വെങ്കിടേഷ് രാമകൃഷ്ണൻ

ഹിന്ദു, മുസ്​ലിം തീവ്രവാദം:
​ഇടതുപക്ഷ ഇടപെടൽ യാ​ന്ത്രികം

ഹിന്ദു തീവ്രവാദത്തോടൊപ്പം, മറുവശത്ത് മുസ്‌ലിം തീവ്രവാദം വളരുന്നുണ്ട്. ഇതിന്​ പ്രധാന കാരണങ്ങളിലൊന്ന്, രണ്ടു ദശാബ്ദമായി, ദൈനംദിന രാഷ്ട്രീയത്തിന്റെയും സാംസ്‌കാരിക രാഷ്ട്രീയത്തിന്റെയും തലത്തിൽ ഇടതുപക്ഷത്തിന്റെ ഇടപെടൽ വളരെ യാന്ത്രികവും അപര്യാപ്തവുമാണ് എന്നതാണ്. തുടർഭരണത്തിന്റെ പാശ്ചാത്തലത്തിൽ ഒരുതരം കോംപ്ലസെൻസി വന്നിട്ടുണ്ട്, ഇടതുപക്ഷത്തിന്റെ പൊതുഅവസ്ഥകളിൽ.

കെ. കണ്ണൻ: 2025ലെ ശതാബ്ദിക്ക് മൂന്നുവർഷം മാത്രം ബാക്കിനിൽക്കേ, ആർ.എസ്.എസ് കേരളത്തെ ഒരു ടാർഗറ്റ് സ്റ്റേറ്റ് എന്ന നിലയിലാണ് പരിഗണിക്കുന്നത്. കേരളത്തിൽ സംഘപ്രവർത്തനത്തിൽ വലിയ മുന്നേറ്റമുണ്ടായതായി ഈയിടെ കേരള സന്ദർശനത്തിനിടെ, ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞിരുന്നു. എതിർക്കുന്നവർ പോലും ആർ.എസ്.എസിനെ അനുകരിക്കാൻ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആർ.എസ്.എസിനെതിരെ അതിശക്തമായ നിലപാടുള്ള ഒരു പൊളിറ്റിക്കൽ സ്റ്റേറ്റായ കേരളത്തെ സംബന്ധിച്ച്, മോഹൻ ഭാഗവതിന്റെ അവകാശവാദത്തിന്റെ വസ്തുത എന്താണ്? സമീപകാലത്ത്, കേരളത്തിൽ ആർ.എസ്.എസിന് അത്തരമൊരു വളർച്ചയുണ്ടായിട്ടുണ്ടോ?

വെങ്കിടേശ് രാമകൃഷ്ണൻ: കേരളത്തിലെ പൊതുസമൂഹത്തിൽ, പ്രത്യേകിച്ച്, മധ്യവർഗ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനും അതിന്റെ പ്രത്യയശാസ്ത്രത്തിനും അതിന്റെ ലോകവീക്ഷണത്തിനും സാമൂഹിക വീക്ഷണത്തിനമൊക്കെ ഒരു ഡ്രോയിംഗ് റൂം സ്വീകാര്യത, പത്തുപതിനഞ്ചുവർഷമായി ക്രമേണ വളർന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ, സംഘടനാതലത്തിൽ അതിനെ വേരോട്ടമുള്ള ഒന്നാക്കി മാറ്റാൻ ആർ.എസ്.എസിന്റെ രാഷ്ട്രീയ ആയുധമായ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയിൽ തന്നെ ആർ.എസ്.എസിന് സംഘടനാപരമായി ഏറ്റവും സംഘടിതമായ യൂണിറ്റുകളിലൊന്നുള്ളത് കേരളത്തിലാണ്, അത് ഇപ്പോഴല്ല, മൂന്ന് പതിറ്റാണ്ടായെങ്കിലും അങ്ങനെയൊരവസ്ഥയുണ്ട്. പ്രത്യേകിച്ച്, ഉത്തരകേരളത്തിൽ സി.പി.എമ്മുമായുള്ള നിരന്തരമായ കായികസംഘർഷത്തിന്റെ പാശ്ചാത്തലത്തിൽ മിലിറ്റന്റായ ഒരു ഓർഗനൈസേഷനൽ സ്ട്രക്ചർ അവിടെ ആർ.എസ്.എസിന് നേരത്തെയുണ്ട്. പക്ഷെ, കഴിഞ്ഞ പത്തുപതിനഞ്ചുവർഷമായി രൂപപ്പെട്ട ഡ്രോയിങ് റൂം ആക്‌സപ്റ്റൻസിനെ പൊളിറ്റിക്കൽ അഡ്വാന്റേജായി മാറ്റാനാകാത്തതിന് ചില കാരണങ്ങളുണ്ട്.

കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, ശ്രീധരൻ പിള്ള
കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, ശ്രീധരൻ പിള്ള

ആർ.എസ്.എസിന്റെ സംഘടനാ സെക്രട്ടറിമാർ വഴിയാണ് ബി.ജെ.പി അതിന്റെ സംഘടനാപ്രവർത്തനം മുന്നോട്ടുനീക്കുന്നത്. ഓർഗനൈസിംഗ് സെക്രട്ടറി എന്ന ബി.ജെ.പിക്കകത്തുള്ള പദവി ആർ.എസ്.എസിനുവേണ്ടി നീക്കിവച്ചിട്ടുള്ളതാണ്. ആർ.എസ്.എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പാർട്ടി കാര്യങ്ങൾ മുഴുവൻ നടക്കുന്നത്. കേരളത്തിൽ, ഓർഗനൈസിംഗ് സെക്രട്ടറിമാരായി വന്നിട്ടുള്ളവരും പിന്നീട് ബി.ജെ.പിയുടെ നേതൃത്വത്തിലേക്ക് വന്നിട്ടുള്ള, പാർട്ടിയുടെ മുഖങ്ങളായി മാറിയവരുമായ ആളുകൾ, ശ്രീധരൻ പിള്ളയായാലും കുമ്മനം രാജശേഖരനായാലും കെ. സുരേന്ദ്രൻ വരെയുള്ളവരായാലും, മറ്റു സംസ്ഥാനങ്ങളിലുള്ള ബി.ജെ.പി നേതാക്കളുമായി താരതമ്യപ്പെടുത്തിയാൽ, സംഘടനാപരമായും രാഷ്ട്രീയ ക്രിയാത്മകതയുടെ തലത്തിലുമെല്ലാം രണ്ടോ മൂന്നോ മാർക്കുകൾ മാത്രം കിട്ടുന്നവരാണ്. ഇതിന് വലിയ മാറ്റം ഇപ്പോഴും ഉണ്ടായിട്ടില്ല.

മലബാറിലൊക്കെ തീവ്ര മുസ്‌ലിം വിഭാഗങ്ങൾ വളർന്നുവരുന്ന അവസ്ഥ മാറ്റിയെടുക്കാൻ പര്യാപ്തമായ ഇടപെടൽ ഇപ്പോഴും നടക്കുന്നില്ല. പ്രത്യേകിച്ച്, തുടർഭരണത്തിന്റെ പാശ്ചാത്തലത്തിൽ ഒരുതരം കോംപ്ലസെൻസി വന്നിട്ടുണ്ട്, ഇടതുപക്ഷത്തിന്റെ പൊതുഅവസ്ഥകളിൽ.

നാം സംസാരിക്കുന്നത്, പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഹർത്താൽ ആചരിക്കുന്ന സന്ദർഭത്തിൽ കൂടിയാണല്ലോ. ഈ തരത്തിലുള്ള ആൻറി മുസ്‌ലിം എക്‌സ്ട്രിമിസത്തിന്റെ ഒരു വികാരം, പ്രത്യേകിച്ച്, ഹിന്ദു- ക്രിസ്ത്യൻ സമുദായങ്ങളിൽ വളരെ സജീവമായി വരുന്നതായാണ് ഞാൻ കാണുന്നത്. അതിന്റെ കൂടി പ്രതികരണമെന്ന നിലക്കാണ്, ഇപ്പോൾ ആർ.എസ്.എസ് അവരുടെ പ്രവർത്തനങ്ങൾ step up ചെയ്യുന്നത്. ഉദാഹരണത്തിന്, മോഹൻ ഭാഗവതിനെപ്പോലുള്ളവർ കേരളത്തിൽ കൂടുതലായി സമയം ചെലവഴിക്കുന്നു, ദേശീയതലത്തിൽ, മറ്റു മതങ്ങളുമായി ആശയവിനിമയം നടത്താനുള്ള ശ്രമം നടക്കുന്നു. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറേശിയെപ്പോലുള്ളവരൊക്കെ അതിൽ വീണതായാണ് നമ്മൾ കാണുന്നത്.

