ദേശവിരുദ്ധ പോസ്റ്റുകൾ ഷെയർ ചെയ്താൽ ജീവപര്യന്തം, സർക്കാർ പദ്ധതികൾ പ്രചരിപ്പിച്ചാൽ 8 ലക്ഷം രൂപ; യുപിയിലെ പുത്തൻ സോഷ്യൽമീഡിയ നയം

ദേശവിരുദ്ധ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാമെന്നാണ് യോഗി ആദിത്യനാഥിൻെറ നേതൃത്വത്തിലുള്ള യുപി സർക്കാർ പുറത്തിറക്കിയിരിക്കുന്ന സോഷ്യൽ മീഡിയ നയത്തിൽ പറയുന്നത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം ആരംഭിച്ച് കഴിഞ്ഞു…

News Desk

ജനങ്ങളുടെ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും സർക്കാർ പദ്ധതികൾ പ്രചരിപ്പിക്കുന്നവർക്ക് പ്രതിഫലം നൽകുകയും ചെയ്യുന്ന പുതിയ സോഷ്യൽ മീഡിയ നയവുമായി ഉത്തർ പ്രദേശ് സർക്കാർ. ദേശവിരുദ്ധ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാമെന്നാണ് യോഗി ആദിത്യനാഥിൻെറ നേതൃത്വത്തിലുള്ള യുപി സർക്കാർ പുറത്തിറക്കിയിരിക്കുന്ന സോഷ്യൽ മീഡിയ നയത്തിൽ പറയുന്നത്. സർക്കാരിന്റെ വിവിധ പൊതുക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർക്ക് വലിയ തുക പ്രതിഫലം നൽകുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തിറങ്ങുന്ന വീഡിയോ ട്വീറ്റ്, പോസ്റ്റ്, റീൽ മുതലായവയിൽ ദേശവിരുദ്ധമോ സാമൂഹികവിരുദ്ധമോ അശ്ലീലമോ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ ആയി ശ്രദ്ധയിൽപ്പെട്ടാൽ നടപടി എടുക്കുമെന്ന് നയത്തിൽ വ്യക്തമായി പറയുന്നുണ്ട്. 3 വർഷം മുതൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാമെന്നാണ് പറയുന്നത്.

സർക്കാരിന്റെ വികസന, പൊതുജനക്ഷേമ പദ്ധതികളെക്കുറിച്ചും, സംസ്ഥാനത്തെ ജനങ്ങൾക്കുള്ള നേട്ടങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് നയം നടപ്പിലാക്കിയതെന്ന് ബുധനാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നുണ്ട്. എക്സ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലെ സബ്ക്രൈബർമാരുടെയും ഫോളോവെഴ്സിന്റെയും എണ്ണം കണക്കിലെടുത്താണ് സർക്കാർ പദ്ധതികൾ പ്രോത്സഹിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്ക് പ്രതിഫലം നിശ്ചയിക്കുക. യൂട്യൂബ് വഴിയുള്ള പ്രചാരണങ്ങൾക്ക് പ്രതിമാസം 8 ലക്ഷം രൂപ വരെയാണ് നൽകുക. എക്സിലൂടെ ഉള്ള പ്രചരണങ്ങൾക്ക് 5 ലക്ഷം രൂപ, ഫേസ്ബുക്കിലൂടെ ഉള്ളവയ്ക്ക് നാല് ലക്ഷം രൂപ, ഇൻസ്റ്റഗ്രാം വഴി ഉള്ളവയ്ക്ക് 3 ലക്ഷം രൂപ വരെ എന്നിങ്ങനെയാണ് പ്രതിമാസ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. യൂട്യൂബിൽ വീഡിയോസ്, ഷോർട്സ്, പോഡ്കാസ്റ്റ് എന്നിവയ്ക്ക് യഥാക്രമം എട്ട് ലക്ഷം, ഏഴ് ലക്ഷം, ആറ് ലക്ഷം എന്നിങ്ങനെയാണ് തുക നിശ്ചയിച്ചിട്ടുള്ളത്.

യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥ്

സർക്കാരിനെ പിന്താങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുകയും വിമർശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള സോഷ്യൽ മീഡിയ നയത്തിനെതിരെ ഇതിനോടകം തന്നെ യുപിയിലെ പ്രതിപക്ഷമടക്കം രംഗത്തെത്തിയിട്ടുണ്ട്. പുതിയ സോഷ്യൽ മീഡിയ നയത്തിലൂടെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. പൊതുപണം ഉപയോഗിച്ച് സർക്കാർ ഇത്തരത്തിൽ നടത്തുന്ന ‘സ്വയം പ്രമോഷൻ’ രീതി പുതിയ അഴിമതിയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ജനങ്ങളുടെ അഭിപ്രായസ്വതന്ത്ര്യത്തിന് വിലക്ക് കൽപ്പിക്കുന്ന പുതിയ നയം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞു. സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ ഇല്ലാതാക്കാനും സർക്കാർ പ്രവർത്തനങ്ങളുടെ പരസ്യം പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നയത്തിലൂടെ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

അജയ് റായ്
അജയ് റായ്

സർക്കാരിന്റെ പദ്ധതികളെയും നേട്ടങ്ങളെയും കുറിച്ചുള്ള ട്വീറ്റുകൾ/വീഡിയോകൾ/പോസ്റ്റുകൾ/റീലുകൾ എന്നിവ നിർമ്മിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക ഉണ്ടാക്കാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന ഇൻഫർമേഷൻ വകുപ്പ്. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിച്ച് നടപടികളെടുക്കാനുള്ള ഉത്തരവാദിത്വവും ഇൻഫർമേഷൻ ഡയറക്ടർക്ക് തന്നെയാണുള്ളത്.

Comments