ഇടതു മുന്നണി-കോൺഗ്രസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച അബ്ബാസ് സിദ്ധിഖി, ഫെബ്രുവരി 28ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത റാലിയിൽ ഇരുകക്ഷികൾക്കുമൊപ്പം വേദി പങ്കിട്ടപ്പോൾ / photo: CPI(M), Facebook

അബ്ബാസ് സിദ്ദിഖിയും മുസ്‌ലിംവോട്ടുകളും

ബംഗാളിൽ നിന്നു വാർത്തകളുണ്ട് -3

പശ്ചിമബംഗാളിൽ മൂന്നാം തവണയും ഭരണം നിലനിർത്തണമെങ്കിൽ മമതാ ബാനർജിക്ക് മുസ്​ലിം വോട്ടർമാരുടെ പിന്തുണ കൂടിയേ തീരൂ. മതനേതാവായ അബ്ബാസ് സിദ്ദിഖിയുടെ പുതിയ പാർട്ടി ഇടതു- കോൺഗ്രസ് സഖ്യത്തോടൊപ്പം ചേർന്നത് മുസ്‌ലിം വോട്ടുകൾ ഭിന്നിക്കാൻ വഴിവയ്ക്കും. അങ്ങനെ സംഭവിച്ചാൽ നേട്ടം ബി.ജെ.പിക്കായിരിക്കും

“ന്യൂനപക്ഷസമുദായങ്ങളെ ഞാൻ ഇനിയും പ്രീണിപ്പിക്കും, ഒരു നൂറുതവണ. ആർക്കാണ് അതിലിത്ര പ്രശ്നം? കറവപ്പശുവിന്റെ തൊഴി ഏൽക്കേണ്ടി വന്നാലും സാരമില്ല.”

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന സമയത്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞതാണിത്.
തൊട്ടുമുമ്പത്തെ തിരഞ്ഞെടുപ്പിൽ നേടിയ 34 ലോക്‌സഭാസീറ്റുകളിൽ 12 എണ്ണം തൃണമൂലിനു നഷ്ടമാവുകയും ബി.ജെ.പിയുടെ സീറ്റുനില രണ്ടിൽ നിന്ന് 18 ആയി ഒറ്റയടിക്ക് ഉയരുകയും ചെയ്ത തിരഞ്ഞെടുപ്പായിരുന്നു അത്. തൃണമൂലിന്റെ പ്രകടനം മോശമായത് മുഖ്യമന്ത്രിയുടെ അമിതമായ ന്യൂനപക്ഷപ്രീണനം സഹിക്കാനാവാതെ ഹിന്ദുവോട്ടർമാരിൽ ഒരു വിഭാഗം അകന്നുപോയതുകൊണ്ടാണെന്ന ബി.ജെ.പിയുടെ ആരോപണത്തിൽ ക്രുദ്ധയായ മുഖ്യമന്ത്രിയിൽ നിന്ന് പെട്ടെന്നുണ്ടായ പ്രതികരണം.

സ്വാഭാവികമായും വിവാദമായി ഈ പരാമർശം. ന്യൂനപക്ഷ വോട്ടർമാരെ കറവപ്പശു എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനെ മുസ്‌ലിം സംഘടനകളും തൃണമൂലിന്റെ ശത്രുക്കളും നിശിതമായി വിമർശിച്ചിരുന്നു.

മുഖ്യമന്ത്രി ആലോചിക്കാതെ പറഞ്ഞുപോയതാണെങ്കിലും ന്യൂനപക്ഷവോട്ടർമാരെ, കൃത്യമായി പറഞ്ഞാൽ മുസ്‌ലിംകളെ, കറവപ്പശുക്കളായി തന്നെയാണ് പശ്ചിമബംഗാളിലെ സകലരാഷ്ട്രീയപാർട്ടികളും ഇതുവരെ കണ്ടുപോന്നത്. സംസ്ഥാനത്തെ ഒമ്പതു കോടി ജനങ്ങളിൽ 70.5 ശതമാനം ഹിന്ദുക്കളും 27 ശതമാനം മുസ്‌ലിംകളുമാണ്. ബാക്കി മതവിഭാഗങ്ങളിൽപ്പെട്ടവരെല്ലാംകൂടി 2.5 ശതമാനം. സംസ്ഥാനത്ത് നടക്കുന്ന ഓരോ തിരഞ്ഞെടുപ്പിലും രാഷ്ട്രീയകക്ഷികളുടെയും മുന്നണികളുടെയും വിജയസാധ്യത തീരുമാനിക്കുന്നതിൽ രണ്ടരക്കോടിയോളം വരുന്ന മുസ്‌ലീങ്ങളുടെ വോട്ട് നിർണായകമാണ്.

