Photo : JNU Updates, fb page

സർവകലാശാലകളിൽ തളം​ കെട്ടിക്കിടക്കുന്നു, ഭയം

വടക്കുകിഴക്കിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും, ഉത്തർപ്രദേശിൽ നിന്നുമെല്ലാം വരുന്ന വിദ്യാർത്ഥികൾ ഒരുമിച്ച് ജീവിച്ച്​ ഭക്ഷണവും, സംഗീതവും, സിനിമയുമെല്ലാം പങ്കുവെക്കപ്പെടുന്ന ജീവിതം ഇന്ന്​ സർവകലാശാലകളിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്​.

‘ഇന്ത്യയിൽ ജീവിക്കുമ്പോൾ ഞാൻ പ്രണയിക്കില്ല', ആദ്യം ഇവിടുന്ന് രക്ഷപ്പെടണം എന്നിട്ട് പ്രണയിക്കണം, ജീവിക്കണം'- ഇംഗ്ലണ്ടിലേക്ക് ഗവേഷണത്തിനായി യാത്ര തിരിക്കുന്ന എന്റെ സഹപാഠിക്ക് ‘പ്രണയവും', ‘രക്ഷപ്പെടലും', ‘ജീവിത'വുമെല്ലാം ഇന്ത്യക്കുപുറത്തുള്ള ഒരിടത്തിന്റെ സാധ്യതകളാണ്. ‘ഇന്ത്യ' എന്ന ഇന്നത്തെ രാഷ്ട്ര സങ്കല്പത്തിനുപുറത്ത് സ്വതന്ത്രജീവിതം സാധ്യമായേക്കാവുന്ന ഒരിടം. സ്ഥലാതിർത്തികൾ കടന്ന് തങ്ങളുടെ അസ്തിത്വം സ്വതന്ത്രമായി തെരഞ്ഞെടുക്കുവാൻ കഴിയുന്ന ആ ഇടത്തിൽ ജാതിയുടെയോ, മതത്തിന്റെയോ, ലിംഗത്തിന്റെയോ അടിസ്ഥാനത്തിൽ സ്വത്വം നിർവചിക്കപ്പെടുന്നില്ല. അവിടെ സ്വതന്ത്ര ചിന്തകളും, പലതരം രാഷ്ട്രീയ വീക്ഷണങ്ങളും തമ്മിൽ നടക്കുന്ന സംവാദങ്ങൾ, മാനവിക വിഷയങ്ങളിലൂടെ വ്യക്തികളെ രൂപപ്പെടുത്തുന്നു. അത്തരം വ്യക്തികളുടെ പ്രണയവും ജീവിതവും സമൂഹത്തെയാകെ മാറ്റിമറിക്കുന്ന രാഷ്ട്രീയ പ്രവർത്തനമായി മാറുന്നു. വളരെ കാല്പനികമായി തോന്നുകയും എന്നാൽ പുരോഗമനപരമായി വർത്തിക്കുകയും ചെയ്യുന്ന അത്തരം ഇടങ്ങളെയാണ് നെഹ്റുവും, അംബേദ്കറും, ടാഗോറുമെല്ലാം സർവകലാശാലകളായി കണ്ടിരുന്നത്.

ആർ.എസ്.എസ് - എ.ബി.വി.പി പ്രവർത്തകർ ഇന്ന് സർവകലാശാലകളിൽ അഴിച്ചുവിടുന്ന അക്രമത്തിന് പരിധികളില്ല.

സർവകലാശാല എന്ന ഭീഷണി

ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന്റെ അരാജകത്വത്തിലും സഹിഷ്ണുതയും സമാധാനവും പാലിക്കപ്പെടുന്ന അത്തരം ഇടങ്ങൾ ആശയപരമായി ആരംഭകാലങ്ങളിൽ ഇന്ത്യൻ പൊതുബോധത്തിന് വെളിയിലായിരുന്നെങ്കിലും അവ സ്വതന്ത്രമായി നിലനിന്നുപോന്നിരുന്നു. പൊതുസമൂഹത്തെ പഠിച്ചും, വിമർശിച്ചും, വിശകലനം ചെയ്തും വളർന്ന വിദ്യാർഥികൾ രാഷ്ട്രീയനിലപാടുകൾ ഭയമേതുമില്ലാതെ എടുത്തപ്പോൾ ഇന്ത്യക്കുലഭിച്ചത് കഴിവും, സേവനസന്നദ്ധതയുമുള്ള രാഷ്ട്രീയ പ്രവർത്തകരെയാണ്. എന്നാൽ
ഇന്ന്, സ്വാതന്ത്ര്യം നേടി 75 വർഷം തികയുമ്പോഴേക്കും സർവകലാശാലകൾ തീവ്രവലതുപക്ഷ ശക്തികളുടെ കേന്ദ്രവും, അവരുടെ ഹിംസാത്മകമായ ശക്തി പ്രകടനങ്ങളുടെ ഇടവുമായാണ് അറിയപ്പെടുന്നത്. മുൻപ് ഭയമേതുമില്ലാതെ രാഷ്ട്രീയ നിലപാടുകൾ എടുക്കാൻ സാധ്യതയുണ്ടായിരുന്ന ഇടങ്ങളിൽ ഇന്ന് ഭയം മാത്രമാണ് തളം കെട്ടി നിൽക്കുന്നത്. ആർ.എസ്.എസ് - എ.ബി.വി.പി പ്രവർത്തകർ ഇന്ന് സർവകലാശാലകളിൽ അഴിച്ചുവിടുന്ന അക്രമത്തിന് പരിധികളില്ല. അടുത്തിടെ രാമാനവമി ദിനത്തിൽ ജെ.എൻ.യു ഹോസ്റ്റൽ കാമ്പസിൽ മാംസാഹാരം വിളമ്പി എന്ന പേരിലും, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചതിന്റെ പേരിലും, അലഹബാദ് സർവകലാശാലയിലെ ‘ഇൻക്വിലാബി ഛത്ര മോർച്ച' റാലി നടത്തിയതിന്റെ പേരിലും അക്രമം അഴിച്ചുവിട്ടത് ആർ.എസ്. എസ് - എ.ബി.വി.പി സഖ്യമായിരുന്നു. ഇത്തരം പല അക്രമപരമ്പരകൾക്കും പ്രതിരോധമായി നിൽക്കേണ്ട പുരോഗമന വിദ്യാർത്ഥിസംഘടനകൾ ഭയത്തിന്റെയും അവസരവാദ രാഷ്ട്രീയത്തിന്റെയും പിടിയിലാണ് എന്ന വസ്തുത പ്രശ്‌നം സങ്കീർണമാക്കുന്നു.

