യു.പിയിലെ നവ ചാണക്യ തന്ത്രങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ യു.പിയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സവിശേഷവും അഭൂതപൂർവവുമായ രാഷ്​ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്​

രാഷ്ട്രീയത്തിൽ ഒരാഴ്ചയെന്നത് വലിയ സമയമാണ്: പറഞ്ഞു പാളീസായ ഈ ക്ലിഷേ, രാഷ്ട്രീയം നിരീക്ഷിക്കുകയും രാഷ്ട്രീയ ലേഖനങ്ങൾ വായിക്കുകയും ചെയ്യുന്നവരെല്ലാം ഇടക്കിടെ കേൾക്കുകയും കാണുകയും ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ടാവണം. എങ്കിലും ഭാരതീയ ജനതാ പാർട്ടിയുടെ ഏറ്റവും ഉന്നതരായ രണ്ട് നേതാക്കൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, ഈ പറച്ചിലിനെ സമീപകാലത്ത് പ്രതിനിധാനം ചെയ്തത് അത്യന്തം ശ്രദ്ധേയമായ രീതിയിലായിരുന്നു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പയറ്റേണ്ട തന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ ഈ രണ്ടു നേതാക്കൾ ഒരാഴ്ചക്കകം സ്വീകരിച്ച അജഗജാന്തരമുള്ള സമീപനങ്ങളാണ് "ഒരാഴ്ച വലിയ സമയം' ചൊല്ലിന്റെ ശ്രദ്ധേയമായ ഉദാഹരണമായി മാറിയത്.
നവംബർ 12 നും 19 നും ഇടയിലാണ് കേന്ദ്രവും ഉത്തർപ്രദേശും വലിയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന പാർട്ടിയുടെ ഈ മഹാരഥന്മാർ ഈ വലിയ രാഷ്ട്രീയ മലക്കം മറിച്ചൽ കാഴ്ചവെച്ചത്. ആഡംബരവും പൊങ്ങച്ചം പറച്ചിലിലും നിറഞ്ഞു നിന്ന, പ്രകടനപരമായി തുടങ്ങിയ ഒരു തെരെഞ്ഞെടുപ്പ് പ്രചാരണം വെറും ഒരാഴ്ചക്കുള്ളിൽ അഭിമാനം കെടുംവിധമുള്ള മാപ്പുപറച്ചിലിൽ ചെന്നെത്തി നിൽക്കുന്ന ദൃശ്യമാണ് ഇരുനേതാക്കളിൽ നിന്നുമുണ്ടായത്.

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യ്‌ക്കേറ്റ പരാജയങ്ങളുടെ പാശ്ചാത്തലത്തിൽ കൂടിയാണ്​, നിർണായകമായ ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന് ഷാ വളരെ നേരത്തെ കളത്തിലിറങ്ങിയത്​.

‘നവ ചാണക്യൻ’ വരുന്നു

2021 നവംബർ 12-ന് ബി.ജെ.പി.യുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കമിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ ദിവസം അമിത് ഷാ പ്രധാനമന്ത്രിയുടെ ലോക്​സഭാ മണ്ഡലമായ വാരാണസിയിലെത്തി. രാത്രി ഏറെ വൈകും വരെ വരെ നീണ്ട യോഗങ്ങളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി. അടുത്ത ദിവസം കിഴക്കൻ ഉത്തർപ്രദേശിലെ അസംഗഡിലും ബസ്തിയിലുമെത്തി സമാന പ്രവർത്തനങ്ങൾ തുടർന്നു. മുൻ സംസ്ഥാന മുഖ്യമന്ത്രിയും ഉത്തർപ്രദേശിലെ ബി.ജെ.പി.യുടെ പ്രധാന എതിരാളികളായ സമാജ്‌വാദി പാർട്ടി (എസ്.പി.) യുടെ പ്രസിഡന്റുമായ അഖിലേഷ് യാദവിന്റെ മണ്ഡലമാണ് അസംഗഡ്. തിരഞ്ഞെടുപ്പ് "തന്ത്രങ്ങളുടെ അവസാനവാക്കായ ചാണക്യൻ' എന്നാണ് ബി.ജെ.പി.യ്ക്കുള്ളിലും ആർ.എസ്.എസ്. നേതൃത്വം നൽകുന്ന സംഘ്പരിവാറിലും അമിത് ഷാ പൊതുവെ വിളിക്കപ്പെടുന്നത്. ഷായുടെ സന്ദർശനം നടന്നുകൊണ്ടിരിക്കുമ്പോഴും, ചാണക്യൻ വിളിയുടെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനങ്ങൾ സംഘ്പരിവാർ സർക്കിളുകളിൽ ഉയർന്നുവന്നുകൊണ്ടിരുന്നു. 2021 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടന്ന പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയ്ക്കേറ്റ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ, നിർണായകമായ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ഷാ വളരെ നേരത്തെ കളത്തിലിറങ്ങി തയ്യാറെടുപ്പുകൾ തുടങ്ങുകയാണെന്നതായിരുന്നു ഈ വ്യാഖ്യാനങ്ങളിൽ പ്രധാനം. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി. വലിയ വിജയം നേടുമെന്നും പശ്ചിമ ബംഗാളിൽ അധികാരത്തിലേക്ക് കയറുമെന്നുമുള്ള പ്രവചനം വ്യാപകമായിരുന്നതിനാൽ ഈ പരാജയങ്ങൾ "നവ ചാണക്യ'ന്​ വലിയ നാണക്കേടുണ്ടാക്കുന്നതായിരുന്നു.

2021 നവംബർ 12-ന് ബി.ജെ.പി.യുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് വാരണാസിയിൽ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുന്നു.

2021 മാർച്ച്- ഏപ്രിൽ തിരഞ്ഞെടുപ്പുകളിൽ കാണിച്ച അമിത ആത്മവിശ്വാസത്തിൽ നിന്നും പിഴവുകളിൽ നിന്നും ഷായും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ സംഘവും പാഠം ഉൾക്കൊണ്ടുവെന്നും അതുകൊണ്ടുതന്നെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് യുദ്ധം കൃത്യമായ ആസൂത്രണത്തോടെയും സൂക്ഷ്മമായും നേരിടുമെന്നുമാണ് ഒട്ടേറെ ബി.ജെ.പി., സംഘ്പരിവാർ നേതാക്കൾ പറയുന്നത്. ഇതിന്റെ ഭാഗമായി, ഉന്നത നേതൃത്വം അടിത്തട്ടിലുള്ള പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുകയും അവരെ ഉത്തേജിപ്പിക്കുകയും ചെയ്യും- നേതാക്കൾ പറയുന്നു.
വാരണസിയിൽ നവംബർ 12-13 തീയതികളിൽ ഷാ നടത്തിയ യോഗങ്ങളുടെ സ്വഭാവം അവരുടെ നിരീക്ഷണത്തിന് അടിവരയിടുന്നതാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശർമ, ദേശീയ വൈസ് പ്രസിഡൻറ്​ രാധാമോഹൻ സിങ്, സംസ്ഥാന ഇലക്ഷൻ ഇൻ-ചാർജും കേന്ദ്രമന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ തുടങ്ങിയവരടക്കമുള്ള സംസ്ഥാനത്തെ ഉന്നത നേതാക്കളെ കൂടാതെ 98 ജില്ലാതല നേതാക്കളും റീജ്യണൽ യൂണിറ്റ് പ്രസിഡന്റുമാരും 403 അസംബ്ലി മണ്ഡലങ്ങളിലെയും ചുമതലയുള്ള നേതാക്കളും പങ്കെടുത്തിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന് നൽകിയ പബ്ലിസിറ്റി തന്നെ ഷായുടെ പര്യവേക്ഷണത്തിന്റെ പ്രാധാന്യം അടിവരയിടുന്നതാണ്. വാരാണസി, അസംഗഡ്, ബസ്തി നഗരങ്ങൾ ബി.ജെ.പി. സ്ഥാപിച്ച ഹോർഡിങ്ങുകളും മറ്റു പ്രചാരണ സാമഗ്രികളും കൊണ്ട് നിറഞ്ഞിരുന്നു. മൂന്ന് ജില്ലകളിലുമായി അമിത് ഷായുടെ 10000 ഹോർഡിങ്ങുകളെങ്കിലും സ്ഥാപിച്ചതായാണ് അനൗദ്യോഗിക കണക്ക്.

