നിതീഷിന്റെ വിജയം,
ബി.ജെ.പിയുടെയും;
ബിഹാറിൽനിന്ന് എന്തുകൊണ്ട്
ഈയൊരു റിസൾട്ട്?

രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ വോട്ടിങിന്റെ പൊട്ടൻഷ്യലിനെ, വലതുപക്ഷ ഔദാര്യവൽക്കരണ നയങ്ങളിലൂടെ തുടർച്ചയായി അട്ടിമറിച്ച്, അധികാരം നിലനിർത്തുന്നതിൽ നിതീഷ് കുമാറും എൻ.ഡി.എയും ഒരിക്കൽ കൂടി വിജയിച്ചിരിക്കുന്നു. ജനാധിപത്യത്തിലെ ഈ അട്ടിമറിയിൽ നിതീഷിനെപ്പോലെ പ്രതിസ്ഥാനത്താണ് ആർ.ജെ.ഡിയും രണ്ടക്കം പോലും തികയ്ക്കാനാകാത്ത കോൺഗ്രസും. ബിഹാറിൽ വീണ്ടും ജയിക്കുന്നു, ഒരു വലതുപക്ഷ മഹാസഖ്യം.

National Desk

ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ പ്രവചനങ്ങളെയെല്ലാം കടത്തിവെട്ടി, ചരിത്രവിജയത്തിലേക്ക്. ലീഡ് നിലയിലെ സൂചന വച്ച് നിതീഷ്, വൻ ഭൂരിപക്ഷത്തോടെ, തുടർച്ചയായ അഞ്ചാം തവണയും മുഖ്യമന്ത്രിയാകും.

243 സീറ്റുകളിലെയും ലീഡ് നില പുറത്തുവന്നപ്പോൾ എന്‍.ഡി.എ 204 സീറ്റില്‍ മുന്നിലാണ്. മഹാസഖ്യം ഏതാണ്ട് നാമാവശേഷമായി, വെറും 33 സീറ്റിലാണ് ലീഡ്. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റാണ്.

ബി.ജെ.പി 95 സീറ്റില്‍ മുന്നിലാണ്, പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സൂചന. ജെ.ഡി-യു 84 സീറ്റില്‍ ലീഡ് ചെയ്യുന്നു. ചിരാഗ് പാസ്വാന്റെ എൽ.ജെ.പി (രാംവിലാസ് പാസ്വാൻ) 20 സീറ്റിൽ മുന്നിലാണ്. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) അഞ്ച് സീറ്റിൽ മുന്നിട്ടുനിൽക്കുന്നു.

143 സീറ്റില്‍ മത്സരിച്ച ആര്‍.ജെ.ഡിയ്ക്ക് 29 സീറ്റില്‍ മാത്രമാണ് ലീഡ്. 2020-ൽ ആർ.ജെ.ഡി 75 സീറ്റും 23.5 ശതമാനം വോട്ട് ഷെയറുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തിരിച്ചടിയാണിത്. 2010-ല്‍, ഇതിനുമുമ്പ് ഏറ്റവും വലിയ തോല്‍വി നേരിട്ട ഇലക്ഷനില്‍ പാര്‍ട്ടി 23 സീറ്റാണ് നേടിയത്.

കോണ്‍ഗ്രസിനും സമീപ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. 2020-ല്‍ 19 സീറ്റ് നേടിയ പാര്‍ട്ടിയ്ക്ക് ഇത്തവണ രണ്ടക്കം തികയ്ക്കാനാകില്ലെന്നാണ് സൂചന. 60 സീറ്റിൽ മത്സരിച്ച പാർട്ടി വെറും രണ്ടു സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്തിയ ഇടതുപാർട്ടികളുടേതും ഇത്തവണ ദയനീയ പ്രകടനമാണ്. സി.പി.ഐ- എം.എൽ, സി.പി.എം എന്നിവ ഒരു സീറ്റിൽ വീതം മുന്നിട്ടുനിൽക്കുന്നു.

ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്ക് കൂപ്പുകുത്തി. ആർ.ജെ.ഡിയുടെയും കോൺഗ്രസിന്റെയും സ്വാധീനമേഖലകളെല്ലാം അവരെ കൈവിട്ടു. സീമാഞ്ചലിൽ മാത്രമാണ് മഹാസഖ്യം പിടിച്ചുനിന്നത്.