ഡൽഹി ജെ. എൻ. യു. കാന്റീനിൽ രാമനവമി ദിവസത്തിൽ മാംസാഹാരം വിളമ്പിയതിനെരെ എ.ബി.വി.പി നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി. / Photo : NSUI, Twitter

പൊതുസമൂഹത്തിന്മേൽ ഭരണകൂടം അതിവേഗം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുമ്പോൾ അതിന്​ ബദൽ ഉയർത്താൻ കെല്പുള്ള പ്രധാന ശക്തികളിൽ ഒന്നാണ് ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥി - യുവജനസമൂഹം. അവർ വായിച്ചു വളരുന്ന സർവകലാശാലകൾ അതുകൊണ്ടുതന്നെ അധികാരകൾക്ക് എന്നും ഭീഷണിയാണ്. സ്വതന്ത്രമായി ചിന്തിക്കുകയും വിമർശിക്കുകയും ചെയ്യുന്ന അത്തരം ഇടങ്ങളെ എന്തുകൊണ്ട് തീവ്രവലതുശക്തികൾ ഭയക്കുകയും എതിർക്കുകയും ചെയ്യുന്നു, എന്തുകൊണ്ട്​ അവിടെയെല്ലാം അധികാരത്തോടുള്ള ഭയം വളർത്തുന്നു എന്നതിനെ വിശദീകരിക്കാനാണ് ശ്രമിക്കുന്നത്​.

മുൻപ് സർവകലാശാലകളിലൂടെ സാധ്യമായിരുന്നു സംസ്‌ക്കാര സൃഷ്ടിയോ, പൗരത്വബോധത്തിന്റെ നിർമാണമോ സാധ്യമല്ലാത്ത പരിസരമാണ് ഇന്ന് തീവ്രവലതുപക്ഷത്തിന്റെ കീഴിലെ സർവകലാശാലകൾ.

ഇന്ത്യയിലെ പ്രധാന സർവകലാശാലകളെല്ലാം അതാത് കാലത്തെ മികച്ച യുവജനസമൂഹത്തെ, പല വീക്ഷണങ്ങളുള്ളവരെ കണ്ടുമുട്ടാൻ അവസരമുണ്ടാക്കുന്ന ഇടങ്ങളായിരുന്നു. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമെല്ലാം എത്തുന്ന ചെറുപ്പക്കാർ ഒരുമിച്ച് ജീവിക്കുമ്പോൾ ഒരു സ്വാഭാവിക പ്രക്രിയ എന്നോണം ആധുനിക ഇന്ത്യയുടെ സംസ്‌കാരം വളർന്നു വരുവാനുള്ള സാധ്യത ധാരാളമാണ്. വൈവിധ്യങ്ങളാൽ പ്രസിദ്ധമായ രാജ്യത്ത് ചിന്തിക്കുന്ന യുവാക്കളുടെ സംഗമസ്ഥലമായി സർവകലാശാലകൾ മാറുന്നു. വടക്കുകിഴക്കിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും, ഉത്തർപ്രദേശിൽ നിന്നുമെല്ലാം വരുന്ന വിദ്യാർത്ഥികൾ ഒരുമിച്ച് ജീവിക്കുമ്പോൾ ഭക്ഷണവും, സംഗീതവും, സിനിമകളുമെല്ലാം പങ്കുവെക്കപ്പെടുകയാണ്. ഈ പങ്കുവെക്കലിൽ പരസ്പരം ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മനസിലാക്കി യുവാക്കൾ ഇന്ത്യൻ പൗരന്മാരായി മാറുന്നു. രാജ്യത്തിന്റെ അഖണ്ഡത ആരും അവിടെ പുറത്തുനിന്ന് അടിച്ചേൽപ്പിക്കേണ്ട കാര്യമല്ല. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തന്നെ അവിടെ സഹിഷ്ണുത നിലനിൽക്കുന്നു. വൈവിധ്യങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ഒരു രാജ്യം യുവാക്കളിലൂടെ ഐക്യപ്പെടുന്നത്​ സ്വാഭാവികമായാണ്.