അടച്ചിട്ട വാതിലുകൾക്കപ്പുറം നടന്ന യോഗങ്ങളിലൊന്നിൽ പങ്കെടുത്ത ഒരാൾ ഷായുടെ പ്രസംഗം ഓർത്തെടുത്തത് ഇങ്ങനെയാണ്: ""2024-ലെ ലോക്​സഭാ തിരഞ്ഞെടുപ്പ് മോദിജിയുടെ നേതൃത്വത്തിൽ നമുക്ക് വിജയിക്കണം, 2022-ലെ ഉത്തർപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടി അതിന് ശക്തമായ അടിത്തറയിടണം. നമുക്കെല്ലാം അറിയുന്നതുപോലെ മോദി പ്രധാനമന്ത്രിയും ആദിത്യനാഥ് മുഖ്യമന്ത്രിയുമായാൽ മാത്രമെ രാജ്യത്തിന് പുരോഗതിയുണ്ടാവൂ. അത് ഉറപ്പുവരുത്താൻ, നമ്മൾ കഴിയാവുന്നതെല്ലാം ചെയ്യണം. കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്താൻ വേണ്ടതെന്തും നമ്മൾ ചെയ്യണം.''- സമാജ് വാദി പാർട്ടി (എസ്.പി.), ബഹുജൻ സമാജ് വാദി പാർട്ടി (ബി.എസ്.പി.), കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് വലിയ സഖ്യമുണ്ടാക്കിയാലും അവർക്ക് ബി.ജെ.പി.യെ തോൽപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രമസമാധാന പാലനത്തിലും മാഫിയകൾക്കെതിരായ നടപടികളിലും മഹാമാരിയുടെ കാലത്ത് ആരോഗ്യമേഖലയെ ശരിയായ രീതിയിൽ നയിക്കുന്നതിലും ആദിത്യനാഥ് സർക്കാർ കൈവരിച്ച നേട്ടത്തെ ഷാ പ്രത്യക്ഷമായി അഭിനന്ദിച്ചു. ""നമ്മുടെ സംഘടനാപരവും രാഷ്ട്രീയവുമായ മെഷിനറി ഒരുമിച്ച് നീങ്ങേണ്ടതുണ്ട്. ഇതിനെല്ലാമുപരിയായി, പാർട്ടി പ്രവർത്തകർ സാധാരണക്കാർക്ക് വിശ്വാസത്തിന്റെ പാലമായി മാറണമെന്നാണ് അടുത്തിടെ ഡൽഹിയിൽ നടന്ന ദേശീയ നിർവാഹകസമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞത്. സേവനം, പരിഹാരം, സമർപ്പണം എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം.''

നവംബർ രണ്ടാം വാരത്തിലെ ഷായുടെ വാരാണസി സന്ദർശനവുമായി ബന്ധപ്പെട്ട്, ജനങ്ങളുടെ വികാരം ബി.ജെ.പി. നേതൃത്വത്തെ തുറിച്ചുനോക്കാൻ തുടങ്ങിയിരുന്നു.

ഇത്തരം വലിയ വാചാടോപങ്ങളെല്ലാം കഴിഞ്ഞ് ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ, നവംബർ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊടുന്നനെ രാജ്യത്തോട് ഒരു പ്രഖ്യാപനം നടത്തുന്നതാണ് കണ്ടത്. വിവാദമായ മൂന്ന് കൃഷി നിയമങ്ങളും കേന്ദ്ര സർക്കാർ പിൻവലിക്കുമെന്നായിരുന്നു ഇന്ത്യക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് ധൃതിപിടിച്ച് നടത്തിയ പ്രഖ്യാപനത്തിലെ പ്രധാന സന്ദേശം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മകൾ രാജ്യ തലസ്ഥാനത്ത് സമരം നടത്തുന്നത് ഈ ആവശ്യമുന്നയിച്ചായിരുന്നു. ഈ ഒരു പ്രഖ്യാപനത്തിലേക്ക് നയിച്ച ഘടകങ്ങൾ ഏതാനും മാസങ്ങളായി രൂപപ്പെട്ടുവന്നതാണ്. എന്നാൽ, നവംബർ രണ്ടാം വാരത്തിലെ ഷായുടെ വാരാണസി സന്ദർശനവുമായി ബന്ധപ്പെട്ട്, ജനങ്ങളുടെ വികാരം ബി.ജെ.പി. നേതൃത്വത്തെ തുറിച്ചുനോക്കാൻ തുടങ്ങി എന്നതാണ് അതിൽ പ്രധാനം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും മകൻ ആശിഷ് മിശ്രയും

ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരുമായുള്ള ഷായുടെ ആദ്യത്തെ യോഗം മുതൽ തന്നെ ആഭ്യന്തരവും ബാഹ്യവുമായ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. പുറത്തുള്ള പ്രശ്നങ്ങൾ ബഹുമുഖമുള്ളതാണെന്നാണ് ലഖ്നോയിൽ നിന്നുള്ള ഒരു ആർ.എസ്.എസിന്റെ ഒരു മുതിർന്ന പ്രവർത്തകൻ ഈ ലേഖകനോട് പറഞ്ഞത്. വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഒരു വർഷത്തിലേറെയായ നടത്തുന്ന പ്രക്ഷോഭം ഉയർത്തുന്ന വെല്ലുവിളികൾ, ലഖിംപൂർ ഖേരിയിൽ പ്രതിഷേധിച്ച കർകർക്കുമേൽ കേന്ദ്ര മന്ത്രിയുടെ മകൻ കാറോടിച്ച് കയറ്റിയതുൾപ്പെടെയുള്ള അക്രമസംഭവങ്ങൾ, റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന വെളിപ്പെടുത്തലുകൾ, ജുഡീഷ്യറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങൾ മറുവശത്തുണ്ട്. ലഖിംപൂർ ഖേരി കൊലപാതകത്തിൽ ജുഡീഷ്യറിയിലെ സംഭവവികാസങ്ങൾ സുപ്രധാനമാണ്, കാരണം സംസ്ഥാന സർക്കാരിനെയും പോലീസിനെയും സുപ്രീം കോടതിയുടെ ബെഞ്ച് തുറന്ന കോടതിയിൽ കുറ്റപ്പെടുത്തി. അതിനുമുമ്പ്, ഒക്ടോബർ അവസാനം പെഗാസസ് ചാര സോഫ്റ്റ് വെയർ വിഷയത്തിലും സുപ്രീം കോടതി കേന്ദ്ര സർക്കാരിനെതിരെ സമാനമായ രൂക്ഷമായ പരാമർശങ്ങൾ നടത്തിയിരുന്നു. അതായത് കേന്ദ്രത്തിലെ മോദി സർക്കാരിനും യു.പി. സർക്കാരിനുമെതിരെ ഓരോ ദിവസവും എന്തെങ്കിലുമൊക്കെ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്. മോദിക്കെതിരെ ദേശീയ അന്തർദേശീയ തലത്തിലുള്ള സ്ഥാപനങ്ങളിൽ നിരന്തരം, ഏതാണ്ട് എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പൊട്ടിപ്പുറപ്പെടുന്നത് പോലെയാണ്, കേന്ദ്രത്തിലും ഉത്തർപ്രദേശിലുമുള്ള പാർട്ടിയെയും സർക്കാരുകളെയും പിന്നോട്ടടിക്കുന്നത്. ഉയർന്നുകൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വിലയും അവശ്യസാധാനങ്ങളുടെ വിലക്കയറ്റവും, അടുത്തിടെയുണ്ടായ സംഭവങ്ങളുടെ ആഘാതം വർധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തു. ആഭ്യന്തര പ്രശ്നങ്ങൾ താരതമ്യേന ഗൗരവം കുറഞ്ഞവയാണ്, കാരണം ഇത് രാജ്യത്തെ ഉന്നത നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി. മുഖ്യമന്ത്രി ആദിത്യനാഥും തമ്മിലുള്ള വ്യക്തിപരവും സംഘടനാതലത്തിലുള്ളതുമായ പിണക്കങ്ങളാണ്. അത് പരിഹരിക്കാൻ ആർ.എസ്.എസ്. ഉന്നത നേതൃത്വം ഇരുവർക്കുമിടയിൽ സന്ധി സംഭാഷണങ്ങൾ നടത്തുന്നുമുണ്ട്. എങ്കിലും "ബിഗ് ടു' തമ്മിലുള്ള ശീതയുദ്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ സംഘടനാ യോഗങ്ങളിൽ ഉയർന്നുവരുന്നുണ്ട്. ഇത് സംഘടനാ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കാനിടയുണ്ട്.- ലഖ്നോയിലെ മുതിർന്ന ആർ.എസ്.എസ്. പ്രവർത്തകൻ പറയുന്നു.

Photo : wikimedia commons

ഈ ആർ.എസ്.എസ്. നേതാവും വിവിധ സംഘപരിവാർ സംഘടനകളിലെ അദ്ദേഹത്തിന്റെ കൂട്ടാളികളും സ്ഥിതിഗതികൾ ലളിതമായി ഇങ്ങനെ സംഗ്രഹിച്ചു: 2022 ആദ്യം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ, കർഷകരുടെ പ്രക്ഷോഭവും ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിൽ നിന്നുള്ള ശിരോമണി അകാലിദളിന്റെ പിൻമാറ്റവും പഞ്ചാബിൽ ബി.ജെ.പി.യ്ക്ക് മരണമണിയാകും. അതേസമയം, ഉത്തരാഖണ്ഡിലും ഗോവയിലും അത്ര എളുപ്പമാവുകയുമില്ല. സാധാരണ സാഹചര്യങ്ങളിൽ ഉത്തർ പ്രദേശിൽ അനായാസം വിജയിക്കാവുന്നതാണ്. എന്നാൽ അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ പരമ്പര അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. സമീപ കാലത്തുണ്ടായ സംഭവങ്ങൾ ബി.ജെ.പി.യെയും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർക്കാരുകളെ ആശങ്കയിലാക്കിയിട്ടുണ്ടെന്നാണ് ലഖ്നോയിലെ ആർ.എസ്.എസ്. പ്രവർത്തകനും സംഘവും പറയുന്നത്.
""തീർച്ചയായും, പല കാലങ്ങളിൽ പരീക്ഷിച്ച ഹിന്ദുത്വ വർഗീയ ധ്രുവീകരണ കാർഡ് ഇനിയും ഇറക്കാനാവും. എന്നാൽ ഇത്തവണ ശ്രദ്ധാപൂർവം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്, കാരണം കുതിച്ചുയരുന്ന വിലയുടെ പേരിൽ ജനങ്ങൾ ആകെ നിരാശരും പ്രകോപിതരുമാണ്, ഇത് വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തടസ്സമാകുന്നു.''

അഖിലേഷ് യാദവ്, പ്രാദേശിക- സാമൂഹിക അടിസ്ഥാനത്തിൽ നിർണായക മേഖലകളിൽ സ്വാധീനമുള്ള ചെറു പാർട്ടികളെ കൂട്ടിച്ചേർത്ത് തന്റെ രാഷ്ട്രീയ കളികൾ നടത്തുന്നത്​ പുതിയ സാഹചര്യവുമായി ചേർത്തുവായിക്കണം.

ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിലേക്ക് വരുന്ന പുതിയ ധ്രുവീകരണമാണ് മറ്റൊരു പ്രശ്നമെന്നും ലഖ്നോയിൽ നിന്നുള്ള പ്രവർത്തകരുടെ സംഘം ചൂണ്ടിക്കാട്ടുന്നു. സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് വാദി പാർട്ടി എന്നീ രണ്ട് പ്രാദേശിക പാർട്ടികളും കേന്ദ്രത്തിലെ പ്രതിപക്ഷമായ കോൺഗ്രസുമാണ് പ്രധാനമായും എതിർ വോട്ടുകളെ ഭിന്നിപ്പിക്കാൻ പോകുന്നത്. ബി.ജെ.പി.യും എസ്.പിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തലേക്കാണ് സംസ്ഥാനത്തെ സാഹചര്യം വിരൽചൂണ്ടുന്നത്. മുൻ മുഖ്യമന്ത്രിയും എസ്.പി. പ്രസിഡന്റുമായ അഖിലേഷ് യാദവ്, പ്രാദേശിക, സാമൂഹിക അടിസ്ഥാനത്തിൽ നിർണായക മേഖലകളിൽ സ്വാധീനമുള്ള ചെറു പാർട്ടികളെ കൂട്ടിച്ചേർത്ത് തന്റെ രാഷ്ട്രീയ കളികൾ നടത്തുന്നതും പുതിയ സാഹചര്യങ്ങളിലേക്ക് ചേർക്കണം. ഇതെല്ലാം പ്രതികൂല രാഷ്ട്രീയാന്തരീക്ഷമാണുണ്ടാക്കുന്നതെന്ന് സംഘ് പരിവാർ സംഘടനയിലെ അംഗങ്ങൾ പറയുന്നു.