2020-ൽ എൻ‌ ഡി‌ എയും മഹാസഖ്യവും ഏതാണ്ട് തുല്യ വോട്ടു വിഹിതമാണ് (37.2% വോട്ട് വിഹിതം) നേടിയത്. സീറ്റുകളുടെ എണ്ണത്തിലുള്ള മുൻതൂക്കമാണ് എൻ ഡി എയെ അധികാരത്തിലെത്തിച്ചത്. ഇത് പരിഗണിച്ചാൽ, ഇത്തവണ മഹാസഖ്യത്തിന്റേത് സമ്പൂർണ തകർച്ചയാണ്.

അസദ്ദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം ആറിടത്ത് മുന്നിലാണ്. 2020-ൽ പാർട്ടി അഞ്ചിടത്താണ് ജയിച്ചത്.

മുസ്‌ലിം ഭൂരിപക്ഷ മേഖലയിലെ 16 സീറ്റുകളിലടക്കം എന്‍.ഡി.എ വ്യക്തമായ മുന്‍തൂക്കം നേടി.

ഇത്തവണ ഒരു രാഷ്ട്രീയ ഘടകമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട, 243 സീറ്റിലും മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി പൂജ്യത്തിൽ ഒതുങ്ങുമെന്നാണ് സൂചന.

സ്ത്രീവോട്ടർമാർ വൻതോതിൽ വോട്ട് ചെയ്യാനെത്തിയത് എൻ.ഡി.എയ്ക്ക് ഗുണം ചെയ്യുമെന്ന നിതീഷ് കുമാറിന്റെ അവകാശവാദം ശരിവെക്കുന്നതാണ്, പ്രാഥമിക ഫലസൂചനകൾ. മാത്രമല്ല, വോട്ടർപട്ടികയുടെ തീവ്രപരിശോധനയുടെ (Special Intensive Revision- SIR) ഭാഗമായി വൻതോതിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ട മേഖലകളിൽ മഹാസഖ്യത്തിന് മുന്നേറ്റമുണ്ടാക്കാൻ കഴിയാതിരുന്നത്, രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി കാമ്പയിൻ വോട്ടിംഗിൽ അനുകൂല ഘടകമായില്ല എന്നാണ് കാണിക്കുന്നത്.

യുവാക്കളെ മുന്നിൽ കണ്ട് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും, നിതീഷ് സർക്കാറിന്റെ ക്ഷേമപദ്ധതികളുടെ അനുകരണങ്ങളല്ലാതെ, യുവാക്കൾക്കായി പ്രായോഗികമായ ഒരു പദ്ധതി പോലും മഹാസഖ്യത്തിന്റെ കൈവശമുണ്ടായിരുന്നില്ല. ഇത് തേജസ്വി യാദവ് എന്ന യുവപ്രതീകത്തിനേറ്റ വലിയ തിരിച്ചടിയായി.

രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ യാത്രയ്ക്ക് ഏറെ കാഴ്ചക്കാരെ കിട്ടിയിരുന്നു. അവരിലേറെയും പുതിയ വോട്ടർമാരുമായിരുന്നു. അവരുമായി രാഹുൽ നന്നായി ആശയവിനിമയം നടത്തുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടി എവിടെയുമുണ്ടായിരുന്നില്ല എന്നുമാത്രം. ബിഹാറിനെ സംബന്ധിച്ച് വിശ്വാസ്യതയിൽ വട്ടപ്പൂജ്യമാണ് കോൺഗ്രസിന്. രാഹുൽ ഗാന്ധിയോടൊപ്പം സഞ്ചരിക്കാനുള്ള ശേഷിയില്ലാത്ത സംഘടനാസംവിധാനമാണ് ബിഹാറിലെ കോൺഗ്രസ് എന്ന് ഈ തെരഞ്ഞെടുപ്പോടെ തെളിയിക്കപ്പെട്ടു.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ വിശ്വസനീയമാംവിധം ഏറ്റെടുക്കുന്നതിൽ രാഹുലും ​തേജസ്വി യാദവും പരാജയപ്പെട്ടതിന്റെ ഫലം കൂടിയാണിത്. ഗ്രാമീണമേഖലയിലും അടിസ്ഥാന വിഭാഗങ്ങൾക്കിടയിലും സ്വാധീനം ചോർന്നുപോയ, തമ്മിലടിക്കുന്ന ഒരു പാർട്ടിയെയാണ് രാഹുൽ ബീഹാറിൽ പ്രതിനിധീകരിക്കുന്നത്.
തേജസ്വി യാദവിനാകട്ടെ, നിതീഷിന്റെ ക്ഷേമരാഷ്ട്രീയ തന്ത്രങ്ങൾക്കുപകരം തൊഴിലില്ലായ്മയും വികസന മുരടിപ്പും തൊഴിൽ പലായനവും പോലുള്ള നീറുന്ന പ്രശ്നങ്ങൾക്ക് വ്യക്തമായൊരു രാഷ്ട്രീയപരിപാടി അവതരിപ്പിക്കാനുമായിട്ടില്ല. സി.പി.എം- എം.എൽ, സി.പി.ഐ, സി.പി.എം എന്നീ ഇടതുപക്ഷ പാർട്ടികളും തീർത്തും അപ്രസക്തരായി.