സിലബസുകളിൽനിന്ന്​ ഒഴിവാക്കപ്പെടുന്നവ

ജീവിക്കുന്ന ഭരണഘടന പോലെ തന്നെ രാജ്യത്തിന്റെ ജീവൻ നിലനിർത്തുന്ന സർവകലാശാലകൾ ഇന്ന് മുകളിൽ നിന്ന് നിർവചിക്കപ്പെട്ട ഒരു ചട്ടക്കൂടിലേക്ക് ചുരുക്കപ്പെടുകയാണ്. മുൻപ് സർവകലാശാലകളിലൂടെ സാധ്യമായിരുന്നു സംസ്‌ക്കാര സൃഷ്ടിയോ, പൗരത്വബോധത്തിന്റെ നിർമാണമോ സാധ്യമല്ലാത്ത പരിസരമാണ് ഇന്ന് തീവ്രവലതുപക്ഷത്തിന്റെ കീഴിലെ സർവകലാശാലകൾ. ഇന്നത്തെ ‘ഇന്ത്യൻ പൗരൻ' എന്ന അസ്തിത്വത്തിന് ഭാരമേറിയിരിക്കുന്നു, ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും ഒരുമിച്ച് നിലനിൽക്കുന്ന ‘ഇന്ത്യൻ പൗരൻ' എന്ന ബഹുമുഖ അസ്തിത്വം ഇന്ന് ഏകമുഖമാണ്. സർവകലാശാലകൾ ഇന്ന് ഏകമുഖമാണ്. ജനാധിപധ്യത്തിന്റെ വൈവിധ്യത്തിൽ നിന്നും ബഹുമുഖതയിൽ നിന്നും ഏകമുഖമായ ഒരു രാജ്യത്തിലേക്കുള്ള യാത്രയിൽ ഇല്ലാതാക്കപ്പെടുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ് വൈവിധ്യങ്ങൾ നിലനിർത്തുന്ന, സമൂഹത്തിലെ എല്ലാ ശബ്ദങ്ങൾക്കും സ്ഥാനം നൽകുന്ന സർവകലാശാലകൾ.

എല്ലാ കേന്ദ്ര സർവകലാശാലകളുടെയും പ്രവേശനപരീക്ഷകൾ ഒരുമിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി മുഖാന്തരം നടത്തുന്നത് വഴി​ ഒരേ സിലബസുകൾ പഠിപ്പിക്കുന്ന സ്‌ക്കൂളുകളാക്കി സർവകലാശാലകളെ മാറ്റിയെടുക്കാൻ ശ്രമം നടക്കുന്നു / Photo : Sumit Saraswat, Shutterstock ​

പ്രധാനമായും മൂന്നുകാരണങ്ങൾ കൊണ്ടാണ്​ സർവകലാശാലകൾ തീവ്ര വലതുപക്ഷത്തിന് ഭീഷണിയായി നിൽക്കുന്നത്:
1. സർവകലാശാലയുടെ വൈവിധ്യവും രാഷ്ട്രീയ നിലപാടുകളിലെ സ്വതന്ത്ര നിലപാടും.
2. മാനവിക വിഷയങ്ങൾക്ക് സർവകലാശാലകൾ കൊടുക്കുന്ന പ്രാധാന്യം.
3. മാനവിക വിഷയങ്ങളുടെ രാഷ്ട്രീയ പ്രയോഗത്തിനോടുള്ള ആർ.എസ് എസ് - ബി.ജെ.പി സഖ്യത്തിന്റെ ഭയം.
ഇന്ത്യയിലെ ഓരോ സർവകലാശാലയും വിദ്യാർത്ഥികളെ സ്വീകരിക്കുന്ന രീതിയിലെ വ്യത്യാസങ്ങൾ ശ്രദ്ധേയമായിരുന്നു. ചിലയിടത്ത് ​പ്രവേശനപരീക്ഷ നടത്തിയപ്പോൾ, പരീക്ഷാരീതിയിൽ ചില സർവകലാശാലകൾ വ്യത്യാസങ്ങൾ നിലനിർത്തി. ജെ.എൻ.യു ഇതിൽ പ്രധാനമാണ്. നാല് ഓപ്ഷനുകൾ നൽകി ഉത്തരം ക്ലിക്ക് ചെയ്തുവിടുന്ന ഇന്നത്തെ കമ്പ്യൂട്ടർ പരീക്ഷകളുടെ സ്ഥാനത്ത് 2014 വരെ എഴുത്തുപരീക്ഷയായിരുന്നു നിലവിലുണ്ടായിരുന്നത്. വിദ്യാർത്ഥിയുടെ ഭാഷയും, വിഷയത്തിലുള്ള താല്പര്യവും, വിമർശനബുദ്ധിയും, ഉത്തരങ്ങളുടെ അവതരണവുമെല്ലാം വ്യക്തമായി ഇത്തരം എഴുത്തുപരീക്ഷകളിൽ കണ്ടെത്താമായിരുന്നു. അങ്ങനെ പ്രവേശനം ലഭിച്ചിരുന്ന വിദ്യാർത്ഥികൾ മാനവിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രഗത്ഭരായി മാറും എന്നതിൽ തർക്കമില്ല. എന്നാൽ 2014-നുശേഷം പരീക്ഷാരീതി മാറി. മറ്റേതൊരു മത്സരപരീക്ഷയും പോലെ സർവകലാശാലാ പരീക്ഷകളെ മാറ്റിയെടുക്കുന്നതിൽ ഭരണകൂടം വലിയ ശ്രദ്ധ കാട്ടിത്തുടങ്ങി. എല്ലാ കേന്ദ്ര സർവകലാശാലകളുടെയും പ്രവേശനപരീക്ഷകൾ ഒരുമിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി മുഖാന്തരം നടത്തുന്നത്​ സർവകലാശാലകൾ ഇതുവരെ നിലനിർത്തിപ്പോന്നിരുന്ന വൈവിധ്യങ്ങളെയും, ഗുണമേന്മയെയും ഇല്ലാതാക്കുന്നു, അച്ചിൽ വാർത്തപോലെ ഒരേ സിലബസുകൾ പഠിപ്പിക്കുന്ന സ്‌ക്കൂളുകളായി അവയെ മാറ്റാൻ ശ്രമം നടക്കുന്നു. മത്സര പരീക്ഷയുടെ സ്വഭാവത്തെ ഏകമുഖമാക്കുന്നതിലൂടെ, പ്രവേശനം ലഭിക്കുന്ന കുട്ടികളിലെ വൈവിധ്യം ഇല്ലാതാക്കുകയാണ്​ ചെയ്യുന്നത്​. ഇതുവഴി, ഇന്ത്യയിലെ പല വിഭാഗങ്ങളുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് സർവകലാശാലകളിൽ ഇടം ലഭിക്കാതെ പോകുന്നു.

