Photo:; AIKS

കുടിയിറക്കപ്പെടുന്ന യു.പിയിൽനിന്ന്
ദൽഹിയിലേക്കൊരു കർഷക മാർച്ച്

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമാക്കി യു.പിയെ മാറ്റാനുള്ള യോഗി ആദിത്യനാഥ് സർക്കാറിന്റെ തീരുമാനത്തിന്റെ ഏറ്റവും വലിയ ഇരകൾ കർഷകരാണ്, പ്രത്യേകിച്ച് ചെറുകിട- നാമമാത്ര കർഷകരും കർഷക തൊഴിലാളികളും. നിരന്തരം കുടിയിറക്കപ്പെട്ട ആ കർഷകരാണ് ഇപ്പോൾ ദൽഹി അതിർത്തിയിൽ പ്രതിഷേധവുമായി കുത്തിയിരിപ്പ് നടത്തുന്നത്.

News Desk

സംയുക്ത കിസാൻ മോർച്ച അടക്കമുള്ള സംഘടനകൾ ആഹ്വാനം ചെയ്ത ദൽഹി മാർച്ചിന്റെ ഭാഗമായി ഉത്തർപ്രദേശിൽനിന്ന് 5000- ഓളം കർഷകർ നോയ്ഡ അതിർത്തിയിൽ രാപകൽ കുത്തിയിരിപ്പുസമരത്തിൽ. ഏഴു ദിവസത്തിനകം തങ്ങളുടെ ആവശ്യങ്ങൾക്ക് മറുപടി ലഭിച്ചില്ലെങ്കിൽ ദൽഹി മാർച്ച് ശക്തമാക്കുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. അതുവരെ, 12 കർഷകസംഘടനകളടങ്ങിയ സംയുക്ത കിസാൻ മോർച്ച ദൽഹി അതിർത്തിയിൽ കുത്തിയിരിക്കും.

സംയുക്ത കിസാൻ മോർച്ചയെ കൂടാതെ, ഭാരതീയ കിസാൻ പരിഷത്ത്, ഭാരതീയ കിസാൻ യൂണിയൻ, കിസാൻ മസ്ദൂർ മോർച്ച എന്നിവയും പ്രക്ഷോഭത്തിലുണ്ട്.

കുടിയിറക്ക് രൂക്ഷമായ ഗൗതമബുദ്ധ നഗർ, ബുലന്ദ്ഷഹർ, അലിഗഢ്, ആഗ്ര എന്നീ മേഖലകളിൽനിന്നാണ് കർഷകരുടെ ട്രാക്റ്റർ റാലി അതിർത്തിയിലേക്ക് വരുന്നത്. നോയ്ഡ സെക്ടർ 18-ലുള്ള അംബേദ്കർ പാർക്കലാണ് കർഷകർ തമ്പടിച്ചിരിക്കുന്നത്. 5000-ഓളം പൊലീസ്, അർധസൈനിക വിഭാഗങ്ങളെ കർഷകരെ തടയാൻ വിന്യസിച്ചിട്ടുണ്ട്. ബാരിക്കേഡുകൾ തീർത്തും വാഹനപരിശോധന നടത്തിയും കർഷകരെ തടയുകയാണ്. നോയ്ഡ- ഗ്രെയ്റ്റർ നോയ്ഡ എക്‌സ്പ്രസ്‌വേയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

കർഷകരുടെ ആവശ്യങ്ങൾ:

  • മാന്യമായ നഷ്ടപരിഹാരം: യമുന എക്‌സ്പ്രസ്‌വേ അതോറിറ്റി, യു.പി വ്യവസായവികസന അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള വൻകിട വികസന പദ്ധതികൾക്ക് 1997 മുതൽ ഭൂമി വിട്ടുനൽകിയതിനുള്ള നഷ്ടപരിഹാരം 64.7 ശതമാനമായി വർധിപ്പിക്കുക. ഏറ്റെടുത്ത ഭൂമിയുടെ 10 ശതമാനം വിഹിതം കർഷകർക്ക് നൽകുക.

  • 2014-നുശേഷമുള്ള ഭൂമി ഏറ്റെടുക്കലിന് മാന്യമായ വില നൽകുക: മാർക്കറ്റ് വിലയുടെ നാലിരട്ടിയും 2014 ജനുവരി ഒന്നിനുശേഷം ഭൂമി ഏറ്റെടുക്കലുകളുടെ ഭാഗമായി ഏറ്റെടുത്ത ഭൂമിയുടെ 20 ശതമാനം വിഹിതവും നൽകുക.

