‘പാറ്റകൾ’ എന്ന ഒരുതുള്ളിപ്പരിഹാസം ഇത്രയധികം പൊല്ലാപ്പാകുമെന്ന് ആരും വിചാരിച്ചുകാണില്ല. പരിഹസിച്ചയാൾ പ്രായം കൊണ്ടും അനുഭവം കൊണ്ടും മുതിർന്ന വ്യക്തിയാണ്. ‘അമ്മാവന് അടുപ്പിലും…’ എന്നു പറയുന്ന പഴമൊഴി ഇക്കാലത്ത് അത്രയൊന്നും ക്ലച്ച് പിടിക്കില്ല എന്ന സാമാന്യ ബോധം ഈ ഓൾഡ് ജനറേഷന് തിരിഞ്ഞതുമില്ല.
പരിഹാസവാക്ക് എന്തുകൊണ്ടും അന്വർത്ഥമാകും പോലെയാണ് പിന്നീട് കാര്യങ്ങൾ നടന്നത്. പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ? അവർ എവിടെ നിന്നൊക്കെയാണ് വരുന്നതെന്ന് പറയാൻ കഴിയില്ല. ശുദ്ധാശുദ്ധി സ്ഥലങ്ങളുടെ തെരഞ്ഞെടുപ്പൊന്നും ഈ കീടത്തിന് ബാധകമല്ല. നൈസർഗികമായ (spontaneous) പ്രതികരണം, കൂട്ടംകൂടാനുള്ള ശേഷി, പ്രഭവകേന്ദ്രം ഏതെന്ന് നിർണയിക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങി ചേരുംപടി ചേർക്കാൻ ബുദ്ധിമുട്ടുണ്ടന്ന് നാം ഇതുവരെ കരുതിപ്പോന്ന ചില കാര്യങ്ങളെ പാറ്റാപ്രക്ഷോഭപശ്ചാത്തലത്തിൽ അവതരിപ്പിക്കുക മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
പാറ്റാപ്രക്ഷോഭകരെ കൂട്ടിനിർത്തുന്നതും അവരുടെ ആശയങ്ങളുടെ ഇടനിലയാവുന്നതും സോഷ്യൽ മീഡിയയാണ്.
ഇതെഴുതുന്നയാളുടെ തലമുറയ്ക്ക് പരിചിതമായ സമരരീതിയെന്നാൽ ക്ലാസ്സിക്കൽ നടനരൂപം പോലെയാണ്. വേണമെങ്കിൽ നമുക്കതിനെ കഥകളിയോട് ഉപമിക്കാം. എല്ലാം മുൻ നിശ്ചയിച്ചുറപ്പിച്ചപ്രകാരം അരങ്ങിലാടുന്നു. ആൾക്കൂട്ടം കളി കണ്ട് പിരിയുന്നു. ഈ ക്ലാസിക്കൽ ആട്ടപ്രകാരശൈലിയാണ് രാഷ്‌ട്രീയഭേദമില്ലാതെ ഇന്ത്യയിലെ എല്ലാ പ്രസ്ഥാനങ്ങളും തുടരുന്നത്.
എന്നാൽ, ഈ ആട്ടരീതി പുതിയ തലമുറയ്ക്ക് അത്ര പഥ്യമല്ല. അവർ ചരിക്കുന്നത് മറ്റൊരു ഭ്രമണ പഥത്തിലൂടെയാണ്. ഏതോ നാട്ടിലിരുന്ന്, ഏതോ ഒരു ചെക്കൻ ഒരു പാറ്റാപ്പാർട്ടിയുണ്ടാക്കുന്നു. അത് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മൈക്ക്, വണ്ടി, മൈദ, നോട്ടീസ്, കാൽനട പ്രചാരണജാഥ, കൊടിമരജാഥ… ഒന്നുമില്ല.
ഒറ്റപ്പോസ്റ്റ്!
ഈ അജ്ഞാതന്റെ ശബ്ദത്തിന് മുഴക്കം കൊടുക്കാൻ പാറ്റകൾ എവിടെ നിന്നൊക്കെയോ പുറത്തേക്കിറങ്ങി. പണ്ട് മാവോ പറഞ്ഞ, ഗ്രാമങ്ങൾ നഗരങ്ങളെ വളയുന്നതിനുപകരം പാറ്റകൾ വളയുന്നു എന്ന അവസ്ഥ! ഈ അപ്രതീക്ഷിത ശബ്ദക്കൂട്ടായ്മ നമ്മുടെ രാഷ്ട്രീയ ചിന്താപദ്ധതികൾക്ക് പരിചിതമല്ല.