ബിഹാറിൽ ഒറ്റക്ക് അധികാരത്തിലെത്തുക എന്ന സ്വപ്നം കാത്തുസൂക്ഷിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ച്, സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുക എന്നത്, സുപ്രധാന ചുവടുവെപ്പാണ്.

ഇത്തവണ ഒരു രാഷ്ട്രീയ ഘടകമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട, 243 സീറ്റിലും മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി പൂജ്യത്തിൽ ഒതുങ്ങുമെന്നാണ് സൂചന.
ഇത്തവണ ഒരു രാഷ്ട്രീയ ഘടകമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട, 243 സീറ്റിലും മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി പൂജ്യത്തിൽ ഒതുങ്ങുമെന്നാണ് സൂചന.

നിതീഷിന്റെ ഉറപ്പും
തേജസ്സിയുടെ നിരാശയും

കാമ്പയിൻ ഘട്ടം മുതൽ നിതീഷ് കുമാറും എൻ.ഡി.എയും കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. എക്‌സിറ്റ് പോൾ ഫലം അത് ഉറപ്പിച്ചു. ഫലപ്രഖ്യാപനത്തിന്റെ തലേന്ന്, ഇന്നലെ, ജെ.ഡി-യു ഓഫീസിനുമുന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പോസ്റ്റർ ഇറങ്ങി: 'Tiger abhi zinda hai'.

ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ തന്നെ ചെയ്തുവച്ചു. വ്യാഴാഴ്ച രാവിലെ പാറ്റ്‌നയിലെ ഹനുമാൻ ക്ഷേത്രത്തിലും ഹൈക്കോർട്ട് ദർഗയിലും തക്ത്ശ്രീ പത്‌ന സാഹിബ് ഗുരുദ്വാരയിലും ദർശനം നടത്തി.
ആനന്ദ് സിംഗിന്റെ വീട്ടിൽ ജെ.ഡി-യുവിന്റെ ആഘോഷങ്ങൾക്കായി വൻതോതിൽ ലഡുവും മറ്റു മധുരപലഹാരങ്ങളും ഒരുക്കിവച്ചിരുന്നു. പാർട്ടി നേതാവായ ഗൃഹനാഥൻ ജയിലിലാണ്, ജൻ സുരാജ് പാർട്ടി പ്രവർത്തകൻ ദുലാർ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ.

പതിവുപോലെ നിരാശനായിരുന്നു, എക്‌സിറ്റ് പോളിനുശേഷം വാർത്താസമ്മേളനം നടത്തിയ തേജസ്വി യാദവ്: ''ഈ സർവേയ്ക്കുപിന്നിൽ വൻ സമ്മർദ്ദമുണ്ടായിരുന്നു. ഗോദി മീഡിയയുടെ നറേറ്റീവാണിത്. പോൾ നടത്തിയതിന്റെ റിസൾട്ട് പ്രഖ്യാപിച്ചതല്ലാതെ, എത്ര സാമ്പിളുണ്ടെന്ന കാര്യം അവർ മറച്ചുവെച്ചു. എന്നിട്ട് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസുകൾ തീരുമാനിച്ച ഫലം പുറത്തുവിട്ടു''- ഇങ്ങനെപോയി തേജസ്വിയുടെ രോദനം.

2020-ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ 72 ലക്ഷം പേർ കൂടുതലായി ഇത്തവണ വോട്ട് ചെയ്തു. അതായത്, 243 മണ്ഡലങ്ങളിൽ ശരാശരി 29,000 വോട്ടർമാർ അധികമായി വോട്ടു ചെയ്തു. ഇത് ഒരു മാറ്റത്തിനുവേണ്ടിയുള്ള വോട്ടാണ് എന്നായിരുന്നു തേജസ്വി യാദവ് ഇന്നലെ പറഞ്ഞത്. ഈ 72 ലക്ഷം വോട്ട് നിതീഷിനെ നിലനിർത്താനല്ല, പുറത്താക്കാനായാണ് വിനിയോഗിക്കപ്പെട്ടത് എന്നായിരുന്നു ഇന്നലെ വരെയുള്ള തേജസ്വിയുടെ സ്വപ്നം. ഇന്നുവരെയേ അതിന് ആയുസ്സുണ്ടായുള്ളൂ.