ഹിന്ദുത്വ അജണ്ട നടപ്പിലാക്കുമ്പോൾ അതിന്​ ബദൽ ഉയർത്താൻ കെല്പുള്ള പ്രധാന ശക്തികളിൽ ഒന്നാണ് ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥി - യുവജനസമൂഹം. അവർ വായിച്ചു വളരുന്ന സർവകലാശാലകൾ അതുകൊണ്ടുതന്നെ അധികാരകൾക്ക് എന്നും ഭീഷണിയാണ് / Photo : JNU Updates, fb page

ഹോസ്റ്റൽ ഫീസ് വർധനവും, ഭക്ഷണത്തിനും സമയത്തിനും മേലുള്ള നിയന്ത്രണവും വരെ ഇന്ന് സർവകലാശാലകളെ ഏകീകരിക്കുന്നു. സിലബസുകളിൽ നിന്ന്​ ഭരണകൂടവിരുദ്ധമെന്ന് തോന്നുന്ന ഭാഗങ്ങൾ ഒഴിവാക്കിയതിന് തെളിവുകൾ നിരവധിയാണ്. സാഹിത്യവും ചരിത്രവുമാണ് ഇതുവരെ ഏറ്റവുമധികം ഭാഗങ്ങൾ ഒഴിവാക്കപ്പെട്ട വിഷയങ്ങൾ. സർവകലാശാലാ സിലബസിൽ നിന്നു മാത്രമല്ല സി.ബി.എസ്.സി ബോർഡും അടുത്തിടെ രാഷ്ട്രമീമാംസ, ചരിത്രം എന്നീ വിഷയങ്ങളുടെ സിലബസുകളിൽ നിന്ന്​ ചേരി-ചേരാനയവും, ശീതയുദ്ധവും, ആഫ്രോ - ഏഷ്യൻ നാടുകളിലെ ഇസ്​ലാമിക്​ സാമ്രാജ്യങ്ങളെക്കുറിച്ചുള്ള ഭാഗങ്ങളും, മുഗൾ രാജ്യഭരണ വ്യവഹാരങ്ങളും, വ്യാവസായിക വിപ്ലവവും ഒഴിവാക്കിയത് ശ്രദ്ധേയമാണ്. ചരിത്ര ബിരുദ കോഴ്‌സുകൾക്കായി യു.ജി.സി നിർദേശിച്ച സിലബസുകളിലും സമാന മാറ്റങ്ങൾ കാണാം. പ്രാചീന ഇന്ത്യൻ മിത്തുകൾക്കും, ഹിന്ദു മതഗ്രന്ഥങ്ങൾക്കും വിപുലമായ പ്രാധാന്യം കൊടുക്കുന്ന സിലബസിൽ നിന്ന്​ പ്രഗത്ഭ ചരിത്രകാരന്മാരായ ആർ.എസ്. ശർമയുടെയും, ഇർഫാൻ ഹബീബിന്റേയും പുസ്തകങ്ങൾ ഒഴിവാക്കിയിരിക്കുന്നു. പ്രാചീന ഇന്ത്യയെ കുറിച്ചുള്ള ഭാഗങ്ങളിൽ പലതവണ മഹത്തായ (Glorious) എന്ന വാക്ക് ആവർത്തിക്കുമ്പോൾ, വസ്തുതാപരമായി നടത്തുന്ന ചരിത്രപഠനങ്ങളെക്കാൾ ഇനി ഇന്ത്യൻ വിദ്യാർത്ഥികൾ വികാരത്തിന് പ്രാമുഖ്യം കൊടുക്കുന്ന ഫാസിസ്റ്റിക് ചരിത്രമാകും പഠിക്കുക എന്നതിൽ സംശയമില്ല.

