ബാബരി മസ്ജിദ് തകർത്തത് ഞങ്ങൾ നാല് മാധ്യമപ്രവർത്തകർ കണ്ടു, കോടതിയിൽ അത് പറഞ്ഞു, പക്ഷേ...

1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കുന്നതിന് ദൃക്‌സാക്ഷികളാകുകയും അത് കാര്യകാരണസഹിതം തെളിവുകളോടെ കോടതിക്കുമുന്നിൽ വിശദീകരിക്കുകയും ചെയ്ത നാല് പത്രപ്രവർത്തകരുടെ വെളിപ്പെടുത്തലാണിത്. പള്ളി പൊളിക്കുന്നതിനെക്കുറിച്ച് മുമ്പേ കിട്ടിയ സൂചനകൾ, ആസൂത്രണത്തെക്കുറിച്ച് ബജ്‌റംഗദൾ സ്ഥാപക പ്രസിഡന്റ് വിനയ് കത്യാർ നൽകിയ രഹസ്യവിവരങ്ങൾ, ഡിസംബർ അഞ്ചിന് നടന്ന 'ഫൈനൽ റിഹേഴ്‌സൽ', അദ്വാനിയടക്കമുള്ളവർ സ്‌ഫോടനാത്മകമായ മുദ്രാവാക്യങ്ങളിലൂടെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതിന്റെ തെളിവുകൾ എല്ലാം ഈ പത്രപ്രവർത്തകർ കോടതിക്ക് നൽകി. എന്നിട്ടും അവയെല്ലാം തിരസ്‌കരിക്കപ്പെട്ടു. വാസ്തവത്തിന്റെയും നീതിയുടെയും പക്ഷത്തുനിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ ധീരമായ ഒരു പോരാട്ടത്തെക്കുറിച്ചുകൂടിയാണ്, അതിൽ പങ്കാളിയായ പ്രമുഖ മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ എഴുതുന്നത്

സാക്ഷ്യം, അനുഭവസാക്ഷ്യം എന്നൊക്കെയുള്ള വാക്കുകളുടെ അർത്ഥവും മൂല്യവും ഒക്കെ അടിമുടി മാറി മറിഞ്ഞുകഴിഞ്ഞുവെന്നും അവ ആത്യന്തികമായി ആലങ്കാരികമോ ആത്മീയമോ ആയ ഏതോ സ്ഥിതിവിശേഷങ്ങളിൽ ആണ് ഉപയോഗിക്കുക എന്നും ശഠിക്കുന്ന പല പണ്ഡിതന്മാരെയും സാമൂഹിക- മാധ്യമ സംവേദനങ്ങളിലും സംവാദങ്ങളിലും കണ്ടിട്ടുണ്ട്. ഈ വാക്കുകളുടെ മൂലം വസ്തുനിഷ്ഠത അല്ല ആത്മനിഷ്ഠമാണ് എന്നതാണ് ഈ വ്യാഖ്യാനത്തിന്റെ ആധാരം.

കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ- മാധ്യമ സാഹചര്യങ്ങളിൽ ആവർത്തിച്ചു ഉയർന്നുവന്നിട്ടുള്ള ഈ വ്യാഖ്യാനം മറ്റു ഭാഷാ- സാമൂഹിക പരിസരങ്ങളിലും കേട്ടിട്ടുണ്ട്. തത്വശാസ്ത്രസംവാദത്തിന്റെയോ സാഹിത്യത്തിന്റെയോ തലങ്ങളിൽ തീർച്ചയായും ന്യായീകരണ സാധ്യതകളുള്ള ഈ വ്യാഖ്യാനം, പക്ഷേ, നിസ്സംശയം വസ്തുനിഷ്ഠതയിൽ ഊന്നേണ്ട നീതിന്യായവ്യവസ്ഥയുടെ ഭാഗമായി മാറിയാലോ?