ബൂത്തുകളിൽ കൃത്രിമം നടക്കാതിരിക്കാൻ ഇത്തവണ അതിസൂക്ഷ്മത പുലർത്തിയെന്നാണ് തേജസ്വി ഇന്നലെ പറഞ്ഞത്. പാർട്ടി പ്രവർത്തകർ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ ജാഗരൂകരായിരുന്നു. കഴിഞ്ഞ തവണ എൻ.ഡി.എ നടത്തിയ സൂത്രം ഇത്തവണ നടന്നില്ല- തേജസ്വി പറയുന്നു.
എന്നാൽ, ഇന്ന് ​മഹാസഖ്യവും കോൺഗ്രസും മലക്കംമറിഞ്ഞു, ഇലക്ഷൻ കമീഷനെ വിമർശിച്ച് രംഗത്തെത്തി. ബിഹാറിനെ കേന്ദ്രമാക്കി രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി കാമ്പയിൻ ദേശീയ രാഷ്ട്രീയത്തെ തന്നെ പിടിച്ചുലച്ചതാണ്. എന്നിട്ടും, ബിഹാറിലെ വോട്ടർമാർക്കിടയിൽ പോലും, അതിനെ വിശ്വാസയോഗ്യമായ മുദ്രാവാക്യമായി മാറ്റാൻ മഹാസഖ്യത്തിനായില്ല എന്നാണ് റിസൾട്ടിലെ ലീഡ് സൂചനകൾ കാണിക്കുന്നത്.

ഭരണത്തുടർച്ചയും
ചില കടുത്ത രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും

വൻ പോളിങ് ശതമാനം, ഭരണത്തുടർച്ചയ്ക്കുവേണ്ടിയുള്ളതാണ് എന്ന NDA കാമ്പയിൻ ഈ ഇലക്ഷനിൽ ശരിയായി. 1951-നുശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് ശതമാനമായിരുന്നു ഇത്തവണ. രണ്ടു ഘട്ടങ്ങളിൽ വോട്ട് ചെയ്തത് 68 ശതമാനം. കഴിഞ്ഞ ഇലക്ഷനേക്കാൾ 9.62 ശതമാനം കൂടുതൽ.

എന്നാൽ, ഉയർന്ന വോട്ടിങ് ശതമാനം മാറ്റത്തിനുവേണ്ടിയുള്ളതായിരിക്കും എന്നതാണ് മുൻ ഇലക്ഷൻ റിസൾട്ടുകൾ പറയുന്നത്. അഞ്ചു ശതമാനത്തിൽ കൂടുതൽ പോളിങ് ഉയർന്ന ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്ത് അധികാര മാറ്റമുണ്ടായിട്ടുണ്ട്. 1967-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ പുറത്തായി. 1962-ലെ ഇലക്ഷനിൽനിന്ന് എഴു ശതമാനമായിരുന്നു 67-ലെ വർധന. 1980-ൽ, 77-നെ അപേക്ഷിച്ച് ഏഴു ശതമാനം പോളിങ് ഉയർന്നപ്പോഴും പുതിയ സർക്കാർ വന്നു. 1990-ൽ, 85-നെ അപേക്ഷിച്ച് 5.7 ശതമാനം പോളിങ് കൂടിയപ്പോൾ ജനതാദളിന് കോൺഗ്രസ് സർക്കാറിനെ പുറത്താക്കാനായി.
എന്നാൽ, ഇത്തവണ ഉയർന്ന പോളിങ് ഭരണത്തുടർച്ചയ്ക്കു വേണ്ടിയുള്ളതായി.