മുപ്പതുകൊല്ലമായി സംസ്ഥാനം ഭരിക്കുകയായിരുന്ന ഇടതുപക്ഷത്തോട് മുസ്‌ലിംകൾക്ക് വലിയ അതൃപ്തി തോന്നാൻ സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ വഴിവച്ചു

പശ്ചിമബംഗാളിലെ മുസ്‌ലിംകളിൽ 90 ശതമാനവും ബംഗാളി സംസാരിക്കുന്നവരാണ്. പണ്ട് കോൺഗ്രസിന്റെ വോട്ടുബാങ്കായിരുന്നു ഇവർ. അതിനുശേഷം 1977 ൽ ഇടതുമുന്നണി രൂപീകൃതമാകുകയും തുടർച്ചയായി 34 കൊല്ലം സംസ്ഥാനം ഭരിക്കുകയും ചെയ്ത കാലത്ത് മുസ്‌ലിം വോട്ടർമാർ ഇടതുപക്ഷത്തിനു പിന്നിൽ അണിനിരന്നു. പിന്നീട് 2011 ൽ ഇടതുപക്ഷത്തെ തറപറ്റിച്ചുകൊണ്ട് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അധികാരം പിടിച്ചെടുത്തപ്പോൾ മുസ്‌ലിം വോട്ടർമാർ തൃണമൂലിന്റെ വിശ്വസ്തവോട്ടുബാങ്കായി മാറി.

മമതയ്ക്കൊപ്പം നിൽക്കാൻ തുടക്കത്തിൽ മുസ്‌ലിംകളെ പ്രേരിപ്പിച്ച പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, സച്ചാർ കമ്മിറ്റി റിപ്പോർട്ട്, രണ്ടാമത്തേത്, നന്ദിഗ്രാം സംഭവം.

മുസ്‌ലിം പ്രീണനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന മിഥ്യാധാരണകളെ പൊളിച്ചെഴുതിയ പഠനമായിരുന്നു ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ 2006ൽ പ്രസിദ്ധപ്പെടുത്തിയ സച്ചാർ കമ്മിറ്റി റിപ്പോർട്ട് / photo: wikimedia commons‌

പശ്ചിമബംഗാളിലെ മുസ്‌ലിംകളുടെ ജീവിതപരിതസ്ഥിതികൾ അങ്ങേയറ്റം പരിതാപകരമാണെന്നു 2006 നവംബർ 30 നു പ്രസിദ്ധീകരിക്കപ്പെട്ട സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരുന്നു. രാജ്യത്തെ മുസ്ലീങ്ങളുടെ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ അവസ്ഥകൾ വിലയിരുത്തുന്നതിന് 2005 മാർച്ചിലാണ്‌ മൻമോഹൻസിംഗിന്റെ നേതൃത്വത്തിൽ കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ സർക്കാർ ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റീസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ ഏഴംഗ കമ്മിറ്റിയെ നിയോഗിക്കുന്നത്. “ഏറ്റവും മോശം” എന്ന വിഭാഗത്തിലായിരുന്നു പശ്ചിമബംഗാളിന്റെ സ്ഥാനം. സർക്കാർ ജോലികളിൽ മുസ്‌ലിംകളുടെ പ്രാതിനിധ്യം വെറും 4.2 ശതമാനമാണെന്നും പട്ടികജാതി- പട്ടികവർഗകാർക്കു വേണ്ടി ചെലവാക്കുന്ന അത്രപോലും മുസ്‌ലിം ജനവിഭാഗങ്ങൾക്കുവേണ്ടി സർക്കാർ ചിലവാക്കുന്നില്ലെന്നും പൊതുമേഖലാസ്ഥാപങ്ങളുടെ പ്രധാന പദവികളിൽ മുസ്‌ലീങ്ങൾ തീരെയില്ലെന്നും കമ്മിറ്റിചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ കാര്യത്തിലും മുസ്‌ലിം സമുദായങ്ങൾ ഏറെ പിന്നിലാണെന്ന് കമ്മിറ്റി വിലയിരുത്തി.

സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള മുസ്‌ലിം വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിന്റെ കാര്യത്തിലും കുട്ടികൾ പഠിക്കാൻ തീരെ പോകാതിരിക്കുന്ന കാര്യത്തിലും ഉത്തർപ്രദേശിനും ബീഹാറിനും തൊട്ടുപിറകെയായിരുന്നു പശ്ചിമബംഗാളിന്റെ സ്ഥാനം.

മുപ്പതുകൊല്ലമായി സംസ്ഥാനം ഭരിക്കുകയായിരുന്ന ഇടതുപക്ഷത്തോട് മുസ്‌ലിംകൾക്ക് വലിയ അതൃപ്തി തോന്നാൻ സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ വഴിവച്ചു. ന്യൂനപക്ഷജനവിഭാഗങ്ങളുടെ ഉന്നമനത്തിൽ ഇടതുപക്ഷത്തിനു പ്രതിബദ്ധതയില്ലെന്നുള്ള തോന്നൽ പതുക്കെ ശക്തിപ്പെട്ടു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു തൊട്ടുപിറകെയാണ് നന്ദിഗ്രാമിൽ വ്യാവസായികാവശ്യത്തിനു സർക്കാർ ബലംപ്രയോഗിച്ച് കൃഷിഭൂമി ഏറ്റെടുക്കാൻ ശ്രമിച്ച സംഭവം ഉണ്ടായത്. മുസ്‌ലിംകൾക്ക് മേധാവിത്വമുള്ള സ്ഥലമാണ് നന്ദിഗ്രാം. സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ ജനകീയപ്രക്ഷോഭങ്ങളും തുടർന്ന് പൊലീസ് ആക്ഷനും സി.പി.എം അണികൾ നാട്ടുകാർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിട്ട സംഭവങ്ങളും നടന്നു.

കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ പ്രകടനം മോശമായെങ്കിലും മുസ്‌ലിംവോട്ടർമാരിൽ വലിയൊരുഭാഗം അപ്പോഴും മമതക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ജനസംഖ്യയുടെ 40-90 ശതമാനം മുസ്‌ലിംകൾ ഉള്ള 74 നിയമസഭാമണ്ഡലങ്ങൾ ഉണ്ട്. ഇവയിൽ ഭൂരിഭാഗവും മമതക്കൊപ്പമായിരുന്നു

കേന്ദ്രത്തിൽ 2004 ൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിനു അധികാരം നഷ്ടപ്പെട്ടപ്പോൾ ആ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്ന മമത പശ്ചിമബംഗാളിൽ മടങ്ങിയെത്തുകയും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്തു. ബി.ജെ.പിയുമായി ഉണ്ടായിരുന്ന അടുപ്പം കാരണം മുസ്‌ലിംകൾ മമതയെ സംശയത്തോടെയായിരുന്നു തുടക്കത്തിൽ വീക്ഷിച്ചിരുന്നത്. മുസ്‌ലിംകളുടെ വിശ്വാസം ആർജ്ജിക്കാൻ മമത കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ടും നന്ദിഗ്രാമുമൊക്കെ സംഭവിക്കുന്നത്. കിട്ടിയ സുവർണാവസരം സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായിരുന്ന മമത പാഴാക്കിയില്ല. ജനകീയപ്രശ്നങ്ങളെല്ലാം ഏറ്റെടുത്തു. മുസ്‌ലീങ്ങൾ പുതിയ പ്രതീക്ഷകളോടെ അവർക്കു പിന്നിൽ അണിനിരന്നു. 2011 ലെയും 2016 ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃണമൂലിനു ലഭിച്ച ഉജ്ജ്വലവിജയത്തിന്റെ കാരണങ്ങളിലൊന്ന് മുസ്‌ലിം വോട്ടർമാരുടെ പിന്തുണയാണ്.

2004-ലെ എൻ.ഡി.എ മന്ത്രിസഭയിൽ അംഗമായിരുന്ന മമതയ്ക്ക്, നന്ദിഗ്രാം വിഷയവും സച്ചാർ കമ്മിറ്റി റിപ്പോർട്ടും ഉപയോഗിച്ച് സംസ്ഥാനത്തെ മുസ്‌ലിംകളുടെ വിശ്വാസം തിരിച്ചു പിടിക്കാൻ സാധിച്ചു

ഇടതുപക്ഷത്തിന്റെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറാൻ തന്നെ സഹായിച്ച മുസ്‌ലിംസമുദായങ്ങളെ പ്രീണിപ്പിച്ചുനിർത്താൻ മമത അമിതാവേശം കാണിച്ചിരുന്നു എന്നത് സത്യം തന്നെയാണ്. ന്യൂനപക്ഷക്ഷേമവകുപ്പ് മുഖ്യമന്ത്രി തന്നെ നേരിട്ടു കൈകാര്യം ചെയ്തു. മുസ്‌ലിംകളിൽ 95 ശതമാനത്തെയും മറ്റു പിന്നാക്കവിഭാഗം എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തുകയും സംവരണാനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്തു. ഹൈസ്‌കൂൾ മുതൽ ബിരുദാന്തരബിരുദംവരെയുള്ള മുസ്‌ലിം വിദ്യാർത്ഥികൾക്ക് 1000 രൂപ മുതൽ 60000 രൂപ വരെയുള്ള വാർഷിക സ്കോളർഷിപ്പുകളും ഹോസ്റ്റൽസൗകര്യങ്ങളും ഏർപ്പാടാക്കി. 2012 മുതൽ സംസ്ഥാനത്തെ 30000 മുസ്‌ലിംപുരോഹിതർക്ക് മാസംതോറും 2500 രൂപയും, 10000 മൗലവിമാർക്ക് 1500 രൂപയും വേതനം നൽകാൻ തുടങ്ങി(ഇത് നിർത്തലാക്കണമെന്ന് 2013 ൽ പശ്ചിമബംഗാൾ ഹൈക്കോടതി വിധിച്ചു). ഇതിനു പുറമെ, ഇമാമുമാർക്ക് വീടുവയ്ക്കാൻ ഭൂമി നൽകാത്ത സർക്കാർ തീരുമാനിച്ചു. പതിനായിരം മദ്രസകൾക്ക് അംഗീകാരം നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഇതിനൊക്കെപുറമെ, സർക്കാരിന്റെ പരിപാടികളിൽ പ്രാർത്ഥനയായി ഖുർആൻ പാരായണവും തുടങ്ങി. മുസ്‌ലിം സംഘടനകൾ സംഘടിപ്പിക്കുന്ന പല പരിപാടികളിലും മുസ്‌ലിംവേഷധാരിയായി പ്രത്യക്ഷപ്പെട്ട മമതയെ എതിരാളികൾ മമതാബീഗം എന്നു വിളിച്ചു അപഹസിക്കുന്നതു വരെയെത്തി കാര്യങ്ങൾ. മമത ഹിന്ദു വിരോധിയാണെന്ന ബി.ജെ.പിയുടെ പ്രചാരണങ്ങളും ശക്തിപ്പെട്ടു.

കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ പ്രകടനം മോശമായെങ്കിലും മുസ്‌ലിംവോട്ടർമാരിൽ വലിയൊരുഭാഗം അപ്പോഴും മമതക്കൊപ്പം തന്നെ ഉണ്ടായിരുന്നു. സംസ്ഥാനത്ത് 294 നിയമസഭാമണ്ഡലങ്ങളിൽ മുസ്‌ലിംകൾ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നു വരുന്ന 130 മണ്ഡലങ്ങളുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവയിൽ 98 എണ്ണത്തിൽ മുന്നിട്ടു നിന്നത് തൃണമൂലായിരുന്നു. അതുപോലെ, ജനസംഖ്യയുടെ 40-90 ശതമാനം മുസ്‌ലിംകൾ ഉള്ള 74 നിയമസഭാമണ്ഡലങ്ങൾ ഉണ്ട്. ഇവയിൽ ഭൂരിഭാഗവും മമതക്കൊപ്പമായിരുന്നു. പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ മമത ആഞ്ഞടിച്ചത് മുസ്‌ലിംകളെ സന്തോഷിപ്പിച്ചിരുന്നു.

അബ്ബാസ് സിദ്ദിഖി

എന്നാൽ, രണ്ടുവർഷത്തിനിപ്പുറം കാര്യങ്ങൾ മാറിയിരിക്കുന്നു.
മുസ്‌ലിം വോട്ടർമാർക്കിടയിൽ ഏറെ സ്വാധീനമുള്ള മതനേതാവ് അബ്ബാസ് സിദ്ദിഖി രൂപീകരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എന്ന പുതിയ പാർട്ടിയുടെ സാന്നിധ്യം, മൂന്നാംതവണയും ഭരണം നിലനിർത്താൻ പോരിനിറങ്ങുന്ന മമതയ്ക്ക് വെല്ലുവിളിയാവുകയാണ്. കഴിഞ്ഞ രണ്ട് അസംബ്ലി തിരഞ്ഞെടുപ്പുകളിലും മമതാബാനർജിക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു സിദ്ദിഖി. എന്നാൽ ഇത്തവണ സിദ്ദിഖിയും അദ്ദേഹത്തിന്റെ അനുയായികളും ഇടതുമുന്നണി- കോൺഗ്രസ് സഖ്യത്തോടൊപ്പമാണ് നിൽക്കുന്നത്. നിയമസഭയിലെ 294 സീറ്റുകളിൽ 165 എണ്ണത്തിൽ ഇടതുപക്ഷവും 92 എണ്ണത്തിൽ കോൺഗ്രസും 37 എണ്ണത്തിൽ ഐ.എസ്.എഫും മത്സരിക്കാൻ ധാരണയായിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമാക്കി രൂപം കൊണ്ട അസദുദീൻ ഒവൈസിയുടെ ഓൾ ഇന്ത്യാ മജ്‌ലിസ്‌
ഇതിഹാദ്‌ ഇ മുസ്‌ലിമീൻ എന്ന സംഘടനയുമായി കൂട്ടുകെട്ടുണ്ടാക്കാനായിരുന്നു ഐ.എസ്.എഫിന്റെ ആദ്യത്തെ പ്ലാൻ. അതു വേണ്ടെന്നുവച്ചാണ് ഇടതു - കോൺഗ്രസ് സഖ്യത്തിൽചേർന്നത്.

ഇക്കഴിഞ്ഞ ജനുവരി 21 നാണ് അബ്ബാസ് സിദ്ദിഖി പുതിയ പാർട്ടി രൂപീകരിച്ചത്. ഒന്നര മാസം മാത്രം പ്രായമുള്ള പാർട്ടിയാണെങ്കിലും ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന് മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ കഴിയും. പശ്ചിമബംഗാളിലെ ഏറ്റവും വലിയ മുസ്‌ലിം തീർത്ഥാടനകേന്ദ്രമായ ഹൂഗ്ലിയിലെ ഫുർഫുറാ ഷെരീഫിന്റെ ഇപ്പോഴത്തെ പീർസാദമാരിലൊരാളാണ് സിദ്ദിഖി. പ്രശസ്ത മതപണ്ഡിതകുടുംബത്തിലെ അംഗം. മുപ്പത്തിനാലുവയസുള്ള ചെറുപ്പക്കാരൻ. ശ്രോതാക്കളുടെ ചിന്തകളിൽ തീ കൊളുത്തുന്ന അത്യുജ്ജ്വല പ്രഭാഷണങ്ങൾ. വലിയ ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന നേതാവ്. കൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഇടതുപക്ഷവും കോൺഗ്രസും ഐ.എസ്.എഫും ചേർന്ന് ആദ്യമായി നടത്തിയ മെഗാ റാലിയിൽ സിദ്ദിഖി വേദിയിലെത്തിയപ്പോൾ സദസിൽ നിന്ന് നിർത്താതെ മുഴങ്ങിയ കരഘോഷവും ആർത്തുവിളികളും കാരണം കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിക്ക് കുറച്ചുനേരം പ്രസംഗം നിർത്തിവെ‌ക്കേണ്ടിവരെ വന്നു. സിദ്ദിഖിയുടെ പ്രഭാഷണം കഴിഞ്ഞതോടെ സദസിലെ ചെറുപ്പക്കാരിൽ വലിയൊരു വിഭാഗം സ്ഥലംവിടുകയും ചെയ്തു.

