യു.പിയിൽ അട്ടിമറി; ബി.ജെ.പിയെ കടത്തിവെട്ടി എസ്.പി

സമാജ്‍വാദി പാർട്ടി തങ്ങളുടെ പരമ്പരാഗത സാമുദായിക വോട്ടു രാഷ്ട്രീയത്തെ കൂടുതൽ പ്രായോഗികമായി വികസിപ്പിച്ചെടുക്കുന്ന തെരഞ്ഞെടുപ്പാണിതെന്നു പറയാം. മോദി ഗ്യാരണ്ടി എന്ന വികസന അജണ്ട കാമ്പയിനിൽ പരാജയപ്പെടുകയും മോദിയും യോഗി ആദിത്യനാഥും വിദ്വേഷ പ്രസംഗങ്ങളുമായി വർഗീയ കാമ്പയിൻ ആയുധമാക്കുകയും ​ചെയ്തപ്പോൾ, ജനവികാരം തീർത്തും എൻ.ഡി.എക്ക് തിരിച്ചടിയായി.

Election Desk

ഗുജറാത്ത് പോലെ ബി.ജെ.പി തങ്ങളുടെ ഹിന്ദുത്വ പരീക്ഷണ ഭൂമിയായി കണക്കാക്കിയ ഉത്തർപ്രദേശ് ഇത്തവണ അവരെ കൈവിട്ടു. ആകെയുള്ള 80 സീറ്റിൽ എസ്.പി 41- ലും കോൺഗ്രസ് ഏഴിടത്തും മുന്നേറുന്നു. എൻ.ഡി.എക്ക് 38 സീറ്റിൽ മാത്രമാണ് ലീഡ്.

2019 ൽ എൻ.ഡി.എക്ക് 62 സീറ്റുണ്ടായിരുന്നു. 37 സീറ്റിൽ മത്സരിച്ച എസ്.പി അഞ്ചു സീറ്റിലൊതുങ്ങി. കോൺഗ്രസിനാകട്ടെ, സോണിയാഗാന്ധിയിലൂടെ ​അമേഥി മാത്രമാണ് ലഭിച്ചത്.

ഇത്തവണ മത്സരമേയില്ലെന്ന തരത്തിലായിരുന്നു ബി.ജെ.പി ഉത്തർപ്രദേശിൽ മത്സരത്തിനിറങ്ങിയത്. യു.പി മുഴുവനും എതിരില്ലാതെ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസം പക്ഷേ അമിതമായിപ്പോയി. ബി.ജെ.പി സ്വപ്‌നം പോലും കണ്ടിരിക്കാൻ ഇടയില്ലാത്ത അത്ര വലിയ മുന്നേറ്റമാണ് ‘ഇന്ത്യ’ സഖ്യം നടത്തിയത്. ​ദേശീയ തലത്തിൽ കേവല ഭൂരിപക്ഷത്തിൽനിന്ന് ബി.ജെ.പിയെ അകറ്റിനിർത്തിയതിൽ പ്രധാനം യു.പിയിലെ തിരിച്ചടിയാണ്. ​പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തള്ളി കാമ്പയിനിൽ ആധിപത്യം സ്ഥാപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വ്യക്തിപരമായ തിരിച്ചടി കൂടിയാണിത്.

മൊറാദാബാദ്, റാംപൂർ, അലിഗഡ്, സുൽത്താൻപുർ, കനൗജ്, ഫത്തേപ്പുർ, ഫൈസാബാദ്, തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം വലിയ ഭൂരിപക്ഷത്തോടെയാണ് എസ്.പി മുന്നിലെത്തിയത്. റായ്ബറേലി, അലഹാബാദ്, അമേഥി തുടങ്ങിയ തന്ത്രപ്രധാന മണ്ഡലങ്ങളിൽ കോൺഗ്രസും വലിയ ഭൂരിപക്ഷത്തോടെ മുന്നിലെത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മത്സരിച്ച അമേഥിയിൽ ഒരു ലക്ഷത്തിന് മേൽഭൂരിപക്ഷമാണ് കോൺഗ്രസിന് നേടിയത്. റായ് ബറേലിയിൽ രാഹുൽ ഗാന്ധി ആറുലക്ഷം വോട്ടും നേടി. 2019-ൽ എസ് പി നേടിയ 35.2 ശതമാനം വോട്ടും കോൺഗ്രസ് നേടിയ 14.3 ശതമാനം വോട്ടും ചേർന്നാൽ സ്മൃതിയെ തോൽപ്പിക്കാം എന്നായിരുന്നു കോൺഗ്രസിന്റെ കണക്കു കൂട്ടൽ. അത് ഏറെക്കുറേ ശരിയായി.

രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ സമാജ് വാദി പാർട്ടിയുടെ അവധേഷ് പ്രസാദ് 5787 വോട്ടുകൾക്ക് ലീഡ് ചെയ്യുമ്പോൾ ബി ജെ പിയുടെ ലല്ലു സിംഗ് പിന്നിലാണെന്നത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ തുടക്കത്തിൽ കോൺഗ്രസിന്റെ അജയ് റായിക്കെതിരെ പതിനായിരത്തോളം വോട്ടുകൾക്ക് പിന്നിൽ പോയപ്പോൾ പാർട്ടി കേന്ദ്രങ്ങൾ ഞെട്ടി.

ബി.ജെ.പി വലിയ സംഭവമായി കൊണ്ടാടിയ അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പ്രധാന ലക്ഷ്യം യു.പി ഇലക്ഷൻ കൂടിയായിരുന്നു. പക്ഷേ അതൊന്നും ഉത്തർപ്രദേശിൽ ബി.ജെ.പി കരുതിയ പോലെ വോട്ടായില്ല. കോൺഗ്രസും സമാജ് വാദി പാർട്ടിയും ഉൾപ്പടെയുള്ള പ്രതിപക്ഷത്തെ വിശ്വാസപരമായും അല്ലാതെയും കടുത്ത ആശയക്കുഴപ്പത്തിലാക്കാനും അയോധ്യ കൊണ്ട് ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് വന്ന രണ്ടാം ഘട്ട കർഷക സമരം യു.പിയെ ഉലച്ചു. മാത്രമല്ല, ബി.ജെ.പിക്കെതിരെ അടിസ്ഥാന പ്രശ്നങ്ങളിലൂന്നിയുള്ള ‘ഇന്ത്യ’ മുന്നണി കാമ്പയിൻ ജനങ്ങളെ ആകർഷിച്ചു. മു​മ്പെങ്ങുമില്ലാത്തവിധം ഐക്യത്തോടെയാണ് അഖിലേഷിന്റെയും രാഹുലിന്റെയും നേതൃത്വത്തിൽ ‘ഇന്ത്യ’ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പ്രചാരണത്തിൽ മോദിയും യോഗിയും തുടർന്ന വിദ്വേഷ പ്രചാരണവും അപര വിദ്വേഷവുമെല്ലാം ബി.ജെ.പിയിലേക്കുള്ള വോട്ടൊഴുക്കിനെ പ്രതികൂലമായി ബാധിച്ചു. പശ്ചിമ യു.പിയിൽ ബി.ജെ.പി വോട്ടുബാങ്കായ രജ്പുത് വിഭാഗം, ഇത്തവണ പാർട്ടിയുമായി അകൽച്ചയിലായതും വോട്ട് കുറച്ചു. തങ്ങളുടെ സമുദായത്തിന് അർഹമായ എണ്ണം സ്ഥാനാർഥികളെ ലഭിച്ചില്ല എന്ന പരാതിയാണ് രജപുത് വിഭാഗത്തെ പാർട്ടിയിൽ നിന്ന് അകറ്റിയത്.

സംസ്ഥാന ജനസംഖ്യയിൽ 20 ശതമാനമാണ് മുസ്‌ലിംകൾ. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പിക്ക് മുസ്‌ലിം വോട്ടുബാങ്ക് സുരക്ഷിതമാക്കാനായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, മുസ്‌ലിം വോട്ടിൽ ഭിന്നിപ്പുണ്ടാകാതിരിക്കുക എന്ന കരുതൽ കോൺഗ്രസിനെ മുന്നിൽനിർത്തി എസ്.പി പയറ്റിയിരുന്നു. അത് തീർത്തും ‘ഇന്ത്യ’ മുന്നണിയുടെ മുന്നേറ്റത്തിന് സഹായകമായി.