ആർ.എസ്. ശർമ, ഇർഫാൻ ഹബീബ്

വിദേശ എക്​സ്​ചേഞ്ചുകൾക്കുപുറകിൽ

ഇന്ത്യൻ മധ്യകാലഘട്ടം പൂർണമായും ‘മുസ്​ലിംകളുടെ അധിനിവേശകാലമായി' കാണുന്ന സിലബസ് പക്ഷെ ബ്രിട്ടീഷ് ഭരണകാലം അധിനിവേശമായല്ല, മറിച്ച് ‘അധികാര വികാസ’മായാണ് ചേർത്തിരിക്കുന്നത്. ദലിത്- അടിമക്കച്ചവട ചരിത്രവും, ഇരുപതാം നൂറ്റാണ്ടിലെ വർഗീയതയുടെ ചരിത്രവും പൂർണമായി ഒഴിവാക്കപ്പെടുമ്പോൾ 1857 -ലെ ശിപായി ലഹള അതിനുമുൻപ് നടന്ന എല്ലാ ബ്രിട്ടീഷ് വിരുദ്ധ പ്രതിരോധങ്ങളും തമസ്​കരിച്ച്​, വി.ഡി. സവർക്കറുടെ ഭാഷയിൽ ‘ഒന്നാം സ്വാതന്ത്ര്യ സമര’മായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ ആശയപരമായി ചരിത്രപഠനത്തെയും രാഷ്ട്രീയ വിദ്യാഭ്യാസത്തെയും പൂർണമായി കാവിവൽക്കരിക്കുന്ന നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന്​ സംഭവിക്കുന്നു.

ഇന്ത്യൻ സർവകലാശാലകൾ പാകിസ്ഥാനിൽ നിന്ന്​ നേടുന്ന ബിരുദങ്ങളെ അംഗീകരിക്കാത്തവയായി മാറുന്നു, അതേസമയം, വിദേശ സർവകലാശാലകളുമായി എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ നടത്തുന്നു. തീവ്ര വലതുപക്ഷ രാജ്യങ്ങളുമായി തുടർന്നുപോയേക്കാവുന്ന ബന്ധങ്ങൾക്ക് ഭരണകൂടം ഇതിലൂടെ സാധ്യതകൾ തുറക്കുകയാണ്​ ചെയ്യുന്നത്​. കാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയം റദ്ദാക്കണം എന്നുവാദിക്കുന്ന അതേ ഹിന്ദുത്വശക്തികൾ ഭരണകൂടത്തിലൂടെ, വിദ്യാഭ്യാസ​ത്തെ ചില രാജ്യങ്ങളോടുള്ള വെറുപ്പിനും മറ്റു ചില രാജ്യങ്ങളോടുള്ള സൗഹൃദത്തിനും ഉപാധിയാക്കുന്നതിനെ നിഷ്‌കളങ്കമായി കാണാനാകില്ല.

വിദ്യാഭ്യാസവും ഇന്ന് രാഷ്ട്രീയായുധം മാത്രമാണ്. മൂന്നു വർഷ ബിരുദ കോഴ്‌സുകൾ, ക്രെഡിറ്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ മാർക്ക് നിശ്ചയിക്കുന്ന ചട്ടക്കൂട്ടിലേക്ക് മാറ്റുന്നതുവഴി നാളിതുവരെ അധ്യാപകരാൽ നിശ്ചയിക്കപ്പെട്ടിരുന്ന കോഴ്‌സ് ഘടനാക്രമം, വിദ്യാർത്ഥിയുടെ താല്പര്യത്തിനനുസരിച്ച് മാറ്റാവുന്ന രീതിയിലായിരിക്കുന്നു. പുറമെ നിന്ന് നോക്കുമ്പോൾ പുരോഗമനപരമായ നടപടിയായി ഈ മാറ്റത്തെ കാണാമെങ്കിലും, ക്രമത്തിൽ പഠിച്ചുപോകുന്ന, വിഷയം കൂടുതൽ വ്യക്തതയിലും ആഴത്തിലും വിദഗ്ദ്ധ അധ്യാപകരുടെ കീഴിൽ ക്രമമായി പഠിക്കുവാനുള്ള അവസരം നഷ്​ടപ്പെടുകയാണ്​ ചെയ്യുന്നത്​. ഒരു സർവകലാശാലയിൽ പഠനം തുടങ്ങി പാതി വഴിയിൽ നിർത്തി പിന്നീട് എപ്പോൾ വേണെമെങ്കിലും പഠനം ആരംഭിക്കാവുന്ന അവസ്ഥയും, പല സർവകലാശാലകളിൽ നിന്ന്​ ഒരേ ബിരുദം നേടാം എന്നുമൊക്കെയുള്ള ആശയങ്ങൾ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വരുന്നതാണ്​. വിദ്യാഭ്യാസത്തെ പൂർണമായും ഒരു ടൂറിസ്റ്റ് മേഖലയെന്നോണമാണ്​ സമീപിക്കുന്നത്​. വിദേശ സർവകലാശാലകളുമായി ചേർന്ന് എക്‌സ്‌ചേഞ്ച് കോഴ്സുകൾ തുടങ്ങുവാനുള്ള അനുമതിയുടെ വലിയ പങ്കും നേടുവാൻ പോകുന്നത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സയൻസും ടെക്‌നോളജിയും കച്ചവടം ചെയ്യുന്ന സ്വകാര്യ- സ്വാശ്രയ - കോർപറേറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയങ്ങോട്ട് മാനവിക വിഷയങ്ങളും പഠിപ്പിക്കും എന്ന അപകടത്തിലാണ് നാം ഇന്നെത്തിനിൽക്കുന്നത്.