"ഞാൻ ന്യൂനപക്ഷപ്രീണനം ഇനിയും നടത്തും'' എന്നൊക്കെ മമത വീമ്പുപറഞ്ഞെങ്കിലും തന്നെ ഹിന്ദുവിരുദ്ധയായി താറടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളും കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ പ്രകടനംമോശമായതും അവരെ അസ്വസ്ഥയാക്കിയിട്ടുണ്ട്

കഴിഞ്ഞ കുറച്ചുമാസങ്ങളായി മമതക്കെതിരെ ആഞ്ഞടിക്കാൻ കിട്ടുന്ന ഒരു വേദിപോലും സിദ്ദിഖി പാഴാക്കുന്നില്ല. മമത മുസ്‌ലിം ജനതയെ വഞ്ചിച്ചുവെന്നും നൽകിയ വാഗ്ദാനങ്ങളിൽ പലതും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്ന പല കാര്യങ്ങളിൽ ഒന്ന് 10000 മദ്രസ്സകൾക്ക് അംഗീകാരം നൽകുമെന്ന പാലിക്കപ്പെടാത്ത വാഗ്ദാനമാണ്. മമത ബി.ജെ.പിയുടെ രണ്ടാം ടീമാണെന്നും, മൃദുഹിന്ദുത്വമാണ് അവരുടെ നിലപാടെന്നും പശ്ചിമബംഗാളിൽ ബി.ജെ.പി ഇത്രയും ശക്തിപ്പെടാൻ ഇടയാക്കിയത് മമതയുടെ പിടിപ്പുകേടാണെന്നും സിദ്ദിഖി ആരോപിക്കുന്നു.
“ഞങ്ങൾ മമതയിൽ വിശ്വാസം അർപ്പിച്ചു. അവർ ഞങ്ങളെ സംരക്ഷിക്കുമെന്ന് ഞങ്ങൾ പ്രത്യാശിച്ചു. പക്ഷേ അവർക്ക് അധികാരം മാത്രമാണ് നോട്ടം. അവർ ഹിന്ദുക്കളെ പ്രീണിപ്പിക്കുകയാണിപ്പോൾ. സംസ്ഥാനത്ത് ഒരേസമയം തൃണമൂലിനെയും ബി.ജെ.പിയെയും നേരിടേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ മതേതരപാർട്ടികൾക്കൊപ്പം നിൽക്കുന്നത്. എന്തുചെയ്താലും മുസ്‌ലിം വോട്ടർമാർ തന്റെ കൂടെ നിൽക്കുമെന്ന ഒരു തെറ്റിദ്ധാരണ മമതയ്ക്കുണ്ടായിരുന്നു. അത് ഇനി പറ്റില്ല. ഞങ്ങൾ വെറും വോട്ടുബാങ്കുകളല്ല.'' സംയുക്ത റാലിയിൽ അദ്ദേഹം ആഞ്ഞടിച്ചു.

അബ്ബാസ് സിദ്ദിഖിയുമായി ചർച്ച നടത്തുന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവെെസി

കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിനു ശേഷം മമത മുസ്‌ലിം വോട്ടർമാരെ വിട്ട് ഹിന്ദുവോട്ടർമാരെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ് എന്ന എതിരാളികളുടെ ആരോപണം അടിസ്ഥാനരഹിതമല്ല. ഓരോ വർഷം കഴിയുന്തോറും ന്യൂനപക്ഷക്ഷേമത്തിനായുള്ള ബജറ്റിലെ നീക്കിയിരുപ്പ് വർധിക്കുന്നതും, മറ്റു മതങ്ങൾക്ക് നൽകാത്ത പല ആനുകൂല്യങ്ങളും മുസ്‌ലിംകൾക്കു മാത്രം നൽകുന്നതിനുമെതിരെ ശക്തമായ പ്രചാരണം നടത്തിക്കൊണ്ട് ഹിന്ദുവോട്ടർമാർക്കിടയിൽ അരക്ഷിതത്വം സൃഷ്ടിക്കാനും വോട്ടർമാരെ ധ്രുവീകരിക്കാനും ബി.ജെ.പി കഴിഞ്ഞ കുറച്ചുകാലമായി നിരന്തരം ശ്രമിക്കുന്നുണ്ട്. ""ഞാൻ ന്യൂനപക്ഷപ്രീണനം ഇനിയും നടത്തും'' എന്നൊക്കെ മമത വീമ്പുപറഞ്ഞെങ്കിലും തന്നെ ഹിന്ദുവിരുദ്ധയായി താറടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളും കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ പ്രകടനംമോശമായതും അവരെ വല്ലാതെ അസ്വസ്ഥയാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ഹിന്ദുവോട്ടുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് അടുത്തകാലത്തായി
അവർ നടത്തിപ്പോന്നത്. മുസ്‌ലിംപുരോഹിതരുടെ കാര്യത്തിൽ ചെയ്തതുപോലെ, 8000 “നിർദ്ധനരായ” ഹിന്ദു പൂജാരിമാർക്ക് മാസം 8000 രൂപ വേതനവും വീടുവയ്ക്കാൻ ഭൂമിയും നൽകാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 35000 ദുർഗ്ഗാപൂജാകമ്മിറ്റികൾക്ക് ആഘോഷിക്കാൻ കഴിഞ്ഞവർഷം 185 കോടി രൂപ വിതരണം ചെയ്തു.

