കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും മോശം ഘട്ടമാണ് ബി.ജെ.പിയെ സംബന്ധിച്ച് ഇത്തവണ യു.പി നിയമസഭാ തെരഞ്ഞെടുപ്പെന്ന് സംഘ്പരിവാറിൽ തന്നെ വിലയിരുത്തൽ. അതേസമയം, പ്രതിപക്ഷ പാർട്ടികൾക്ക് ഇതിൽ നിന്ന് മുതലെടുക്കാൻ കഴിയുന്നില്ല എന്നത് ബി.ജെ.പി.യുടെ പ്ലസ് പോയിന്റുകളിലൊന്നായി അവർ ചൂണ്ടിക്കാട്ടുന്നു. ‘‘നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലും പ്രാദേശികമായി പ്രതിപക്ഷ പാർട്ടികൾ നേട്ടമുണ്ടാക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാൽ അവർക്ക് ഒരുമിച്ച് ചേർന്ന് ഒരു ദേശീയ ബദലാകാൻ കഴിയുന്നില്ല. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പകരക്കാരാനാകാൻ പാകത്തിലുള്ള ഒരു നേതാവും മറുഭാഗത്തില്ല''- സംഘ്പരിവാർ കേന്ദ്രങ്ങൾ പറയുന്നു.
ട്രൂ കോപ്പി വെബ്‌സീനിൽ പ്രമുഖ മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ എഴുതുന്ന ലേഖനത്തിലാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘ്പരിവാർ തന്ത്രങ്ങളെയും പുതിയ രാഷ്ട്രീയ സമവാക്യങ്ങളെയും വിശകലനം ചെയ്യുന്നത്.
പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയ്‌ക്കേറ്റ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ, നിർണായകമായ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ഷാ വളരെ നേരത്തെ കളത്തിലിറങ്ങി. അടച്ചിട്ട വാതിലുകൾക്കപ്പുറം നടന്ന യോഗങ്ങളിലൊന്നിൽ പങ്കെടുത്ത ഒരാൾ അമിത് ഷായുടെ പ്രസംഗം ഓർത്തെടുത്തത് ഇങ്ങനെയാണ്: ‘‘2024-ലെ ലോക്?സഭാ തിരഞ്ഞെടുപ്പ് മോദിജിയുടെ നേതൃത്വത്തിൽ നമുക്ക് വിജയിക്കണം, 2022-ലെ ഉത്തർപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടി അതിന് ശക്തമായ അടിത്തറയിടണം. നമുക്കെല്ലാം അറിയുന്നതുപോലെ മോദി പ്രധാനമന്ത്രിയും ആദിത്യനാഥ് മുഖ്യമന്ത്രിയുമായാൽ മാത്രമെ രാജ്യത്തിന് പുരോഗതിയുണ്ടാവൂ. അത് ഉറപ്പുവരുത്താൻ, നമ്മൾ കഴിയാവുന്നതെല്ലാം ചെയ്യണം. കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്താൻ വേണ്ടതെന്തും നമ്മൾ ചെയ്യണം.''
ഈ യോഗങ്ങൾ കഴിഞ്ഞ് ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ, നവംബർ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊടുന്നനെ രാജ്യത്തോട് ഒരു പ്രഖ്യാപനം നടത്തുന്നതാണ് കണ്ടത്. വിവാദമായ മൂന്ന് കൃഷി നിയമങ്ങളും കേന്ദ്ര സർക്കാർ പിൻവലിക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. നവംബർ രണ്ടാം വാരത്തിലെ ഷായുടെ വാരാണസി സന്ദർശനവുമായി ബന്ധപ്പെട്ട്, ജനങ്ങളുടെ വികാരം ബി.ജെ.പി. നേതൃത്വത്തെ തുറിച്ചുനോക്കാൻ തുടങ്ങി എന്ന യാഥാർഥ്യമാണ് ഈ പ്രഖ്യാപനത്തിൽ പ്രതിഫലിച്ചത്.
