വൈകാരിക വിഷയങ്ങളിൽ അതിരുകടന്ന അക്രമാസക്തിയോടെ കുതിച്ചുചാടുന്ന ആൾക്കൂട്ടത്തിന്റെ സാധ്യതകളെ സാമുദായിക ധ്രുവീകരണങ്ങൾക്കായി വിനിയോഗിക്കുന്നത് വഴി സാധിച്ചെടുക്കുന്ന ഭൂരിപക്ഷ ഏകോപനത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് പരിവർത്തിപ്പിക്കുക എന്ന സംഘപരിവാർ തന്ത്രം ഏറ്റവും ഫലപ്രദമായി പരീക്ഷിച്ച് വിജയിച്ച സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2017 ൽ ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ വന്നതും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ആകസ്മികമായിരുന്നില്ല. അതിനു പിന്നിൽ മുസ്ലിം വോട്ടുകൾ വിഭജിച്ചും ദലിത് വോട്ടുകളും ഓബിസി വോട്ടുകളും കേന്ദ്രീകരിക്കുന്നതിനെ തടഞ്ഞും വളരെ റൂട്ടടായിട്ടുള്ള, കൃത്യമായ പൊളിറ്റിക്കൽ സ്ട്രാറ്റജി ഉണ്ടായിരുന്നു. ഉത്തർപ്രദേശിന്റെ ചരിത്രം എന്നത് കലാപങ്ങളുടെ കൂടി ചരിത്രമാണ്. വളരെ കാലം ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തനം നടത്തിയിരുന്ന വി.എസ് സനോജ് വിശദീകരിക്കുന്നു.