കോൺഗ്രസ് തീർന്നുവെന്നത് ഊതിവീർപ്പിച്ച കാമ്പയിൻ

തിരിച്ചുവരവിനുള്ള പൊളിറ്റിക്കൽ റിസോഴ്‌സ് വേണ്ടുവോളമുള്ള പാർട്ടി തന്നെയാണ് ഇപ്പോഴും കോൺഗ്രസ്. 20 ശതമാനം ദേശീയ വോട്ടർ ബേസുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും സാധാരണ പ്രവർത്തകരുടെ അതിശക്തമായ നെറ്റുവർക്കുണ്ട്. അടിസ്ഥാന വിഷയങ്ങളെ റെപ്രസൻറ്​ ചെയ്യുന്ന ജനകീയമായ വർഗ പ്രാതിനിധ്യമുണ്ട്. അതുകൊണ്ടുതന്നെ, കോൺഗ്രസിന്റെ മരണം എന്നത് ഊതിവീർപ്പിക്കപ്പെട്ട ഒരു കാമ്പയിൻ മാത്രമാണ്.

ന്ത്യൻ നാഷനൽ കോൺഗ്രസ് അടിസ്ഥാനപരമായി ഒരു ഭൂതകാല പാർട്ടിയാണ്. എന്നാൽ, അത് ചില സമീപകാല സന്ദർഭങ്ങളിൽ വർത്തമാനകാല യാഥാർഥ്യങ്ങളുമായി ചേർന്നുനിന്നിട്ടുണ്ട്. 2009ൽ, യു.പി.എ സർക്കാറിന്റെ തുടർഭരണം അങ്ങനെയാണ് സാധ്യമായത്. 1971ൽ ഇന്ദിരാഗാന്ധി ഉയർത്തിയ "ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യത്തിന് സമമായ, തൊഴിലുറപ്പുപദ്ധതിയെപ്പോലുള്ള ചില പരിപാടികൾ, മതേതര വോട്ടുകളുടെ സമാഹരണം എന്നിവയാണ്, ബി.ജെ.പിബലപ്പെടുത്തിക്കൊണ്ടുവന്നിരുന്ന വർഗീയ വോട്ടുധ്രുവീകരണങ്ങളെ അപ്രസക്തമാക്കിയത്. എന്നാൽ, 2014, വരാനിരിക്കുന്ന വലിയ തകർച്ചകളുടെ തുടക്കമായിരുന്നു, അത് ഈയിടെ, അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളോടെ ഏതാണ്ട് പൂർത്തിയായെന്നു പറയാം.
ചാരത്തിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പ്, ഇപ്പോഴത്തെ പാർട്ടി നേതൃത്വത്തിന്റെ ശൂന്യമായ മസ്തിഷ്‌കങ്ങളാൽ അസാധ്യമാണെന്നാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ പറയുന്നത്.

ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതൃത്വം നെഹ്‌റു കുടുംബത്തിന്റെ അഞ്ചാം തലമുറയിലെത്തിനിൽക്കുകയാണ്. 1998 മുതൽ പാർട്ടിയെ ഭരിച്ചുവരുന്ന സോണിയാഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിന് അടിസ്ഥാനപരമായി ഫ്യൂഡൽ പാരമ്പര്യത്തിന്റെതായ സംഘടനാ ശരീരമാണുള്ളത്. രാജസ്ഥാനിലെ ഒരു ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള ‘അവകാശം' സ്ഥാപിച്ചെടുക്കാൻ തന്റേത് ദത്താത്രേയ ഗോത്രമാണെന്നും താനൊരു കശ്മീരി ബ്രാഹ്മണനാണെന്നും 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് രാഹുൽ ഗാന്ധി പറയുന്നുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലും ഉത്തരാഖണ്ഡിലെ ഗംഗാ ആരതിയിൽ പങ്കെടുത്ത് അദ്ദേഹം തന്റെ ‘ഗോത്ര ശുദ്ധി' തെളിയിച്ചു. ബി.ജെ.പി പറയുന്ന ഒരു കോൺഗ്രസ് മുക്ത ഭാരതം, കോൺഗ്രസിനാൽ തന്നെ സാധ്യമാകുന്ന മൃദുസൂത്രങ്ങളാണിത്. യു.പിയിൽ 2.4 ശതമാനം വോട്ടും രണ്ടു സീറ്റും സ്വന്തമാക്കി കോൺഗ്രസ് കുതിക്കുന്നത് അവിടേക്കാണ്.

