ധബോൽക്കർ വധക്കേസിൽ രണ്ടു പേർക്ക് ജീവപര്യന്തം; മൂന്നു പേരെ വെറുതെവിട്ടു

അന്ധവിശ്വാസങ്ങൾക്ക് പിന്നിലുള്ള യുക്തിരാഹിത്യത്തെക്കുറിച്ച് ചിന്തിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് നിരന്തരം ആവശ്യപ്പെടുകയും അതിനായി പ്രയത്നിക്കുകയും ചെയ്ത സാമൂഹ്യ പ്രവർത്തകനെയാണ് 2013 ആഗസ്റ്റ് 20ന് വെടിവെച്ചുകൊന്നത്. ദുരൂഹതകൾ നിറഞ്ഞ ആ കൊലയ്ക്കും അതിന് കാരണക്കാരായവർക്കും എതിരെ പത്ത് വർഷങ്ങൾക്കിപ്പുറം കോടതി ശിക്ഷ വിധിക്കുമ്പോൾ ധബോൽക്കർ നടത്തിയ ആ പോരാട്ടം മറവിയിലാഴാതെ സൂക്ഷിക്കേണ്ടതുണ്ട്

National Desk

സാമൂഹ്യപ്രവർത്തകനും യുക്തിവാദിയും ഡോക്ടറുമായിരുന്ന നരേന്ദ്ര ദാഭോൽക്കറുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് പുണെ കോടതി. പ്രതികളായ സച്ചിൻ അന്ദുരെ, ശരദ് കലാസ്‌കർ എന്നിവർക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നു പേരെ വെറുതെവിട്ടു. ഡോ. വിരേന്ദ്രസിങ് താവ്ദെ, വിക്രം ഭവെ, സഞ്ജീവ് പുനലേകർ എന്നിവരെയാണ് വെറുതെവിട്ടത്. പുനെയിലെ യു.എ.പി.എ കേസുകൾക്കായുള്ള പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.

സനാതൻ സൻസ്ത സംഘടനയുമായി ബന്ധമുള്ള പ്രതികളെ സി ബി ഐ ആണ് അറസ്റ്റ് ചെയ്തത്. 2014-ലാണ് കേസ് സി ബി ഐ ഏറ്റെടുത്തത്. പൂനെ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ബോംബെ ഹൈകോടതിയുടെ ഉത്തരവിനെത്തുടർന്ന് സി.ബി.ഐ 2014-ൽ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടത്തിൽസജീവ സാന്നിധ്യമായിരുന്ന ധബോൽക്കറെ 2013 ആഗസ്റ്റ് 20ന് പ്രഭാതനടത്തത്തിനിടെ ബൈക്കിലെത്തിയ അക്രമി സംഘം വെടിവെച്ചുകൊല്ലുകയായിരുന്നു. അന്ധവിശ്വാസത്തിനെതിരായ ധബോൽക്കറുടെ പ്രവർത്തനങ്ങളെ പ്രതികൾ എതിർത്തിരുന്നുവെന്ന് പ്രോസിക്യൂഷൻ അന്തിമവാദത്തിൽ വ്യക്തമാക്കിയിരുന്നു.

നരേന്ദ്ര ദാഭോൽക്കറും അദ്ദേഹം സ്ഥാപിച്ച മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയും നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ഫലമായാണ് മഹാരാഷ്ട്ര സർക്കാർ അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന ക്രൂരതകൾക്കും പീഡനത്തിനും തട്ടിപ്പുകൾക്കുമെതിരേ നിയമം കൊണ്ടുവന്നത്. അത്ഭുതസിദ്ധികളുണ്ടെന്ന് അവകാശപ്പെടുക, ബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞ് ഉപദ്രവിക്കുക, രോഗശാന്തി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുക, നഗ്നരാക്കി നടത്തുക, വൈദ്യശാസ്ത്ര ചികിത്സ തേടുന്നത് തടയുക തുടങ്ങിയവയെല്ലാം ക്രിമിനൽ കുറ്റമാണെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു നിയമം. ജാമ്യം പോലും ലഭിക്കാത്ത ഈ കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് ആറ് മാസം മുതൽ ഏഴ് വർഷം വരെയാവും തടവുശിക്ഷ ലഭിക്കുക. അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന ക്രൂരതകൾക്കും പീഡനത്തിനും തട്ടിപ്പുകൾക്കുമെതിരേ രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്ന സംസ്ഥാനം കൂടിയായിരുന്നു മഹാരാഷ്ട്ര.

