‘‘ബി.ജെ.പി.യെ സംബന്ധിച്ച്, അവർ ഒരു കാര്യം തീരുമാനിച്ചാൽ എത്രകാലത്തേക്കും പ്രവർത്തിക്കാൻ തയ്യാറാണ്. പ്രതിപക്ഷത്തുള്ളപ്പോൾ തന്നെ ദീർഘകാലം അങ്ങനെ പ്രവർത്തിച്ചവരാണ്. ലോകത്ത് ഏറ്റവും പണമുള്ള പാർട്ടിയാണ്. അതുകൊണ്ട് ദീർഘകാല പദ്ധതികൾ നടത്താൻ പറ്റും.’’ ബി.ജെ.പിയുടെ പുതിയ സംഘടനാ സ്ട്രാറ്റജിയെക്കുറിച്ച് ഫ്രൻറ്ലൈൻ ചീഫ് ഓഫ് ബ്യൂറോയും സീനിയർ അസോസിയേറ്റ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ സംസാരിക്കുന്നു, ട്രൂ കോപ്പി വെബ്സീനിൽ.
‘‘മഹാരാഷ്ട്രയിൽ ഇപ്പോൾ ചെയ്തതുപോലെ ആളുകളെ കൊണ്ടുവരാൻ പറ്റും. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയുടെ ഒരു വിഭാഗത്തെ ബി.ജെ.പി.യിൽ ലയിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. അതിനുള്ള സ്‌ക്രിപ്റ്റ് അവർ തയ്യാറാക്കിയതാണ്. ഇ.പി.എസും പനീർസെൽവവുമായിട്ടുള്ള പ്രശ്നം അവർ ഉണ്ടാക്കിയതാണ്. അതിൽ ഒരു ഗ്രൂപ്പ് ബി.ജെ.പി.യിൽ ലയിക്കാനാണ് സാധ്യത. അങ്ങനെയുള്ള ഒരു സ്ട്രാറ്റജിക് പ്ലാൻ വെച്ചിട്ടാണ് മുന്നോട്ടുപോകുന്നത്.’’
‘‘മഹാരാഷ്ട്രയിലൊക്കെ എടുത്തതുപോലെയുള്ള തന്ത്രം നടപ്പാക്കാനുള്ള സാധ്യത കേരളത്തിൽ ഇല്ല എന്നു പറയാൻ പറ്റില്ല. ഐഡിയോളജിക്കൽ ഓറിയന്റേഷൻ കുറഞ്ഞുകുറഞ്ഞു വരുന്ന പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്. കെ. സുധാകരനൊക്കെ അതിന്റെ വലിയ ഉദാഹരണമല്ലേ.’’
‘‘കേരളത്തിൽ ഒരുപാട് കാലമായി ഹിന്ദുത്വയ്ക്ക് ഒരു ‘ഡ്രോയിങ് റൂം ആക്സപ്റ്റൻസ്' ഉണ്ടല്ലോ. സ്വീകരണമുറി ചർച്ചകളിൽ പ്രത്യേകിച്ചും മധ്യവർഗത്തിനിടയിൽ സ്വീകാര്യതയുണ്ടല്ലോ. പക്ഷെ പാർലമെന്ററി പൊളിറ്റിക്സിലേക്ക് അത് വന്നിട്ടില്ല. അതിന്റെ പല കാരണങ്ങളിലൊന്ന് ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വത്തിന്റെ കഴിവില്ലായ്മയും അതിനകത്തെ അഴിമതിയുമൊക്കെയാണ്. അതൊന്നും പെട്ടെന്ന് മാറുന്ന ലക്ഷണം കാണുന്നില്ല. കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും എടുക്കുന്ന മുദ്രാവാക്യങ്ങളും തന്ത്രങ്ങളും പ്രവർത്തനങ്ങളുമൊക്കെ ഈ ലാർജർ ഐഡിയോളജിയെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് കാണപ്പെടുന്നത്.’’
‘‘പ്രതിരോധത്തിന്റെ നല്ലൊരു മാതൃക തമിഴ്നാട്ടിലുണ്ട്. വിട്ടുവീഴ്ചയില്ലാത്ത ഒരു ആന്റി ഹിന്ദുത്വ നിലപാട്, അത് തുടർച്ചയായുള്ള ജനകീയ സമരങ്ങളിലൂടെയും ജനകീയ, സാമൂഹ്യ പ്രസ്ഥാനങ്ങളിലൂടെയും വളർത്തിക്കൊണ്ടുവരിക. അതിൽ ദലിതരുണ്ടാവുക, മുസ്ലിംകളുണ്ടാവുക, ഇടതുപക്ഷമുണ്ടാവുക, സെക്യുലറായ കോൺഗ്രസുകരാണ്ടാവുക, കൃത്യമായ ഇഗാലിറ്റാറിയൻ സാമ്പത്തിക പോളിസികൊണ്ട് അതിനെ പിന്തുണയ്ക്കുക. അതിനാവശ്യമായ രീതിയിൽ വളരെ ക്രിയേറ്റീവായ ഗവേണൻസ് സിസ്റ്റംസ് ഉണ്ടാക്കുക, രഘുറാം രാജനെപ്പോലെയുള്ള ലോകപ്രശസ്ത അക്കാദമിക്കുകളടങ്ങുന്ന അഡൈ്വസറി കമ്മിറ്റികളുണ്ടാക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്ന കൃത്യമായ ഒരു മോഡൽ തമിഴ്നാട്ടിൽ രൂപപ്പെട്ടുവരുന്നുണ്ട്, പ്രത്യേകിച്ച് സ്ഥിരതയുള്ള ഐക്യപോരാട്ടങ്ങളിലൂടെ.’’
വെങ്കിടേഷ് രാമകൃഷ്ണൻ / മനില സി. മോഹൻ
ദീർഘകാല പദ്ധതികൾ നടപ്പാക്കാനുള്ള
ബി.ജെ.പി.യുടെ കഴിവ് വലുതാണ്
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 85
വായിക്കാം