  • കുടിയൊഴിപ്പിക്കപ്പെട്ട കർഷകരുടെ മക്കൾക്ക് തൊഴിലിലും പുനരധിവാസത്തിലും മുൻഗണന നൽകുക. വിദ്യാഭ്യാസചെല്ലവ് പൂർണമായും സർക്കാർ വഹിക്കണം.

  • കർഷക ക്ഷേമത്തിനായുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുക.

  • മിനിമം താങ്ങുവില (MSP) ഉറപ്പുനൽകുക: വിളകൾക്ക് മിനിമം താങ്ങുവില നൽകാൻ നിയമപരിരക്ഷ.

  • വായ്പ എഴുതിത്തള്ളുക, വൈദ്യുതി ബിൽ കുടിശ്ശിക ഒഴിവാക്കുക.

  • പെൻഷൻ: കടാശ്വാസവും പെൻഷൻ പദ്ധതിയും കൊണ്ടുവരിക.

  • കർഷകർക്ക് ഇൻഷൂറൻസ് പരിരക്ഷ.

  • നേരത്തെയുണ്ടായ കർഷക പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുക. 2021 ലഖിംപുർ ഖേരി അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നീതി ഉറപ്പാക്കുക.

യു.പിയിൽ വൻകിട വികസനപദ്ധതികൾക്കായി ഭൂമി വിട്ടുകൊടുത്ത കർഷകർ നഷ്ടപരിഹാരത്തിന് വർഷങ്ങളായി സമരത്തിലാണ്. സംസ്ഥാനത്തെ ഗ്രാമീണ കാർഷിക മേഖലകളിൽ കത്തിപ്പടർന്നിരുന്ന പ്രക്ഷോഭമാണ് ഇപ്പോൾ ദൽഹി മാർച്ചിലേക്ക് വികസിക്കുന്നത്.

സംസ്ഥാനത്തെ പ്രധാന കാർഷികമേഖലയായ പശ്ചിമ യു.പിയിലെ ഗൗതമ ബുദ്ധ നഗറിൽ 2013-ൽ കർഷക പ്രക്ഷോഭത്തെതുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നിയമം പാസായത്. എന്നാൽ, അത് നടപ്പാക്കിയില്ല. നിയമത്തിൽ പറയുന്ന, വിപണിവിലയേക്കാൻ നാലിരട്ടി നഷ്ടപരിഹാരം കിട്ടിയുമില്ല.

നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ഘട്ടത്തിന് 1180 ഹെക്ടറാണ് ഏറ്റെടുത്തത്. ആറ് ഗ്രാമങ്ങളിലെ കർഷകരെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്. ഈ ഗ്രീൻഫീൽഡ് എയർപോർട്ട് സൈറ്റിനുസമീപമാണ് വിവിധ വൻകിട പദ്ധതികൾക്കായി യമുന എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് അതോറിറ്റി ഏറ്റെടുത്ത 16,000 ഹെക്ടർ. സ്‌ക്വയർ മീറ്ററിന് 3100 രൂപയ്ക്കാണ് കർഷകരിൽനിന്ന് ഭൂമി ഏറ്റെടുത്തത്. എന്നാൽ, 6000 രൂപയായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് കർഷകരുടെ ആവശ്യം. സമാജ്‌വാദി പാർട്ടിയും ബി.എസ്.പിയും ഉയർന്ന തുക വാഗ്ദാനം ചെയ്തു.
വിമാനത്താവളത്തിൽ ഏറ്റെടുത്ത ഭൂമിയിലെ 10 ശതമാനം റസിഡൻഷ്യൽ പ്ലോട്ടുകൾ കർഷകർക്ക് നൽകാൻ ഗ്രേറ്റർ നോയ്ഡ് അതോറിറ്റി അനുമതി നൽകിയെങ്കിലും അതിന് സംസ്ഥാന സർക്കാറിന്റെ അംഗീകാരം ലഭിച്ചില്ലെന്ന് ജേവാറിലെ ബി.ജെ.പി എം.എൽ.എ ധീരേന്ദ്ര സിങ് പറയുന്നു.

ലക്‌നോയുടെ വിസ്തൃതിക്ക് തുല്യമായ 50,000 ഹെക്ടർ ഭൂമിയാണ് നഗര വികസന പദ്ധതികൾക്കും ദേശീയ പാതയ്ക്കും എക്‌സ്പ്രസ്‌വകേൾക്കും ഇൻഡസ്ട്രിയൽ കോറിഡോറുകൾക്കുമായി ഓരോ വർഷവും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. ഇവയെല്ലാം സമൃദ്ധമായി കൃഷി ചെയ്തുവരുന്ന ഭൂമിയുമാണ്.
ലക്‌നോ- ആഗ്ര എക്‌സ്പ്രസ്‌വേ, പൂർവാഞ്ചൽ എക്‌സ്പ്രസ്‌വേ, ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ്‌വേ, ഗംഗ എക്‌സ്പ്രസ്‌വേ എന്നിവയ്ക്ക് വൻതോതിൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇവയിൽ ആയിരക്കണക്കിന് ഹെക്ടർ കൃഷിഭൂമിയുമുണ്ട്.