ജെ.എൻ.യുവിലേതടക്കമുള്ള പ്രവേശന പരീക്ഷകളുടെ മാറ്റത്തിലൂടെ, മാനവികവിഷയങ്ങളുടെ പ്രവേശനപരീക്ഷ കേവലം വസ്തുതകളുടെയോ, തീയതികളുടെയോ ഓർമ പരീക്ഷിക്കുന്നവയായി മാറുകയാണ്.

എന്തുകൊണ്ട്​ ഹ്യുമാനിറ്റീസ്​?

എന്തുകൊണ്ട് മാനവിക വിഷയങ്ങൾ ലക്ഷ്യം വെക്കപ്പെടുന്നു?. ഇന്ത്യയുടെ ആധുനിക മുഖം നിർമിക്കുന്നതിൽ വലിയ പങ്ക് വഹിച്ച ജ്ഞാനരൂപങ്ങളാണ് മാനവിക വിഷയങ്ങൾ അഥവാ ഹ്യുമാനിറ്റീസ്. വ്യക്തിതലത്തിൽ സൈക്കോളജി മുതൽ സമൂഹത്തെ മുഴുവനായി പഠിക്കുന്ന, വിമർശിക്കുന്ന, മുന്നോട്ടുനയിക്കുന്ന സാമൂഹിക ശാസ്ത്രങ്ങൾ വരെ ഉൾപ്പെടുന്ന ജ്ഞാനസഞ്ചയം ഇന്ത്യൻ രാഷ്ട്രത്തിന്റെ നിർമാതാക്കൾക്ക് മൂല്യബോധത്തിന്റെയും ആധുനികചിന്തയുടെയും അടിത്തറ നൽകി എന്നത് സംശയമില്ലാത്ത കാര്യമാണ്. നെഹ്രുവിനെ ചരിത്രവും, അംബേദ്കറെ സാമ്പത്തികശാസ്ത്രവും, നിയമവും, ടാഗോറിനെ സാഹിത്യവും, തത്വചിന്തയും, കലയും എന്നിങ്ങനെ മാനവികവിഷയങ്ങൾ രൂപപ്പെടുത്തിയ വ്യക്തികൾ ആധുനിക ഇന്ത്യയിൽ നടത്തിയ ഇടപെടലുകൾ നിർണായകമായിരുന്നു. എന്നാൽ ഇന്ന് അത്തരം വിഷയങ്ങൾ ഭരണകൂടത്തിന്റെ ചൂഷണത്തിനും, സമൂഹത്തിന്റെ അവഗണനയ്ക്കും പാത്രമാണ്. ഇന്ന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നയപരവും, ഘടനാപരവുമായ വിദ്യാഭ്യാസ മാറ്റങ്ങൾ ലക്ഷ്യം വെക്കുന്നത് മാനവിക വിഷയങ്ങളിൽ വെള്ളം ചേർക്കുന്നതിലാണ്. വിമർശനസാധ്യതയില്ലാത്ത, ചോദ്യങ്ങൾ നേരിടാൻ കഴിയാത്ത, ഉത്തരങ്ങൾ മാത്രം നിർമ്മിക്കുന്ന ബിരുദകോഴ്‌സുകളായി മാറുകയാണ് മാനവിക വിഷയങ്ങൾ. ജെ.എൻ.യുവിലേതടക്കമുള്ള പ്രവേശന പരീക്ഷകളുടെ മാറ്റത്തിലൂടെ, മാനവികവിഷയങ്ങളുടെ പ്രവേശനപരീക്ഷ കേവലം വസ്തുതകളുടെയോ, തീയതികളുടെയോ ഓർമ പരീക്ഷിക്കുന്നവയായി മാറുകയാണ്. ഇനിയങ്ങോട്ട് കോഴ്‌സ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ചിന്തിക്കുന്നതിലും, വിമർശിക്കുന്നതിലും പിന്നാക്കം നിൽക്കും.

ചോദ്യങ്ങൾ പതിയെ തെരുവുകളിൽ സമരങ്ങളായി പരിവർത്തിക്കപ്പെടുമ്പോഴാണ് വിദ്യാർഥികൾ അറസ്റ്റ് ചെയ്യപ്പെടുകയും, രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യുന്നത് / Photo : SFI Delhi University, fb page