1952ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് ഷെയർ 45 ശതമാനമായിരുന്നു. ആകെയുള്ള 401 സീറ്റിൽ 364 സീറ്റാണ് പാർട്ടി നേടിയത്. 15 വർഷത്തിനുശേഷം, ഇന്ദിരാഗാന്ധിയുടെ സ്വാധീനകാലം തുടങ്ങുന്ന 1967ൽ, പാർട്ടി നേടിയത് 520 ൽ 283 സീറ്റും 40.8 ശതമാനം വോട്ടുമാണ്. പിന്നീട്, 1984ൽ ഇന്ദിരാഗാന്ധി വധത്തിന്റെ പാശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പ് ഒഴികെ, വോട്ടുശതമാനം 43 ശതമാനത്തിൽനിന്ന് കൂടിയിട്ടില്ല.

പാർട്ടിയുടെ ജനകീയ ബേസിന്റെ ശോഷണം ശക്തമാകുന്നത് സോണിയ- രാഹുൽ നേതൃത്വത്തിന്റെ കാലത്താണ്. കാരണം, ഈ നേതൃത്വം ഒരു അപ്പൊളിറ്റിക്കൽ ക്ലബ്ബാണ്. യുവാക്കളോടും വിദ്യാർഥികളോടും യാഥാർഥ്യബോധത്തോടെ സംസാരിക്കുന്ന, ഭാവി തലമുറയെ പ്രതിനിധീകരിക്കാൻ പ്രാപ്തമായ ഒരു പൊളിറ്റിക്കൽ ഐഡന്റിറ്റി പ്രദർശിപ്പിക്കുന്ന ഒരു പൊട്ടൻഷ്യൽ ലീഡർഷിപ്പ് ചിലപ്പോഴൊക്കെ തോന്നിപ്പിക്കുകയെങ്കിലും ചെയ്യുന്ന രാഹുലിന് തന്നെത്തന്നെയോ പാർട്ടിയെയോ സ്ഥിരതയോടെ നയിക്കാൻ കഴിയുന്നില്ല എന്ന യാഥാർഥ്യം പാർട്ടിക്കുമുന്നിലുണ്ട്. ഒപ്പം, നേതൃത്വത്തിലും സംഘടനയിലും ജനാധിപത്യപരമായ അഴിച്ചുപണി ആവശ്യപ്പെടുന്ന ജി 23 ആകട്ടെ, പാർട്ടിക്കുവേണ്ടി കൃത്യമായ ഒരു പ്ലാൻ അവതരിപ്പിക്കാൻ കഴിയാത്ത നേതാക്കളുടെ ഒരു കൂട്ടം മാത്രമാണ്. അതുകൊണ്ടാണ്, അവർക്ക് അമ്മയും മക്കളും അടങ്ങിയ ഹൈക്കമാൻഡിനുമുന്നിൽ ഇപ്പോഴും പകച്ചുനിൽക്കേണ്ടിവരുന്നത്.

തിരിച്ചുവരവിനുള്ള പൊളിറ്റിക്കൽ റിസോഴ്‌സ് വേണ്ടുവോളമുള്ള പാർട്ടി തന്നെയാണ് ഇപ്പോഴും കോൺഗ്രസ്. ബി.ജെ.പി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണ്. 20 ശതമാനം ദേശീയ വോട്ടർ ബേസുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും സാധാരണ പ്രവർത്തകരുടെ അതിശക്തമായ നെറ്റുവർക്കുണ്ട്. അടിസ്ഥാന വിഷയങ്ങളെ റെപ്രസൻറ്​ ചെയ്യുന്ന ജനകീയമായ വർഗ പ്രാതിനിധ്യമുണ്ട്. അതുകൊണ്ടുതന്നെ, കോൺഗ്രസിന്റെ മരണം എന്നത് ഊതിവീർപ്പിക്കപ്പെട്ട ഒരു കാമ്പയിൻ മാത്രമാണ്.