പശ്ചിമ യു.പിയിൽ കാർഷിക ഭൂമി സ്വകാര്യ ഡവലപ്പർമാർ വൻതോതിൽ കൈയടക്കിക്കൊണ്ടിരിക്കുകയാണ്. കുടിയിറക്കപ്പെടുന്ന കർഷകരാകട്ടെ, നഷ്ടപരിഹാരവും തൊഴിലും ഇല്ലാതെ തെരുവിലേക്കിറക്കപ്പെടുന്നു. കൃഷിഭൂമി വൻതോതിൽ ഏറ്റെടുക്കുന്നതിൽ സംസ്ഥാന കൃഷി വകുപ്പുതന്നെ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കൃഷിഭൂമി ഏറ്റെടുക്കൽ ചെറുകിട കർഷകരെയും ഭൂരഹിത കർഷകരെയും കർഷക തൊഴിലാളികളെയുമാണ് രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മാത്രമല്ല, പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇതുമൂലമുണ്ടായിട്ടുണ്ട്. യു.പിയിലെ ദേശീയപാതയുടെ നീളം 2014-15ൽ 7986 കിലോമീറ്ററായിരുന്നത് 2023-24ൽ 12,270 കിലോമീറ്ററായി. പത്തുവർഷത്തിനിടെ 54 ശതമാനത്തിന്റെ വർധന. അതാതുമേഖലകളിലെ പാരസ്ഥിതികവും കാർഷികവുമായ ഘടകങ്ങൾ പരിഗണിക്കാതെയുള്ള വിവേചനരഹിതമായ ഭൂമി ഏറ്റെടുക്കൽ ഭൂമിയുടെ ഫലഭൂയിഷ്ടതയെയും ജലലഭ്യതയെയും ഗുരുതരമായി ബാധിച്ചുവെന്ന് റോഡ് ഗതാഗതം- ഹൈവേ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ സമ്മതിക്കുന്നു. നിരവധി കാർഷിക മേഖലകളിൽ മണ്ണൊലിപ്പും വെള്ളക്കെട്ടും രൂക്ഷമായി. ചെറുകിട കർഷകരുടെ ഭൂമിയെയാണ് ഈ പ്രശ്‌നങ്ങൾ ഏറെയും ബാധിച്ചത്.

ഓരോ തെരഞ്ഞെടുപ്പിലും യു.പിയിലെ ഈ മേഖലകളിൽ പ്രധാന കാമ്പയിൻ വിഷയം ഭൂമി ഏറ്റെടുക്കലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി അടക്കമുള്ള പാർട്ടികൾ, തങ്ങൾ കർഷകർക്കൊപ്പമാണെന്ന വ്യാജപ്രതീതി സൃഷ്ടിച്ചാണ് കാമ്പയിൻ നടത്തിയത്. പ്രശ്‌നം രൂക്ഷമായ ഗൗതമ ബുദ്ധ നഗർ പാർലമെന്റ് മണ്ഡലത്തിൽ എല്ലാ പാർട്ടികളുടെ പ്രധാന ഉറപ്പ്, ഏറ്റെടുത്ത കൃഷിഭൂമിക്ക് മാന്യമായ നഷ്ടപരിഹാരം എന്നതായിരുന്നു.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമാക്കി യു.പിയെ മാറ്റാനുള്ള യോഗി ആദിത്യനാഥ് സർക്കാറിന്റെ തീരുമാനത്തിന്റെ ഏറ്റവും വലിയ ഇരകൾ കർഷകരാണ്, പ്രത്യേകിച്ച് ചെറുകിട- നാമമാത്ര കർഷകരും കർഷക തൊഴിലാളികളും. അടുത്ത മൂന്നുവർഷത്തിനകം 96,000 ഹെക്ടർ ഭൂമി വ്യവസായ ആവശ്യത്തിന് ഏറ്റെടുക്കാനാണ് തീരുമാനം. 2024-25 സാമ്പത്തിക വർഷം മൊത്തം ലാൻഡ് ബാങ്ക് വിസ്തൃതി 82,000 ഹെക്ടറായി വികസിപ്പിക്കാനാണ് തീരുമാനം.

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച്, ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണത്തിൽ മുന്നിൽ യു.പിയാണ്. 2023-ലെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത് 11,290 കർഷകരാണ്. ഇവരിൽ 7034 പേരും കടക്കെണിയിൽ പെട്ടവരാണ്.

Comments