മാധ്യമങ്ങൾ ഇന്ന് കൊണ്ടാടുന്ന ഇന്ത്യൻ റിപ്പബ്ലിക്ക് അതിലെ പൗരന്മാരെ സംബന്ധിച്ച് എത്രത്തോളം വസ്തുനിഷ്ഠമാണ്?
74 വർഷം കഴിഞ്ഞിട്ടും അത് ഒരു ഭാവനയായി അവശേഷിക്കുകയാണോ?
തീർച്ചയായും അല്ല എന്നുതന്നെയാണ് ഉത്തരം. 141 കോടി മനുഷ്യർക്ക് അതിജീവനത്തിനുള്ള ഏറ്റവുമൊടുവിലത്തെ പിടിവള്ളിയാണ് നമ്മുടെ റിപ്പബ്ലിക്കും അതിന്റെ ഭരണഘടനയും. അതിന്റെ ഏതെങ്കിലുമൊരു അരികിൽപിടിച്ചാണ് ഇപ്പോഴും ഈ മനുഷ്യരുടെ നിലനിൽപ്പ്. അരികുകളിലെ ഈ മനുഷ്യരാണ് ഇന്ത്യൻ റിപ്പബ്ലിക്കിനെ സചേതനമാക്കുന്നത്. ചരിത്രപരമായി ഈ മനുഷ്യർ നേരിട്ട അനീതികളെ ധീരമായി അഭിമുഖീകരിക്കാനും പ്രാതിനിധ്യം ഒരു അവകാശമായിത്തന്നെ പ്രഖ്യാപിക്കാനും ഇടം നൽകിയ ഒരു ലിവിങ് ഡോക്യുമെന്റായി ഇപ്പോഴും ഭരണഘടന നമുക്കുമുന്നിലുണ്ട്. പലതരം മനുഷ്യർക്ക് അവരുടെ ഐഡന്റിറ്റികളെല്ലാം അവകാശമായി തന്നെ അനുഭവിക്കാനുള്ള ഒരു സാധ്യത, വളരെ പ്രധാനപ്പെട്ടതുമാണ്.
ഭരണഘടന ഉറപ്പുനൽകുന്ന രാഷ്ട്രീയ ജനാധിപത്യത്തിന്, സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യത്തിന്റെ അഭാവത്തിൽ നിലനിൽപ്പുണ്ടാകില്ല എന്ന ഡോ. ബി.ആർ. അംബേദ്കറുടെ മുന്നറിയിപ്പ് ഓർക്കേണ്ട ദിവസമാണിത്. നാലിൽ രണ്ടേമുക്കാൽ ബ്രാഹ്മണരും അഞ്ചു ധനികരും അവരുടെ സേവകരുമാണോ ഈ രാജ്യത്തെ പ്രതിനിധീകരിക്കേണ്ടത് എന്ന പെരിയോറുടെ ചോദ്യവും പ്രസക്തമായിത്തീരുന്ന ദിവസമാണിത്.
ഭരണഘടനയുടെ പ്രയോഗത്തെ മുൻനിർത്തി പ്രകടിപ്പിക്കപ്പെട്ട ഇത്തരം വലിയ ആശങ്കകൾ ഇന്ന് യാഥാർഥ്യങ്ങളായി മാറിയിരിക്കുന്നു.
ഭരണഘടനക്കുനേരെയുള്ള ആക്രമണങ്ങളാണ് അതിൽ ഏറ്റവും ഗുരുതരം. 74 വർഷത്തിനിടെയുണ്ടായ നൂറിലേറെ ഭേദഗതികളിൽ പലതും ഭരണഘടനയുടെ അന്തഃസ്സത്ത അട്ടിമറിക്കുന്നതായിരുന്നു. മുന്നാക്ക സംവരണം നിയമമാക്കിയ 103-ാം ഭേദഗതി ഏറ്റവുമൊടുവിലെ ഉദാഹരണം.