മോദി സർക്കാരിനും യു.പി. സർക്കാരിനുമെതിരെ ഓരോ ദിവസവും എന്തെങ്കിലുമൊക്കെ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്. ഉയർന്നുകൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വിലയും അവശ്യസാധാനങ്ങളുടെ വിലക്കയറ്റവും, അടുത്തിടെയുണ്ടായ സംഭവങ്ങളുടെ ആഘാതം വർധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തു. ആഭ്യന്തര പ്രശ്‌നങ്ങൾ താരതമ്യേന ഗൗരവം കുറഞ്ഞവയാണ്, കാരണം ഇത് രാജ്യത്തെ ഉന്നത നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി. മുഖ്യമന്ത്രി ആദിത്യനാഥും തമ്മിലുള്ള വ്യക്തിപരവും സംഘടനാതലത്തിലുള്ളതുമായ പിണക്കങ്ങളാണ്. അത് പരിഹരിക്കാൻ ആർ.എസ്.എസ്. ഉന്നത നേതൃത്വം ഇരുവർക്കുമിടയിൽ സന്ധി സംഭാഷണങ്ങൾ നടത്തുന്നുമുണ്ട്. എങ്കിലും ‘ബിഗ് ടു' തമ്മിലുള്ള ശീതയുദ്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ സംഘടനാ യോഗങ്ങളിൽ ഉയർന്നുവരുന്നുണ്ട്. ഇത് സംഘടനാ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കാനിടയുണ്ട്.- ലഖ്‌നോയിലെ മുതിർന്ന ആർ.എസ്.എസ്. പ്രവർത്തകൻ പറയുന്നു.
ഈ ആർ.എസ്.എസ്. നേതാവും വിവിധ സംഘപരിവാർ സംഘടനകളിലെ അദ്ദേഹത്തിന്റെ കൂട്ടാളികളും സ്ഥിതിഗതികൾ ലളിതമായി ഇങ്ങനെ സംഗ്രഹിച്ചു: 2022 ആദ്യം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ, കർഷകരുടെ പ്രക്ഷോഭവും ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിൽ നിന്നുള്ള ശിരോമണി അകാലിദളിന്റെ പിൻമാറ്റവും പഞ്ചാബിൽ ബി.ജെ.പി.യ്ക്ക് മരണമണിയാകും. അതേസമയം, ഉത്തരാഖണ്ഡിലും ഗോവയിലും അത്ര എളുപ്പമാവുകയുമില്ല. സാധാരണ സാഹചര്യങ്ങളിൽ ഉത്തർ പ്രദേശിൽ അനായാസം വിജയിക്കാവുന്നതാണ്. എന്നാൽ അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ പരമ്പര അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. സമീപ കാലത്തുണ്ടായ സംഭവങ്ങൾ ബി.ജെ.പി.യെയും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർക്കാരുകളെ ആശങ്കയിലാക്കിയിട്ടുണ്ടെന്നാണ് ലഖ്‌നോയിലെ ആർ.എസ്.എസ്. പ്രവർത്തകനും സംഘവും പറയുന്നത്.
‘‘തീർച്ചയായും, പല കാലങ്ങളിൽ പരീക്ഷിച്ച ഹിന്ദുത്വ വർഗീയ ധ്രുവീകരണ കാർഡ് ഇനിയും ഇറക്കാനാവും. എന്നാൽ ഇത്തവണ ശ്രദ്ധാപൂർവം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്, കാരണം കുതിച്ചുയരുന്ന വിലയുടെ പേരിൽ ജനങ്ങൾ ആകെ നിരാശരും പ്രകോപിതരുമാണ്, ഇത് വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തടസ്സമാകുന്നു.''
ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിലേക്ക് വരുന്ന പുതിയ ധ്രുവീകരണമാണ് മറ്റൊരു പ്രശ്‌നമെന്നും ലഖ്‌നോയിൽ നിന്നുള്ള പ്രവർത്തകരുടെ സംഘം ചൂണ്ടിക്കാട്ടുന്നു. സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് വാദി പാർട്ടി എന്നീ രണ്ട് പ്രാദേശിക പാർട്ടികളും കേന്ദ്രത്തിലെ പ്രതിപക്ഷമായ കോൺഗ്രസുമാണ് പ്രധാനമായും എതിർ വോട്ടുകളെ ഭിന്നിപ്പിക്കാൻ പോകുന്നത്. ബി.ജെ.പി.യും എസ്.പിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തലേക്കാണ് സംസ്ഥാനത്തെ സാഹചര്യം വിരൽചൂണ്ടുന്നത്. മുൻ മുഖ്യമന്ത്രിയും എസ്.പി. പ്രസിഡന്റുമായ അഖിലേഷ് യാദവ്, പ്രാദേശിക, സാമൂഹിക അടിസ്ഥാനത്തിൽ നിർണായക മേഖലകളിൽ സ്വാധീനമുള്ള ചെറു പാർട്ടികളെ കൂട്ടിച്ചേർത്ത് തന്റെ രാഷ്ട്രീയ കളികൾ നടത്തുന്നതും പുതിയ സാഹചര്യങ്ങളിലേക്ക് ചേർക്കണം. ഇതെല്ലാം പ്രതികൂല രാഷ്ട്രീയാന്തരീക്ഷമാണുണ്ടാക്കുന്നതെന്ന് സംഘ് പരിവാർ സംഘടനയിലെ അംഗങ്ങൾ പറയുന്നു.
