ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരുന്നത് ഉത്തർ പ്രദേശിലാണ് (Uttar Pradesh). 400 സീറ്റുകൾ ലക്ഷ്യമിട്ട എൻ.ഡി.എയ്ക്ക് ലഭിച്ചത് 293 സീറ്റുകളാണ്. ഉത്തർ പ്രദേശിൽ ആകെ ലഭിച്ചത് 36 സീറ്റുകൾ. സംസ്ഥാനത്തെ പ്രതിപക്ഷമായ സമാജ്വാദി പാർട്ടി വലിയ നേട്ടമുണ്ടാക്കിയപ്പോൾ ഇന്ത്യാ മുന്നണിക്ക് 43 സീറ്റുകൾ ലഭിച്ചു. 2019-ലെ പൊതു തെരഞ്ഞെടുപ്പിൽ 80-ൽ 62 സീറ്റുകളും ഇവിടെ ജയിച്ചിരുന്നത് ബി.ജെ.പി ആയിരുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ട ഫൈസാബാദ് മണ്ഡലത്തിൽ പോലും ബി.ജെ.പി പരാജയപ്പെട്ടു. ദേശീയതലത്തിൽ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതോടെ പാർട്ടിക്കകത്തും പുറത്തും വലിയ വിമർശനങ്ങൾ നേരിട്ടു. രണ്ട് ടേമിലായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൈവിട്ട് പോകുമെന്ന തരത്തിൽ പോലും വിലയിരുത്തലുണ്ടായി. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻെറ നേതൃത്വത്തിലുള്ള എസ്.പിയും കോൺഗ്രസും യു.പിയെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്.
യോഗി ആദിത്യനാഥിൻെറ ഹിന്ദുത്വ വർഗീയതയിലൂന്നിയ, മുസ്ലിം വിരുദ്ധ രാഷ്ട്രീയ തന്ത്രങ്ങൾക്ക് കിട്ടിയ തിരിച്ചടിയെന്നായിരുന്നു രാഷ്ട്രീയ വിദഗ്ദരുടെ വിലയിരുത്തൽ. ഒപ്പം ഉത്തർ പ്രദേശിലെ അടിസ്ഥാന ജനവിഭാഗം മാറി ചിന്തിക്കുന്നുവെന്ന പ്രത്യാശാനിർഭരമായ സാഹചര്യവും. എന്നാൽ ആ പ്രത്യാശയെല്ലാം നിഷ്പ്രഭമാവാൻ വേണ്ടി വന്നത് മാസങ്ങൾ മാത്രമാണ്. ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം നവംബർ 23-ന് പുറത്ത് വന്നപ്പോൾ 9-ൽ 7 സീറ്റുകളും വിജയിച്ച് ബി.ജെ.പിയും യോഗിയും കൂടുതൽ കരുത്തരായിരിക്കുന്നു.
