വിജയിച്ച പ്രതിപക്ഷ ഇന്ത്യ

സ്വയം പ്രതിരോധത്തിലാക്കുന്ന പ്രതിപക്ഷമല്ല ഇപ്പോൾ രാജ്യത്തുള്ളത്. ആദ്യ ദിവസം മുതൽ കടന്നുകയറി ആക്രമിക്കുന്ന പ്രതിപക്ഷമാണ്. അത്തരമൊരു പ്രതിപക്ഷത്തെ സാധ്യമാക്കി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം- ആദർശ് എച്ച്.എസ് എഴുതുന്നു.

രാമൻ അപകടത്തിലാണെന്ന കള്ളക്കഥ ഈ രാജ്യത്ത് ആദ്യം അവതരിപ്പിച്ചത് രാവണനാണ്. സീതയെ തട്ടിക്കൊണ്ടുപോകുന്നതിനുവേണ്ടിയാണ് ആ കള്ളം ഉപയോഗിക്കപ്പെട്ടത്. രാവണന്റെ കല്പനപ്രകാരം സ്വർണമാനിന്റെ രൂപത്തിലെത്തിയ മാരീചൻ രാമനെ അവർ താമസിച്ച പർണ്ണശാലയിൽ നിന്ന് ദൂരത്തേക്ക് അകറ്റുകയായിരുന്നു. മാനിന്റെ രൂപത്തിലെത്തിയത് മാരീചനാണെന്ന് ബോധ്യപ്പെട്ട രാമൻ മാരീചനെ വധിച്ചു. പക്ഷേ മരിക്കുന്ന സമയത്ത് രാമന്റെ ശബ്ദത്തിൽ സീതയുടെയും ലക്ഷ്മണന്റെയും പേര് വിളിച്ചു കരഞ്ഞ മാരീചൻ, രാമൻ അപകടത്തിലാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ വിജയിച്ചു.

ആ നിലവിളി കേട്ട് ഭയന്ന സീത ലക്ഷമണനോട് രാമനെ അന്വേഷിച്ചു ചെല്ലാനാവശ്യപ്പെട്ടു. രാമന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന ലക്ഷ്മണൻ ആദ്യം സീതയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയും ഒടുവിൽ നിർബന്ധത്തിന് വഴങ്ങി രാമനെ അന്വേഷിച്ചു പോവുകയും ചെയ്തു. പോകുമ്പോഴും സീതയുടെ സുരക്ഷയ്ക്കായി ഒരു രേഖ വരച്ച് അതിനുള്ളിൽ നിന്ന് പുറത്ത് കടക്കരുതെന്ന് നിർദ്ദേശം നൽകിയാണ് ലക്ഷ്മണൻ പോയത്.

‘ഇന്ത്യ’ സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തുമെന്ന ഭീതിയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം ഛർദ്ദിച്ചത് സാക്ഷാൽ പ്രധാനമന്ത്രിയായിരുന്നു. Photo: The Print

പക്ഷേ അതിനുശേഷമെത്തിയ രാവണന്റെ കാപട്യത്തിൽ വിശ്വസിച്ച സീത ആ രേഖയ്ക്ക് പുറത്തുകടന്നു. രാമൻ അപകടത്തിലാണെന്ന കള്ളം പറഞ്ഞാണ് സന്യാസി വേഷത്തിലെത്തിയ രാവണൻ സീതയെ അപഹരിക്കുന്നത്.

രാമായണകഥയിലെ ഈ രാവണതന്ത്രത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കിയ പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയംസേവക സംഘവും അവരുടെ അനുബന്ധ ഹിന്ദുത്വ സംഘടനകളും. ഹിന്ദു അപകടത്തിലാണ് എന്നതായിരുന്നു എല്ലാ കാലത്തും ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിപണനതന്ത്രം. ആ തന്ത്രത്തിന്റെ പാരമ്യത്തിലെത്തിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്.

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റിൽ മത്സരിച്ചിട്ടാണ് ഈ നേട്ടം സ്വന്തമാക്കാൻ കോൺഗ്രസിന് കഴിഞ്ഞത്. 328 സീറ്റുകളിൽ മാത്രമാണ് ഇത്തവണ കോൺഗ്രസ് മത്സരിച്ചത്. മറ്റ് സീറ്റുകൾ സഖ്യകക്ഷികൾക്കായി ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.