സപ്​തംബർ 23ന്​ ഹർത്താൽ ദിനത്തിൽ പോപ്പുലർ ഫ്രണ്ട്​ പ്രവർത്തകർ എറിഞ്ഞുതകർത്ത കെ എസ്  ആർ ടി സി  ബസ്​
സപ്​തംബർ 23ന്​ ഹർത്താൽ ദിനത്തിൽ പോപ്പുലർ ഫ്രണ്ട്​ പ്രവർത്തകർ എറിഞ്ഞുതകർത്ത കെ എസ് ആർ ടി സി ബസ്​

എന്നാൽ, മനസ്സിലാക്കേണ്ട ഒരു കാര്യം, പൊളിറ്റിക്കൽ ക്രിയേറ്റിവിറ്റി എന്നത് ആർ.എസ്.എസിന്റെ കൂടപ്പിറപ്പാണ്. 1925ലാണ് ആർ.എസ്.എസ് രൂപീകരിക്കുന്നതെങ്കിലും 1922- 23 കാലത്തുണ്ടായ ഹിന്ദുത്വ തിസീസാണ് അതിന്റെ അടിസ്ഥാനപരമായ സംഗതി. അതുവച്ചാണ് അവർ മുന്നോട്ടുപോയത്. സ്വാതന്ത്ര്യസമരകാലത്ത് അവർക്ക് മുന്നേറ്റമുണ്ടാക്കാനായില്ല, ഇന്ത്യയുടെ പൊതുബോധത്തിന്റെ ഭാഗമാകാനായിരുന്നില്ല. 1925 മുതൽ 1967 വരെ അവർക്ക് വലിയ തോൽവികളുണ്ടായി, ചെറിയ വിജയങ്ങളും. 1967ൽ റാം മനോഹർ ലോഹ്യയും സി.പി.ഐയിലെ ഒരു വിഭാഗവുമാണ് ഇവർക്ക് ലെജിറ്റിമസി കൊടുക്കുകയും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി വളർന്നുവരാൻ സ്‌പെയ്‌സുണ്ടാക്കുകയും ചെയ്തത്. തിരിച്ചടികൾ മറികടന്ന് അവർക്ക് നൂറുവർഷ പ്രൊജക്റ്റുമായി മുന്നോട്ടുപോകാൻ പറ്റി. ഇപ്പോൾ അത് കൂടുതൽ ശക്തിപ്രാപിക്കുകയും നമ്മുടെ സാമൂഹിക ജീവിതത്തിന്റെ അലകും പിടിയും മാറ്റുന്ന വിധത്തിൽ, എല്ലാ തലങ്ങളിലും ഹിന്ദുത്വയുടെ സ്വാധീനം വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ചയാണുള്ളത്.

കേരളത്തിൽ ഹിന്ദുത്വക്ക് ഡ്രോയിങ് റൂം ആക്‌സപ്റ്റൻസ് ഉള്ളതുകൊണ്ട്, സംഘടനാപരമായ വീഴ്ച പരിഹരിച്ച്, അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ ശക്തിമായി മുന്നേറാം എന്ന പദ്ധതി അവർക്കുണ്ട്. അത്, ഫലിച്ചാലും ഇല്ലെങ്കിലും അതിനനുസരിച്ച കാര്യങ്ങളുമായാണ് അവർ മുന്നോട്ടുപോകുന്നത്.

സംഘടനക്കകത്ത് എത്രമാത്രം ജനാധിപത്യപരമായ ചർച്ചകളും സംവാദങ്ങളും കൊടുക്കൽ വാങ്ങലുകളൊക്കെ നടക്കുന്നുണ്ട്? അതും കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് തോന്നുന്നത്.