ബൂത്തുകളിൽ കൃത്രിമം നടക്കാതിരിക്കാൻ ഇത്തവണ അതിസൂക്ഷ്മത പുലർത്തിയെന്നാണ് തേജസ്വി ഇന്നലെ പറഞ്ഞത്. പാർട്ടി പ്രവർത്തകർ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ ജാഗരൂകരായിരുന്നു. കഴിഞ്ഞ തവണ എൻ.ഡി.എ നടത്തിയ സൂത്രം ഇത്തവണ നടന്നില്ല- തേജസ്വി പറയുന്നു. എന്നാൽ, ഇന്ന് ​മഹാസഖ്യവും കോൺഗ്രസും മലക്കംമറിഞ്ഞു, ഇലക്ഷൻ കമീഷനെ വിമർശിച്ച് രംഗത്തെത്തി.
ബൂത്തുകളിൽ കൃത്രിമം നടക്കാതിരിക്കാൻ ഇത്തവണ അതിസൂക്ഷ്മത പുലർത്തിയെന്നാണ് തേജസ്വി ഇന്നലെ പറഞ്ഞത്. പാർട്ടി പ്രവർത്തകർ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ ജാഗരൂകരായിരുന്നു. കഴിഞ്ഞ തവണ എൻ.ഡി.എ നടത്തിയ സൂത്രം ഇത്തവണ നടന്നില്ല- തേജസ്വി പറയുന്നു. എന്നാൽ, ഇന്ന് ​മഹാസഖ്യവും കോൺഗ്രസും മലക്കംമറിഞ്ഞു, ഇലക്ഷൻ കമീഷനെ വിമർശിച്ച് രംഗത്തെത്തി.

സ്ത്രീവോട്ടർമാർ;
അപ്രത്യക്ഷരായവരും
പ്രത്യക്ഷരായവരും

സ്ത്രീവോട്ടർമാരെ മുൻനിർത്തിയുള്ള കണക്കുകൂട്ടൽ ബിഹാർ ഇലക്ഷൻ പൊളിറ്റിക്സിലെ ഏറ്റവും വലിയ മിത്താണ്. സ്ത്രീവോട്ടർമാരുടെ ഉയർന്ന പങ്കാളിത്തമായിരുന്നു ഇത്തവണത്തെ സവിശേഷത. വോട്ട് ചെയ്തവരിൽ 71.6 ശതമാനം സ്ത്രീകളായിരുന്നു, പുരുഷന്മാർ 62.8 ശതമാനവും. ആദ്യ ഘട്ടത്തിൽ 69.04 ശതമാനം സ്ത്രീകളായിരുന്നുവെങ്കിൽ രണ്ടാം ഘട്ടത്തിൽ ഇത് വർധിച്ച് 74.03 ശതമാനത്തിലെത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് പാറ്റേൺ അനുസരിച്ച്, 18- 29 പ്രായക്കാരായ പുരുഷന്മാരില്‍ 33- 39 ശതമാനം മഹാസഖ്യത്തിനൊപ്പമാണെങ്കില്‍ ഇതേ പ്രായക്കാരായ സ്ത്രീകളില്‍ 36-40 ശതമാനം എന്‍.ഡി.എയ്‌ക്കൊപ്പമാണ്. അതേസമയം, സാമുദായികമായ സ്ത്രീവോട്ടുബാങ്ക് എന്‍.ഡി.എയുടെ ഏകപക്ഷീയ പിന്തുണക്കാരുമല്ല. സാധാരണ നിലയ്ക്ക് മുസ്‌ലിം- യാദവ സ്ത്രീവോട്ടുകളിലേറെയും മഹാസഖ്യത്തിനും ഉയർന്ന ജാതി, യാദവേതര ഒ.ബി.സി, ദലിത് സ്ത്രീവോട്ടുകളിലേറെയും എൻ.ഡി.എയ്ക്കുമാണ് ലഭിക്കുക എന്നാണ് പറയപ്പെടാറ്.
ഇത്തവണ സ്ത്രീവോട്ടർമാർ ഒറ്റക്കെട്ടായി നിതീഷ് കുമാറിന് വോട്ടു ചെയ്യാനെത്തി എന്നായിരുന്നു എൻ.ഡി.എയുടെ അവകാശവാദം.

SIR അടിയൊഴുക്ക്

വോട്ടർപട്ടികയുടെ തീവ്രപരിശോധന ഈ തെരഞ്ഞെടുപ്പി​ലെ ഒരു പ്രധാന അടിയൊഴുക്കായിരുന്നു, പ്രത്യേകിച്ച് സ്ത്രീവോട്ടിംഗിൽ. SIR-ൽ ആരോപിക്കപ്പെട്ട ക്രമക്കേടുകൾ മാത്രമല്ല, അവ ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ ഉയർത്തിയ ഭീതി, ന്യൂനപക്ഷ മേഖലയിലെ വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു.