ഉപതെരഞ്ഞെടുപ്പ് ഫലം
2022-ൽ 9-ൽ നാല് സീറ്റുകളാണ് എൻ.ഡി.എ നേടിയിരുന്നത്. എന്നാലിപ്പോൾ മൂന്ന് സീറ്റുകളാണ് എസ്.പിയിൽ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. ഗാസിയാബാദ്, ഖൈർ, കുന്ദർക്കി, ഫുൽപൂർ, മജവാൻ, കതേഹാരി സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) മീരാപൂർ സീറ്റ് നിലനിർത്തി. 2022-ൽ ആർ.എൽ.ഡി എസ്.പിയുടെ സഖ്യകക്ഷിയായിരുന്നു. കുന്ദർക്കി, കതേഹാരി സീറ്റുകളിൽ ബി.ജെ.പി വർഷങ്ങൾക്ക് ശേഷമാണ് വിജയിക്കുന്നത്. കഴിഞ്ഞ 28 വർഷമായി കുന്ദർക്കിയിൽ ജയിച്ച് വന്നിരുന്നത് എസ്.പിയുടെയോ ബി.എസ്.പിയുടെയോ സ്ഥാനാർഥികളാണ്. ന്യൂനപക്ഷ വോട്ടുകൾ ധാരാളമായുള്ള ഈ മണ്ഡലത്തിൽ മുൻ എം.എൽ.എയും എസ്.പി നേതാവുമായ സിയാവുർ റഹ്മാൻ ബർക് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച് എം.പിയായി പോയതോടെയാണ് ഒഴിവ് വന്നത്. എസ്.പി സ്ഥാനാർഥി മുഹമ്മദ് റിസ്വാൻ 1.44 ലക്ഷം വോട്ടുകൾക്കാണ് രാംവീർ സിങ്ങിനോട് പരാജയപ്പെട്ടിരിക്കുന്നത്. 1991-ന് ശേഷം ഇതാദ്യമായാണ് കതേഹാരിയിൽ ബി.ജെ.പി വിജയിക്കുന്നത്. ദളിത്-ഒബിസി വോട്ടുകൾക്ക് മേൽക്കൈ ഉള്ള ഇവിടെ 34,514 വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർഥി വിജയിച്ചത്. എസ്.പി നേതാവ് ലോക്സഭയിലേക്ക് ജയിച്ചതിനാലാണ് ഇവിടെയും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിച്ചത്, 2027-ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന യു.പിയിൽ ബി.ജെ.പിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, ന്യൂനപക്ഷങ്ങളുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും ആശങ്കകൾ വർധിച്ചിട്ടുമുണ്ട്.
യോഗിയുടെ വർഗീയ പ്രസംഗങ്ങൾ
ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പുകൾക്ക് പുറമെ മഹാരാഷ്ട്രയിലെയും ഝാർഖണ്ഠിലെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും യോഗിക്ക് നിർണായക റോളുകളുണ്ടായിരുന്നു. ഹിന്ദു വോട്ടുകൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ “ഒരുമിച്ച് നിന്നാൽ നമ്മൾ സുരക്ഷിതരായിരിക്കും. ഭിന്നിച്ച് നിന്നാൽ നമ്മൾ കശാപ്പ് ചെയ്യപ്പെടും” - എന്ന മുദ്രാവാക്യം മൂന്ന് സംസ്ഥാനങ്ങളിലും യോഗി ഉയർത്തിയിരുന്നു. നവംബർ 5 മുതൽ 18 വരെയുള്ള 13 ദിവസത്തിനുള്ളിൽ 37 പൊതുസമ്മേളനങ്ങളിലാണ് ആദിത്യനാഥ് പ്രസംഗിച്ചത്. ദിവസം കുറഞ്ഞത് 3 റാലികളിലെങ്കിലും പങ്കെടുത്തു. മുസ്ലിങ്ങൾക്കെതിരെ പരസ്യമായി തന്നെ പ്രസംഗിക്കാനും അദ്ദേഹം മറന്നിരുന്നില്ല. മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരും ഭൂമികയ്യേറ്റക്കാരും കല്ലേറ് നടത്തുന്നവരുമെല്ലാമായാണ് അദ്ദേഹം ചിത്രീകരിച്ച് കൊണ്ടിരുന്നത്. ജാർക്കണ്ഠിലും ഉത്തർ പ്രദേശിലും 13 വീതം റാലികളിലും മഹാരാഷ്ട്രയിൽ 11 റാലികളിലും അദ്ദേഹം പങ്കെടുത്തു. ഝാർക്കണ്ഠിൽ എൻ.ഡി.എ സഖ്യം തിരിച്ചടി നേരിട്ടപ്പോൾ മഹാരാഷ്ട്രയിൽ വലിയ ഭൂരിപക്ഷത്തോടെ 235 സീറ്റുകളുമായാണ് ബി.ജെപിയും ശിവസേനയും എൻസിപി അജിത് പവാർ വിഭാഗവും ചേർന്ന മഹായുതി സഖ്യം അധികാരം നിലനിർത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് മാത്രം 132 സീറ്റുകളിലാണ് വിജയിക്കാൻ സാധിച്ചത്.