തിരിച്ചടിയാകാൻ ​പോകുന്ന ലംഖിപൂർ ഖേരി

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച നാല് കർഷകർ ഉൾപ്പെടെ എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ 2021 ഒക്ടോബർ മൂന്നിലെ ലംഖിപൂർ ഖേരി സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫൊറൻസിക് ലാബ് റിപോർട്ടും സംഘ് പരിവാർ പ്രവർത്തകർ ചൂണ്ടിക്കാട്ടിയ പ്രതികൂല സംഭവങ്ങളിൽ ഉൾപ്പെടുന്നു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെയും സുഹൃത്ത് അങ്കിത് ദാസിന്റെയും തോക്കുകളിൽ നിന്നാണ് വെടിയുതിർന്നതെന്ന് സംശയാതീതമായി വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ വാരാണസിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂന്ന് ദിവസം മുമ്പ് പുറത്തുവന്ന ഫൊറൻസിക് ലാബ് റിപ്പോർട്ട്. കർകർക്കുമേൽ കാർ ഓടിച്ചുകയറ്റിയതിന് ആശിഷ് മിശ്രയ്ക്കും കൂട്ടാളികൾക്കും മേൽ കുറ്റം ചുമത്തിയിരുന്നു. ബി.ജെ.പി. പ്രവർത്തരായ ശുഭം മിശ്ര, ശ്യാം സുന്ദർ, ആശിഷ് മിശ്രയുടെ വാഹനവ്യൂഹത്തിലെ ഒരു കാറിന്റെ ഡ്രൈവർ ഹരി ഓം മിശ്ര, മാധ്യമപ്രവർത്തകൻ രമൺ കശ്യപ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു നാലുപേർ.

ലഖിംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ ചിത്രത്തിന് മുന്നിൽ കർഷകർ ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആശിഷ് മിശ്രയും അങ്കിത് ദാസും തങ്ങളുടെ ലൈസൻസുള്ള തോക്കുകളിൽ നിന്ന് വെടിയുതിർത്തെന്ന ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. അതേസമയം, ആഷിഷിന്റെ റൈഫിളിൽ നിന്നും അങ്കിതിന്റെ പിസ്റ്റളിൽ നിന്നുമാണ് വെടിയുതിർന്നതെന്നാണ് ഫൊറൻസിക് റിപ്പോർട്ട് പറയുന്നത്. ""ഇത് ബി.ജെ.പി.യ്ക്കും ആദിത്യനാഥ് സർക്കാരിനും വലിയ തിരിച്ചടിയാവുകയും, വെളിപ്പെടുത്തൽ കേന്ദ്ര മന്ത്രിക്കും ബി.ജെ.പി.യ്ക്കുമെതിരെ വ്യാപകമായ വിമർശനത്തിനും കാരണമായി. പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും മാത്രമല്ല ഞങ്ങളെ വിമർശിക്കുന്നത്. വരുൺ ഗാന്ധിയെ പോലെയുള്ള ബി.ജെ.പി.യുടെ ലോക്സഭാംഗങ്ങൾ വരെ അവർക്കൊപ്പം ചേർന്നിട്ടുണ്ട്. ലഖിംപൂർ ഖേരി കേസിലെ പ്രതികളെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്ന് വരുൺ ഗാന്ധി തുറന്നടിച്ചത് സമൂഹത്തിലെ വലിയ വിഭാഗങ്ങളിൽ നിന്ന് പിന്തുണ നേടുന്നു. ഇത് ഞങ്ങളുടെ പൊതുജന സമ്പർക്ക പരിപാടികളെ തടസ്സപ്പെടുത്തുന്നു.'' - ലഖ്നോയിൽ നിന്നുള്ള നേതാവ് പറഞ്ഞു.

ഒക്ടോബർ മൂന്നിലെ അക്രമസംഭവങ്ങൾക്ക് പിന്നാലെ പൊലീസ് മൂന്ന് എഫ്.ഐ.ആറുകളാണ് സമർപ്പിച്ചത്. അവയിൽ ഒന്ന് ആശിഷ്, അങ്കിത് തുടങ്ങിയവർക്കെതിരെ കർഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ്. മറ്റൊന്ന് തിരിച്ചറിയാത്ത ആളുകൾക്കെതിരെ ബി.ജെ.പി. പ്രവർത്തകൻ നൽകിയതാണ്. കർഷകർക്കുമേൽ ഓടിച്ചുകയറ്റിയ വാഹനവ്യൂഹങ്ങളിലെ ഒരു വാഹനത്തിലും ആശിഷ് ഉണ്ടായിരുന്നില്ലെന്നാണ് ആശിഷ് മിശ്രയും പിതാവ് അജയ് മിശ്രയും അവകാശപ്പെടുന്നത്. അതേസമയം, മന്ത്രിയുടെ മകനും സുഹൃത്തും വാഹനവ്യൂഹനത്തിലെ ഒരു കാറിൽ ഉണ്ടായിരുന്നുവെന്നാണ് കർഷകർ പറയുന്നത്. കർഷകരുടെ കൊലയ്ക്ക് പിന്നാലെ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കർഷക നേതാക്കളും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം ഉയർത്തി. എന്നാൽ, ഈ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെയോ അജയ് മിശ്രയെയോ ഒരുതരത്തിലും ബാധിച്ചില്ല. ഒക്ടോബറിലെ അവസാന ആഴ്ചയിലും അജയ് മിശ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം പൊതുയോഗത്തിൽ പങ്കെടുക്കുന്നതാണ് കണ്ടത്.

ഒക്ടോബർ 30-ന് വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 30 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഉയർന്നുവരുന്ന ബി.ജെ.പി. വിരുദ്ധ, മോദി സർക്കാർ വിരുദ്ധ സാമൂഹിക-രാഷ്ട്രീയ-ജുഡീഷ്യൽ പശ്ചാത്തലത്തിന് അടിവരയിടുന്നു.

ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, ഉത്തർപ്രദേശ് സർക്കാർ കേസ് കൈകാര്യം ചെയ്ത രീതിയെ സുപ്രീം കോടതി വിമർശിച്ചിരുന്നു. ലഖിംപൂർ ഖേരി കേസിൽ പൊലീസ് അന്വേഷണത്തെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ ആവശ്യമായ വിവരങ്ങൾ നൽകിയില്ലെന്ന് നവംബർ എട്ടിന് സുപ്രീം കോടതി കുറ്റപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആദിത്യനാഥ് സർക്കാരിനെയും പൊലീസിനെയും കോടതി പലതവണ വിമർശിച്ചു. സംസ്ഥാന ജുഡീഷ്യൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ബെഞ്ചിന് വിശ്വാസമില്ലെന്ന് കേസ് പരിഗണിച്ച ബെഞ്ചിലംഗമായ ജസ്റ്റിസ് സൂര്യകാന്ത് അസന്ദിഗ്ധമായി പറഞ്ഞു. കേസിൽ മേൽനോട്ടം വഹിക്കാൻ മറ്റൊരു ഹൈക്കോടതി മുൻ ജഡ്ജിയെ നിയമിക്കാനാണ് കോടതി ആലോചിക്കുന്നതെന്നും കുറ്റപത്രം സമർപ്പിക്കുന്നതുവരെ ജഡ്ജിക്ക് അന്വേഷണം സ്വതന്ത്രമായി നിരീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും സാക്ഷികളെ കൂടി വിസ്തരിച്ചു എന്ന പ്രസ്താവനയല്ലാതെ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ടിൽ ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയും വിമർശിച്ചു.

നേരത്തെ നടന്ന ഒരു വാദത്തിനിടെ കൂടുതൽ ദൃക്സാക്ഷികളെ കണ്ടെത്താനും സാക്ഷികൾക്ക് സംരക്ഷണമേർപ്പെടുത്താനും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ 23 സാക്ഷികളെ മാത്രമെ കണ്ടെത്തിയിട്ടുള്ളൂവെന്ന് സാൽവെ പറഞ്ഞപ്പോൾ കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. പ്രതികളിൽ ആശിഷ് മിശ്രയുടെ മാത്രം മൊബൈൽ ഫോൺ ഇതുവരെ പിടിച്ചെടുത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ഹിമ കോലി ആരാഞ്ഞു. രണ്ട് എഫ്.ഐ.ആറുകൾ ഓവർലാപ്പ് ചെയ്ത് ആരോപണവിധേയനായ ഒരു പ്രത്യേക വ്യക്തിക്ക് ആനുകൂല്യം നൽകാൻ ശ്രമിക്കുമ്പോൾ, കേസിന്റെ വിധിയെന്താവുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്ന് ജസറ്റിസ് കാന്ത് പറഞ്ഞു. അക്രമത്തിനിടെ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ ശ്യാം സുന്ദർ നിഷാദിന്റെ ഭാര്യ റൂബി ദേവിയുടെ വക്കീലിന്റെ ഒരു പ്രത്യേക പരാമർശവും നവംബർ എട്ടിലെ വാദം കേൾക്കലിൽ ഉണ്ടായി- ഉത്തർപ്രദേശ് സർക്കാരിന്റെ പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ടെന്നായിരുന്നു അത്. ബി.ജെ.പി. പ്രവർത്തകൻ പോലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടതെന്ന വാദങ്ങളും ഹിയറിങ്ങിനിടെ കേട്ടു. ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട എല്ലാ പുതിയ വെളിപ്പെടുത്തലുകളും ബി.ജെ.പി.യ്ക്കും അതിന്റെ സർക്കാരുകൾക്കും എതിരാണെന്നത് വ്യക്തമാണ്.

റഫാൽ എന്ന സംശയാസ്​പദ ഇടപാട്​

റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഉൾപ്പെടെയുള്ള മറ്റു പുതിയ വെളിപ്പെടുത്തലുകളും ബി.ജെ.പി. നേതൃത്വത്തിന് അസ്വസ്ഥയുണ്ടാക്കുന്നതാണ്. വിമാന നിർമ്മാതാക്കളായ ദസ്സാൾട്ട് ഏവിയേഷനുമായുള്ള ഇന്ത്യൻ ഇടപാടിൽ ഓഫ്‌ഷോർ കമ്പനികളും സംശയാസ്പദമായ കരാറുകളും തെറ്റായ ഇൻവോയ്‌സുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് രേഖകൾ സഹിതം ചൂണ്ടിക്കാണിച്ച ഫ്രഞ്ച് വാർത്താ പോർട്ടലായ മീഡിയപാർട്ട് ആണ് ഈ വെളിപ്പെടുത്തലുകളുടെ കേന്ദ്രം. 2007-നും 2012-നും ഇടയിൽ ഇടനിലക്കാരനും പ്രതിരോധ കരാറുകാരനുമായ സുഷേൻ ഗുപ്തയ്ക്ക് 7.5 മില്യൺ യൂറോ രഹസ്യ കമ്മീഷനായി ദസ്സാൾട്ട് നൽകിയിട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടി. 2014-ൽ മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷവും ഗുപ്തയുടെ സേവനം തുടർന്നുവെന്നതാണ് രസകരം. 2015-2016 കാലഘട്ടത്തിൽ കരാറിന്റെ അന്തിമഘട്ടത്തിലും ഗുപ്തയ്ക്ക് കൈക്കൂലി ലഭിച്ചതായാണ് മീഡിയാപാർട്ട് വെളിപ്പെടുത്തുന്നത്. 2018 ഒക്ടോബർ ആദ്യം ഗുപ്തയ്ക്ക് രഹസ്യമായി പണം ലഭിച്ചതിനുള്ള തെളിവുകൾ സി.ബി.ഐ.യ്ക്കും ഇ.ഡി.യ്ക്കും ലഭിച്ചിട്ടുണ്ടെന്നും എന്നാൽ രണ്ട് ഏജൻസികളും ഇക്കാര്യം അവഗണിക്കുകയായിരുന്നുവെന്നുമാണ് മീഡിയാപാർട്ട് റിപ്പോർട്ടർ യാൻ പിലിപ്പിനിന്റെ റിപ്പോർട്ടിലുള്ള ഞെട്ടിക്കുന്ന വിവരം.

ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി വിരുദ്ധ ഫലങ്ങൾ

ഒക്ടോബർ 30-ന് വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 30 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഉയർന്നുവരുന്ന ബി.ജെ.പി. വിരുദ്ധ, മോദി സർക്കാർ വിരുദ്ധ സാമൂഹിക-രാഷ്ട്രീയ-ജുഡീഷ്യൽ പശ്ചാത്തലത്തിന് അടിവരയിടുന്നു. ഫലങ്ങൾ വിശാലമായി പറഞ്ഞാൽ സമ്മിശ്രമായിരുന്നു. എന്നാൽ ബി.ജെ.പി. വിരുദ്ധ, കേന്ദ്ര സർക്കാർ വിരുദ്ധ മനോഭാവം വടക്ക്, പടിഞ്ഞാറ് ഇന്ത്യയിൽ രൂപപ്പെടുന്നുവെന്നാണ് അതിന്റെ സത്ത. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് പാർലമെൻറ്​ മണ്ഡലങ്ങളിൽ ഹിമാചൽ പ്രദേശിലെ മണ്ഡിയും ദാദ്രാ നഗർ ഹവേലി ആൻഡ് ദാമൻ ദിയു സീറ്റും ബി.ജെ.പി.യ്ക്ക് നഷ്ടമായി. അതേസമയം, മധ്യപ്രദേശിലെ ഖന്ദ്വ നിലനിർത്തുകയും ചെയ്തു. നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഹിമാചൽ പ്രദേശിൽ സീറ്റുകൾ പിടിച്ചെടുക്കുകയും രാജസ്ഥാനിൽ നിലനിർത്തുകയും ചെയ്തു. അതേമയം, സഖ്യകക്ഷികൾക്കൊപ്പം മത്സരിച്ച അസമിൽ ബി.ജെ.പി. അഞ്ച് സീറ്റുകളും നിലനിർത്തുകയും ചെയ്തു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ തൂത്തുവാരിയപ്പോൾ അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി.യും സഖ്യകക്ഷികളും പിടിച്ചുനിന്നു. തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നുള്ള മൊത്തത്തിലുള്ള സന്ദേശം, കർഷകസമരം കാര്യമായ സ്വാധീനം ചെലുത്തുന്ന വടക്ക്, പടിഞ്ഞാറൻ ഇന്ത്യയിൽ ബി.ജെ.പി. വിരുദ്ധ ചർച്ചയിലേക്ക് വിരൽ ചൂണ്ടുന്നു.