കേരളത്തിൽ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട്, അതിസൂക്ഷ്മ തലത്തിൽ ആർ.എസ്.എസ് പ്രവർത്തനം സജീവമാക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഉദാഹരണത്തിന്, സഹകരണമേഖലയിൽ, ബി.ജെ.പിയുടെ സഹകരണ ശൃംഖലമായ സഹകാർ ഭാരതിയുടെ നേതൃത്വത്തിൽ സ്ത്രീകളെയും ഗ്രാമീണരെയുമെല്ലാം ഉൾക്കൊള്ളുന്ന ഗ്രാമീണ സ്വയംസഹായ സംഘങ്ങളും മൈക്രോ ഫിനാൻസ് പദ്ധതികളും പ്രവർത്തിക്കുന്നു. വിവിധ സാമുദായിക വിഭാഗങ്ങളിലേക്ക് വേരുകളാഴ്ത്താൻ ശ്രമിക്കുന്നു. ഏറ്റവുമൊടുവിൽ, കേന്ദ്ര സർക്കാർ നിയമിച്ച ഗവർണറുടെ പ്രത്യക്ഷമായ ആർ.എസ്.എസ് ഇടപെടലും പുറത്തുവന്നിരിക്കുന്നു. ഇത്തരം, ബഹുതല സ്പർശിയായ നീക്കങ്ങളെ ശരിയായി അഭിമുഖീകരിക്കാനുള്ള ജാഗ്രത കേരളത്തിന്റെ രാഷ്ട്രീയവും പൊതുബോധവും പ്രകടിപ്പിക്കുന്നുണ്ടോ?​

സഹകാർ ഭാരതിയ്ക്ക് കീഴിലുള്ള  ഗ്രാമീൺ സമൃദ്ധി സ്റ്റോർ
സഹകാർ ഭാരതിയ്ക്ക് കീഴിലുള്ള ഗ്രാമീൺ സമൃദ്ധി സ്റ്റോർ

കേരളത്തെ ലക്ഷ്യം വച്ചുതന്നെയാണ് അമിത് ഷാ, കേന്ദ്ര സഹകരണ വകുപ്പുണ്ടാക്കി, സഹകരണ നിയമങ്ങളിലും മറ്റും അതിനനുസരിച്ച മാറ്റം കൊണ്ടുവന്നത്. ഇങ്ങനെ, ഓരോ മേഖലയും ലക്ഷ്യം വച്ച് 24 x 7 x 365 എന്ന രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ് ആർ.എസ്.എസ്. കേരളത്തിനുവേണ്ടി വിഭാവനം ചെയ്തിട്ടുള്ള ഇത്തരം പ്രത്യേക പദ്ധതികളുണ്ട്.

ഇതോടൊപ്പം, മറ്റൊരു സാഹചര്യം കൂടി നാം പരിഗണിക്കണം. ഹിന്ദു തീവ്രവാദത്തോടൊപ്പം, മറുവശത്ത് മുസ്‌ലിം തീവ്രവാദം വളരുന്നുണ്ട്. മുസ്‌ലിം തീവ്രവാദം വളരാൻ പ്രധാന കാരണങ്ങളിലൊന്ന്, രണ്ടു ദശാബ്ദമായി, ദൈനംദിന രാഷ്ട്രീയത്തിന്റെയും സാംസ്‌കാരിക രാഷ്ട്രീയത്തിന്റെയും തലത്തിൽ ഇടതുപക്ഷത്തിന്റെ ഇടപെടൽ വളരെ യാന്ത്രികവും അപര്യാപ്തവുമാണ് എന്നതാണ്. അതുകൊണ്ടാണ്, മലബാറിലൊക്കെ തീവ്ര മുസ്‌ലിം വിഭാഗങ്ങൾ വളർന്നുവരുന്നത്. ഈ അവസ്ഥ മാറ്റിയെടുക്കാൻ പര്യാപ്തമായ ഇടപെടൽ ഇപ്പോഴും നടക്കുന്നില്ല. പ്രത്യേകിച്ച്, തുടർഭരണത്തിന്റെ പാശ്ചാത്തലത്തിൽ ഒരുതരം കോംപ്ലസെൻസി (complacency) വന്നിട്ടുണ്ട്, ഇടതുപക്ഷത്തിന്റെ പൊതുഅവസ്ഥകളിൽ. ഇടതുപക്ഷമല്ലാതെ, കോൺഗ്രസിനെപ്പോലുള്ള മതനിരപേക്ഷ ശക്തികൾക്ക് ഇത്തരം ഇടപെടൽ നടത്താനുള്ള കോപ്പുമില്ല. ഇടതുപക്ഷത്തിന്റെ തന്നെയാണ് പ്രധാന റോൾ ഇതിൽ വരേണ്ടത്. അത്, പത്തിന്റെ സ്കെയിലെടുത്താൽ രണ്ടിലോ മൂന്നിലോ ആണ്​ വരിക. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനപ്പുറമുള്ള ഒരു രാഷ്ട്രീയം കേരളത്തിൽ ഇടതുപക്ഷം ചെയ്യുന്നുണ്ട് എന്ന് എനിക്കുതോന്നുന്നില്ല. കോവിഡും പ്രളയവുമൊക്കെയുണ്ടായ സമയത്തെ ക്രിയാത്മകത വളരെ ശ്ലാഘനീയമായിരുന്നു. അതല്ലാതെ, എന്ത് നടക്കുന്നു എന്നതാണ് കാര്യം. സംഘടനക്കകത്ത് എത്രമാത്രം ജനാധിപത്യപരമായ ചർച്ചകളും സംവാദങ്ങളും കൊടുക്കൽ വാങ്ങലുകളൊക്കെ നടക്കുന്നുണ്ട്? അതും കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് തോന്നുന്നത്.

