന്ന് 120 ആയി ഉയരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ സീറ്റ് വർധിക്കുക തമിഴ്നാട്ടിലാണ്. നിലവിലെ 39 എന്നത് 59-ലെത്തും.
1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സീറ്റെണ്ണവും സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് വിഹിത അനുപാതവുമാണ് കഴിഞ്ഞ 50 വർഷമായി രാജ്യത്തെ ലോക്സഭാ, നിയമസഭാ സീറ്റുകളിൽ തുടരുന്നത്. ഇതേ അനുപാതം ഇനിയൊരു 25 വർഷത്തേക്ക് കൂടി, 2051 വരെ മാറ്റമില്ലാതെ നിലനിർത്തും. ഓരോ സംസ്ഥാനത്തും ഉണ്ടായ ജനസംഖ്യാവർധനവ് തൽക്കാലം പരിഗണിക്കില്ല. അതായത് ലോക്സഭയിൽ ഓരോ സംസ്ഥാനത്തിൻെറയും സീറ്റ് പ്രാതിനിധ്യം ഇപ്പോഴുള്ളത് പോലെത്തന്നെ 2051 വരെയും തുടരും. ഉദാഹരണത്തിന് 20 എംപിമാരുള്ള കേരളത്തിന് 30 എം.പിമാരായി വർധിച്ചാലും ലോക്സഭയിലെ പ്രാതിനിധ്യം 3.68 ശതമാനം തന്നെയായി തുടരും. വർധിപ്പിച്ച സീറ്റുകളുടെ അതിർത്തി നിർണയിക്കുക 2011-ലെ സെൻസസ് അടിസ്ഥാനത്തിലായിരിക്കും. 2008-ലെ മണ്ഡല പുനർനിർണയസമയത്ത് 2001ലെ സെൻസസാണ് അടിസ്ഥാനമാക്കിയിരുന്നത്.
നിയമസഭകകളിലെ അംഗബലം പരമാവധി 500 എന്നുള്ളത് 650 വരെയായി ഉയർത്താൻ ബില്ലിൽ ശുപാർശയുണ്ട്. ഇല്ലെങ്കിൽ ഉത്തർപ്രദേശിലെ നിയമസഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കില്ല. നിലവിൽ 403 സീറ്റുകളാണ് യു.പിയിൽ ഉള്ളത്. 50 ശതമാനം സീറ്റ് വർധിപ്പിക്കുമ്പോൾ 200-ലധികം സീറ്റുകൾ വർധിക്കുകയും മൊത്തം സീറ്റെണ്ണം 600 കടക്കുകയും ചെയ്യും. ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൻെറ പരിധി 550-ൽ നിന്ന് 850 വരെയായും ഉയർത്തും.

ബിൽ പാസ്സാകുമോ?
വനിതാ സംവരണത്തിൻെറ മറവിൽ മണ്ഡലപുനർനിർണയം നടപ്പിലാക്കാനുള്ള എൻ.ഡി.എ സർക്കാരിൻെറ നീക്കം നേരത്തെ ലോക്സഭയിൽ പരാജയപ്പെട്ടിട്ടുള്ളതാണ്. 2026 ഏപ്രിൽ 17-നാണ് നേരത്തെ 131ാം ഭരണഘടനാ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചിരുന്നത്. എൻ.ഡി.എയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ പ്രതിപക്ഷത്തിന് ബിൽ പരാജയപ്പെടുത്താൻ സാധിച്ചു. 528 പേർ ഹാജരായ സഭയിൽ 352 സീറ്റുകളാണ് ബിൽ പാസ്സാവാൻ വേണ്ടിയിരുന്നത്. അന്ന് ബില്ലിന് അനുകൂലമായി 298 വോട്ടുകളും പ്രതികൂലമായി 230 വോട്ടുകളുമാണ് ലഭിച്ചത്. തിങ്കളാഴ്ച മുതൽ തുടങ്ങുന്ന പ്രത്യേക പാർലമെൻറ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ഇപ്പോൾ കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്.