എന്നാൽ, പുതിയ യാഥാർഥ്യങ്ങളിലേക്കും പുതിയ മനുഷ്യരിലേക്കും പാർട്ടി കണ്ണുതുറക്കേണ്ടതുണ്ട്. 1971ൽ ഇന്ദിരാഗാന്ധി മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളും പരിഷ്‌കാര നടപടികളും അന്നത്തെ സാഹചര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നവയായിരുന്നു. തെരഞ്ഞെടുപ്പുരാഷ്ട്രീയം സൃഷ്ടിക്കുന്ന വ്യാജമായ വോട്ടുബാങ്കുകളേക്കാൾ കോൺഗ്രസിന് അവകാശപ്പെടാവുന്ന ജനവിഭാഗങ്ങൾ പ്രതീക്ഷയോടെ ഈ പാർട്ടിയെ നോക്കുന്നുണ്ടിപ്പോഴും. ജീവിക്കാൻ സ്ട്രഗ്ൾ ചെയ്യുന്ന, സമരം ചെയ്യുന്ന, രാഷ്ട്രീയം തിരിച്ചറിയുന്ന പച്ചമനുഷ്യർ. അവരിപ്പോൾ, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ബി.ജെ.പി സൃഷ്ടിച്ചെടുത്ത വ്യാജമായ വോട്ടുബാങ്കിൽ കുരുങ്ങിക്കിടക്കുകയാണ്. യു.പിയിൽ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ മാത്രമല്ല, മുസ്‌ലിംകളുടെ പോലും വോട്ടുബാങ്കുകൾ സൃഷ്ടിക്കാൻ ബി.ജെ.പിക്ക് കഴിയുന്നതിന്റെ ‘യുക്തി'യും ഒരു വീട്ടിൽ ഒരു കർഷകനോ കർഷകയോ ഉള്ള പഞ്ചാബിൽ, കർഷകരെ ഒരുവിധത്തിലും പ്രതിനിധീകരിക്കാത്ത ഒരു പാർട്ടി വലിയ വിജയം നേടുന്നതിനുപുറകിലെ വോട്ടുബാങ്കു തിയറിയും കോൺഗ്രസിന്റെ ‘ആത്മപരിശോധന'കളുടെ വിഷയമാകണം.

വർഗീയതയാൽ മാത്രം കൊയ്യാവുന്ന വിളകളല്ല, ഭാവി രാഷ്ട്രീയത്തിൽ മുളച്ചുപൊന്താൻ പോകുന്നത്. കോർപറേറ്റിസവും പവർ പൊളിറ്റിക്‌സും നിയന്ത്രിക്കുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളും സഖ്യങ്ങളും രൂപപ്പെട്ടുകഴിഞ്ഞു. പലപ്പേഴും ഇവയുടെ ആശ്ലേഷത്തിനിരയായിട്ടുണ്ടെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ല സവിശേഷതകളുടെയും ഏറ്റവും കൃത്യമായ റപ്രസൻേറഷനുള്ള പാർട്ടിയെന്ന നിലയ്ക്ക്, ക്രോണി കാപ്പിറ്റലിസത്തെ നിർവീര്യമാക്കാൻ പ്രാപ്തിയുള്ള ദേശീയ പാർട്ടി കോൺഗ്രസ് തന്നെയാണ്.

എന്നാൽ, ഭൂതകാലത്തിന്റെ പൊളിറ്റിക്കൽ ഹാംഗോവറിൽ അഭിരമിക്കുന്ന ഇന്നത്തെ ഹൈക്കമാൻഡിന് ഫെഡറലിസവും സെക്യുലറിസവും ജനാധിപത്യവും നേരിടുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയില്ല. പകരം, പാർട്ടിയുടെ ജനകീയമായ അടിത്തറയെ കൃത്യമായി പ്രതിനിധീകരിക്കുന്ന ഒരു ലീഡർഷിപ്പാണ് ഉയർന്നുവരേണ്ടത്. ഏതെങ്കിലുമൊരു പിതൃത്വം അവകാശപ്പെടാൻ കഴിയുന്ന നേതൃത്വമാകരുത് അത്, പകരം ഒരു വിഷയം, പലപല വിഷയങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന നേതൃത്വമാകേണ്ടതുണ്ട്. അത്തരം ജനാധിപത്യപരമായ ഒരു സംഘടനാ ശരീരത്തിലൂടെ കേരളം മുതൽ കാശ്മീർ വരെയുള്ള മനുഷ്യരുടെ അസ്തിത്വത്തിലേക്കുയരാൻ കോൺഗ്രസിനുകഴിയും.

Comments