നിലനിൽക്കുന്ന അധികാരവ്യവസ്ഥയെ മനസിലാക്കുന്നതും, വിശദീകരിക്കുന്നതും, തുടർന്ന് അവയെ മാറ്റിത്തീർക്കുന്ന ചിന്തകളിലേക്കും സംവാദങ്ങളിലേക്കും നയിക്കുന്നതും ആയ എല്ലാ വിഷയങ്ങളെയും ഭയത്തോടെയാണ് ഭരണകൂടവും അധീശവർഗ്ഗവും നോക്കികാണുന്നത്. മാനവിക വിഷയങ്ങൾ അത്തരം പല വിഷയങ്ങളുടെയും ആകെത്തുകയാണ്. മനുഷ്യന് തന്നെക്കുറിച്ചും, ചുറ്റുപാടിനെക്കുറിച്ചും മനസിലാക്കുവാൻ സഹായിക്കുന്ന അനേകം പഠനമേഖലകളുടെതാണ് (തത്വചിന്തയും മനഃശാസ്ത്രവും മുതൽ സാമൂഹിക ശാസ്ത്രം വരെ) ഈ സഞ്ചയം. മനുഷ്യൻ സ്വയവും സമൂഹത്തെക്കുറിച്ചും നടത്തുന്ന വിമർശനങ്ങൾ മറയില്ലാതെ നിഴലിക്കുന്ന മേഖലയാണിത്​. ഭരണകൂടം, മതം, കുടുംബം എന്നീ സ്ഥാപനവൽക്കരിക്കപ്പെട്ട പല അധികാരരൂപങ്ങളെയും പ്രശ്‌നവൽക്കരിക്കുന്നു എന്നതുകൊണ്ടും മാനവിക വിഷയങ്ങൾ ജനാധിപത്യത്തിന് പ്രധാനമാണ്. ഈ പ്രാധാന്യം ഇല്ലാതാക്കുന്ന നടപടികൾ ഇന്ന് ശക്തമായി മുന്നോട്ട് പോകുന്നു. മാനവിക വിഷയങ്ങളിൽ സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വ്യക്തികൾ ഉയർന്നുവന്നാൽ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളൂം സർവകലാശാലകളിൽ മുഴങ്ങിക്കേൾക്കും എന്നത് തീവ്രവലതുപക്ഷ ശക്തികൾക്ക് എന്നും ഭീഷണിയാണ്.

വിമർശനാത്മക വിഷയങ്ങൾ അടിത്തറ പാകിയ സർവകലാശാലകൾ നിർമിക്കുന്ന സ്വതന്ത്ര ഇടവും ഇന്ന് ഭരണകൂടം സൃഷ്ടിക്കുന്ന ഭീതിയുടെ നിഴലിലാണ് / Photo : Photo : JNU Updates, fb page

സാമൂഹിക ശാസ്ത്രം പഠിക്കുന്ന സ്ത്രീകളും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളും ജൻഡർ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം ഉയർത്തും. രാഷ്ട്രീയമോ ചരിത്രമോ പഠിക്കുന്ന ദലിത് - ആദിവാസി വിദ്യാർത്ഥികൾ തങ്ങളുടെ സമുദായത്തിന്റെ ചരിത്രം എവിടെയെന്ന് അധ്യാപകരോടും ഭരണകൂടത്തോടും ചോദിക്കും. ഇത്തരം ചോദ്യങ്ങൾ പതിയെ തെരുവുകളിൽ സമരങ്ങളായി പരിവർത്തിക്കപ്പെടുമ്പോഴാണ് വിദ്യാർഥികൾ അറസ്റ്റ് ചെയ്യപ്പെടുകയും, രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യുന്നത്. ചരിത്രമടക്കമുള്ള വിഷയങ്ങൾ മുൻപും ഭരണകൂട നിർമിതിക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അത്തരം ഉപയോഗങ്ങളെയെല്ലാം വിമർശനാത്മകമായി പഠിക്കുന്ന തലത്തിലേക്ക് ലോകമാകെയുള്ള മാനവിക വിഷയത്തിന്റെ വിദ്യാർത്ഥികൾ വളരുമ്പോൾ, ഇന്ത്യയിൽ ഇന്നും മാനവിക വിദ്യാർത്ഥികൾ തങ്ങളുടെ വിഷയം ആത്മാർത്ഥമായി പഠിക്കുകയും അത് ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്തു എന്നതിന്റെ പേരിൽ ഭരണകൂടഭീകരതയാണ് നേരിടുന്നത്. മാനവിക വിഷയങ്ങളും, അത്തരം വിമർശനാത്മക വിഷയങ്ങൾ അടിത്തറ പാകിയ സർവകലാശാലകൾ നിർമിക്കുന്ന സ്വതന്ത്ര ഇടവും ഇന്ന് ഭരണകൂടം സൃഷ്ടിക്കുന്ന ഭീതിയുടെ നിഴലിലാണ്.

ഉമർ ഖാലിദും മനു എസ്​. പിള്ളയും

ഒരുവശത്ത്, നയപരമായും ഘടനാപരമായും മുകളിൽ നിന്ന് താഴേക്കാണ്​ ഈ ആക്രമണം നടക്കുന്നത്​. അതായത്​, റിസർച്ച് ഗ്രാന്റുകൾ വെട്ടിച്ചുരുക്കിയും മറ്റും ഭരണകൂടം സർവകലാശാലകളെയും മാനവിക വിദ്യാർത്ഥികളെയും വരുതിയിലാക്കാൻ ശ്രമിക്കുമ്പോൾ ഇതേ പദ്ധതി മറ്റൊരു വശത്ത് സാംസ്‌കാരികമായി നടക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. മാനവിക വിഷയങ്ങൾ ഇന്ന് ഇന്ത്യൻ സമൂഹത്തിൽ രണ്ടു തരത്തിൽ നിലനിൽക്കുന്നു:
ഒന്ന്​, അക്കാദമിക് രചനകളായി. രണ്ട്​; ജനപ്രിയ രചനകളായി.
അക്കാദമിക്ക് രചനകൾക്കും, ഗവേഷണ രീതികൾക്കും അതിനെ തുടർന്നുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകൾക്കും നേരിടേണ്ടിവരുന്ന ഭീഷണി ജനപ്രിയ രചനകളെ അപേക്ഷിച്ച് വളരെ വലുതാണ്.