ഈ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ധബോൽക്കറും സംഘടനയും നടത്തിയ സമ്മർദ്ദമാണ് ഹിന്ദുത്വ ശക്തികളുടെ നോട്ടപ്പുള്ളിയായി ധബോൽക്കർ മാറുന്നത്. അതിനിടെയാണ് 2013-ൽ ബൈക്കിലെത്തിയ അക്രമികൾ ധബോൽക്കറെ വെടിവച്ച് കൊല്ലുന്നത്. കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതോടെയാണ് കൊലപാതകത്തിന് പിന്നാലെ അന്ധവിശ്വാസത്തിനെതിരായ നിയമം (Anti-Superstition and Black Magic Atc) കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറായത്.

സാമൂഹ്യമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന മഹാരാഷ്ട്രയിലെ ഗ്രാമീണരായ സാധാരണക്കാർ അന്ധവിശ്വാസങ്ങളുടെ പേരിൽ കടുത്ത ചൂഷണത്തിന് ഇരയാകുന്ന സാഹചര്യത്തിലായിരുന്നു അന്ധവിശ്വാസത്തിനെതിരായ നിയമത്തിന് വേണ്ടി ധബോൽക്കർ മുന്നിട്ടിറങ്ങിയത്.

മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ ധബോൽക്കർ 1982 മുതലാണ് അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടത്തിനായി തുനിഞ്ഞിറങ്ങുന്നത്. 1989ൽ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാൻ മഹാരാഷ്ട്ര അന്ധശ്രദ്ധാ നിർമൂലൻ സമിതിക്ക് രൂപം നൽകുകയും ദുർമന്ത്രവാദികൾക്കും വ്യാജ സിദ്ധന്മാർക്കും മുറിവൈദ്യന്മാർക്കും ആൾദൈവങ്ങൾക്കുമെതിരെ പ്രചരണം ശക്തമാക്കുകയും ചെയ്തു.

ഗ്രാമങ്ങളിലും സ്‌കൂളുകളിലും കോളേജുകളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രചരണ ഇടങ്ങൾ. എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി ക്ലിനിക്ക് നടത്തിവരുന്നതിനിടെയായിരുന്നു ഇത്തരമൊരു ശ്രമത്തിലേക്ക് ധബോൽക്കർ തുനിഞ്ഞിറങ്ങുന്നത്. അതിനായി മുപ്പതിലേറെ പുസ്തകങ്ങളാണ് അദ്ദേഹം എഴുതിയത്. സത്താറയിൽ ഡി-അഡിക്ഷൻ സെന്റർ തുടങ്ങി. 2000-ൽ അഹമ്മദ്‌നഗറിലെ ശനി ശിഖ്‌നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനും ധബോൽക്കർ മുന്നിൽ നിന്നു.

അന്നത്തെ ആശറാം ബാപ്പു അടക്കമുള്ള ശക്തരായ ആൾദൈവങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുകയും അവരെ വെല്ലുവിളിക്കുകയും ചെയ്ത ധബോൽക്കർ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിനും ദുരഭിമാനകൊലകളെ ശക്തമായി അപലപിക്കുന്നതിനും മുൻനിരയിൽ പ്രവർത്തിച്ചു. തന്റെ ആശയങ്ങൾ സാധാരണക്കാരിലെത്തിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാടക കലാകാരന്മാരെ സംഘടിപ്പിച്ച് നാടകാവതരണങ്ങൾ നടത്തി.

അന്ധവിശ്വാസങ്ങൾക്ക് പിന്നിലുള്ള യുക്തിരാഹിത്യത്തെക്കുറിച്ച് ചിന്തിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് നിരന്തരം ആവശ്യപ്പെടുകയും അതിനായി പ്രയത്നിക്കുകയും ചെയ്ത സാമൂഹ്യ പ്രവർത്തകനെയാണ് 2013 ആഗസ്റ്റ് 20ന് വെടിവെച്ചുകൊന്നത്. ദുരൂഹതകൾ നിറഞ്ഞ ആ കൊലയ്ക്കും അതിന് കാരണക്കാരായവർക്കും എതിരെ പത്ത് വർഷങ്ങൾക്കിപ്പുറം കോടതി ശിക്ഷ വിധിക്കുമ്പോൾ ധബോൽക്കർ നടത്തിയ ആ പോരാട്ടം മറവിയിലാഴാതെ സൂക്ഷിക്കേണ്ടതുണ്ട്.

Comments