സംഘർഷഭൂമിയാവുന്ന സംഭൽ
യുപി ഉപതെരഞ്ഞെടുപ്പിൽ നേടിയ വിജയം മുസ്ലിങ്ങൾക്കെതിരെ അതിക്രമങ്ങൾ തുടരാനുള്ള ആത്മവിശ്വാസമായി എടുത്തിരിക്കുകയാണ് യോഗി ആദിത്യനാഥിൻെറ നേതൃത്വത്തിലുള്ള സർക്കാർ. തെരഞ്ഞെടുപ്പ് ഫലം വന്നതിൻെറ പിറ്റേന്ന് തന്നെ സംസ്ഥാനം സംഘർഷഭൂമിയായിരിക്കുകയാണ്. അയോധ്യയിലെ ബാബറി മസ്ജിദിന് ശേഷം മുഗൾ സാമ്രാജ്യം ഭരിച്ചിരുന്ന കാലത്തെ മറ്റൊരു പള്ളിയെ ലക്ഷ്യമിടുകയാണ് സംഘപരിവാർ. മൊറാദാബാദിലെ സംഭലിലുള്ള ഷാഹി ജാമാ മസ്ജിദ്, അമ്പലം പൊളിച്ചിടത്ത് നിർമിച്ചതാണെന്നാണ് വാദം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സർവേ നടത്താനുള്ള ഉത്തരവ് വന്നതോടെ അത് വലിയ സംഘർഷത്തിനും കലാപത്തിനുമൊക്കെ വഴിവെച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് ജാമ മസ്ജിദിൽ വീഡിയോ റെക്കോഡഡ് സർവേ നടത്താൻ ഉദ്യോഗസ്ഥരെത്തിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് നടന്നത്. പ്രതിഷേധം പോലീസുമായുള്ള സംഘർഷത്തിലേക്കും ഒടുവിൽ അഞ്ച് പേരുടെ മരണത്തിലുമാണ് കലാശിച്ചിരിക്കുന്നത്. നഈം,ബിലാൽ, നുഅ്മാൻ എന്നിവരാണ് ഞായറാഴ്ച കൊല്ലപ്പെട്ടതെന്ന് മാധ്യമ റിപ്പോട്ടുകൾ പറയുന്നു. പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പോലീസ് വെടിവെപ്പിലാണ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ജാമാ മസ്ജിദിൽ സർവേ നടക്കുന്നതിനിടെ പ്രതിഷേധിച്ചവരെ ഉരുക്കുമുഷ്ഠി കൊണ്ട് നേരിടാനാണ് യോഗി ആദിത്യനാഥ് സർക്കാരും പോലീസും ശ്രമിച്ചത്. പോലീസ് നടപടികളും മരണങ്ങളുടെമെല്ലാം മേഖലയെ ഇപ്പോൾ കലാപഭൂമിയാക്കി മാറ്റിയിരിക്കുന്നു. ഇതോടെ സംഭലിൽ ഇൻറർനെറ്റ് വിച്ഛേദിച്ച സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ സ്കൂളുകൾക്കും കോളേജുകൾക്കുമെല്ലാം അവധി പ്രഖ്യാപിച്ചു. സംഭൽ ചന്ദൌസിയിലുള്ള ഒരു പ്രാദേശിക സിവിൽ കോടതിയുടെ വിധി വന്നതിന് ശേഷമാണ് മസ്ജിദിൽ സർവേ നടത്താൻ അഡ്വക്കേറ്റ് കമ്മീഷൻ അംഗങ്ങൾ എത്തിയത്. നംവബർ 19 ചൊവ്വാഴ്ചയാണ് സർവേ നടത്താൻ അനുമതി നൽകിക്കൊണ്ട് കോടതിവിധി വന്നത്. ചൊവ്വാഴ്ച തന്നെ പ്രാഥമിക സർവേ നടത്താൻ ജഡ്ജി നിർദ്ദേശം നൽകിയിരുന്നു. അന്നുതന്നെ സർവേയ്ക്ക് തുടക്കമാവുകയും ചെയ്തു. ഞായറാഴ്ച രണ്ടാം ഘട്ട സർവേ നടക്കവേയാണ് സംഘർഷമുണ്ടായത്.