കൃത്യമായി എഴുതപ്പെട്ട, ആലോചിച്ചുറച്ച, പ്രത്യയശാസ്ത്രപരമായി ശരിയെന്നുറപ്പിച്ച കാര്യങ്ങളിലൂടെയാണ് ജനകീയ പ്രക്ഷോഭങ്ങൾ ഇന്നുവരെ നടന്നുപോന്നിട്ടുള്ളത്. എന്നാൽ, ഏതു നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന ഒരു കൊടുങ്കാറ്റ് ഇന്ത്യൻ യുവത്വത്തിനുള്ളിൽ അടങ്ങിയിരിപ്പുണ്ട് എന്ന് ഈ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു.
ഇവിടുത്തെ പുരോഗമന യുവജന പ്രസ്ഥാനക്കാർക്കാർക്കും (പുരോഗമനമില്ലാത്തവർക്കും) കണ്ടെത്താനാവാത്ത പുതിയ തലമുറക്കുട്ടികൾ പെട്ടെന്ന് ഇപ്പോൾ എവിടെ നിന്നുവന്നു?
അവരിവിടെത്തന്നെ ഉണ്ടായിരുന്നു, പുനഃപരീക്ഷകൾ എഴുതുന്നുണ്ടായിരുന്നു, തൊഴിലില്ലാതെ അലയുന്നുണ്ടായിരുന്നു. ഇവരോട് സംസാരിക്കാനുള്ള ഭാഷ പക്ഷേ, നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് വശമില്ലാതെ പോയി. അത് രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ ചിന്താശേഷിക്കുറവോ പ്രായോഗികക്ഷമതയില്ലായ്മയോ അല്ല. ഇത്രകാലം ശീലിച്ച രാഷ്‌ട്രീയഭാഷാശൈലിയുടെ പരിമിതി ഒന്നുകൊണ്ടുമാത്രമാണ് പുതിയ തലമുറയുമായി സംവേദനസാധ്യത കുറയ്ക്കുന്നത്. കുറച്ചെങ്കിലും രാഷ്‌ട്രീയചലനത്തിന് ഗുണകരമായതും പുതിയ തലമുറയ്ക്ക് സ്വീകാര്യമായതെന്ന് തോന്നിപ്പിച്ചതും രാഹുൽ ഗാന്ധി മുന്നിൽ നടന്ന ഭാരത് ജോഡോ യാത്രയാണ്. രാഹുലിന്റെ ജീൻസ് ടീ ഷർട്ട് വേഷത്തിൽപ്പോലും പാരമ്പര്യവേഷത്തിൽ നിന്നുള്ള മാറ്റം കാണാം. ഇത് കൃത്യമായ കണക്കുകൂട്ടലിൽ തെരഞ്ഞെടുക്കുന്ന വസ്‌ത്രധാരണം കൂടിയാണ്.
അസംഘടിതരായവരുടെ സംഘടിതബോധത്തെ ഭരണകൂടത്തിന് അത്രയെളുപ്പം കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ടാണ്. അതുപോലെതന്നെ, ഇങ്ങനെയൊരു തലമുറയെ എങ്ങനെ തങ്ങളോടൊപ്പം അണിനിരത്താനും സ്ഥിര നിക്ഷേപമാക്കുവാനും കഴിയുമെന്നോർത്ത് പ്രതിപക്ഷപ്പാർട്ടികളും ചിന്തിച്ചു കുഴഞ്ഞേക്കാം.
ഞാൻ, നിങ്ങൾ നവതലമുറയിൽനിന്ന് അകലെയല്ല എന്ന തോന്നലുണ്ടാക്കുവാൻ, നിങ്ങളിൽ ഒരാളാവാൻ, എങ്ങനെ സ്വന്തം ദേഹഭാഷയും വസ്ത്രവും പ്രധാനമാണന്ന് രാഹുലിനറിയാം. പോകുന്ന നാടുകളിലെ മനുഷ്യരുടെ പ്രാദേശിക വസ്ത്രമണിഞ്ഞുള്ള പ്രച്ഛന്നവേഷ ഹാസ്യാനുകരണത്തെ ‘അയ്യേ’ എന്നു കളിയാക്കുന്ന ഒറ്റയൊറ്റപ്പാറ്റകളെ എന്തുകൊണ്ടോ ഇപ്പോഴും ചിലർക്ക് മനസിലായിട്ടില്ല.