ഉമർ ഖാലിദ്, മനു എസ്. പിള്ള

ഭരണകൂടം അധികാരം ഉപയോഗിച്ച് സ്വതന്ത്ര ചിന്തകളെയും വിമർശനബുദ്ധികളെയും നിയന്ത്രിക്കുന്നു. മറുവശത്ത്​, മാനവികവിഷയങ്ങളെ കുറിച്ചുള്ള ജനപ്രിയ രചനകൾ പുസ്തകശാലകൾ കയ്യടക്കുന്നു. അതിലൂടെ, മാനവിക വിഷയങ്ങളുടെ രചനയിൽ പല്ലും നഖവുമില്ലത്ത ഒരു ആഖ്യാനം സൃഷ്ടിക്കപ്പെടുന്നു. ഈ സ്ഥിതി വിശദീകരിക്കാൻ കഴിയുന്ന ഉദാഹരണങ്ങളാണ് ചരിത്രകാരൻ ഉമർ ഖാലിദും, എഴുത്തുകാരൻ മനു.എസ്.പിള്ളയും തമ്മിലുള്ള താരതമ്യം. ഉമർ ഖാലിദ് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ കിറോറി മാൽ കോളേജിൽ നിന്ന്​ ചരിത്രത്തിൽ ബിരുദവും, ജെ.എൻ.യുവിൽ നിന്ന്​ ബിരുദാനന്തര ബിരുദവും കഴിഞ്ഞ ചരിത്രകാരനാണ്. എന്നാൽ, മനു എസ്. പിള്ളയാകട്ടെ ചരിത്രമല്ല മറിച്ച് പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന്​ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, ലണ്ടനിലെ കിങ്സ് കോളേജിൽ നിന്ന്​ ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തരബിരുദവും നേടിയ വ്യക്തിയാണ്. എന്നാൽ, ഇന്ന് പൊതുസമൂഹം ‘ചരിത്രകാരൻ' എന്ന പദവി അലങ്കരിച്ച് നൽകുക മനുവിനാകും. ആർക്കും ദോഷകരമല്ലാത്ത, പല്ലും നഖവുമില്ലാത്ത, എന്നാൽ എരിവും പുളിയും നിറഞ്ഞ ആഖ്യാനത്തിലേക്കുമാത്രം ചരിത്രത്തെ ചുരുക്കുമ്പോൾ അവിടെ വിശകലനത്തിനോ, ചരിത്ര സങ്കീർണതകളുടെ മനസിലാക്കലുകൾക്കോ, വിമർശനത്തിനോ ഇടമില്ല. എന്നാൽ ഉമർ ഖാലിദിന്റെ പി.എച്ച്​.ഡി തീസിസ് ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങളുടെ ചരിത്രനിർമിതിയെ കുറിച്ചുള്ള കൊളോണിയൽ വ്യവഹാരങ്ങളുടെ ചർച്ചയായിരുന്നു. ചരിത്രാഖ്യാനത്തിൽ തന്നെ അഴിച്ചുപണിക്കൾക്ക് തുടക്കം കുറിക്കുന്ന, ഇന്നും ചരിത്രകാരന്മാർ ആശ്രയിക്കുന്ന ഭരണകൂട ആർക്കൈവുകളെ ജാഗ്രതയോടെ കാണുന്ന ഉമർ ഖാലിദിന്റെ ചരിത്രപഠനത്തിലേക്കുള്ള സംഭാവന പൊതുസമൂഹത്തിനും മുഖ്യധാര മാധ്യമങ്ങൾക്കും ചരിത്രമല്ല. ചരിത്രം പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇന്ന് ദൗർഭാഗ്യമെന്നോണം ആദ്യം തേടിയെടുക്കുക മനു എസ്. പിള്ളയുടെ പുസ്തകങ്ങളാണ്. ചരിത്രത്തെ വിശകലനത്തിൽ നിന്നും, വിമർശനത്തിൽ നിന്നും മോചിപ്പിച്ചു കൊണ്ടുള്ള ആഖ്യാനം കഥപറച്ചിലിനുതകുമെന്നുമാത്രമല്ല, തീവ്രവലതുപക്ഷ ശക്തികൾക്ക് ചരിത്രത്തെ ഏതു വിധേനെയും വളച്ചൊടിക്കാനുള്ള മൗനസമ്മതവും നൽകുന്നു. ഇതിൽ രസകരമായ വസ്തുത, മനു എസ്.പിള്ള ഒരിക്കലും സ്വയം ഒരു ചരിത്രകാരനോ, സാമൂഹികശാസ്ത്രജ്ഞനോ ആണെന്ന് പറയാറില്ല എന്നതാണ്. എന്നിരുന്നാലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും, പബ്ലിഷിങ് കമ്പനികളും അത്തരം എഴുത്തുകാരെ ചരിത്രകാരൻ എന്നുതന്നെ പേരിട്ടുവിളിക്കുന്നു. അവരുടെ പുസ്തകങ്ങളുടെ പ്രളയത്തിൽ വിശകലന സാധ്യതകൾ തുറന്നിടുന്നതും, അധികാരത്തെ ചോദ്യം ചെയ്യുന്നതുമായ കൃതികൾ മുങ്ങിപ്പോകുന്നു.
നിയോ-ലിബറൽ ഫാസിസത്തിന് സാംസ്‌കാരികമായി തന്നെ ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയും എന്നതിന് ഇതിലും നല്ല ഉദാഹരണം ലഭിക്കില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

Comments