ഒക്ടോബർ 30-ന് വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 30 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഉയർന്നുവരുന്ന ബി.ജെ.പി. വിരുദ്ധ, മോദി സർക്കാർ വിരുദ്ധ സാമൂഹിക-രാഷ്ട്രീയ-ജുഡീഷ്യൽ പശ്ചാത്തലത്തിന് അടിവരയിടുന്നു. ബി.ജെ.പി. വിരുദ്ധ, കേന്ദ്ര സർക്കാർ വിരുദ്ധ മനോഭാവം വടക്ക്, പടിഞ്ഞാറ് ഇന്ത്യയിൽ രൂപപ്പെടുകയാണ്.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ നവംബർ 12-നും 19-നും ഇടയിൽ പാർട്ടിയുടെ ഉത്തർപ്രദേശ് ഘടകത്തിന്റെ വിവിധ തലങ്ങളിൽ നിന്നും സംഘപരിവാറിലെ മറ്റു ഘടകങ്ങളിൽ നിന്നും ലഭിച്ച ഫീഡ്ബാക്ക് രാഷ്ട്രീയമായ നഷ്ടം നികത്താനോ നഷ്ടം കുറയ്ക്കാനോ ഉള്ള തീരുമാനം വേണമെന്ന് തന്നെയായിരുന്നു. തുടർന്ന് മോദി 'വിനയാന്വിത'ന്റെ കോട്ടണിഞ്ഞ് ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുകയും കാർഷിക ബില്ലുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയും രാജ്യത്തോട് മാപ്പ് പറയുകയും ചെയ്തു. പതിവുപോലെ, ഈ പ്രഖ്യാപനത്തെയും ബി.ജെ.പി.യും സംഘപരിവാർ പ്രൊപ്പഗാൻഡാ മെഷിനറിയും തങ്ങൾക്കു വേണ്ട രീതിയിൽ തന്നെ ഉപയോഗിച്ചു.
‘ഗ്രാൻഡ് മാസ്റ്റർ സ്‌ട്രോക്ക്'- വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് ശേഷം നവംബർ 19, 20 തീയതികളിൽ പ്രൊപഗൻഡ മെഷിനറികളുടെ പ്രധാന പ്രയോഗം ഇതായിരുന്നു. പാർട്ടിയുടെയും ഹിന്ദുത്വയുടെയും സോഷ്യൽ മീഡിയ ഫാക്ടറിയിലെ നിരവധി അക്കൗണ്ടുകൾ ഈ വരിയിൽ നിരന്നു. പരമോന്നത നേതാവിന്റെ അഭൂതപൂർവമായ കയറ്റിറക്കങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളും ഈ പദപ്രയോഗത്തിന് അനുബന്ധമായി വന്നു. ഒരുവർഷം നീണ്ട കർഷക സമരം സൃഷ്ടിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം പാകിസ്ഥാനും ചൈനയും ഉൾപ്പെടെയുള്ള ഇന്ത്യയുടെ ശത്രുക്കൾ ഉപയോഗിക്കാനിടയുള്ളപ്പോൾ, ദേശീയ താൽപര്യത്തിന്റെ ഉന്നതമായ ആശയങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ് ഇന്ത്യയുടെ ഭരണാധികാരിയായുള്ള ഏഴ് വർഷത്തെ കാലയളവിനുള്ളിൽ എടുത്തിട്ടില്ലാത്ത വലിയ തീരുമാനം പ്രധാനമന്ത്രി എടുത്തതെന്നാണ് പ്രൊപഗൻഡ മെഷിനറികളുടെ വാദം.