മൗലികാവകാശങ്ങളുടെ നിഷേധം വ്യാപകമായി വരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം നിഷേധിക്കപ്പെട്ട സന്ദർഭത്തിലാണ് ഈ റിപ്പബ്ലിക് ദിനം. ഗുജറാത്ത് വംശഹത്യയെക്കുറിച്ച്, അതിന്റെ സംഘാടകരായ സംഘ്പരിവാറിന്റെ ഭാഷ്യം മാത്രം ജനം കേട്ടാൽ മതിയെന്ന് ഭരണകൂടം കൽപ്പിക്കുന്നു. ദൃക്‌സാക്ഷികളും ഇരകളും ജീവിച്ചിരിക്കുന്ന, ഹീനമായ ഒരു ചരിത്രസന്ദർഭത്തിന്റെ ഓർമ, അടയാത്ത അധ്യായമായി മുന്നിലെത്തുമ്പോൾ, ആ അനിഷേധ്യമായ വസ്തുതകളെ, പരിഹാസ്യമായ രീതിയിൽ വിലക്കുന്നു. പുതിയ കാലത്ത് ജീവശ്വാസം പോലെ അനിവാര്യമായ മാധ്യമസ്വാതന്ത്ര്യം നിരോധിക്കപ്പെടുന്നു.
രാജ്യത്തെ ഹൈകോടതികളിലും സുപ്രീംകോടതികളിലും ചോദ്യം ചെയ്യപ്പെട്ടു കിടക്കുന്ന, അന്തിമ തീരുമാനമാകാത്ത ഐ.ടി നിയമത്തിന്റെ മറവിലാണ് ഈ വിലക്ക്. ഇതേ നിയമത്തിന്റെ ഭാഗമായി, കേന്ദ്ര സർക്കാറിന് വ്യാജം എന്ന് തോന്നുന്ന വാർത്തകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽനിന്ന് നിരോധിക്കുന്ന വാർത്താ സെൻസർഷിപ്പ് വരുന്നു. വാർത്താവിതരണ മന്ത്രാലയത്തിനുകീഴിലെ പി.ഐ.ബിയോ കേന്ദ്രം നിയോഗിക്കുന്ന മറ്റ് ഏജൻസികളോ ആയിരിക്കും ഇനി ഫാക്റ്റ് ചെക്ക് നടത്തുക. സംവാദത്തിന്റെയും വിയോജിപ്പിന്റെയും പുതിയ കാലത്തെ ഏറ്റവും ശക്തമായ പ്ലാറ്റ്‌ഫോമുകൾ റദ്ദാക്കപ്പെടുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124ാം വകുപ്പ് മരവിപ്പിച്ച സുപ്രീംകോടതി അതിന്റെ ഭരണഘടനാ സാധുത പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വകുപ്പ് വിമതശബ്ദങ്ങളെ നേരിടാനുള്ള ആയുധമായത്, നരേന്ദ്രമോദി സർക്കാർ വന്നശേഷമാണ്. 2016നും 2021നുമിടയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസുകളുടെ എണ്ണത്തിൽ 190 ശതമാനമാണ് വർധനയുണ്ടായത്.
ലോകത്തുതന്നെ ഏറ്റവും കൂടുതൽ വിചാരണ കാത്തുകിടക്കുന്ന തടവുകാരുള്ള രാജ്യം കൂടിയാണ് ഇന്ത്യ. ഇന്ത്യൻ ജയിലുകളിലെ തടവുകാരിൽ 76 ശതമാനവും വിചാരണ കാത്ത് കിടക്കുന്നവരാണ്. ഈ മനുഷ്യരിലേറെയും ദലിതരും പിന്നാക്കക്കാരും മുസ്‌ലിംകളുമാണ് എന്നും ഓർക്കുക.
കോവിഡ് കാലത്ത്, 2020 -ൽ ലോകത്ത് പട്ടിണിയിലേക്ക് വീണുപോയ മനുഷ്യരുടെ 80 ശതമാനവും ഇന്ത്യക്കാരായിരുന്നുവെന്ന് ലോകബാങ്ക് പഠനം പറയുന്നു. സാമ്പത്തിക തകർച്ചയെതുടർന്ന് ദാരിദ്ര്യത്തിലായ ഏഴു കോടി പേരിൽ 5.6 കോടിയും ഇന്ത്യക്കാരായിരുന്നു.