SIR പൂർത്തിയായപ്പോൾ, 1000 പുരുഷവോട്ടർമാർക്ക് 907 സ്ത്രീവോട്ടർമാരുണ്ടായിരുന്നത്, 892 ആയി ചുരുങ്ങി. അതായത്, ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ 60 ശതമാനവും സ്ത്രീകളായിരുന്നു. അവരിൽ തന്നെ ദലിത്, ന്യൂനപക്ഷ വിഭാഗം സ്ത്രീകളായിരുന്നു കൂടുതലും. കരടുവോട്ടര്‍ പട്ടികയിൽ, ഒഴിവാക്കപ്പെട്ടവരില്‍ 55 ശതമാനം സ്ത്രീകളായിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള അഞ്ച് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒഴിവാക്കപ്പെട്ടത്. ഒഴിവാക്കപ്പെട്ട 16 ലക്ഷം സ്ത്രീകളില്‍ ആറു ലക്ഷവും മുസ്‌ലിംകളാണെന്ന് യോഗേന്ദ്ര യാദവ് പറയുന്നു.

2020-ൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 59 മണ്ഡലങ്ങളിലായിരുന്നു സ്ത്രീവോട്ടർമാരുടെ ഒഴിവാക്കൽ ഏറെയും. അതായത്, ശരിക്കും സർക്കാർ പേടിക്കുന്നത് സ്ത്രീവോട്ടർമാരെയാണ് എന്നർഥം. അവരിലാണ് ഒരു രാഷ്ട്രീയമാറ്റത്തിന്റെ ചാലകശക്തിക്കുവേണ്ടിയുള്ള പൊട്ടൻഷ്യലുള്ളത്. അത് മുൻകൂട്ടി കണ്ടാണ്, അവരെ ഒഴിവാക്കാനുള്ള തീവ്രപരിശോധന നടന്നത് എന്ന് സംശയിക്കണം.

വോട്ട് ചെയ്യാനെത്തിയില്ലെങ്കിൽ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെടും എന്നത് ഒരു ഭീതിയായി തന്നെ പിന്നാക്ക- ന്യൂനപക്ഷ മേഖലകളിൽ പ്രതിഫലിച്ചിരുന്നു. മഹാസഖ്യമാകട്ടെ ഗ്രാമീണതലത്തിൽ ഇത്തരമൊരു കാമ്പയിൻ ഏറ്റെടുക്കുകയും ചെയ്തു. ഇതിന്റെ പ്രതിഫലനം കൂടിയാണ്, സ്ത്രീവോട്ടർമാരുടെ ഉയർന്ന പങ്കാളിത്തം എന്നാണ് കോൺഗ്രസും ആർ.ജെ.ഡിയും വിശദീകരിച്ചത്. മാത്രമല്ല, പങ്കാളികളോടൊപ്പം സംസ്ഥാനത്തിനുപുറത്ത് ജീവിക്കുന്ന ആയിരക്കണക്കിന് സ്ത്രീകൾ, ഏറെയും മുസ്‍ലിംകൾ, വോട്ട് ചെയ്യാനെത്തിയതും ഇതേ ഭീതിയെതുടർന്നാണ്. അതുകൊണ്ടുതന്നെ സ്ത്രീവോട്ടിംഗിലെ ഉയർന്ന പങ്കാളിത്തം നിതീഷിന് അനുകൂലമാകില്ല എന്നായിരുന്നു മഹാസഖ്യത്തിന്റെ വാദം.

SIR പൂർത്തിയായപ്പോൾ, 1000 പുരുഷവോട്ടർമാർക്ക് 907 സ്ത്രീവോട്ടർമാരുണ്ടായിരുന്നത്, 892 ആയി ചുരുങ്ങി. അതായത്, ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ 60 ശതമാനവും സ്ത്രീകളായിരുന്നു.
SIR പൂർത്തിയായപ്പോൾ, 1000 പുരുഷവോട്ടർമാർക്ക് 907 സ്ത്രീവോട്ടർമാരുണ്ടായിരുന്നത്, 892 ആയി ചുരുങ്ങി. അതായത്, ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ 60 ശതമാനവും സ്ത്രീകളായിരുന്നു.

നിതീഷ് സർക്കാറിന്റെ
വ്യാജ സ്ത്രീപക്ഷം

സംസ്ഥാനത്തെ 7.43 കോടി വോട്ടർമാരിൽ മൂന്നര കോടി സ്ത്രീകളും ഒന്നര കോടി യുവാക്കളുമാണുള്ളത്. ഇവരായിരുന്നു നിതീഷിന്റെ ഉന്നം. വെൽഫെയർ പൊളിറ്റിക്‌സിലൂടെ നിതീഷ് കുമാർ മഹിള- യുവ (M-Y) സഖ്യം രൂപപ്പെടുത്തിയെടുത്തിരുന്നു.

