അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ, ദേശീയ രാഷ്ട്രീയത്തിന് ത്രിപുര ഒരു മാതൃക കാണിച്ചുതരികയാണ്.
ബി.ജെ.പിയെ തോൽപ്പിക്കാൻ സി.പി.എം, കോൺഗ്രസുമായി ഒരു തെരഞ്ഞെടുപ്പ് ധാരണക്ക് ഒരുങ്ങുകയാണ്. അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിലേക്കുവരെ നീളാവുന്ന ധാരണയാണിത് എന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി കഴിഞ്ഞു. അതായത്, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നക്കം കടന്നാൽ, യു.പി.എ പോലൊരു മുന്നണിയെക്കുറിച്ചാണ് യെച്ചൂരി സൂചന നൽകുന്നത്.
ദേശീയ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ സി.പി.എം പങ്കാളിത്തം, കണക്കിന്റെ കാര്യത്തിൽ തീരെ ദുർബലമാണെങ്കിലും, നിലപാടിന്റെ കാര്യത്തിൽ സ്വാധീനം ചെലുത്തുന്ന ഒന്നായിരിക്കും. ബി.ജെ.പിക്കെതിരെ ഇന്ന് രാജ്യത്ത് അവശേഷിക്കുന്ന ഏക സാധ്യതയെക്കുറിച്ചാണ് യച്ചൂരി സംസാരിക്കുന്നത് എന്നതിനാൽ, അത് ഏറെ പ്രധാനവുമാണ്.
2018ൽ ത്രിപുരയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം 44 സീറ്റ് നേടിയാണ്, കാൽനൂറ്റാണ്ടിന്റെ സി.പി.എം ഭരണക്കുത്തക അവസാനിപ്പിച്ചത്. ഇന്ത്യൻ ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറ്റവും സവിശേഷമായ ഒരു പ്രതിനിധാനമായിരുന്നു ത്രിപുര സർക്കാർ. കാരണം, ഭാഷയുടെയും വംശത്തിന്റെയും പ്രാദേശികതയുടെയും ഗോത്രാഭിമുഖ്യങ്ങളുടെയുമെല്ലാം പലതരം താൽപര്യങ്ങളാൽ നയിക്കപ്പെടുന്ന ഒരു ജനതയുടെ റപ്രസന്റേഷൻ കൂടിയായിരുന്നുവല്ലോ അത്. അതിന്റെ തുടർച്ച എന്നത്, ഇന്ത്യൻ ഇടതുപക്ഷത്തിന്റെ കൂടി വളർച്ചയുടെ അടയാളമായി മാറേണ്ടതായിരുന്നു. അതിനുപകരം, അധികാര രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോഴെല്ലാം ഇടതുപക്ഷത്തിന് സംഭവിക്കുന്ന ഐഡിയോളജിക്കൽ കൂടിയായ ആശയക്കുഴപ്പവും മറ്റും ഭരണകൂടത്തെ ജനങ്ങളിൽനിന്ന് അകറ്റി. ആ ഇടത്തിലേക്കാണ്, ആദിവാസി- എത്‌നിക് വിഭാഗങ്ങളെ ചേർത്തുപിടിക്കുന്നുവെന്ന വ്യാജേന സംഘ്പരിവാറും ബി.ജെ.പിയും കടന്നുകയറിയത്.
വെറും ഒരു ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി ത്രിപുരയിൽ ഭരിച്ചുവരുന്നത്. അതുകൊണ്ടുതന്നെ, കോൺഗ്രസും ഗോത്ര മേഖലയിൽ സ്വാധീനമുള്ള ടിപ്ര മോത്ത പാർട്ടിയുമായുള്ള ഒരു ധാരണ, ബി.ജെ.പിയെ തോൽപ്പിക്കാൻ പര്യാപ്തമായ ഒന്നാണ്.
എന്നാൽ, ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളല്ല ഈ ധാരണയെ വേറിട്ടതാകുന്നത്, മറിച്ച്, ദേശീയ രാഷ്ട്രീയത്തിൽ അനിവാര്യമായും സംഭവിക്കേണ്ട ഒരു കൂട്ടുകെട്ട് എന്ന നിലയ്ക്കാണ്.
രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും, അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പും. ഉത്തരേന്ത്യയിലെ 200 ഓളം ലോക്‌സഭാ സീറ്റുകളിൽ കോൺഗ്രസും ബി.ജെ.പിയും നേർക്കുനേരാണ് മത്സരം. അതുകൊണ്ട്, കോൺഗ്രസിതര പ്രതിപക്ഷം എന്നത് അസംഭാവ്യമാണ്. ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധവോട്ടുകൾ ഭൂരിപക്ഷമാണ് എന്നും ഓർക്കുക. ആ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ, കോൺഗ്രസിന് ലഭിക്കുന്ന വോട്ടുകൾക്കൊപ്പം, കോൺഗ്രസിനെ കൂടി ഉൾക്കൊള്ളുന്ന രാഷ്ട്രീയ ധാരണകൾക്കും ഏറെ പ്രാധാന്യമുണ്ട്.
കോൺഗ്രസാകട്ടെ, പലതരം പ്രതിനിധാനങ്ങളുടെ രാഷ്ട്രീയചേരികളെ ഉൾക്കൊള്ളാനുള്ള പ്ലാറ്റ്‌ഫോമായി വികസിക്കുന്നതിന്റെ ലക്ഷണം ഇപ്പോൾ പ്രകടമാക്കുന്നുമുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഒരു പൊളിറ്റിക്കൽ റിസൾട്ട് ഉണ്ടാകുമെങ്കിൽ, അത് ഈയൊരു ഫെഡറൽ പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമിലേക്കുള്ള വികാസമായിരിക്കും. അതിലെ ഒരു പ്രധാന ഘടകകക്ഷിയാകേണ്ടത്, തീർച്ചയായും സി.പി.എം ആണ്.
എന്നാൽ, സി.പി.എമ്മിനെ സംബന്ധിച്ച് കോൺഗ്രസ് ധാരണ എന്നത് ഒരു കീറാമുട്ടിയാണ്. അത് ആശയപരം എന്നതിനേക്കാൾ, കേരളത്തിലെ മുന്നണി സമവാക്യവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം കൂടിയാണ്. ബി.ജെ.പി വിരുദ്ധ സെക്യുലർ വോട്ടുകൾ സമാഹരിക്കുന്നതിൽ സി.പി.എമ്മിന് ഇപ്പോഴും വ്യക്തമായ ധാരണയില്ല. ബി.ജെ.പിക്കെതിരായ ഒരു വിശാല മതേതര- ജനാധിപത്യ ചേരിയെക്കുറിച്ച് പറയുമ്പോഴും സി.പി.എമ്മിന്റെ ദേശീയ നേതൃത്വത്തെ ഈ കേരളപ്പേടി ഭരിക്കുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ സാധ്യമാണ് എങ്കിൽ, സി.പി.എമ്മിന് തിരിച്ചുവരാൻ സാധ്യതയുള്ള ത്രിപുര അതിനൊരു മോഡലായി മാറുന്നുവെങ്കിൽ, സി.പി.എമ്മിനെ സംബന്ധിച്ച് കേരളമല്ല, ത്രിപുര തന്നെയാണ് ദേശീയ രാഷ്ട്രീയത്തിലെയും മോഡൽ ആകേണ്ടത്. തെരഞ്ഞെടുപ്പുകൾക്കുശേഷമുള്ള ധാരണകൾക്കുപകരം, തെരഞ്ഞെടുപ്പിലൂടെ തന്നെ ജനങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ധാരണയാണ് രൂപപ്പെടേണ്ടത്. അത്, ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ സഖ്യം കൂടിയായിരിക്കും.
ഫെഡറലിസത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ സഖ്യങ്ങൾക്കാണ് ഭാവി ഇന്ത്യയെ കൃത്യമായി പ്രതിനിധീകരിക്കാനാകുക. അതുകൊണ്ടുതന്നെയാണ് തമിഴ്‌നാടിനും കേരളത്തിനുമൊക്കെ വേണ്ടിയുള്ള പ്രത്യേക പ്ലാനുകൾ ബി.ജെ.പിക്ക് വേണ്ടിവരുന്നത്. തമിഴ്‌നാട് എന്ന വാക്കിന്റെ ഐഡന്റിറ്റിയെ പോലും ആക്രമിക്കും വിധം അത് പ്രകടമായിക്കൊണ്ടിരിക്കുന്നു. ഈയൊരു ആക്രമണത്തെ നേരിടാനുള്ള ഫെഡറൽ പൊളിറ്റിക്‌സ് രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷത്തിന് പ്രധാന റോളുണ്ട്. അതിലേക്കുള്ള ഒരു പ്രധാന കാൽവെപ്പാകട്ടെ, ത്രിപുര സാധ്യമാക്കിയ മോഡൽ.