ജനാധിപത്യത്തെ പ്രയോഗവൽക്കരിക്കാൻ ഭരണഘടനാനുസൃതമായി രൂപീകരിക്കപ്പെട്ട സംവിധാനങ്ങൾ, ഭരണകൂടത്തോടുള്ള അപകടകരമായ വിധേയത്വം പ്രകടമാക്കുന്നു. പാർലമെന്റും ഉന്നത നീതിന്യായ സംവിധാനങ്ങളും ബ്യൂറോക്രസിയും മാധ്യമങ്ങളും സമീപകാലത്ത് കടുത്ത വിമർശനങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്നത് ഈ വിധേയത്വത്തിന്റെ പേരിലാണ്.
ജനാധിപത്യത്തിന്റെ തന്നെ സങ്കേതങ്ങളുപയോഗിച്ചാണ്, ജനാധിപത്യം എന്നു തോന്നിപ്പിക്കുംവിധം "ഇലക്ടറൽ ഓട്ടോക്രസി'യിലേക്ക് ഇന്ത്യ സഞ്ചരിക്കുന്നത്. ഇതിന്റെ പ്രകടമായ അനുഭവങ്ങൾ നമുക്കുമുന്നിലുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളിൽ അവിശ്വാസം വളർത്തുന്നു. തെരഞ്ഞെടുപ്പുകളെ അവിഹിതമായി സ്വാധീനിക്കുന്നു. പൗരസമൂഹത്തിനും മാധ്യമങ്ങൾക്കും മേൽ കടന്നാക്രമണം നടത്തുന്നു. വർഗീയ ധ്രുവീകരണം സ്വഭാവികപ്രക്രിയയാക്കി മാറ്റുന്നു. ഹിംസാത്മക ദേശീയതയുടെ ബിംബങ്ങളെ പ്രതിഷ്ഠിക്കുന്നു. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ബഹുസ്വര പ്രതീകങ്ങളെ മാച്ചുകളയുന്നു.
ഈ യഥാർഥ ഇന്ത്യയും ഇന്ത്യക്കാരുമില്ലാത്തതാണ്, വൻശക്തികളുടെ ലോകഭൂപടത്തിൽ ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ത്യ എന്ന രാജ്യം. ആ ഭൂപടത്തിലുള്ളത് ആരുടെ ഇന്ത്യയും ആരുടെ നേതാവുമാണ് എന്ന് വ്യക്തവുമാണ്.
പക്ഷെ, ഇന്ത്യൻ ജനാധിപത്യം ഗംഭീരമായ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള ഒരു സംവിധാനം കൂടിയാണ്. അതുകൊണ്ടാണ്, ന്യൂനപക്ഷത്തിന്റെ മാത്രം പ്രാതിനിധ്യമുള്ള ഒരു ഭരണകൂടമായി ഈ സമഗ്രാധിപത്യശക്തിക്ക് നിലനിൽക്കേണ്ടിവരുന്നത്. ഇന്ത്യയുടെ എല്ലാതരം ബഹുസ്വരതകൾക്കും ഇടമുള്ള ഭരണഘടന തന്നെയാണ് ഈ സമഗ്രാധിപത്യത്തിനെതിരായി പ്രയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധം. ഒരൊറ്റ മതത്തിന്റെയും ഒരൊറ്റ സംസ്‌കാരത്തിന്റെയും ഒരൊറ്റ ഭാഷയുടെയും ആധിപത്യത്തിനെതിരെ നിലകൊള്ളുന്ന മനുഷ്യരുടെയും മൂവ്‌മെന്റുകളുടെയും കൊടിയടയാളമായിരിക്കും ഈ ഭരണഘടന. വിമർശിക്കപ്പെട്ടും മാറ്റങ്ങൾക്ക് വിധേയമായും പുതിയ കാലത്തെ മനുഷ്യരെയും രാഷ്ട്രീയത്തെയും ഉൾക്കൊണ്ടും, അട്ടിമറിക്കപ്പെടാതെ നിലനിൽക്കേണ്ടതുണ്ട്, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഈ ആധാരശില.