ഇസ്‌ലാമികമതനേതാവായ അബ്ബാസ് സിദ്ദിഖിയുടെ പാർട്ടി ഇടതു-മുന്നണി -കോൺഗ്രസ് സഖ്യത്തിൽ ചേർന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് ബി.ജെ.പിയാണ്. ഇതിലൂടെ മമതയ്ക്ക് കിട്ടേണ്ട ന്യൂനപക്ഷവോട്ടുകൾ ചെറിയ തോതിലെങ്കിലും ഭിന്നിക്കും. മാത്രമല്ല, കോൺഗ്രസിനെയും ഇടതുപക്ഷത്തയും അടിക്കാൻ നല്ലൊരു വടിയും കൂടിയാണ് ബി.ജെ.പിക്കിത്

കോവിഡ് കാരണം മറ്റു സംസ്ഥാനങ്ങളിൽ നിന്നു പശ്ചിമബംഗാളിൽ തിരികെയെത്തിയ കുടിയേറ്റാത്തൊഴിലാളികൾ തൊഴിലും കൂലിയും ഭക്ഷണവുമില്ലാതെ നട്ടംതിരിയുന്നതിനിടയിൽ മുഖ്യമന്ത്രി ദുർഗ്ഗാപൂജയ്ക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തത് തൃണമൂലിൽത്തന്നെയുള്ള പല മുസ്‌ലിം നേതാക്കളെയും ചൊടിപ്പിച്ചിരുന്നു. അവരത് രഹസ്യമായും പരസ്യമായും പറയുകയും ചെയ്തിരുന്നു. ബംഗാളിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു തൊഴിൽതേടി പോകുന്നവരിൽ വലിയൊരുഭാഗം മുസ്‌ലിംകളാണ്. കഴിഞ്ഞവർഷം ലോക്ഡൗൺ തുടങ്ങിയ സമയത്ത് മറ്റു സംസ്ഥാനസർക്കാരുകൾ കുടിയേറ്റത്തൊഴിലാളികളെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ മാർഗ്ഗങ്ങൾ തേടുന്ന സമയത്ത് പശ്ചിമബംഗാൾ സർക്കാർ അത്തരം കാര്യങ്ങളിൽ അനാസ്ഥ കാണിച്ചുവെന്ന ഒരു തോന്നലും മുസ്‌ലിംകൾക്കിടയിലുണ്ടായി. കോവിഡ് പരക്കുമെന്ന ഭയം കാരണം കുടിയേറ്റത്തൊഴിലാളികളെ വഹിച്ചെത്തുന്ന വണ്ടികൾക്ക് സംസ്ഥാനത്തിന്റെ ഉള്ളിലേക്കു കടക്കാൻ മമതയുടെ സർക്കാർ അനുവാദം നൽകുന്നില്ല എന്ന കേന്ദ്രസർക്കാരിന്റെ പരാമർശവും മുസ്‌ലിംകളുടെ അമർഷത്തിനു കാരണമായിരുന്നു.

വർഷങ്ങളോളം മുസ്‌ലീം പ്രീണനത്തിൽ അഭിരമിച്ചിട്ടും ന്യൂനപക്ഷവിഭാഗങ്ങൾക്കു വേണ്ടി തന്റെ സർക്കാർ ചെയ്ത കാര്യങ്ങൾ ഭരണനേട്ടങ്ങളായി അവതരിപ്പിക്കാൻ മമത ഭയക്കുന്നുണ്ട് എന്നതു വ്യക്തമാണ്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സർക്കാർ ചെയ്ത കാര്യങ്ങൾ ഒന്നൊന്നായി എടുത്തുപറയുന്ന ഒരു റിപ്പോർട്ട് ഇക്കഴിഞ്ഞ ഡിസംബറിൽ സർക്കാർ പുറത്തിറക്കുകയുണ്ടായി. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി എടുത്ത നടപടികൾ അക്കമിട്ടുനിരത്തിയ ഈ റിപ്പോർട്ടിൽ ന്യൂനപക്ഷങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. അത് അറിയാതെ വന്നുപോയ ഒരു വീഴ്ചയാണെന്നാണ് സർക്കാരിന്റെ ഔദ്യോഗികവിശദീകരണം. എന്നാൽ, സത്യമതല്ലെന്നും അവ ഉൾപ്പെടുത്താതിരുന്നത് വെറുതെ ഒച്ചപ്പാടുണ്ടാക്കാൻ ഒരവസരം ബി.ജെ.പിക്ക് കൊടുക്കാതിരിക്കാനാണെന്നും മുസ്‌ലിംകളായ ചില തൃണമൂൽ നേതാക്കളെ ഉദ്ധരിച്ചുകൊണ്ട് വാർത്തകൾ വന്നിരുന്നു.