ദേശീയ താൽപര്യത്തിന്റെ ഉന്നതമായ ആശയങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ് ഇന്ത്യയുടെ ഭരണാധികാരിയായുള്ള ഏഴ് വർഷത്തെ കാലയളവിനുള്ളിൽ എടുത്തിട്ടില്ലാത്ത വലിയ തീരുമാനം പ്രധാനമന്ത്രി എടുത്തതെന്നാണ് പ്രൊപഗൻഡ മെഷിനറികളുടെ വാദം

ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ നവംബർ 12-നും 19-നും ഇടയിൽ പാർട്ടിയുടെ ഉത്തർപ്രദേശ് ഘടകത്തിന്റെ വിവിധ തലങ്ങളിൽ നിന്നും സംഘ പരിവാറിലെ മറ്റു ഘടകങ്ങളിൽ നിന്നും ലഭിച്ച ഫീഡ്ബാക്ക് രാഷ്ട്രീയമായ നഷ്ടം നികത്താനോ നഷ്ടം കുറയ്ക്കാനോ ഉള്ള തീരുമാനം വേണമെന്ന് തന്നെയായിരുന്നു. തുടർന്ന് മോദി "വിനയാന്വിത'ന്റെ കോട്ടണിഞ്ഞ് ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുകയും കാർഷിക ബില്ലുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയും രാജ്യത്തോട് മാപ്പ് പറയുകയും ചെയ്തു. പതിവുപോലെ, ഈ പ്രഖ്യാപനത്തെയും ബി.ജെ.പി.യും സംഘപരിവാർ പ്രൊപ്പഗാൻഡാ മെഷിനറിയും തങ്ങൾക്കു വേണ്ട രീതിയിൽ തന്നെ ഉപയോഗിച്ചു.

'ഗ്രാൻഡ് മാസ്റ്റർ സ്‌ട്രോക്ക്'

"ഗ്രാൻഡ് മാസ്റ്റർ സ്ട്രോക്ക്'- വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് ശേഷം നവംബർ 19, 20 തീയതികളിൽ പ്രൊപഗൻഡ മെഷിനറികളുടെ പ്രധാന പ്രയോഗം ഇതായിരുന്നു. പാർട്ടിയുടെയും ഹിന്ദുത്വയുടെയും സോഷ്യൽ മീഡിയ ഫാക്ടറിയിലെ നിരവധി അക്കൗണ്ടുകൾ ഈ വരിയിൽ നിരന്നു. പരമോന്നത നേതാവിന്റെ അഭൂതപൂർവമായ കയറ്റിറക്കങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളും ഈ പദപ്രയോഗത്തിന് അനുബന്ധമായി വന്നു. ഒരുവർഷം നീണ്ട കർഷക സമരം സൃഷ്ടിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം പാകിസ്ഥാനും ചൈനയും ഉൾപ്പെടെയുള്ള ഇന്ത്യയുടെ ശത്രുക്കൾ ഉപയോഗിക്കാനിടയുള്ളപ്പോൾ, ദേശീയ താൽപര്യത്തിന്റെ ഉന്നതമായ ആശയങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ് ഇന്ത്യയുടെ ഭരണാധികാരിയായുള്ള ഏഴ് വർഷത്തെ കാലയളവിനുള്ളിൽ എടുത്തിട്ടില്ലാത്ത വലിയ തീരുമാനം പ്രധാനമന്ത്രി എടുത്തതെന്നാണ് പ്രൊപഗൻഡ മെഷിനറികളുടെ വാദം. ""ഏത് സാഹചര്യത്തിലും ഇന്ത്യയുടെ ശത്രുക്കൾക്ക് നേട്ടമുണ്ടാക്കാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് മോദിജി നൽകിയത്''- ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

കർഷക പ്രക്ഷോഭത്തെ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിൽ നേട്ടത്തിനായി ഉപയോഗിക്കാനുള്ള കോൺഗ്രസ്, സമാജ് വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ, ശിരോമണി അകാലി ദൾ, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ്‌വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ വമ്പൻ പദ്ധതികളും ഗ്രാൻഡ് മാസ്റ്റർ സ്ട്രോക്ക് തകർത്തുവെന്നും പ്രൊപഗൻഡ മെഷിനറി പ്രചരിപ്പിച്ചു. "പ്രതിപക്ഷത്തിന് ഇനി കർഷക സമരത്തെ ഫലപ്രദമായ തിരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിക്കാനാവില്ല. പ്രക്ഷോഭം രാഷ്ട്രീയ ഉപകരണമാക്കാനുള്ള നീക്കങ്ങളെല്ലാം മോദിജിയുടെ സൂപ്പർ നീക്കത്തിലൂടെ അട്ടിമറിക്കപ്പെട്ടു.- ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ ചുമതലയുള്ള ആർ.എസ്.എസ്. നേതാവ് ആഹ്ലാദത്തോടെ പറഞ്ഞു. ബി.ജെ.പിയുടെ ഉന്നത വൃത്തങ്ങൾക്കുള്ളിൽ അഭൂതപൂർവമായ തുടർ രാഷ്ട്രീയനീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇത് പ്രതിപക്ഷത്തെ ഞെട്ടിക്കുന്നതായിരിക്കുമെന്നും ഒരു ആർ.എസ്.എസ്. നേതാവ് സൂചിപ്പിച്ചു. എന്നാൽ ഈ നീക്കങ്ങൾ എന്താണെന്ന് വിശദീകരിക്കാൻ നേതാവ് തയ്യാറായില്ല.

