മൃദുഹിന്ദുത്വം: കോൺഗ്രസിന്റെ ഉത്തരേന്ത്യൻ രീതിയോട് വിയോജിപ്പ് വ്യക്തമാക്കി വി.ഡി. സതീശൻ

Think

ത്തരേന്ത്യയിൽ കോൺഗ്രസ് നേതാക്കൾ, ഹിന്ദുത്വ പ്രതീകങ്ങൾ ഉപയോഗിച്ചുനടത്തുന്ന മൃദുഹിന്ദുത്വ കാമ്പയിനുകളിൽ വിയോജിപ്പ് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അത് ഉത്തരേന്ത്യൻ രീതിയാണെന്നും അവിടെ കുറെക്കൂടി റിലീജ്യസാണ് കാര്യങ്ങളെന്നും അതിനോട് യോജിപ്പില്ലെന്നും, ഇത്തരം പ്രചാരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് മൃദുഹിന്ദുത്വം എടുക്കേണ്ട ആവശ്യമില്ല. തീവ്ര ഹിന്ദുത്വം എടുക്കുന്ന ബി.ജെ.പി അവിടെയുണ്ട്, അപ്പോൾ മൃദുഹിന്ദുത്വത്തിന് എന്താണ് പ്രസക്തി- സതീശൻ ചോദിക്കുന്നു.

ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായുള്ള അഭിമുഖത്തിലാണ് സതീശൻ നിലപാട് വ്യക്തമാക്കിയത്.
കോൺഗ്രസ് ദേശീയതലത്തിൽ ഒരു പൊളിറ്റിക്കൽ ലൈൻ രൂപപ്പെടുത്തിയെടുക്കുന്ന സമയത്ത്, കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കൾക്ക് അതിൽ മേജർ റോളുണ്ടെന്ന് സതീശൻ പറഞ്ഞു. അത് ഇന്ദിരാഗാന്ധിയുടെ കാലം മുതലേയുള്ളതാണ്. കഴിഞ്ഞ എ.ഐ.സി.സി പ്ലീനറി സെഷനിൽ സാമ്പത്തിക പ്രമേയം അവതരിപ്പിച്ചു. അതിന്റെ കൺവീനർ പി. ചിദംബരമായിരുന്നു. പ്രമേയം സെക്കൻഡ് ചെയ്ത് സംസാരിക്കാൻ എനിക്കാണ് അവസരം ലഭിച്ചത്. ഞങ്ങൾ ചെയ്തത്, ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും സാമ്പത്തിക നയത്തിന് ഫിലോസഫിക്കൽ ഡിഫറൻസ് ഉണ്ട് എന്ന വാദമാണ് ഞാനുന്നയിച്ചത്. അത്തരമൊരു നിലപാട് എടുക്കാത്തവരും ഞങ്ങളും തമ്മിൽ ഒരു സംഘർഷം ഇത് ഡ്രാഫ്റ്റ് ചെയ്യുന്ന സമയത്തുണ്ടായിരുന്നു. എന്നാൽ, അവസാനം ഇത് അവതരിപ്പിച്ചപ്പോൾ ഞങ്ങൾ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. നെഹ്‌റൂവിയൻ സമീപനമാണ് ഇക്കാര്യത്തിലുണ്ടായത്. അത് നമ്മൾ അവരെ ബോധ്യപ്പെടുത്തിയാൽ മതി. കാലത്തിന്റെ സമ്മർദം കൊണ്ടോ മറ്റോ ഒരു നിലപാടു മാറ്റം അവർക്കുണ്ടായാൽ അവരെ കറക്ട് ട്രാക്കിലേക്ക് കൊണ്ടുവരാൻ കഴിയും- സതീശൻ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ കാലത്തുനിന്നുള്ള പ്രതിപക്ഷത്തിന്റെ മാറ്റം, സംസ്ഥാന കോൺഗ്രസിൽ രൂപപ്പെട്ട പുതിയ 'സ്‌കൂളും' ശൈലിയും, പിണറായി സർക്കാറിനോടുള്ള നിലപാട്, കേരളത്തിലെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ, നേതാക്കളുടെ ജാതീയ- വംശീയ പ്രയോഗങ്ങൾ, കെ- റെയിൽ പദ്ധതിയോടുള്ള സമീപനം, കോൺഗ്രസ് എന്തുകൊണ്ട് സെമി കേഡർ പാർട്ടിയാകണം, സാമുദായിക സംഘടനാ നേതാക്കളോടുള്ള പാർട്ടിയുടെ സമീപനം, മുല്ലപ്പെരിയാറിന്റെ കാര്യത്തിലുള്ള നയം തുടങ്ങിയ വിഷയങ്ങൾ അഭിമുഖം ചർച്ച ചെയ്യുന്നു.
അഭിമുഖം ഇന്ന് വൈകീട്ട് എട്ടുമണിക്ക് ട്രൂ കോപ്പി തിങ്കിൽ.


Comments