പശ്ചിമബംഗാളിൽ ഐ.എസ്.എഫുമായും, കേരളത്തിൽ വെൽഫെയർ പാർട്ടിയുമായും സഖ്യം ചേരുന്നത് ഉയർത്തിക്കാട്ടി കോൺഗ്രസിന്റെ മതനിരപക്ഷതയെ ചോദ്യം ചെയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നത് / photo: CPI(M), Twitter

ഇസ്‌ലാമികമതനേതാവായ അബ്ബാസ് സിദ്ദിഖിയുടെ പാർട്ടി ഇടതു-മുന്നണി -കോൺഗ്രസ് സഖ്യത്തിൽ ചേർന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് ബി.ജെ.പിയാണ്. ഇതിലൂടെ ബി.ജെ.പി ക്ക് രണ്ടു നേട്ടങ്ങൾ ഉണ്ടാകുന്നുണ്ട്. ഒന്ന്, മമതയ്ക്ക് കിട്ടേണ്ട ന്യൂനപക്ഷവോട്ടുകൾ ചെറിയ തോതിലെങ്കിലും ഭിന്നിക്കും. അത് പരോക്ഷമായി ബി.ജെ.പിക്ക് ഗുണം ചെയ്യും. രണ്ടാമതായി, കോൺഗ്രസിനെയും ഇടതുപക്ഷത്തയും അടിക്കാൻ നല്ലൊരു വടി കിട്ടി ബി.ജെ.പിക്ക്. കോൺഗ്രസിന്റേയും സി.പി.എമ്മിന്റെയും മതനിരപേക്ഷതാവാദം വെറും നാട്യമാണെന്നും അധികാരത്തിനുവേണ്ടി ആരുമായും കൂട്ടുണ്ടാക്കാൻ ഇരുപാർട്ടികൾക്കും ഒരു തരിപോലും സങ്കോചമില്ലെന്നും ബി.ജെ.പി വലിയ പ്രചാരണം നടത്തുന്നുണ്ട്. ഐ.എസ്.എഫുമായി ഇടതുപക്ഷ-കോൺഗ്രസ് സഖ്യം ഉണ്ടാക്കിയ കൂട്ടുകെട്ട് ഉയർത്തിക്കാട്ടി അവരുടെ ഹിന്ദുവോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാനാണ് ബി.ജെ.പി യുടെ ശ്രമം. അത് സാധിച്ചാൽ അതും ബി.ജെ.പിക്ക് നേട്ടമാകും. പശ്ചിമബംഗാളിൽ ഐ.എസ്.എഫുമായും കേരളത്തിൽ ജമാഅത്ത് ഇസ്‌ലാമിയുടെ ഭാഗമായ വെൽഫെയർ പാർട്ടിയുമായുമൊക്കെ കൂട്ടുണ്ടാക്കുന്ന കോൺഗ്രസിന് ഒരു മതനിരപേക്ഷ കക്ഷിയായി സ്വയം വിശേഷിപ്പിക്കാൻ എങ്ങനെ കഴിയുന്നുവെന്ന ചോദ്യം ബി.ജെ.പി ശക്തമായി ഉയർത്തുന്നുണ്ട്.

അത്തരം ചോദ്യങ്ങൾക്കു മുമ്പിൽ കോൺഗ്രസ് പതറുന്നുണ്ട്. ഐ.എസ്.എഫുമായുള്ള കൂട്ടുകെട്ട് കോൺഗസിനുള്ളിൽത്തന്നെ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടവരുത്തിയിട്ടുമുണ്ട്. പാർട്ടിയുടെ സീനിയർ നേതാവും രാജ്യസഭാംഗവുമായ ആനന്ദ് ശർമ്മ ഈ കൂട്ടുകെട്ടിനെ ചോദ്യം ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. കേരളത്തിൽ കോൺഗ്രസ്‌ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗുമായി എത്രയോ കാലമായി തിരഞ്ഞെടുപ്പുബാന്ധവം ഉണ്ടാക്കിയിട്ടുള്ളതിനെ വിമർശിക്കാത്ത കോൺഗ്രസിന്റെ അഖിലേന്ത്യാനേതാക്കൾ എന്തുകൊണ്ട് പശ്ചിമബംഗാളിൽ ഐ.എസ്.എഫുമായി ബന്ധം സ്ഥാപിച്ചതിനെ എതിർക്കുന്നു എന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യുറോ അംഗം മുഹമ്മദ് സലിം ശർമ്മയുടെ ട്വീറ്റിനോട് പ്രതികരിച്ചിരുന്നു. ഐ.എസ്.എഫിനെ സഖ്യത്തിലേക്കു കൊണ്ടുവരാൻ പ്രധാനപങ്കു വഹിച്ച വ്യക്തിയാണ് സലീം. ബി.ജെ.പിയും മുഖ്യധാരാമാധ്യമങ്ങളും പ്രചരിപ്പിക്കുന്നതുപോലെ ഒരു മതതീവ്രവാദ സംഘടനയൊന്നുമല്ല ഐ.എസ്.എഫ് എന്നാണു ഇടതുപക്ഷത്തിന്റെ നിലപാട്. പട്ടികജാതി-പട്ടിക വർഗ്ഗവിഭാഗങ്ങളെയും മറ്റു പിന്നാക്കവിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഘടനയാണിതെന്നും ഇടതുപക്ഷനേതാക്കൾ ഉറപ്പിച്ചു പറയുന്നു.

