ഏക സിവിൽ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം എന്ന അവകാശവാദത്തോടെയാണ് ബി.ജെ.പി ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ നേരിടുന്നത്.
2014 മുതലുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചിട്ടുള്ളത്. ജയം കോൺഗ്രസിനെ സംബന്ധിച്ച് ഇപ്പോഴും ശ്രമകരം തന്നെയാണ്. സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനെതിരെ ഭരണവിരുദ്ധവികാരം എന്ന ഒരൊറ്റ കുന്തമുനയിലാണ് കോൺഗ്രസ് കാമ്പയിൻ ഊന്നുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെയും നേതൃത്വത്തിലുള്ള ‘ഇരട്ട എൻജിൻ സർക്കാറി’നെ ചൂണ്ടിക്കാട്ടിയാണ് എൻ.ഡി.എ കാമ്പയിൻ.
നൈനിറ്റാൾ-ഉദംസിങ് നഗർ, അൽമോറ, തെഹ്രി ഗർവാൾ, ഹരിദ്വാർ, ഗർവാൾ എന്നീ അഞ്ച് ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ അൽമോറ പട്ടിക ജാതി സംവരണമാണ്. എപ്രിൽ 19 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.
2019- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് അഞ്ച് മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തിനെയാണ് നൈനിറ്റാൾ-ഉദ്ദംസിങ് നഗറിൽ ബി.ജെ.പി സ്ഥാനാർഥി അജയ്ഭട്ട് പരാജയപ്പെടുത്തിയത്, 3,39,06 വോട്ടിന്റെ ഭൂരിപക്ഷം. തെഹ് രി ഗർവാളിൽ മാലാ രാജ്യലഷ്മി ഷാ, ഗർവാളിൽ തിരത് സിങ് റാവത്ത്, അൽമോറയിൽ അജയ് താംത, എന്നിവരാണ് വിജയിച്ചത്. ബി.ജെ.പിക്ക് 61.01% വോട്ടും കോൺഗ്രസിന് 31.04% വോട്ടും ബി.എസ്.പിക്ക് 4.48% വോട്ടുമാണ് ലഭിച്ചത്.
ഇത്തവണ ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടുകഴിഞ്ഞു. ഹാട്രിക്ക് ലക്ഷ്യം വെച്ച് സിറ്റിങ്ങ് എം.പിമാരടക്കമുള്ളവരാണ് മത്സരിക്കുന്നത്. തെഹ്‌രി ഗർവാളിൽനിന്ന് മാലാ രാജ്യ ലഷ്മി ഷാ, അൽമോറയിൽ അജയ് തംത, നൈനിറ്റാൾ- ഉദംസിംങ് നഗറിൽ നിന്ന് അജയ് ഭട്ട്, ഗർവാളിൽ അനിൽ ബലൂനി, ഹരിദ്വാറിൽ ത്രിവേന്ദ്ര സിങ് റാവത്ത് തുടങ്ങിയവരാണ് മത്സരിക്കുന്നത്. മൂന്നാം തവണയും നരേന്ദ്ര മോദി സർക്കാർ ഭരണത്തിലെത്തുമെന്നും 2025-യോടെ രാജ്യത്തെ മുൻനിര സംസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്നുമുള്ള കാമ്പയിനാണ് ബി.ജെ.പി ഉയർത്തുന്നത്.
സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്. 2022ലെ തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിലെ 47 സീറ്റും കൈവശപ്പെടുത്തിയാണ് ബി.ജെ.പി ഭരണം നിലനിർത്തിയത്.
എം.എൽ.എമാരും നേതാക്കളും അടക്കമുള്ളവരുടെ ബി.ജെ.പിയിലേക്കുള്ള ഒഴുക്കാണ് കോൺഗ്രസിന് തലവേദനയായിരിക്കുന്നത്. സിറ്റിങ്ങ് എം.എൽ.എ രാജേന്ദ്ര ഭണ്ഡാരിയാണ് ഈയടുത്ത് കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്. മുൻ വനംവകുപ്പ് മന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകളും സൗന്ദര്യമത്സര ജേതാവുമായ അനുകൃതി ഗുസൈനും കോൺഗ്രസ് വിട്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലാൻസ്ഡൗൺ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ഗുസൈൻ പരാജയപ്പെട്ടിരുന്നു. നേരത്തെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് റാവത്തിനെ മന്ത്രിസഭയിൽ നിന്നും ബി.ജെ.പിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും കോൺഗ്രസിൽ ചേരുന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവർ വീണ്ടും ബി.ജെ.പിയിലേക്കു തന്നെ തിരിച്ചെത്തുകയായിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്നാണ് ഗുസൈൻ പാർട്ടി മാറിയതെന്നാണ് പറയപ്പെടുന്നത്.
'ഓപ്പറേഷൻ ലോട്ടസി'ലൂടെ പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേത് എന്നാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കരൺ മഹാറയുടെ ആരോപണം. ബദ്‌രിനാഥ് എം.എൽ.എ രാജേന്ദ്ര ഭണ്ഡാരിയെ ബി.ജെ.പിയിലേക്ക് കൊണ്ടുപോയത്, അദ്ദേഹത്തിന്റെ ജീവിതപങ്കാളിയുമായി ബന്ധപ്പെട്ട ഒരു കേസിന്റെ ഭാഗമായി സമ്മർദം ചെലുത്തിയാണെന്ന് കരൺ ആരോപിച്ചു.
അടിമുടി തകർന്ന സംഘടനാസംവിധാനമാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധി. 2019-ൽ ഹരീഷ് റാവത്തിനെ പോലുള്ള കരുത്തരായ കോൺഗ്രസ് നേതാക്കമാർക്ക് വരെ അടിയറവ് പറയേണ്ടി വന്നിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നില മെച്ചപ്പെടുത്താനായത്, കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു. 19 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്.
വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം, തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രധാനമായും കോൺഗ്രസ് പ്രചാരണ വിഷയം. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെയും കോൺഗ്രസ് നിശിതമായി എതിർത്തിരുന്നു. സംസ്ഥാനത്ത് പത്ത് വർഷമായി തുടരുന്ന ബി.ജെ.പി ഭരണത്തിൽ ജനങ്ങൾ അസ്വസ്ഥരാണെന്നും ഇത് തിരഞ്ഞെടുപ്പിൽ വോട്ടായി വരുമെന്നുമാണ് കോൺഗ്രസ് പ്രതീക്ഷ.
ഗർവാൾ, തെഹ് രി, അൽമോറ തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജോത് സിങ് ഗുണ്ട്‌സോള, ഗണേഷ് ഗോഡിയാൽ, പ്രദീപ് തംത തുടങ്ങിയവരാണ് പട്ടികയിലുള്ളത്. നൈനിറ്റാൾ, ഉധം സിങ്ങ് നഗർ, ഹരിദ്വാർ തുടങ്ങിയ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല
ഉത്തർപ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽവന്നത് 2000-ലാണ്. ബി.ജെ.പി സർക്കാർ രൂപീകരിക്കുന്നത് 2017-ലാണ്. 2022-ലും ബി.ജെ.പി തന്നെ അധികാരത്തിലെത്തി. ഇതിനുശേഷം, മുസ്‌ലിംകൾക്കെതിരെ വ്യാപകമായ കാമ്പയിനും അക്രമങ്ങളും നടന്നിരുന്നു. വർഗീയ ധ്രുവീകരണത്തിലൂടെ അധികാരം നിലനിർത്തുക എന്ന തന്ത്രം ബി.ജെ.പി ഏറ്റവും വിജയകരമായി പയറ്റുന്ന സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്. ബ്രാഹ്മണ- ക്ഷത്രിയ വിഭാഗങ്ങളാണ് ബി.ജെ.പിയുടെ വോട്ടുബാങ്ക്.
1.01 കോടിയോളമുള്ള സംസ്ഥാനത്തെ ആകെ ജനസംഖ്യയിൽ 14 ലക്ഷം മുസ്‍ലിംകളാണ്. മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിൽ മുസ്‍ലിംകൾ അധികവും നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ മുസ്‍ലിം വ്യാപാരികളോട് ഹിന്ദുത്വ സംഘടനകൾ ആവശ്യപ്പെടുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. പിത്തോഗഡ് ജില്ലയിലെ ധാർചുല നഗരം വിട്ടുപോകാൻ എൺപതോളം മുസ്‌ലിം വ്യാപാരികളോട് ഹിന്ദുത്വ സംഘടനകളുടെ നിയന്ത്രണത്തിലുള്ള വ്യാപാരി സംഘടന ആവശ്യപ്പെട്ടത് പ്രദേശത്ത് സംഘർഷമുണ്ടാക്കിയിരുന്നു. മുസ്‌ലിംകൾ നടത്തുന്ന 90 കടകളുശട രജിസ്‌ട്രേഷനും ഈ വ്യാപാരി സംഘടന റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ജൂണിൽ ഉത്തരകാശിയിൽ പെൺകുട്ടിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വ്യാജ ലൗ ജിഹാദ് പ്രചാരണങ്ങളെ തുടർന്ന് മുസ്ലിംകൾക്കെതിരെ വ്യാപക ആക്രമണമുണ്ടായിരുന്നു.
ബദരീനാഥ്, ഋഷികേശ്, ഉത്തരകാശി, ഹരിദ്വാർ തുടങ്ങിയ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിനെ ഹൈന്ദവവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തിവരുന്നത്. ഏക സിവിൽ കോഡ് ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം എന്ന കാമ്പയിനും, വോട്ട് ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി ഏറ്റെടുത്തിട്ടുണ്ട്. 'ജയ് ശ്രീറാം' വിളികളോടെയാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ദാമി നിയമസഭയിൽ ഏക സിവിൽ കോഡ് അവതരിപ്പിച്ചത്. ഇന്ത്യയിലുടനീളം കേന്ദ്ര സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ഏക സിവിൽ കോഡിന്റെ പ്രാഥമിക രൂപമെന്ന നിലയ്ക്കാണ് സംസ്ഥാനത്തെ നിയമത്തെ ബി.ജെ.പി വിശേഷിപ്പിക്കുന്നത്.
ഉത്തരാഖണ്ഡിലെ പോളിങ്ങ് ശതമാനം പൊതുവെ കുറവാണെന്നാണ് ഉത്തരാഖണ്ഡ് ചീഫ് ഇലക്ടറൽ ഓഫീസറായ ബി.വി.ആർ.സി പുരുഷോത്തം പറയുന്നത്. 2019- ൽ 61.50 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. 2014, 2009, 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 62.05%, 53.96%, 49.25% എന്നിങ്ങനെയായിരുന്നു പോളിങ്. ഇത്തവണ, ബോധവത്ക്കരണത്തിലൂടെ 70 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സി.ഇ.ഒ പറയുന്നു.
എ.ബി.പി ന്യൂസ് സീവോട്ടർ, ന്യൂസ്- 18 എന്നിവയുടെ അഭിപ്രായ സർവ്വേകളിൽ അഞ്ച് സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്നാണ് പ്രവചനം. സർവ്വേ പ്രകാരം ബി.ജെ.പിയ്ക്ക് 62- 63% വോട്ടും കോൺഗ്രസിന് 30 - 35% വോട്ടും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.