ജുഡീഷ്യറിയിൽ നിന്ന് അങ്ങനെയൊരു പകർന്നാട്ടം കണ്ട് അന്ധാളിച്ചു നിൽക്കുന്ന നാല് മാധ്യമപ്രവർത്തകരുടെ അവസ്ഥയെക്കുറിച്ചാണ് ഈ കുറിപ്പ്. സ്വയം നേരിൽകണ്ട, നേരിട്ട് അനുഭവിച്ച ചില യാഥാർത്ഥ്യങ്ങളെ പറ്റി വസ്തുനിഷ്ഠമായി, കാര്യകാരണസഹിതം ആദ്യം വാർത്തയായും, പിന്നീട് കോടതി സമൻസുകളോട് പ്രതികരിച്ച് സാക്ഷിമൊഴിയായും തെളിവുകളായും പ്രതിപാദിക്കുക, ആ പരിശ്രമത്തിന് മാസങ്ങളുടെ സമയം നൽകി ജുഡീഷ്യറിയുടെ മുമ്പിൽ വിശദീകരിക്കുക, ഒടുവിൽ അവയെല്ലാം ഏതോ ആലങ്കാരികമോ ആത്മീയമോ അത്ഭുതകരമോ ആയ ഭ്രമകൽപനകളുടെ ഭാഗമാണ് എന്ന് തീർപ്പുകൽപ്പിച്ച ഒരു നീതിന്യായ വ്യവസ്ഥക്കു മുമ്പിൽ പകച്ചുനിൽക്കുക. അങ്ങനെ നിൽക്കുന്ന നാല് മാധ്യമപ്രവർത്തകരെ കുറിച്ചാണിത്.

ഉത്തർപ്രദേശ് പൊലീസിന്റെ അക്കാലത്തെ കണക്കനുസരിച്ച് 1992 ഡിസംബർ ആദ്യവാരം ലോകത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളിൽനിന്ന് അയോധ്യയിലെത്തിയ പത്രപ്രവർത്തകരുടെ എണ്ണം ഏതാണ്ട് അയ്യായിരമാണ്. അവരിൽ ഡിസംബർ ആറിന് ബാബ്റി മസ്ജിദ് തകർപ്പെടുന്നത് കണ്ടവർ അഞ്ഞൂറിൽ പരം ആയിരിക്കണം.

പള്ളി പൊളിക്കുന്നതിന്റെയും അതിനുവേണ്ടി സംഘപരിവാർ കർസേവകർ നടത്തിയ കടന്നാക്രമണത്തിന്റെയും ആസൂത്രിതമായ നീക്കങ്ങളുടെയും തെളിവുകൾ പത്രപ്രവർത്തകർ, പ്രത്യേകിച്ച് ദൃശ്യ മാധ്യമ പ്രവർത്തകർ, മുദ്രണം ചെയ്യുന്നത് തടയാൻ നടത്തിയ, ആൺ - പെൺ വ്യത്യാസമില്ലാത്ത മാധ്യമ വേട്ടയിൽ പരിക്കേറ്റവർ നൂറോളം പേരുണ്ടാവും.

ഇവരിൽ പലരും ആദ്യമായി അയോധ്യയിൽ എത്തിയവരായിരുന്നു. പക്ഷെ 1980 കളുടെ അവസാനത്തോടെ തന്നെ ഇന്ത്യയിലെ സാമൂഹിക -രാഷ്ട്രീയ ഭൂപടത്തിലെ ‘ഒരു പൊള്ളുന്ന ഇടമായി' അയോധ്യ മാറിയതോടെ മിക്ക പ്രമുഖ മാധ്യമ സ്ഥാപനങ്ങളും ഒരു സ്ഥിരം ‘അയോധ്യാ ബീറ്റ് ' ആരംഭിച്ചിരുന്നു. ആ ബീറ്റിന്റെ ഭാഗമായ മാധ്യമ പ്രവർത്തകർ രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും അയോധ്യയിലോ എട്ടു കിലോമീറ്റർ അപ്പുറത്തുള്ള ഇരട്ട നഗരമായ ഫൈസാബാദിലോ അല്ലെങ്കിൽ അയോധ്യയുമായി ബന്ധപ്പെട്ട പ്രധാന നിയമ-ഭരണവ്യവഹാര വിഷയങ്ങൾ നടന്നിരുന്ന ലക്നോവിലോ ദൽഹിയിലോ കണ്ടുമുട്ടും, വിവരങ്ങൾ കൈമാറും, ദീർഘമായ ചർച്ചകളിൽ താന്താങ്ങളുടെ വിശകലനങ്ങൾ മുന്നോട്ടുവെക്കും.