വി.എസ് അച്യുതാനന്ദൻ, വി.പി. കുഞ്ഞ് തുടങ്ങിയവർ കുമരകത്തെ ജനകീയാസൂത്രണ പരിപാടിക്കിടെ/ Photo: Thomas Isaac facebook page
വി.എസ് അച്യുതാനന്ദൻ, വി.പി. കുഞ്ഞ് തുടങ്ങിയവർ കുമരകത്തെ ജനകീയാസൂത്രണ പരിപാടിക്കിടെ/ Photo: Thomas Isaac facebook page

എന്റെ അഭിപ്രായത്തിൽ, ജനകീയാസൂത്രണമാണ്, ഇടതുപക്ഷത്തുനിന്നുള്ള നവീകരണത്തിന്റെ ഏറ്റവും അവസാനത്തെ ഒരു ദൃഷ്ടാന്തം. എന്നാൽ, ജനകീയാസൂത്രണത്തെപ്പറ്റി ഇടതുപക്ഷത്തിനുള്ളിൽനിന്നുതന്നെ അനാവശ്യമായ ചർച്ചകളുയർന്നുവരികയും സെക്‌ടേറിയനായ സമീപനത്തിന്റെ ഭാഗമായി അതിനെ കാണുകയും അതിന് വേരോട്ടം ലഭിക്കുകയും ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട്. അവിടം മുതൽ ഒരു കൺഫ്യൂഷനുണ്ട് എന്നാണ് തോന്നുന്നത്.

ഹിന്ദുത്വയുടെ ഡ്രോയിങ് റൂം ആക്‌സപ്റ്റൻസ് വികസിച്ചുവരുന്ന സാഹചര്യത്തിൽ, അതിനെ നേരിടാൻ സമഗ്രമായ ഒരു പ്ലാനുണ്ടായിട്ടില്ല. മറുവശത്ത്, മുസ്‌ലിം തീവ്രവാദ രാഷ്ട്രീയത്തെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല. ഇക്കാര്യത്തിൽ ഇടപെടാൻ ശ്രമിക്കുന്ന ചുരുക്കം ആളുകളുണ്ട്. അവർ പാർട്ടിക്കകത്ത് വേണ്ടത്ര സ്വീകരിക്കപ്പെടുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ▮


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

വെങ്കിടേഷ്​ രാമകൃഷ്​ണൻ

മാനേജിംഗ്​ എഡിറ്റർ, ദി ഐഡം. ഫ്രൻറ്​ലൈനിൽ ചീഫ്​ ഓഫ്​ ബ്യൂറോയും സീനിയർ അസോസിയേറ്റ്​ എഡിറ്ററുമായിരുന്നു. ദീർഘകാലം ഉത്തരേന്ത്യയിൽ മാധ്യമപ്രവർത്തകനായിരുന്നു.

Comments