543 അംഗ ലോക്സഭയിൽ നിലവിൽ 540 ആണ് അംഗബലം. മൂന്ന് സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. എല്ലാവരും സഭയിൽ എത്തുകയാണെങ്കിൽ ബിൽ പാസ്സാവാൻ 360 എം.പി.മാരുടെ പിന്തുണ ലഭിക്കണം. ഏപ്രിലിൽ 54 സീറ്റുകളുടെ കുറവാണ് എൻ.ഡി.എയ്ക്ക് ഉണ്ടായിരുന്നത്. ഇത്തവണയും കണക്കിലെ കളിയിൽ 3-ൽ 2 ഭൂരിപക്ഷം ലഭിക്കുമോയെന്ന് ഉറപ്പിക്കാൻ എൻ.ഡി.എയ്ക്ക് സാധിച്ചിട്ടില്ല. നേരത്തെ ബില്ലിനെ കടുത്ത രീതിയിൽ എതിർത്ത ഡി.എം.കെ ഇന്ന് ഇന്ത്യാസഖ്യത്തോടൊപ്പം ഇല്ല. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിജയ് സർക്കാരിൽ ചേരാനുള്ള കോൺഗ്രസ് നിലപാട് ഡി.എം.കെയുമായുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയിരുന്നു. ലോക്സഭയിൽ എൻ.ഡി.എയ്ക്ക് ആകെ 322 സീറ്റുകളാണുള്ളത്. ഡി.എം.കെയ്ക്ക് 22 സീറ്റുകളുണ്ട്. എൻ.സി.പി ശരദ് പവാർ വിഭാഗത്തിൻെറ 8 സീറ്റുകൾ, ജെ.എം.എം (3), വൈ.എസ്.ആർ.സി.പി (4) എന്നീ സീറ്റുകളും ഉറപ്പിക്കാനാവുമെന്ന് എൻ.ഡി.എ പ്രതീക്ഷിക്കുന്നു. അതായത് 359 പേരുടെ പിന്തുണ തങ്ങൾക്ക് കിട്ടുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. ഡി.എം.കെ. ഇതിനോടകം തന്നെ പാർട്ടിയോഗം ചേർന്ന് ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. മമത ബാനർജിയുമായി ഇടഞ്ഞ് നിൽക്കുന്ന തൃണമുൽ കോൺഗ്രസ് എം.പിമാരും തങ്ങൾക്ക് അനുകൂലമായി നിൽക്കുമെന്ന് അവർ കരുതുന്നു. അങ്ങനെയെങ്കിൽ ബിൽ പാസ്സാക്കിയെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും. മറുഭാഗത്ത് ഇന്ത്യാസഖ്യത്തിന് 183 എംപിമാരുടെ പിന്തുണ ഉറപ്പാണെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണത്തെ പോലെ 230 എം.പിമാരുടെ പിന്തുണയിലേക്ക് കാര്യങ്ങൾ എത്തിക്കണമെങ്കിൽ ഏറെ ശ്രമകരമായ ചർച്ചകൾ തന്നെ വേണ്ടിവരും. ഇന്ത്യാസഖ്യത്തിൽ ഇല്ലെങ്കിൽ മൂന്ന് എം.പിമാരുള്ള ആം ആദ്മി പാർട്ടി ബില്ലിനെതിരെ നിലപാട് എടുക്കുമെന്നാണ് കരുതുന്നത്. അത് ഇന്ത്യാസഖ്യത്തിന് അനുകൂലമായി വരും.

ബില്ലിലൂടെ ബി.ജ.പി ലക്ഷ്യമിടുന്നത് രാജ്യത്തെ ഭരണഘടനയെ ആകെ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് ഇതിനോടകം വിമർശനം ഉന്നയിച്ചിട്ടുണ്ട്. “ഭരണഘടനയെ അട്ടിമറിക്കാൻ അവർ ഉറപ്പിച്ച് കഴിഞ്ഞു. 2014-ൽ തന്നെ അവർ അത് തുടങ്ങിയിട്ടുള്ളതാണ്. നവംബർ 30-ന് 131ാം ഭരണഘടനാ ഭേദഗതി ബിൽ പാസ്സായാൽ അത് ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ മുഴുവൻ തകർക്കുന്നതായിരിക്കും. രാജ്യത്തിൻെറ ഭരണഘടനയും ജനാധിപത്യവും തകർച്ചയിലേക്ക് പോവുന്നതിന് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ് നമ്മൾ. ബിൽ പാസ്സായാൽ രാജ്യം ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് പോവുന്ന സാഹചര്യമാവും സംഭവിക്കുക.” മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. രാജ്യത്തെ എസ്.സി, എസ്.ടി. ജനവിഭാഗങ്ങളെ ഒരുതരത്തിലും പരിഗണിക്കാത്തതാണ് ബില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് സംവരണസീറ്റുകൾ വർധിപ്പിക്കണമെന്നും ഖാർഗെ പറഞ്ഞു.