യു.പിയിലെ സാമുദായിക സമവാക്യങ്ങളിൽ വന്ന മാറ്റവും ബി.ജെ.പിക്ക് വൻ തിരിച്ചടിയായി. പരമ്പരാഗത യാദവ- മുസ്‌ലിം വോട്ടുബാങ്കുപുറമേ, ‘PDA’ എന്ന പുതിയ സമവാക്യവുമായാണ്- പിന്നാക്ക വിഭാഗം- ദലിത്- ന്യൂനപക്ഷ സഖ്യം- എസ്.പി രംഗത്തെത്തിയത്. മുസ്‌ലിം- യാദവ് വോട്ടിൽ മാത്രം ലക്ഷ്യം വക്കുന്നത് മറ്റു വിഭാഗങ്ങളുമായുള്ള അകലം കൂട്ടിയിട്ടുണ്ടെന്നും അത് കുറയ്ക്കാനും പരമാവധി സീറ്റ് നേടാനും ഈ വിഭാഗങ്ങളെ കൂടി ചേർത്തുപിടിക്കുകയായിരുന്നു എസ്.പി. പാർട്ടിയുടെ സ്ഥാനാർഥി പട്ടികയിൽ ഇതുവരെ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാതിരുന്ന യാദവേതര ഒ.ബി.സിക്കാർക്കും, ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ച് ഇക്കുറി ഇടം നൽകി.
അങ്ങനെ ഹിന്ദു 'ബഹുജൻ' വോട്ട് സമാഹരിക്കാൻ സമാജ്‌വാദി പാർട്ടിക്കായി.

സംസ്ഥാന ജനസംഖ്യയിൽ 60- 65 ശതമാനവും ഒ.ബി.സി- ദലിത് വിഭാഗമാണ്. ബി.ജെ.പിയായിരുന്നു ഈ വോട്ടുബാങ്കിന്റെ ‘പരമ്പരാഗത’ ഗുണഭോക്താക്കൾ. ഇത്തവണ ബി.ജെ.പിയേക്കാൾ കൂടുതൽ ഒ.ബി.സി- ദലിത് സ്ഥാനാർഥികളെ നിർത്തിയാണ് എസ്.പി ബി.ജെ.പിയെ നേരിട്ടത്.

ഇത്തവണ, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളിനെ ‘ഇന്ത്യ’ മുന്നണിയിൽനിന്ന് അടർത്തിയെടുത്ത് ബി.ജെ.പി തന്ത്രപ്രധാനമായ രാഷ്ട്രീയ നീക്കം നടത്തിയിരുന്നു. രാഷ്ട്രീയ ലോക്ദൾ, ജാട്ട് വിഭാഗം നിർണായകമായ പശ്ചിമ യു.പിയിലെ നിർണായക ശക്തിയാണ്. 2019-ൽ ജാട്ട് ഭൂരിപക്ഷ ജില്ലകളിൽ നേരിട്ട തിരിച്ചടി, ഇത്തവണ ആർ.എൽ.ഡിയിലൂടെ തിരിച്ചുപിടിക്കാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടൽ. എന്നാൽ, അത് പ്രതീക്ഷിച്ച അത്ര ഫലം കണ്ടില്ല.

രണ്ടാം മോദി സർക്കാരിനെ അധികാരത്തിലെത്തിക്കാൻ ഏറ്റവും വലിയ പിന്തുണ നൽകിയത് ഉത്തർപ്രദേശ് ആയിരുന്നു. ഇത്തവണയും അതേ പ്രതീക്ഷയിൽ തന്നെയിറങ്ങിയ ബി.ജെ.പി.ക്ക് പക്ഷേ മറ്റ് സംസ്ഥാനങ്ങളെക്കാൾ സ്വന്തം തട്ടകമായ യു.പിയിൽ പിഴച്ചു. ദേശീയതലത്തിൽ ഇത്തവണ 370 സീറ്റിൽ വിജയിക്കണം എന്ന ലക്ഷ്യമായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്. എൻ.ഡി.എ 400-ഉം. ഇതിൽ, യു.പിയിൽനിന്നുമാത്രം 70 എം.പിമാർ എന്ന ടാർഗറ്റാണ് പാളിപ്പോയത്.

സമാജ്‍വാദി പാർട്ടി തങ്ങളുടെ പരമ്പരാഗത സാമുദായിക വോട്ടു രാഷ്ട്രീയത്തെ കൂടുതൽ പ്രായോഗികമായി വികസിപ്പിച്ചെടുക്കുന്ന തെരഞ്ഞെടുപ്പാണിതെന്നു പറയാം. മോദി ഗ്യാരണ്ടി എന്ന വികസന അജണ്ട കാമ്പയിനിൽ പരാജയപ്പെടുകയും മോദിയും യോഗി ആദിത്യനാഥും വിദ്വേഷ പ്രസംഗങ്ങളുമായി വർഗീയ കാമ്പയിൻ ആയുധമാക്കുകയും ​ചെയ്തപ്പോൾ, ജനവികാരം തീർത്തും എൻ.ഡി.എക്ക് തിരിച്ചടിയായി.

Comments