ഈ പിടികിട്ടായ്മയിലാണ് മിന്നലിൽ കൂണുകൾ മുളയ്ക്കുമെന്ന് പറയുംപോലെ പാറ്റാസമരത്തിൽ ഒറ്റപ്പെട്ട മനുഷ്യർ അവരവരുടെ രീതിയിൽ തങ്ങളുടെ സോഷ്യൽ മാധ്യമം വഴി മുളച്ചുപൊന്തിയത്. അവരെ ഒന്നിച്ചുകൂട്ടിയത് വൈകാരികതയുടെ ഭാഷയാവാം. അതിന്റെ ശരിതെറ്റുകൾ ഈ കുറിപ്പിന്റെ പരിഗണനയിൽ വരാത്തതുകൊണ്ട് അത് വായനക്കാരുടെ ആലോചനയ്ക്കായി നൽകുന്നു.
പാറ്റാപ്രക്ഷോഭകരെ കൂട്ടിനിർത്തുന്നതും അവരുടെ ആശയങ്ങളുടെ ഇടനിലയാവുന്നതും സോഷ്യൽ മീഡിയയാണ്. നവമാധ്യമത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച രാഷ്‌ട്രീയപ്രസ്ഥാനം ബി.ജെ.പിയാണന്ന് നമുക്കറിയാം. അന്ന് നമ്മുടെ മറ്റ് പ്രസ്ഥാനങ്ങൾക്ക് ഇതെന്ത് ഏർപ്പാടാണ് എന്ന് പിടികിട്ടിയതുപോലുമില്ല. അങ്ങനെ നവമാധ്യമങ്ങൾ ഉപയോഗിച്ച് അധികാരത്തിലെത്തിയ രാഷ്‌ട്രീയ പ്രസ്ഥാനത്തോട് അതേ മാധ്യമത്തിലൂടെ പ്രതിഷേധിക്കുന്ന ഒരു തലമുറ പെട്ടന്നുണ്ടാകുമ്പോൾ സൃഷ്ടിക്കുന്ന സംഭ്രമം ചെറുതല്ല.

കാരണം കേന്ദ്ര ഏജൻസികൾക്ക് അരിച്ചുപെറുക്കിയാൽപ്പോലും സമരാഹ്വനത്തിന്റെ, പ്രതിഷേധസ്വരത്തിന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് കണ്ടുകിട്ടുക പ്രയാസമാണ് (പുതിയകാലത്ത് ഒളിയിടങ്ങളെങ്ങനെ മാറുന്നു എന്നുകൂടി വിപ്ലവ പ്രസ്ഥാനങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു). ഏതോ ഒരാൾ എവിടെ നിന്നോ പോസ്റ്റ് ചെയ്യുന്ന ഒരു ചെറു കുറിപ്പിനുപോലും പലതും മാറ്റിമറിക്കാനുള്ള ശേഷിയുണ്ടായിരിക്കും. അസംഘടിതരായവരുടെ സംഘടിതബോധത്തെ അതുകൊണ്ടുതന്നെ ഭരണകൂടത്തിന് അത്രയെളുപ്പം കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ടാണ്. അതുപോലെതന്നെ, ഇങ്ങനെയൊരു തലമുറയെ എങ്ങനെ തങ്ങളോടൊപ്പം അണിനിരത്താനും സ്ഥിര നിക്ഷേപമാക്കുവാനും കഴിയുമെന്നോർത്ത് പ്രതിപക്ഷപ്പാർട്ടികളും ചിന്തിച്ചു കുഴഞ്ഞേക്കാം.
പാറ്റകളെക്കുറിച്ച് ഒരു മിത്തുണ്ട്; ആണവവികിരണത്തെപ്പോലും അതിജീവിക്കാനുള്ള ശേഷിയതിനുണ്ട് എന്ന്. പാറ്റകൾക്ക് ആണവികിരണത്തേക്കാൾ അപകടരമായ ഏകാധിപത്യത്തെ തോൽപ്പിച്ച് ജീവിക്കാൻ കഴിയുമോ എന്നൊരാൾ ആശങ്കപ്പെട്ടാൽ, ഈ കാലത്ത് ഭയത്തോടെ അങ്ങനെ ചിന്തിച്ചുപോകും എന്നേ പറയാൻ കഴിയൂ.