‘ഇന്ത്യ’ സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തുമെന്ന ഭീതിയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം ഛർദ്ദിച്ചത് സാക്ഷാൽ പ്രധാനമന്ത്രിയായിരുന്നു. ജനുവരിയിൽ രാമക്ഷേത്ര ഉദ്ഘാടനം നടത്തിയതിന്റെ കൂടി ബലത്തിലാണ് 400 സീറ്റു നേടി അധികാരത്തിലെത്തുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയത്. മോദിയുടെ ഗ്യാരണ്ടി പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബി. ജെ.പി പക്ഷേ ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചടി മണത്തു.

അതിനുശേഷമാണ് പൂർണ്ണമായും വർഗ്ഗീയ പ്രചാരണത്തിലേക്ക് അവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാറുന്നത്. ന്യൂനപക്ഷങ്ങൾക്കും പ്രതിപക്ഷത്തിനുമെതിരെ ഗീബൽസിയൻ നുണകൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അരങ്ങേറി. പക്ഷേ ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷം അവയെ ശക്തമായി പ്രതിരോധിച്ചു. എന്നിട്ടും എക്സിറ്റ് പോൾ ദിനം രാജ്യത്തെ ‘ഗോദി മീഡിയ’ ബി.ജെ.പി 400 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് പ്രഖ്യാപിച്ചു. അതോടെ സ്റ്റോക്ക് മാർക്കറ്റിൽ വൻ കുതിച്ചുചാട്ടം തന്നെ സംഭവിച്ചു. സ്ഥിരതയുള്ള സർക്കാർ വിപണിക്ക് അനുകൂലമായ ഘടകമായാണ് എല്ലായിപ്പോഴും വിലയിരുത്തപ്പെടുന്നത്. ആ സാധ്യതയെ മുതലെടുക്കുന്നതിൽ എക്സിറ്റ് പോളുകൾ വിജയിച്ചു.

എക്‌സിറ്റ്‌പോൾ ഫലങ്ങൾ ഓഹരി കുംഭകോണമാണെന്ന് ആരോപിച്ച് രാഹുൽഗാന്ധി നടത്തിയ വാർത്താ സമ്മേളനം

1989- ലെ ജൂൺ നാലിനാണ് ചൈനയിൽ ജനാധിപത്യത്തിനുവേണ്ടി വാദിച്ച വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ആയിരത്തോളം മനുഷ്യർ ഭരണകൂടത്തിന്റെ ആക്രമണത്തിൽ കൂട്ടക്കുരുതിക്കിരയായത്. 2024 ലെ ജൂൺ നാല് എന്ന തീയതി ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചും നിർണായകമായിരുന്നു. എക്സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ ഫലിച്ചിരുന്നു എങ്കിൽ ഈ രാജ്യത്തെ ജനതയും ജനാധിപത്യം സ്ഥാപിക്കാൻ തെരുവിലിറങ്ങുകയും ഭരണകൂടത്താൽ കൊല ചെയ്യപ്പെടുകയും ചെയ്യുന്ന കാലം വിദൂരത്താവില്ലായിരുന്നു.

പക്ഷേ പൊരുതി നേടിയ സ്വാതന്ത്ര്യം അടിയറ വയ്ക്കാൻ തയ്യാറാകാതെയിരുന്ന ജനത അതിനെ പ്രതിരോധിച്ചപ്പോൾ ജൂൺ നാലിന് അദ്‌ഭുതം പിറന്നു. 400 സീറ്റു പ്രതീക്ഷിച്ച എൻ ഡി എ 292 എന്ന സംഖ്യയിലേക്ക് കൂപ്പുകുത്തി. ബി.ജെ.പിയാകട്ടെ 2009 നുശേഷം ആദ്യമായി കേവല ഭൂരിപക്ഷത്തിനും താഴെ പോയി, 242 സീറ്റു മാത്രം.

ബി.ജെ.പിക്ക് സ്വന്തം പെട്ടിയിൽ നിന്ന് 63 സീറ്റുകളാണ് നഷ്ടമായത്. എൻ.ഡി.എ ഇപ്പോഴും 80 ശതമാനവും ബി.ജെ.പിയെയാണ് ആശ്രയിക്കുന്നത് എന്നതാണ് ഒരേ സമയം അവരുടെ ശക്തിയും ദൗർബല്യവും.

നരേന്ദ്ര മോദി എന്ന നേതാവിന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴോ, മുൻപ് പ്രധാനമന്ത്രിയായിരുന്നപ്പോഴോ നേരിട്ടിട്ടില്ലാത്ത സഖ്യകക്ഷി ഭരണം എന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടിവരുന്ന പരിതസ്ഥിതിയിലാണ് ഈ തെരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തെ കൊണ്ടെത്തിച്ചത്.
നരേന്ദ്രമോദിക്കുപോലും സ്വന്തം മണ്ഡലത്തിൽ കാലിടറി. വാരണാസിയിലെ ആദ്യ ഘട്ട ഫലങ്ങൾ വന്നപ്പോൾ മോദി കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയെക്കാൾ 6000 വോട്ടുകൾക്ക് പിന്നിലായിരുന്നു. 2019- ൽ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മോദിക്ക് ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂ. അജയ് റായിയാകട്ടെ 2019- ൽ നേടിയത് കേവലം 14.38 ശതമാനം വോട്ട് ആയിരുന്നെങ്കിൽ ഇത്തവണ 40.74 ശതമാനമായി ഉയർത്തി. നരേന്ദ്ര മോദിയെ സംബന്ധിച്ച് പരാജയത്തിന് സമാനമായ വിജയമാണ് ഇതെന്ന് പറയേണ്ടിവരും.

നരേന്ദ്ര മോദി എന്ന നേതാവിന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴോ, മുൻപ് പ്രധാനമന്ത്രിയായിരുന്നപ്പോഴോ നേരിട്ടിട്ടില്ലാത്ത സഖ്യകക്ഷി ഭരണം എന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടിവരുന്ന പരിതസ്ഥിതിയിലാണ് ഈ തെരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തെ കൊണ്ടെത്തിച്ചത്.

മറുവശത്ത് ‘ഇന്ത്യ’ മുന്നണി സകല പ്രവചനങ്ങളെയും കാറ്റിൽ പറത്തി 234 സീറ്റ് സ്വന്തമാക്കി. 2014- ലും 2019- ലും തകർന്നടിഞ്ഞ കോൺഗ്രസിന് ഒറ്റയ്ക്ക് 99 സീറ്റ് നേടാനായി എന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഘടകം. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം മഹാരാഷ്ട്രയിലെ സ്വതന്ത്ര സ്ഥാനാർഥി വിശാൽ പാട്ടീൽ കൂടി കോൺഗ്രസിൽ ചേർന്നതോടെ പാർട്ടി 100 സീറ്റ് എന്ന സംഖ്യയിലെത്തി. പത്ത് വർഷങ്ങൾക്കുശേഷം പ്രതിപക്ഷ നേതൃസ്ഥാനം സ്വന്തമാക്കാൻ ഇത് കോൺഗ്രസിനെ സഹായിക്കും. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റിൽ മത്സരിച്ചിട്ടാണ് ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതെന്നതും എടുത്തു പറയേണ്ടതാണ്. 328 സീറ്റുകളിൽ മാത്രമാണ് ഇത്തവണ കോൺഗ്രസ് മത്സരിച്ചത്. മറ്റ് സീറ്റുകൾ സഖ്യകക്ഷികൾക്കായി ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ‘ഇന്ത്യ’ സഖ്യത്തിലെ സമാജ്‍വാദി പാർട്ടിയും, തൃണമൂൽ കോൺഗ്രസും, ഡി.എം.കെയും, ശിവസേനയും എൻ.സി.പിയും കൂടി മികച്ച പ്രകടനം കാഴ്ചവച്ചതോടെ രാജ്യത്തെ ശക്തമായ പ്രതിപക്ഷമാകാൻ ‘ഇന്ത്യ’ മുന്നണി സജ്ജമായി.

കേന്ദ്ര ഏജൻസികളും, പണവും, സംവിധാനങ്ങളും, സുശക്തമായ പാർട്ടി കേഡർ സംവിധാനവുമൊക്കെയുള്ള ബി.ജെ.പിയെയാണ് താരതമ്യേന ദുർബ്ബലമായ ‘ഇന്ത്യ’ മുന്നണി പ്രതിരോധിച്ചത്.

ബി.ജെ.പിക്ക് സ്വന്തം പെട്ടിയിൽ നിന്ന് 63 സീറ്റുകളാണ് നഷ്ടമായത്. എൻ.ഡി.എ ഇപ്പോഴും 80 ശതമാനവും ബി.ജെ.പിയെയാണ് ആശ്രയിക്കുന്നത് എന്നതാണ് ഒരേ സമയം അവരുടെ ശക്തിയും ദൗർബല്യവും. അതേസമയം ‘ഇന്ത്യ’ മുന്നണിയിലെ സീറ്റുകളിൽ 40 ശതമാനം മാത്രമാണ് കോൺഗ്രസിനെ ആശ്രയിക്കുന്നത്.

ഏറെ വൈകി രൂപീകരിക്കപ്പെട്ട മുന്നണിയാണെങ്കിലും പരസ്പര വളർച്ചയിലേക്ക് സംഭാവന ചെയ്യാനും മുന്നേറാനും ‘ഇന്ത്യ’ മുന്നണിക്ക് കഴിഞ്ഞു. ഉത്തർ പ്രദേശിൽ 43 സീറ്റും മഹാരാഷ്ട്രയിൽ 30 സീറ്റും സ്വന്തമാക്കാൻ കഴിഞ്ഞത് ഇതിന്റെ പ്രതിഫലനങ്ങളാണ്. ഡൽഹിയിൽ മാത്രമാണ് സഖ്യത്തിന് തിരിച്ചടി നേരിടേണ്ടിവന്നത്.

തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ബി.ജെ.പി മത്സരിച്ച 77 സീറ്റിൽ 47-ലും മണ്ഡലത്തിലും തോറ്റു. ഇതിന്റെ സൂചനകൾ ലഭിച്ചതുകൊണ്ടാകാം പ്രധാനമന്ത്രി തന്നെ ഒന്നാം ഘട്ടത്തിനുശേഷം വർഗ്ഗീയ പ്രചാരണങ്ങൾക്ക് നേതൃത്വം നല്കിയത്. അതിനുശേഷമാണ് ബി.ജെ.പിക്ക് നില മെച്ചപ്പെടുത്താൻ കഴിഞ്ഞത്.
രണ്ടാം ഘട്ടത്തിൽ മത്സരിച്ച 70-ൽ 47 സീറ്റിലും വിജയിക്കാൻ അവർക്ക് കഴിഞ്ഞു.
മൂന്നും നാലും അഞ്ചും ആറും ഘട്ടങ്ങളിൽ ശരാശരി പ്രകടനം നടത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു. പക്ഷേ ഏഴാം ഘട്ടത്തിലും ബി.ജെ.പിക്ക് ചുവട് പിഴച്ചു. മത്സരിച്ച 52-ൽ 18 സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്.

ഏറെ വൈകി രൂപീകരിക്കപ്പെട്ട മുന്നണിയാണെങ്കിലും പരസ്പര വളർച്ചയിലേക്ക് സംഭാവന ചെയ്യാനും മുന്നേറാനും ‘ഇന്ത്യ’ മുന്നണിക്ക് കഴിഞ്ഞു. ഉത്തർ പ്രദേശിൽ 43 സീറ്റും മഹാരാഷ്ട്രയിൽ 30 സീറ്റും സ്വന്തമാക്കാൻ കഴിഞ്ഞത് ഇതിന്റെ പ്രതിഫലനങ്ങളാണ്.

ഒരു വശത്ത് രാമനെ സംരക്ഷിക്കാനിറങ്ങിയ ബി.ജെ.പിയും മറുവശത്ത് ഭരണഘടന സംരക്ഷിക്കാനിറങ്ങിയ ‘ഇന്ത്യ’ മുന്നണിയും തമ്മിലായിരുന്നു പോര്. കേന്ദ്ര ഏജൻസികളും, പണവും, സംവിധാനങ്ങളും, സുശക്തമായ പാർട്ടി കേഡർ സംവിധാനവുമൊക്കെയുള്ള ബി.ജെ.പിയെയാണ് താരതമ്യേന ദുർബ്ബലമായ ‘ഇന്ത്യ’ മുന്നണി പ്രതിരോധിച്ചത്.

ഉത്തർ പ്രദേശിലാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി സംഭവിച്ചത്. രാമക്ഷേത്രത്തിന്റെയും ഡബിൾ എഞ്ചിൻ സർക്കാരിന്റെയും ബലത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിയെ സമാജ് വാദി പാർട്ടിയും കോൺഗ്രസും ചേർന്ന ‘ഇന്ത്യ’ മുന്നണി പരാജയപ്പെടുത്തി. ദലിത്‌, ആദിവാസി, യാദവ, ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിർത്താൻ കഴിഞ്ഞതാണ് ‘ഇന്ത്യ’ മുന്നണിയുടെ വിജയരഹസ്യം. ഇതിന് അവരെ അറിഞ്ഞോ അറിയാതെയോ സഹായിച്ചത് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായ ചില പിഴവുകളാണ്.

രാമക്ഷേത്ര ഉദ്ഘാടനത്തിന് പങ്കെടുക്കാൻ വിസ്സമ്മതിച്ച കോൺഗ്രസ് നേതൃത്വം നല്കിയ ‘ഇന്ത്യ’ മുന്നണി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ ഫൈസാബാദിലെ ജനങ്ങൾക്ക് മടിയില്ലായിരുന്നു എന്നതുതന്നെ ഇന്ത്യൻ ജനാധിപത്യത്തിന് ശുഭസൂചനയാണ്.

400- സീറ്റു നേടി അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തുമെന്ന ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഈ വിഭാഗങ്ങൾക്കിടയിൽ വലിയ തോതിൽ ഭയം വിതച്ചിരുന്നു. സ്വന്തം ഉന്നമനത്തിനായി ഭരണഘടനയെ ആശ്രയിക്കുന്ന ഈ ജനവിഭാഗമാണ് ബി.ജെ.പിയെ ഉത്തർ പ്രദേശിൽ പരാജയപ്പെടുത്തിയത്. തങ്ങൾക്ക് ലഭിക്കുന്ന സംവരണം പോലും അട്ടിമറിക്കപ്പെടുമോ എന്ന് അവർ ഭയന്നെങ്കിൽ തെറ്റുപറയാനാവില്ല. മറുവശത്ത്, രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് വേദികളിലേക്ക് എത്തിയതുതന്നെ കയ്യിൽ ഭരണഘടനയും അംബേദ്‌കറുടെ ചിത്രവും ഉയർത്തിപ്പിടിച്ചാണ്. ഈ നൂറ്റാണ്ടിൽ കോൺഗ്രസ് നടത്തിയ ഏറ്റവും മികച്ച രാഷ്ട്രീയ വിനിമയമായിരുന്നു ഈ തീരുമാനമെന്ന് വിലയിരുത്താം. ‘ഇന്ത്യ’ മുന്നണി അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടത്തുമെന്ന ഉറപ്പുകൂടി ലഭിച്ചതോടെ മേല്പറഞ്ഞ വിഭാഗങ്ങൾ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യാൻ സന്നദ്ധരായി. ഹിന്ദുത്വയെ ജാതിസ്വത്വം കൊണ്ട് ഉള്ളിൽ നിന്ന് തകർക്കുന്ന കാഴ്ചയാണ് ഉത്തർപ്രദേശിൽ കണ്ടത്. ബി.ജെ.പിയിലെ പ്രശ്നങ്ങൾ കൂടിയായതോടെ തെരഞ്ഞെടുപ്പിൽ അവർ പിന്നിലേക്ക് പോയി. അരവിന്ദ് കെജ്രിവാൾ ജാമ്യത്തിൽ വന്നതിന്റെ ഗുണം പഞ്ചാബിലും ഡൽഹിയിലും ആം ആദ്മി പാർട്ടിക്ക് ലഭിച്ചില്ലെങ്കിലും ഉത്തർ പ്രദേശിൽ ‘ഇന്ത്യ’ മുന്നണിക്ക് ഇത് സഹായകമായി. മോദി വീണ്ടും അധികാരത്തിൽ വന്നാൽ യോഗിയെ ഒഴിവാക്കാനുള്ള ശ്രമം നടത്തുമെന്ന കെജ്രിവാളിന്റെ പ്രസ്താവന ബി.ജെ.പിക്കുള്ളിലെ പ്രശ്നങ്ങൾ മൂർച്ചിപ്പിച്ചു.

തൊഴിലില്ലായ്മയും, വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനതയെ മതത്തിന്റെ പേരിൽ ധ്രുവീകരിക്കാൻ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് ഉത്തർപ്രദേശ് നല്കിയത്.

രാമക്ഷേത്രം നിലകൊള്ളുന്ന ഫൈസാബാദിലും വിജയം ‘ഇന്ത്യ’ മുന്നണി സ്ഥാനാർത്ഥിക്കൊപ്പമായിരുന്നു. രാമക്ഷേത്ര ഉദ്ഘാടനത്തിന് പങ്കെടുക്കാൻ വിസ്സമ്മതിച്ച കോൺഗ്രസ് നേതൃത്വം നല്കിയ ‘ഇന്ത്യ’ മുന്നണി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ ഫൈസാബാദിലെ ജനങ്ങൾക്ക് മടിയില്ലായിരുന്നു എന്നതുതന്നെ ഇന്ത്യൻ ജനാധിപത്യത്തിന് ശുഭസൂചനയാണ്. തൊഴിലില്ലായ്മയും, വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനതയെ മതത്തിന്റെ പേരിൽ ധ്രുവീകരിക്കാൻ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് ഉത്തർപ്രദേശ് നല്കിയത്.

കർഷക സമരവും അഗ്നിപഥും ഒക്കെയാണ് പഞ്ചാബിലും ഹരിയാനയിലും രാജസ്ഥാനിലും ‘ഇന്ത്യ’ മുന്നണിക്ക് അനുകൂലമായി വന്നതെങ്കിൽ മഹാരാഷ്ട്ര ഉള്ളി കർഷകരുടെ അസംതൃപ്തി മുതൽ മറാത്ത വാദം വരെ ‘ഇന്ത്യ’ മുന്നണിയെ തുണച്ചു. ബംഗാളിലെ സന്ദേശ്ഖാലി വിവാദം ബി.ജെ.പിക്കുതന്നെ തിരിച്ചടിയായി.

കെട്ട കാലത്ത് തങ്ങളെ ചേർത്തു പിടിച്ച രാഹുൽ ഗാന്ധിയുടെ ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാം’ എന്ന മുദ്രാവാക്യം മണിപ്പുരിലെ ജനതയും ഏറ്റുപറഞ്ഞതാണ് നാം കണ്ടത്.

ബീഹാറിലും കർണാടകയിലും തെലങ്കാനയിലും ‘ഇന്ത്യ’ മുന്നണി 2019- നെ അപേക്ഷിച്ച് നേട്ടമുണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് ഉയരാൻ കഴിഞ്ഞില്ല. ഒരുപക്ഷേ അതിനുകൂടി സാധിച്ചിരുന്നുവെങ്കിൽ ‘ഇന്ത്യ’ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നൊരു സാഹചര്യം പോലും ഉടലെടുക്കുമായിരുന്നു.

ഒഡിഷയിലും ആന്ധ്രയിലും തെലങ്കാനയിലും കേരളത്തിലും നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞപ്പോൾ മധ്യപ്രദേശ്, ഗുജറാത്ത്‌, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണത്തേതിന് സമാനമായ വിജയം അവർക്ക് നിലനിർത്താനും കഴിഞ്ഞു. പൊതുവേ കേന്ദ്ര സർക്കാരിനനുകൂലമായി വിധിയെഴുതുന്ന വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും ഇത്തവണ ബി.ജെ.പി പിന്നിലേക്ക് പോയി. 2019- ൽ ഈ മേഖലയിൽ 19 സീറ്റുകൾ വിജയിച്ച എൻ.ഡി.എക്ക് ഇത്തവണ 15 സീറ്റു മാത്രമാണ് നേടാനായത്.

മണിപ്പൂരിലെ രണ്ട് ലോക്സഭാ സീറ്റുകളും കോൺഗ്രസിന് നൽകിയാണ് ബി.ജെ.പിക്ക് ജനം മറുപടി നൽകിയത്. ഇന്നർ മണിപ്പൂർ സീറ്റിൽ അങ്ക്മോജ ബിമൽ അകോയ്ജമും ഔട്ടർ മണിപ്പൂരിൽ ആൽഫ്രഡ് കൻഗം എസ് ആർതൂറുമാണ് വിജയിച്ച സ്ഥാനാർത്ഥികൾ.

