കോൺഗ്രസിന്റെ ഭാവിയുടെ ചീട്ട് കീറിക്കളഞ്ഞ ഫലങ്ങളിലൊന്നാകുന്നു ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം. റായ്ബറേലിയും അമേഠിയും പോയിക്കഴിഞ്ഞു അവർക്ക്. പ്രിയങ്കയുടെ സാന്നിധ്യമോ രാഹുലിന്റെ സൗമ്യസ്വരൂപമോ നാട്ടുകാരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാൻ മാത്രം പ്രേരണയുണ്ടാക്കുന്നില്ലെന്നത് കോൺഗ്രസ് തിരിച്ചറിയേണ്ട വസ്തുതയാണ്. ‘നല്ല ഹിന്ദുവാണ് രാജ്യം ഭരിക്കേണ്ടത്’ എന്നുപറഞ്ഞ് രാഹുൽ കാവി ഷാളും പുതച്ച് നാല് കുറിയുമിട്ട് കയ്യിൽ രുദ്രാക്ഷവും ചുറ്റി നടത്തിയ ലൈറ്റ് വേർഷൻ ഹിന്ദുത്വ കളികളാണ് കോൺഗ്രസിന്റെ കോമൺ മിനിമം പരിപാടിയെന്നതാണ് ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന വസ്തുതയും.
ദലിത് വോട്ടുബാങ്ക് ചിതറിപ്പിച്ച് വലിയൊരു മാർജിൻ തങ്ങൾക്ക് അനുകൂലമായി സമാഹരിച്ചെടുക്കാനും ഫിക്‌സഡ് ഡിപ്പോസിറ്റായ ക്ഷത്രിയ- ബ്രാഹ്മൺ വോട്ടിനെ അതേപടി നിലനിർത്തി ഒ.ബി.സി. വോട്ട് കൂടുതലായി ആകർഷിക്കാനും ബി.ജെ.പിക്ക് കഴിയുന്നുവെന്നതാണ് ഇത്തവണത്തെ ഫലം നൽകുന്ന ചിത്രം. 2017 - 2019 കാലത്തെ സംസ്ഥാന- ദേശീയ തെരഞ്ഞെടുപ്പുകളുടെ തുടർച്ചയായി തന്നെ ഈ അർത്ഥത്തിൽ പുതിയ ഫലത്തേയും കാണാം. രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷക സമരം സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടും അതിന്റെ തിരിച്ചടി മറികടക്കാൻ യോഗിയ്ക്കും മോദിയ്ക്കുമായി എന്നതിൽ ഭാവിയെ സംബന്ധിച്ച വലിയ ചില ഇൻഡിക്കേറ്ററുകൾ തെളിയുന്നുണ്ട്. അത് ഹിന്ദുത്വപ്രതിനിധാനങ്ങളുടെ ആശങ്കാജനകമായ ഹസാർഡ് ലൈറ്റ് സിഗ്‌നലായി തന്നെ കാണേണ്ടിവരും.
പ്രോ വേർഷനുള്ളപ്പോൾ ലൈറ്റ് വേർഷൻ എന്തിന് എന്നതാണ് ഹിന്ദുത്വ പൊതുബോധധാരയുടെ ചിന്ത. അതുകൊണ്ട് അതിന് ബദലായ ജനകീയ വിഷയങ്ങൾ പറഞ്ഞുള്ള സമരങ്ങളോ പ്രക്ഷോഭങ്ങളോ കളം നിറയലുകളോ ആയി പ്രതിപക്ഷ ഐക്യനിര രൂപപ്പെടാതെ ഹിന്ദു ഐഡിറ്റിന്റി രാഷ്ട്രീയം വിജയകരമായി പറയുന്ന ബി.ജെ.പിയെ നേരിടുക സാധ്യമല്ല. രാമക്ഷേത്ര നിർമാണം തങ്ങളുടെ സ്വപ്നമായിരുന്നു എന്നും പറഞ്ഞ് ഹിന്ദു അമ്പല ദർശന യാത്രകൾ കൊണ്ടൊന്നും അവരെ നേരിടുക നടപടിയാകുന്ന കാര്യമല്ലെന്ന് കോൺഗ്രസ് ഇനിയെങ്കിലും ചിന്തിക്കേണ്ടതുണ്ട്. രാജ്യം കണ്ട ഏറ്റവും ധീരമായ കർഷക സമരങ്ങളെയും ലോങ് മാർച്ചുകളെയും ഏറ്റെടുത്ത് നേതൃനിരയ്‌ക്കൊപ്പം പോരാടി, അത്തരം പടകൾ നയിക്കുന്നവരായി മാറിയിരുന്നുവെങ്കിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയധീരത ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടേനെ. ഉത്തരേന്ത്യൻ ഗ്രാമത്തിലെ കൃഷിക്കാർ ട്വീറ്റുകൾ വായിക്കുന്നവരല്ല എന്ന് ഓർക്കേണ്ടതാണ്.
കോൺഗ്രസിന് ഇപ്പോഴും വ്യക്തതയാർന്ന രാഷ്ട്രീയനിലപാടോ ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ പരിപാടിയോ ഇല്ല എന്നതും നേതൃനിര പോലും ചിതറിയ അവസ്ഥയിലാണ് എന്നതുമാണ് എൻ.ഡി.എയുടെ കോൺഫിഡൻസ്.
ലേഖനത്തിന്റെ പൂർണരൂപം ട്രൂകോപ്പി വെബ്സീനിൽ വായിക്കാം, കേൾക്കാം
ഹസാർഡ് ലൈറ്റ് കത്തിക്കിടപ്പുണ്ട്, ശ്രദ്ധിച്ചാൽ നന്ന് | വി.എസ്. സനോജ്