പശ്ചിമബംഗാളിൽ തൃണമൂലിനെ തകർക്കാനുള്ള ബി.ജെ.പിയുടെ കുടിലതന്ത്രത്തിന്റെ ഭാഗമാണ് അബ്ബാസ് സിദ്ദിഖിയെന്നും, സിദ്ദിഖി ബി.ജെ.പിയുടെ ഏജന്റാണെന്നും മമതാ ബാനർജി ആരോപിക്കുന്നു

തിരഞ്ഞെടുപ്പിൽ തന്റെ തന്ത്രം ഇനി എന്തായിരിക്കുമെന്ന് ഒവൈസി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിദ്ദിഖി പറയുന്നതുപോലെ കരുക്കൾ നീക്കുമെന്നായിന്നു അദ്ദേഹം മുമ്പു പ്രഖ്യാപിച്ചത്.

ഇതിനിടയിടയിൽ, മുസ്‌ലിംവിഭാഗങ്ങളിൽ നിന്ന് കുറേപേരെയെങ്കിലും സ്വന്തം പാളയത്തിലേക്ക് കൊണ്ടുവരാൻ ബി.ജെ.പി പതിനെട്ടടവും പയറ്റുന്നുണ്ട്. തൃണമൂലിന്റെ ന്യൂനപക്ഷ അടിത്തറ തകർക്കുന്നതിനു വേണ്ടി 20 ലക്ഷം മുസ്‌ലിംകളെ 2020 ഡിസംബറിനകം പാർട്ടിയിൽ ചേർക്കാൻ ബി.ജെ.പി ലക്ഷ്യമിട്ടതായി മൈനോറിറ്റി മോർച്ച കഴിഞ്ഞ സപ്തംബറിൽ വെളിപ്പെടുത്തിയിരുന്നു. നാലരലക്ഷം മുസ്‌ലിംകൾ ഇതിനകം തന്നെ പാർട്ടിയിൽ ചേർന്നിട്ടുണ്ടെന്നും മൈനോറിറ്റി മോർച്ചയുടെ പ്രസിഡന്റ് അലി ഹുസൈൻ ആ സമയത്ത് പറയുകയുണ്ടായി.

പശ്ചിമബംഗാളിൽ തൃണമൂലിനെ തകർക്കാനുള്ള ബി.ജെ.പിയുടെ കുടിലതന്ത്രത്തിന്റെ ഭാഗമാണ് അബ്ബാസ് സിദ്ദിഖിയെന്നും, സിദ്ദിഖി ബി.ജെ.പിയുടെ ഏജന്റാണെന്നും മമതാ ബാനർജി ആരോപിക്കുന്നു. ലക്ഷക്കണക്കിനു മുസ്‌ലിംകൾ ബി.ജെ.പിയിൽ ചേർന്നുവെന്നത് ന്യൂനപക്ഷങ്ങളുടെ ആത്മധൈര്യം തകർക്കാനും അവരെ തൃണമൂലിൽനിന്ന് അകറ്റാനുമുള്ള തന്ത്രം മാത്രമാണെന്നും അതിനെതിരെ ജാഗ്രത പുലർത്തണമെന്നും തൃണമൂൽ നേതാക്കൾ വോട്ടർമാരോട് ആഹ്വാനം ചെയ്യുന്നുണ്ട്. മുസ്‌ലിം വോട്ടർമാരിൽ വലിയൊരു ഭാഗം ബി.ജെ.പിയുടെ അടവുകൾ മനസ്സിലാക്കുന്നവരാണെന്നും അതുകൊണ്ടുതന്നെ
കഴിഞ്ഞ രണ്ടു അസംബ്ലി തിരഞ്ഞെടുപ്പുകളിലും ഉണ്ടായതുപോലെ അവർ തനിക്കൊപ്പം നിൽക്കുമെന്നും മമതയും കൂട്ടരും ഉറപ്പിച്ചുപറയുന്നു. ആ ഉറപ്പ് യാഥാർഥ്യമായാൽ ഭരണം മൂന്നാംതവണയും നിലനിർത്താൻ മമതയ്ക്ക് കഴിഞ്ഞേക്കും.▮


എം. സുചിത്ര

മാധ്യമപ്രവർത്തക. ഇന്ത്യ ടുഡേ, കൈരളി ടി.വി., ഇന്ത്യൻ എക്‌സ്പ്രസ്, ദി ക്വസ്റ്റ് ഫീച്ചേഴ്‌സ് ആൻഡ് ഫൂട്ടേജസ്, ഡൗൺ ടു എർത്ത് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.

Comments