ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ എം.പിമാരെ- 80- വിജയിപ്പിക്കുന്ന ഉത്തർപ്രദേശ് മെയ് ഏഴിന് മൂന്നാം ഘട്ട വോട്ടെടുപ്പിലേക്ക്. പത്തു മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കഴിഞ്ഞ രണ്ടു ഘട്ടങ്ങളിൽ 16 ഇടത്ത് വോട്ടെടുപ്പ് പൂർത്തിയായിരുന്നു.
യാദവ വോട്ടുകൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളാണിവ എന്നതിനാൽ സമാജ്‌വാദി പാർട്ടിക്കും മുലായം സിങ് യാദവിന്റെ കുടുംബാംഗങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളുള്ളതിനാൽ അഖിലേഷ് യാദവിനും നിർണായകമാണ് ഈ പത്ത് മണ്ഡലങ്ങൾ.
സംഭാൽ, ഹാഥ്‌റസ്, ആഗ്ര, ഫത്തേപുർ സിക്രി, ഫിറോസാബാദ്, മെയിൻപുരി, ഇറ്റ, ബദായു, അവോന, ബറേലി എന്നിവിടങ്ങളിലാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്.
യാദവർക്കുപുറമേ പിന്നാക്ക- മുസ്‌ലിം- ജാട്ട് വിഭാഗങ്ങൾ എന്നിവർക്കും ചില മണ്ഡലങ്ങളിൽ സ്വാധീനമുണ്ട്. യാദവ വോട്ടുബാങ്കിനൊപ്പം ഇത്തവണ സമാജ്‌വാദി പാർട്ടി പിന്നാക്ക- ദലിത്- ന്യൂനപക്ഷ (പി.ഡി.എ) സമവാക്യം കൂടി പരീക്ഷിക്കുന്നതിനാൽ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് വീര്യമേറും. മാത്രമല്ല, 'ഇന്ത്യ' മുന്നണിയും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങൾ കൂടിയാണിവ. ബി.എസ്.പിയുടെ സാന്നിധ്യം ചിലയിടത്ത് ത്രികോണമത്സര പ്രതീതിയുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പി പത്തിടത്തും മത്സരിക്കുന്നു. എസ്.പി ഒമ്പതിടക്കും കോൺഗ്രസ് ഒരിടത്തും 'ഇന്ത്യ' മുന്നണിയായി മത്സരിക്കുന്നു. ഫത്തേപുർ സിക്രിയാണ് കോൺഗ്രസിന്റെ മണ്ഡലം.
2019-ലെ ഇലക്ഷനിൽ ഈ പത്ത് മണ്ഡലങ്ങളിൽ എട്ടിടത്തും ബി.ജെ.പിക്കായിരുന്നു ജയം, രണ്ടിടത്ത് എസ്.പിയും. ഫിറോസാബാദ്, ബദായു എന്നിവിടങ്ങളിലൊഴികെ ബി.ജെ.പിക്ക് 50 ശതമാനത്തിലേറെ വോട്ടുമുണ്ടായിരുന്നു. മുലായം കുടുംബത്തിലെ പരമാവധി പേരെ തന്നെ എസ്.പി ഇറക്കിയിരിക്കുന്നത് ബി.ജെ.പിയുടെ ഈ മുന്നേറ്റന്നതിന് തടയിടാൻ കൂടിയാണ്.
അഖിലേഷിന്റെ പങ്കാളിയും സിറ്റിങ് എം.പിയുമായ ഡിംപിൾ യാദവ് ആണ് മെയിൻപുരിയിൽ എസ്.പി സ്ഥാനാർഥി. കഴിഞ്ഞ തവണ എസ്.പി 53 ശതമാനം വോട്ടുനേടി ജയിച്ച ഈ മണ്ഡലം പാർട്ടിയുടെ കോട്ട കൂടിയാണ്. മറ്റു കുടുംബാംഗങ്ങളായ അക്ഷയ് യാദവ് ഫിറോസാബാദിലും ആദിത്യ യാദവ് ബദായുവിലും മത്സരിക്കുന്നു. രണ്ടിടത്തും കഴിഞ്ഞ തവണ ബി.ജെ.പിയാണ് ജയിച്ചത്.
എസ്.പിയുടെ കുടുംബരാഷ്ട്രീയം തന്നെയാണ് ബി.ജെ.പിയുടെ കാമ്പയിൻ. ഒ.ബി.സി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയിൽ എസ്.പി ജാതി സെൻസസ് ആണ് പ്രധാനമായും പയറ്റുന്നത്. ഇന്ത്യക്കു മാത്രമല്ല, ലോകത്തിനുതന്നെയും ഏറ്റവും അപകടം പിടിച്ച കുടുംബം ബി.ജെ.പിയാണ് എന്നാണ്, കുടുംബരാഷ്ട്രീയത്തിനെക്കുറിച്ചുള്ള വിമർശനത്തിന് അഖിലേഷ് യാദവിന്റെ മറുപടി.