സംഘ്​പരിവാർ തുടർനീക്കങ്ങൾ ഇങ്ങനെ

നവംബർ 22-ന് വൈകുന്നേരം മുതൽ സംഘ് പരിവാർ സർക്കിളുകളിൽ തുടർനീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു കൊണ്ടേയിരുന്നു. ബി.ജെ.പി.യിലും സംഘ് പരിവാർ സംഘടനകളിലെയും പ്രവർത്തകർക്കിടയിൽ ഈ നീക്കങ്ങൾ സംബന്ധിച്ച് രഹസ്യ നിർവചനങ്ങളും ഉരുത്തിരിഞ്ഞു. മൂന്ന് ഭാഗങ്ങളാണ് ഈ നിർവചനങ്ങളിൽ പ്രധാനമായും പ്രതിഫലിച്ചത്. ഒന്ന്, നവംബർ അവസാനമോ ഡിസംബർ ആദ്യമോ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്, ആർ.എൽ.ഡി. പ്രസിഡന്റ് ജയന്ത് സിങ് ചൗധരി, ഹരിയാന ഡെപ്യൂട്ടി മുഖ്യമന്ത്രിയും ജനയാക് ജനതാ പാർട്ടി നേതാവുമായ ദുഷ്യന്ത് സിങ് ചൗത്താല എന്നിവരുൾപ്പെടെ ജാട്ട് സമുദായത്തിലെ പ്രധാന നേതാക്കളെ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിക്കുമെന്നതായിരുന്നു.

ജാട്ട് സമുദായത്തിന്റെ സമുന്നത നേതാവും ആർ.എൽ.ഡി. സ്ഥാപകനുമായ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് ഭാരതരത്‌ന നൽകുക എന്ന രാഷ്ട്രീയനീക്കവും ഇതിനിടെ നടക്കുന്നുണ്ട്​.

ഈ യോഗത്തിൽ മിനിമം താങ്ങുവില എന്ന ചോദ്യത്തിന് പരിഹാരം കാണുമെന്നും അതോടെ മോദിയുടെ പിൻവാങ്ങൽ പ്രഖ്യാപനത്തിന് ശേഷമുള്ള ദിവസങ്ങളിൽ സംയുക്ത കിസാൻ മോർച്ചയും (എസ്.കെ.എം) പ്രക്ഷോഭം നടത്തുന്ന കർഷകരും അവരുടെ നേതാക്കളും ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം അഭിസംബോധന ചെയ്യാനുമാകുമെന്നും വാദിക്കപ്പെട്ടു. മിനിമം താങ്ങുവിലയെക്കുറിച്ചുള്ള ആവശ്യം പരിഹരിക്കപ്പെട്ടാൽ മാത്രമെ വീട്ടിലേക്ക് മടങ്ങിപ്പോകാനുള്ള മോദിയുടെ ആഹ്വാനത്തിനോട് പ്രതികരിക്കൂ എന്നാണ് എസ്.കെ.എം. നേതൃത്വം പറഞ്ഞിരുന്നത്. ഈ യോഗവും എം.എസ്.പിയിലുള്ള തീരുമാനവും ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി എൻ.ഡി.എ.യുടെ ഭാഗമാകാനും മോദി സർക്കാരിൽ ചേരാനും ആർ.എൽ.ഡി.യ്ക്ക് മതിയായ കാരണമാകുമെന്നാണ് സംഘ് പരിവാർ നേതൃത്വം വാദിച്ചത്.

ജാട്ട് സമുദായത്തിന്റെ സമുന്നതനായ നേതാവും ലോകദൾ സ്ഥാപകനുമായ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് ഭാരത് രത്ന നൽകുക എന്നതായിരുന്നു രണ്ടാമത്തെ നിർദിഷ്ട രാഷ്ട്രീയനീക്കം. ജയന്ത് ചൗധരിയുടെ മുത്തച്ഛനുമാണ് ചരൺ സിങ്. ഇതെല്ലാം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജാട്ട് വോട്ടുകൾ ബി.ജെ.പി.യ്ക്ക് അനുകൂലമാക്കുന്നതിനുള്ള പുതിയ പദ്ധതി മുന്നോട്ടു നീക്കാനും സഹായിക്കും എന്നും ഈ ചർച്ചകളിൽ പറഞ്ഞു കേട്ടു. ഈ പദ്ധതി മുന്നോട്ടു നീക്കലായിരുന്നു മൂന്നാമത്തെ രാഷ്ട്രീയനീക്കം. ഇത്തരമൊരു നീക്കത്തിന് ഉത്തർ പ്രദേശിലും പഞ്ചാബിലും കൂടുതൽ സ്വാധീനമുണ്ടാകുമെനന്നായിരുന്നു വിലയിരുത്തൽ. ഈ ത്രിതല റിയൽ പൊളിറ്റിക്ക് കളികളെ കുറിച്ചുള്ള ചർച്ചകൾ നവംബർ 22 വരെ പ്രചരിച്ചു. നവംബർ 23-ന് രാവിലെയും സംഘ് പരിവാറിന്റെ ചില ഘടകങ്ങൾ ഇതേക്കുറിച്ചുള്ള ചർച്ചകൾ തുടർന്നു.

ബി.ജെ.പി.യും എസ്.പിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തലേക്കാണ് സംസ്ഥാനത്തെ സാഹചര്യം വിരൽചൂണ്ടുന്നത്.

പക്ഷെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ജയന്ത് ചൗധരിയും 23-ന് ഉച്ചതിരിഞ്ഞ് ലഖ്നോയിൽ കണ്ടുമുട്ടിയപ്പോൾ ഈ സംഘപരിവാർ പ്രചാരണത്തെ അക്ഷരാർത്ഥത്തിൽ തച്ചു തകർക്കുക തന്നെ ചെയ്തു. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.പി.- ആർ.എൽ.ഡി. സഖ്യം പ്രഖ്യാപിക്കാൻ ഉറപ്പാക്കിക്കൊണ്ട് രണ്ടു യുവനേതാക്കളും സമാന ഫോട്ടോകൾ ട്വീറ്റ് ചെയ്തു. "മുന്നേറുന്ന ചുവടുകൾ' (Badhte Kadam- Advancing Steps) എന്ന് ജയന്ത് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയപ്പോൾ, "മാറ്റത്തിലേക്ക് മുന്നേറുന്നു ജയന്ത് ചൗധരിയ്ക്കൊപ്പം' (Heading towards change with Jayant Chaudhary) എന്നാണ് അഖിലേഷ് യാദവ് കുറിച്ചത്. കർഷക നിയമങ്ങൾ പിൻവലിക്കൽ പ്രഖ്യാപനത്തെത്തുടർന്ന് ബി.ജെ.പി.യും സംഘപരിവാറും ആരംഭിച്ച പ്രചാരണത്തിന് ഈ കൂടിക്കാഴ്ചയും രണ്ട് യുവ നേതാക്കളുടെ ട്വീറ്റുകളും തീർച്ചയായും തിരിച്ചടിയായി.

ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നും സമൂഹത്തിന്റെ മറ്റു തലങ്ങളിൽ നിന്നും ബി.ജെ.പിയ്ക്കും അതിന്റെ സർക്കാരുകൾക്കും സമീപകാലത്തുണ്ടായ തിരിച്ചടികളുടെ കുത്തൊഴുക്ക് തള്ളിക്കളയാനാവാത്ത തരത്തിൽ പ്രകടം തന്നെയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവയെല്ലാം തുടർച്ചയായി തിരിച്ചടികൾ സൃഷ്ടിച്ചുവെന്ന് സംഘപരിവാർ അണികൾ സമ്മതിക്കുന്നു. പക്ഷെ കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും മോശം ഘട്ടമെന്ന് വസ്തുനിഷ്ഠമായി വിശേഷിപ്പിക്കാമെങ്കിലും, പ്രതിപക്ഷ പാർട്ടികൾക്ക് ഇതിൽ നിന്ന് മുതലെടുക്കാൻ കഴിയുന്നില്ല എന്നതാണ് ബി.ജെ.പി.യുടെ പ്ലസ് പോയിന്റുകളിലൊന്നായി അവർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ""പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനോ 2021 മാർച്ച്-ഏപ്രിൽ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മനോഹര വിജയം നേടിയ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റു പ്രതിപക്ഷ കക്ഷികൾക്കോ ഒരുമിച്ച് നിന്ന് സർക്കാരിനെതിരായ ശക്തിയാകാൻ കഴിയുന്നില്ലെന്നാണ് അവരുടെ കാഴ്ചപ്പാട്. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലും പ്രാദേശികമായി പ്രതിപക്ഷ പാർട്ടികൾ നേട്ടമുണ്ടാക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാൽ അവർക്ക് ഒരുമിച്ച് ചേർന്ന് ഒരു ദേശീയ ബദലാകാൻ കഴിയുന്നില്ല. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പകരക്കാരാനാകാൻ പാകത്തിലുള്ള ഒരു നേതാവും മറുഭാഗത്തില്ല.''

കർഷകരുടെ സമരവീര്യം കൃത്യമായും കൂട്ടായും ഉപയോഗപ്പെടുത്തനായാൽ, 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സർക്കാരിനെ തകർത്തതുപോലെ പ്രതിപക്ഷ കക്ഷികൾക്ക് ബി.ജെ.പി.യെ പരാജയപ്പെടുത്താനാകുമെന്നാണ് ഉത്തർ പ്രദേശിലെ രാഷ്ട്രീയ നിരീക്ഷകരിൽ പലരുടെയും അഭിപ്രായം. എന്നാൽ സമരോർജത്തിന്റെ ഇത്തരത്തിലുള്ള ഉപയോഗം ഇതുവരെ നടന്നിട്ടില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യയിലുടനീളമുള്ള ബഹുഭൂരിപക്ഷം വരുന്ന സംഘപരിവാർ പ്രവർത്തകർ ആവർത്തിച്ച് അവകാശപ്പെടുന്നത് ഈ ബദൽ ഇല്ലായ്മ വ്യക്തമായ നേട്ടമാണെന്നാണു. എങ്കിലും അതെ സമയം, ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നും സമൂഹത്തിന്റെ മറ്റു തലങ്ങളിൽ നിന്നും ബി.ജെ.പിയ്ക്കും അതിന്റെ സർക്കാരുകൾക്കും സമീപകാലത്തുണ്ടായ തിരിച്ചടികളുടെ കുത്തൊഴുക്ക് തള്ളിക്കളയാനാവാത്ത തരത്തിൽ പ്രകടം തന്നെയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഖിലേഷ് യാദവിനൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് ഓംപ്രകാശ് രാജ്ഭർ

ഈ സാഹചര്യത്തിലാണ് ചെറുകിട മറ്റ് പിന്നാക്ക ജാതി (ഒ.ബി.സി.) പാർട്ടികളുമായി സഖ്യമുണ്ടാക്കി ഉത്തർപ്രദേശിൽ സവിശേഷമായ ഒരു ജനകീയ പ്രതിഷേധ ഊർജം വളർത്തിയെടുക്കാൻ എസ്.പി. നേതാവ് അഖിലേഷ് യാദവ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുന്നത്. അഖിലേഷിന്റെ നീക്കങ്ങൾ ബി.ജെ.പി.യ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന അഭിപ്രായം ഉത്തർപ്രദേശിലെ സംഘ പരിവാറിൽ കൂടുതൽ കൂടുതലായി ആക്കം നേടുന്നുമുണ്ട്. ഈ നീക്കങ്ങൾക്ക് വലിയ സാധ്യതയുള്ളതായാണ് തോന്നുന്നതെന്നാണ് ഒരു മുതിർന്ന ആർ.എസ്.എസ്. പ്രവർത്തകൻ പറഞ്ഞത്. ആർ.എൽ.ഡി.യെ കൂടാതെ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായും എസ്.പി. സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഓംപ്രകാശ് രാജ്ഭർ നേതൃത്വം നൽകുന്ന ഈ പാർട്ടി ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിലായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ. 2017-ൽ എട്ട് സീറ്റിൽ മത്സരിച്ച പാർട്ടി നാലിടത്ത് വിജയിച്ചിരുന്നു. പാർട്ടിക്ക് ഉത്തർ പ്രദേശിലെ 60 സീറ്റുകളിൽ സ്വാധീനമുണ്ടെന്നാണ് കണക്കാക്കുന്നത്. അതുപോലെ, മഹാൻ ദൾ, ജൻവാഡി പാർട്ടി (സോഷ്യലിസ്റ്റ്) എന്നീ പാർട്ടികളും എസ്.പി. ചിഹ്നത്തിൽ മത്സരിക്കും. ഈ പാർട്ടികൾക്കും 60-70 സീറ്റുകളിൽ സ്വാധീനമുണ്ട്.

403 സീറ്റുകളുള്ള അസംബ്ലയിൽ ഇതുപോലെയുള്ള ചെറിയ കൂട്ടിച്ചേർക്കലുകൾ നിർണായകമാകുമെന്നും അത് ബി.ജെ.പി.യ്ക്ക് ഭീഷണിയാകുമെന്നും കരുതണം. അതോടൊപ്പം, ബി.എസ്.പി., കോൺഗ്രസ് തുടങ്ങിയ മറ്റ് വലിയ പ്രതിപക്ഷ കക്ഷികളുടെയും വഴിയടയ്ക്കുകയാണ് എസ്.പി.യുടെ ചെറുപാർട്ടികളുമായുള്ള സഖ്യം. ഉത്തർപ്രദേശിൽ സവിശേഷവും അഭൂതപൂർവവുമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് വ്യക്തമാണ്. വർഗീയമായി ധ്രുവീകരണം പ്രധാന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കുന്ന ഹിന്ദുത്വ സഖ്യത്തിനെതിരായ നിർണായക പോരാട്ടവും അതിനെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ- സാമൂഹിക മഥനവുമാണ് ഇന്ത്യയിലേ ഏറ്റവും ഉയർന്ന ജനസംഖ്യ ഉള്ള ഈ സംസ്ഥാനത്ത് നടക്കുന്നത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വെങ്കിടേഷ്​ രാമകൃഷ്​ണൻ

മാനേജിംഗ്​ എഡിറ്റർ, ദി ഐഡം. ഫ്രൻറ്​ലൈനിൽ ചീഫ്​ ഓഫ്​ ബ്യൂറോയും സീനിയർ അസോസിയേറ്റ്​ എഡിറ്ററുമായിരുന്നു. ദീർഘകാലം ഉത്തരേന്ത്യയിൽ മാധ്യമപ്രവർത്തകനായിരുന്നു.

Comments