യുവാക്കളുടെ ​തൊഴിലില്ലായ്മയും പലായനവുമാണ് സംസ്ഥാനം നേരിടുന്ന ഗുരുതര ​പ്രശ്നങ്ങളിലൊന്ന്. എന്നാൽ, നിതീഷിന്റെ ‘ക്ഷേമ സർക്കാർ’ ഇതിനോട് മുഖം തിരിച്ചുനിൽക്കുകയായിരുന്നു. പകരം, തന്റെ രണ്ട് ദശാബ്ദക്കാലത്തെ ഭരണത്തിനിടയിൽ സ്ത്രീവോട്ടർമാരെ ലക്ഷ്യം വെച്ച് നിരവധി സൗജന്യങ്ങൾ വാരിവിതറുകയും ചെയ്തു. 2005-ൽ ആദ്യമായി മുഖ്യമന്ത്രിയായ നിതീഷ് കുമാർ ഒരു വർഷത്തിനുശേഷം ഗ്രാമീണ- നഗര തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം പ്രഖ്യാപിച്ചു. സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് സൈക്കിൾ നൽകിയും സംസ്ഥാന സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തിയും ബിരുദതലം വരെ പെൺകുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ചും നിതീഷ് സ്ത്രീപക്ഷ മുഖ്യമന്ത്രിയായി വാഴ്ത്തപ്പെട്ടു.

ഇത്തവണ, 36 ശതമാനം വരുന്ന EBC (extremely backwards classes) വിഭാഗം നിർണായക ശക്തിയായിരുന്നു. ഇ.ബി.സി- സ്ത്രീ വോട്ടുബാങ്ക് നിലനിർത്താൻ 20 ക്ഷേമപദ്ധതികളാണ് കഴിഞ്ഞ മാസങ്ങളിൽ നിതീഷ് പ്രഖ്യാപിച്ചത്. കഴിഞ്ഞ സപ്തംബറിൽ, ഇലക്ഷന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജനയിലുടെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം നിക്ഷേപിച്ചു. ഒരു കോടിയിലേറെ സ്ത്രീകൾക്കാണ് പണം ലഭിച്ചത്. പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഗ്രാമങ്ങളിലുനീളം ജീവിക എന്ന പേരിൽ സ്ത്രീകളുടെ സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകളെ സജ്ജമാക്കി. 'ജീവിക ദീദിമാർ' എന്ന പേരിൽ 1.4 കോടി സ്ത്രീകളും 1.14 കോടി സെൽഫ് ഹെൽപ് ഗ്രൂപ്പുകളും സംസ്ഥാനത്തുണ്ട്. ഇലക്ഷന് തൊട്ടുമുമ്പുള്ള ഈ സൗജന്യപ്രഖ്യാപനം നിരവധി വിമർശനങ്ങളുയർത്തിയെങ്കിലും ഫലമുണ്ടായില്ല. കാരണം, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിതീഷിന്റെ പുറകേ സഞ്ചരിക്കേണ്ടിവന്നു.

എന്നാൽ, ഔദാര്യ പദ്ധതികൾ അടിസ്ഥാനജീവിതത്തിൽ ഒരു മാറ്റവുമുണ്ടാക്കില്ല എന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ് ബിഹാറിലെ സ്ത്രീകൾ.

ഗ്രാമീണ സ്ത്രീകളുടെ കടുത്ത തൊഴിലില്ലായ്മയും തൊഴിൽ തേടിയുള്ള പുരുഷന്മാരുടെ പലായനവുമാണ് സംസ്ഥാനം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളിലൊന്ന്. ഇവരെ ഔദാര്യ പദ്ധതികളാൽ മറച്ചുപിടിക്കുകയാണ് നിതീഷ് കുമാർ ചെയ്തുവരുന്നത്.