എട്ട് പേരടങ്ങിയ അഭിഭാഷകസംഘമാണ് അമ്പലം പൊളിച്ചാണ് ബാബറിൻെറ കാലത്ത് മസ്ജിദ് നിർമ്മിച്ചതെന്ന വാദവുമായി കോടതിയെ സമീപിച്ചത്. കാശിയിലെ ഗ്യാൻവാപി മസ്ജിദിൻെറ കാര്യത്തിലും ഇതേ രീതിയിൽ കോടതിയെ സമീപിച്ച വിഷ്ണു ശങ്കർ ജെയിൻെറ നേതൃത്വത്തിലാണ് ഇപ്പോൾ ഹർജി നൽകിയിരിക്കുന്നത്. കൽകി ക്ഷേത്രം ഉണ്ടായിരുന്നിടത്ത് അത് തകർത്ത്, 1520-കളിൽ ആദ്യ മുഗൾ ചക്രവർത്തിയായിരുന്ന ബാബർ പള്ളി പണിഞ്ഞുവെന്നാണ് ഹർജിക്കാരുടെ വാദം. അതിനാൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻെറ ആദ്യപടിയെന്നോണമാണ് ഇപ്പോൾ സർവേ തുടങ്ങിയിരിക്കുന്നത്. ചരിത്രപരമായ വസ്തുതകളൊന്നും വിശകലനം ചെയ്യാതെയാണ് ഇപ്പോൾ ധൃതി പിടിച്ച് സർവേ നടത്തുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.
സംസ്ഥാനത്ത് വർഗീയ കാർഡിറക്കി നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയ ബി.ജെ.പി ഇതൊരു അവസരമായി ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. അഞ്ച് പേർ കൊല്ലപ്പെട്ടതിന് ശേഷവും പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. “നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല, എങ്ങനെയാണ് സംഘർഷം ഉണ്ടായതെന്ന് അന്വേഷിക്കുകയാണ്,” സംഭവത്തിന് ശേഷം ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പാഥകിൻെറ പ്രസ്താവന ഇങ്ങനെയാണ്. സംഭലിൽ നിലനിൽക്കുന്ന സംഘർഷാന്തരീക്ഷം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. “ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഭവവികാസങ്ങളിൽ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടൽ നിർഭാഗ്യകരമാണ്. മറുവിഭാഗത്തെ കേൾക്കാതെ ഏകപക്ഷീയമായ നടപടികളാണ് സർക്കാരിൻെറ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അന്തരീക്ഷം കൂടുതൽ മോശമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,” വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
സംസ്ഥാന സർക്കാർ തന്നെ സംഭലിൽ കലാപം ഉണ്ടാക്കിയിരിക്കുകയാണെന്ന് മുൻ യുപി മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് ആരോപിക്കുന്നു. “സംഭലിൽ ആളുകൾ കൊല്ലപ്പെട്ടതിൻെറ ഉത്തരവാദിത്വം ആദിത്യനാഥ് സർക്കാരിനും പോലീസിനുമാണ്,” - അഖിലേഷ് പറഞ്ഞു. പ്രതിപക്ഷത്തിൻെറ വിമർശനങ്ങളെയോ മുസ്ലിം സംഘടനകളുടെ പരാതികളെയോ മുഖവിലയ്ക്കെടുക്കാൻ യോഗി സർക്കാർ തയ്യാറാവുന്നില്ല. ഏത് വിധേനയും യുപിയിൽ വീണ്ടും അധികാരത്തിലെത്താനും അതുവഴി ദേശീയ രാഷ്ട്രീയത്തിൽ അനിഷേധ്യ നേതാവായി വളരാനുമുള്ള ശ്രമങ്ങളാണ് യോഗി ആദിത്യനാഥ് നടത്തുന്നത്. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിലെ ന്യൂനപക്ഷ വേട്ട തുടരാനുള്ള ആയുധമാക്കി ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പി. അത് ഉത്തർപ്രദേശിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ…