ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഏക സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിക്ക് കുൽഗാമിൽ തകർപ്പൻ ജയം. ജമാത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്വതന്ത്രൻ സയർ അഹമ്മദ് റെഷിയെ 7838 വോട്ടിന് തോൽപ്പിച്ചാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ തരിഗാമിയുടെ അഞ്ചാമൂഴം. പിഡിപിയുടെ മുഹമദ് അമിൻ ധറു മൂന്നാമതെത്തി.
കേന്ദ്രത്തിലെ ബിജെപി സർക്കാർ ജമ്മു കശ്മീരിനോട് കാട്ടിയ അനീതികൾ എണ്ണിപ്പറഞ്ഞായിരുന്നു കുൽഗാമിൽ യൂസഫ് തരിഗാമിയുടെ പ്രചാരണം. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാന പദവി ഇല്ലാതാക്കുകയും ചെയ്ത കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബാലറ്റിലൂടെ പ്രതികരിക്കാനുള്ള ആഹ്വാനം കുൽഗാമിലെ വോട്ടർമാർ അക്ഷരംപ്രതി അനുസരിച്ചു എന്ന് തെളിയിക്കുന്നതാണ് തരിഗാമിയുടെ ഈ തകർപ്പൻ ജയം.
സംസ്ഥാന പദവി തിരിച്ചുപിടിക്കും എന്ന മുദ്രാവാക്യത്തിലൂന്നിയും മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചും പ്രചരണം നടത്തിയ തരിഗാമിക്ക് പക്ഷെ തുടക്കം മുതലെ വലിയ വെല്ലുവിളിയായിരുന്നു നിരോധിത ജമ്മു കാശ്മീർ ജമാഅത്തെ ഇസ്ലാമി ഉയർത്തിയത്. എന്നാൽ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന മതരാഷ്ട്രീയത്തെ തുറന്നെതിർത്തും കാശ്മീർ ജനതയോടുള്ള കേന്ദ്ര സർക്കാറിന്റെ വാഗ്ദാനലംഘനത്തൈ തുറന്നുകാട്ടിയും മുന്നേറിയ 77 കാരനായ തരിഗാമിയുടെ കാമ്പയിൻ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. കശ്മീരിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന കടുത്ത തൊഴിലില്ലായ്മയും ആപ്പിൾ കർഷകർ നേരിടുന്ന പ്രശ്നങ്ങളും പ്രധാന പ്രചാരണവിഷയങ്ങളാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട തരിഗാമി അങ്ങനെ ഗുൽഗാം ഒരു ചുവന്ന കമ്യൂണിസ്റ്റ് മണ്ഡലമെന്ന് ഒരിക്കൽ കൂടി ഉറപ്പാക്കുകായിരുന്നു. നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിലെ സഖ്യകക്ഷിയായാണ് ഇത്തവണ സി.പി.എം മത്സരിച്ചത്. നാഷനൽ കോൺഫറൻസായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തരിഗാമിയുടെ പ്രധാന എതിരാളി.
കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കുൽഗാമിനെ പ്രതിനിധീകരിക്കുന്ന തരിഗാമി അഞ്ചാം അങ്കത്തിനായിരുന്നു ഇത്തവണ ഇറങ്ങിയത്. 1996ലാണ് കുൽഗാമിൽ നിന്ന് തരിഗാമി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വർഷങ്ങളിലും ജയം ആവർത്തിച്ചു. വിഘടനവാദ പ്രസ്ഥാനങ്ങളുടെയും മതരാഷ്ട്രീയവാദത്തിന്റെയും അതിശക്തമായ ചെറുത്തുനിൽപ്പ് നേരിട്ടാണ് കുൽഗാമിനെ തരിഗാമിയുടെ നേതൃത്വത്തിലുള്ള സി.പി.എം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പക്ഷത്ത് പിടിച്ചുനിർത്തിയിരിക്കുന്നത്. 2019ൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഘട്ടത്തിൽ മാസങ്ങളോളം വീട്ടുതടങ്കലിൽ കഴിഞ്ഞ തരിഗാമി കശ്മീരിന്റെ രാഷ്ട്രീയ പ്രശ്‌നങ്ങൾ ദേശീയതലത്തിൽ ചർച്ചയാക്കാനും പ്രതിരോധിക്കാനും മുന്നിൽ നിന്ന നേതാവായിരുന്നു. ദക്ഷിണ കാശ്മീരിൽ ഏറ്റവും ശക്തമായ രാഷ്ട്രീയപോരാട്ടം നടക്കുന്ന മണ്ഡലമാക്കി കുൽഗാമിനെ മാറ്റിയെടുത്തത് സി.പി.എമ്മിന്റെയും തരിഗാമിയുടെയും ഈ ഇടപെടലുകളായിരുന്നു. കാശ്മീരിൽ സമാധാനം ഉറപ്പുവരുത്താനുള്ള വഴി അടിച്ചമർത്തലോ ജനങ്ങളെ നിശ്ശബ്ദരാക്കലോ അല്ല എന്ന് നിരന്തരം ഓർമിപ്പിച്ചിരുന്നു തരിഗാമി. അതുകൊണ്ട് തന്നെ മതമൗലികവാദത്തെ പുറത്ത് നിർത്തി ജനാധിപത്യത്തിന്റെ ബലത്തിൽ ജനങ്ങളെ ചേർത്തുപിടിച്ചു വേണം അവകാശങ്ങൾക്കുവേണ്ടി പോരാടാൻ എന്ന തരിഗാമിയുടെ ആഹ്വാനത്തിന് കുൽഗാമിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
അവസാനമായി തെരഞ്ഞെടുപ്പ് നടന്ന 2014ൽ പി.ഡി.പിയുടെ നസീർ അഹമ്മദ് ലവായിനെ കടുത്ത മത്സരത്തിനൊടുവിലാണ് തരിഗാമി പരാജയപ്പെടുത്തിയത്.