അങ്ങനെ ആ ബീറ്റിലാണ് ഞങ്ങൾ നാലുപേർ പേർ കണ്ടുമുട്ടുന്നത്; ഞാൻ, ഇന്ത്യൻ എക്സ്​പ്രസ്​ ചീഫ് റിപ്പോർട്ടർ രാകേഷ് സിൻഹ, പയനിയർ ഫോട്ടോഗ്രാഫർ പ്രവീൺ ജയിൻ, ബി.ബി.സി അടക്കമുള്ള വിദേശ മാധ്യമ സ്ഥാപനങ്ങൾക്ക് റിപ്പോർട്ട് ചെയ്തിരുന്ന രുചിര ഗുപ്ത. 1992 ഡിസംബർ ആറിന് ഞങ്ങൾ നാലുപേരും അയോധ്യയിലുണ്ട്. ഏറെക്കാലമായി അയോധ്യ കവർ ചെയ്യുന്ന റിപ്പോർട്ടർമാർ എന്ന നിലയിൽ ഞാനും രാകേഷും ഒന്നിച്ചു തന്നെ വാർത്ത ശേഖരിക്കാൻ ഇറങ്ങാറുണ്ട്. അന്നും അങ്ങനെ തന്നെ ആയിരുന്നു.

പുലർച്ചെ അഞ്ചുമണിയോടെ ഒരുസംഘം മലയാളി പത്രപ്രവർത്തകർക്കൊപ്പം ഫൈസാബാദിലെ ‘തിരുപ്പതി' ഹോട്ടലിൽനിന്ന് ഞാൻ ഇറങ്ങി. തൊട്ടടുത്ത ‘ഷാനെ അവധ് ' ഹോട്ടലിൽ നിന്ന് രാകേഷും. ആ പുലർച്ചെ അയോധ്യ ലക്ഷ്യമാക്കി ഞങ്ങൾ പുറപ്പെടുമ്പോൾ അടുത്ത് എവിടെയോ ഉള്ള ഒരു മസ്ജിദിൽ നിന്ന് ബാങ്ക് വിളി ഉയരുന്നുണ്ടായിരുന്നു. കഷ്ടിച്ച് 15 മിനിറ്റ് കാർയാത്രക്കുശേഷം അയോധ്യയിലെത്തിയ ഞങ്ങൾ - ഞാനും രാകേഷും മലയാളി പത്രപ്രവർത്തക സംഘവും - പൂർണരൂപത്തിൽ സ്ഥിതിചെയ്യുന്ന ബാബരി മസ്ജിദിന് അകത്ത് കയറുന്ന അവസാനത്തെ മാധ്യമ സംഘങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.

വിശ്വഹിന്ദു പരിഷത്​ നേതാവ് അശോക് സിംഗാൾ, ഉമാഭാരതി. ക്യാമറയ്ക്ക് തൊട്ടുമുന്നിൽ രാജ്നാഥ് സിംഗ് ഇരിക്കുന്നതും കാണാം. / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

അതിനുശേഷം ഞാനും രാകേഷും മസ്ജിദിന് എതിർവശത്തെ ക്ഷേത്ര- സത്ര സമുച്ചയങ്ങളിൽ ഒന്നായ മാനസ ഭവനിന്റെ മുകൾനിലയിൽ സ്ഥാനംപിടിച്ചു. ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്ന ഭാരതീയ ജനതാ പാർട്ടി നേതാവ് ലാൽ കൃഷ്ണ അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും ഉമാഭാരതിക്കും മറ്റും ഒപ്പം സംഘപരിവാറിലെ പ്രധാനികൾക്കായി പ്രത്യേകമായി പടുത്തുയർത്തിയ പന്തലിട്ട സ്റ്റേജിനടുത്ത് രുചിര നിലയുറപ്പിച്ചു. പ്രവീൺ ആകട്ടെ ക്യാമറയുമായി സംഘപരിവാർ നേതാക്കന്മാർക്കും കർസേവകർക്കും ഇടയിലൂടെ കറങ്ങി നടന്ന് പടങ്ങൾ എടുത്തു കൊണ്ടിരിക്കുകയായിരുന്നു.

ഞങ്ങളുടെ നാൽവർ കൂട്ടത്തിൽ മൂന്നുപേർക്ക് - എനിക്കും രാകേഷിനും പ്രവീണിനും - അന്ന് പള്ളി പൊളിക്കാൻ സാധ്യതയുണ്ട് എന്ന പ്രബലമായ സൂചന ഉണ്ടായിരുന്നു. ഏറ്റവും മൂർത്തമായ, ഏതു കോടതിയിലും നിർണായകമായി എണ്ണാനാവുന്ന തെളിവ് വന്നുപെട്ടത് പ്രവീണിന്റെ മുന്നിലാണ്. ബാബരി മസ്ജിദ് തകർക്കാനുള്ള അന്തിമ ആക്രമണം സംഘപരിവാർ കർസേവകർ അഴിച്ചുവിടുന്നതിന് കഷ്ടിച്ച് 18 മണിക്കൂർ മുമ്പ് ; 1992 ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചുമണിയോടെ.

1992 ഡിസംബർ 5-ന് വൈകിട്ട് പിക്കാസുകളും ഹാമറുകളുമായി സംഘം ചേർന്ന കർസേവകർ / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

ബാബറി പള്ളിയിൽ നിന്ന് കേവലം ഒരു കിലോമീറ്റർ താഴെ ദൂരമുള്ള ഒരു കുന്നിലും പരിസരത്തുമായി ഒത്തുകൂടിയ നൂറോളം കർസേവകർ വിചിത്രമായ ഒരു അഭ്യാസപ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു എന്ന വിവരം കിട്ടിയിട്ടാണ് പ്രവീൺ അങ്ങോട്ട് ചെല്ലുന്നത്. കമ്പക്കയറും പിക്കാസും മൺവെട്ടിയും ചില്ലറ ചെറിയ ഡോസ് സ്‌ഫോടകവസ്തുക്കളും ഒക്കെയായി ഒരു സംഘം കർസേവകർ. അവർ അഞ്ചാറു ചെറിയ സംഘങ്ങളായി തിരിഞ്ഞു കുന്നിനു ചുറ്റും കമ്പക്കയർ വരിഞ്ഞു കെട്ടുന്നു. പിന്നെ പിക്കാസും മൺവെട്ടിയും കുന്തവും ഒക്കെ ഉപയോഗിച്ചു കുന്നിന്റെ അടിത്തറ തകർക്കുന്നു, മകുടം വലിച്ചു വീഴ്ത്തുന്നു. ‘നാളത്തേക്കുള്ള ഫൈനൽ റിഹേഴ്‌സൽ ആണ്', അവരിൽ ചിലർ ചിരിച്ചുകൊണ്ട് പ്രവീണിനോട് പറയുന്നു.

തന്റെ കരിയറിൽ നിരവധി അസാധാരണ ന്യൂസ് ഫോട്ടോഗ്രാഫുകൾ ക്ലിക്ക് ചെയ്തിട്ടുള്ള പ്രവീണിന് ഈ നിമിഷത്തിന്റെ ന്യൂസ് വാല്യൂ ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ആ നിമിഷങ്ങളും അവിടുത്തെ വിചിത്ര അഭ്യാസവും ഒക്കെ ചരിത്രത്തിനുവേണ്ടി പ്രവീൺ മുദ്രണം ചെയ്തു. അടുത്തദിവസം പള്ളി പൊളിക്കുന്നതിന്റെ ആദ്യ കടന്നാക്രമണം മുതലുള്ള ദൃശ്യങ്ങളും പ്രവീൺന്റെ ക്യാമറയിൽ പതിഞ്ഞു. ഒന്നിലേറെ തവണ സംഘപരിവാർ കർസേവകരുടെ ‘തെളിവ് നശിപ്പിക്കൽ' ആക്രമണത്തിന് വിധേയനായെങ്കിലും ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ ആ ദിവസത്തിന്റെ ഓരോ ഘട്ടവും ഓരോ അംശവും പ്രവീൺ രേഖപ്പെടുത്തി.

പ്രവീൺ ജയിൻ

തെളിവ് നശിപ്പിക്കൽ മാധ്യമവേട്ടയിൽ ഏറ്റവും രൂക്ഷമായി ആക്രമിക്കപ്പെട്ടത് രുചിരയായിരുന്നു. ഇരച്ചു കയറിയ കർസേവകർ പള്ളിയുടെ ഒന്നാം കുംഭം തകർക്കാൻ തുടങ്ങിയപ്പോൾ രുചിരയും പള്ളിയിലേക്ക് ഓടിയെത്തി. അധികം ദൂരെയല്ലാതെ പന്തലിൽ തമ്പടിച്ച സംഘപരിവാർ നേതൃത്വം കർസേവകരെ പ്രോത്സാഹിപ്പിക്കുന്നത് രുചിര അടുത്തുനിന്നുതന്നെ കണ്ടു. ആ പ്രോത്സാഹനത്തോടൊപ്പം തെളിവ് നശിപ്പിക്കാനുള്ള ആഹ്വാനം കൂടി അവിടെ മുഴങ്ങി. അതോടെ മാധ്യമ പ്രവർത്തകർക്കുനേരെയുള്ള കൊടിയ ആക്രണമവും തുടങ്ങി.

പള്ളിക്കകത്ത് കുടുങ്ങിപ്പോയ രുചിരയ്ക്ക് ഭീകര മർദനത്തോടൊപ്പം ലൈംഗികാക്രമണത്തെയും നേരിടേണ്ടി വന്നു. പള്ളിയുടെ അസ്ഥിവാരത്തിന്റെ ബലം കുറയ്ക്കാൻ കുഴിച്ച ഒരു വലിയ കിടങ്ങിലേക്കു തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു. ഒരുവിധം കുതറിമാറി സംഘപരിവാറിലെ പ്രധാനികൾ നിലയുറപ്പിച്ച പന്തലിൽ തിരിച്ചെത്തി രുചിര. ദീർഘകാലമായി പരിചയമുള്ള അദ്വാനിയെ സമീപിച്ച് മാധ്യമ പ്രവർത്തകർക്കും സ്ത്രീകൾക്കും എതിരായ ആക്രമണം നിർത്താൻ ആവശ്യപ്പെട്ടു.

അക്കാലത്തെ ഹിന്ദു ഹൃദയ സാമ്രാട്ട് പക്ഷേ ഈ വനിതാ പത്രപ്രവർത്തകയുടെ അഭ്യർത്ഥന തള്ളിക്കളഞ്ഞു. ‘നിങ്ങൾക്കെതിരെ നടന്ന ആക്രമണം ഒക്കെ ഇതുപോലെയുള്ള ഒരു ചരിത്രനിമിഷത്തിൽ സർവസാധാരണമാണ്. ഇന്ന് ഭാരതത്തിന്റെ ചരിത്രം മാറിമറിയുകയാണ്. കുറച്ചു മധുരം കഴിച്ചോളൂ.' - ഒരു ലഡ്ഡു നീട്ടിക്കൊണ്ട് അദ്വാനി പറഞ്ഞതായി രുചിര പിന്നീട് തന്റെ ലേഖനത്തിൽ രേഖപ്പെടുത്തി.

രുചിര ഗുപ്ത

ഈ സമയത്തൊക്കെ ഞാനും രാകേഷും മാനസഭവനിലെ രണ്ടാം നിലയിൽനിന്ന് ബാബരിപള്ളിക്ക് നേരെയും മാധ്യമപ്രവർത്തകർക്ക് നേരെയുമുള്ള ആക്രമണം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കെട്ടിടത്തിനകത്തെ മാധ്യമപ്രവർത്തകരെ അന്വേഷിച്ചുകൊണ്ട് സംഘപരിവാർ ഗുണ്ടകൾ മാനസഭവനിലെത്തി. ദീർഘകാലമായി അയോധ്യ കവർ ചെയ്യുകയും അതുകാരണം നിരവധി വ്യക്തിബന്ധങ്ങൾ സംഘപരിവാറിനകത്ത് ഉണ്ടാക്കുകയും ചെയ്തതിനാൽ മാനസഭവനിലെ സ്ഥിരം ചില അന്തേവാസികൾ ഞങ്ങളെ കൂടുതൽ സുരക്ഷിതമായ, എന്നാൽ കുടുസ്സായ ഒരു മുറിയിലേക്ക് മാറ്റി. അവിടെ ഇരുന്നുകൊണ്ടാണ്, ഏതാണ്ട് മൂന്നുമണിയോടെ ബാബരി മസ്ജിദിന്റെ ആദ്യ കുംഭം നിലം പതിക്കുന്നത് ഞങ്ങൾ കാണുന്നത്.

ഞെട്ടിക്കുന്ന ആ കാഴ്ച കണ്ട് ആകെ വികാരാധീനനായി പോയ രാകേഷ് ആ നിമിഷത്തിൽ ഒരു ചെറിയ കുറിപ്പ് എഴുതി എനിക്ക് കൈമാറി: ‘ക്രൂരതയാർന്ന ഈ വൈകൃതം ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എന്നെ കീറിമുറിച്ചിരിക്കുന്നു. ഒരു ഹിന്ദു എന്ന നിലയിൽ ഈ പ്രാകൃതത്വം എന്നിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന അപമാനത്തിൽ നിന്ന് ഞാൻ ഒരിക്കലും മോചിതനാവില്ല.'

ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസം രാവിലെ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി രാമജന്മഭൂമി മൂവ്മെൻറ് പ്രവർത്തകരെ കാണുന്നു. / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

ഏതാണ്ട് ഒരാഴ്ച മുമ്പുതന്നെ ഇങ്ങനെയൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട് എന്നറിഞ്ഞ രണ്ടു പത്രപ്രവർത്തകരായിരുന്നു ഞാനും രാകേഷും. എന്നിട്ടും ആ നിമിഷം സൃഷ്ടിച്ച വൈകാരികമായ പ്രക്ഷുബ്ധത മറികടക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും ആയില്ല. നവംബർ 28ന് ഡൽഹിയിൽ നിന്ന് ഞാൻ സംസാരിച്ച ബജ്‌റംഗദൾ സ്ഥാപക പ്രസിഡന്റ് വിനയ് കത്യാറാണ് എനിക്ക് ആദ്യസൂചന നൽകിയത്. ബലിദാന സേനകൾ എന്ന് സംഘപരിവാർ നാമകരണം ചെയ്തിരിക്കുന്ന Suicide സ്‌ക്വാഡുകൾ തയ്യാറായി നിൽക്കുന്നുണ്ടെന്നും മാസങ്ങൾക്കുമുമ്പ് തന്നെ പള്ളിയിൽ രഹസ്യമായി കയറിയ സംഘപരിവാർ സംഘങ്ങൾ പള്ളിയുടെ നിർമ്മാണ ഘടകങ്ങൾ വിശദമായി പരിശോധിച്ചു ദുർബലമായ ഭാഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നും അന്ന് കത്യാർ എന്നോട് പറയുകയുണ്ടായി.

വിനോദ് മേത്ത

ഏതാണ്ട് അതേസമയത്ത് തന്നെ തന്റെ മറ്റു ചില സംഘപരിവാർ സോഴ്‌സുകളിൽ നിന്ന് രാകേഷിനും സമാനമായ സൂചനകൾ ലഭിക്കുകയുണ്ടായി. കത്യാർ നൽകിയ വിവരങ്ങൾ കൂടാതെ ഫൈസാബാദ് കന്റോണ്മെന്റിലെ മിലിറ്ററി ഇന്റലിജൻസ് കേന്ദ്രങ്ങൾ വഴിയും പള്ളി തകർക്കപ്പെടാനുള്ള സൂചന ലഭിച്ചിരുന്നു. ഇതൊക്കെ വെച്ച് വെച്ച് ഞാൻ എഴുതിയ ലേഖനം ആദ്യം ഡെസ്‌കിൽ വിലയിരുത്തപ്പെട്ടത് എക്‌സ്ട്രീമിസ്റ്റും സെൻസേഷനലും ആയിട്ടായിരുന്നു.

പക്ഷെ, ഏറെ ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കും ചോദ്യം ചെയ്യലുകൾക്കും നിശിതമായ എഡിറ്റോറിയൽ സ്‌ക്രൂട്ടിനിക്കും ശേഷം ലേഖനം പ്രസിദ്ധീകരണയോഗ്യമായി എഡിറ്റർ എൻ. റാം കണ്ടു. എന്നാൽ, നിർഭാഗ്യവശാൽ അതിഭയങ്കരമായ വെളിപ്പെടുത്തൽ ആകുമായിരുന്ന പ്രവീണിന്റെ റിഹേഴ്‌സൽ പടം പ്രസിദ്ധീകരിക്കാൻ പയനീർ പത്രം തയ്യാറായില്ല.

എൻ. റാം

വിഖ്യാതനായ വിനോദ് മേത്ത ആയിരുന്നു അക്കാലത്ത് പയനിയർ പത്രാധിപർ. രാകേഷ് ജോലിചെയ്ത ഇന്ത്യൻ എക്സ്​പ്രസിലെ മുതിർന്ന എഡിറ്റർമാർമാരും ഡിസംബർ ആറിന് പള്ളി പൊളിക്കുമെന്ന് സൂചന നൽകിയ വാർത്തയ്ക്ക് ക്ലിയറൻസ് നൽകിയില്ല. എന്തായാലും മൂർത്തമായ സൂചനകളുടെ അടിസ്ഥാനത്തിൽ ബാബറി മസ്ജിദിന്റെ ധ്വംസനത്തെ പറ്റിയുള്ള മുൻകൂർ പ്രഖ്യാപനം പുറത്തുവന്നത് ഡിസംബർ അഞ്ചിന് പുറത്തിറങ്ങിയ ഫ്രണ്ട്‌ലൈനിൽ മാത്രമായിരുന്നു.

പക്ഷേ പള്ളി പൊളിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ തന്റെ അബദ്ധം വിനോദം മേത്തക്ക് മനസ്സിലായി. പ്രവീണിനോട് ഡിസംബർ അഞ്ചിന്റെ നിരവധി ചിത്രങ്ങളും ചേർത്തുകൊണ്ട് ‘വിറ്റ്‌നസ് ' എന്ന ഒരു കോളം തന്നെ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ചരിത്രം സൃഷ്ടിച്ച പ്രവീൺ ജെയിൻ ചിത്രങ്ങൾ ഡിസംബർ ഏഴാം തീയതി പയനിയറിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പള്ളി പൊളിച്ച് ഏതാണ്ട് ഒരു മാസത്തിനകം തന്നെ അന്വേഷണ ഏജൻസികൾ ഞങ്ങൾ നാലുപേരുടെയും മൊഴിയെടുത്തു.

ഈ ലേഖനത്തിൽ കുറിച്ച വിവരങ്ങൾക്കൊപ്പം എന്നെയും രാകേഷിനെയും ആക്രമിക്കാൻ സംഘപരിവാർ നേതൃത്വം ഒരുക്കിയ പദ്ധതി മിലിറ്ററി ഇന്റലിജൻസ് സോഴ്‌സുകളിൽ നിന്നറിഞ്ഞ കാര്യവും പള്ളി പൊളിക്കുന്നതിനുമുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ഉയർന്ന ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർക്കും ഫൈസാബാദിലെ ആർമി കണ്ടോൺമെന്റ്ൽ നിന്ന് ഇന്ന് മിലിറ്ററി ഇന്ത്യൻസ് അയച്ച സന്ദേശത്തിന്റെ കാര്യവും ഒക്കെ മൊഴിയിൽ ഞാൻ വ്യക്തമായി പറഞ്ഞു.

കർസേവകർ ബാബരിമസ്ജിദ് തകർക്കുന്നു./ ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

കോടതിയിലെത്തിയ തെളിവുകൾക്ക് സംഭവിച്ചത്

അന്വേഷണത്തിന് ആദ്യഘട്ടങ്ങളിൽ ഏജൻസികളിൽ നിന്ന് അറിയാൻ കഴിഞ്ഞത് പ്രവീണിന്റെയും രുചിരയുടെയും മൊഴികളാണ് ഏറ്റവും നിർണായകമായ മാധ്യമ തെളിവുകളായി കാണുന്നത് എന്നാണ്. എന്നാൽ ദശാബ്ദങ്ങൾ നീണ്ടുപോയ അന്വേഷണ പ്രക്രിയയും അതുകഴിഞ്ഞ് ഇഴഞ്ഞു നീങ്ങിയ വിചാരണയും ഒക്കെ ശരിയായ വഴികളിൽ നിന്ന് നീതിന്യായ വ്യവസ്ഥയെ വ്യതിചലിപ്പിച്ചു എന്നുതന്നെയാണ് ബോധ്യപ്പെടുത്തുന്നത്. എന്നെയും രാജേഷിനെയും മൊഴിനൽകാൻ സി.ബി.ഐ കോടതി വിളിച്ചിരുന്നെങ്കിലും ക്രോസ് എക്‌സാമിനേഷൻ നടത്തിയില്ല. ഞങ്ങൾക്ക് അതിൽ താൽപര്യമില്ല എന്നാണത്രെ സംഘപരിവാർ അഭിഭാഷകർ കോടതിയോട് പറഞ്ഞത്.

പക്ഷേ പ്രവീണിനെയും രുചിരയെയും ദീർഘമായും ആക്രമണോത്സുകമായും ക്രോസ് ചെയ്യുകയുണ്ടായി. പ്രശസ്തിക്കുവേണ്ടി സ്വയം ഒപ്പിച്ച ഒരു നാടകം ഷൂട്ട് ചെയ്ത കാണിക്കുകയാണ് പ്രവീൺ ചെയ്തത് എന്നായിരുന്നു സംഘപരിവാർ അഭിഭാഷകരുടെ മുഖ്യവാദം. രുചിരയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചത്. സിഗരറ്റു വലിക്കുമോ, എന്താണ് വിവാഹിതയാവാത്തത് എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ . വിചാരണ തുടങ്ങുന്നതിനുമുൻപ് അദ്വാനിയും അടൽ ബിഹാരി വാജ്‌പേയെയും രുചിരക്ക് നേരിട്ടുതന്നെ സന്ദേശം നൽകി; ‘കുടുംബ സ്ത്രീകൾ പൊതുസ്ഥലത്ത് നേരിട്ട മാനഭംഗശ്രമത്തെ പറ്റി കോടതിയിൽ സംസാരിക്കില്ല.' രുചിര വഴങ്ങിയില്ല. സംഭവിച്ച കാര്യങ്ങൾ, നേരിട്ടറിഞ്ഞ ഗൂഢാലോചനകൾ, അതിൽ തനിക്ക് വ്യക്തിപരമായി അറിയാവുന്ന മുതിർന്ന നേതാക്കളുടെ പങ്ക് എല്ലാം അക്കമിട്ടു അറിയിച്ചു.

പ്രവീൺ ജയിനും തന്റെ രഹസ്യവേധിയായ, സംഘപരിവാറിന്റെ ബാബരി മസ്ജിദ് ധ്വംസന ഗൂഢാലോചന പുറത്തു കൊണ്ടു വന്ന ചിത്രങ്ങൾ, അവ ഓരോന്നും എടുത്ത സാഹചര്യവും പശ്ചാത്തലവും വിശദമാക്കി അന്വേഷണ ഏജൻസികൾക്ക് സമർപ്പിച്ചു. ദശാബ്ദങ്ങൾക്കിപ്പുറം പക്ഷേ പ്രവീണ രുചിരയും തിരിച്ചറിയുന്നു, മനസിലാക്കാൻ പറ്റാത്ത വിധം മാറി പോയ ഒരു ഭരണസംവിധാനത്തിനും ജുഡിഷ്യറിക്കും മുന്നിലാണ് വസ്തുനിഷ്ഠ മാധ്യമ പ്രവർത്തനം നിൽക്കുന്നത്.

‘എന്റെ ചിത്രങ്ങൾ ഗൂഢാലോചന അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തെളിയിക്കുന്നതാണ്. പക്ഷേ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സി.ബി.ഐ തന്നെ അതിന്റെ രൂപവും ഭാവവും മാറ്റിയിരിക്കുന്നു. ഏറ്റവും ഭയാനകമായ രീതിയിൽ നീതിന്യായവ്യവസ്ഥയും മാറിമറിഞ്ഞിരിക്കുന്നു.'; സി.ബി.ഐ കോടതിയുടെ സെപ്റ്റംബർ 30 ലെ വിധിക്കുശേഷം ഫോണിൽ സംസാരിക്കുമ്പോൾ പ്രവീൺ എന്നോട് പറഞ്ഞു.

അദ്വാനിയും ഉമാഭാരതിയും മുരളി മനോഹർ ജോഷിയും ഒക്കെ സംഘപരിവാർ കർസേവകരെ സ്‌ഫോടനാത്മകമായ മുദ്രാവാക്യങ്ങളിലൂടെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതും പിന്നീട് പള്ളി നിന്ന സ്ഥലത്ത് താൽക്കാലിക രാമമന്ദിരം പടുത്തുയർത്തുന്നതും കണ്ടുനിന്ന ഞങ്ങൾ വസ്തുനിഷ്ഠതയിലും അനുഭവ സാക്ഷ്യത്തിലും ഊന്നി നൽകിയ തെളിവുകൾ കാറ്റിൽ അലിഞ്ഞു തീർന്നിരിക്കുന്നു.

പേരറിയാത്ത ഒരു ആൾക്കൂട്ടത്തിന് ചാർത്തിക്കൊടുത്ത ബാബറി മസ്ജിദിന്റെ ധ്വംസനം ഒരു കടംകഥ ആകുമ്പോൾ നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ നെടുംതൂണുകളിൽ ഒന്ന് എന്ന് വിശ്വസിക്കപ്പെടുന്ന ജുഡീഷ്യറിയും ഒരു കഥയില്ലാ കടംകഥ ആവുകയാണ്. സാക്ഷ്യത്തിനും അനുഭവ സാക്ഷ്യത്തിനും വില കൽപിക്കാത്ത, ഒരു സ്ഥാപന പൊള്ള.


Comments