മൂന്നാം ഘട്ടത്തിൽ കാറ്റ് 'ഇന്ത്യ' മുന്നണിക്ക് അനുകൂലമാണ് എന്നാണ് അഖിലേഷ് യാദവ് പറയുന്നത്: ''ബി.ജെ.പിക്ക് കാറ്റിന്റെ ദിശ അറിയാത്തതുകൊണ്ടാണ് ഇപ്പോഴും 400 സീറ്റ് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ പശ്ചിമ യു.പിയിൽനിന്നാണ് ഈ കാറ്റ് വീശിത്തുടങ്ങിയത്. ബി.ജെ.പിക്കെതിരായ സമാന ട്രെൻഡ് രണ്ടാം ഘട്ടത്തിലും ആവർത്തിച്ചു'', സംഭാലിൽ നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു.
മൂന്നാം ഘട്ട വോട്ടെടുപ്പിൽ, ഡിംപിൾ യാദവിന്റെ മെയിൻപുരി തന്നെയാണ് ശ്രദ്ധയാകർഷിക്കുന്ന മണ്ഡലം. മുലായം സിങ് യാദവിന്റെ മരണശേഷം പാർട്ടി ആദ്യമായി നേരിടുന്ന ഏറ്റവും പ്രധാന പൊതുതെരഞ്ഞെടുപ്പുകൂടിയാണിത്. ജെയ്‌വീർ സിങാണ് ഇവിടെ ഡിംപിളിന്റെ ബി.ജെ.പി എതിരാളി. ബി.എസ്.പി സ്ഥാനാർഥി ശിവ് പ്രസാദ് യാദവാണ്.
2022 ഒക്‌ടോബറിൽ മുലായം സിങ് യാദവിന്റെ മരണത്തെതുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഡിംപിൾ ജയിച്ചത്. അന്ന് മുലായത്തോടുള്ള സഹതാപതരംഗമുണ്ടായിരുന്നു. ആ നിലയ്ക്ക് ഡിംപിളിന്റെ ആദ്യ രാഷ്ട്രീയ മത്സരമാണിത് എന്നു പറയാം.
പരമ്പരാഗതമായി സമാജ്‌വാദി പാർട്ടി മണ്ഡലമാണെങ്കിലും നിർണായക മുസ്‌ലിം വോട്ടുകളെ ബി.എസ്.പിയുടെ സാന്നിധ്യം എങ്ങനെ സ്വാധീനിക്കുമെന്നത് വലിയ ചോദ്യമാണ്. യാദവേതര വോട്ടുകൾ കൂടി സമാഹരിക്കാൻ എസ്.പിക്ക് എത്ര കഴിയും എന്നതുകൂടി ഇത്തവണ പാർട്ടിയുടെ വിജയത്തെ നിർണയിക്കും. ഡിംപിളിന്റെ മകൾ, 21 കാരിയായ അതിദി യാദവാണ് കാമ്പയിന്റെ നേതൃത്വം.
യാദവ് വോട്ടുകളിൽ കണ്ണുനട്ടാണ് ബി.എസ്.പി സ്ഥാനാർഥി ശിവ് പ്രസാദ് യാദവിന്റെ കാമ്പയിൻ. ഡിംപിൾ രജ്പുത് കുടുംബത്തിൽനിന്നുള്ള ആളാണെന്ന 'രഹസ്യം' ബി.ജെ.പി സൂചിപ്പിക്കുന്നുമുണ്ട്. മുലായത്തിന്റെ അസാന്നിധ്യമാണ് ഇത്തവണ ബി.ജെ.പിക്ക് പ്രതീക്ഷ പകരുന്നത്.
നേരത്തെ ബി.എസ.പിക്ക് സ്വാധീനമുണ്ടായിരുന്ന ഒ.ബി.സി- മുസ്‌ലിം വോട്ടുബാങ്കുകളുടെ കൂടി മേഖലയാണ് ഈ പത്തു മണ്ഡലങ്ങളും. ഇത്തവണ ബറേലിയിൽ പാർട്ടി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് തിരിച്ചടിയായി. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഭാൽ, ഫത്തേപുർ സിക്രി എന്നിവിടങ്ങളിൽ ബി.എസ്.പിക്കായിരുന്നു ജയം. ആഗ്ര, ഫത്തേപുർ സിക്രി എന്നിവിടങ്ങളിൽ ദലിത് വോട്ടിനാണ് മുൻതൂക്കം.
സംഭാൽ, അവോന, ഇറ്റ, ഫിറോസാബാദ്, ബദായു എന്നിവിങ്ങളിൽ മുസ്‌ലിം സ്ഥാനാർഥികളെ നിർത്തിയാണ് ബി.എസ്.പി 'ഇന്ത്യ' മുന്നണിയെയും ബി.ജെ.പിയെയും നേരിടുന്നത്.
ബി.എസ്.പിയുടെ വോട്ടുബാങ്ക് പിളർത്താൻ എസ്.പി പതിനെട്ടടവും പയറ്റുന്നുണ്ട്. ദലിത് സ്വാധീനമേഖലയായ ആഗ്രയിൽ മുൻ ബി.എസ്.പിക്കാരനും ഷൂ വ്യവസായിയുമായ സുരേഷ് ചന്ദ്ര കർദമിനെയാണ് എസ്.പി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ഇതിന് മറുപടിയായി, പ്രമുഖ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സത്യ ബെന്നിന്റെ മകൾ പൂജ അംറോഹിയെ ബി.എസ്.പി സ്ഥാനാർഥിയാക്കി. കേന്ദ്രമന്ത്രി സത്യപാൽ സിങ് ബാഗലാണ് ബി.ജെ.പി സ്ഥാനാർഥി.