പുരുഷന്മാർ ഒഴിഞ്ഞുപോകുന്ന വീടുകളിലെ സ്ത്രീകളെ ഉന്നം വെച്ച് മൈക്രോ ഫിനാൻസ് കമ്പനികൾ പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന മൈക്രോ ഫിനാൻസ് പോർട്ട്‌ഫോളിയോ ഉള്ള- 15 ശതമാനം- സംസ്ഥാനമാണ് ബിഹാർ. കഴിഞ്ഞ മാർച്ചുവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ മൈക്രോഫിനാൻസ് വായ്പകൾ 57,712 കോടി രൂപയുടേതാണ്. ഇതിന്റെ ഇരകൾ സ്ത്രീകളുമാണ്. ജീവിതം മുഴുവൻ കടക്കെണിയിൽ ജീവിക്കുന്ന ഈ സ്ത്രീകളിലേക്കാണ് 10,000 രൂപ എത്തുന്നത് എന്നത് വലിയ വൈരുദ്ധ്യമാണ്. ഗ്രാമീണ സ്ത്രീകൾക്കുവേണ്ടത് ഇത്തരം സഹായങ്ങളല്ല, തൊഴിലാണ്. സ്വയം തൊഴിലിനെന്നുപറഞ്ഞ് നൽകുന്ന തുച്ഛമായ 10,000 രൂപ യഥാർഥത്തിൽ മൈക്രോ ഫിനാൻസ് കമ്പനികളുടെ വരുമാനമായിത്തീരുകയാണ് ചെയ്യുക.

ഗ്രാമീണ സ്ത്രീകളുടെ കടുത്ത തൊഴിലില്ലായ്മയും തൊഴിൽ തേടിയുള്ള പുരുഷന്മാരുടെ പലായനവുമാണ് സംസ്ഥാനം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളിലൊന്ന്. ഇവരെ ഔദാര്യ പദ്ധതികളാൽ മറച്ചുപിടിക്കുകയാണ് നിതീഷ് കുമാർ ചെയ്തുവരുന്നത്.
ഗ്രാമീണ സ്ത്രീകളുടെ കടുത്ത തൊഴിലില്ലായ്മയും തൊഴിൽ തേടിയുള്ള പുരുഷന്മാരുടെ പലായനവുമാണ് സംസ്ഥാനം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളിലൊന്ന്. ഇവരെ ഔദാര്യ പദ്ധതികളാൽ മറച്ചുപിടിക്കുകയാണ് നിതീഷ് കുമാർ ചെയ്തുവരുന്നത്.

സംസ്ഥാനത്തെ ശിശുമരണനിരക്ക് ഏറ്റവും ഉയർന്നതാണ്, 46.8. പെൺകുട്ടികൾക്ക് ബിരുദതലം വരെ ധനസഹായം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടും 2019- 21 കാലത്ത് സംസ്ഥാനത്തെ സ്ത്രീകളിൽ 61 ശതമാനവും സ്‌കൂളിൽ പോകാത്തവരായിരുന്നു.

ബിഹാറിലെ തൊഴിലില്ലായ്മാനിരക്ക് 5.9 ശതമാനമാണ്, ദേശീയ ശരാശരിയായ 4.1 ശതമാനത്തേക്കാൾ കൂടുതൽ (പിരിയോഡിക് ലേബർ ഫോഴ്സ് സർവേ, 2021-22). 15- 29 പ്രായമുള്ളവരിൽ തൊഴിലില്ലായ്മ 20.1 ശതമാനവും. തൊഴിൽ തേടി സംസ്ഥാനത്തിനുപുറത്തേക്ക് പോകുന്ന യുവാക്കളുടെ എണ്ണം അനുദിനം കൂടിവരികയാണ്. രണ്ടു ദശകമായി ഭരണം നടത്തുന്ന ‘മഹിള- യുവ പക്ഷ’ മുഖ്യമന്ത്രിയുടെ യഥാർഥ ഭരണനേട്ടങ്ങൾ ഇതാണ്.

ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചും സമഗ്രാധിപത്യത്തിനെതിരായ ജനകീയ പോരാട്ടങ്ങളെ സംബന്ധിച്ചും ഏറ്റവും വിലപിടിച്ച വോട്ടർ സമൂഹമാണ് ബിഹാറിലേത്. ആ രാഷ്ട്രീയ വോട്ടിംഗിനെ വലതുപക്ഷ ഔദാര്യവൽക്കരണത്തിലൂടെ തുടർച്ചയായി അട്ടിമറിച്ച്, അധികാരം നിലനിർത്തുന്നതിൽ നിതീഷ് ഒരിക്കൽ കൂടി വിജയിച്ചിരിക്കുന്നു. ജനാധിപത്യത്തിലെ ഈ അട്ടിമറിയിൽ നിതീഷിനെപ്പോലെ പ്രതിസ്ഥാനത്താണ് ആർ.ജെ.ഡിയും കോൺഗ്രസും. ബിഹാറിൽ ജയിച്ചത് ഒരു വലതുപക്ഷ മഹാസഖ്യമാണ് എന്നർഥം.

Comments