എടുത്തുപറയേണ്ടത് വെറുപ്പിന്റെ രാഷ്ട്രീയം നാശം വിതച്ച മണിപ്പുരിലെ തെരഞ്ഞെടുപ്പ് വിധിയാണ്. കലാപത്തിനുശേഷം ഒരിക്കൽ പോലും അവിടെ സന്ദർശിക്കാനുള്ള ബാധ്യത നിറവേറ്റാതെയിരുന്ന നരേന്ദ്ര മോദിയുടെ ബി.ജെ.പിക്ക് ജനം ബാലറ്റിലൂടെ മറുപടി നൽകി. കെട്ട കാലത്ത് തങ്ങളെ ചേർത്തു പിടിച്ച രാഹുൽ ഗാന്ധിയുടെ ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാം’ എന്ന മുദ്രാവാക്യം മണിപ്പുരിലെ ജനതയും ഏറ്റുപറഞ്ഞതാണ് നാം കണ്ടത്. സംസ്ഥാനത്തെ രണ്ട് പ്രബല വിഭാഗങ്ങളായ കുക്കി, മെയ്തി ജനതയ്ക്ക് ഭൂരിപക്ഷമുള്ളിടങ്ങളിലെല്ലാം രണ്ട് കൂട്ടരും കോൺഗ്രസിനാണ് വോട്ട് ചെയ്തത്. വെറുപ്പിനെക്കാൾ ഈ ജനത ആഗ്രഹിക്കുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണെന്നതിന്റെ കൂടി തെളിവായിരുന്നു അത്.

അധ്വാനിക്കുകയും ജനങ്ങളുടെ ഹൃദയത്തിൽ തൊടുന്ന രീതിയിൽ പ്രചാരണം നടത്തുകയും ചെയ്താൽ ഇടതുപക്ഷത്തിനും തിരിച്ചുവരവിന് സാധ്യതയുണ്ടെന്നുതന്നെയാണ് ഈ തെരഞ്ഞെടുപ്പ് പറഞ്ഞുവയ്ക്കുന്നത്.

അതേസമയം, തൃശൂരിൽ ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞ വിജയവും തിരുവനന്തപുരത്തും ആറ്റിങ്ങലും അവർ സ്വന്തമാക്കിയ ജയത്തോളം പോന്ന പരാജയവും കേരള ജനതയെ ആശങ്കപ്പെടുത്തേണ്ടതാണ്. ഇതിൽ ഏറ്റവും ശ്രദ്ധ പുലർത്തേണ്ടത് ഇടതുപക്ഷം തന്നെയാണ്. പരമ്പരാഗതമായി അവർക്കൊപ്പം നിന്ന ഈഴവ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുന്നത് ഇനിയെങ്കിലും ഇടതുപക്ഷം മനസിലാക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവിരുദ്ധ വികാരം കൂടിയാണ് കേരളത്തിൽ യു.ഡി.എഫിന് അനുകൂല വോട്ടായി മാറിയത്. ദേശീയതലത്തിലും ജൈവികമായ ഒരു ആഖ്യാനം സൃഷ്ടിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ബ്രസീലിലും മെക്സികോയിലുമൊക്കെ ഇടതുപക്ഷം ശക്തിയാർജ്ജിച്ചുവരുന്ന കാലത്താണ് ഇന്ത്യൻ ഇടതുപക്ഷം രാജ്യത്ത് അസ്‌തമിച്ചുകൊണ്ടിരിക്കുന്നത് എന്ന സത്യം അപായമണിയായി കണക്കാകണം.