ബി.ജെ.പിയുടെ ഉന്നത വൃത്തങ്ങൾക്കുള്ളിൽ അഭൂതപൂർവമായ തുടർ രാഷ്ട്രീയനീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇത് പ്രതിപക്ഷത്തെ ഞെട്ടിക്കുന്നതായിരിക്കുമെന്നും ഒരു ആർ.എസ്.എസ്. നേതാവ് സൂചിപ്പിച്ചു.
എന്നാൽ ഈ നീക്കങ്ങൾ എന്താണെന്ന് വിശദീകരിക്കാൻ നേതാവ് തയ്യാറായില്ല. നവംബർ 22-ന് വൈകുന്നേരം മുതൽ സംഘ് പരിവാർ സർക്കിളുകളിൽ തുടർനീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു കൊണ്ടേയിരുന്നു. മൂന്ന് ഭാഗങ്ങളാണ് ഈ നീക്കങ്ങളിലുള്ളത്. ഒന്ന്, നവംബർ അവസാനമോ ഡിസംബർ ആദ്യമോ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്, ആർ.എൽ.ഡി. പ്രസിഡന്റ് ജയന്ത് സിങ് ചൗധരി, ഹരിയാന ഡെപ്യൂട്ടി മുഖ്യമന്ത്രിയും ജനയാക് ജനതാ പാർട്ടി നേതാവുമായ ദുഷ്യന്ത് സിങ് ചൗത്താല എന്നിവരുൾപ്പെടെ ജാട്ട് സമുദായത്തിലെ പ്രധാന നേതാക്കളെ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിക്കും.
ജാട്ട് സമുദായത്തിന്റെ സമുന്നതനായ നേതാവും ലോകദൾ സ്ഥാപകനുമായ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് ഭാരത് രത്‌ന നൽകുക എന്നതായിരുന്നു രണ്ടാമത്തെ നിർദിഷ്ട രാഷ്ട്രീയനീക്കം. ഇതെല്ലാം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജാട്ട് വോട്ടുകൾ ബി.ജെ.പി.യ്ക്ക് അനുകൂലമാക്കുന്നതിനുള്ള പുതിയ പദ്ധതി മുന്നോട്ടു നീക്കാനും സഹായിക്കും എന്നും ഈ ചർച്ചകളിൽ പറഞ്ഞു കേട്ടു. ഈ പദ്ധതി മുന്നോട്ടു നീക്കലായിരുന്നു മൂന്നാമത്തെ രാഷ്ട്രീയനീക്കം. ഇത്തരമൊരു നീക്കത്തിന് ഉത്തർ പ്രദേശിലും പഞ്ചാബിലും കൂടുതൽ സ്വാധീനമുണ്ടാകുമെനന്നായിരുന്നു വിലയിരുത്തൽ.
പക്ഷെ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ജയന്ത് ചൗധരിയും 23-ന് ഉച്ചതിരിഞ്ഞ് ലഖ്‌നോയിൽ കണ്ടുമുട്ടിയപ്പോൾ ഈ സംഘപരിവാർ പ്രചാരണത്തെ തച്ചു തകർക്കുക തന്നെ ചെയ്തു. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.പി.- ആർ.എൽ.ഡി. സഖ്യം പ്രഖ്യാപിക്കാൻ ഉറപ്പാക്കിക്കൊണ്ട് രണ്ടു യുവനേതാക്കളും സമാന ഫോട്ടോകൾ ട്വീറ്റ് ചെയ്തു.
കർഷകരുടെ സമരവീര്യം കൃത്യമായും കൂട്ടായും ഉപയോഗപ്പെടുത്തനായാൽ, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സർക്കാരിനെ തകർത്തതുപോലെ പ്രതിപക്ഷ കക്ഷികൾക്ക് ബി.ജെ.പി.യെ പരാജയപ്പെടുത്താനാകുമെന്നാണ് ഉത്തർ പ്രദേശിലെ രാഷ്ട്രീയ നിരീക്ഷകരിൽ പലരുടെയും അഭിപ്രായം. എന്നാൽ സമരോർജത്തിന്റെ ഇത്തരത്തിലുള്ള ഉപയോഗം ഇതുവരെ നടന്നിട്ടില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വെങ്കിടേഷ് രാമകൃഷ്ണൻ എഴുതിയ
യു.പിയിലെ നവ ചാണക്യ തന്ത്രങ്ങൾ
വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ, പാക്കറ്റ് 54.