ഇടതുപക്ഷ ആശയങ്ങൾക്ക് രാജ്യത്ത് പ്രസക്തി നഷ്ടപ്പെട്ടതാണെന്ന് തെറ്റിദ്ധരിക്കരുത്. ചങ്ങാത്ത മുതലാളിത്തത്തിനെതിരെയും സ്വത്തുക്കളിലെ അസമത്വത്തിനെതിരെയും ശക്തമായി പ്രതികരിച്ച രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അധ്വാനിക്കുകയും ജനങ്ങളുടെ ഹൃദയത്തിൽ തൊടുന്ന രീതിയിൽ പ്രചാരണം നടത്തുകയും ചെയ്താൽ ഇടതുപക്ഷത്തിനും തിരിച്ചുവരവിന് സാധ്യതയുണ്ടെന്നുതന്നെയാണ് ഈ തെരഞ്ഞെടുപ്പ് പറഞ്ഞുവയ്ക്കുന്നത്.

സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവിരുദ്ധ വികാരം കൂടിയാണ് കേരളത്തിൽ യു.ഡി.എഫിന് അനുകൂല വോട്ടായി മാറിയത്. ദേശീയതലത്തിലും ജൈവികമായ ഒരു ആഖ്യാനം സൃഷ്ടിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

രാവണതന്ത്രങ്ങൾ തിരിച്ചറിയാനുള്ള പ്രാപ്തിയിലേക്ക് ഇന്ത്യൻ ജനത മാറിയെന്ന് ഉറപ്പിച്ചു പറഞ്ഞ തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ആവശ്യമെങ്കിൽ ‘ഇന്ത്യ’ മുന്നണിക്ക് എൻ.ഡി.എയിലെ പാർട്ടികളെ ഒപ്പം കൂട്ടി കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാനുള്ള ശ്രമം നടത്താമായിരുന്നു. കൃത്യമായ സമയം എത്തിച്ചേരുന്നതുവരെ അതിന് തുനിയേണ്ടതില്ല എന്നാണ് അവർ തീരുമാനിച്ചത്. എന്തുകൊണ്ടും അനുയോജ്യമായ തീരുമാനമാണത്. ഭരണഘടന തിരുത്താനോ, ഏക സിവിൽ കോഡ് നടപ്പിലാക്കാനോ, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നയം നടപ്പിലാക്കാനോ, സംവരണം അട്ടിമറിക്കാനോ, മണ്ഡലങ്ങളുടെ പുനഃക്രമീകരണം നടത്താനോ കഴിയാത്ത സാഹചര്യത്തിലാണ് നിലവിൽ എൻ.ഡി.എ സർക്കാർ. ഈ സാഹചര്യത്തിൽ അവർ ഉള്ളിൽ നിന്നു പിളരാൻ കാത്തിരിക്കുന്നതുതന്നെയാണ് അനുയോജ്യം. അതല്ലാതെ അധികാരത്തിലേക്ക് ചാടിക്കയറിയിരിക്കാൻ ശ്രമിച്ചാൽ 1977- ലെ മൊറാർജി ദേശായി സർക്കാരിന്റെ അവസ്ഥ ‘ഇന്ത്യ’ മുന്നണിക്കും ഉണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. നിതീഷ് കുമാറിനെ പോലുള്ളവർ അത്തരം ചതികൾക്ക് പേരു കേട്ടവരുമാണ്. ഇപ്പോൾ സമാന അവസ്ഥയിൽ അകപ്പെട്ടിരിക്കുന്നത് എൻ.ഡി.എ ആണ്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യം ഒരു പക്ഷേ മറ്റൊരു തെരഞ്ഞെടുപ്പിനെ കൂടി അഭിമുഖീകരിച്ചേക്കാം. അതിനുള്ള തയ്യാറെടുപ്പുകൾ പ്രതിപക്ഷം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ടാണ്, സത്യപ്രതിജ്ഞയ്ക്ക് പോലും കാത്തുനിൽക്കാതെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അവർ ബി.ജെ.പിക്കെതിരായി സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പ് ആരോപണവുമായി മുന്നോട്ടുവന്നത്.

സ്വയം പ്രതിരോധത്തിലാക്കുന്ന പ്രതിപക്ഷമല്ല ഇപ്പോൾ രാജ്യത്തുള്ളത്. ആദ്യ ദിവസം മുതൽ കടന്നുകയറി ആക്രമിക്കുന്ന പ്രതിപക്ഷമാണ്. ഇത് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾക്കും, കേന്ദ്ര ഏജൻസികൾക്കും, മാധ്യമങ്ങൾക്കും സ്വാതന്ത്രമായി പ്രവർത്തിക്കാനുള്ള കരുത്തുനൽകും.

Comments